തിരുവനന്തപുരം മ്യൂസിയത്തിനു സമീപം സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.മുഹമ്മദ് ബഷീറാണ് മരിച്ചത്. അമിത വേഗത്തിലായിരുന്ന വാഹനം ബഷീറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരുക്കേറ്റ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി. അതേസമയം അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ആരെന്നതില്‍ സ്ഥിരീകരണമായിട്ടില്ല.
അപകട സമയത്ത് വാഹനമോടിച്ചതാരെന്ന് വ്യക്തമായിട്ടില്ലെന്ന് മ്യൂസിയം എസ് ഐ ജയപ്രകാശ് പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ശ്രീറാം വെങ്കിട്ടരാമനാണ് വണ്ടിയോടിച്ചെതന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യം മൊഴിയായി പറയാൻ ആരും തയ്യാറായില്ലെന്നും എസ് ഐ വ്യക്തമാക്കി.
അപകടത്തിന്റെ ശബ്ദം കേട്ടാണ് തൊട്ടടുത്ത മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ സംഭവസ്ഥലത്തെത്തിയത്. അപകടസമയത്ത് ശ്രീറാം മദ്യലഹരിയിലായിരുന്നു. ശ്രീറാമിന്റെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചതിന് ശേഷമാണ് അദ്ദേഹത്തെ സ്റ്റേഷനിൽ എത്തിച്ചത്. അതേസമയം, താനല്ല തനിക്കൊപ്പമുണ്ടായിരുന്നു സുഹൃത്ത് വഫാ ഫിറോസാണ് വാഹനമോടിച്ചതെന്ന് ശ്രീറാം പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍, വാഹനം ആരാണ് ഓടിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും ഇത് സ്ഥിരീകരിക്കുന്നതിനായി അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് എസ്ഐ വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ അപകടത്തിന് ശേഷം പൊലീസ് എടുക്കേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് വാഹനമോടിച്ചതെന്ന് ശ്രീറാം വെങ്കിട്ടരാമൻ വിശദീകരില്ലെങ്കിലും മാധ്യമപ്രവർത്തകരുടെ നിർബന്ധത്തിന് ശേഷമാണ് ഇവരെ പൊലീസ് വിളിച്ച് വരുത്തിയതെന്നും ആരോപണങ്ങളുണ്ട്. വഫയെ വൈദ്യ പരിശോധനയ്ക്കായി ഹാജരാക്കി. ഇവരുടെ പേരിലാണ് വാഹനം.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീറാണ് മരിച്ചത്. അമിത വേഗതയിൽ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനിൽ വച്ച് പബ്ലിക്ക് ഓഫീസിന്റെ മതിലിലേക്ക് ബഷീറിനെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൊല്ലത്ത് സിറാജ് പത്രത്തിന്റെ യോഗത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബഷീറിന്റെ ബൈക്ക് അപകടത്തിൽപെട്ടത്. വൈദ്യ പരിശോധനയിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാര്‍ഥയുടെ മരണം അക്ഷരാർത്ഥത്തിൽ ഏവരെയും ഞെട്ടിച്ചിരുന്നു. സിദ്ധാര്‍ത്ഥ ഡയറക്ടര്‍ ബോര്‍ഡിന് എഴുതിയ കത്ത് പൊലീസിന് കിട്ടിയിരുന്നു. ഇപ്പോഴിതാ നേത്രാവതി പാലത്തിലിറങ്ങുന്നതിന് തൊട്ടുമുമ്പ് ഇദ്ദേഹം ഇരുപതിലേറെ ഫോണ്‍കോളുകള്‍ നടത്തിയിരുന്നെന്ന് ഡ്രൈവര്‍ മൊഴി നല്‍കി.
ഇതിലൊക്കെ ആരോടൊക്കെയോ ക്ഷമാപണം നടത്തിയിരുന്നെന്നും സിദ്ധാര്‍ത്ഥയുടെ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി. പാലത്തിലിറങ്ങിയ ശേഷവും അദ്ദേഹം ആരെയൊക്കെയോ ഫോണില്‍ വിളിക്കുന്നുണ്ടായിരുന്നെന്നും ഡ്രൈവര്‍ പറഞ്ഞു. പതിവില്‍ നിന്ന് വിപരീതമായ അന്ന് അദ്ദേഹം വീട്ടില്‍ നിന്ന് നേരത്തെ ഇറങ്ങിയെന്ന് ബന്ധുക്കള്‍ പറയുന്നു.
അതേ സമയം സിദ്ധാര്‍ത്ഥയുടെ മൃതദേഹത്തില്‍ ടീ ഷര്‍ട്ട് ഉണ്ടായിരുന്നില്ല. ടീ ഷര്‍ട്ട് അഴിച്ചാണ് പുഴയില്‍ ചാടിയതെങ്കില്‍ പാലത്തില്‍ ഇത് കാണേണ്ടതാണ്. പുഴയില്‍ ചാടിയ ശേഷം ടീ ഷര്‍ട്ട് അഴിക്കാനുള്ള സാധ്യത കുറവാണ്. സിദ്ധാര്‍ത്ഥിന്റെ ഫോണും ഇതുവരെ തെരച്ചില്‍ സംഘത്തിന് കിട്ടിയിട്ടില്ല. മൂക്കില്‍ നിന്ന് ചോര വാര്‍ന്ന നിലയിലാണ് മൃതദേഹം ലഭിച്ചത്. എന്നാല്‍, പഴ്സും ക്രെഡിറ്റ് കാര്‍ഡുകളും തിരിച്ചറിയല്‍ രേഖകളും മോതിരവും ഡിജിറ്റല്‍ വാച്ചും മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കാണാതായ ഫോണിനെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ച ശേഷം മാത്രമേ മരണം സംബന്ധിച്ച് വ്യക്തത വരികയുള്ളു.
തിങ്കളാഴ്‌ചയാണ് മംഗലാപുരത്ത് നേത്രാവതി നദിയിലെ പാലത്തില്‍ നിന്ന് സിദ്ധാര്‍ത്ഥയെ കാണാതായത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. പാലത്തില്‍ നിന്ന് നദിയിലേക്ക് ഒരാള്‍ വീഴുന്നത് കണ്ടതായി തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ഒരു മത്സ്യത്തൊഴിലാളി മംഗലാപുരം കനകനടി പൊലീസില്‍ ഫോണ്‍ ചെയ്‌ത് അറിയിച്ചിരുന്നു.ഇന്നലെ രാവിലെയാണ് സിദ്ധാര്‍ത്ഥയുടെ മൃതദേഹം നേത്രാവതി പുഴയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ബോളാര്‍ ഹൊയ്ഗെ ഐസ് പ്ളാന്റിന് സമീപത്തു നിന്നായി കണ്ടെത്തിയത്.സിദ്ധാര്‍ത്ഥയുടെ സംസ്കാരം ഇന്നലെ വൈകിട്ട് ചിക്കമംഗലൂരുവിലെ കുടുംബ എസ്റ്റേറ്റില്‍ നടന്നു.
നോട്ടിങ്ഹാമിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് വർധിച്ചുവരുന്നുവെന്ന് റിപ്പോർട്ടുകൾ. ദി ഇൻഡിപെൻഡന്റ് എൻക്വയറി ഇൻടു ചൈൽഡ് സെക്ഷ്വൽ അബ്യൂസ് (ഐ ഐ സി എസ് എ ) ആണ് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവിട്ടത്. ഫോസ്റ്റർ കെയറിൽ നിൽക്കുന്ന കുട്ടികളാണ് പലപ്പോഴും ഉദ്യോഗസ്ഥരുടെ ലൈംഗിക പീഡനങ്ങൾക്ക് ഇരയായത്. ഇത് സഹിക്കുകയും കണ്ടില്ലെന്ന് നടിച്ചു മിണ്ടാതിരിക്കുകയുമാണ് പതിവ്. ഇത്തരം ലൈംഗിക അതിക്രമങ്ങൾ വ്യാപകമാണെന്ന് ഐഐസിഎസ്എ അഭിപ്രായപ്പെട്ടു. 5 പതിറ്റാണ്ടുകളായി നോട്ടിങ്ഹാംസിറ്റിയും നോട്ടിങ്ഹാംഷെയർ കൺട്രി കൗൺസിലും കുട്ടികളെ സംരക്ഷിക്കുന്ന കാര്യത്തിൽ പരാജയപ്പെടുന്നു. കടുത്ത ബാല്യകാല അനുഭവങ്ങൾ ഉണ്ടാകുന്ന കുട്ടികളെയാണ് ഫോസ്റ്റർ കെയറിൽ അയക്കുന്നത്. കുട്ടികളെ വളർത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് അവരുടെ ഉത്തരവാദിത്തം. എന്നാൽ സംരക്ഷികേണ്ടവർ തന്നെ കുട്ടികളെ പീഡിപ്പിക്കുന്നത് നീചമായ പ്രവ്യത്തി ആണ്.
1960 മുതൽ ഇതുവരെ 350ഓളം പീഡനപരാതികൾ ലഭിച്ചിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇതിലുമേറെ പീഡനങ്ങൾ നടന്നിട്ടുണ്ട്. 1970നും 2019നും ഇടയിൽ 16ഓളം റെസിഡൻഷ്യൽ സ്റ്റാഫുകൾ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഒപ്പം 10 പരിചാരകരും കുറ്റവാളികളാണെന്ന് തെളിഞ്ഞിട്ടുണ്ട്. പീഡനങ്ങൾ പരാതിപ്പെടാൻ കുട്ടികൾക്ക് ഭയമായിരുന്നുവെന്ന് ബീച്ച്വുഡ് കമ്മ്യൂണിറ്റി ഹോമിലെ പഴയ താമസക്കാരി പറയുകയുണ്ടായി. 1980കളുടെ അവസാനത്തിലും 1990കളുടെ ആരംഭത്തിലും താൻ നേരിട്ട ലൈംഗികാതിക്രമങ്ങൾ , ക്ലെയർ ബ്ലെയിക് എന്ന സ്ത്രീ വിവരിക്കുകയുണ്ടായി. പീഡനത്തിനിരയാകേണ്ടിവന്ന കരോളിൻ നോളൻ തന്റെ അനുഭവവും തുറന്നുപറഞ്ഞു. “ഇത് വർഷങ്ങൾക്ക് മുമ്പേ പുറത്തുകൊണ്ടുവരേണ്ട കേസ് ആയിരുന്നു. ” പീഡനത്തിനിരയായ ഡേവിഡ് റോബിൻസൺ അഭിപ്രായപ്പെട്ടു.
അന്വേഷണത്തിന് നേതൃത്വം നൽകിയ ജോൺ ഒബ്രിൻ പറഞ്ഞു ” നോട്ടിങ്ഹാംഷെയറിലെ അന്വേഷണത്തിൽ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ്. ” ഉദ്യോഗസ്ഥർ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്ന് അറിഞ്ഞിട്ടും അത് തടയാൻ ശ്രമിക്കാതിരുന്ന ഫോസ്റ്റർ കെയറിലെ ചുമതലക്കാരെ ഐഐസിഎസ്എ കുറ്റപ്പെടുത്തി. ഒപ്പം പീഡനങ്ങളെ പറ്റി ഗൗരവമായി അന്വേഷിക്കാതിരുന്ന നോട്ടിങ്ഹാംഷെയർ പോലീസിനെയും അവർ വിമർശിച്ചു. ബീച്ച്വുഡ് ലൈംഗികാരോപണം ഉന്നയിച്ചപ്പോൾ 2 അച്ചടക്ക നടപടികൾ മാത്രമാണ് നടത്തിയതെന്ന് റിപ്പോർട്ടിൽ കണ്ടെത്തി. ഇവ രണ്ടും അപര്യാപ്തമാണ്. ” ഈ റിപ്പോർട്ടുകൾ ഞെട്ടിപ്പിക്കുന്നു. സംഭവിച്ച പീഡനങ്ങളിൽ എനിക്ക് തീർത്തും ലജ്ജ തോന്നുന്നു. ഇതിനെതിരെ ശക്തമായ നിയമനടപടികൾ കൊണ്ടുവരും.” കൺട്രി കൗൺസിൽ നേതാവ് കേ കട്ട്സ് ഉറപ്പുനൽകുകയുണ്ടായി.
മകളെ പീഡിപ്പിച്ച ബോക്സിങ് മുന്‍ ലോകചാംപ്യന്‍ കാര്‍ലോസ് മാനുവല്‍ ബാഡോമിറിന് 18 വര്‍ഷം കഠിന തടവ് . അര്‍ജന്റീനയിലെ സാന്റാ ഫേ കോടതിയാണ് ബാഡോമിറിന് ശിക്ഷവിധിച്ചത്. മുന്‍ ഭാര്യയുടെ പരാതിയില്‍ 2016ലാണ് ബാഡോമിര്‍ അറസ്റ്റിലായത്.
മകള്‍ക്ക് എട്ടുവയസുമാത്രം പ്രായമുള്ളപ്പോള്‍ നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് കണ്ടെത്തിയത് . 2012ലായിരുന്നു സംഭവം . 2006 ല്‍ സാബ് ജുഡായെ അട്ടിമറിച്ചാണ് ബാഡോമിര്‍ ബോക്സിങ് വാള്‍ട്ടര്‍വെയിറ്റ് ലോകകിരീടം സ്വന്തമാക്കിയത. വിചാരണയുടെ ഭാഗമായി മൂന്നുകൊല്ലമായി ബാഡോമിര്‍ ജയിലിലാണ് . 20 വര്‍ഷം തടവാണ് പ്രോസിക്യൂഷന്‍ അവശ്യപ്പെട്ടത്.
മാലിദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് തമിഴ്നാട്ടില്‍ പിടിയില്‍. ചരക്കുകപ്പലില്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് പിടിയിലായത്. തൂത്തുക്കുടി തുറമുഖത്ത് വച്ച് തമിഴ്നാട് പോലീസാണ് അദീബിനെ പിടികൂടിയത്. ചരക്കുകപ്പലിലെ ജീവനക്കാരന്‍റെ വേഷത്തിലാണ് അദീബ് തൂത്തുക്കുടിയില്‍ എത്തിയത്.
മുന്‍ പ്രസിഡന്റ് അബ്ദുല്ല യമീനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണ നേരുന്നയാളാണ് അദീബ്. മറ്റു ചില അഴിമതിക്കേസുകളിലും അദീബ് പ്രതിയാണ്.2015 സെപ്റ്റംബര്‍ 28ന് സൗദി സന്ദര്‍ശനം കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് സ്പീഡ് ബോട്ടില്‍ സഞ്ചരിക്കവെയാണ് അബ്ദുല്ല അമീനെ ബോട്ട് തകര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്‌ഫോടനത്തില്‍ നിന്നും അബ്ദുല്ല അമീന്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ അദീബിന്റെ പാസ്പോര്‍ട്ട് മാലി ദ്വീപ് അധികൃതര്‍ തടഞ്ഞുവച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച അദീബിനെ കാണാതായെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അദീബ് ഇന്ത്യയിലേക്ക് കടന്നേക്കമെന്ന വിവരം മാലി ദ്വീപ് അധികൃതര്‍ കൈമാറിയിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാനത്തില്‍ തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അദീബ് പിടിയിലായത്.
Tuticorin Port (Tamil Nadu) Authority say they have detained the former vice-president of Maldives, Ahmed Adeeb. MEA says, ‘they are trying to ascertain the veracity of the reports.’ pic.twitter.com/9W4QDahnnR
— ANI (@ANI) August 1, 2019
അല്‍ക്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദന് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടതിന്റെ തിയതിയോ സ്ഥലമോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും എതിരായി ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്‌ത് ഹംസ വീഡിയോ ഓഡിയോ ടേപ്പുകള്‍ പുറത്തുവിട്ടിരുന്നു. ബുധനാഴ്ച രാവിലെ ഹംസ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപോ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനോ ഇതിനോടു പ്രതികരിച്ചിരുന്നില്ല.
ഫെബ്രുവരിയില്‍ ഹംസ ബിന്‍ ലാദന്റെ തലയ്ക്ക് അമേരിക്ക വിലയിട്ടിരുന്നു. അല്‍ക്വയ്ദ നേതാവായ ഹംസയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 7,08,00,000 രൂപ) വാഗ്ദാനം ചെയ്തിരുന്നത്. പാക്-അഫ്ഗാന് അതിര്‍ത്തിയില്‍ ഹംസ ബിന്‍ ലാദന് ഉണ്ടെന്നായിരുന്നു കണക്കുകൂട്ടല്‍.
2011-ല്‍ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ യുഎസ് സേനയാണ് ലാദനെ വധിക്കുന്നത്. ഈ സമയം ഹംസ ഇറാനില്‍ വീട്ടുതടങ്കലില്‍ ആയിരുന്നെന്നാണു കരുതപ്പെടുന്നത്.
ജന്മദിനാഘോഷങ്ങള്‍ക്കിടെ യുവാവ് കേക്കുമുറിച്ചത് തോക്കുപയോഗിച്ച് . തോക്കുപയോഗിച്ച യുവാവിനായി അന്വേഷണം ആരംഭിച്ച് പൊലീസ്. ഉത്തര്‍പ്രദേശിലെ ബഗ്പടിലാണ് പിറന്നാള്‍ ആഘോഷിക്കുന്നതിനിടെ യുവാവ് തോക്കുപയോഗിച്ച് കേക്കുമുറിച്ചത്. സുഹൃത്തുക്കളിലാരോ ചിത്രീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
സരുര്‍പൂര്‍ ഖേര്‍ക്കി ഗ്രാമത്തില്‍ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് നടത്തിയ ആഘോഷത്തിനിടെ പിറന്നാളുകാരനായ യുവാവ് കേക്ക് മുറിക്കുന്നതിന് മുമ്പ് തോക്കെടുത്ത് വെടിവെയ്ക്കുകയായിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇവര്‍ക്കെതിരെ നടപടി എടുക്കുമെന്നും യുവാവിനായി തെരച്ചില്‍ ആരംഭിച്ചതായും അറിയിച്ചു.
लाइव बर्थडे।। बागपत में फायरिंग कर काट केक@bptpolice @igrangemeerut @Uppolice pic.twitter.com/j9QGVmXW62
— Shadab Rizvi (@ShadabNBT) July 31, 2019
ഐ.എസില്‍ ചേര്‍ന്ന ഒരു മലയാളി യുവാവ് കൂടി കൊല്ലപ്പെട്ടു. എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്സിന്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഐഎസില്‍ ചേര്‍ന്ന് കൊല്ലപ്പെട്ട മലയാളികളുടെ എണ്ണം 39 ആയി
2017 ഏപ്രിലിലാണ് മലപ്പുറം എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്സിന്‍ ഐഎസില്‍ ചേര്‍ന്നത്. ഈ മാസം പതിനെട്ടിന് അഫ്ഗാനിസ്ഥാനിലുണ്ടായ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ മുഹ്സിന്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ കൊല്ലപ്പെട്ടതായി മലപ്പുറത്തുള്ള കുടുംബാംഗങ്ങള്‍ക്ക് വാട്ട്സാപ്പ് വഴി സന്ദേശം ലഭിച്ചു.
അഫ്ഗാനിസ്ഥാന്‍ നമ്പറില്‍ നിന്ന് മലയാളത്തിലായിരുന്നു സന്ദേശം. ഈ വിവരം പൊലീസില്‍ അറിയിക്കരുതെന്നും അറിയിച്ചാല്‍ പൊലീസ് നിങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും സന്ദേശത്തിലുണ്ട്. കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കനുസരിച്ച് ഐഎസില്‍ ചേര്‍ന്ന 98 മലയാളികളില്‍ 38 പേര്‍ വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടു.
പൊള്ളാച്ചി ∙ കിണത്ത്ക്കടവിൽ 10 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഇഷ്ടിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ മുത്തച്ഛൻ അറസ്റ്റിൽ. കിണത്ത്ക്കടവ് കുറുമ്പ പാളയം സ്വദേശി ശെൽവരാജ് (48) ആണ് അറസ്റ്റിലായത്.
ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒത്തക്കൽ മണ്ഡപം തൊപ്പം പാളയത്തു വഴിയരികിലെ കുറ്റിക്കാട്ടിൽ നിന്നു പ്ലാസ്റ്റിക് സഞ്ചിയിലാക്കിയ നിലയിൽ കുഞ്ഞിന്റെ മൃതദേഹം പൊലീസ് കണ്ടെത്തി. ഇയാളുടെ ആദ്യ ഭാര്യയിലെ മകൻ കുമാറിന്റെ ഏക മകൾ ധർഷിനിയാണു കൊല്ലപ്പെട്ടത്.
രണ്ടാം ഭാര്യ പിരിഞ്ഞു പോയതിനു മകനും ഭാര്യയും കാരണമായെന്ന വൈരാഗ്യമാണു കുഞ്ഞിനെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം മകന്റെ വീട്ടിലെത്തിയ ശെൽവരാജ് മരുമകളുടെ കൈവശമുണ്ടായിരുന്ന കുഞ്ഞിനെ തട്ടിയെടുത്ത് ബൈക്കിൽ കടന്നുകളയുകയായിരുന്നു.
ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താതായതിനെ തുടർന്നു പൊലീസിൽ പരാതിപ്പെട്ടു. കിണത്ത്ക്കടവ് ഇൻസ്പെക്ടർ മുരളിയുടെ നേതൃത്വത്തിൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കിണത്ത്ക്കടവ് റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
ചാവക്കാട് പുന്നയില്‍ വെട്ടേറ്റ നാല് കോൺഗ്രസ് പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു. പുന്ന സ്വദേശി നൗഷാദാണ് മരിച്ചത്. വെട്ടേറ്റ മറ്റ് മൂന്ന് പേരും ചികിത്സയിലാണ്.
ബിജേഷ്, നിഷാദ് സുരേഷ് എന്നിവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി ഒമ്പത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം.14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിക്കുന്നു. എന്നാല്‍ ആരോപണം എസ്ഡിപിഐ നിഷേധിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ചാവക്കാട് പൊലീസ് അറിയിച്ചു.