Crime

ഉന്നാവോ ബലാത്സംഗക്കേസില്‍ ഡല്‍ഹി തീസ് ഹസാരി കോടതിയുടെ നിര്‍ണായക വിധി. മുഖ്യപ്രതി കുല്‍ദീപ് സിംഗ് സെന്‍ഗറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജീവിതാവസാനം വരെ ജയിലില്‍ കഴിയാം. 25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

പിഴയില്‍ 10 ലക്ഷം രൂപ ഇരയുടെ കുടുംബത്തിന് നല്‍കണം. 2017 ജൂണ്‍ നാലിനാണ് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ 16കാരിയെ ബിജെപി എംഎല്‍എ സെന്‍ഗര്‍ പീഡിപ്പിച്ചത്. ഇരയുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇരയ്ക്കും കുടുംബത്തിനും പ്രത്യേക സംരക്ഷണം നല്‍കണം. ഓരോ മൂന്ന് മാസവും സുരക്ഷ വിലയിരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

തുമ്പോളി ഇരട്ടക്കൊലക്കേസില്‍ ആറുപ്രതികള്‍ പൊലീസ് പിടിയിലായി. രണ്ടുപേരെ കോടതി റിമാന്‍ഡ് ചെയ്തു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തി.

തുമ്പോളി സ്വദേശികളായ ഡെറിക് മാര്‍ട്ടിന്‍ ആന്‍റപ്പനെന്ന ആന്റണി എന്നിവരെയാണ് കോടതി റിമാന്‍ഡ് െചയ്തത്. ഒളിവില്‍പോയെങ്കിലും ഇവരെ കൊലപാതകം നടന്ന ദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു. മറ്റ് പ്രതികളായ ശരത്, ജോ‍ർജ്ജ്, കണ്ണൻ, ചാൾസ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്. ചേർത്തലയിൽ നിന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് നാലു പ്രതികളെ പിടികൂടുന്നത്. ഇവരെ വിശദമായി ചോദ്യംചെയ്യുകയാണ്.

കഴിഞ്ഞ ഞായറാഴ്ച അപതിനൊന്നു മണിയോടെയായിരുന്നു കേസിനാസ്പദമായ കൊലപാതകം നടന്നത്. തുമ്പോളി സാബു കൊലക്കേസിലെ പ്രതികളായ വികാസ്, ജസ്റ്റിൻ എന്നിവരാണ് കൊലപ്പട്ടത്. സാബുവിനെ വകവരുത്തിയതിന്‍റെ പ്രതികാരമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു. കൂടുതൽ പേർക്ക് കൊലാതകത്തിൽ പങ്ക് ഉണ്ടോ എന്ന കാര്യവും പൊലീസ് അന്വോഷിക്കുന്നുണ്ട്

നിര്‍ഭയകേസിൽ വധശിക്ഷ തന്നെ. പ്രതി അക്ഷയ് സിംഗ് ഠാക്കൂര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. നിര്‍ഭയ കൊല്ലപ്പെട്ട് ഏഴ് വര്‍ഷം കഴിയുമ്പോഴാണ് പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കി സുപ്രീംകോടതി വിധി വരുന്നത്. പുതിയ കാര്യങ്ങളൊന്നും പുനപരിശോധന ഹര്‍ജിയിൽ കൊണ്ടുവരാൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് പുനപരിശോധന ഹര്‍ജി തള്ളിയത്. ഇതോടെ കേസിലെ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനും സാഹചര്യം ഒരുങ്ങി.

പുനപരിശോധന എന്നാൽ പുനര്‍വിചാരണയല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധിക്കെതിരെ തിരുത്തൽ ഹര്‍ജി നൽകുമെന്നാണ് പ്രതിയുടെ അഭിഭാഷകന്‍റെ പ്രതികരണം. സുപ്രീംകോടതി തള്ളിയ സാഹചര്യത്തിൽ പ്രതിക്ക് വേണമെങ്കിൽ രാഷ്ട്രപതിയെ സമീപിക്കാനും അവസരം ഉണ്ട്.

ദയാഹര്‍ജി നൽകാനുള്ള നീക്കവുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് പ്രതിയുടെ അഭിഭാഷകൻ എപി സിംഗിന്‍റെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത്. ദയാ ഹര്‍ജി നൽകാൻ മൂന്ന് ആഴ്ചത്തെ സാവകാശം വേണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെടുന്നത്. തിരുത്തൽ ഹര്‍ജിയും ദയാഹര്‍ജിയും നൽകി ശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനാണ് പ്രതികളുടെ നീക്കം. ഇക്കാര്യത്തിൽ ഇനി കൂടുതൽ ഒന്നും പറയാനില്ലെന്നാണ് പുനപരിശോധന ഹര്‍ജി തള്ളി ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കിയത്.

നിര്‍ഭയ കേസിലെ പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്‍റെ പുനപരിശോധന ഹര്‍ജിയിൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി തീരുമാനം അറിയിച്ചത്. രാവിലെ കേസ് പരിഗണിച്ച കോടതി അരമണിക്കൂര്‍ കൊണ്ട് വാദം പൂര്‍ത്തിയാക്കണമെന്ന് അഭിഭാഷകനോട് നിര്‍ദ്ദേശിച്ചിരുന്നു. പറയാനുള്ളതെല്ലാം അരമണിക്കൂര്‍ കൊണ്ട് പറഞ്ഞ് തീര്‍ക്കണമെന്നായിരുന്നു പ്രതിയുടെ അഭിഭാഷകനോട് ജസ്റ്റിസ് ഭാനുമതി ആവശ്യപ്പെട്ടത്. മാധ്യമങ്ങളുടേതടക്കം സമ്മർദ്ദമുള്ളതിനാൽ നീതി നിഷേധിക്കപ്പെടതതെന്ന്‌ പ്രതിയുടെ അഭിഭാഷകൻ എ പി സിംഗ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു,

കേസിൽ നീതി പൂർവമായ വിചാരണ നടന്നില്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന വാദം. പ്രതികൾക്ക് അനുകൂലമായ മൊഴി നൽകാനിരുന്ന ആളെ കള്ള കേസിൽ കുടുക്കി അകത്താക്കി. അന്വേഷണ സംഘത്തിന് യഥാർത്ഥ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും എ പി സിംഗ് വാദിച്ചു, ദില്ലി സർക്കാർ ഈ കേസിൽ വധശിക്ഷക്കായി മുറവിളി കൂട്ടുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. സർക്കാർ നിലപാടിന് പിന്നിൽ രാഷ്ട്രീയ സമ്മർദമുണ്ടെന്നും പുനപരിശോധന ഹര്‍ജിയിൽ പ്രതിഭാഗം കോടതിയിൽ ആരോപിച്ചു.

പുതിയതായി രൂപീകരിച്ച ബഞ്ചിലെ ജസ്റ്റിസുമാരായ ആര്‍ ബാനുമതി, എഎസ് ബൊപ്പണ്ണ, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി കേള്‍ക്കുന്നത്. പുനപരിശോധന ഹര്‍ജി പരിഗണിക്കാന്‍ നേരത്തെ രൂപീകരിച്ച മൂന്നംഗ ബഞ്ചില്‍ നിന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡേ പിന്മാറിയിരുന്നു.
കേസില്‍ മുന്‍പ് തന്‍റെ ബന്ധുവായ അഭിഭാഷകന്‍ അര്‍ജുന്‍ ബോബ്ഡേ ഹാജരായത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് പിന്മാറിയത്. മറ്റ് മൂന്ന് പ്രതികളുടെ പുനപരിശോധന ഹര്‍ജി പരിഗണിച്ചപ്പോള്‍ നിര്‍ഭയയുടെ കുടുംബത്തിനായി അഡ്വ. അര്‍ജുന്‍ ബോബ്ഡേ ഹാജരായിരുന്നു

35000 രൂപ മാസ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഏജന്റുമാരുടെ സംഘം ഗള്‍ഫിലേക്ക് കൊണ്ടു പോകുമ്പോള്‍ ആ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഏറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ച് സാധാരണ ജീവിതം പോലും നഷ്ടപ്പെട്ട അവസ്ഥയിലേക്ക് ആ പെണ്‍കുട്ടി വലിച്ചെറിയപ്പെടുകയായിരുന്നു. കാരണം അവള്‍ എത്തപ്പെട്ടത് ദുബായിലെ പെണ്‍വാണിഭ സംഘത്തിന്റെ കൈകളിലായിരുന്നു.

അല്‍ഐനിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് പാസ്പോര്‍ട്ട് തിരികെ ലഭിച്ച യുവതി ഇന്നലെ പുലര്‍ച്ചെ നാട്ടിലേക്കു മടങ്ങിയത്. 35,000 രൂപ ശമ്പളത്തില്‍ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയായ അനസ് എന്ന ഏജന്റ് ഷാര്‍ജയില്‍ എത്തിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു.

സംഘത്തിലുള്ള ഒരു സ്ത്രീയാണ് വിമാനത്താവളത്തില്‍ സ്വീകരിച്ചത്. ദീപ എന്ന പേരിലാണ് ഇവര്‍ പരിചയപ്പെട്ടത്. ഇവരുടെ താവളത്തിലെത്തിയപ്പോഴാണ് ചതി മനസ്സിലായത്. സഹകരിക്കാന്‍ വിസമ്മതിച്ചതോടെ മുറിയില്‍ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോണ്‍ പിടിച്ചുവാങ്ങിയതോടെ പുറം ലോകവുമായി ബന്ധപ്പെടാനുള്ള വഴിയടഞ്ഞു. ഒരാഴ്ച ഭക്ഷണം പോലും നല്‍കിയില്ല. നാട്ടിലേക്കു തിരിച്ചയ്ക്കണമെന്നു പറഞ്ഞപ്പോള്‍ രണ്ടു ലക്ഷം രൂപ തന്നാല്‍ വിട്ടയയ്ക്കാമെന്നായിരുന്നു മറുപടി.

രക്ഷപ്പെടാനാവില്ലെന്ന് മനസിലായതോടെ പിന്നീട് അനുനയത്തില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരില്‍ നിന്ന് തന്നെ ഫോണ്‍ വാങ്ങി നാട്ടില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇടപാടുകാരെന്ന വ്യാജേന ചില മലയാളികള്‍ എത്തിയാണ് യുവതിയെ മോചിപ്പിച്ചത്.

തുടര്‍ന്നു പെണ്‍കുട്ടിയെ സാമൂഹിക പ്രവര്‍ത്തക ലൈലാ അബൂബക്കറെ ഏല്‍പിച്ചു. നടത്തിപ്പുകാരിലൊരാളായ സ്ത്രീയെ വിളിച്ചു പെണ്‍കുട്ടിയുടെ പാസ്പോര്‍ട്ട് കൈമാറണമെന്ന് ലൈലാ അബൂബക്കര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ ഒഴിഞ്ഞുമാറി. തുടര്‍ന്ന് നാട്ടില്‍ നിന്ന് കയറ്റിവിട്ട ഏജന്റുമാരെ വിളിച്ച് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. ഇവര്‍ വിളിച്ചുപറഞ്ഞതോടെ പാസ്പോര്‍ട്ട് നല്‍കാമെന്ന് സമ്മതിച്ചു.

അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനില്‍ എത്തിച്ച പാസ്പോര്‍ട്ട് ഏറ്റുവാങ്ങിയ പെണ്‍കുട്ടിയെ കോണ്‍സുലേറ്റില്‍ ഹാജരാക്കി നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലേക്കു മടക്കി അയയ്ക്കുകയായിരുന്നു. എല്ലാ ചെലവുകളും ലൈലാ അബൂബക്കറാണു വഹിച്ചത്. നാട്ടിലെത്തിയ ഉടന്‍ പൊലീസിനു പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് പെണ്‍കുട്ടി. പെണ്‍വാണിഭ കേന്ദ്രത്തില്‍ വേറെയും പെണ്‍കുട്ടികളുണ്ടെന്നാണ് വിവരം.

ഇവിടെ എത്തിപ്പെട്ട് കഴിഞ്ഞാല്‍ പാസ്പോര്‍ട്ട് വാങ്ങിവയ്ക്കുന്നതാണ് ഇവരുടെ രീതി. സംശയം തോന്നിയാല്‍ മൊബൈല്‍ ഫോണും പിടിച്ചുവയ്ക്കും. പുറത്തിറങ്ങാന്‍ പോലും അനുവാദമില്ല. ഇടപാടുകാരെ നടത്തിപ്പുകാരായ സ്ത്രീകള്‍ കൂട്ടിക്കൊണ്ടുവരികയാണ് പതിവ്. താവളം ഇടയ്ക്കിടെ മാറുന്നതാണ് പെണ്‍വാണിഭ സംഘത്തിന്റെ രീതി. അല്‍ഐനിലും ഷാര്‍ജയിലും അജ്മാനിലും ഇവര്‍ക്ക് താവളങ്ങള്‍ ഉള്ളതായി പെണ്‍കുട്ടി പറഞ്ഞു.

നാട്ടില്‍ നിന്ന് മോഹന വാഗ്ദാനങ്ങള്‍ നല്‍കി ജോലിക്കായി കൊണ്ടു പോകുമ്പോള്‍ കമ്പനിയുടെയും ഏജന്‍സിയുടെയും വിശ്വാസ്യത അന്വേഷിക്കണമെന്ന് പലതവണ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും പ്രാരാബ്ദങ്ങള്‍ക്ക് നടുവില്‍ ഇതൊന്നും അന്വേഷിക്കാന്‍ ആരും മിനക്കെടാറില്ല.

കിട്ടിയാല്‍ നല്ലൊരു ജീവിതം എന്ന രീതിക്കാണ് പലരും ഇത്തരത്തില്‍ ഏജന്റുമാരുടെ ചതിക്കുഴികളില്‍ വീഴുന്നത്. കൃത്യമായി വിവരങ്ങള്‍ അന്വേഷിക്കാനോ ഗള്‍ഫില്‍ ചെന്നിറങ്ങുമ്പോള്‍ ഉടനെ വന്ന് കാണാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലെങ്കില്‍ തീര്‍ച്ചയായും സര്‍ക്കാര്‍ ഏജന്‍സികളെ വിവരം അറിയിച്ച ശേഷം മാത്രമേ വിമാനത്തില്‍ കയറാവൂ, അല്ലെങ്കില്‍ ഇത്തരം ചതിക്കുഴികള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ജാഗ്രത!

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത് ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച യുവാവ് മരിച്ചു. മുട്ടയ്ക്കാട്ട് സ്വദേശി അജേഷാണ് മരിച്ചത്. സംഭവത്തിൽ ഓട്ടോ ഡ്രൈവർമാർ ഉൾപ്പടെ അഞ്ചു പേരെ തിരുവല്ലം പോലിസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്. ഇവർക്കെതിരെ കൊലക്കേസ് എടുക്കുമെന്ന് പോലിസ് പറഞ്ഞു. ജിനേഷ് വർഗീസ്, ഷിഹാബുദ്ദീൻ, അരുൺ, സാജൻ, കുഞ്ഞുമോൻ എന്നിവരാണ് പിടിയിലാത്ത്. മൊബൈൽ ഫോണും നാൽപതിനായിരം രൂപയും മോഷ്ടിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് അജേഷിന് മർദ്ദനമേറ്റത്.

ഒന്നാം പ്രതിയും അയൽവാസിയുമായ ജിനേഷ് വർഗീസിന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. തിരുവല്ലം വണ്ടിത്തടം ജങ്ഷനിൽ വച്ച് അജേഷിനെ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോയി കമ്പ് വച്ച് അടിക്കുകയും വെട്ടുകത്തി ചൂടാക്കി അജേഷിന്റെ അടിവയറ്റിലും ജനനേന്ദ്രിയത്തിലും പൊള്ളിക്കുകയും ചെയ്തു. ക്രൂര മർദ്ദനമേറ്റ് അവശനായി ഓടി രക്ഷപെട്ട് സമീപത്തെ വയലിൽ വീണ അജേഷിനെ പോലിസെത്തിയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഇന്നു രാവിലെയാണ് മരണം സംഭവിച്ചത്. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു മർദ്ദനം. മർദ്ദിക്കുന്ന മൊബൈൽ ദൃശ്യങ്ങൾ പരിശോധിച്ചാണ് അക്രമികളെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.

റോഡിൽ പൂച്ചയെ കണ്ട് പെട്ടെന്നു നിർത്തിയ ലോറിക്കു പിന്നിൽ ഇടിച്ചു നിന്ന ബൈക്കിലേക്ക് വാൻ ഇടിച്ചു കയറി അച്ഛനും പ്രതിശ്രുത വരനായ മകനും മരിച്ചു. വാടയ്ക്കൽ നിലവീട്ടിൽ വെളിയിൽ കെ.ബാബു (61), മകൻ അജിത് ബാബു (28) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ കളപ്പുര ജംക്‌ഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തു നിന്നു വടക്കു ഭാഗത്തേക്കു പോകുകയായിരുന്നു മൂന്നു വാഹനങ്ങളും.

റോഡിലേക്കു ചാടിയ പൂച്ചയെ രക്ഷിക്കാൻ മുന്നിൽ പോയ ലോറി ഡ്രൈവർ പെട്ടെന്നു ബ്രേക്ക് ചവിട്ടുകയായിരുന്നു. അജിത് ഓടിച്ചിരുന്ന ബൈക്ക് ലോറിയിൽ ഇടിച്ചു. തൊട്ടുപിന്നാലെ വന്ന വാൻ ബൈക്കിനു പിന്ന‍ിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലോറിക്കും വാനിനും ഇടയിൽ അജിത്തും ബാബുവും ഞെരുങ്ങി. തുടർന്ന് ബൈക്ക് തെന്നി ലോറിക്കടിയിലേക്കു വീണു. അപകടത്തിൽ അജിത്തിന്റെ നെഞ്ചും ബാബുവിന്റെ തലയുടെ പിൻവശം പൂർണമായും തകർന്നു. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അജിത് ആശുപത്രിയിലേക്കുള്ള വഴിയിലും ബാബു ആശുപത്രിയിലെത്തിയ ശേഷവുമാണു മരിച്ചത്. അജിത്തുമായി വിവാഹം ഉറപ്പിച്ച പെൺകുട്ടിയുടെ വീട്ടിലേക്ക് പോവുകയാരുന്നു ഇരുവരും എന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം ടെക്നോപാർക്കിലാണ് അജിത് ജോലി ചെയ്യുന്നത്. ബാബു തൃശൂരിലുള്ള ഓയിൽ കമ്പനിയിലെ ജീവനക്കാരനാണ്. ബാബുവിന്റെ ഭാര്യ ഉഷാകുമാരി. ഇളയ മകൻ അരുൺ ബാബു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം നാളെ ബന്ധുക്കൾക്കു വിട്ടു നൽകും.

ഡല്‍ഹി ജാമിയ സര്‍വകലാശാലയില്‍ ഇന്നലെ രാത്രിയോടെ നടന്നത് പൊലീസ് നരനായാട്ടെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബസുകള്‍ കത്തിച്ചതും പൊലീസ് തന്നെയാണെന്ന ആരോപണം ബലപ്പടുത്തുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. പെണ്‍കുട്ടികളെ ഹോസ്റ്റലിലും ടോയ്‍ലറ്റിലും പോലും കയറി അക്രമിച്ചതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

ഡല്‍ഹി ജാമിഅ നഗറില്‍ പൗരത്വബില്ലിനെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം തുടരുന്നിതിനിടെ ഇന്നലെ വൈകീട്ട് അഞ്ചുബസുകള്‍ അഗ്നിക്കിരയായി. ആ ദൃശ്യങ്ങളാണിത്. എന്നാല്‍ ഈ ബസുകളിലൊന്ന് കത്തുന്നതിന് തൊട്ടുമുന്‍പുള്ള കാഴ്ചയാണിത്. പൊലീസ് നോക്കി നില്‍ക്കെ രണ്ടു പേര്‍ ബസിനകത്തേക്ക് എന്തോ ഒഴിക്കുന്നു.
ഈ സംഭവങ്ങള്‍ക്ക് ശേഷമാണ് പൊലീസ് കാംപസിനുള്ളിലെത്തിയത്. ലൈബ്രറിയിലും വാതിലടച്ചിരുന്ന വിദ്യാര്‍ഥികളെ പോലും അവ തുറന്ന് അതിക്രമിച്ചു.

ടോയ് ലറ്റില്‍ പോലും കയറി ലൈറ്റണച്ച് ലാത്തി വീശി എന്നും വിദ്യാര്‍ഥികള്‍ പറയുന്നു. പരുക്കേറ്റവരുടെ ദൃശ്യങ്ങള്‍ ആരോപണം ശരിവയ്ക്കുന്നു. പരുക്കേറ്റവരില്‍ ചിലരെ ആശുപത്രിയിലെത്തിക്കാനനുവദിക്കാതെ പൊലീസ് ജീപ്പിലിട്ട് കൊണ്ടു പോകുന്നതും കാണാം.

കായംകുളത്ത് പത്തുവയസ്സുകാരനെ വീട്ടിലെകുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാത്രിയിൽ ടിവി കണ്ട് കൊണ്ടിരുന്ന ധനുഷിനോട് പഠിക്കാൻ പറഞ്ഞതിലുള്ള ദേഷ്യത്തിൽ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

പുതുപള്ളി വടക്കേ ആഞ്ഞിലിമൂട്ടിൽ വൈഷ്ണവത്തിൽ ദേവകുമാറിന്‍റെ മകൻ ധനുഷ് ദേവാണ്(10) മരിച്ചത്. എസ് എൻ സെൻട്രൽ സ്കൂളിലെ അഞ്ചാംക്ലാസ്സ് വിദ്യാർത്ഥിയാണ് ധനുഷ് ദേവ്. കഴിഞ്ഞ ദിവസം രാത്രി12മണിയോടെയാണ് ധനുഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സജിതയാണ് മാതാവ്. സഹോദരൻ കാശിദേവ്.

‘എന്റെ മൂന്നു മക്കൾക്കും ഞാൻ വിഷം നൽകിക്കഴിഞ്ഞു. ഉടൻ ഞാനും അതു കഴിക്കും. ദയവായി വില്ലുപുരം ജില്ലയിൽ മൂന്നക്ക ലോട്ടറി കർശനമായി തടയുക. എന്നെപ്പോലെയുള്ള ഒരുപാട് മനുഷ്യരെ രക്ഷിക്കാനാകും. ഇനി ഞാൻ ആരെയും ശല്യപ്പെടുത്താൻ വരില്ല. എന്നെന്നേയ്ക്കുമായി എല്ലാവരോടും യാത്ര പറയുന്നു’–വീഡിയോയിലെ അരുണിന്റെ വാക്കുകൾ

മൂന്നക്ക ഓണ്‍ലൈന്‍ ലോട്ടറി ഒരു കുടുംബത്തെയാകെ ഇല്ലാതാക്കി. തമിഴ്നാട് വില്ലുപുരത്താണ് യുവാവ് ഭാര്യയെയും മൂന്നു പെണ്‍കുട്ടികളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഓണ്‍ലൈന്‍ ലോട്ടറിയില്‍ ലക്ഷങ്ങള്‍ നഷ്ടമായി വീടു വില്‍ക്കേണ്ടി വന്നതിനു തൊട്ടുപിറകെയായിരുന്നു നടുക്കുന്ന ക്രൂരത.

തടിയനങ്ങാതെ പണമുണ്ടാക്കാന്‍ ഒറ്റനമ്പര്‍ ലോട്ടറി അടക്കമുള്ള കുറുക്കുവഴികളില്‍ ഭാഗ്യം തേടുന്നവര്‍ വില്ലുപുരത്തു നിന്നുള്ള ഈ കാഴ്ചകള്‍ മനസിരുത്തി കാണണം. ഭാഗ്യം പടികടന്നെത്തുമെന്ന വിശ്വാസത്തില്‍ ലക്ഷങ്ങള്‍ ഓണ്‍ലൈന്‍ ലോട്ടറിയില്‍ മുടക്കിയപ്പോള്‍ ഇല്ലാതായത് അഞ്ചംഗ കുടുംബം. വില്ലുപുരം സീതേരിക്കരിയെന്ന ഗ്രാമം ഉണര്‍ന്നത് തന്നെ നടക്കുന്ന വാര്‍ത്തയുമായാണ്. സ്വന്തം അദ്ധ്വാനം കൊണ്ടു വീടുണ്ടാക്കി നാട്ടുകാരുടെയെല്ലാം പ്രശംസാപാത്രമായിരുന്ന യുവാവായിരുന്നു അരുണ്‍കുമാറെന്ന സ്വര്‍ണപണിക്കാരന്‍.

ഇടയ്ക്ക് പണി കുറഞ്ഞു. പണമുണ്ടാക്കാനായി അരുണ്‍ പിന്നെ കണ്ടെത്തിയത് മൂന്നക്ക ഓണ്‍ലൈന്‍ ലോട്ടറിയായിരുന്നു. തുടക്കത്തില്‍ ചെറിയ സംഖ്യകള്‍ കിട്ടിയതോടെ മുപ്പത്തിമൂന്ന് വയസിനുള്ളില്‍ ഉണ്ടാക്കിയതെല്ലാം ലോട്ടറിയില്‍ തുലച്ചു. അവസാനം സ്വന്തം വീടു വിറ്റ് കടം വീട്ടി. വാടക വീട്ടിലേക്കു മാറിയതിനു പിന്നാലെ സ്വര്‍ണപണിക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഒരു വിഡിയോയിട്ടു.

വിഡിയോ കണ്ടു വാട്സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ ഓടിയെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഭാര്യ ശിവകാമി, അഞ്ചുവയസുള്ള മകള്‍ പ്രിയദര്‍ശിനി, മുന്നുവയസുകാരി യുവശ്രീ, അഞ്ചുമാസം പ്രായമുള്ള ഭാരതി എന്നിവരെയാണ് ജ്യൂസില്‍ സയനൈഡ് ചേര്‍ത്ത് നല്‍കി അരുണ്‍ കൊലപ്പെടുത്തിയത്. നാലുപേരും മരിച്ചെന്നുറപ്പാക്കിയതിനു ശേഷം അരുണ്‍ സയനൈഡ് ചേര്‍ത്ത മദ്യം കഴിച്ചു സ്വയം മരണം തിരഞ്ഞെടുത്തു. സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ നിയമ വിരുദ്ധ ഓണ്‍ലൈന്‍ ലോട്ടറി നടത്തിപ്പിനെ കുറിച്ചു അന്വേഷിക്കാന്‍ തമിഴ്നാട് നിയമമന്ത്രി സി.വി.ഷണ്‍മുഖം ഉത്തരവിട്ടു.

കാമുകിക്കൊപ്പം ജീവിക്കാന്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നതോടെ ആരോരുമില്ലാതായി ഒരു ആറാം ക്ളാസുകാരന്‍. പ്രേംകുമാറിന്റെയും വിദ്യയുടെയും ഇളയ മകനെയാണ് ബന്ധുക്കള്‍ കയ്യൊഴിഞ്ഞത്. മൂത്തമകളെ ഏറ്റെടുത്തെങ്കിലും കുടുംബപ്രശ്നങ്ങള്‍ മൂലം മകനെ ഏറ്റെടുക്കാന്‍ വിസമ്മതിച്ചു.
ഇതോടെ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. വിദേശത്ത് ജോലിക്ക് പോകുകയാണെന്നും അതിനാല്‍ പഠിക്കാന്‍ സംരക്ഷണകേന്ദ്രത്തിലാക്കാമെന്നും മകനെ വിശ്വസിപ്പിച്ച് ഇവിടേക്ക് പോകുംവഴി മകന്‍റെ കണ്‍മുന്നില്‍ വച്ചാണ് പ്രേംകുമാര്‍ പൊലീസ് പിടിയിലാകുന്നത്.

കാമുകിയുടെ സഹായത്തോടെ ഭര്‍ത്താവ് ഭാര്യയെ കൊന്ന് തള്ളി. വിദ്യയുടെ മരണത്തിനും പ്രേംകുമാറിന്റെ ജയില്‍വാസത്തിനുമപ്പുറം ഈ കൊലയുടെ യഥാര്‍ത്ഥ ഇര അവരുടെ ഇളയ മകനാണ്. ഒറ്റ നിമിഷംകൊണ്ട് അച്ഛനും അമ്മയും സഹോദരിയും അവനില്ലാതായിരിക്കുകയാണ്. കൊലപാതകം പുറത്തറിയുന്നതിന് മുന്‍പ് തന്നെ പ്രേംകുമാര്‍ മക്കളെ തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. പ്രേംകുമാറിന്റെ സ്വഭാവത്തില്‍ പേടിതോന്നിയ 9 ാം ക്ളാസുകാരി സ്കൂള്‍ കൗണ്‍സിലറോട് പരാതി പറഞ്ഞതോടെ കുട്ടികള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ മുന്നിലെത്തി. കമ്മിറ്റി പ്രേംകുമാറിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തിയപ്പോള്‍ അവര്‍ മകളെ മാത്രം ഏറ്റെടുത്തു.

ബന്ധുക്കള്‍ കയ്യൊഴിഞ്ഞ മകനെ സി.ഡബ്ളിയു.സിയെ ഏല്‍പ്പിച്ച് വിദേശത്തേക്ക് കടക്കാനായിരുന്നു പ്രേംകുമാറിന്റെ നീക്കം. വിദേശത്ത് ജോലിക്ക് പോയി ഉടന്‍ വരാമെന്ന് മകനെ പറഞ്ഞ് വിശ്വസിപ്പിച്ച് സംരക്ഷണകേന്ദ്രത്തിലാക്കാന്‍ വരുന്ന വഴിക്കാണ് പൊലീസ് പിടിക്കുന്നത്. കണ്‍മുന്നിലുള്ള അച്ഛന്റെ അറസ്റ്റ് ആറാം ക്ളാസുകാരന് ഇരട്ടി ആഘാതമായി. ഏറ്റെടുക്കാന്‍ തയാറാണോയെന്ന് ബന്ധുക്കളോട് ഒരിക്കല്‍കൂടി അന്വേഷിക്കും. ഇല്ലങ്കില്‍ ഇനി ആ കുട്ടി അനാഥനാണ്.

RECENT POSTS
Copyright © . All rights reserved