ലക്നൗ: പ്രഭാത സവാരിക്കിറങ്ങിയ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ഉത്തർപ്രദേശ് യൂണിറ്റ് പ്രസിഡന്റ് രൺജീത് ബച്ചൻ വെടിയേറ്റു മരിച്ചു. ഇന്ന് രാവിലെ ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പ്രദേശത്ത് വച്ച് മോട്ടോർ സൈക്കിളിലെത്തിയ രണ്ടു പേരാണ് രൺജീത്തിന് നേരെ നിറയൊഴിച്ചത്.
ഗോരഖ്പൂർ ജില്ല സ്വദേശിയായ രൺജീത് ബച്ചൻ മറ്റൊരാൾക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ ഹരത്ഗഞ്ചിലെ സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഡിആർഐ) കെട്ടിടത്തിന് സമീപത്ത് വച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്.
സംഭവ സ്ഥലത്തു വച്ചു തന്നെ ഹിന്ദു മഹാസഭാ നേതാവ് മരിച്ചു. കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഇയാൾ കിംഗ് ജോർജ് മെഡിക്കൽ സർവകലാശാലയുടെ (കെജിഎംയു) ട്രോമ സെന്ററിൽ ചികിത്സയിലാണ്.
ആക്രമണസമയത്ത് രൺജിത് ബച്ചന്റെ സ്വർണ്ണ മാലയും സെൽ ഫോണും തട്ടിയെടുക്കാൻ അക്രമികൾ ശ്രമിച്ചതായി അന്വേഷണ സംഘത്തിലെ അംഗമായ പോലീസ് സബ് ഇൻസ്പെക്ടർ പറഞ്ഞു.
എന്നാൽ ഇത് ആസൂത്രണമായൊരു കൊലപാതകമാണെന്നും, മോഷണമാണ് ലക്ഷ്യമെന്ന് തെറ്റിദ്ധരിപ്പിക്കാൻ അക്രമി സംഘം സ്വർണമാലയും സെൽഫോണും തട്ടിയെടുക്കാൻ ശ്രമിച്ചതാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
രൺജിത് ബച്ചന്റെ തലയ്ക്കാണ് വെടിയേറ്റത്. ഇതാണ് മരണ കാരണം. അതേസമയം കൂടെയുണ്ടായിരുന്നയാൾ അപകടനില തരണം ചെയ്തതായി ഡിസിപി അറിയിച്ചു.
“ഫോറൻസിക് വിദഗ്ധർ സ്ഥലം പരിശോധിക്കുകയാണ്. ഞങ്ങൾ സിസിടിവി സ്കാൻ ചെയ്യുകയും എല്ലാ കോണുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുറ്റവാളികൾ ഉടൻ പിടിക്കപ്പെടും,” അദ്ദേഹം പറഞ്ഞു. ആറ് സംഘങ്ങളായാണ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമീപകാലത്ത് സംസ്ഥാന തലസ്ഥാനത്ത് രണ്ടാം തവണയാണ് ഒരു വലതുപക്ഷ ഹിന്ദു നേതാവ് കൊല്ലപ്പെടുന്നത്. ഹിന്ദു സമാജ് പാർട്ടിയുടെ ദേശീയ പ്രസിഡന്റ് കമലേഷ് തിവാരി കഴിഞ്ഞ ഒക്ടോബറിൽ ഖുർഷെഡ് ബാഗ് വസതിയിൽ വെച്ച് കൊല്ലപ്പെട്ടിരുന്നു.
വയനാട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മുട്ടില്‍ മുസ്ലീം ഓര്‍ഫനേജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഫാത്തിമ നസീലയെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ത്ഥിനി ഷാളുപയോഗിച്ച് തൂങ്ങിമരിച്ചതാകാമെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ നിഗമനം. മറ്റ് അസ്വഭാവികതകളൊന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയിലേക്ക് നയിച്ച കാരണമറിയാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ക്ലാസ് മുറിയിലോ ഇടവേളയിലോ എപ്പോഴെങ്കിലും വിദ്യാര്‍ഥിയെ മാനസികമായി തളര്‍ത്തുന്ന സംഭവങ്ങളുമാണോ മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ സംഭവത്തില്‍ ഇതുവരെ പരാതികള്‍ ഒന്നും നല്‍കിയിട്ടില്ലെങ്കിലും അനേഷണ ഉദ്യോഗസ്ഥരുമായി സംസാരിച്ച് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍പോട്ട് പോകാനാണ് അവരുടെ തീരുമാനമെന്നാണ് വിവരം. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ കമ്ബളക്കാട് സ്വദേശി ഫാത്തിമ നസീലയെയാണ് ശുചിമുറിക്കുള്ളില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ മരിച്ച നിലയില്‍കണ്ടെത്തിയത്. സ്‌കൂളിലെ അടച്ചിട്ട ശുചിമുറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കല്‍പറ്റ ജനറല്‍ ഹോസ്പിറ്റലിലെത്തിച്ച മൃതദേഹം പിന്നീട് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍കോളജിലേക്ക് മാറ്റിയിരുന്നു. ശ്വാസം മുട്ടി മരിച്ചതാണെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പൊലീസിനെ അറിയിച്ചത്. വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചതാകാമെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുട്ടി തനിച്ചാണ് ശുചിമുറിയിലേക്ക് കയറിപ്പോയതെന്ന് കണ്ടെത്തിയിരുന്നു.
ധരിച്ചിരുന്ന ഷാള്‍ ഉപയോഗിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയിലേക്ക് നയിച്ച കാരണം കണ്ടെത്താന്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു
പത്തനംതിട്ടയിൽ മരംവെട്ടുതൊഴിലാളി മരത്തിൽ നിന്ന് വീണ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. അനാസ്ഥ കാണിച്ചവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളിയുടെ കുടുംബം രംഗത്ത് വന്നിരിക്കുകയാണ്.പുന്നലത്തുപടി പാലശ്ശേരി സത്യശീലൻ ആണ് മരത്തിൽ നിന്നും വീണ് മരിച്ചത്. അപകടത്തിൽപ്പെട്ട വിവരം ബന്ധുക്കളെ അറിയിക്കാനോ മൃതദേഹം മാറ്റാനോ തയ്യാറാവാത്തവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സത്യശീലന്റെ ഭാര്യയും മക്കളുമാണ് രംഗത്ത് വന്നിരിക്കുന്നത്.
പുന്നലത്തുപടി പാലശ്ശേരിയിൽ സത്യശീലന്‍റെ മൃതദേഹം കരിമ്പനാക്കുഴി പൗവ്വത്ത് വീട്ടിൽ ബിജി കുഞ്ചാക്കോയുടെ പറമ്പിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു. സത്യശീലൻ മരത്തിൽ നിന്ന് വീണിട്ടും ഇക്കാര്യം നാട്ടുകാരെ അറിയിക്കാൻ പണിക്ക് കൊണ്ട് വന്ന കരിമ്പനാക്കുഴി സ്വദേശി പുരുഷോത്തമൻ തയ്യാറായിരുന്നില്ല. ബിജി കുഞ്ചാക്കോയുടെ അയൽവാസിയായ രത്നമ്മയാണ് തന്‍റെ പുരയിടത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന ചില്ല വെട്ടാൻ ഏൽപ്പിച്ചത്. സത്യശീലൻ വീണെന്നും കുറച്ച് കഴിഞ്ഞ് എഴുന്നേറ്റ് പോകുമെന്നുമാണ് പുരുഷോത്തമൻ വീട്ടുകാരെ അറിയിച്ചത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് നാല് ദിവസത്തിന് ശേഷം സത്യശീലന്‍റെ മൃതദേഹം നാട്ടുകാർ കണ്ടെത്തുകയായിരുന്നു.
ചികിത്സ ലഭ്യമാക്കാതിരുന്ന പുരുഷോത്തമനെതിരെയും വിവരം മറച്ചുവെച്ച വീട്ടുകാർക്കെതിരെയും കേസെടുക്കണമെന്ന ആവശ്യമാണ് പുരുഷോത്തമന്റെ വീട്ടുകാർ ആവശ്യപ്പെടുന്നത്. സംഭവത്തിൽ പുരുഷോഷത്തമനെ പത്തനംതിട്ട പൊലീസ് ചോദ്യം ചെയ്തു. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.
ഭാര്യയെ തലവെട്ടി കൊലപ്പെടുത്തി, വെട്ടിയെടുത്ത തലയുമായി യുവാവ് പൊലീസ് സ്റ്റേഷനിലെത്തി. എന്നിട്ട് ദേശീയഗാനം പാടി. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം. ബാരാബങ്കിയിലെ ബഹദൂര്‍പൂര്‍ ഗ്രാമത്തില്‍. വീട്ടിലെ വഴക്കാണ് അഖിലേഷ് റാവത്ത് എന്ന യുവാവിനെ ഈ ക്രൂരകൃത്യത്തിലേയ്ക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഭാര്യയുടെ തലയുമായി ഇയാള്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് നടക്കുകയായിരുന്നു. തല ഇയാളുടെ കയ്യില്‍ നിന്ന് വാങ്ങാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ പ്രതി ദേശീയഗാനം പാടാന്‍ തുടങ്ങി. ഭാരത് മാതാ കി ജയ് എന്ന് വിളിച്ചു. കുറച്ചുനേരത്തെ സംഘര്‍ഷത്തിന് ശേഷമാണ് പൊലീസ് ഇയാളുടെ കയ്യില്‍ നിന്ന് തല വാങ്ങിയെടുത്തത്.
ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പട്യാല ഹൗസ് കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി ധര്‍മേന്ദര്‍ റാണയുടേതാണ് ഉത്തരവ്. ഫെബ്രുവരി ഒന്നിലെ വധശിക്ഷ നടപ്പാക്കുന്നതു സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്.
അതേസമയം, ഡൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതി പവൻ ഗുപ്‌തയുടെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. കൂട്ടബലാത്സംഗം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നതിനാൽ വധശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണു പവൻ ഗുപ്‌ത സുപ്രീം കോടതിയെ സമീപിച്ചത്.
കുറ്റകൃത്യം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും അതിനാൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പവൻ ഗുപ്‌ത നൽകിയ ഹർജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്‌തുള്ള പുനഃപരിശോധനാ ഹർജിയാണ് ഇന്ന് ജസ്റ്റിസ് ആർ.ഭാനുമതി അധ്യക്ഷയായ ബഞ്ച് തള്ളിയത്. പവൻ ഗുപ്‌തയുടെ വാദങ്ങളെ കോടതി മുഖവിലയ്‌ക്കെടുത്തില്ല.
നേരത്തെയുള്ള കോടതി ഉത്തരവ് പ്രകാരം ഫെബ്രുവരി ഒന്നിന് രാവിലെ ആറിനാണു പ്രതികളായ അക്ഷയ് താക്കൂർ (31), പവൻ ഗുപ്ത (25), മുകേഷ് സിങ് (32), വിനയ് ശർമ (26) എന്നിവരെ തൂക്കിലേറ്റാനാണ് തീരുമാനിച്ചിരുന്നത്. ആറ് പ്രതികളിൽ ഒരാളായ രാം സിങ് ജയിലിൽ വിചാരണ സമയത്ത് തൂങ്ങിമരിക്കുകയായിരുന്നു. ഇയാളായിരുന്നു ബസ് ഡ്രൈവർ. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ മൂന്നു വർഷത്തിന് ശേഷം വിട്ടയച്ചിരുന്നു.
2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായത്. ലൈംഗിക അതിക്രമത്തിനിരയായി അവശനിലയിലായ പെണ്‍കുട്ടിയെ അക്രമികള്‍ ബസില്‍ നിന്ന് പുറത്തേക്കെറിയുകയായിരുന്നു. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.
നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സാക്ഷി വിസ്താരം ഇന്നും തുടരും.ഇന്നലെയാണ് കേസില്‍ വിസ്താരം ആരംഭിച്ചത്.
നടന്‍ ദിലീപ്, മുഖ്യപ്രതി പള്‍സര്‍ സുനി എന്നിവരുള്‍പ്പെടെ എല്ലാ പ്രതികളും ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. അടച്ചിട്ട മുറിയിലാണ് വനിതാ ജഡ്ജി ഹണി എം വര്‍ഗീസ് സാക്ഷിവിസ്താരം നടത്തിയത്.
ആക്രമിക്കപ്പെട്ട നടിയുടെ വിചാരണയാണ് ഇന്നലെ പ്രോസിക്യൂഷന്‍ ആരംഭിച്ചത്. ഇത് ഇന്നും തുടരും. നടിയുടെ സ്വകാര്യത കാത്തുസൂക്ഷിക്കുക ലക്ഷ്യമിട്ടാണ് അടച്ചിട്ട മുറിയില്‍( ഇന്‍ ക്യാമറ) സാക്ഷിവിസ്താരം നടത്തുന്നത്. കേസിലെ മുഖ്യസാക്ഷികൂടിയാണ് ഇവര്‍.
2017 ഫെബ്രുവരി 17ന് തൃശൂരില്‍നിന്നു ഷൂട്ടിങ് കഴിഞ്ഞ് കൊച്ചിയിലേക്കു മടങ്ങുകയായിരുന്ന നടിയെ നെടുമ്പാശ്ശേരിക്കു സമീപത്തു വച്ച് തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്നാണ് കേസ്. വാഹനത്തിനുള്ളില്‍ വച്ച് നടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്തി. ഇതു ദീലീപ് നല്‍കിയ ക്വട്ടേഷന്‍ ആണെന്നാണ് ആരോപണം. അതേ വര്‍ഷം ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലായത്. എന്നാൽ കേസിൽ സാക്ഷിവിസ്താരം കഴിഞ്ഞ ദിവസം മുതലാണ് തുടങ്ങിയത്. നടന്‍ ദിലീപ്, മുഖ്യപ്രതി പള്‍സര്‍ സുനി (സുനില്‍കുമാര്‍) എന്നിവരുള്‍പ്പെടെ എല്ലാ പ്രതികളും വ്യാഴാഴ്ച കോടതിയില്‍ ഹാജരായി.
ആക്രമിക്കപ്പെട്ട നടിയുടെ വിചാരണയാണ് വ്യാഴാഴ്ച നടന്നത്. ഇവരുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിനായി അടച്ചിട്ട മുറിയിലായിരുന്നു സാക്ഷിവിസ്താരം. കേസിലെ മുഖ്യസാക്ഷികൂടിയാണ് ഇവര്‍. വിചാരണ അടുത്തദിവസവും തുടരും. 2017 ഫെബ്രുവരി 17 -ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. വനിതാ ഇന്‍സ്പെക്ടര്‍ രാധാമണി പീഡനത്തിനിരയായ നടിയുടെ മൊഴി പിറ്റേന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് കോടതി തെളിവായി സ്വീകരിച്ചു. കഴിഞ്ഞ ദിവസം രാവിലെ 11നു സാക്ഷിവിസ്താരം ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്ബ് ഒന്നാം സാക്ഷിയായ നടി കോടതി പരിസരത്തെത്തി. ഭര്‍ത്താവുമൊന്നിച്ചു കാറിലെത്തിയ നടി കോടതി അങ്കണത്തിലെ മറ്റൊരു മുറിയില്‍ കാത്തിരുന്നു. എട്ടാം പ്രതിയായ നടന്‍ ദിലീപ് 10.55 നാണ് എത്തിയത്.നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുപുറമേ ഒന്നാം സാക്ഷിയുടെ ചിത്രം പ്രസിദ്ധീകരിക്കുന്നതിനും മാധ്യമങ്ങള്‍ക്കു വിലക്കുണ്ട്.
നടിയുടെ വെളിപ്പെടുത്തലുകള്‍ കേട്ടു കോടതി നിശബ്ദമായി. താന്‍ ആക്രമിക്കപ്പെട്ടതും രക്ഷപ്പെടാന്‍ ശ്രമിച്ച വഴികളും കണ്ണീരോടെയാണ് ജഡ്ജി ഹണി എം. വര്‍ഗീസ് മുമ്ബാകെ നടി വിവരിച്ചത്. പ്രോസിക്യൂട്ടറുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി 2017 ഫെബ്രുവരി 17നു രാത്രിയുണ്ടായ തിക്താനുഭവങ്ങള്‍ ഒന്നൊന്നായി നടി വിവരിച്ചു.പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ ഹാജരായി. ആക്രമിക്കപ്പെട്ട നടിയുടെ വിചാരണയ്ക്കുശേഷം പ്രതിഭാഗത്തിന്റെ എതിര്‍വിസ്താരം നടക്കും. മണികണ്ഠന്‍, വിജീഷ്, സലീം, ചാര്‍ലി തോമസ്, വിഷ്ണു എന്നിവരാണു വിചാരണ നേരിടുന്ന മറ്റുപ്രതികള്‍. ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. കേസില്‍ ദിലീപിനുവേണ്ടി കോടതിയില്‍ ഹാജരായത് 13 അഭിഭാഷകര്‍.
പത്തുപ്രതികള്‍ക്കുവേണ്ടി ആകെ 31 അഭിഭാഷകര്‍ കോടതിയിലെത്തി. ഇരയ്ക്ക് സമാധാനപൂര്‍ണമായ അന്തരീക്ഷവും സ്വകാര്യതയും ഉറപ്പിക്കുന്നതിനാണ് അടച്ചിട്ട മുറിയില്‍ വിചാരണ. അടച്ചിട്ടമുറിയിലേക്ക് ജഡ്ജി, പ്രോസിക്യൂട്ടര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍, അഭിഭാഷകന്‍, പ്രതികള്‍, കോടതി സ്റ്റാഫ് തുടങ്ങിയവരെയാണ് പ്രവേശിപ്പിക്കുക. നടിയെ ആക്രമിച്ച് പ്രതികള്‍ പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ വെള്ളിയാഴ്ച കോടതി പരിശോധിച്ചേക്കും. തികച്ചും സുരക്ഷിതമെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കോടതിമുറിയിലേക്ക് മൊബൈല്‍ ഫോണുകള്‍ അനുവദിക്കില്ല. ദേഹപരിശോധന നടത്തിയശേഷമാകും പ്രവേശനം.
കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ദിലീപിനെതിരേ പോലീസ് ചുമത്തിയിട്ടുള്ളത്. പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ദിലീപ് നല്‍കിയ വിടുതല്‍ഹര്‍ജി വിചാരണ കോടതി തള്ളിയിരുന്നു. കേസില്‍ ദിലീപ് അടക്കമുള്ള പന്ത്രണ്ട് പ്രതികള്‍ക്കെതിരേതിരേയാണ് നേരത്തെ കൊച്ചിയിലെ പ്രത്യേക കോടതി കുറ്റം ചുമത്തിയിരുന്നത്. ആറ് മാസത്തിനുള്ളില്‍ കേസിലെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
രാമേശ്വരം: തമിഴ്നാട്ടിലെ രാമേശ്വരത്ത് ചിക്കൻ സ്റ്റാളുകളിൽ കാക്കയിറച്ചി വിറ്റ രണ്ടു പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിൽ ബലിച്ചോർ തിന്ന കാക്കകൾ ചത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.
മദ്യം ചേർത്ത ഭക്ഷണം നല്‍കിയതാണു കാക്കകൾ ചാകാൻ കാരണമായത്. 150 ചത്ത കാക്കകളെയും ഇവരിൽനിന്നു പിടികൂടി. കോഴിയിറച്ചിയും കാക്കയിറച്ചിയും കലർത്തിയായിരുന്നു വിറ്റിരുന്നത്.
ന്യൂഡൽഹി: ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയ്ക്കു പുറത്തു നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വെടിവയ്പ്. പ്രതിഷേധക്കാർക്കുനേരെ ഒരാൾ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പിൽ ഒരു വിദ്യാർഥിക്ക് പരുക്കേറ്റു. വിദ്യാർഥിയെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.
‘ഇന്നാ പിടിച്ചോ ആസാദികളെ (പ്രതിഷേധക്കാർ), ഹിന്ദുസ്ഥാൻ സിന്ദാബാദ്, ഡൽഹി പൊലീസ് സിന്ദാബാദ്’ എന്നു ആക്രോശിച്ചുകൊണ്ട് തോക്കുധാരിയായ ഒരാൾ വിദ്യാർഥികൾക്കുനേരെ വെടിവയ്ക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്.
മഹാത്മ ഗാന്ധിയുടെ 72-ാം ചരമവാർഷികദിനത്തിൽ സിഎഎയ്ക്കെതിരായ പ്രതിഷേധ ഭാഗമായി രാജ്ഘട്ടിലേക്ക് വിദ്യാർഥികൾ മാർച്ച് നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. അക്രമിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഡിസംബർ 15 ന് ജാമിയ സർവകലാശാലയ്ക്കു പുറത്തു നടന്ന സിഎഎയ്ക്കെതിരായ പ്രതിഷേധം അക്രമാസക്തമായിരുന്നു. പൊലീസ് സർവകലാശാലയ്ക്കു അകത്തു കടന്ന് വിദ്യാർഥികളെ അതിക്രൂരമായി മർദിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി നടി കോടതിയിലെത്തി. നടി എത്തിയത് തൃശൂരിലെ കോടതിയില്‍. ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിവിധി ഇന്നാണ്.
35 ദിവസത്തിനകം ഒന്നാം ഘട്ട സാക്ഷിവിസ്താരം പൂര്‍ത്തിയാക്കും.
മുന്നൂറ്റിഅന്‍പതിലധികം സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പെടുത്തിയിരുന്നത്. എന്നാല്‍ വിസ്തരിക്കാനായി 136 സാക്ഷികളുടെ പട്ടികയാണ് പ്രോസിക്യൂഷന്‍ കോടതിക്ക് നല്‍കിയത്. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം 10 പേരാണ് കേസിലെ പ്രതികള്‍. കേസിലെ ആറ് പ്രതികള്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
അടച്ചിട്ട മുറയിലായിരിക്കും വിചാരണ നടക്കുക. ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്യും. നടിയുടെയോ അവരുടെ വാഹനത്തിന്റെയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പകര്‍ത്തുന്നത് കോടതി വിലക്കി.
കേസ് വിചാരണ തുടങ്ങുന്നതിന് മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചിരുന്നു. ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപ് അടക്കമുള്ളവര്‍ക്ക് അവസരവും നല്‍കിയിരുന്നു.
നിത്യാനന്ദയുടെ ആശ്രമത്തില്‍ അമാവാസി ദിനത്തില്‍ ഒരു പ്രത്യേക മരുന്ന് നിത്യാനന്ദ തയാറാക്കി നല്‍കാറുണ്ട്. അത് കഴിച്ചാല്‍ അയാളോടു വിധേയത്വം കൂടും. സുന്ദരിമാരായ പെണ്‍കുട്ടികള്‍ എപ്പോഴും ചുറ്റില്‍ വേണമെന്നു നിത്യാനന്ദയ്ക്കു നിര്‍ബന്ധമാണ്. കാരണം ഇവരെ കണ്ട് ഒരുപാട് പേര് ആശ്രമത്തിലെത്തും. ഇതാണു ബിസിനസ് വിജയത്തിന്റെ തന്ത്രം. കോടിക്കണക്കിനു സ്വത്ത് ആശ്രമത്തിന് എഴുതി വച്ച് കുടുംബസമേതം അവിടെ താമസിക്കുന്ന ഒരുപാടുപേരുണ്ട്.- പറയുന്നത് നിത്യാനന്ദയുടെ കലങ്ങളായുള്ള അനുയായി വിജയകുമാര്‍.
താന്‍ പത്തുവര്‍ഷം നിത്യാനന്ദയ്ക്ക് ഒപ്പമുണ്ടായിരുന്നു. തന്‍റെ ശരീരം മുഴുവന്‍ അദ്ദേഹത്തിന്റെ മുഖം പച്ച കുത്തിയിട്ടുണ്ട്. അത് താന്‍ അന്ന് എല്ലാ ഇഷ്ടത്തോടെയും ചെയ്തതാണ്. പക്ഷേ ഇന്ന് പോരാടുന്നത് അയാളെ ശിക്ഷിക്കാനാണ്..’ വിജയകുമാര്‍ പറയുന്നു. ഇതുവരെ കണ്ടതും കേട്ടതും ഒന്നുമല്ല നിത്യാനന്ദ എന്ന് തെളിവുകള്‍ സഹിതം വ്യക്തമാക്കുന്നു ഈ യുവാവ്. കലൈഞ്ജര്‍ ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് നിത്യാനന്ദ ആശ്രമത്തില്‍ നടക്കുന്ന കൊടുംക്രൂരതകള്‍ ഇയാള്‍ എണ്ണിയെണ്ണി പറയുന്നത്.
വിജയകുമാറിന്റെ വാക്കുകളിങ്ങനെ: നിത്യാനന്ദ എത്ര വലിയ കുറ്റവാളിയാണോ അത്ര തന്നെ ഞാനും കുറ്റവാളിയാണ്. കാരണം അയാള്‍ക്കൊപ്പം പത്തുവര്‍ഷം ഞാനും ഉണ്ടായിരുന്നു. ചെയ്യാന്‍ പാടില്ലാത്ത പലതും ഞാന്‍ ചെയ്തു. ആ കുറ്റങ്ങളൊക്കെ ഏറ്റുപറയാന്‍ ഞാന്‍ തയാറാണ്. അതിന് നീതിപീഠം നല്കുന്ന എന്തു ശിക്ഷയും ഞാന്‍ ഏറ്റുവാങ്ങും. അത്രമാത്രം നടുക്കുന്ന കാര്യങ്ങളാണ് നിത്യാനന്ദയുടെ ആശ്രമത്തില്‍ നടക്കുന്നത്.
മൈസൂരുവിനടുത്തുള്ള നിത്യാനന്ദയുടെ ആശ്രമത്തിലായിരുന്നു ഞാന്‍. മൂവായിരത്തോളം അംഗങ്ങള്‍ അവിടെയുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. പിന്നെ കുട്ടികളും. ഇവരില്‍ പലരും നിത്യാനന്ദയുടെ കൊടിയ പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഒന്നരവര്‍ഷം മുന്‍പ് തന്നെ ഇയാള്‍ ഇന്ത്യ വിട്ടെന്നാണ് എന്റെ വിശ്വാസം. ഇതേ ആശ്രമത്തിലെ രഹസ്യ അറയില്‍ ഇപ്പോഴും നിത്യാനന്ദയുണ്ടെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്.
ഇത് കണ്ടെത്താന്‍ നിമിഷങ്ങള്‍ മതി. ആശ്രമം റെയ്ഡ് ചെയ്യണം. അവിടെയുള്ളവരെ ചോദ്യം ചെയ്യണം. അവിടെയുള്ള യുവതികളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ഇപ്പോഴും സജീവമാണ് നിത്യാനന്ദ. അങ്ങനെ ഒരാളെ കണ്ടെത്താന്‍ എന്താണ് ബുദ്ധിമുട്ട്? 2008 മുതല്‍ 2018 വരെ നിത്യാനന്ദയ്ക്കൊപ്പം ഞാന്‍ ഉണ്ടായിരുന്നു. അയാളുടെ എല്ലാ വൃത്തികേടിനും നെറികേടിനും കൂട്ടുനിന്നു. അമ്പരപ്പിക്കുന്ന വാക്സാമാര്‍ഥ്യമാണ് അയാള്‍ക്ക്. ആരും വീണുപോകും. ഞാനും അങ്ങനെ വീണതാണ്.
അവിടെയുള്ള സ്ത്രീകളില്‍ പലരും നിത്യാനന്ദയോട് അപൂര്‍വമായ പ്രണയം കാത്തുസൂക്ഷിക്കുന്നവരാണ്. എന്നോട് എന്താണ് അദ്ദേഹം ഇഷ്ടമാണെന്ന് പറയാത്തതെന്നു വരെ ചിന്തിക്കുന്നവരാണ് ഏറെ. രഞ്ജിതയുമായുള്ള വിഡിയോ വൈറലായതിനു പിന്നാലെയും ഇതുതന്നെയാണ്. അപ്പോള്‍ ഒന്ന് ഓര്‍ത്തുനോക്കൂ അയാളുടെ വാക്കുകള്‍ എത്രമാത്രം ശക്തമാണെന്ന്.
മോഡലുകളെ നിരത്തി പരസ്യം ചെയ്യുന്ന പോലെയാണ് സുന്ദരിമാരായ പെണ്‍കുട്ടികളെ കാണിച്ച് ആളുകളെ വശീകരിക്കുന്നത്. ഇതിനു പുറമേ വ്യാജ ട്രസ്റ്റുകളുണ്ടാക്കി വന്‍ പണം തട്ടിപ്പാണ് നടന്നിരിക്കുന്നത്. അതുപോലെ ചെറിയ ആശ്രമങ്ങളെ സാമ്പത്തികമായി സഹായിക്കും. എന്നിട്ടും ഈ പണത്തിന് പകരമായി ആ ആശ്രമങ്ങളും അവരുടെ സ്വത്തുക്കളും പിടിച്ചെടുക്കും.
ഇത്തരത്തില്‍ നാലു ആശ്രമങ്ങള്‍ പിടിച്ചെടുക്കാന്‍ എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തത് ഞാനാണ്. ഇതെല്ലാം ഞാന്‍ കോടതിയില്‍ തുറന്നു പറയും. ആശ്രമത്തില്‍ മരണപ്പെട്ട സംഗീത ഇതെല്ലാം പെന്‍ഡ്രൈവില്‍ സൂക്ഷിച്ചിരുന്നു. ആശ്രമത്തില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും തെളിവുകള്‍ അവള് ശേഖരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവളുടെ മരണം.
ഞാനും 2015 മുതല്‍ ലൈംഗിക പീഡനത്തിന് ഇരയായി. പുരുഷന്മാരെ വരെ ആശ്രമത്തില്‍ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ട്. ഞാന്‍ അതിന് ഇരയാണ്. കേട്ടാലറയ്ക്കുന്ന തരത്തില്‍ എന്നോട് അശ്ലീലമായി അയാള്‍ സംസാരിക്കാന്‍ തുടങ്ങി. ലൈംഗികവേഴ്ചയ്ക്ക് തയാറാകാതെ വന്നതോടെ എന്നെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിക്കാന്‍ തുടങ്ങി. ഒടുവില്‍ 2018ലാണ് ഞാന്‍ രക്ഷപ്പെടുന്നത്.
അത്രനാള്‍ പുറത്തുപറയാന്‍ കഴിയാത്ത വിധമുള്ള ലൈംഗികാതിക്രമങ്ങളാണു ഞാന്‍ നേരിട്ടത്. എന്റെ അനുഭവം ഇതാണെങ്കില്‍ അവിടെ നടക്കുന്ന മറ്റ് കാര്യങ്ങള്‍ നിങ്ങള്‍ ഊഹിച്ചു നോക്കൂ. എല്ലാ തെളിവുകളും എന്റെ കയ്യിലുണ്ട്. ഞാന്‍ കോടതിയില്‍ മാപ്പുസാക്ഷിയാകാനും തയാറാണ്. നിത്യാനന്ദയെ പിടികൂടണം, ശിക്ഷിക്കണം. എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി നിത്യാനന്ദയായിരിക്കും- വിജയകുമാര്‍ പറഞ്ഞു.