പെട്രോൾ പമ്പിനു സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനു തീ പിടിച്ച്, ബസിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ക്ലീനർ വെന്തുമരിച്ചു. ഏലപ്പാറ ഉപ്പുകുളം എസ്റ്റേറ്റിൽ പാൽരാജിന്റെയും സുശീലയുടെയും മകൻ രാജൻ (23) ആണു മരിച്ചത്. കുമളി–പശുപ്പാറ റൂട്ടിൽ ഓടുന്ന കൊണ്ടോടി ബസാണു കത്തിനശിച്ചത്.
ഇന്നലെ പുലർച്ചെ രണ്ടോടെയാണു സംഭവം. പെട്രോൾ പമ്പിനു സമീപം പാർക്ക് ചെയ്തിരുന്ന ബസിന്റെ ഡീസൽ ടാങ്കിലേക്കു തീ പടരാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. തീപിടിത്തത്തിൽ സമീപത്തെ കെട്ടിടത്തിനു ഭാഗികമായ കേടുപാടുകൾ സംഭവിച്ചു. പൊലീസും നാട്ടുകാരും ചേർന്നു തീ നിയന്ത്രിച്ചതിനാൽ കൂടുതൽ വ്യാപിച്ചില്ല.പീരുമേട്ടിൽ നിന്നും കട്ടപ്പനയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണു തീ പൂർണമായി അണച്ചത്.
വലിച്ച ശേഷം ഉപേക്ഷിച്ച സിഗരറ്റ് കുറ്റിയിൽ നിന്നോ ബസിന്റെ താഴേക്കു കിടന്നിരുന്ന ഇലക്ട്രിക് വയറുകളിൽ നിന്നോ തീ പടർന്നിരിക്കാം എന്നാണു പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. രാവിലെ കുമളിയിൽ നിന്നു സർവീസ് ആരംഭിക്കാറുള്ള ബസ് ചെളിമട പെട്രോൾ പമ്പിനു സമീപമാണു പാർക്ക് ചെയ്യാറുള്ളത്. പമ്പിനോടു ചേർന്നുള്ള കെട്ടിടത്തിൽ ജീവനക്കാർക്കു താമസിക്കാൻ മുറിയുണ്ട്.ബസിലെ ക്ലീനർ രാജൻ മിക്ക ദിവസങ്ങളിലും ബസിനുള്ളിലാണു കിടക്കുന്നത്.
പുലർച്ചെ രണ്ടോടെ ബഹളം കേട്ടു മുറിയിൽ നിന്നു പുറത്തിറങ്ങിയ ബസിലെ ജീവനക്കാർ ബസ് കത്തിയെരിയുന്നതാണു കണ്ടത്. ഇവർ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നു തീ നിയന്ത്രിച്ചെങ്കിലും പൂർണമായി അണയ്ക്കാൻ കഴിഞ്ഞില്ല. പിന്നീടു തീ പൂർണമായി അണച്ച ശേഷം നടത്തിയ പരിശോധനയിലാണു രാജന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. രാജൻ അവിവാഹിതനാണ്.
കുമളി സിഐ വി.കെ.ജയപ്രകാശ്, എസ്ഐമാരായ പ്രശാന്ത് പി.നായർ, വി.സന്തോഷ്കുമാർ തുടങ്ങിയവർ സ്ഥലത്തെത്തി. കോട്ടയത്തു നിന്നെത്തിയ ഫൊറൻസിക് സംഘം പരിശോധന നടത്തി. ഇടുക്കി ജില്ലാ പൊലീസ് മേധാവി പി.കെ.മധു സ്ഥലം സന്ദർശിച്ചു. ക്ലീനറെ അപായപ്പെടുത്താൻ ആരെങ്കിലും ബസിന് തീയിട്ടതാണോ എന്ന സംശയത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. ക്ലീനർ രാജന്റെ തലയോട്ടിയിൽ പൊട്ടലുണ്ടെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ആദ്യ സൂചന.
വയനാട് ബത്തേരിയിൽ കാറുമായി കൂട്ടിയിടിച്ചു ബസ് മറിഞ്ഞു ഒരു മരണം. ബസ് യാത്രക്കാരായ നിരവധി പേർക്ക് പരുക്കേറ്റു. അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി വിപിനാണ് മരിച്ചത്.കൽപറ്റയിൽ നിന്നും ബത്തേരിഭാഗത്തേക്ക് പോവുകയായിരുന്നു ബസ്
രാവിലെയായതിനാൽ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ ബസിൽ ഉണ്ടായിരുന്നു. പിഎസ് സി പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥി നെല്ലാറച്ചാൽ സ്വദേശി വിപിനാണ് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. അറുപതോളം പേർ ചികിത്സയിലാണ്.
പരുക്കേറ്റ കാർ യാത്രക്കാരനെ കോഴിക്കോടേക്ക് കൊണ്ടുപോയി. കച്ചവടക്കാരും നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് പരുക്കേറ്റവരെ പെട്ടന്ന് ആശുപത്രിയിൽ എത്തിച്ചത് അപകടത്തിന്റെ ആഘാതം കുറച്ചു.
ഒതളങ്ങ കഴിച്ചു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചേര്‍ത്തല കുത്തിയതോട് അശ്വതി ഭവനത്തില്‍ മോഹന്‍ദാസ്- ഗിരിജ ദമ്പതികളുടെ മകളും വൈക്കം ഉദയനാപുരം നേരേകടവ് പുതുവല്‍ നികര്‍ത്ത് ശരത്തിന്റെ ഭാര്യയുമായ അശ്വതിയാണ് (23) മരിച്ചത്. വിവാഹശേഷം പെട്ടെന്നുതന്നെ ഭർത്താവിനെ പിരിഞ്ഞിരിക്കേണ്ടി വരുന്നതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണം.
ദിവസങ്ങൾക്ക് മുൻപായിരുന്നു അശ്വതിയുടെയും ശരത്തിന്റെയും വിവാഹം. മധുവിധു തീരും മുൻപ് ശരത്ത് ലക്ഷ്വദ്വീപില്‍ ജോലിയ്ക്ക് പോകാൻ തയാറായത് അശ്വതിയെ മനോവിഷമത്തിലാക്കിയിരുന്നു. ഭർത്താവിനെ വേർപിരിഞ്ഞിരിക്കാൻ കഴിയാതെ വന്നതോടെ യാത്രയിൽ നിന്നും പിന്തിരിപ്പിക്കാൻ അശ്വതി ശ്രമിച്ചു. ഒടുവിൽ ശരത്തിന്റെ യാത്ര താൽക്കാലികമായി മുടക്കാൻ അശ്വതി ഒതളങ്ങ കഴിക്കുകയായിരുന്നു. എന്നാൽ ഉടന്‍തന്നെ യുവതിയെ ആശുപത്രിയിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണവാർത്ത വൈക്കം ജനമൈത്രി പൊലീസ് സ്ഥിരീകരിച്ചു.
വെള്ളിയാഴ്‌ച ഉച്ചയ്‌ക്കു ഭര്‍തൃവീട്ടില്‍ വച്ചാണ് അശ്വതി ഒതളങ്ങ കഴിച്ചത്. ആദ്യം വൈക്കം ഗവ. ആശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിക്കുകയായിരുന്നു. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു കൈമാറി. അശ്വതിയുടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭര്‍ത്താവ് ശരത്തിനെതിരെ പരാതി നല്‍കാന്‍ അശ്വതിയുടെ ബന്ധുക്കള്‍ തയാറായിട്ടില്ലെന്നു പൊലീസ് അറിയിച്ചു.
തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്ത്രീയുടെ മൃതദേഹം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. വാലിക്കുന്ന് കോളനിയിൽ സിനി (32) ആണ് മരിച്ചത്. ശുചിമുറിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ വെട്ടേറ്റ പാടുകളുണ്ട്. സംഭവത്തിൽ ഭര്‍ത്താവ് കുട്ടനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും വഴക്കിട്ടിരുന്നതായി മക്കള്‍ മൊഴി നല്‍കി.
രണ്ടുദിവസം മുന്‍പാണ് കൊലപാതകമെന്നാണ് സൂചന. ശനിയാഴ്ച ഇവര്‍ തമ്മില്‍ വഴക്കിട്ടിരുന്നതായി മക്കള്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു. അതിന് ശേഷമാണ് സിനിയെ കാണാതായത്. അമ്മയെ പറ്റി മക്കള്‍ പിതാവിനോട് ചോദിച്ചപ്പോള്‍ അവളുടെ വീട്ടില്‍ പോയെന്നും രണ്ട് ദിവസം കഴിഞ്ഞ മടങ്ങി വരുമെന്നുമായിരുന്നു മറുപടി.ഇങ്ങനെ കാണാതായപ്പോൾ കുട്ടികൾ അയൽക്കാരോട് പരാതിപ്പെടുകയും തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം മറവ് ചെയ്ത നിലയിൽ കണ്ടെത്തുകയുമായിരുന്നു
തമിഴ് യുവനടി പത്മജയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചെന്നൈ തിരുവട്ടിയൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു നടി. ഭര്‍ത്താവുമായി പിണങ്ങി നടി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
നടി താമസിച്ചിരുന്ന മുറി രണ്ടു ദിവസമായി പൂട്ടിയിട്ട നിലയിലായിരുന്നു. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ വീട്ടുടമസ്ഥനെയും പൊലീസിനെയും വിവരം അറിയിച്ചു. അവര്‍ വീട് തുറന്നപ്പോഴാണ് പത്മജയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
തമിഴ് സിനിമകളില്‍ സഹനടിയായിരുന്നു പത്മജ. ഷൂട്ടിംഗ് കഴിഞ്ഞ് വൈകി വരുന്നതിനെച്ചൊല്ലിയുള്ള കലഹത്തെത്തുടര്‍ന്നാണ് രണ്ടുമാസം മുമ്പ് ഭര്‍ത്താവ് പവന്‍ നടിയെ ഉപേക്ഷിച്ച് വീടുവിട്ടുപോയത്. ഇവര്‍ക്ക് രണ്ടു വയസ്സുള്ള മകനുണ്ട്. ഈ കുട്ടിയെയും ഭര്‍ത്താവ് കൂടെ കൊണ്ടുപോയി.
ഇതേത്തുടര്‍ന്ന് നടി പുരുഷസുഹൃത്തിനൊപ്പം ഇവിടെ താമസം തുടരുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആണ്‍സുഹൃത്തുമൊത്തുള്ള ജീവിതം ശ്രദ്ധയില്‍പ്പെട്ട വീട്ടുടമ, നടിയോട് വീട് ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നതായും സൂചനയുണ്ട്. നടി ശനിയാഴ്ച സഹോദരിയുമായി വീഡിയോ കോള്‍ ചെയ്തിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നതായി നടി സഹോദരിയോട് സൂചിപ്പിച്ചിരുന്നു. സാമ്പത്തിക പ്രശ്‌നമാകാം മരണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അതിനിടെ നടിക്കൊപ്പം ഉണ്ടായിരുന്ന പുരുഷ സുഹൃത്തിനെ കാണാനില്ല. ഇയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലം: ഏഴുവയസുകാരി ദേവനന്ദയുടേത് മുങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹം കണ്ടെത്തുന്നതിനു 18 മുതൽ 20 മണിക്കൂർ മുന്‍പു മരണം സംഭവിച്ചു. മൃതദേഹം അഴുകി തുടങ്ങിയിരുന്നു. വയറ്റിൽ വെള്ളവും ചെളിയും കലർന്നിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. പോലീസിനു പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൈമാറി.
ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി ലഭിക്കുന്നതോടെ കേസിൽ വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിലാണു പൊലീസ്. ദേവനന്ദയുടെ മരണത്തിൽ ദുരൂഹത നീങ്ങാത്ത സാഹചര്യത്തിൽ കൂടുതൽ ശാസ്ത്രീയ പരിശോധനകളും തെളിവെടുപ്പും നടത്താൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
നേരത്തേ പോസ്റ്റ്മോർട്ടത്തിനു നേതൃത്വം നൽകിയ ഡോ. വൽസല അടക്കമുള്ളവർ പ്രാഥമികമായി വിലയിരുത്തിയിട്ടുള്ളതു മുങ്ങിമരണം തന്നെയാണെന്നാണ്. തടയണയ്ക്കു സമീപം നിർമിച്ചിട്ടുള്ള താത്കാലിക നടപ്പാലം കയറവേ കാൽവഴുതി പുഴയിൽ വീണതാകാമെന്നാണു നിഗമനം.
വെള്ളം കുടിച്ചപ്പോൾ താഴ്ന്നു. പിന്നീട് ഉയർന്നിട്ടുണ്ടാകും. തുടർന്ന് മരണ വെപ്രാളത്തിൽ പുഴയിൽ താഴ്ന്ന് ചെളിയിൽ പൂഴ്ന്നിരിക്കാമെന്നാണ് കരുതുന്നത്. ശ്വാസകോശത്തിൽ ചെളിയുടെ അംശം ഉണ്ടായിരുന്നെങ്കിലും കുറവായിരുന്നു. എന്നാൽ വയറ്റിൽ വെള്ളം കൂടുതലായി ഉണ്ടായിരുന്നു.
എന്നാൽ, പുഴയുടെ ഭാഗം വരെ ദേവനന്ദ ഒറ്റയ്ക്കു പോകില്ല എന്ന നാട്ടുകാരുടെ സംശയം പോലീസും തള്ളിക്കളയുന്നില്ല. ചെരുപ്പ് ധരിക്കാതെയാണ് കുട്ടി പുറത്തു പോയിട്ടുള്ളത്. ഇതും നാട്ടുകാരിൽ സംശയം ജനിപ്പിക്കുന്ന കാര്യമാണ്. എന്നാൽ, ബലപ്രയോഗത്തിലൂടെ കുട്ടിയെ കൊണ്ടുപോയതിന്റെ തെളിവുകൾ ഒന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുമില്ല.
കോട്ടയം കാണക്കാരിയിൽനിന്നു മൂന്നു വിദ്യാർഥികളെ കാണാതായി. കാണക്കാരി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥികളെയാണു കാണാതായത്. ഉച്ചയ്‌ക്കു പരീക്ഷ കഴിഞ്ഞെങ്കിലും വിദ്യാർഥികൾ വീട്ടിൽ എത്തിയിട്ടില്ലെന്ന് കാണാതായ വിദ്യാർഥികളുടെ രക്ഷിതാക്കൾ അറിയിച്ചു.
ദുരൂഹത ഒഴിയാതെ കൊല്ലം പള്ളിമണ്ണിലെ ഏഴുവയസുകാരി ദേവനന്ദയുടെ മരണം. പോലീസിന്റെ ട്രാക്കര്‍ നായ മണം പിടിച്ച് പാഞ്ഞ വഴികളാണ് സംശയം വര്‍ദ്ധിപ്പിക്കുന്നത്. നായ ആദ്യം ഓടിയത് വീടിന് പിന്നിലേക്കാണ്. അവിടെ നിന്ന് അടുത്ത വീടിന്റെ പറമ്പിലേക്ക് ചാടി. ആള്‍ താമസമില്ലാത്തതിനാല്‍ പൂട്ടിയിട്ടിരുന്ന ഗേറ്റിന് മുന്നില്‍ നിലയുറപ്പിച്ചു. ഗേറ്റ് തുറന്ന ശേഷമാണ് ആറിന് സമാന്തരമായുള്ള വഴിയിലേക്ക് നായ ഇറങ്ങിയത്. അവിടെ നിന്നും ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്ത സ്ഥലത്തിനടുത്തെ കുറ്റിക്കാട്ടിലേക്ക് നായ പോയി. വീണ്ടും ദേവനന്ദയുടെ വസ്ത്രം മണപ്പിക്കാന്‍ നല്‍കിയ ശേഷമാണ് നായ വീണ്ടും നീങ്ങിയത്. പിന്നീട് നായ പോയത് ആറിന് കുറുകെ കെട്ടിയ താത്കാലിക നടപ്പാലത്തിലേക്കാണ്. പാലത്തിലൂടെ കയറിയ നായ ചെന്ന് നിന്നത് അകലെയുള്ള ഒരു വീടിന്റെ മുന്നിലാണ്.
പൊലീസ് നായ എന്തുകൊണ്ട് അവിടെ പോയി എന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാണാതാകുന്നതിന് തൊട്ടു മുന്‍പ് അമ്മയുടെ അടുത്തേക്ക് ദേവനന്ദ വരുമ്പോൾ ഷാള്‍ ചുറ്റിയിരുന്നില്ല. പക്ഷേ, കുഞ്ഞിനൊപ്പം അമ്മ ധന്യയുടെ ഒരു ഷാളും കാണാതായിരുന്നു. മൃതദേഹം കണ്ടെത്തിയതിന് സമീപത്ത് നിന്ന് ഈ ഷാളും കണ്ടെത്തിയിരുന്നു. പുറത്തിറങ്ങുമ്പോൾ ചെരുപ്പ് ധരിക്കുന്ന ശീലമുള്ള കുട്ടിയെ കാണാതാകുമ്പോൾ അവളുടെ ചെരിപ്പുകള്‍ വീട്ടിലുണ്ടായിരുന്നു. അതേസമയം, മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ പാടുകളില്ലാത്തതും അസ്വാഭാവികത ഇല്ലെന്ന പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനവും പൊലീസിനെ കുഴയ്ക്കുന്നു.ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്ക് അയച്ച് ഫലത്തിനായി കാത്തിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടത്തിയ മൂന്ന് പൊലീസ് സര്‍ജന്‍മാര്‍ നാളെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തും.
പ്രായപൂര്‍ത്തികാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കൊല്ലം കടയ്ക്കലിലാണ് എട്ടാം ക്ലാസുകാരിയെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്നാണ് കണ്ടെത്തല്‍. 13 കാരിയെ ജനുവരി 23 ന് വൈകീട്ടാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പലതവണ ശാരീരിക പീഡനത്തിന് ഇരയായിരുന്നുവെന്നാണ് പുറത്ത്. വരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഇതും സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നാരോപിച്ച് മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മരണം സംഭവിച്ച് ഇത്രദിവസം കഴിഞ്ഞിട്ടും കേസില്‍ യാതൊരു പുരോഗതിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ മൂന്നുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും, കൂടുതല്‍ തെളിവുകള്‍ ലഭിക്കാത്തതിനാണ് അറസ്റ്റ് വൈകുന്നതെന്നും പോലീസ് വ്യക്തമാക്കി.
ഇടുക്കി: തൊടുപുഴ കുമളിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ബസിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന ക്ലീനര്‍ ഉപ്പുകുളം സ്വദേശി രാജനാണ് മരിച്ചത്. പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട ബസിനാണ് തീ പിടിച്ചത്. പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വഷണത്തിന് ശേഷം മാത്രമെ കൂടുതൽ വ്യക്തത ഉണ്ടാകു.
കുമളി- കോട്ടയം റൂട്ടിലോടുന്ന കൊണ്ടോടി ബസിനാണ് തീപിടിച്ചത്. സര്‍വീസ് കഴിഞ്ഞ് കുമളിയിലെ പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. സാധാരണയെന്നപോലെ ക്ലീനര്‍ രാജന്‍ ഇതിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു. എന്നാല്‍ രാജന്‍ വീട്ടില്‍ പോയിരുന്നുവെന്നാണ് മറ്റുള്ളവര്‍ ധരിച്ചിരുന്നത്.
ബസില്‍ തീപടരുന്നത് ശ്രദ്ധയില്‍ പെട്ട സമീപ ബസിലെ ജീവനക്കാര്‍ തീയണക്കാനായി ഓടിക്കൂടി. തുടര്‍ന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്സ് ഏറെ ശ്രമിച്ചതിന് ശേഷമാണ് തീ അണയ്ക്കാനായി സാധിച്ചത്. ഇതിനിടെയാണ് രാജന്‍ ബസിനുള്ളിലുണ്ടായിരുന്ന വിവരമറിയുന്നത്.
രാജന്റെ മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സമീപത്തെ പെട്രോള്‍ പമ്പിലേക്ക് തീപടരാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
ചെളിമട പെട്രോൾ പമ്പിനു സമീപം നിറുത്തിയിട്ടിരുന്ന സ്വകാര്യ ബസിനാണ് തീ പിടിച്ചത്. പെട്രോൾ പമ്പിലേക്ക് തീ പടരാതിരുന്നത് വൻ ദുരന്തമാണ് ഒഴിവാക്കിയത്.