മേല്‍പ്പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ റോഡിലേക്ക് പതിച്ച് ഹൈദരാബാദില്‍ സ്ത്രീ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
അമിതവേഗത്തിലെത്തിയ കാര്‍ മേല്‍പ്പാലത്തില്‍വെച്ച് നിയന്ത്രണംവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ തകര്‍ത്താണ് അപകടം സംഭവിച്ച കാര്‍ നിലംപതിച്ചത്. അപകട സമയത്ത് റോഡിലൂടെ മകളോടൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്ന സത്യവേനി എന്ന യുവതിയാണ് മരിച്ചത്. മകള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
സമീപ പ്രദേശങ്ങളിലുണ്ടായിരുന്നവര്‍ ചിതറിയോടുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. കാറില്‍ മൂന്ന്‌പേര്‍ ഉണ്ടായിരുന്നു. ഡ്രൈവറുടെ നില ഗുരുതരമാണ്. 104 കിലോമീറ്റര്‍ വേഗത്തിലായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്ന് ഹൈദരാബാദ് പോലീസ് പറയുന്നു.
നവംബര്‍ നാലിനായിരുന്നു മേല്‍പ്പാലം ഉദ്ഘാടനം ചെയ്തിരുന്നത്. ഒരാഴ്ച്ചക്കുള്ളില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യാത്രക്കാര്‍ മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയവഴി ആളുകള്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മിതിയിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി പരാതി ഉന്നയിക്കുന്നുണ്ട്.
മുതിര്‍ന്ന കുട്ടികള്‍ കളിക്കുന്നതിനിടെയില്‍ ബാറ്റ് തലയില്‍ കൊണ്ട് മരിച്ച പന്ത്രണ്ടുകാരന്‍ നവനീത് ചുനക്കര ഗവ. വിഎച്ച്എസ്എസ് വിദ്യാര്‍ത്ഥി സ്‌കൂളിനും നാടിനും വേദനയായി. പുതുതായി കിട്ടിയ സൈക്കിളായിരുന്നു നവനീതിന്റെ അടുത്തകാലത്തെ ഏറ്റവും വലിയ കൂട്ട്. സ്‌കൂളിലെ സൈക്കിള്‍ ഷെഡ്ഡില്‍ വയ്ക്കുന്ന സൈക്കിള്‍ അവിടെയുണ്ടോയെന്ന് നോക്കാനും തൊട്ടുതലോടാനും എല്ലാ ഇന്റര്‍വെല്ലിനും അവന്‍ ഓടിയിരുന്നു. ഇന്നലെ ഉച്ച ഭക്ഷണത്തിന്റെ ഇടവേളയ്ക്കും നവനീത് ഇത്തരത്തില്‍ സൈക്കിളിനടുത്ത് പോയി തിരിച്ച് വരുമ്പോഴാണ് അപകടമുണ്ടായത്.
നൂറനാട് പുതുപ്പള്ളി കുന്നം വിനോദ് ഭവനില്‍ വിനോദിന്റെയും ധന്യയുടെയും മകന്‍ നവനീത് ആണ് ദാരുണമായി മരിച്ചത്. ചുനക്കര സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സ്‌കൂളിലെ ഷെഡിനടുത്തുള്ള മരച്ചുവട്ടില്‍ പോയി മടങ്ങിവരികയായിരുന്നു നവനീത്. രണ്ട് കെട്ടിടങ്ങള്‍ക്കിടയിലുള്ള ചെറിയ ഗ്രൗണ്ട് പോലുള്ള സ്ഥലത്ത് മുതിര്‍ന്ന കുട്ടികള്‍ ഡെസ്‌കിന്റെ രണ്ട് കാലുകള്‍ക്കിടയില്‍ വയ്ക്കുന്ന പട്ടികക്കഷണവും പേപ്പര്‍ ചുരുട്ടിയുണ്ടാക്കിയ പന്തും കൊണ്ട് ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു.
സ്‌കൂളില്‍ ഓഡിറ്റ് തര്‍ക്കം ഉന്നയിച്ചതിനെ തുടര്‍ന്ന് നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ച കെട്ടിടത്തിന്റെയും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയുടെ സിവില്‍ കണ്‍സ്ട്രക്ഷന്‍ ലാബിന്റെയും മധ്യഭാഗത്ത് കൂടിയാണ് ഏറ്റവും താഴെയുള്ള യുപി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും നവനീത് മുകളിലെ ഓഫീസ് കെട്ടിടത്തിന് പിന്നിലെ സൈക്കിള്‍ ഷെഡ്ഡില്‍ എത്തിയത്. വഴിയില്‍ മരക്കഷണങ്ങള്‍ മുറിച്ചിട്ടിരിക്കുന്നതിന്റെയും മരത്തിന്റെ വേരുകളിലുമായി കുട്ടികള്‍ കൂട്ടംകൂടിയിരിക്കാറുണ്ട്. അതിനിടയിലെ ചെറിയ മൈതാനത്തിലാണ് കുട്ടികള്‍ ക്രിക്കറ്റ് കളിച്ചിരുന്നത്. സൈക്കിളിനടുത്ത് പോയി മടങ്ങുമ്പോള്‍ ഇറക്കത്തിലൂടെ ഓടി വന്ന നവീന്‍ ഇത് ശ്രദ്ധിച്ചിട്ടുണ്ടാകില്ലെന്നാണ് കരുതുന്നത്. ബാറ്റ് ചെയ്ത കുട്ടിയും നവീനെ കണ്ടില്ല.
ബാറ്റ് വീശി കറങ്ങിയതും നവനീത് ഓടിയെത്തിയതും ഒരേ സമയത്തായിരുന്നു. ബാറ്റ് തെറിച്ച് നവനീതിന്റെ തലയില്‍ കൊണ്ടുവെന്നാണ് പോലീസ് പറയുന്നത്. എല്ലാവരും ഒന്ന് ഞെട്ടിയെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് നവനീത് മുന്നോട്ട് നടക്കുകയും ചെയ്തു. എന്നാല്‍ ഏതാനും ചുവട് നടന്ന നവീന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. വായില്‍ നുരയും പതയും വന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ പിടിഎ അധികൃതരും അധ്യാപകരും കുട്ടിയെ എടുത്ത് കാറില്‍ ചുനക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് പോയി. അവിടെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമാകുന്നുവെന്ന് കണ്ട് വിദഗ്ധ ചികിത്സയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ യാത്രക്കിടെ നവനീതിന്റെ മരണം സംഭവിക്കുകയും ചെയ്തു.
ആന്തരിക ക്ഷതമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി കുറത്തിക്കാട് പോലീസ് അഴിമുഖം പ്രതിനിധിയെ അറിയിച്ചു.
ആൾദൈവം നിത്യാനന്ദയുടെ ആശ്രമത്തിൽ മാനസികമായി പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയുമായി തടങ്കലിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി. കഴിഞ്ഞ ദിവസമാണ് ബംഗളൂരു സ്വദേശിയായ ജനാർദ്ദന ശർമ്മ തന്റെ നാല് മക്കളെ നിത്യാനന്ദ അനധികൃതമായി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് കാണിച്ച് ഗുജറാത്ത് ഹൈക്കോടതിയിൽ പരാതി നൽകിയത്. രണ്ട് മക്കളെ പൊലീസിന്റെയും ശിശുക്ഷേമസമിതിയുടെയും സഹായത്തോടെ മോചിപ്പിച്ചിരുന്നു. അതിലൊരു പെൺകുട്ടിയാണ് നിത്യാനന്ദയുടെ ആശ്രമത്തിൽ നേരിട്ട മാനസിക പീഡനങ്ങളെക്കുറിച്ച് പരാതിപ്പെട്ടിരിക്കുന്നത്.
”2013 മെയ്മാസത്തിലാണ് ഗുരുകുലത്തിൽ പഠനത്തിനായി ചേരുന്നത്. ആദ്യമൊക്കെ ജീവിതം രസകരമായി മുന്നോട്ട് പോയി. പിന്നീട് 2017 ആയപ്പോഴാണ് അഴിമതി ആരംഭിച്ചത്. സ്വാമിക്ക് വേണ്ടി പ്രചാരണ പ്രവർത്തനങ്ങൾ നടത്താനാവശ്യപ്പെട്ടു. ലക്ഷക്കണക്കിന് രൂപ സ്വാമിജിക്കായി സംഭാവനകൾ കണ്ടെത്തണം. ഏക്കർ കണക്കിന് സ്ഥലങ്ങളും കണ്ടെത്തേണ്ടി വന്നു. അർദ്ധരാത്രിയിൽ വിളിച്ചഴുന്നേൽപ്പിച്ച്, ആഭരണങ്ങളും മേക്കപ്പുമിട്ട് സ്വാമിജിയ്ക്കായി വീഡിയോ നിർമ്മിക്കാൻ ആവശ്യപ്പെടും. മൂത്ത സഹോദരിക്ക് ഇതുവരെ ആശ്രമത്തിൽ നിന്നും പുറത്ത് കടക്കാൻ സാധിച്ചിട്ടില്ല. സ്വാമിജിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് മിക്ക വീഡിയോകളും സഹോദരി ചെയ്തിട്ടുള്ളത്. ഞാനതിന് സാക്ഷിയാണ്. അച്ഛനെയും അമ്മയെയും കുറിച്ച് മോശമായി സംസാരിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ ഞാൻ ചെയ്തില്ല.” പെൺകുട്ടി വിശദീകരിക്കുന്നു.
ആത്മീയകാര്യങ്ങൾക്കാണെന്ന് പറഞ്ഞ് ആശ്രമം അധികൃതർ തന്നെ രണ്ട് മാസം മുറിയിൽ പൂട്ടിയിട്ടതായും പെൺകുട്ടി വെളിപ്പെടുത്തുന്നു. അതുപോലെ മോശം ഭാഷയിലാണ് ആശ്രമം അധികൃതർ സംസാരിച്ചിരുന്നതെന്നും പെൺകുട്ടി പറയുന്നു. ജനാർദ്ദന ശർമ്മയുടെ മൂത്ത രണ്ട് പെൺകുട്ടികൾ ഇപ്പോഴും നിത്യാനന്ദയുടെ ആശ്രമത്തിലുണ്ട്. അവരെ തിരികെ ലഭിക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായും ശർമ്മ വെളിപ്പെടുത്തി.
മകളുടെ വിവാഹത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് മകന്‍ അപകടത്തില്‍പ്പെട്ട് മരിച്ചത് മറച്ചുവെച്ച് പിതാവ് വിവാഹം നടത്തി. ചടങ്ങ് പൂര്‍ത്തിയാകുന്നത് വരെ മറ്റ് കുടുംബാംഗങ്ങളെയോ അതിഥികളെയോ അദ്ദേഹം വിവരം അറിയിച്ചില്ല. ചടങ്ങുകള്‍ക്ക് ശേഷമാണ് പിതാവ് മകന്‍റെ മരണ വിവരം കുടുംബത്തെ അറിയിച്ചത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ കരിയഝല ഗ്രാമത്തിലാണ് കണ്ണുനനയിപ്പിക്കുന്ന സംഭവമുണ്ടായത്.
വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് രാവിലെ ഏഴ് മണിയോടെയാണ് വധുവിന്‍റെ സഹോദരനായ 18കാരന്‍ ഹിമാന്‍ഷു യാദവ് കുറച്ച് സാധനങ്ങള്‍ വാങ്ങാനായി ബൈക്കില്‍ പുറപ്പെട്ടത്. എന്നാല്‍, അമിത വേഗതയിലെത്തിയ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവാവ് തല്‍ക്ഷണം മരിച്ചു. ഓടിക്കൂടിയവര്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു.
മകന്‍റെ മരണ വിവരം നാട്ടുകാരാണ് പിതാവ് രാം നരേഷിനെ അറിയിച്ചത്. ഈ സമയം വിവാഹപ്പന്തലില്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു മകള്‍ അഞ്ജു. വിവാഹ വിവരം മറച്ചുവെച്ച പിതാവ് ചടങ്ങുകള്‍ക്ക് ശേഷം വിവരം അറിയിച്ചയുടനെ കുഴഞ്ഞുവീണു. മകളുടെ വിവാഹം മുടങ്ങാന്‍ ആഗ്രമില്ലാത്തതിനാലാണ് മകന്‍റെ മരണ വിവരം മറച്ചുവെച്ചതെന്ന് പിന്നീട് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
മകളെ കൊലപ്പെടുത്താൻ 4 ദിവസമായി അവസരം കാത്തിരിക്കുകയായിരുന്നെന്ന് മകളെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമ്മ പൊലീസിനോടു പറഞ്ഞു.ഉഴവൂർ അരീക്കര ശ്രീനാരായണ യുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനി സൂര്യ രാമനെ (10) ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ഉഴവൂർ കരുനെച്ചി വൃന്ദാവൻ ബിൽഡിങ്സ് വാടക മുറിയിൽ താമസിച്ചിരുന്ന എം.ജി.കൊച്ചുരാമന്റെ (കുഞ്ഞപ്പൻ) ഭാര്യ സാലിയെ (43) കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. സാലി മാനസിക ദൗർബല്യമുള്ള ആളാണെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം.
സൂര്യയുടെ മൃതദേഹം കണ്ടെത്തി ഉടൻ തന്നെ സാലിയെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ രാവിലെ പത്തരയോടെ അറസ്റ്റ് രേഖപ്പെടുത്തി. മകളെ കൊലപ്പെടുത്താനുള്ള കാരണം എന്തെന്നു വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുകയാണു പൊലീസ്. കുടുംബപ്രശ്നങ്ങളാണു കൊലപാതകത്തിനു കാരണമെന്ന നിഗമനത്തിലാണു പൊലീസ്. മകൾ ഇനി ജീവിക്കേണ്ടതില്ല എന്നു സാലി ചോദ്യം ചെയ്യലിൽ പറഞ്ഞതായി സൂചനയുണ്ട്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ മൊഴികളാണ് സാലി ആദ്യം നൽകിയതെങ്കിലും വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.
ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനായ ഭർത്താവ് കൊച്ചുരാമൻ എല്ലാ ദിവസവും ജോലിക്കു പോകാറില്ല. അതുകൊണ്ടു തന്നെ അവസരം കാത്തിരിക്കുകയായിരുന്നു താനെന്നു സാലി മൊഴി നൽകി.ബുധനാഴ്ച സൂര്യ സ്കൂളിൽ പോയിരുന്നില്ല. ആശുപത്രിയിൽ പോകണമെന്നു പറഞ്ഞു സാലി സൂര്യയെ സ്കൂളിൽ പോകാൻ അനുവദിക്കാതെ വീട്ടിൽ ഇരുത്തിയിരിക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം ടിവി കണ്ടിരിക്കുമ്പോൾ 3.30ന് പിന്നിൽ നിന്ന് സൂര്യയുടെ കഴുത്തിൽ ഷാൾ ചുറ്റി വരിഞ്ഞു മുറുക്കിയെന്നാണു സാലിയുടെ മൊഴി. വൈക്കം എഎസ്പി അർവിന്ദ് സുകുമാരൻ, കുറവിലങ്ങാട് എസ്എച്ച്ഒ ആർ.കുമാർ,
എസ്ഐ ടി.ആർ.ദീപു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. സാലിയുടെ ഭർത്താവ് നെച്ചിപ്പുഴൂർ കാനാട്ട് കൊച്ചുരാമൻ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. രാമപുരം ചെറുകണ്ടം സ്വദേശിനിയാണ് സാലി. അരീക്കരയിലെ യുപി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണു സൂര്യയുടെ സഹോദരൻ സ്വരൂപ് രാമൻ.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സൂര്യയുടെ മൃതദേഹം സംസ്കരിച്ചു. സൂര്യ പഠിച്ച അരീക്കര ശ്രീനാരായണ യുപി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
ഷഹ്‌ല ഫാത്തിമയെന്ന കുഞ്ഞുമോള്‍ക്ക് സംഭവിച്ച ദാരുണ മരണത്തിൽ കേഴുകയാണ് കേരളം. അതിനിടെ കണ്ണീർ നോവായി ഷഹ്‌ലയുടെ ഉമ്മയുടെ അുജത്തി ഫസ്ന ഫാത്തിമയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. ന്റെ മോളെക്കുറിച്ച് പറഞ്ഞില്ലെങ്കിൽ പിന്നെ ഞാനെങ്ങനെ അവളുടെ പച്ചനയാകും എന്ന് ചോദിച്ച് കൊണ്ടാണ് ഷഹ്‌ലയെക്കുറിച്ച് ചന്ദ്രികയിൽ പത്രപ്രവര്‍ത്തകയായ ഫസ്ന എഴുതുന്നത്.
എപ്പോഴും ചിരിക്കുന്ന പ്രകൃതമുള്ള നര്‍ത്തകിയും അഭിനേത്രിയുമൊക്കെയായ സാമർത്ഥ്യക്കാരി. വഴക്കു പറഞ്ഞാലും കുഞ്ഞിനെ പോലെ കൊഞ്ചിച്ച് മിനിറ്റിനുള്ളിൽ പിണക്കം മാറ്റുന്ന സാമർത്ഥ്യക്കാരി. നർത്തകി, അഭിനേത്രി, ചിത്രകാരി, ഗ്രീറ്റിങ് കാർഡ് നിർമാതാവ്… അങ്ങനെ പോവുന്നു ഞാൻ കുഞ്ഞാവയെന്ന് വിളിക്കുന്ന എന്റെ ഷഹ് ലയുടെ വിശേഷണം– കുറിപ്പില്‍ ഫസ്ന പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ന്റെ മോളെ കുറിച്ച് പറഞ്ഞിലെങ്കിൽ പിന്നെ ഞാനെങ്ങനെ അവളുടെ പച്ചനയാകും. എപ്പോഴും ചിരിക്കുന്ന പ്രകൃതം. വഴക്കു പറഞ്ഞാലും കുഞ്ഞിനെ പോലെ കൊഞ്ചിച്ച് മിനിറ്റിനുള്ളിൽ പിണക്കം മാറ്റുന്ന സാമർത്ഥ്യക്കാരി. നർത്തകി, അഭിനേത്രി, ചിത്രകാരി, ഗ്രീറ്റിങ് കാർഡ് നിർമാതാവ്… അങ്ങനെ പോവുന്നു ഞാൻ കുഞ്ഞാവയെന്ന് വിളിക്കുന്ന എന്റെ ഷഹ് ലയുടെ വിശേഷണം.
എനിക്ക് ശേഷം ഞങ്ങളുടെ വീട്ടിലെത്തിയ ആദ്യത്തെ കുഞ്ഞിക്കാൽ… അതിന്റെ എല്ലാ ലാളനയും അവൾക്ക് കിട്ടിയിട്ടുണ്ട്. നിഷ്കളങ്കമായി ചിരിച്ച് ഞങ്ങളിലെ ദേഷ്യത്തെ ശമിപ്പിക്കാനുള്ള പ്രത്യേക കഴിവ് അവൾക്കുണ്ട്. അവളിലെ കുശുമ്പുകാരിയെ ഉണർത്താൻ അവളുടെ ഉമ്മയുടെ മൂത്ത മകളാണ് ഞാൻ എന്ന് കളി പറഞ്ഞിട്ടുണ്ട്. പാവം അത് വിശ്വസിച്ചിട്ടുമുണ്ട്.
അശോക ഹോസ്പിറ്റലിലെ ലേബർ റൂമിനു മുന്നിൽ നിന്ന് ഉമ്മച്ചിയുടെ കൈകളിലേക്ക് അവളെ നഴ്സുമാർ നൽകിയപ്പോഴാണ് ആദ്യമായി കാണുന്നത്. പിന്നീടങ്ങോട്ട് ഒരോ അടിയിലും അവൾ എന്റെ ശ്വാസമായിരുന്നു. പദവി കൊണ്ട് ഞാൻ അവൾക്ക് ഇളയമ്മയാണ്. പക്ഷെ എന്നോട് അവൾക്ക് വാടി പോടി ബന്ധമാണ്. വയനാട് നിന്ന് കോഴിക്കോട് വരുമ്പോൾ ബീച്ച്, പാർക്ക് എന്നുവേണ്ട ഞങ്ങൾ കറങ്ങാത്ത സ്ഥലങ്ങളില്ല. അവസാനമായി അവൾ കോഴിക്കോട് വന്നത് കഴിഞ്ഞയാഴ്ചയാണ്. നവംബർ 11 ന് തിരിച്ചു പോകുമ്പോൾ ഹൽവയും മിഠായിയുമായാണ് യാത്രയാക്കിയത്. എന്റെ പിറന്നാളിന് സർപ്രൈസ് ഗിഫ്റ്റൊരുക്കി കാത്തിരിക്കായിരുന്നു. പക്ഷെ തിരക്ക് കാരണം എനിക്ക് വയനാട് എത്താൻ പറ്റിയില്ല. എത്തിയതോ നവംബർ 20ന്. വിഷം കൊണ്ട് നീലിച്ച അവളെ വെള്ള തുണിയിൽ പൊതിഞ്ഞു കെട്ടിയുള്ള കാഴ്ച കാണാൻ. ഓർമയുള്ള കാലത്തോളം മറക്കില്ല ഇനി ദിനങ്ങൾ. ഉമ്മച്ചി പോയി ആറു മാസം തികയുമ്പോഴാണ് അവളും മടങ്ങിയത്. എന്റെ കുഞ്ഞാവ ജീവിക്കുന്നു, എന്നും ഞങ്ങളുടെ ഓർമകളിലൂടെ…
ബത്തേരി സര്‍വജന സ്കൂളില്‍ ജില്ലാ ജഡ്ജി എ.ഹാരിസ് പരിശോധന നടത്തി. സ്കൂളിലേത് ശോചനീയാവസ്ഥയാണ്, വീഴ്ചയുണ്ട്, ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ധേഹം പറഞ്ഞു. ഹൈക്കോടതിക്കു നിയമസസഹായ അതോറിറ്റി റിപ്പോര്‍ട്ട് നല്‍കും. 3.30ന് യോഗം േചരും. പ്രധാനാധ്യാപകനും പിടിഎ പ്രസിഡന്റും പങ്കെടുക്കണമെന്നും ജില്ലാ ജഡ്ജി ആവശ്യപ്പെട്ടു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും എ.ഹാരിസ് താക്കീത് നൽകി.
അഞ്ചാം ക്ലാസുകാരി ഷെഹല മരിക്കുന്നതിന് തലേദിവസവും സ്കൂളില്‍ പാമ്പിനെ കണ്ടുവെന്ന് വിദ്യാര്‍ഥികള്‍. ഇതു പറഞ്ഞപ്പോള്‍ അധ്യാപകന്‍ അടിക്കാന്‍ വന്നെന്നും ഒരു വിദ്യാര്‍ഥികൾ പറഞ്ഞു. കുട്ടികള്‍ ചെരുപ്പിട്ടു ക്ലാസില്‍ കയറിയാല്‍ പത്തുരൂപ ഫൈന്‍ വാങ്ങാറുണ്ട്. അതേസമയം അധ്യാപകര്‍ക്കും അവരുടെ മക്കള്‍ക്കും ചെരിപ്പിട്ട് കയറാമെന്നും വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തി.
അതേസമയം പാമ്പ് കടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍. ഷഹലയുടെ മരണത്തിന് കാരണക്കാരായ എല്ലാവര്‍ക്കുമെതിരെ നടപടി വേണമെന്ന് ആവശ്യം. അതുവരെ ക്ലാസില്‍ കയറില്ലെന്ന് വിദ്യാര്‍ഥികള്‍.
ക്ലാസില്‍ വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലെ എല്ലാ സ്കൂളുകളിലും ഇഴജന്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്താന്‍ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ കലക്ടര്‍ ഉത്തരവിട്ടു. സ്കൂളുകളില്‍ അടിയയന്തര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സുരക്ഷ ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പും നിര്‍ദേശം നല്‍കി.
ഇഴജന്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ അവയെ കൈകാര്യംചെയ്യുന്നതിന് വനംവകുപ്പിന്‍റെ സേവനം ഉറപ്പുവരുത്താനും നിര്‍ദേശമാണ്. പാമ്പ് കടിയേറ്റ് വരുന്ന രോഗികള്‍ക്ക് ചികില്‍സ ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഒാഫീസര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി.
അതിനിടെ പരിശോധന മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലയിലെ സ്കൂളുകളിലും സുരക്ഷാ പരിശോധന. തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിഡിഇയോട് പത്തനംതിട്ട കലക്ടര്‍ പി.ബി നൂഹ് ഉത്തരവിട്ടു. എല്ലാ സ്കൂളുകളും പരിശോധിച്ച് ശുചീകരണം നടത്തണമെന്ന് ഇടുക്കി കലക്ടര്‍. ക്ലാസില്‍ പാമ്പുകടിയേറ്റ് വയനാട്ടില്‍ വിദ്യാര്‍ഥിനി മരിച്ച പശ്ചാത്തലത്തിലാണ് നടപടി.
അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റുമരിച്ച ബത്തേരി സര്‍ക്കാര്‍ സർവജന സ്കൂളിലെ ക്ലാസ് മുറികളില്‍ ഇഴജന്തുക്കൾക്ക് കയറിക്കൂടാവുന്ന തരത്തിലുള്ള നിരവധി മാളങ്ങള്‍. ഇതില്‍ ഒരു വിടവില്‍ കാല്‍ പെട്ടപ്പോഴാണ് കുട്ടിയുടെ കാല്‍ മുറിഞ്ഞത്. മുറിവ് കണ്ട സ്കൂള്‍ അധികൃതര്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കോഴിക്കോട്ടേക്ക് പോകുംവഴിയാണ് മരണം. അധ്യയനവർഷം ആരംഭിക്കുന്നത് മുമ്പ് ഫിറ്റ്നസ് പരിശോധിക്കണമെന്ന നിബന്ധന പാലിക്കുന്നതില്‍ വീഴ്ചയുണ്ടെന്നാണ് സൂചന.
പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അധ്യാപകന് സസ്‌പെൻഷൻ.വയനാട് ബത്തേരി സര്‍ക്കാര്‍ സർവജന സ്കൂളിലെ ക്ലാസ് മുറിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷെഹല ഷെറിന്‍ (10) പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ച ഷിജില്‍ എന്ന അധ്യാപകനെയാണ് വയനാട് ഡിഡിഇ ഇബ്രാഹിം തോണിക്കര സസ്പെന്‍ഡ് ചെയ്തത്.
പാമ്പ് കടിച്ചതാണെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞിട്ടും അത് കേള്‍ക്കാന്‍ അധ്യാപകന്‍ തയ്യാറായില്ലെന്ന് കുട്ടികള്‍ പറയുന്നു. ചികിത്സ നല്‍കാന്‍ വൈകിയതാണ് മരണത്തിന് കാരണമായതെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാണിച്ചു.രക്ഷിതാക്കള്‍ എത്തിയതിന് ശേഷം മാത്രമാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പാമ്പ് കടിയേറ്റ് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ മാത്രമാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും വിദ്യാര്‍ത്ഥികള്‍ വിശദീകരിച്ചു.
സിസ്റ്റര്‍ അഭയയുടെ മരണകാരണം തലയ്‌ക്കേറ്റ മാരകമായ ക്ഷതം കാരണമെന്ന് നിര്‍ണായക സാക്ഷിമൊഴിയുമായി ഫോറന്‍സിക് വിദഗ്ധന്‍ വി കന്തസ്വാമി രംഗത്ത്. തിരുവനന്തപുരം സിബി ഐ പ്രത്യേക കോടതിയിലാണ് കന്തസ്വാമി മൊഴി നല്‍കിയത്. സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയത് തന്നെയാണെന്ന് തെളിയിക്കുന്ന മൊഴിയാണ് കന്തസ്വാമി പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം അഭയ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികള്‍ കൂറ് മാറിയ സാഹചര്യത്തിലാണ് നിര്‍ണായക സാക്ഷി മൊഴി. അന്ന് നടന്ന പരിശോധനകളിലും അഭയയുടെ തലയ്ക്ക് മാരക ക്ഷതം ഏറ്റതായി കണ്ടെത്തിയിരുന്നു.
വാടക വീട്ടിനുള്ളിൽ വച്ച് ആറാം ക്ലാസ് വിദ്യാര്‍ഥിയായ മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. നെച്ചിപ്പുഴൂര്‍ കാനത്തില്‍ കൊച്ചുരാമന്‍റെ മകള്‍ സൂര്യയാണ് കൊല്ലപ്പെട്ടത്. ഉഴവൂർ കരിനെച്ചി ക്ഷേത്രത്തിനു സമീപമുള്ള വാടക വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. മകളെ സ്കൂളിൽ അയക്കാതെ വീട്ടിൽ ഇരുത്തുകയായിരുന്നുവെന്നാണ് വിവരം.
കൊല്ലപ്പെട്ട സൂര്യയുടെ സഹോദരന്‍ സ്വരൂപ് സ്കൂളില്‍ നിന്നെത്തിയപ്പോള്‍ അമ്മ സാലി അകത്തു കയറ്റിയില്ല. പലതവണ വീടിനകത്ത് കടക്കാന്‍ ശ്രമിച്ചെങ്കിലും മകനെ സാലി തള്ളി മാറ്റി. തുടര്‍ന്ന് സ്വരൂപ് അയല്‍വാസികളുടെ സഹായം തേടി. സമീപവാസികള്‍ എത്തി തിരക്കിയപ്പോള്‍ മകള്‍ ഉറങ്ങുന്നുവെന്നാണ് സാലി പറഞ്ഞത്.
സംശയം തോന്നിയ വീട്ടില്‍ കയറി നടത്തിയ പരിശോധനിയിലാണ് മൃതദേഹം കണ്ടെത്തിയത്. കട്ടിലില്‍ കിടന്നിരുന്ന സൂര്യയുടെ കഴുത്തില്‍ ഷാളിട്ട് മുറുക്കിയ നിലയിലായിരുന്നു. സാലിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അരീക്കര എസ്എന്‍ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച സൂര്യ ഈരാറ്റുപേട്ട ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കൊല്ലപ്പെട്ട സൂര്യയുടെ പിതാവ്. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.