Crime

വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയ്ക്ക് പാരമ്പര്യമായി ലഭിച്ച അമൂല്യനിധി വില്‍പ്പനയ്ക്കുണ്ടെന്ന് കാണിച്ച്‌ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. വേലംപാളയം സ്വദേശി പരമേശ്വരന്‍, ധനപാല്‍ എന്നിവര്‍ക്കെതിരെയാണു പരാതി. അനുപ്പര്‍പാളയത്തു കെട്ടിടനിര്‍മാണ സാമഗ്രികള്‍ വാടകയ്ക്കു നല്‍കുന്ന രാജ്പ്രതാപ് ആണു സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മിഷണര്‍ക്കു പരാതി നല്‍കിയത്. വ്യാപാരിയില്‍നിന്ന് എട്ടര ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ പണം ചോദിച്ചപ്പോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, കേന്ദ്ര ധനമന്ത്രി എന്നിവര്‍ ഒപ്പിട്ടതാണെന്നു പറഞ്ഞു വ്യാജ രേഖ കാണിച്ചു തെറ്റിദ്ധരിപ്പിച്ചതായും പറയുന്നു. കുടത്തിന്റെ മൂല്യം പല കോടികളായി വര്‍ധിച്ചതായി കാണിക്കുന്നതായിരുന്നു രേഖ. സമാനമായ രീതിയില്‍ പ്രതികള്‍ മറ്റു പലരില്‍നിന്നും പണം തട്ടിയതായി പൊലീസ് പറയുന്നു.

പ്രമുഖ രാഷ്ട്രീയ കക്ഷിയിലെ നേതാവായ കുമാര്‍നഗര്‍ സ്വദേശി അറുമുഖത്തിനുവേണ്ടിയാണെന്നു പറഞ്ഞ് ഇവര്‍ 2012ല്‍ രാജ്പ്രതാപില്‍നിന്നു പണം ആവശ്യപ്പെട്ടിരുന്നു. നല്‍കാന്‍ വിസമ്മതിച്ചപ്പോഴാണു മുത്തുലക്ഷ്മിയുടെ കൈവശമുള്ള പുരാവസ്തുവായ കുടം വില്‍ക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടത്. കുടം വിറ്റാല്‍ ഒരു കോടിയോളം രൂപ ലഭിക്കുമെന്നും അതു ലഭിച്ചാല്‍ പണം ഇരട്ടിയായി തിരികെ നല്‍കാമെന്നും പറഞ്ഞാണ് എട്ടര ലക്ഷം രൂപ വാങ്ങിയത്. പണം നല്‍കാമെന്നു പറഞ്ഞു വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് പാസ്‌ബുക്ക് എന്നിവയും വാങ്ങിയതായി പരാതിയില്‍ പറയുന്നു. എന്നാല്‍ പണം തിരികെ ചോദിക്കുമ്ബോഴെല്ലാം രാഷ്ട്രീയ ബന്ധം പറഞ്ഞു ഭീഷണിപ്പെടുത്തി.

വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയ്ക്ക് സമീപം പുരുഷന്റെ മൃതദേഹം കണ്ടെത്തി. പന്നിയങ്കരയില്‍ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് കൈയും കാലും ഒടിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.

ഏകദേശം 60 വയസ് പ്രായം തോന്നിക്കും. കൊല നടത്തിയ ശേഷം ഉപേക്ഷിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വലതു കൈയും ഇടതുകാലുമാണ് ഒടിഞ്ഞ നിലയിലുള്ളത്.

ബുധനാഴ്ച രാത്രി 12 മണിയോടെ ഒരു കാര്‍ ഈ വഴി കടന്നുപോയതായി സമീപത്ത് നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

പതിമൂന്ന് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിചാരണ നേരിട്ട് നഴ്‌സറി ജീവനക്കാരി. കേസില്‍ ഏപ്രില്‍ മൂന്നിന് വിധി പറയും. ബ്രിട്ടനിലെ ബേര്‍ക്ക്‌ഷെയറിലെ നഴ്‌സറി ജീവനക്കാരിയായിരുന്ന ലീ കോര്‍ഡിസാണ് (20) പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ കോടതിയില്‍ ഹാജരായത്. 2017 ജനുവരിയിലാണ് ലീ ആദ്യമായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ കിടപ്പുമുറിയില്‍ കടന്ന ഇവര്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

നഴ്‌സറി ജീവനക്കാരിയായിരുന്ന ലീ ആണ്‍കുട്ടിയുടെ വീട്ടില്‍ കുട്ടികളെ നോക്കാനായി എത്തിയപ്പോഴാണ് പീഡനം നടത്തിയത്. ആദ്യമായി ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കുമ്പോള്‍ 17 വയസായിരുന്നു ലീയുടെ പ്രായം. പിന്നീട് പലതവണ ലീ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇതിനിടെ ഇവര്‍ ഗര്‍ഭിണിയാവുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഇതോടെയാണ് പീഡന വിവരം പുറംലോകമറിയുന്നത്.
ഇതിനിടെ 2017 മെയ് മാസത്തില്‍ കാമുകനായ മറ്റൊരാളെ ലീ വിവാഹം കഴിച്ചെങ്കിലും ആണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് തുടര്‍ന്നു. സംഭവമറിഞ്ഞ കാമുകന്‍ ഇതില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും ലീ കൂട്ടാക്കിയില്ല. 2018 വരെ പലതവണകളായി ലീ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ഇടവേള ബാബു കൂറുമാറി. വിസ്താരത്തിനിടെയാണ് ഇടവേള ബാബുവിന്റെ കൂറുമാറ്റം. വിസ്താരത്തിനിടെ ദിലീപിന് അനുകൂലമായ മൊഴി നല്‍കുകയായിരുന്നു.പോലീസിന് നല്‍കിയ ആദ്യ മൊഴിയില്‍ നിന്ന് ഇടവേള ബാബു പിന്മാറുകയായിരുന്നു.

അവസരങ്ങള്‍ തട്ടിക്കളഞ്ഞുവെന്ന് നടി പറഞ്ഞുവെന്നായിരുന്നു ഇടവേള ബാബു അന്ന് പറഞ്ഞത്. ഇതിനെപറ്റി പല അസ്വാരസ്യങ്ങളും അമ്മ സംഘടനയിലടക്കം നടന്നിരുന്നു. അന്ന് ഇടവേള ബാബു അങ്ങനെയൊരു പരാതി പിന്നീട് കിട്ടിയിരുന്നുവെന്നാണ് പറഞ്ഞത്.

കേസില്‍ താരങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും വിസ്താരം നടന്നുകൊണ്ടിരിക്കുകയാണ്.

കൊല്ലത്ത് സ്കൂളുകളിലേക്കു നടന്നുപോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഇന്നു രാവിലെ ഒന്‍പതരയോടെയാണു സംഭവം. കുതറിയോടിയ കുട്ടി അടുത്ത വീട്ടില്‍ അഭയം പ്രാപിച്ചു. രക്ഷപെടാന്‍ ശ്രമിച്ച നാടോടി സ്​ത്രീയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.

നാടോടി സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. കരുനാഗപ്പള്ളി തുറയില്‍ക്കുന്ന്​ എസ്​.എന്‍.യു.പി സ്​കൂളിലെ വിദ്യാര്‍ഥിനി​ ജാസ്​മിനെയാണ്​ തട്ടികൊണ്ട്​ പോകാന്‍ ശ്രമിച്ചത്​. സ്കൂളിലേക്കു ഒറ്റയ്ക്കു നടന്നുപോകുകയായിരുന്ന കുട്ടിയെ അതുവഴി നാടോടി സ്ത്രീ കയ്യില്‍പിടിച്ചു കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. പൊള്ളാച്ചി സ്വദേശിനിയായ ജ്യോതിയെ ആണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത് .

നാടക വണ്ടിയില്‍ ബോര്‍ഡ് വെച്ചതിന് 24000 രൂപ പിഴയിട്ട് മോട്ടോര്‍വാഹന വകുപ്പിൻ്റെ നടപടി പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നു. ആലുവ അശ്വതി തീയറ്റേഴ്‌സിന്റെ വണ്ടിക്കാണ് കനത്ത പിഴ ചുമത്തിയത്. ബോര്‍ഡിന്റെ നീളം അളന്ന് തിട്ടപ്പെടുത്തിയശേഷമാണ് ഉദ്യോഗസ്ഥ പിഴ കണക്കാക്കിയിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വൻ വിമർശനമാണ് ഉയരുന്നത്.

വനിതാ ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് യാത്രക്കിടയില്‍ വാഹനം പിടികൂടിയ മോട്ടോര്‍വാഹന വകുപ്പ് പിഴ ഈടാക്കിയത്. വനിതാ ഇന്‍സ്‌പെക്ടര്‍ വാഹനത്തില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിന്റെ അളവെടുപ്പിക്കുകയും പിഴ ചുമത്തുകയും ചെയ്യുന്നതിന്റെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഞങ്ങളുടെ നാടകം മുടങ്ങുമെന്നും ഇതൊരു വലിയ തെറ്റാണോ എന്നുമെല്ലാം വാഹനത്തിലുണ്ടായിരുന്ന നാടകപ്രവര്‍ത്തകര്‍ ചോദിക്കുന്നത് വിഡിയോയില്‍ കാണാം. എന്നാല്‍ മറ്റൊരാള്‍ അല്‍പ്പം ദേഷ്യത്തോടെ സംസാരിക്കുന്നുമുണ്ട്. ഇതിനോടെല്ലാം സൗമ്യമായാണ് ഓഫിസര്‍ പ്രതികരിക്കുന്നതെന്നും വീഡിയോയിൽ കാണാം.

നിരവധി പ്രമുഖ നാടകപ്രവര്‍ത്തകരെല്ലാം മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പത്ത് പതിനഞ്ചുപേരുടെ അരിപ്രശ്‌നമാണ് ഇത് എന്നാണ് നാടകപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കുന്നത്.

ഇതിനിടെ മോട്ടോര്‍വാഹന വകുപ്പിന്റെ നടപടിയെ വിമര്‍ശിച്ച് സംവിധായകന്‍ ഡോ ബിജു രംഗത്തത്തി.

ഡോ ബിജുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

ആലുവ അശ്വതി തിയറ്റേഴ്‌സിന്റെ നാടക വണ്ടി മോട്ടോര്‍ വാഹന വകുപ്പ് റോഡില്‍ പരിശോധിക്കുന്നതിന്റെ ഒരു ദൃശ്യം കണ്ടു. വാഹനത്തില്‍ വെച്ചിരിക്കുന്ന നാടക സമിതിയുടെ ബോര്‍ഡ് അല്‍പ്പം വലുപ്പം കൂടുതല്‍ ആണത്രേ..ടേപ്പുമായി വണ്ടിയില്‍ വലിഞ്ഞു കയറി ബോര്‍ഡിന്റെ അളവെടുക്കുന്ന ഉദ്യോഗസ്ഥരെയും ദൃശ്യത്തില്‍ കാണാം. നാടക വണ്ടിയില്‍ നാടക സമിതിയുടെ ബോര്‍ഡ് വെച്ചത് ഏതാനും സെന്റീമീറ്റര്‍ കൂടിപ്പോയി എന്ന ഭൂലോക ക്രിമിനല്‍ കുറ്റത്തിന് ആ നാടക കലാകാരന്മാര്‍ക്ക് വലിയ ഒരു തുക പിഴ അടിച്ചു കൊടുക്കുകയും ചെയ്തു. അവരുടെ ഒരു ദിവസത്തെ നാടകത്തിന്റെ മുഴുവന്‍ കാശും കൂട്ടിയാലും വീണ്ടും പിഴ തുകയ്ക്കായി കാശ് കണ്ടെത്തേണ്ടി വരും ആ നാടക കലാകാരന്മാര്‍ക്ക്..നിയമം ഒക്കെ പാലിക്കുന്നത് കൊള്ളാം പക്ഷെ അത് എല്ലാവര്‍ക്കും ഒരു പോലെ ആകണം. സര്‍ക്കാര്‍ വാഹനത്തില്‍ പച്ചക്കറി മേടിക്കാനും , മക്കളെ സ്‌കൂളില്‍ വിടാനും, വീട്ടുകാര്‍ക്ക് ഷോപ്പിംഗിനും, ബാഡ്മിന്റണും ഗോള്‍ഫും കളിക്കാനും പോകുന്ന ഉദ്യോഗസ്ഥരെകൂടി പിടിച്ചു പിഴ ചുമത്തണം, പാവം നാടക കലാകാരന്മാരുടെ വണ്ടിയുടെ ബോര്‍ഡ് അളക്കാന്‍ കാണിക്കുന്ന ഈ ഉത്സാഹം സിനിമാ താരങ്ങളുടെയും, രാഷ്ട്രീയ നേതാക്കളുടെയും സമൂഹത്തിലെ മറ്റ് ഉയര്‍ന്ന ആളുകളുടെയും വാഹനങ്ങള്‍ കൂടി പരിശോധിക്കാന്‍ ഉണ്ടാകണം. പറഞ്ഞാല്‍ ഒത്തിരി കാര്യങ്ങള്‍ പറയേണ്ടി വരും..നിയമം നടപ്പിലാക്കേണ്ടത് സാധാരണക്കാരന്റെ മാത്രം നെഞ്ചത്തു കയറിയില്ല..മലയാളിയുടെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തു നാടകത്തിനുള്ള സ്ഥാനം ഈ ഉദ്യോഗസ്ഥര്‍ക്ക് അറിയാന്‍ യാതൊരു സാധ്യതയും ഇല്ലല്ലോ..സാമൂഹ്യ ബോധവും സാംസ്‌കാരിക ബോധവും എല്ലാവര്‍ക്കും ഉണ്ടായിക്കൊള്ളണം എന്നില്ലല്ലോ…

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നു 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരു സിപിഎം നേതാവു കൂടി പ്രതി. സിപിഎം തൃക്കാക്കര ഇൗസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എൻ.എൻ.നിധിൻ(33), ഭാര്യ ഷിന്റു(29) എന്നിവരെ ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതി കലക്ടറേറ്റിനു സമീപം താമസിക്കുന്ന കൊല്ലം സ്വദേശി ബി.മഹേഷ് ഇന്നലെ രാത്രി പൊലീസിൽ കീഴടങ്ങിയതായി സൂചനയുണ്ട്. കേസിൽ പ്രതിയായ ഇതേ ലോക്കൽ കമ്മിറ്റി അംഗം എം.എം.അൻവർ ഒളിവിലാണ്. കലക്ടറേറ്റ് ദുരിതാശ്വാസ വിഭാഗത്തിൽ സെക്‌ഷൻ ക്ലാർക്കും എൻജിഒ യൂണിയൻ അംഗവുമായ വിഷ്ണുപ്രസാദിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

പ്രതികൾ ഗൂഢാലോചന നടത്തി കലക്ടറേറ്റിലെ ദുരിതാശ്വാസ അക്കൗണ്ടിൽ നിന്ന് 10,54,000 രൂപ തൃക്കാക്കര അയ്യനാട് സഹകരണ ബാങ്കിലേക്കും 2,50,000 രൂപ ദേനാ ബാങ്കിന്റെ കാക്കനാട് ശാഖയിലേക്കും മാറ്റിയ ശേഷം പിൻവലിച്ചു എന്നാണു കേസ്. സിപിഎം ഭരിക്കുന്ന അയ്യനാട് സഹകരണ ബാങ്കിൽ നിന്നു വ്യക്തമായ തെളിവില്ലാതെയാണ് എം.എം.അൻവർ പണം പിൻവലിച്ചതെന്നും കണ്ടെത്തി. 5 തവണകളിലായാണു 10.54 ലക്ഷം രൂപ ജില്ലാ ട്രഷറി വഴി അയ്യനാട് ബാങ്കിലെത്തിയത്.

2019 നവംബർ 28നു രണ്ടു തവണയായെത്തിയ 2.50 ലക്ഷം രൂപ അയ്യനാട് ബാങ്കിൽ നിന്ന് അൻവർ പിൻവലിച്ചിരുന്നു. ഇത് അൻവറിനുള്ള തുകയാണെന്ന് അയ്യനാട് ബാങ്കിനെ അറിയിച്ചിരുന്നില്ല. ട്രഷറിയിൽ നിന്നു പണം അയച്ചതിന്റെ യുടിആർ നമ്പറുമായി സഹകരണ ബാങ്കിലെത്തിയ അൻവർ തനിക്കുള്ള പണമാണെന്ന് അറിയിച്ചെങ്കിലും പണം കൈമാറാൻ സെക്രട്ടറി തയാറായില്ല. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നേതാക്കൾ സെക്രട്ടറിയുടെ മേൽ സമ്മർദം ചെലുത്തി അൻവറിനു പണം കൊടുപ്പിക്കുകയായിരുന്നു. ജനുവരി 21നും 24നുമായി മൂന്നു തവണ കൂടി ട്രഷറിയിൽ നിന്നു അയ്യനാട് ബാങ്കിലേക്ക് പണം എത്തി. 2.5 ലക്ഷം, 1.25 ലക്ഷം, 1.79 ലക്ഷം എന്നീ തുകകൾ കൈപ്പറ്റാനും അൻവർ എത്തി. ഇത്തവണയും ഭരണ സമിതിയിലെ സിപിഎം നേതാക്കൾ സെക്രട്ടറിയുടെ മേൽ സമ്മർദം ചെലുത്തിയെങ്കിലും സംശയം തോന്നിയതിനാൽ സെക്രട്ടറി അനുമതി നൽകിയില്ല. ഇതുമൂലം അവസാനമെത്തിയ ഗഡുക്കൾ അൻവറിനു ലഭിച്ചില്ല.

പണം വന്നതിലെ ദുരൂഹതയും ഇടപാടുകളും സംബന്ധിച്ചു ഭരണസമിതിയിൽ ആക്ഷേപം ഉയർന്നപ്പോൾ ബാങ്ക് അധികൃതർ വിവരം കലക്ടർ എസ്.സുഹാസിനെ അറിയിച്ചു. കലക്ടറുടെ നിർദേശ പ്രകാരം ജില്ലാ ഫിനാൻസ് ഓഫിസർ ജി.ഹരികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണു തട്ടിപ്പു പുറത്തു വന്നത്. ജില്ലാ ഭരണകൂടം പൊലീസിനു പരാതി നൽകി. തൃക്കാക്കര പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിച്ചു.

എറണാകുളം എഡിഎമ്മിന്റെ പേരിൽ ജില്ലാ ട്രഷറിയിലുള്ള അഡ്മിൻ അക്കൗണ്ടിന്റെ യൂസർ ഐഡിയും പാസ്‍വേഡും ദുരുപയോഗം ചെയ്താണു ക്ലാർക്ക് വിഷ്ണുപ്രസാദ് തട്ടിപ്പു നടത്തിയതെന്നാണു കണ്ടെത്തൽ. പണം എളുപ്പത്തിൽ പുറത്തു കടത്താനാണു സിപിഎം ലോക്കൽ കമ്മിറ്റിയംഗം എം.എം.അൻവറിന്റെയും മറ്റൊരു അംഗമായ എൻ.എൻ.നിധിന്റെ ഭാര്യയുടെയും അക്കൗണ്ടുകൾ ഉപയോഗിച്ചത്. അക്കൗണ്ടുകളിലെത്തിയ പണം ഇവർ പിൻവലിച്ചു മഹേഷ് വഴി വിഷ്ണുവിനു കൈമാറുകയായിരുന്നു. പ്രതികൾക്കും വിഹിതം കിട്ടിയിട്ടുണ്ടെന്നാണു കരുതുന്നത്. അൻവർ, നിധിൻ എന്നിവരെ സസ്പെൻഡ് ചെയ്ത തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നടപടി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു.

പ്രളയസഹായം കിട്ടാതെ അരലക്ഷം പേർ

പ്രളയത്തിൽ നാശമുണ്ടായവർക്കു നഷ്ടപരിഹാരം നേരിട്ടു നൽകിയാൽ രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും വിഹിതം കൈപ്പറ്റുമെന്ന ആശങ്കമൂലം ബാങ്ക് അക്കൗണ്ടുകൾ വഴി കൈമാറാനുള്ള സർക്കാർ ശ്രമവും പാളുന്നു. ബാങ്ക് അക്കൗണ്ടുകളിലേക്കു പണം കൈമാറുന്നതിലെ സാങ്കേതിക പ്രശ്നങ്ങൾ മൂലം കഴിഞ്ഞ വർഷത്തെ പ്രളയത്തിനുശേഷം സർക്കാർ അനുവദിച്ച നഷ്ടപരിഹാരം അര ലക്ഷത്തിലേറെ പേർക്കു ലഭിച്ചില്ല.

സർക്കാർ കണക്കുപ്രകാരം അടിയന്തര സഹായമായി അനുവദിച്ച 10000 രൂപ, 38000 പേരുടെ അക്കൗണ്ടുകളിൽ നിന്നു മടങ്ങി. വീടുകളുടെ നാശനഷ്ടത്തിന് 49900 പേർക്ക് അനുവദിച്ച തുക 18000 പേരുടെ അക്കൗണ്ടുകളിൽ നിന്നു മടങ്ങി. പ്രധാനമന്ത്രിയുടെ ജൻധൻ യോജന പ്രകാരം ബാങ്ക് അക്കൗണ്ട് തുടങ്ങിയവർക്ക് അനുവദിച്ച തുകയാണ് തിരിച്ചുവന്നതിൽ ഭൂരിഭാഗവും. ഈ അക്കൗണ്ടുകളിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക 50,000 രൂപയാണ്. വീടിനു നാശനഷ്ടം സംഭവിച്ചവരിൽ ഭൂരിഭാഗം പേർക്കും ഇതിൽക്കൂടുതൽ തുക അനുവദിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ ഉൾപ്പെടെ വിശദാംശങ്ങൾ നൽകിയതിലെ പിഴവാണ് അടിയന്തര സഹായമായി നല‍്കിയ 10000 രൂപ മടങ്ങാനുള്ള പ്രധാന കാരണം. 3,04000 പേർക്കാണ് 10000 രൂപ വീതം നൽകിയത്. തുക മടങ്ങിയ 38000 പേരിൽ എണ്ണായിരത്തിലേറെ പേരുടെ അക്കൗണ്ട് വിവരം തിരുത്തി പണം വീണ്ടും നിക്ഷേപിച്ചു.

നാലു വയസ്സുകാരിക്ക് രണ്ടാനമ്മയുടെ വക ക്രൂരമര്‍ദ്ദനം. ശരീരത്തില്‍ വടികൊണ്ട് അടിച്ചതിന്റെ 22 പാടുകളാണ് കണ്ടെത്തിയത്. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് നാലുവയസ്സുകാരി. കുട്ടി അങ്കണവാടി അദ്ധ്യാപികയെ അടിയേറ്റ പാടുകള്‍ കാണിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. കൊടുങ്ങല്ലൂരില്‍ താമസക്കാരായ അസം സ്വദേശിയുടെ മകള്‍ക്കാണ് രണ്ടാനമ്മയുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയാകേണ്ടി വന്നത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി അസതുല്‍ ഹക്ക് ഇസ്ലാമിന്റെ മകളാണ് ക്രൂര മര്‍ദ്ദനത്തിന് ഇരയായത്.

കോതപറമ്പ് കിഴക്ക്, പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന ഗോഡൗണിലെ ജീവനക്കാരാണ് അസതുല്‍ ഹക്കും രണ്ടാം ഭാര്യ മസൂദ ഹെയ്തും. മസൂദയുടെ സഹോദരിയുടെ ഭര്‍ത്താവായിരുന്നു അസതുല്‍ ഹക്ക്. ആ ദമ്ബതികളുടെ കുഞ്ഞിനാണ് മര്‍ദനമേറ്റത്. ഭാര്യ മരിച്ചതിനു ശേഷം അസതുല്‍ ഹക്ക്, മസൂദയെ വിവാഹം കഴിക്കുകയായിരുന്നു.അസതുല്‍ മസൂദ ദമ്ബതികള്‍ക്ക് ഒരു കുഞ്ഞുണ്ട്. ഇന്നലെ അങ്കണവാടിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ച കുഞ്ഞ് അദ്ധ്യാപിക മിനിയെ, കൈകള്‍ കാണിച്ചു.

ചുവന്ന പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട അദ്ധ്യാപിക പ്രാണിയോ മറ്റോ കടിച്ചതാകാമെന്നു കരുതി വെളിച്ചെണ്ണ പുരട്ടി. ഈ സമയം തല്ലുകൊണ്ട മറ്റു ഭാഗങ്ങള്‍ കുഞ്ഞ് കാണിക്കുകയായിരുന്നു. ഇതോടെ അദ്ധ്യാപിക ഐസിഡിഎസ് സൂപ്പര്‍വൈസറെ വിവരം അറിയിച്ചു. ഇവര്‍ നല്‍കിയ വിവരം അനുസരിച്ചു ചൈല്‍ഡ് വെല്‍ഫെയര്‍ പ്രതിനിധികള്‍ അങ്കണവാടിയില്‍ എത്തി കുഞ്ഞിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉത്തര്‍പ്രദേശിയെ ബറേലിയില്‍ യുവാവിനെ കൊലപ്പെടുത്തിയ മൃതദേഹം കത്തിച്ച് കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍. ബറേലി സ്വദേശി ഉമ ശുക്ല, കാമുകനായ സുനില്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി 24 മണിക്കൂറിനുള്ളില്‍ പോലീസ് പ്രതികളെ പിടികൂടി.

തിങ്കളാഴ്ചയാണ് ബറേലിയിലെ കുമാര്‍ സിനിമ തിയേറ്ററിന് സമീപം 28 കാരന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ് നിലയില്‍ കണ്ടെത്തിയത്. ബറേലി സ്വദേശിയായ യോഗേഷ് സക്‌സേനയുടെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. ഇതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തു.

എട്ട് വര്‍ഷമായി ഉമയും യോഗേഷും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇതിനിടയില്‍ ഉമയുടെ വിവാഹം കഴിയുകയും ചെയ്തു. എന്നാല്‍ വിവാഹത്തിന് ശേഷവും ഉമ ഈ ബന്ധം തുടര്‍ന്നുകൊണ്ടിരുന്നു. തുടര്‍ന്ന് വിവാഹമോചനം നേടുകയും ചെയ്തു. എന്നാല്‍ ഉമയെ സ്വീകരിക്കാന്‍ യോഗേഷ് തയ്യാറായില്ല. സഹോദരിയുടെ വിവാഹം കഴിഞ്ഞെ സ്വീകരിക്കാന്‍ കഴിയുള്ളൂ എന്നും അതുവരെ കാത്തിരിക്കാനും യോഗേഷും ഉമയോട് ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹം നീണ്ട് പോയതോടെ ഉമ സുനില്‍ എന്ന ആളുമായി പ്രണയത്തിലായി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഇയാളെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു.

ഇതിനായി ഞായറാഴ്ച രാത്രി ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഉമ യോഗേഷിനെ വിളിച്ച് വരുത്തി. യോഗേഷ് എത്തിയപ്പോള്‍ ഇയാളുടെ കണ്ണിലേക്ക് മുളക്‌പൊടി സുനില്‍ വിതറി. തുടര്‍ന്ന് സുനില്‍ യോഗേഷിനെ കഴുത്തറത്ത് കൊല്ലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ മരിച്ചെന്ന് ഉറപ്പാക്കിയതിന് ശേഷം സുനിലും ഉമയും ചേര്‍ന്ന് മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഉമയും യോഗേഷും തമ്മിലുള്ള പ്രണയത്തെ പറ്റി സൂചന കിട്ടിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഉമ കുറ്റസമ്മതം നടത്തിയത്.

കണ്ണൂര്‍, കൂത്തുപറമ്പില്‍ മോഷണത്തിനിരയായ ലോട്ടറി വില്‍പനക്കാരന്‍ തൂങ്ങി മരിച്ചു. ആമ്പിലാട് സ്വദേശി സതീശനാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഭിന്നശേഷിക്കാരനായ സതീശന്റെ പണവും, ലോട്ടറി ടിക്കറ്റുകളും വാഹനത്തിലെത്തിയ സംഘം കവര്‍ന്നത്.

ഇന്നു രാവിലെയാണ് സഹോദരന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഏണിപ്പടിയില്‍ സതീശനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു. ലോട്ടറി വില്‍നയ്ക്കെന്നു പറഞ്ഞാണ് അതിരാവിലെ സതീശന്‍ വീട്ടില്‍ നിന്നിറങ്ങിയത്. കഴിഞ്ഞ ബുധനാഴ്ച കൂത്തുപറമ്പ് നഗരത്തിന് സമീപം വച്ച് സതീശന്‍ മോഷണത്തിനിരയായിരുന്നു.

വീട്ടില്‍ നിന്ന് ലോട്ടറി വില്‍പനയ്ക്കായി തന്റെ വാഹനത്തില്‍ വരുന്നതിനിടെ കാറിലെത്തിയ സംഘം സതീശന്റെ കണ്ണില്‍ കുരുമുളക് സ്പ്രേ അടിച്ച ശേഷം ബാഗുമായി കടന്നുകളയുകയായിരുന്നു. പതിമൂവായിരം രൂപയും, 3500 രൂപയുടെ ടിക്കറ്റുകളും നഷ്ടപ്പെട്ടു. ഇതിലുള്ള മനോവിഷമത്തെ തുടര്‍ന്നാണ് സതീശന്‍ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ നിഗമനം.

മോഷണക്കേസില്‍ കൂത്തുപറമ്പ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ പ്രതികളെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. പണവും, ലോട്ടറി ടിക്കറ്റുകളും നഷ്ടപ്പെട്ടത് സതീശന് സാമ്പത്തിക ബാധ്യതയുണ്ടാക്കിയതായും ബന്ധുക്കള്‍ പറയുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

RECENT POSTS
Copyright © . All rights reserved