ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിലെ തന്റെ വാസ സ്ഥലത്താണ് ചൈനീസ് അംബാസിഡർ ഡു വെയ് നെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഇസ്രായേൽ പോലീസ് അറിയിച്ചു. 57 കാരനായ ഇദ്ദേഹത്തിന്റെ മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

മരണവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പുർത്തിയാക്കി വരിയാണെന്നാണ് പോലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഉറക്കത്തിൽ സംഭവിച്ച സ്വാഭാവിക മരണമാണ് ചൈനീസ് അംബാസിഡറിടേത് എന്നാണ് ഇസ്രായേലി മാധ്യമങ്ങൾ നൽകുന്ന സൂചനകൾ.

അതേസമയം, കോവിഡ് രോഗ വ്യാപനവുമായി ബന്ധപ്പെട്ട യുഎസിന്റെ ചൈനാ വിരുദ്ധ നിലപാടുകൾക്ക് എതിരെ ശക്തമായ ഭാഷയിലായിരുന്നു ഡു വെയ്ന്റെ എംംബസി പ്രതികരിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പരാമർശങ്ങളോടായിരുന്നു ഡു വിന്റെ പ്രതികരണം. ജെറുസലേം പോസ്റ്റിൽ നൽകിയ പ്രസ്താവനയിലായിലായിരുന്നു ചൈനീസ് എംബസി നിലപാട് വ്യക്തമാക്കിയത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡു വെയ് ഇസ്രായേലിലെ ചൈനീസ് അംബാസിഡറായി ചുമതലയേൽക്കുന്നത്. ഇതിന് മുൻപ് ഉക്രെയിനിലും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. തെല്‍ അവീവിന്റെ പ്രാന്തപ്രദേശമായ ഹെൽസിലിയയിലെ അപ്പാർട്ട്മെന്റിൽ താമസിച്ച് വരുന്ന ഇദ്ദേഹത്തിന്റെ ഭാര്യയും ഒരു മകനുമടങ്ങുന്ന കുടുംബം പക്ഷേ ഇസ്രായേലിലില്ല.