ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഗര്‍ഭനിരോധന ഉറകള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണെന്നും അവിടെ പെണ്‍കുട്ടികള്‍ ഉറങ്ങുന്നത് ആണുങ്ങളുടെ ഹോസ്റ്റലിലാണെന്നും മുൻ ഡിജിപി ടിപി സെന്‍കുമാര്‍. ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് കാസറഗോഡ് കേരള കേന്ദ്ര സര്‍വകലാശാലയിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സമ്മേളനത്തിൽ ‘അസമത്വം തിരുത്തല്‍ ‘ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജെ‌എൻ‌യുവിലെ പുരുഷന്മാരുടെ ഹോസ്റ്റലിലെ പെൺകുട്ടികൾ ടോയ്‌ലറ്റിൽ നിന്ന് പുറത്തിറങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത് 40 വർഷം മുമ്പായിരുന്നു, ക്യാമ്പസിൽ ഗർഭ നിരോധന ഉറകൾ നിറഞ്ഞിട്ടുണ്ട്. ഇപ്പോൾ യുവതികൾ കോണ്ടം ഉപയോഗിച്ച് മുടി കെട്ടുന്നു, നമുക്ക് അത്തരമൊരു സർവ്വകലാശാല ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ജെഎൻയുവിലെ സമരം കത്തി നിന്ന സമയത്ത് ഗർഭ നിരോധന ഉറകൊണ്ട് മുടികെട്ടിയ യുവതിയുടെ ചിത്രം ടി പി സെൻകുമാർ പങ്ക് വച്ച് സമാനമായ പരാമർശം നടത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു അദ്ദേഹം ഈ ചിത്രം പങ്ക് വച്ചത്. ഇതിന് പിറകെ ചിത്രം അടുത്തിടെ നടന്ന ജെഎൻയു സമരത്തിന്റെ ഭാഗമായിരുന്നില്ലെന്ന് പിന്നീട് വ്യക്തമായിരുന്നു.

എന്നാൽ ആ തിരുത്തൽ സ്വീകരിക്കാതെയാണ് സെൻകുമാർ വീണ്ടും വിവാദ പരാമർശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെ, ജവഹർലാൽ നെഹ്രു സർവകലാശാലയിലെ ഫീസ് വർദ്ധനവ് പിന്‍വലിക്കണമെന്ന് ആവശ്യത്തെ പിന്തുണയ്ക്കുമോ എന്ന് ഒരു വിദ്യാർത്ഥിയോട് ചോദിച്ചപ്പോൾ കേവല സമത്വമാണ് വേണ്ടതെന്നായിരുന്നു മറുപടി.

അതേ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കുള്ള പ്രത്യേക അവകാശങ്ങൾ എടുത്ത് കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 29 ഉം 30 ഉം – ന്യൂനപക്ഷങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും അവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനുള്ള അവകാശം നൽകുകയും ചെയ്യുന്നു. ഈ അവകാശങ്ങൾ എടുത്ത് കളയണം. ഭരണഘടനയിലെ ഈ രണ്ട് വകുപ്പുകൾ രാജ്യത്തെ ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ഒരു അസമത്വം സൃഷ്ടിക്കുകയാണെന്നും സെൻകുമാർ പറയുന്നു. ഇത്തരം വകുപ്പുകൾ ഒന്നുകിൽ റദ്ദാക്കുകയോ അല്ലെങ്കിൽ ഭൂരിപക്ഷ സമുദായങ്ങൾക്കും ബാധകമാക്കുകയോ ചെയ്യണം അദ്ദേഹം പറയുന്നു.

ഭരണഘടനയുടെ എഴുപതാം വാർഷികത്തിൽ സംഘപരിവാര്‍ സഹയാത്രികരെ പങ്കെടുപ്പിച്ച് കാസർഗോഡ് കേരള കേന്ദ്ര സര്‍വകലാശാലയില്‍ സെമിനാര്‍ സംഘടിപ്പിച്ച നടപടിക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം നില നില്‍ക്കുന്നതിനിടെയായിരുന്നു പരിപാടി നടന്നത്. ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസ്, മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാർ, ജനം ടിവി എഡിറ്റർ ജി.കെ സുരേഷ് ബാബു എന്നിവരായിരുന്നു പരിപാടിയിലെ മുഖ്യ പ്രഭാഷകർ.

ഭരണഘടനയും ജനാധിപത്യവും, എഴുപത് വര്‍ഷത്തെ ഇന്ത്യന്‍ അനുഭവത്തില്‍ എന്ന പേരിലാണ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാസര്‍കോട്ടെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാര്‍ നടത്തിയത്. എന്നാൽ, സംഘപരിവാര്‍ സഹയാത്രികരെ കൂട്ടത്തോടെ എത്തിച്ച് കൊണ്ട് നടത്തുന്ന ദേശീയ സെമിനാർ അവതരണം സര്‍വകലാശാലയെ കാവിവത്ക്കരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.