വിഴിഞ്ഞത്ത് യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് വ്യക്തമായി. സംഭവത്തിൽ യുവതിയുടെ ഭർത്താവ് കീഴടങ്ങി. വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കര ദിൽഷൻ ഹൗസിൽ പ്രിൻസി(32)യെയാണ് വീടിനുള്ളിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പ്രിൻസിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. പ്രിൻസി മരണപ്പെട്ട സംഭവത്തിൽ കാണാതായ ഭർത്താവ് അന്തോണിദാസിനെ (രതീഷ്,36) കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ ഇന്ന് രാവിലെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് പ്രൻസി കൊല്ലപ്പെട്ടത്. കുടുംബ പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഇരുവരും അകന്ന് താമസിക്കുകയായിരുന്നു എന്നാണ് വിവരം. പ്രിൻസിയും മക്കളായ ദിൽഷനും ദിഷാലും ദിഹാനയും സഹോദരിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ശനിയാഴ്ച പ്രശ്നങ്ങൾ ഒത്തു തീർക്കുവാനും ഭാര്യയേയും മക്കളേയും വീട്ടിലേക്ക് കൊണ്ടുപോകാനും വേണ്ടി അന്തോണി ദാസ് ഈ വീട്ടിൽ എത്തുകയായിരുന്നു. വളരെ സൗഹാർദ്ദപരമായി സംസാരിച്ച് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി വെെകുന്നേരം എട്ടോടെ ഭാര്യയേയും മക്കളേയും ഇയാൾ വീട്ടിലേക്ക് കൊണ്ടുപോയി.
വീട്ടിലെത്തിയ ശേഷം ഇയാൾ മക്കളെ പുറത്ത് കളിക്കാൻ വിടുകയായിരുന്നു. കുട്ടികൾ വീടിനു ചുറ്റും നിന്ന് കളിച്ച ശേഷം അകത്തേക്ക് ചെന്നു. ഈ സമയത്ത് പ്രിൻസി കട്ടിലിൽ കിടക്കുകയായിരുന്നു. കുട്ടികൾ അമ്മയെ വളിച്ചപ്പോൾ അന്തോണിദാസ് തടഞ്ഞു. അമ്മ ഉറങ്ങിക്കിടക്കുകയാണെന്നും ശല്യപ്പെടുത്തരുതെന്നും അന്തോണിദാസ് കുട്ടികളോടു പറഞ്ഞു. തുടർന്ന് ഇയാൾ പുറത്തേക്കു പോകുകയായിരുന്നു.
കുറച്ചു സമയം കഴിഞ്ഞ് കുട്ടികൾ വന്ന് നോക്കുമ്പോഴും പ്രിൻസി ചലനമില്ലാതെ കിടക്കുകയയായിരുന്നു. അമ്മ വിളിച്ചിട്ടും എഴുന്നേൽക്കാതായതോടെ കുട്ടികൾ നിലവിളിച്ചു. ഇതുകേട്ട് അയൽവാസികളെത്തി പ്രിൻസിയെ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. കഴുത്തിലെ പാട് കണ്ട ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. മൃതദേഹം മെഡിക്കൽ കോളജിൽ എത്തിച്ച് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. അന്തോണിദാസിനെതിരെ കേസെടുത്ത പൊലീസ് പ്രതിയെ അന്വേഷിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്നു രാവിലെ ഇയാൾ കീഴടങ്ങുന്നത്.
സീനിയർ വിദ്യാർഥിയുടെ മാനസിക പീഡനം മൂലം ആത്മഹത്യയ്ക്കു ശ്രമിച്ച പിജി മെഡിക്കൽ വിദ്യാർഥിനി ഡോ. ഡി. പ്രീതി മരിച്ചു. 26 വയസായിരുന്നു. ഇന്നലെ രാത്രിയോടെയാണ് പ്രീതി മരണത്തിന് കീഴടങ്ങിയത്. നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലിരിക്കെയാണ് പ്രീതി മരിച്ചത്. പ്രീതി ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയിലായതിനു പിന്നാലെ, പ്രേരണാക്കുറ്റം ചുമത്തി സീനിയർ വിദ്യാർഥിയായ ഡോ. എം.എ.സൈഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കോടതിയിൽ ഹാജരാക്കിയ ഇയാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. രണ്ടാം വർഷ പിജി വിദ്യാർഥിയായ ഡോ.സൈഫിന്റെ മാനസിക പീഡനമാണ് ഡോ.പ്രീതിയുടെ മരണത്തിനു കാരണമെന്നാണ് ആക്ഷേപം. 2022 ഡിസംബർ മുതൽ സൈഫ് പ്രീതിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതിയുണ്ട്. മുതിർന്ന വിദ്യാർഥികൾ പ്രീതിയെ കടുത്ത റാഗിങ്ങിന് ഇരയാക്കിയതായി പിതാവ് നരേന്ദറും ആരോപിച്ചിരുന്നു.
പ്രീതിയുടെ കുടുംബത്തിന് തെലങ്കാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽവേ പൊലീസിൽ എസ്‌ഐ ആയ നരേന്ദറിനെ, ബുധനാഴ്ച രാത്രി പ്രീതി ഫോണിൽ വിളിച്ചിരുന്നു. ഡോ.സൈഫ് എന്ന സീനിയർ വിദ്യാർഥിയുടെ നേതൃത്വത്തിൽ അനാവശ്യ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി പ്രീതി അറിയിച്ചിരുന്നു. കൂടാതെ അധിക സമയം ജോലി ചെയ്യിപ്പിക്കുകയും ഡ്യൂട്ടി സമയത്ത് വാഷ്‌റൂമിൽ പോകാൻ പോലും അനുവദിച്ചിരുന്നില്ലെന്നുമാണ് പ്രീതി അറിയിച്ചിരുന്നത്. പിന്നാലെയാണ് പ്രീതിയെ അവശനിലയിൽ കണ്ടെത്തുന്നതും ഇപ്പോൾ മരണത്തിലും കലാശിച്ചിരിക്കുന്നത്. കുറിപ്പ് എഴുതിയതിന് ശേഷം പ്രീതി സ്വയം മരുന്ന് കുത്തിവയ്ക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയ യുവതിയെ നിർത്തിയിട്ട ബസ്സിൽ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിലെ പ്രതിയെ രണ്ട്‍ വർഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ കോഴിക്കോട് സ്വദേശി ഇന്ത്യെഷ് കുമാറാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ സേലത്ത് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭിന്നശേഷിക്കാരിയായ പെൺകുട്ടി വീട്ടിൽ നിന്നും മാതാപിതാക്കളോട് പിണങ്ങിയതിന് ശേഷം വീട് വിട്ടിറങ്ങുകയായിരുന്നു. ചേവായൂർ സ്വദേശിനിയായ യുവതിയുമായി പ്രതികൾ സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് ബസ് ഷെഡിൽ എത്തിക്കുകയും ചെയ്തു. ബസ് ഷെഡിൽ നിർത്തിയിട്ടിരുന്ന ബസിൽ യുവതിയെ കയറ്റുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.
പീഡനത്തിന് ശേഷം യുവതിക്ക് ബിരിയാണി വാങ്ങി നൽകുകയും ബൈക്കിൽ കയറ്റി ഓട്ടോ സ്റ്റാൻഡിൽ കൊണ്ടുവിട്ട് കടന്ന് കളയുകയുമായിരുന്നു. രാത്രിയോടെ വീട്ടിൽ തിരിച്ചെത്തിയ യുവതി നടന്ന കാര്യങ്ങൾ വീട്ടിൽ പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. കേസിൽ പ്രതികളായ ഗോപീഷ് (38), മുഹമ്മദ് ഷമീർ (32) എന്നിവരെപി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പത്തനംതിട്ട തിരുവല്ലയിൽ പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. തിരുവല്ല തിരുമൂലപുരം ആടുംമ്പട കോളനിയിൽ രതീഷിന്റേയും രഞ്ജുവിന്റേയും മകളായ ഗ്രീഷ്‌മ ദേവിയെ (17) ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ഈ സമയത്ത് വീട്ടിൽ കുട്ടിയുടെ മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്.
വീട്ടിലെ മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്ന മുത്തശ്ശി മുറിയില്‍ വന്നു നോക്കിയപ്പോള്‍ ഗ്രീഷ്‌മയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു. തിരുമൂലപുരം ബാലികാമഠം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിയായിരുന്നു ഗ്രീഷ്‌മ ദേവി. സംഭവത്തിൽ തിരുവല്ല പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ആറ്റിങ്ങലിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് മുങ്ങിയ ഭർത്താവിനെ വാമനപുരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ആലങ്കോട് സ്വദേശി ശരത് ബാബു (30) നെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫെബ്രുവരി 22 ന് രാത്രി ഭാര്യ രമ്യയുമായി വഴക്കിട്ട ശരത് ബാബു പേന കത്തി ഉപയോഗിച്ച് രമ്യയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ നിന്നും സതീഷ് ബാബു ഓടി രക്ഷപെട്ടു. രമ്യയുടെ നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികളാണ് രമ്യയെ ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിന് ശേഷം മുങ്ങിയ ശരത് ബാബുവിന്റെ മൃതദേഹം ഞായറാഴ്ച ഉച്ചയോടെ വാമനപുരം പുഴയിൽ നിന്നും കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രോഗിയുമായി പോയ വിമാനം തകര്‍ന്നുവീണ് അഞ്ചു മരണം. അമേരിക്കയിലെ നെവാഡയിലാണ് അപകടം നടന്നത്. കാലിഫോര്‍ണിയ-നെവാഡ അതിര്‍ത്തിയില്‍ വെച്ച് വെള്ളിയാഴ്ച വിമാനത്തിന്റെ സിഗ്നലുകള്‍ നഷ്ടപ്പെട്ടിരുന്നു.
വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും കൊല്ലപ്പട്ടതായി രക്ഷാ സംഘം സ്ഥിരീകരിച്ചു. പൈലറ്റിനെയും രോഗിയേയും കൂടാതെ, ഒരു നഴ്‌സ്, പാരാമെഡിക്, രോഗിയുടെ ബന്ധു എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനം തകര്‍ന്നുവീഴാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. യുഎസിന്റെ പടിഞ്ഞാറന്‍ തീരമേഖലയില്‍ വലിയ ശീതക്കാറ്റ് വീശുന്നുണ്ട്. കാലിഫോര്‍ണിയയിലെ പല മേഖലകളും മഞ്ഞില്‍ മൂടിക്കിടക്കുയാണ്. മോശം കാലാവസ്ഥയാകാം അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
മുണ്ടക്കയത്ത് വിവാഹ ദിവസം പ്രതിശ്രുത വധു കുഴഞ്ഞ് വീണ് മരിച്ചു. ഗാന്ധിനഗർ ഏലപ്പാറ സ്വദേശിനി സ്നേഹ കൃഷ്ണൻ (21) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സ്നേഹ കൃഷ്ണയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏലപ്പാറ സ്വദേശി ശരത് കുമാറുമായി സ്നേഹ കൃഷ്ണ പ്രണയത്തിലായിരുന്നു. ഇരുവരുടെയും രജിസ്റ്റർ വിവാഹം ശനിയാഴ്ച നടത്താനിരിക്കെയാണ് സ്നേഹ കൃഷ്ണ കുഴഞ്ഞ് വീണ് മരിച്ചത്.
അതേസമയം ശരത് കുമാറും, സ്നേഹ കൃഷ്ണയും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു ഇരുവരും. അപേക്ഷയുടെ കാലാവധി ശനിയാഴ്ച അവസാനിരിക്കെയാണ് ഇരുവരും വിവാഹത്തിനായുള്ള തയ്യാറെടുപ്പ് നടത്തിയത്. ഇതിനിടയിൽ സ്നേഹ കൃഷ്ണയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
തുടർന്ന് ആരോഗ്യനില ഗുരുതരമായതോടെ മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദേശം ലഭിക്കുകയായിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലച്ചോറിനുള്ളിൽ ഗുരുതര രോഗം ബന്ധിച്ചതായാണ് മരണകാരണമെന്നാണ് വിവരം.
കാപ്പാ കേസ് പ്രതിയെ നടുറോഡില്‍ കുത്തികൊന്നു. പോത്ത് റിയാസ് എന്നറിയപ്പെടുന്ന റിയാസാണ് കൊല്ലപ്പെട്ടത്. പ്രതി ഷിഹാബ് പൊലീസില്‍ കീഴടങ്ങി.
കുന്നിക്കോട് പൊലീസ് സ്റ്റേഷനില്‍ നിന്നും 100 മീറ്റര്‍ അകലെ മാത്രം, പുനലൂര്‍ കുന്നിക്കോട്-പട്ടാഴി റോഡിലാണ് സംഭവം.
ഇറച്ചിക്കട ലേലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. റിയാസിന്‍റെ ശരീരത്തില്‍ പത്തോളം കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം. ആശുപത്രിയിലേക്ക് എത്തുമ്പോഴേക്ക് മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടംബത്തിന് കെെമാറും.
ഹവാല ഇടപാടിലൂടെ വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) ലംഘിച്ചെന്ന പേരിൽ ജൂവലറി ഗ്രൂപ്പ് ഉടമയായ ജോയ് ആലുക്കാസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ തൃശ്ശൂരിലെ വീടും ഹെഡ് ഓഫീസിലുമടക്കംനടന്ന റെയ്ഡിനുശേഷമാണ് നടപടി. ഉടമയായ ജോയ് ആലുക്കാസിനെ കൊച്ചി ഇ.ഡി. ഓഫീസിൽ വിളിച്ചുവരുത്തിയിരുന്നു.
അഞ്ചുവർഷംമുൻപ് ആദായനികുതി വകുപ്പാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് ഹവാല ഇടപാട് നടത്തിയെന്ന് സംശയിക്കാവുന്ന രീതിയിലുള്ള രേഖകൾ കണ്ടെടുത്തത്. പലപ്പോഴായി ദുബായിലെ ജോയ് ആലുക്കാസ് ജൂവലറിയിലേക്ക് ഇന്ത്യയിൽനിന്ന് ഹവാലയായി പണം നിക്ഷേപിച്ചെന്നായിരുന്നു കണ്ടെത്തൽ.
പൂർണമായും ജോയ് ആലുക്കാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ജൂവലറി. ഈ വിവരം അന്നുതന്നെ ഇ.ഡി. ഉന്നതോദ്യോഗസ്ഥർക്ക് ഔദ്യോഗികമായി കൈമാറിയിരുന്നു. ആദായനികുതിവകുപ്പിന്റെ ഈ കേസിൽനിന്നാണ് ജോയ് ആലുക്കാസിനെതിരേയുള്ള ഇ.ഡി.യുടെ കേസിന്റെ തുടക്കം.
ഹവാല ഇടപാടിൽ ഗ്രൂപ്പിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചെന്ന് ഇ.ഡി. പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
നിയമവിരുദ്ധമായി കടത്തിയ പണത്തിന്റെ പ്രയോജനം ലഭിച്ചത് ദുബായിലെ ജൂവലറി കമ്പനിയുടെ ഉടമയായ ജോയ് ആലുക്കാസ് വർഗീസിനാണ്. അതിനാൽ അദ്ദേഹത്തിനെതിരേ ഫെമ നിയമപ്രകാരം കേസെടുത്തെന്നും ഇ.ഡി. വ്യക്തമാക്കി. തുടർന്നായിരുന്നു കണ്ടുകെട്ടൽ.
തൃശ്ശൂർ ശോഭാസിറ്റിയിലെ ഭൂമിയും കെട്ടിടങ്ങളുമുൾപ്പെടെ 81.54 കോടി രൂപ വിലമതിക്കുന്ന 33 വസ്തുക്കൾ, 91.22 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ, 5.58 കോടിരൂപയുടെ സ്ഥിരനിക്ഷേപങ്ങൾ, ജോയ് ആലുക്കാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 217.81 കോടി രൂപയുടെ ഓഹരികൾ എന്നിവയാണ് കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നത്.
പൂര്വ്വ വിദ്യാര്ഥിയുടെ കൊടുംക്രൂരതയില് കോളേജ് പ്രിന്സിപ്പാളിന് ദാരുണാന്ത്യം. പ്രിന്സിപ്പളിനോടുള്ള വൈരാഗ്യത്തില് കോളേജിലെത്തിയ പൂര്വ്വ വിദ്യാര്ഥി പെട്രോള് ഒഴിച്ച് പ്രിന്സിപ്പാളിനെ തീകൊളുത്തി. മധ്യപ്രദേശിലെ ഇന്ഡോറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇന്ഡോറിലെ ബിഎം ഫാര്മസി കോളജ് പ്രിന്സിപ്പല് വിമുക്ത ശര്മ (54) ആണ് കൊല്ലപ്പെട്ടത്. 80 ശതമാനവും പൊള്ളലേറ്റ വിമുക്ത സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
പൂര്വ വിദ്യാര്ഥിയായ അശുതോഷ് ശ്രീവാസ്തവ (24)യാണ് അക്രമത്തിന് പിന്നില്. മാര്ക്ക് ഷീറ്റ് നല്കാത്തതിലുള്ള വൈരാഗ്യത്താലാണ് പ്രിന്സിപ്പളിന്റെ കൊലപാതകത്തിന് കാരണമെന്നാണ് പിടിയിലായ പ്രതി (24) പോലീസിനോട് പറഞ്ഞത്.
ഇക്കഴിഞ്ഞ ദിവസമാണ് കോളേജില് കയറി വന്ന അശുതോഷ് പ്രിന്സിപ്പളിനെ പ്രെട്രോളൊഴിച്ച് തീകൊളുത്തിയത്. ചികിത്സയിലിക്കെ ശനിയാഴ്ചയാണ്പ്രിന്സിപ്പള് വിമുക്ത ശര്മ മരണത്തിന് കീഴടങ്ങിയത്. മാര്ക്ക് ഷീറ്റ് വൈകിയതിന്റെ പേരിലാണ് പൂര്വ വിദ്യാര്ഥിയായ അശുതോഷ് പ്രിന്സിപ്പളിനോട് ക്രൂരത കാട്ടിയത്.
ഈ മാസം ഇരുപതാം തിയതിയാണ് അശുതോഷ് കോളേജിലെത്തി ജീവനക്കാരുടെ മുന്നില് വെച്ച് വിമുക്ത വര്മ്മയെ പെട്രോളൊഴിച്ച് സിഗരറ്റ് ലൈറ്റര് ഉപയോഗിച്ച് തീ കൊളുത്തിയത്. അശുതോഷിനും പൊള്ളലേറ്റിരുന്നു. ഓടിക്കൂടിയ ജീവനക്കാര് വിമുക്ത ശര്മയെ രക്ഷിക്കാന് ശ്രമിച്ചെങ്കിലും കാര്യമായി പൊള്ളലേറ്റിരുന്നു. ആളികത്തിയ തീ അണച്ച ശേഷം ജീവനക്കാര് ഉടന് തന്നെ പ്രിന്സിപ്പളിനെ അടുത്തുള്ള ആശുപത്രിയില് എത്തിച്ചിരുന്നു. എന്നാല് 80 ശതമാനത്തിലേറെ പൊള്ളലേറ്റ വിമുക്ത നാല് ദിവസത്തെ ചികിത്സയ്ക്കൊടുവില് മരണത്തിന് കീഴടങ്ങുകയായിരുന്നു.
പ്രിന്സിപ്പളിനെ തീകൊളുത്തുന്നതിനിടെ അശുതോഷിനും 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം പിടിക്കെട്ട ഇയാള് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാല് ചികിത്സയ്ക്കിടെ പോലീസ് നിരീക്ഷണം ഏര്പ്പെടുത്തിയിട്ടുണ്ട്. 2022 ല് ഫലം വന്ന ഏഴ്, എട്ട് സെമസ്റ്ററുകളുടെ മാര്ക്ക് ലിസ്റ്റ് നല്കാത്തതാണ് ആക്രമണത്തിന്റെ കാരണമെന്നാണ് അശുതോഷ് പോലീസിനോട് പറഞ്ഞത്.
പലതവണ ആവശ്യപ്പെട്ടിട്ടും കോളേജില് നിന്ന് മാര്ക്ക് ലിസ്റ്റ് കിട്ടിയില്ലെന്നും അതുകൊണ്ടാണ് കോളേജിലെത്തിയതെന്നും അശുതോഷ് പറഞ്ഞു. പ്രിന്സിപ്പല് വീട്ടിലേക്ക് മടങ്ങാനിറങ്ങിയപ്പോള് കാത്തുനിന്നാണ് ആക്രമണം നടത്തിയത്. അശുതോഷിനെ കോടതിയില് ഹാജരാക്കി പോലീസ് കസ്റ്റഡിയില് വാങ്ങിയിട്ടുണ്ട്.