Crime

കെജെ യേശുദാസിനെയും കെഎസ് ചിത്രയെയും കല്ലെറിഞ്ഞയാളെ പിടികൂടി. 24 വര്‍ഷം മുമ്പ് നടന്ന മലബാര്‍ മഹോത്സവത്തിനിടെയാണ് സംഭവം. ബേപ്പൂര്‍ മാത്തോട്ടം സ്വദേശി പണിക്കര്‍ മഠം എന്‍ വി അസീസ് (56) ആണ് അറസ്റ്റിലായത്. നടക്കാവ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. വഴിയോരത്ത് പഴക്കച്ചവടം ചെയ്യുന്നയാളാണ് അസീസ്.

1999 ഫെബ്രുവരി ഏഴിന് രാത്രി 9:15നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. ഗാനമേള നടക്കുന്ന വേളയില്‍ നഴ്‌സസ് ഹോസ്റ്റലിന് മുന്‍വശത്ത് നിന്നാണ് കല്ലേറുണ്ടായത്. കല്ലെറിഞ്ഞ കൂട്ടത്തില്‍ നിന്ന് പിടിക്കപ്പെടാതെ രക്ഷപ്പെട്ടയാളായിരുന്നു അസീസ് എന്ന് അന്വേഷണ സംഘം പറയുന്നു.

മാത്തോട്ടത്ത് നിന്ന് മാറി മലപ്പുറത്തെ മുതുവല്ലൂരില്‍ പുളിക്കല്‍കുന്നത്ത് വീട്ടില്‍ താമസിക്കുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്. മാത്തോട്ടത്തെ അയല്‍വാസി നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഈ പ്രദേശം കേന്ദ്രീകരിച്ച് അന്വേഷണം തുടര്‍ന്നത്. നടക്കാവ് സി ഐ ആയിരുന്നു അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍.

കേസില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫ്സ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അസീസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി കെ ജിജിഷിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം വി ശ്രീകാന്ത്, സി ഹരീഷ് കുമാര്‍, പി കെ ബൈജു, പി എം ലെനീഷ് എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ അസീസിനെ ജാമ്യത്തില്‍ വിട്ടയച്ചു.

കേരള-കർണാടക അതിർത്തിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. പേരടുക്ക സ്വദേശികളായ പാൽ സൊസൈറ്റി ജീവനക്കാരായ രഞ്ജിത, രമേശ് റായി എന്നിവരാണ് മരിച്ചത്. കുറ്റുപാടിക്ക് സമീപം തിങ്കളാഴ്ച പുലർച്ചെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

കാട്ടാന രഞ്ജിതയെ ആക്രമിക്കുന്നതിനിടെ രമേശ് റായി രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് രമേശ് റായിയെയും കാട്ടാന ആക്രമിച്ചത്. കാട്ടാനയുടെ ചവിട്ടേറ്റ ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

മക്കളോടുള്ള പ്രതികാരം തീർത്തത് അമ്മയോട്. 15 അംഗ സംഘം വീട് കയറി അക്രമിച്ചതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു. ഒഴുകുപാറ സ്വദേശി സുജാത (55) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മുഖം മൂടിയെത്തിയ സംഘം സുജാതയെ ആക്രമിച്ചത്. ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സുജാത കോട്ടം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

സുജാതയുടെ മക്കളായ സൂര്യ ലാൽ,ചന്ദ്രലാൽ എന്നിവരെ അന്വേഷിച്ചെത്തിയ സംഘമാണ് സുജാതയെ ആക്രമിച്ചത്. മക്കളോടുള്ള പ്രതികാരം മക്കളെ കിട്ടാത്തതിനാൽ അമ്മയുടെ മേൽ തീർക്കുകയായിരുന്നു. മുഖം തോർത്ത് കൊണ്ട് മറച്ച പതിനഞ്ചോളം പേരാണ് വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്.

മക്കളെ ചോദിച്ച് സുജാതയുടെ തലയ്ക്ക് കമ്പി വടി കൊണ്ട് അടിച്ചു. കൂടാതെ കല്ലുകൊണ്ട് ശരീരത്തിൽ മർദിച്ചു. സുജാതയുടെ വാരിയെല്ലുകൾ തകർന്ന നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആരോഗ്യ നില വഷളാവുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം ശനിയാഴ്ച സമീപവാസികളായ സന്ധ്യയും ശരണും തമ്മിൽ വഴിയെ ചൊല്ലി തർക്കമുണ്ടാകുകയും തർക്കത്തിൽ സുജാതയുടെ മക്കൾ സന്ധ്യക്കൊപ്പം നിൽക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അക്രമണമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ഭർത്താവിനെയും ഭർതൃ മാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റിൽ. ഗുവാഹത്തി സ്വദേശികളായ കലിത (28) കാമുകൻ ധൻജിത്ത് (33) എന്നിവരാണ് അറസ്റ്റിലായത്. ഭർത്താവിനെയും ഭർതൃ മാതാവിനെയും കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയും കാമുകന്റെ സഹായത്തോടെ കൊക്കയിൽ ഉപേക്ഷിക്കുകയുമായിരുന്നു.

ഏഴ് മാസങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. കലിതയ്ക്ക് മറ്റൊരു യുവാവുമായി അവിഹിത ബന്ധമുണ്ടെന്ന് ഭർത്താവ് അമർജ്യോതി അറിയുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. കാമുകനും കലിതയും ചേർന്നാണ് കൊലപാതകം നടത്താനുള്ള പദ്ധതി തയ്യാറാക്കിയത്.

ഭർത്താവിനെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഭർതൃ മാതാവ് ശങ്കരിയെ കൊലപ്പെടുത്തിയത്. ശങ്കരിയുടെ പേരിലുള്ള സ്വത്തുക്കൾ കൈക്കലാക്കുന്നതിനായാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് കലിത പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

എറണാകുളം സ്വദേശിനിയായ നഴ്‌സിങ് വിദ്യാർത്ഥിനിയെ മദ്യം നൽകി സുഹൃത്തുക്കൾ കൂട്ടബലാൽസംഘത്തിന് ഇരയാക്കി. ബലമായി മദ്യം നൽകിയതിന് ശേഷം പീഡിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഭവത്തിന് ശേഷം പെൺകുട്ടിയെ ഉപേക്ഷിച്ച് സുഹൃത്തുക്കൾ കടന്ന് കളഞ്ഞു.

കോഴിക്കോട് നഗരത്തിൽ സുഹൃത്തുക്കൾ താമസിച്ചിരുന്ന മുറിയിൽ പെൺകുട്ടിയെ എത്തിച്ച് ബലമായി മദ്യം നൽകുകയായിരുന്നു. മദ്യ ലഹരിയിലായ പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച രാവിലെയാണ് പ്രതികൾ താമസ സ്ഥലത്ത് പെൺകുട്ടിയെ ഉപേക്ഷിച്ച് രക്ഷപെട്ടത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. പ്രതികളെ ഉടൻ പിടികൂടാൻ സാധിക്കുമെന്ന് പോലീസ് അറിയിച്ചു.

 

പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട എബിൻ മാത്യുവിന്റെ(24) മൃതദേഹം കണ്ടെത്തി. സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു പേരായിരുന്നു ഒഴുക്കിൽപ്പെട്ടത്. ഇതിൽ സഹോദരങ്ങളായ മെറിൻ(18), മെഫിൻ(15) എന്നിവരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. എബിനായി തെരച്ചിൽ തുടരുന്നതിനിടെയാണ് 30 അടി താഴ്ചയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

മാരാമണ്‍ കണ്‍വെൻഷനെത്തിയവരായിരുന്നു ഇവർ. എട്ടംഗസംഘമാണ് ചെട്ടികുളങ്ങരയിൽനിന്ന് മോട്ടോർ സൈക്കിളിൽ മാരാമൺ കൺവെൻഷനെത്തിയത്. കൺവെൻഷന്റെ ഭാഗമായി യുവവേദി നടത്തിയ ബൈക്കു റാലിക്കുശേഷമാണ് ഇവർ കുളിക്കാനിറങ്ങിയത്. ഇതിനിടെ മെഫിൻ നദിയുടെ മധ്യഭാഗത്തേക്കു നീങ്ങുമ്പോൾ കയത്തിൽ താഴ്‌ന്നുപോയി.കണ്ടുനിന്ന മെറിനും എബിനും രക്ഷിക്കാനായി ആറ്റിലേക്കു ചാടിയെങ്കിലും അവരും കയത്തിലകപ്പെട്ടു. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും മൂവരും മുങ്ങിപ്പോവുകയായിരുന്നു.

കോഴഞ്ചേരി ആശുപത്രിയിൽ നിന്ന് രാവിലെ ഒമ്പത് മണിയോടെ മെറിന്റെയും മെഫിന്റെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. മെഫിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി അടുത്തുള്ള മോർച്ചറിയിലേക്ക് മാറ്റി. മെറിന്റെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. എബിന്റെ മൃതദേഹം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ വെച്ച് പോസ്റ്റുമോർട്ടം നടത്തും.

ചെട്ടികുളങ്ങര പേള മൂന്നുപറയിൽ മെറിൻ വില്ലയിൽ അനിയൻകുഞ്ഞിന്റെയും ലിജോമോളുടെയും മക്കളാണ് മെഫിൻ, മെറിൻ, ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് തോണ്ടപ്പുറത്ത് രാജുവിന്റെയും ലവ്‌ലിയുടെയും മകനാണ് എബിൻ മാത്യു(സോനു).

ജസ്ന കേസിൽ നിർണായക വെളിപ്പെടുത്തൽ. ജസ്നയുടെ തിരോധാനത്തെക്കുറിച്ച് സഹതടവുകാരനായ യുവാവിന് അറിയാമെന്നാണ് പോക്‌സോ കേസില്‍ പൂജപ്പുര ജയിലിൽ കഴിയുന്ന തടവുകാരന്റെ വെളിപ്പെടുത്തൽ. ഇതേക്കുറിച്ച് തടവുകാരന്‍ സിബിഐക്ക് മൊഴി നല്‍കി.

ജസ്നയെ കാണാതായിട്ട് അഞ്ചു വര്‍ഷം പിന്നിടുമ്പോഴാണ് കേസിലെ പുതിയ വെളിപ്പെടുത്തല്‍. ആദ്യം ക്രൈംബ്രാഞ്ച് ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്. ഇപ്പോൾ സി.ബി.ഐക്ക് അന്വേഷിക്കുന്നത്. എന്നാൽ കഴിഞ്ഞ അഞ്ചു വർഷമായി ജസ്നയുടെ തിരോധാനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. തിരോധാനത്തിലെ ദുരൂഹത ഇപ്പോഴും തുടരുകയാണ്.

ഇതിനിടെയാണ് പൂജപ്പുര ജയിലിൽ കഴിയുന്ന പ്രതി, ജസ്നയുടെ തിരോധാനത്തെക്കുറിച്ച് സഹതടവുകാരന് അറിയാമെന്ന് സി.ബി.ഐയോട് വെളിപ്പെടുത്തിയിരിക്കുന്നത്. ‘ജസ്നയെ നേരത്തെ തന്നെ അറിയാം. ജസ്നയുടെ തിരോധാനത്തെക്കുറിച്ച് നിർണായക വിവരങ്ങൾ അറിയാം’ എന്ന് സഹതടവുകാരൻ തന്നോട് പറഞ്ഞുവെന്നാണ് തടവുകാരന്റെ വെളിപ്പെടുത്തൽ.

നാല് മാസം മുമ്പാണ് സംഭവം നടക്കുന്നത്. പോക്സോ കേസിൽ നിലവിൽ പൂജപ്പുര ജയിലിൽ കഴിയുന്ന പ്രതിയാണ് ജയിൽ സൂപ്രണ്ടിനോട് ഇക്കാര്യം ആദ്യം പറഞ്ഞത്. കൊല്ലം ജയിലിൽ തന്റെ കൂടെ കഴിഞ്ഞ സഹതടവുകാരനായ മോഷണക്കേസ് പ്രതിയും പത്തനംതിട്ട സ്വദേശിയുമായ പ്രതിയ്ക്ക് ജസ്നയെക്കുറിച്ച് ചില കാര്യങ്ങൾ അറിയാം എന്ന് പറഞ്ഞതായി ഇയാൾ പറഞ്ഞത്. തുടർന്ന് സി.ബി.ഐ. പൂജപ്പുര ജയിലിൽ എത്തി തടവുകാരന്റെ മൊഴി രേഖപ്പെടുത്തി. ഇയാൾ പറഞ്ഞ വിലാസം അനുസരിച്ച് പത്തനംതിട്ട സ്വദേശിയായ തടവുകാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സി.ബി.ഐ. ഇയാൾ ഇപ്പോൾ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.

പത്താം ക്ലാസ് വിദ്യാർത്ഥിനി അശ്വതിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും. പെൺകുട്ടിയുടെ മരണം വിഷം ഉള്ളിൽ ചെന്നെന്ന സൂചനകൾ പുറത്ത് വന്നതോടെയാണ് സംഭവത്തിൽ ദുരൂഹത ഉയർന്നിരിക്കുന്നത്. വിഷം ഉള്ളിൽ ചെന്നൊണ് കുട്ടി മരണപ്പെട്ടതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് സൂചനയുള്ളത് എന്നാൽ അശ്വതി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സഹപാഠികളും ബന്ധുക്കളും പറയുന്നു. അതേസമയം, മകളുടെ മരണത്തിന്റെ കാരണം അറിയാതെ കണ്ണീരൊഴുക്കുകയാണ് മാതാപിതാക്കൾ.

മാതിരപ്പിള്ളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് അശ്വതി. സ്‌കൂളിൽ വച്ച് ഛർദ്ദിച്ചതിനെ തുടർന്ന് അധ്യാപകർ അശ്വതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അശ്വതി മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരി ആറിനാണ് അശ്വതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അന്നു രാവിലെ സ്‌കൂളിൽ ഐടി പ്രാക്ടിക്കൽ പരീക്ഷയ്ക്ക് എത്തിയപ്പോഴാണ് അശ്വതിയ്ക്ക് ഛർദി അനുഭവപ്പെട്ടത്. ഛർദ്ദിച്ച് കുഴഞ്ഞു വീണതിനെ തുടർന്ന് കുട്ടിയെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് ആരോഗ്യനില ഗുരുതരമായതിനാൽ അവിടെ നിന്ന് പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി. കുട്ടിയുടെ ആരോഗ്യ നില മോശമായതിനാൽ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കൂടുതൽ പരിശോധനയിൽ കിഡ്നി ഉൾപ്പടെ ആന്തരികാവയങ്ങൾ പ്രവർത്തനരഹിതമായതായി കണ്ടെത്തിയിരുന്നു.

അശ്വതി വീട്ടിൽ നിന്ന് പരീക്ഷയ്ക്കായി പോയത് സന്തോഷവതിയായിട്ടാണ് എന്ന് വീട്ടുകാർ പറയുന്നു. വിഷം എങ്ങനെ അശ്വതിയുടെ ശരീരത്തിൽ എത്തിയെന്നുള്ള വിവരമാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. അശ്വതിയുടേത് ആത്മഹത്യയായിരിക്കില്ലെന്നാണ് സഹപാഠികളുടെ മൊഴി.

കുട്ടമ്പുഴ സ്വദേശി കറുകടത്ത് മറ്റനായിൽ സിമിലേഷ്-ഉമ ദമ്പതിമാരുടെ മകളാണ് അശ്വതി. നന്നായി പഠിക്കുന്ന കൂട്ടത്തിലായിരുന്നു അശ്വതി എന്നാണ് വിവരം. പെൺകുട്ടിയുടേത് ആത്മത്യാണെന്ന സംശയമുയർന്നിരുന്നെങ്കിലും സാഹചര്യത്തെളിവുകൾ അതിന് യോജ്യമല്ലെന്നാണ് അന്വേഷണസംഘം പറയുന്നത്.

മൂന്നര മാസം മുൻപ് ദുബായിൽ നിന്നു കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പുത്തലത്ത് വീട്ടില്‍ അമല്‍ സതീശനെ (29) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ 20 മുതലാണ് അമല്‍ സതീശിനെ ദുബായില്‍ നിന്ന് കാണാതായത്.

മുറിയില്‍നിന്ന് വൈകിട്ട് പുറത്തു പോയ അമല്‍ പിന്നീട് തിരികെ എത്തിയിരുന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളും നല്‍കിയ പരാതിയില്‍ ദുബായ് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെ റാഷിദിയ ഭാഗത്ത് വച്ച് മൃതദേഹം കണ്ടെത്തുകയായിരുന്നു. റാഷിദിയയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങിമരിച്ചനിലയയിലാണ് അമലിനെ കണ്ടെത്തിയത്.

ദുബായില്‍ സ്വകാര്യ സ്ഥാപനത്തില്‍ എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് അമല്‍ ജോലിക്ക് കയറിയത്. ഇതിനിടെയാണ് അമലിനെ താമസസ്ഥലത്തുനിന്ന് കാണാതായത്. കാണാതായ ഉടന്‍ സാമൂഹിക പ്രവര്‍ത്തകരും അമലിന്റെ നാട്ടുകാരും പലയിടങ്ങളിലും ഊർജിതമായി അന്വേഷണം നടത്തിയിരുന്നു.

ദുബായ് റാഷിദിയ ഭാഗത്തുവച്ചായിരുന്നു അമലിന്റെ ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ചത്. അതിനാല്‍ തന്നെ സിം കാര്‍ഡ് കേന്ദ്രീകരിച്ചുളള അന്വേഷണവും മുന്നോട്ട് പോയില്ല. മൂന്നുമാസമായിട്ടും മകനെക്കുറിച്ച് വിവരം ലഭിക്കാതിരുന്നതോടെ അമലിന്റെ പിതാവ് സതീശ് ദുബായിലെത്തിയിരുന്നു. രണ്ടു ദിവസങ്ങൾക്ക് മുന്‍പാണ് അദ്ദേഹം തിരികെപോയത്.

ഇപ്പോള്‍ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.

വ്യഭിചാരക്കുറ്റം ചുമത്തി വധശിക്ഷ വിധിച്ച മലയാളിക്ക് ഇളവ്. റിയാദ് ജയിലില്‍ കഴിയുന്ന മലപ്പുറം, ഒതായി സ്വദേശി സമീര്‍ പെരിഞ്ചേരിക്കാണ് (38) വധശിക്ഷയിൽ ഇളവ് ലഭിച്ചത്. തുടർച്ചയായി നടത്തിയ നിയമപോരാട്ടമാണ് സമീറിന് തുണയായത്. ഏകദേശം ഒരു വര്‍ഷം മുമ്പ് റിയാദിലെ ബത്ഹയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ സ്ത്രീകള്‍ ഉള്‍പ്പടെ പിടിയിലായ സംഘത്തിനൊപ്പമുണ്ടായിരുന്ന സമീർ ജയിലിലാകുകയായിരുന്നു.

ഈ സംഘത്തിലെ ഇന്തോനേഷ്യന്‍ യുവതി സമീറിനെതിരെ മൊഴി നൽകിയതോടെയാണ് വ്യഭിചാരക്കുറ്റം ചുമത്തി ശരീഅത്ത് നിയമപ്രകാരം വധശിക്ഷക്ക് വിധിച്ചത്. സുഹൃത്തുക്കളുടെ സഹായത്തോടെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നൽകിയെങ്കിലും സമീറിന്‍റെ വധശിക്ഷ ശരിവെക്കുകയാണുണ്ടായത്.

ഇതോടെ സമീറിനെ വധശിക്ഷയിൽനിന്ന് ഒഴിവാക്കാനായി ഇടപെടണമെന്ന ആവശ്യവുമായി കുടുംബം റിയാദിലെ ഇന്ത്യൻ എംബസിയെ സമീപിച്ചു. സാമൂഹികപ്രവര്‍ത്തകന്‍ സുധീര്‍ മണ്ണാര്‍ക്കാടിന് കേസിന്‍റെ തുടര്‍നടപടികളില്‍ ഇടപെടാന്‍ എംബസി സമ്മതപത്രം നൽകി. ഇതേത്തുടർന്ന് വീണ്ടും മേൽക്കോടതിയെ സമീപിക്കുകയും നിയമപോരാട്ടം തുടരുകയും ചെയ്തതോടെ കേസ് പുനഃപരിശോധിക്കാൻ കോടതി തയ്യാറാകുകയായിരുന്നു.

സമീറിനെതിരായ കുറ്റം തെളിയിക്കാൻ ആവശ്യമായ സാക്ഷികളോ തെളിവുകളോ ഈ കേസിൽ ഇതുവരെയും ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്ന പ്രതിഭാഗത്തിന്‍റെ വാദമാണ് നിർണായകമായത്. ഈ വാദം അംഗീകരിച്ച റിയാദ് കോടതി കഴിഞ്ഞ വ്യാഴാഴ്ച വധശിക്ഷാ വിധി സ്റ്റേ ചെയ്യാൻ ഉത്തരവിടുകയായിരുന്നു. എന്നാൽ സമീറിന്റെ ജയിൽമോചനം സാധ്യമായിട്ടില്ല. സൌദി നിയമപ്രകാരമുള്ള തടവും പിഴയും ഉള്‍പ്പടെയുള്ള ശിക്ഷ സമീർ അനുഭവിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്.

RECENT POSTS
Copyright © . All rights reserved