Crime

ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ താൻ അഭയം നൽകിയ സുഹൃത്ത് തന്റെ ഭാര്യയും കുഞ്ഞുങ്ങളുമായി മുങ്ങിയെന്ന പരാതിയുമായി ഗൃഹനാഥൻ പോലീസിനെ സമീപിച്ചു. ലോക്ക്ഡൗണിൽ മൂവാറ്റുപുഴയിൽ കുടുങ്ങിയ മൂന്നാർ സ്വദേശിയാണ് അഭയം നൽകിയ സുഹൃത്തിന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയുമായി കടന്നത്. ഗൃഹനാഥന്റെ പരാതിയിൽ മൂവാറ്റുപുഴ പോലീസ് അന്വേഷണം തുടങ്ങി.

ആദ്യഘട്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവ് മൂന്നാറിലേക്ക് പോകാൻ മൂവാറ്റുപുഴയിലെത്തിയത്. മേലുകാവിനു പോകുകയായിരുന്നവർക്കൊപ്പം മൂവാറ്റുപുഴ വരെ എത്തുകയായിരുന്നു. വാഹനമൊന്നും കിട്ടാതെ വലഞ്ഞ ഇയാൾ നാട്ടിലെ ബന്ധുക്കളെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ വർഷങ്ങൾക്കു മുമ്പ് മൂന്നാറിൽ നിന്ന് മൂവാറ്റുപുഴയിലേക്കു കുടിയേറിയ ബാല്യകാല സുഹൃത്തിനെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് ഫോൺ നമ്പർ കണ്ടുപിടിച്ച് ഗൃഹനാഥനെ വിളിക്കുകയായിരുന്നു.

തുടർന്ന് ലോക്ക്ഡൗണിൽ ഒന്നരമാസത്തോളം ഇയാൾ മൂവാറ്റുപുഴയിൽ സുഹൃത്തിന്റെ വീട്ടിൽ താമസിച്ചു. ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിട്ടും മൂന്നാറിലേക്കു പോകാൻ സൗകര്യമൊരുക്കിയിട്ടും ഇയാൾ പോകാൻ തയാറായില്ല. ഇതോടെ ഗൃഹനാഥന് സംശയം തോന്നിയതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം മൂന്നാർ സ്വദേശിയെയും യുവതിയെയും കാണാതായത്. സംഭവത്തെ തുടർന്ന് സ്റ്റേഷനിലെത്തിയ ഗൃഹനാഥൻ ഭാര്യയെയും മക്കളെയും എങ്ങിനെയെങ്കിലും കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെട്ടു.

തന്റെ മക്കളെയെങ്കിലും വിട്ടുകിട്ടിയില്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യ ചെയ്യുമെന്ന് ഗൃഹനാഥൻ ഭീഷണി മുഴക്കിയെന്നാണ് വിവരം. ഫോൺ ഓഫായതിനാൽ യുവതിയെയും കുഞ്ഞുങ്ങളെയും കുറിച്ച് വിവരങ്ങളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു.

റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്ക് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. പാല്‍ഘറിലെ ആള്‍ക്കൂട്ട കൊലപാതകത്തെ കുറിച്ചും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെയും നടത്തിയ പരാമര്‍ശങ്ങളുടെ പേരിലും രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അര്‍ണാബ് സുപ്രീംകോടതിയെ സമീപിച്ചത്.

കേസ് സിബിഐക്ക് കൈമാറണമെന്ന അര്‍ണാബിന്‍റെ ആവശ്യവും സുപ്രീം കോടതി നിരാകരിക്കുകയും ചെയ്തു. കേസുകള്‍ റദ്ദാക്കാന്‍ അനുച്ഛേദം 32 പ്രകാരം സുപ്രീം കോടതിയില്‍ അര്‍ണാബ് ഗോസ്വാമി റിട്ട് ഹര്‍ജി ആണ് ഫയല്‍ ചെയ്തത്. എന്നാല്‍ റിട്ട് ഹര്‍ജിയില്‍ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കാന്‍ ആവശ്യമെങ്കില്‍ ഗോസ്വാമിക്ക് അധികാരപ്പെട്ട കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

അതേസമയം അര്‍ണാബ് ഗോസ്വാമിക്കെതിരേ ഇതേ വിഷയത്തില്‍ മറ്റ് സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. ഏപ്രില്‍ 21 ന് ചാനലില്‍ നടത്തിയ അഭിപ്രായ പ്രകടനത്തിന്‍റെ പേരില്‍ ഇനി ഒരിടത്തും കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. അര്‍ണാബ് ഗോസ്വാമിയുടെ അറസ്റ്റ് മൂന്ന് ആഴ്ചത്തേയ്ക്ക് കൂടി കോടതി തടയുകയും ചെയ്തു.

അധികാര കേന്ദ്രങ്ങളോട് സത്യം വിളിച്ച് പറയാനുളള മൗലികമായ അവകാശം മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടെന്നും എന്നാല്‍ എന്തും വിളിച്ച് പറയാനുള്ള അവകാശമല്ലിതെന്നും ഹര്‍ജിയില്‍ വിധി പ്രസ്താവിച്ച് കൊണ്ട് കോടതി വ്യക്തമാക്കുകയും ചെയ്തു.

കൊടുമണ്ണിലെ പത്താം ക്ലാസുകാരന്‍ അഖില്‍ കൊല്ലപ്പെട്ട കേസില്‍ പിടിയിലായ കുട്ടികള്‍ക്ക് ജാമ്യം അനുവദിച്ചു. പത്തനംതിട്ട ജുവനൈല്‍ കോടതി ജഡ്ജി രശ്മി ബി. ചിറ്റൂരിന്റേതാണ് ഉത്തരവ്. കുട്ടികള്‍ക്ക് ശേഷിക്കുന്ന പരീക്ഷകള്‍ എഴുതാനുണ്ടെന്നും തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പിടിയിലായവരുടെ അഭിഭാഷകര്‍ ജുവനൈല്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.

പിടിയിലായവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് നേരത്തേ ജുവനൈല്‍ കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ കോടതി തള്ളിയിരുന്നു. കൊലപാതകസ്ഥലത്തെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പിടിക്കാനും പ്രചരിപ്പിക്കാനും കൂട്ടുനിന്ന പോലീസിന്റെ കസ്റ്റഡിയിലേക്ക് ഇരുവരേയും വീണ്ടും വിടുന്നത് സുരക്ഷിതമല്ലെന്ന പ്രതികളുടെ അഭിഭാഷകന്റെ വാദം ശരിവച്ചാണ് പോലീസിന്റെ അപേക്ഷ കോടതി തള്ളിയത്.

എന്നാല്‍, കുട്ടികളെ താമസിപ്പിച്ചിട്ടുള്ള കൊല്ലത്തെ ജുവനൈല്‍ നിരീക്ഷണ സെന്ററിലെത്തി വിവരങ്ങള്‍ ചോദിക്കാനും ശാസ്ത്രീയാന്വേഷണത്തിന് ആവശ്യമായ സാമ്പിളുകള്‍ ശേഖരിക്കാനും അനുമതി നല്‍കി. ഇതിനിടെ അന്വേഷണച്ചുമതല കൊടുമണ്‍ സിഐയില്‍ നിന്ന് അടൂര്‍ ഡിവൈ.എസ്.പി. ഏറ്റെടുത്തു.

സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതിൽ എട്ട് പേരും രോഗം മറച്ചുവച്ചവർ സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാർ. 16ന് അബുദാബിയിൽനിന്ന് തിരുവനന്തപുരത്തെത്തിയ വിമാനത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശികളാണ് രോഗം മറച്ചുവച്ചത്. ഈ വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും ഉടൻ പരിശോധിക്കും. എന്നാൽ യാത്രക്ക് മുൻപും ശേഷവുമുള്ള പരിശോധനയിൽ രോഗം മറച്ചുവച്ചത് എങ്ങനെയെന്നത് ദുരൂഹമാണ്.

കൊല്ലം സ്വദേശികളും സുഹൃത്തുക്കളുമായ മൂന്ന് പേർക്കെതിരെയാണ് കോവിഡ് രോഗം മറച്ചുവച്ചതിന് കേസെടുത്തത്. അബുദാബിയിൽ വച്ച് തന്നെ ഇവർക്ക് രോഗം സ്ഥിരീകരിക്കുകയും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇത് മറച്ചു വച്ച് ശനിയാഴ്ചത്തെ വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ ഇവർ ഇവിടത്തെ പരിശോധനയിലും രോഗവിവരം അറിയിച്ചില്ല.

കൊല്ലത്തെ നിരീക്ഷണ കേന്ദ്രത്തിലേക്കായി സർക്കാർ ഏർപ്പെടുത്തിയ ബസിൽ കൊട്ടാരക്കര വരെ യാത്ര ചെയ്തു. ഇതിനിടെ ഇവരുടെ സംസാരം ശ്രദ്ധിച്ച മറ്റൊരു യാത്രക്കാരൻ പൊലീസിനെ വിവരം അറിയിച്ചു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഇവർ രോഗവിവരം സമ്മതിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വീണ്ടും നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇവർ മൂന്ന് പേരെ കൂടാതെ ഇതേ വിമാനത്തിൽ സഞ്ചരിച്ച 5 പേർക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.

മൂന്ന് കൊല്ലം കാരും രണ്ട് തിരുവനന്തപുരം സ്വദേശികളും. ഇതിൽ തിരുവനന്തപുരത്തെ രണ്ട് പേർക്കും രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ രോഗബാധിതർക്കൊപ്പമുള്ള വിമാനയാത്രയാണോ രോഗകാരണമായതെന്ന് സംശയിക്കുന്നുണ്ട്. അതിനാൽ ഈ വിമാനത്തിലെത്തിയ 12 കുട്ടികളടക്കം അവശേഷിക്കുന്ന 170 യാത്രക്കാരെയും ഉടൻ പരിശോധനക്ക് വിധേയമാക്കും.

എന്നാൽ ആന്റിബോഡി ടെസ്റ്റ് നടത്തിയ ശേഷം യാത്ര അനുവദിക്കുന്ന അബുദാബിയിൽ നിന്ന് ഇവർ എങ്ങിനെ രോഗവിവരം മറച്ചു വച്ചുവെന്നത് ദുരുഹമാണ്. തിരുവനന്തപുരത്തെത്തിയ ശേഷം നടത്തുന്ന പരിശോധനയിൽ രോഗമുള്ളവരെ പൊലും കണ്ടെത്തിയില്ലെന്നത് പരിശോധനയുടെ കാര്യക്ഷമതയിലും സംശയമുയർത്തുകയാണ്.

കോവിഡ്​ ബാധിച്ച്​ ആശുപത്രിയിലായിരുന്ന 67 കാര​​​െൻറ മൃതദേഹം ബസ്​സ്​റ്റാൻഡിൽ കണ്ടെത്തി. അഹമ്മദാബാദിലെ ഡാനിലിംഡ ക്രോസിങ്ങിന്​ സമീപം ബിആർടിഎസ് സ്​റ്റാൻഡിലാണ്​ മൃതദേഹം ക​ണ്ടെത്തിയത്​.

കോവിഡ്​ ലക്ഷണങ്ങളുമായി മേയ് 10നാണ്​ ഇദ്ദേഹത്തെ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. രണ്ട് ദിവസത്തിന് ശേഷം രോഗം സ്​ഥിരീകരിച്ചു. മേയ്​ 15ന്​​ മൃതദേഹം സ്​റ്റാൻഡിൽ കണ്ടെത്തിയതായി പൊലീസ്​ ഫോൺ വിളിച്ച്​ അറിയിക്കുകയായിരുന്നുവെന്ന്​ ഓൺലൈൻ പോർട്ടലായ ‘ദി ക്വിൻറി’നോട്​ മകൻ പറഞ്ഞു.

അധികൃതർ ആവശ്യപ്പെട്ട പ്രകാരം മൃതശരീരം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ്​ കുടുംബാംഗങ്ങളാണ്​​ പിതാവി​​​െൻറ ശവസംസ്കാരം നടത്തിയതെന്ന്​ മകൻ പറഞ്ഞു.

അതേസമയം, രോഗ തീവ്രത കുറഞ്ഞതിനാൽ ഇദ്ദേഹത്തെ മേയ്​ 14ന്​ ഡിസ്​ചാർജ്​ ചെയ്​തിരുന്നതായി അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റലിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫിസർ ഡോ. എം.എം. പ്രഭാകർ പറഞ്ഞു. “രോഗിക്ക് നേരിയ ലക്ഷണങ്ങളാണുണ്ടായിരുന്നത്​. സർക്കാറി​​​െൻറ പുതിയ ചട്ടപ്രകാരം അദ്ദേഹത്തെ വീട്ടിലേക്ക്​ അയക്കുകയായിരുന്നു. ഡിസ്ചാർജ് ചെയ്യുമ്പോൾ അദ്ദേഹം ആരോഗ്യവാനായിരുന്നു” -ഡോക്​ടർ പറഞ്ഞു.

ആശുപത്രിയുടെ വാഹനത്തിലാണ്​ രോഗിയെ കൊണ്ടുപോയത്​. വീടിനടുത്ത്​ എത്തിക്കാൻ കഴിയാത്തതിനാലാകും സമീപത്തെ ബസ് സ്റ്റാൻഡിൽ ഇറക്കിയതെന്നും ഡോക്​ടർ കൂട്ടിച്ചേർത്തു. ഡിസ്ചാർജ്​ ചെയ്​തതിനെക്കുറിച്ച് കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടോയെന്നത്​ വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ഉത്തരവിട്ടു. ആരോഗ്യവകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് ഗുപ്തയാണ് അന്വേഷണം നടത്തുക.

ഗുജറാത്ത് മോഡൽ എന്താണെന്ന്​ തുറന്നുകാട്ടുന്ന കുറ്റകരമായ അനാസ്​ഥയാണിതെന്ന്​ ഗുജറാത്തിലെ സ്വതന്ത്ര എം‌.എൽ.‌എ ജിഗ്നേഷ് മേവാനി ആരോപിച്ചു. ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനമൊഴിയണം.

ഏപ്രിൽ 24ന് 25 ഓളം കോവിഡ്​ ബാധിതർക്ക്​ സിവിൽ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചിരുന്നു. തുടർന്ന് ആറ് മണിക്കൂറോളം ഇവർ തെരുവുകളിൽ ചെലവഴിച്ചു. ഒടുവിൽ രോഗികളിൽ ഒരാൾ വീഡിയോ റെക്കോർഡുചെയ്‌ത് സോഷ്യൽ മീഡിയയിൽ പോസ്​റ്റുചെയ്​ത ശേഷമാണ് അധികൃതർ നടപടി സ്വീകരിച്ചത്.

 

ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിലെ തന്റെ വാസ സ്ഥലത്താണ് ചൈനീസ് അംബാസിഡർ ഡു വെയ് നെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഇസ്രായേൽ പോലീസ് അറിയിച്ചു. 57 കാരനായ ഇദ്ദേഹത്തിന്റെ മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

മരണവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പുർത്തിയാക്കി വരിയാണെന്നാണ് പോലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഉറക്കത്തിൽ സംഭവിച്ച സ്വാഭാവിക മരണമാണ് ചൈനീസ് അംബാസിഡറിടേത് എന്നാണ് ഇസ്രായേലി മാധ്യമങ്ങൾ നൽകുന്ന സൂചനകൾ.

അതേസമയം, കോവിഡ് രോഗ വ്യാപനവുമായി ബന്ധപ്പെട്ട യുഎസിന്റെ ചൈനാ വിരുദ്ധ നിലപാടുകൾക്ക് എതിരെ ശക്തമായ ഭാഷയിലായിരുന്നു ഡു വെയ്ന്റെ എംംബസി പ്രതികരിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പരാമർശങ്ങളോടായിരുന്നു ഡു വിന്റെ പ്രതികരണം. ജെറുസലേം പോസ്റ്റിൽ നൽകിയ പ്രസ്താവനയിലായിലായിരുന്നു ചൈനീസ് എംബസി നിലപാട് വ്യക്തമാക്കിയത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡു വെയ് ഇസ്രായേലിലെ ചൈനീസ് അംബാസിഡറായി ചുമതലയേൽക്കുന്നത്. ഇതിന് മുൻപ് ഉക്രെയിനിലും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. തെല്‍ അവീവിന്റെ പ്രാന്തപ്രദേശമായ ഹെൽസിലിയയിലെ അപ്പാർട്ട്മെന്റിൽ താമസിച്ച് വരുന്ന ഇദ്ദേഹത്തിന്റെ ഭാര്യയും ഒരു മകനുമടങ്ങുന്ന കുടുംബം പക്ഷേ ഇസ്രായേലിലില്ല.

ടി.വി ഷോകളിലൂടെ ശ്രദ്ധേയനായ മന്‍മീത് ഗ്രേവാവാളിനെ(32) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ചയാണ് മന്‍മീതിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

നവി മുംബൈയിലെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് മന്‍മീതിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് മന്‍മീതും ഭാര്യ രവീന്ദ്ര കൗറുമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി ഇരുവരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മന്‍മീത് കിടപ്പുമുറിയിലേക്ക് പോവുകയായിരുന്നു.

മുറിയില്‍ കയറി മന്‍മീത് കതകടച്ചു. എന്നാല്‍ ഭാര്യ അത്ര ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് മുറിയില്‍ നിന്നും കസേര വീഴുന്ന ശബ്ദം കേട്ടതോടെ ഭാര്യ ഓടിയെത്തി. എത്ര വിളിച്ചിട്ടും മന്‍മീത് വാതില്‍ തുറന്നില്ല. തുടര്‍ന്ന് ഭാര്യ സഹായത്തിനായി അയല്‍ക്കാരെ വിളിക്കുകയായിരുന്നു.

എന്നാല്‍ ആരും സഹായത്തിനായി എത്തിയില്ല. മന്‍മീതിന് കോവിഡാണെന്ന ഭീതിയില്‍ ആരും സഹായത്തിന് തയ്യാറായില്ലെന്ന് മന്‍മീതിന്റെ സുഹൃത്ത് മന്‍ജിത് സിംഗ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ലോക്ഡൗണിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രയാസങ്ങളിലായിരുന്നു മന്‍മീതെന്ന് സൂചനയുണ്ട്.

പ്രതിഫലം ലഭിക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് വായ്പകളുടെ തിരിച്ചടവും മുടങ്ങിയിരുന്നു. വാടകയായ 8500 രൂപ പോലും നല്‍കാനാകാതെ വന്നതോടെ മന്‍മീത് കൂടുതല്‍ സമ്മര്‍ദത്തിലായെന്നും സൂചനയുണ്ട്. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

മന്‍മീതും രവീന്ദ്ര കൗറും തമ്മിലുള്ള വിവാഹം കഴിഞ്ഞ ഏതാനും മാസങ്ങളാകുന്നതേയുള്ളൂ. ആദത് സേ മജ്ബൂര്‍, കുല്‍ദീപക് തുടങ്ങിയ ടി.വി ഷോകളിലൂടെ ശ്രദ്ധേയനാണ് മന്‍മീത് ഗ്രേവാള്‍.

ഗോവയില്‍ അഞ്ജന ഹരീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് കാണിച്ച്‌ ബന്ധുക്കള്‍ രംഗത്ത് എത്തി.

തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയും കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശിനിയുമായ ചിന്നു സുള്‍ഫിക്കര്‍ എന്ന അഞ്ജന ഹരീഷിന്റെ (21) മരണത്തിലാണ് ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്തുവന്നിരിക്കുന്നത്

കൂട്ടുകാരെല്ലാം തന്നെ ചതിച്ചുവെന്നും രക്ഷിക്കണമെന്നും ഗോവയില്‍ നിന്ന് അഞ്ജന വീട്ടുകാരെ വിളിച്ചറിയിച്ചതായി ബന്ധുക്കള്‍ വെളിപ്പെടുത്തി. അമ്മ പറയുന്നത് പോലെ തുടര്‍ന്ന് ജീവിച്ചുകൊള്ളാമെന്നും അവള്‍ പറഞ്ഞിരുന്നു. ലോക്ക്ഡൗണായതിനാല്‍ കൂട്ടിക്കൊണ്ടുവരാന്‍ സാധിച്ചില്ല.

ഇത്രയേറെ ഗുരുതരമായിരുന്നു സാഹചര്യമെന്ന് അറിയില്ലായിരുന്നെവെന്നാണ് വീട്ടുകാര്‍ പറയുന്നത്. സൃഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ പോയ അഞ്ജനയെ താമസിച്ചിരുന്ന റിസോര്‍ട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് പൊലീസ് ബന്ധുക്കളെ അറിയിച്ചത്.

നാല് മാസം മുന്‍പ് അഞ്ജനയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കോഴിക്കോടുനിന്നും അഞ്ജനയെ കണ്ടെത്തി പൊലീസ് വീട്ടുകാര്‍ക്ക് കൈമാറി.

എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ കോളേജിലെ കൂട്ടായ്മയില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് വീടുവിട്ടു. തിരിച്ചുവരാതായതോടെ നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ അമ്മ വീണ്ടും പരാതി നല്‍കി.

കോഴിക്കോട് ചില അര്‍ബന്‍ നക്‌സലുകള്‍ നേതൃത്വം നല്‍കുന്ന ഒരു സംഘടനക്കൊപ്പം പ്രവര്‍ത്തിക്കുകയായിരുന്ന അഞ്ജനയെ പൊലീസ് കണ്ടെത്തി ഹോസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെങ്കിലും കുടുംബത്തിനൊപ്പം പോകാതെ കോഴിക്കോട് സ്വദേശിനിക്കൊപ്പമാണ് അഞ്ജന പോയത്.

അഞ്ജനയുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാമെന്ന് യുവതി എഴുതി നല്‍കിയിരുന്നു. മാര്‍ച്ച്‌ 17 ന് മൂന്നിന് സുഹൃത്തുക്കൊപ്പമാണ് ഗോവയ്ക്ക് പോയത്.

അഞ്ജന അടുത്തിടെ ചിന്നു സുള്‍ഫിക്കര്‍ എന്ന് ഫേസ്ബുക്കില്‍ പേര് തിരുത്തിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും എന്‍.ഐ.എ അന്വേഷിക്കണമെന്നും ബന്ധുക്കളുടെ ഭാഗത്ത് നിന്ന് ആവശ്യമുയരുന്നുണ്ട്.

ബിഹാറിലെ നവാഡയില്‍ നിന്നു കേരളത്തിലേക്കു മടങ്ങവെ അപടത്തില്‍പ്പെട്ടു മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുവരുന്നു.

തെലങ്കാനയിലെ നിസാമാബാദില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയുണ്ടായ അപകടത്തില്‍ കോഴിക്കോട് കോടഞ്ചേരി ചെമ്ബുകാവ് മഞ്ചേരിയില്‍ അനീഷ് (33), മകള്‍ അനാലിയ (ഒന്നര വയസ്), ഉഡുപ്പി സ്വദേശി സ്റ്റെനി (23) എന്നിവരാണ് മരിച്ചത്.

കാര്‍ ലോറിയുടെ പിന്നിലിടിച്ചാണ് അപകടം. കാറില്‍ ഒപ്പമുണ്ടായിരുന്ന അനീഷിന്റെ ഭാര്യ ദിവ്യ (28) മകള്‍ അസാലിയ (നാല്) എന്നിവരെ പരുക്കുകളോടെ ഹൈദരാബാദിലെ ഉസ്മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ദിവ്യയുടെ തലയ്ക്കു പരുക്കേറ്റിരുന്നു. ഭര്‍ത്താവും കുഞ്ഞും മരിച്ച വിവരം ദിവ്യയെയും മകളെയും അറിയിച്ചിട്ടില്ല. പരുക്കുകള്‍ ഗുരുതരമല്ലാത്തതിനാല്‍ ഇവരെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത് നാട്ടിലേക്കു കൊണ്ടുവരുന്നുണ്ട്. നവാഡ വാസ്‌ലിഗഞ്ച് സെന്‍റ് തെരേസാസ് ഇംഗ്ലീഷ് സ്കൂളിലെ അധ്യാപകരാണ് മരിച്ച അനീഷും സ്റ്റെനിയും.

വാസ്ലിഗഞ്ചിലാണ് ഇവര്‍ താമസിച്ചിരുന്നത്. നവാഡയില്‍ നിന്നു രണ്ടു കാറുകളിലായാണ് മലയാളി സംഘം 14നു വൈകിട്ട് കേരളത്തിലേക്ക് യാത്ര തിരിച്ചത്. മരിച്ച അനീഷിന്റെ സഹോദരന്‍ അനൂപും ഭാര്യയും മറ്റൊരു കാറില്‍ പിറകിലുണ്ടായിരുന്നു.

അനൂപിന്‍റെ ഗര്‍ഭിണിയായ ഭാര്യയുടെ പ്രസവം നാട്ടിലാകണമെന്നതിനാലാണ് സഹോദരന്റെ കുടുംബത്തോടൊപ്പം കാറില്‍ നാട്ടിലേക്ക് യാത്ര തിരിച്ചത്. രാത്രിയില്‍ റോഡിനു നടുക്കു നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ചെന്നിടിച്ചാണ് അപകടമുണ്ടായത്.

കേടായ ലോറി ലൈറ്റൊന്നുമിടാതെ റോഡിനു കുറുകെ നിര്‍ത്തിയിട്ടിയിരിക്കുകയായിരുന്നു. ലോറിക്കു മുന്നിലായി കുറച്ചു കല്ലുകളിട്ടിരുന്നുവെന്നു മാത്രം. കേരളത്തിലേക്കു പട്നയില്‍‍ നിന്നു ട്രെയിന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ നോര്‍ക്കയില്‍ ഇവര്‍ പേരു റജിസ്റ്റര്‍ ചെയ്തിരുന്നു. ദിവസങ്ങള്‍ കാത്തിരുന്നിട്ടും ട്രെയിന്‍ സര്‍വീസുണ്ടാകുമെന്ന സൂചനകളൊന്നുമുണ്ടാകാത്തതിനെ തുടര്‍ന്നാണ് കാറില്‍ യാത്ര തിരിച്ചത്.

റോഡു മാര്‍ഗം കേരളത്തിലെത്താനാണ് നോര്‍ക്കയില്‍ നിന്നു നിര്‍ദേശമുണ്ടായതും. ഞായറാഴ്ച പട്നയില്‍ നിന്നു കോഴിക്കോട്ടേക്കു മറ്റൊരു സംഘം ബസില്‍ യാത്ര തിരിക്കുന്നുണ്ട്.

ഒരാഴ്ചയായി കാണാതായ പ്രവാസി മലയാളിയെ സൗദി അറേബ്യയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ തടപ്പറമ്പ് വീട്ടില്‍ മുച്ചുണ്ടി തൊടിയില്‍ മുഹമ്മദ് സലീമിനെ(39)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമാം ടോയോട്ടയ്ക്കടുത്തുള്ള പാര്‍ക്കിലായിരുന്നു മൃതദേഹം.

കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹത്തെ കാണാനില്ല. ബന്ധുക്കളും സുഹൃത്തുക്കളും തെരച്ചില്‍ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. തുടര്‍ന്നാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദമാം ടോയോട്ടയ്ക്കടുത്തുള്ള പാര്‍ക്കില്‍ മൃതദേഹം കണ്ടെത്തിയത്.

എന്നാല്‍ മരണകാരണം വ്യക്തമല്ല. ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം കുടുംബസമേതമാണ് ദമാമില്‍ താമസിച്ചിരുന്നത്. മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം ദമാമില്‍ തന്നെ ഖബറടക്കും. ഭാര്യ: ഹൈറുന്നീസ, മകന്‍: മുഹമ്മദ് നാസിഫ്.

RECENT POSTS
Copyright © . All rights reserved