പൊതുവേ ശാന്തമായി ഒഴുകിയിരുന്ന ചുളിക്ക പുഴ 3 യുവാക്കളുടെ ജീവനെടുത്തതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. പാറക്കൂട്ടങ്ങൾ നിറഞ്ഞ ഇൗ പുഴ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ഇന്നലെ അപകടം നടന്ന പൊൻകുണ്ടം ഭാഗവും കാഴ്ചയിൽ മനോഹരിയാണ്. എന്നാൽ, അപകടം പതിയിരിക്കുന്നതിനാൽ നാട്ടുകാർ ഇൗ ഭാഗത്തു ഇറങ്ങാറില്ല.

വർഷങ്ങൾക്കു മുൻപ് ഇൗ ഭാഗത്തു ഒരു പെൺകുട്ടി മുങ്ങി മരിച്ചിരുന്നു. പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകുന്ന പുഴയിൽ അങ്ങിങ്ങായി ഒട്ടേറെ കയങ്ങളുണ്ട്. ഇന്നലെ അപകടം നടന്ന ഭാഗത്ത് പാറക്കൂട്ടത്തിനടിയിൽ വലിയൊരു ഗുഹയുണ്ടെന്ന് നാട്ടുകാർ പറയുന്നു. പുഴയുടെ ആഴം മനസ്സിലാക്കാതെയാണു യുവാക്കൾ പുഴയിലിറങ്ങിയത്. ആദ്യം പുഴയിലിറങ്ങിയ നിധിന് നീന്തൽ വശമുണ്ടായിരുന്നില്ല. നിധിനെ രക്ഷിക്കാനായി ശ്രമിക്കവേയാണു ജിതിനും ബിജിലാലും അപകടത്തിൽ പെട്ടത്.

‘സൂക്ഷിച്ച് ഇറങ്ങണേയെന്നു പലതവണ പറഞ്ഞതാണ്… പേടിക്കേണ്ട, ഞാൻ ദൂരേക്കൊന്നും പോകില്ലെന്നു മറുപടിയും പറഞ്ഞു ചിരിച്ചു കൊണ്ടാണ് അവൻ പുഴയിലേക്കിറങ്ങിയത്….’ മേപ്പാടി പൊലീസ് സ്റ്റേഷനിലെ ഇടുങ്ങിയ മുറിക്കുള്ളിൽ മൂവരും വിതുമ്പിക്കരയുകയാണ്. കളിചിരികളുമായി വിനോദയാത്രയ്ക്കെത്തിയ ആറംഗ സംഘം മടങ്ങുന്നതു 3 പേരില്ലാതെയാണ്. ആലപ്പുഴ ആറാട്ടുപുഴ സ്വദേശികളായ നിധിൻ, ജിതിൻ, ബിജിലാൽ എന്നിവരാണ് ഇന്നലെ ചുളിക്ക പുഴയിലെ പൊൻകുണ്ടം ഭാഗത്തു മുങ്ങി മരിച്ചത്.

നിധിനാണ് ആദ്യം അപകടത്തിൽപെട്ടത്. സംഘത്തിലെ ആദർശ്, ജിതിൻ, ബിജിലാൽ, സന്ദീപ്, ആദർശ് എന്നിവർ കരയ്ക്കിരുന്നു. നിധിൻ മുങ്ങിത്താഴുന്നതു കണ്ടു രക്ഷിക്കാനായി പുഴയിലിറങ്ങിയ ജിതിനും ബിജിലാലും അപകടത്തിൽപെടുകയായിരുന്നു. അപകടം നടന്ന പൊൻകുണ്ടം ഭാഗം കാഴ്ചയിൽ സുരക്ഷിതമാണ്. എന്നാൽ, അപകടം പതിയിരിക്കുന്നതിനാൽ നാട്ടുകാർ ഇൗ ഭാഗത്ത് ഇറങ്ങാറില്ല. വർഷങ്ങൾക്കു മുൻപ് ഇവിടെ ഒരു പെൺകുട്ടി മുങ്ങിമരിച്ചിരുന്നു. പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകുന്ന പുഴയിൽ അങ്ങിങ്ങായി ഒട്ടേറെ കയങ്ങളുണ്ട്. ഇന്നലെ അപകടം നടന്ന ഭാഗത്തു പാറക്കൂട്ടത്തിനടിയിൽ വലിയൊരു ഗുഹയുണ്ടെന്നു നാട്ടുകാർ പറയുന്നു.

ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങൾ കണ്ട് സന്തോഷിച്ചതായിരുന്നു ഇവരുമായി അടുപ്പമുള്ളവർ. യാത്രയ്ക്കിടെ പാട്ട് പാടി ചുവടുവച്ചതിന്റെയും യാത്ര ചെയ്ത സ്ഥലങ്ങളിൽ വിശ്രമിച്ചതിന്റെയും ചിത്രങ്ങളാണ് ഇവർ പങ്കുവച്ചത്. ചിത്രങ്ങൾ കണ്ട ബന്ധുക്കളും സുഹൃത്തുക്കളും അധികം വൈകാതെ മൂവരുടെയും മരണ വാർത്ത അറിയേണ്ടിവന്നതിന്റെ മരവിപ്പിലാണ്.

ഉറ്റ കൂട്ടുകാരായ ആറംഗ സംഘം പുറപ്പെട്ട് അധികം താമസിയാതെ തന്നെ യാത്രയ്ക്ക് തടസ്സം നേരിട്ടിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാറിന് വഴിമധ്യേ തകരാർ സംഭവിച്ചു. തുടർന്ന് തിരിച്ചെത്തി മറ്റൊരു കാർ സംഘടിപ്പിച്ച് ഇവർ യാത്ര പുറപ്പെട്ടത് ദുരന്തത്തിലേക്കായിരുന്നു. രാത്രി ഇനി യാത്ര വേണ്ട എന്ന് ഞങ്ങൾ പറഞ്ഞതാണെന്നു മരിച്ച ജിതിന്റെ പിതാവ് ധനേശൻ വിതുമ്പലോടെ പറയുന്നു. ചൊവ്വ രാത്രിയിലാണ് ഇവർ ശബരിമല ദർശനം കഴിഞ്ഞ് വന്നത്.

തുടർന്ന് അടുത്ത ദിവസം രാത്രി തന്നെ വയനാട്ടിൽ വിനോദയാത്രയ്ക്കായി പുറപ്പെടുകയായിരുന്നു. നിഥിൻ സർവേയർ കോഴ്സ് പൂർത്തിയാക്കി വിദേശത്ത് പോകാനുള്ള ശ്രമത്തിലായിരുന്നു. അമൃതാനന്ദമയി മഠത്തിലെ ഡ്രൈവറായിരുന്ന ജിതിൻ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ പുതിയ ജോലിക്ക് കയറിയിട്ട് രണ്ട് മാസം ആകുന്നതേയുള്ളു. നിധിനും ജിതിനും അയൽവാസികളാണ്. ഐടിഐ വിദ്യാഭ്യാസം പൂർത്തിയാക്കിയ ബിജിലാൽ പെരുമ്പള്ളിയിൽ നിന്നും ഒരു കിലോമീറ്റർ അകലെ രാമഞ്ചേരിയിലാണ് താമസം.

പെരുമ്പള്ളി, വലിയഴീക്കൽ നിവാസികൾക്ക് വേദനയുടെ മറ്റൊരു ഡിസംബർ കൂടി. 2006 ഡിസംബർ 26നു ആയിരുന്നു ഇവിടെ 31 പേരുടെ ജീവൻ സൂനാമിയിൽ പൊലിഞ്ഞത്. അതിന്റെ 13ാം വാർഷികം വ്യാഴാഴ്ച ആചരിക്കാനിരിക്കെയാണു പെരുമ്പള്ളി, രാമഞ്ചേരി സ്വദേശികളായ 3 യുവാക്കളുടെ ജീവൻ പൊലിഞ്ഞത്. വയനാട്ടിൽ മുങ്ങിമരിച്ച പെരുമ്പള്ളി പുത്തൻപറമ്പിൽ നിഥിൻ (24), പീക്കാട്ടിൽ ജിതിൻ കാർത്തികേയൻ (23), രാമഞ്ചേരി പുത്തൻമണ്ണേൽ ബിജിലാൽ (19) എന്നിവരുടെ അകാല വേർപാട് നാട്ടുകാരുടെ നൊമ്പരം ഇരട്ടിപ്പിക്കുന്നു.