കൊല്ലം അഞ്ചലിൽ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടേതു കൊലപാതകമെന്ന് തെളിഞ്ഞു. ഉത്രയുടെ ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു. സൂരജിന്‍റെ സുഹൃത്ത് , ബന്ധു എന്നിവരും കസ്റ്റഡിയിൽ. മൂന്നുപേരുടെയും അറസ്റ്റ് ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. സൂരജിന് പാമ്പ് നല്‍കിയത് കസ്റ്റഡിയിലുള്ള പാമ്പുപിടിത്തക്കാരനായ സുഹൃത്താണ്. പതിനായിരം രൂപയ്ക്കാണ് പാമ്പിനെ വാങ്ങിയതെന്ന് സൂരജ് മൊഴി നൽകി.

ഭർത്താവ് സൂരജുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നതായി സൂരജിന്റെ മാതാപിതാക്കള്‍ പറഞ്ഞു. എന്നാൽ അതൊന്നും ഗൗരവമുള്ളതല്ലെന്നും സൂരജിന്‍റെ കുടുംബം കൂട്ടിച്ചേർത്തു.മകന്‍ തെറ്റ് ചെയ്യുമെന്ന് കരുതുന്നില്ലെന്ന് പിതാവ് സുരേന്ദ്രന്‍ പറഞ്ഞു. ആദ്യം പാമ്പ് കടിയേറ്റത് കിടപ്പുമുറിയിലല്ല, മുറ്റത്ത് വച്ചാണെന്നും ഇവർ പറയുന്നു. ഉത്രയുടെ വീട്ടുകാരുടെ ആരോപണം തെറ്റെന്നും മാതാവ് രേണുകയും പറയുന്നു.

സൂരജിനു പാമ്പ് പിടുത്തക്കാരുമായി ബന്ധമുള്ളതിന്റെ തെളിവ് അന്വേഷണ സംഘത്തിന് നേരത്തെ തെളിവുകൾ ലഭിച്ചിരുന്നു. കിടപ്പ് മുറിയിൽ ഭർത്താവിനും ഒന്നര വയസുള്ള മകനുമൊപ്പം കിടന്ന് ഉറങ്ങിയപ്പോഴാണ് യുവതിക്ക് പാമ്പ് കടിയേറ്റത്. ശീതികരിച്ച മുറിയുടെ ജനലും കതകും അടച്ചിട്ടിരുന്നിട്ടും ഉഗ്ര വിഷമുള്ള പാമ്പ് എങ്ങിനെ അകത്തു കടന്നു എന്നതാണ് മരണത്തിൽ ഉത്രയുടെ മാതാപിതാക്കൾ ദുരൂഹത ആരോപിക്കാൻ കാരണം.

മാത്രമല്ല മാർച്ച് മാസത്തിൽ ഭർത്താവ് സൂരജിന്റെ അടൂർ പറക്കോട്ടെ വീട്ടിൽ വെച്ചും യുവതിക്ക് വിഷം തീണ്ടിയിരുന്നു. സൂരജിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ ചില പാമ്പ് പിടുത്തക്കാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചിരുന്നു. ഉത്രയുടെ ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കർ മാർച്ച് 2നു രാവിലെ തുറന്നതായി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി.