ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ട സിവിൽ പൊലീസ് ഓഫിസർ കുമാറിന്റെ ആമാശയത്തിൽ, പോസ്റ്റ്മോർട്ടത്തിൽ അസ്വാഭാവിക ഗന്ധം കണ്ടെത്തിയിരുന്നെന്നു സൂചന. ഇക്കാര്യം അന്നുതന്നെ പൊലീസിനെ അറിയിക്കുകയും രാസപരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ എറണാകുളത്തെ ഫൊറൻസിക് ലാബിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നതായാണു വിവരം.

ആദിവാസി വിഭാഗക്കാരനായ കുമാറിന്റെ മരണത്തിൽ ഭാര്യയും കുടുംബാംഗങ്ങളും ദുരൂഹത ആരോപിച്ചിരിക്കെ, ഫൊറൻസിക് ലാബിൽനിന്നുള്ള രാസപരിശോധനാ ഫലത്തിനും പ്രാധാന്യം കൽപിക്കപ്പെടുന്നു. സാധാരണഗതിയിൽ, പലപ്പോഴും മാസങ്ങളോളം വൈകാറുള്ള രാസപരിശോധനാ ഫലം വേഗം ലഭ്യമാക്കാൻ അന്വേഷണ സംഘത്തിന്റെ ഇടപെടൽകൂടി വേണ്ടി വരും.

സായുധസേനാ ക്യാംപിലെ പൊലീസുകാരനായിരുന്ന കുമാറിന്റെ മരണം ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ക്യാംപിൽ കുമാറിനു നേരെ ജാതി പറഞ്ഞുള്ള അധിക്ഷേപവും വിവേചനവും പീഡനവും നടന്നിരുന്നെന്നു മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരോടു പരാതിപ്പെട്ട ഭാര്യ സജിനി, മർദനത്തിൽ കൊല്ലപ്പെട്ട കുമാറിനെ റെയിൽവേ ട്രാക്കിൽ തള്ളിയതാകാമെന്നും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിനു നൽകിയ മൊഴിയിൽ ആരോപിച്ചിരുന്നു.