Crime

യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ദിവസം പെരിയയില്‍ കാണപ്പെട്ട കണ്ണൂര്‍ രാഷ്‌ട്രീയ കൊലപാതകക്കേസുകളിലെ രണ്ടു പ്രതികളെക്കുറിച്ച്‌ അന്വേഷണമില്ല. ആകെ 10 പ്രതികളുണ്ടെന്ന്‌ ആദ്യഅന്വേഷണസംഘം സൂചന നല്‍കിയിരുന്നെങ്കിലും അറസ്‌റ്റിലായ എട്ടു പ്രതികളില്‍ കേസ്‌ ഒതുക്കാനാണു നീക്കം. ഇവരില്‍ത്തന്നെ ഏഴു പ്രതികളേ ഇതുവരെ അറസ്‌റ്റിലായിട്ടുള്ളൂ.

പെരിയയില്‍ കണ്ണൂരുകാരായ രണ്ടു പ്രതികളുടെ സാന്നിധ്യത്തെക്കുറിച്ചു വ്യക്‌തതയുണ്ടെങ്കിലും പ്രാദേശിക ക്വട്ടേഷന്‍, വ്യക്‌തി വൈരാഗ്യം എന്നീ കാര്യങ്ങളില്‍ മാത്രമാണ്‌ അന്വേഷണം കേന്ദ്രീകരിക്കുന്നത്‌. സംഭവദിവസം പെരിയയില്‍ എത്തിയ കണ്ണൂര്‍ സംഘത്തെ പിന്നീടു കാണാതാവുകയായിരുന്നു.

കൊല്ലപ്പെട്ടവരുടെ ദേഹത്തെ മുറിവുകളുടെ സ്വഭാവമാണു പരിശീലനം ലഭിച്ച കൊലയാളിസംഘത്തിലേക്കു വിരല്‍ ചൂണ്ടുന്നത്‌. വാളുകളും ഇരുമ്പുദണ്ഡുകളുമാണു തെളിവെടുപ്പില്‍ കണ്ടെടുത്തതെങ്കിലും മഴുപോലെ കനമേറിയ ആയുധവും ഉപയോഗിച്ചിട്ടുണ്ടെന്നു മുറിവുകള്‍ സൂചിപ്പിക്കുന്നു. പ്രദേശത്തു കണ്ണൂര്‍ രജിസ്‌ട്രേഷനുള്ള വാഹനങ്ങളുണ്ടായിരുന്നെന്ന സൂചനയില്‍ പോലീസ്‌ ആദ്യം ശ്രദ്ധ കേന്ദീകരിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണു കണ്ണൂരിലെ രാഷ്‌ട്രീയ കൊലപാതകത്തില്‍ പ്രതികളായ രണ്ടുപേരുടെ തിരോധാനം വ്യക്‌തമായത്‌. എന്നാല്‍, ഇതുസംബന്ധിച്ച തുടരന്വേഷണത്തിനു ബാഹ്യസമ്മര്‍ദം തടസമായി. കൊലപാതകത്തില്‍ കൂടുതല്‍പേര്‍ക്കു പങ്കില്ലെന്ന്‌ അറസ്‌റ്റിലായവര്‍ മൊഴിനല്‍കിയെങ്കിലും ആദ്യഅന്വേഷണസംഘം വിശ്വാസത്തിലെടുത്തിരുന്നില്ല.

കേസ്‌ അന്വേഷണം ഇന്നലെ ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തു. കാസര്‍ഗോട്ടെത്തിയ മലപ്പുറം ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി: സി.എം. പ്രദീപിന്റെ നേതൃത്വത്തില്‍ കേസ്‌ ഡയറിയും ഫയലുകളും പരിശോധിച്ചു. നാളെ മുതല്‍ അന്വേഷണം ആരംഭിക്കും. മുഴുവന്‍ പ്രതികളെയും ഒരുമിച്ചു കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ട്‌ ക്രൈംബ്രാഞ്ച്‌ നാളെ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. അടുത്തയാഴ്‌ച സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റയും കാസര്‍ഗോട്ടെത്തും.

പ്രാദേശികനേതാക്കളുടെ സഹായത്തോടെ പുറത്തുനിന്നുള്ള ക്വട്ടേഷന്‍ സംഘം നടത്തിയ കൊലപാതകമെന്നായിരുന്നു ആദ്യഅന്വേഷണസംഘത്തിന്റെ നിഗമനം. എന്നാല്‍, സി.പി.എം. മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമുള്‍പ്പെടെ അറസ്‌റ്റിലായതോടെ പ്രാദേശിക ക്വട്ടേഷന്‍ എന്ന നിലയിലേക്ക്‌ അന്വേഷണം ഒതുക്കപ്പെട്ടു. തെളിവെടുപ്പില്‍ മുഖ്യപ്രതി എ. പീതാംബരന്‍ ചൂണ്ടിക്കാട്ടിയ തുരുമ്പിച്ച വാള്‍ കൊലപാതകത്തിനു പര്യാപ്‌തമല്ലെന്നു വിമര്‍ശനമുയര്‍ന്നതോടെയാണു കൂടുതല്‍ ആയുധങ്ങള്‍ക്കായുള്ള തെരച്ചിലിലേക്ക്‌ അന്വേഷണസംഘം തിരിഞ്ഞത്‌.

പീതാംബരനുമായി ഉറ്റബന്ധമുള്ളയാളുടെ റബര്‍ തോട്ടത്തിലെ പൊട്ടക്കിണറ്റില്‍നിന്നാണു തുരുമ്പിച്ച വാളും ഇരുമ്പുദണ്ഡുകളും കണ്ടെടുത്തത്‌. ഇതും ദുരൂഹമാണ്‌. പ്രതികള്‍ കാട്ടിക്കൊടുത്ത ആയുധങ്ങള്‍തന്നെയാണോ കൊലപാതകത്തിന്‌ ഉപയോഗിച്ചതെന്നു വ്യക്‌തമാകാന്‍ ഫോറന്‍സിക്‌ പരിശോധനാഫലം ലഭിക്കണം.

പട്ടാപ്പകൽ സ്കൂൾ ബസിൽ നിന്നും തട്ടിക്കൊണ്ടു പോയ ഇരട്ടക്കുട്ടികളെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ചിത്രകോട്ടിലാണ് നടുക്കിയ സംഭവം നടന്നത്. ഉത്തർപ്രദേശിലെ ബന്ത നദിയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്.

ഈ മാസം 12 നാണ് ആറു വയസുള്ള ഇരട്ടകളെ മുഖംമൂടിധാരികൾ തട്ടിക്കൊണ്ടു പോയത്. ഇവരുടെ കൈവശം തോക്കുകളുമുണ്ടായിരുന്നു. ചിത്രകോട്ടിലെ ഒരു ബിസിനസുകാരന്റെ മക്കളെയാണ് കടത്തിക്കൊണ്ടു പോയത്. അക്രമികളുടെ ദൃശ്യങ്ങൾ ബസിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു.

പ്രതികളെക്കുറിച്ച് വിവരങ്ങൾ കൈമാറുന്നവർക്ക് മധ്യപ്രദേശ് പൊലീസ് 50,000 രൂപ പ്രഖ്യാപിച്ചു. യുപി–മധ്യപ്രദേശ് പൊലീസ് സംയുക്തമായാണ് പ്രതികൾക്കായി തിരച്ചിൽ നടത്തിയത്. ആറു പേർ കസ്റ്റഡിയിലായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

സംഭവത്തെത്തുടർന്ന് ചിത്രകോട്ട് നഗരത്തിൽ പ്രദേശവാസികളുടെ പ്രതിഷേധമുണ്ടായി. സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. നിരോധനാഞ്ജയും ഏർപ്പെടുത്തി. കുട്ടികളുടെ പിതാവുമായോ കുടുംബവുമായോ ശത്രുതയുള്ളവരായിരിക്കാം കൃത്യത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു.

ആര്‍ക്കും വിശ്വസിക്കാന്‍ പറ്റാത്ത കഥയാണ് അമേരിക്കയില്‍ നിന്നും പുറത്തുവരുന്നത്. ക്രൈം ത്രില്ലര്‍ നോവലിനെ പോലും അമ്പരിപ്പിക്കുന്ന ഒരു ട്രാജഡി. സ്വന്തം കുട്ടികളായ 13 പേരെയാണ് അമേരിക്കയില്‍ മാതാപിതാക്കള്‍ തടവില്‍ പാര്‍പ്പിച്ച് ദാരുണമായി പീഡിപ്പിച്ചത്. 3 മുതല്‍ 30 വയസ്സുവരെ പ്രായമുള്ള ഇവരുടെ കുട്ടികളെ വര്‍ഷങ്ങളോളം വീട്ടില്‍ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതിന് ഒരു വര്‍ഷം മുന്‍പാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തത്. രാജ്യാന്തര തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസാണിത്.

സംഭവത്തില്‍ മാതാപിതാക്കള്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. ലൊസാഞ്ചലസ് സ്വദേശി ഡേവിഡ് അലന്‍ ടര്‍പിനും ഭാര്യ ലൂയിസ് അന്ന ടര്‍പിനുമാണ് തങ്ങളുടെമേല്‍ ചുമത്തിയ 14 കുറ്റങ്ങളും സമ്മതിച്ച് കോടതിയില്‍ മൊഴി നല്‍കിയത്.

13 കുട്ടികളാണ് ഡേവിഡ് അലന്‍ ടര്‍പിനും ഭാര്യ ലൂയിസ് അന്നയ്ക്കും ഉള്ളത്. ഇവരെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതിനാണ് ഡേവിഡിനും ലൂയിസിനുമെതിരെ കേസെടുത്തത്. 30 വയസ്സുള്ള മൂത്ത മകന്‍ മുതല്‍ 3 വയസ്സുള്ള ഇളയ കുട്ടിയെ വരെയാണ് ഇവര്‍ തടവില്‍ പാര്‍പ്പിച്ചത്. ലൊസാഞ്ചലല്‍സിലെ പെരിസിലെ വീട്ടില്‍ നിന്നു 17-കാരി ജോര്‍ദന്‍ സെല്‍ഫോണിലൂടെ പൊലീസിനെ വിവരമറിയിച്ച ശേഷം ജനാല വഴി രക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് ഞെട്ടിക്കുന്ന ഈ കഥ പുറംലോകം അറിയുന്നത്. നടപടികള്‍ക്കിടെ ജോര്‍ദന്‍ വിവരം അറിയിച്ച സെല്‍ഫോണ്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. അവള്‍ പറഞ്ഞ കഥകള്‍, മാതാപിതാക്കള്‍ക്ക് സ്വന്തം കുട്ടികളോട് ഇങ്ങനെ ചെയ്യാന്‍ സാധിക്കുമോ എന്നാരിലും സംശയമുണര്‍ത്തുന്നതാണ്.

തന്റെ അഭിഭാഷകവൃത്തിയിലെ ഏറ്റവും മോശമായ കേസുകളില്‍ ഒന്നാണിതെന്നും മാതാപിതാക്കള്‍ കുറ്റം സമ്മതിച്ചതില്‍ ഏറെ സന്തേഷമുണ്ടെന്നും പ്രോസിക്യൂട്ടര്‍ മൈക്കിള്‍ ഹെസ്റ്റ്റിന്‍ പറഞ്ഞു. ഇതു കുട്ടികളെ കോടതി വിചാരണയില്‍ നിന്നു രക്ഷിക്കാന്‍ സഹായിക്കും. കോടതിയില്‍ മൊഴി നല്‍കുന്നത് ഒരുപക്ഷേ അവര്‍ക്ക് മാനസിക പീഡനമായി തോന്നാമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലിലാണ് കേസിന്റെ വിധി പറയാന്‍ കോടതി നിശ്ചയിച്ചിരിക്കുന്നത്. ജീവപര്യന്തം ശിക്ഷ കിട്ടാന്‍ സാധ്യതയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

മൂത്തമകന്‍ ജോര്‍ദ്ദാന്‍ പറയുന്നത് താന്‍ ഇതുവരെ ലോകം കണ്ടിട്ടില്ലെന്നാണ്. വീട് എപ്പോഴും വൃത്തിഹീനമായിരിക്കും. ഞാനും സഹോദരങ്ങളും കുളിക്കാറില്ല. ഞങ്ങളെ കട്ടിലിനോട് ചേര്‍ന്നു ചങ്ങലയ്ക്ക് ഇട്ടിരിക്കുകയായിരുന്നു. ചിലപ്പോഴൊക്കെ ശ്വസിക്കാന്‍ പോലും പ്രയാസമായിരിക്കും. അതുകാരണം കാലില്‍ എപ്പോഴും ഉണങ്ങാത്ത മുറിവുണ്ടാകും. ചിലപ്പോള്‍ പറയുന്നത് അനുസരിക്കാതിരുന്നാല്‍ ചങ്ങല കൂടുതല്‍ മുറുക്കത്തോടെ ഇടും. ചിലപ്പോഴൊക്കെ സഹോദരിമാര്‍ കട്ടിലില്‍ എഴുന്നേറ്റിരുന്ന് കരയാറുണ്ടായിരുന്നു.

ഒരു ദിവസം 20 മണിക്കൂര്‍ ഉറങ്ങണമെന്നായിരുന്നു നിബദ്ധന. അര്‍ദ്ധരാത്രിയിലാണ് ഇവര്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നത്. സാന്‍ഡ്വിച്ചുകളും ചിപ്സും മാത്രമാണ് നല്‍കിയിരുന്നത്. രോഗം വന്നാല്‍ ഡോക്ടറെ പോലും കാണിക്കില്ല. ചങ്ങലകള്‍ അവിക്കുന്നത് ശുചിമുറിയില്‍ പോകുമ്പോള്‍ മാത്രമാണ്. കൈപ്പത്തിക്കു താഴെ നനഞ്ഞാല്‍ വെള്ളത്തില്‍ കളിച്ചുവെന്ന് പറഞ്ഞ് മാരകമായി അടിക്കുമായിരുന്നു. വര്‍ഷത്തില്‍ ഒന്നു മാത്രമാണ് കുളിക്കാന്‍ സമ്മതിച്ചിരുന്നത്…’ ജോര്‍ദാന്‍ പറയുന്നു. ഇപ്പോള്‍ 13 പേരും ശിശു സംരക്ഷണ കേന്ദ്രത്തിലാണ് ഉള്ളത്.

നവാഗത മലയാളം സംവിധായിക നയന സൂര്യന്‍ ആത്മഹത്യ ചെയ്ത നിലയില്‍. 28 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെടുക ആയിരുന്നു. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയാണ്. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സന്തത സഹചാരിയായിരുന്നു.

ലെനിന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം.പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.

കോൺഗ്രസ് അതിക്രമത്തിൽ തകർന്ന വീടുകൾ സന്ദർശിക്കാനെത്തിയ സിപിഎം നേതാക്കൾക്കെതിരെ ഉയർന്നത് സമാനതകളില്ലാത്ത പ്രതിഷേധം. കല്ലിയോട്ടെത്തിയ നേതാക്കൾക്കെതിരെ യുവാക്കളും സ്ത്രീകളും രോഷത്തോടെ പാഞ്ഞടുക്കുകയായിരുന്നു.

പിരിഞ്ഞുപോകാൻ ആവശ്യപ്പെടുന്ന പൊലീസുകാരോട് പോകില്ലെന്ന് ഉറച്ച സ്വരത്തിൽ പറയുകയാണൊരു പെൺകുട്ടി. രണ്ടു ജീവനെടുത്തതതല്ലേ. ഞങ്ങളുടെ മക്കളെ ഇനിയും കൊല്ലാനായിട്ടല്ലേ ഇങ്ങോട്ടുവരുന്നതെന്നും സ്ത്രീകളും ചോദിക്കുന്നു.

വഴിമാറെടാ..നിങ്ങളൊക്കെ അങ്ങോട്ട് മാറി നിൽക്കെടാ..’ പറയുന്നത്, തടയാനെത്തിയ പൊലീസുകാരോടാണ്. കൊലപ്പെട്ട യൂത്ത് പെരിയ ഇരട്ടക്കൊലപാതകത്തിൽ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെ നാവുകൊണ്ട് നേരിടുകയാണ് ഇൗ പെൺകുട്ടി. അലറിക്കരഞ്ഞുള്ള അവളുടെ വാക്കുകളെ തടയാൻ പൊലീസിനും കഴിഞ്ഞില്ല. പെരിയയിലും കല്ലിയോടും സന്ദര്‍ശനത്തിനെത്തിയ സി.പി.എം നേതാക്കള്‍ക്കെതിരെ സ്ത്രീകളടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വൻരോഷമാണ് ഉയർത്തിയത്.

‘കുഴിമാന്താൻ വന്നതാണെങ്കിൽ അതുപറയണം. ഞങ്ങൾക്ക് ഇനിയുമുണ്ട് ആൺകുട്ടികൾ. അവർക്കും ജീവിക്കേണ്ട അതോ അവരെയും കൊല്ലനാണോ ലക്ഷ്യം..’ ഇങ്ങനെ രോഷം അണപൊട്ടിയ വാക്കുകൾക്ക് മുന്നിൽ മറുപടിയില്ലാതെ നേതാക്കളും ഒപ്പം നാട്ടുകാരും അമ്പരന്നു. പെരിയയിലും കല്ലിയോടും സന്ദര്‍ശനത്തിനെത്തിയ സി.പി.എം നേതാക്കള്‍ക്കെതിരെ സ്ത്രീകളടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. റോഡില്‍ കിടന്ന് പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്ത് നീക്കിയശേഷമാണ് സി.പി.എം സംഘത്തിന് സന്ദര്‍ശനം നടത്താനായത്. സി.പി.എം നേതാക്കള്‍ക്കെതിരെ അമ്മമാരടക്കമുളളവരുടെ രോഷവും അണപൊട്ടി.

പെരിയയിൽ യൂത്ത് കോൺഗ്രസുകാരെ കൊന്നതിൽ അടിപതറുകയാണ് സിപിഎമ്മിന്. പാർട്ടിക്കെതിരെ ശക്തമായ വികാരമാണുയരുന്നത്. മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും സന്ദര്‍ശനത്തിന് താല‍്‍പര്യം അറിയിച്ച് ഡി.സി സി പ്രസിഡന്റിനെ സമീപിച്ചെന്നാണ് പി.കരുണാകരന്‍ എം.പി പറഞ്ഞത്. പ്രതിപക്ഷനേതാവിനോട് ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞ ഹക്കിം കുന്നേല്‍ പിന്നീട് പ്രതികരിച്ചില്ലെന്നും എം.പി ആരോപിച്ചു.എന്നാൽ പ്രവർത്തകർ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്നായിരുന്നു കോൺഗ്രസിന്റെ മറുപടി. പിന്നാലെ അദ്ദേഹം സന്ദർശനം റദ്ദാക്കുകയും ചെയ്തു.

പെരിയയിൽ യൂത്ത് കോൺഗ്രസുകാരെ കൊല്ലുന്നതിന് ഒരുമാസം മുൻപ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വിഡിയോ പുറത്ത്. ജനുവരി ഏഴിന് കല്യാട്ടെ സിപിഎം പരിപാടിയിലായിരുന്നു കൊലവിളിപ്രസംഗം. പ്രസംഗത്തിന്റെ വിഡിയോ സിപിഎം അനുഭാവികളുടെ ഫെയ്സ് ബുക്ക് പേജില്‍ പ്രചരിപ്പിച്ചിരുന്നു. കോണ്‍ഗ്രസുകാരെ വച്ചേക്കില്ലെന്ന് ജില്ലാസെക്രട്ടേറിയറ്റംഗം വി.പി.പി.മുസ്തഫ പറയുന്നതാണു വിഡിയോയിൽ. ക്ഷമ നശിച്ചാല്‍ സിപിഎം ഏതുരീതിയില്‍ പ്രതികരിക്കുമെന്ന് അറിയാമല്ലോയെന്നും മുസ്തഫ പറയുന്നു.

പാതാളത്തോളം ഞങ്ങൾ ക്ഷമിച്ചുകഴിഞ്ഞു. സഖാവ് പീതാംബരനേയും സുരേന്ദ്രനേയും ഒരു പ്രകോപനവുമില്ലാതെ മർദിക്കുന്നതുവരെയുള്ള സംഭവങ്ങൾ ഞങ്ങൾ ക്ഷമിക്കുകയാണ്. പക്ഷേ ഇനിയും ചവിട്ടാൻ വന്നാൽ പാതാളത്തിൽനിന്ന് റോക്കറ്റുപോലെ സിപിഎം കുതിച്ചുകയറും. അതിന്റെ വഴിയിൽ പിന്നെ കല്യോട്ടല്ല ഗോവിന്ദൻ നായരല്ല ബാബുരാജല്ല ഒരൊറ്റയൊരണ്ണം ബാക്കിയില്ലാത്ത വിധത്തിൽ പെറുക്കിയെടുത്ത് ചിതയിൽ വയ്ക്കാൻ ബാക്കിയില്ലാത്ത വിധത്തിൽ ചിതറിപ്പോകും.

അങ്ങനെയൊരു റോക്കറ്റുപോലെ ക്ഷമയുടെ ഈ പാതാളത്തിൽനിന്ന് തിരിച്ചു ഞങ്ങൾ വരാനുള്ള ഇടയുണ്ടാക്കരുത്. അതുകൊണ്ട് കേള്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ക്കും കേള്‍ക്കാത്ത കോണ്‍ഗ്രസുകാര്‍ക്കും ബേക്കല്‍ എസ്‌ഐ സമാധാനയോഗമൊക്കെ വിളിച്ചിട്ട് ഇങ്ങനെയൊക്കെയാണ് സിപിഎം പറ‍ഞ്ഞിട്ടുള്ളതെന്ന് പറഞ്ഞുകൊടുക്കണം. നിങ്ങൾ കേസെടുത്താലും പ്രതികളെ പിടിച്ചിട്ടില്ലെങ്കിലും നിങ്ങൾക്ക് സിപിഎമ്മിന്റെ സ്വഭാവവും രീതിയുമൊക്കെ അറിയാമല്ലോയെന്നും മുസ്തഫ ചോദിക്കുന്നു.

പ്രാദേശിക നേതൃത്വത്തിന്റെ ചുമലിൽ ചാരി കേസിൽനിന്ന് രക്ഷപെടാൻ സിപിഎം ശ്രമിക്കുന്നതിനിടെയാണ് കൊലവിളി പ്രസംഗം പുറത്തുവന്നിരിക്കുന്നത്.

ദൃശ്യങ്ങൾ കടപ്പാട് : ഏഷ്യാനെറ്റ് ന്യൂസ്

ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേരാനായി സിറിയയിലേക്ക് പോയ ഷമീമ ബീഗം ബ്രിട്ടനിലേക്ക് തിരിച്ച് വരാൻ നീക്കങ്ങൾ നടത്തുന്നതിന്റെ തൊട്ടു പിന്നാലെ തനിക്കും ജന്മനാടായ ബ്രിട്ടനിലേക്ക് വരണമെന്ന ആഗ്രഹപ്രകടനവുമായി കുർദിഷ് തടവറയിൽ നിന്നും ഒരു യുവാവ്. 2014 ൽ ബ്രിട്ടനിൽ നിന്നും സിറിയയിലേക്ക് പോയ ജാക്ക് ലെറ്റസ്‌ എന്ന ചെറുപ്പക്കാരൻ ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേരനാകാം നാടുവിട്ടതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അനുമാനിക്കുന്നത്. അച്ഛൻ കനേഡിയൻ വംശജനായതിനാൽ ഉഭയ പൗരത്വം നേടിയെടുത്ത ഇയാൾ താൻ ഒരു ബ്രിട്ടീഷ് പൗരനാണെന്നും ബ്രിട്ടൻ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

“ഞാൻ ബ്രിട്ടനെ വല്ലാതെ മിസ് ചെയ്യുന്നു, പ്രത്യേകിച്ചും ഇവിടുത്തെ ആളുകളെ, ബ്രിട്ടീഷ് പൗരയായ എന്റെ അമ്മയെ, ഞാൻ എന്റെ അമ്മയെ കണ്ടിട്ട് നീണ്ട അഞ്ച് വർഷമായി, എന്റെ അമ്മയോട് എന്തെങ്കിലും മിണ്ടിയിട്ട് രണ്ട് വർഷത്തോളമായി, എന്നെ മടങ്ങി വരാൻ ബ്രിട്ടൻ അനുവദിക്കുകയാണെങ്കിൽ ഉറപ്പായും ഞാൻ വരും, പക്ഷെ എനിക്ക് അനുമതി കിട്ടുമോ എന്ന കാര്യത്തിൽ എനിക്കത്ര ഉറപ്പൊന്നുമില്ല” 23 കാരനായ ലെറ്റസ്‌ ഐടിവി ന്യൂസിനോട് പറയുന്നു.

ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേർന്ന ശേഷം തിരിച്ച് ബ്രിട്ടനിലേക്ക് വരണമെന്ന ആവിശ്യം ഉന്നയിച്ച ഷമീമ ബീഗത്തിന്റെ പൗരത്വം പോലും റദ്ദാക്കാൻ ബ്രിട്ടീഷ് ഭരണകൂടം ഒരുങ്ങുമ്പോഴാണ് വർഷങ്ങൾക്കുമുൻപ് സിറിയ വിട്ടുപോയൊരാൾ രാജ്യത്തേക്ക് വരണം എന്ന ആവിശ്യമുന്നയിക്കുന്നത്. താൻ ഒരു ബ്രിട്ടീഷ് പൗരനാണെന്ന് സ്വയം തിരിച്ചറിയുന്ന ലെറ്റ്സിനു പക്ഷെ തന്റെ മടങ്ങി വരവ് അത്ര സുഗമമായിരിക്കില്ല എന്ന ബോധ്യമുണ്ട്.

ബ്രിട്ടീഷ് മീഡിയയ്ക്കായി “ജിഹാദി ജാക്ക്” ഡബ്ബ് ചെയ്ത ഈ യുവാവ് വർഷങ്ങൾക്കുമുൻപ് സിറിയയിലേക്ക് പോയത് ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേരാനാണെന്നാണ് ബ്രിട്ടീഷ് ഗവൺമെന്റ് അനുമാനിക്കുന്നത്. എന്നാൽ ലെറ്റസ്‌ ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേർന്നിട്ടില്ലെന്നും അയാളെ ആരോ ചതിച്ചതാണെന്നുമാണ് ലെറ്റ്‌സിന്റെ മാതാപിതാക്കൾ പറയുന്നത്.

പെരിയ ഇരട്ടക്കൊലക്കേസിൽ പിടിയിലായ പ്രതികളുടെ മൊഴി പ്രകാരം സംഭവത്തെക്കുറിച്ചു പൊലീസിനു ലഭിച്ച വിവരങ്ങൾ ഇങ്ങനെ

∙ കോൺഗ്രസുകാരിൽ നിന്നു മർദനമേറ്റതിൽ പീതാംബരനു കടുത്ത പകയുണ്ടായി. തുടർന്നു സുഹൃത്തായ സജിയുമായി ചേർന്നു ശരത്‍ലാലിനെ തിരിച്ചടിക്കാൻ തീരുമാനിച്ചു

അക്രമി സംഘത്തിന്റെ ലക്ഷ്യം ശരത്‍ലാൽ മാത്രമായിരുന്നു. അതിനാൽ ശരത്തിന്റെ പോക്കുവരവുകൾ നിരീക്ഷിച്ചു. 17 നു പെരുങ്കളിയാട്ട സ്വാഗതസംഘം സ്ഥലത്തു നിന്നു മടങ്ങിയതായി സൂചന ലഭിച്ചു.

∙ കൃത്യം നടത്താനായി വൈകിട്ട് 7.30 ഓടെ കല്യോട്ടെ സ്കൂളിനടുത്ത റബർതോട്ടത്തിനു സമീപത്തെ കുറ്റിക്കാട്ടിൽ സംഘം ഒളിഞ്ഞിരുന്നു. രക്ഷപ്പെടാൻ പാകത്തിൽ വാഹനങ്ങൾ നേരത്തേ വിവിധ സ്ഥലങ്ങളിൽ തയാറാക്കി നിർത്തി

ബൈക്കിൽ കൃപേഷും ശരത്‍ലാലും വരുന്നതു കണ്ടതോടെ അക്രമിസംഘം റോഡിലേക്കു ചാടിവീണു. അക്രമികളെ തിരിച്ചറിഞ്ഞ ശരത് ബൈക്ക് നിർത്താൻ തയാറായില്ല. ഇതോടെ ഇവർ ബൈക്കിൽ ചവിട്ടി. ബൈക്ക് മറിഞ്ഞു വീണത് കെ.എം. സുരേഷ് നിന്ന ഭാഗത്തേക്ക്. ബൈക്ക് മറിയുന്നതു കണ്ട സുരേഷ് ആഞ്ഞുവെട്ടി. വെട്ട് കൊണ്ടതു കൃപേഷിന്റെ തലയ്ക്ക്

∙ വെട്ടുകൊണ്ട കൃപേഷ് മരണവെപ്രാളത്തിൽ മുന്നോട്ട് ഓടിപ്പോയി. ഇതോടെ കൃപേഷിനെ ഉപേക്ഷിച്ചു ശരത്‍ലാലിനു നേരെ സംഘം തിരിഞ്ഞു. ഇതിനിടെ സുരേഷിന്റെ കൈയിലെ വാളിന്റെ പിടി ഊരിത്തെറിച്ചു. ഇത് ഉപയോഗിച്ചു വെട്ടുന്നതിനിടെ സുരേഷിന്റെ വലതുകൈക്കു മുറിവേറ്റു. സംഘത്തിലെ മുഴുവൻ പേരും ശരത്‍ലാലിനെ തുരുതുരാ വെട്ടി വഴിയിൽ ഉപേക്ഷിച്ചു. മടങ്ങുന്നതിനിടെ കൈവശമുണ്ടായിരുന്ന ആയുധങ്ങളിൽ ചിലതു പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചു. എന്നാൽ ഒരാൾ മാത്രം പുതിയ വാൾ ഉപേക്ഷിക്കാൻ തയാറായില്ല. വാൾ തിരികെ കൊണ്ടുവരുന്നതു കണ്ട മറ്റുള്ളവർ നിരുത്സാഹപ്പെടുത്തിയതോടെ അതും ഉപേക്ഷിച്ചു. ഇത് ഇതുവരെ പൊലീസ് കണ്ടെത്തിയിട്ടില്ല.

തുടർന്നു നേരത്തെ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ ഓടിക്കയറി, വിവിധ ഭാഗങ്ങളിലേക്കു രക്ഷപ്പെട്ടു. 8 പ്രതികൾ 3 വാഹനങ്ങളിലായാണു രക്ഷപ്പെട്ടത്. സജി ജോർജിന്റെ വണ്ടിയിൽ 4 പേരും മറ്റു വാഹനങ്ങളിൽ 2 പേർ വീതവുമാണു രക്ഷപ്പെട്ടത്

∙ സംഘം ആദ്യം പാർട്ടി കേന്ദ്രമായ വെളുത്തോളിയിൽ എത്തി. അവിടെ നിന്നു മറ്റൊരു കേന്ദ്രത്തിൽ. എന്തു മൊഴി നൽകണമെന്ന കാര്യത്തിൽ നിയമോപദേശം ചർച്ച ചെയ്തത് ഇവിടെ വച്ചാണ്

∙ രാത്രി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വണ്ടിയെക്കുറിച്ചു വിവരം ലഭിച്ച പൊലീസുകാർ സ്ഥലത്തെത്തി. വാഹനത്തിന്റെ ഉടമയും ഡ്രൈവറുമായിരുന്ന സജിയെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തൊട്ടടുത്ത ദിവസം 19നു പുലർച്ചെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരായി. ഒരാൾ മാത്രം ഹാജരായില്ല. ഇയാൾ അറസ്റ്റിലാകാനുണ്ട്

ഭര്‍ത്താവിനെ കൊന്ന് പൊലീസ് അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിച്ച യുവതി പോലീസ് പിടിയിലായി.മഹാരാഷ്ട്രയിലെ ബോയ്‌സറില്‍ 28കാരി യാണ് പിടിയിലായത്.ഫെബ്രുവരി 16 നാണ് ശരീരത്തില്‍ നിരവധി മുറിവുകളുള്ള അജ്ഞാത ശരീരം ഓടയില്‍ കണ്ടെത്തുന്നത്. അന്വേഷണത്തില്‍ അനില്‍ കുമാര്‍ റാവത്ത് എന്നയാളാണ് കൊല ചെയ്യപ്പെട്ടതെന്ന് മനസിലായി.

എന്നാൽ ഫെബ്രുവരി 13 ന് അനില്‍ കുമാറിനെ കാണാനില്ലെന്ന് ഭാര്യ മമതാ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.എന്നാൽ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.

വീട്ടിലെത്തിയ പോലീസുകാർ വീട്ടില്‍ ചോരപ്പാടുകള്‍ കണ്ടു. പിന്നീട് നടന്ന അന്വേഷണത്തില്‍ രാംപ്രകാശ് സോനു എന്നയാളിലേക്ക് പൊലീസ് എത്തി. മമതയും സോനുവും തമ്മില്‍ പ്രണയത്തിലായിരുന്നു. അനില്‍ കുമാറിനെ ഒഴിവാക്കാനായി ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തുകയുമായിരുന്നെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

അഭ്യാസപ്രകടനത്തിനിടെ കാര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. കൊല്ലം ബിഷപ്പ് ജെറോം എഞ്ചിനീയറിംഗ് കോളേജില്‍ സംഘടിപ്പിച്ച മോട്ടോര്‍ എക്‌സ്‌പോയ്ക്കിടെയാണ് അപകടം. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കാറിന്റെ ഡ്രൈവര്‍ ഉണ്ണിക്കൃഷ്ണന്‍ എന്നയാള്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. അഭ്യാസ പ്രകടനത്തിനിടെ നിയന്ത്രണം വിട്ട കാര്‍ കാഴ്ച്ചക്കാരായി നിന്ന വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബാരിക്കേഡുകള്‍ ഇടിച്ചു തകര്‍ത്താണ് കാര്‍ വിദ്യാര്‍ത്ഥികളുടെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. പരിക്കേറ്റ റോഷന്‍, വൈശാഖ് ചന്ദ്രന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ മഹേഷ് ചന്ദ്രന്റെ കാലിന്റെ തുടയെല്ല് പൊട്ടിയതായാണ് വിവരം. ഇയാളെ അടിയന്തരശസ്ത്രക്രിയക്ക് വിധേയനാക്കി.

കോളേജില്‍ ഇത്തരം സാഹസിക അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതിനെതിരെ കോളേജ് മാനേജ്‌മെന്റിനും വിദ്യാര്‍ത്ഥികള്‍ക്കും കൊല്ലം പൊലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് മുന്നറിയിപ്പ് മറികടന്നും വിദ്യാര്‍ത്ഥികള്‍ പരിപാടിയുമായി മുന്നോട്ട് പോകുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ മോട്ടോര്‍ റേഴ്‌സ് നടത്തിയ പത്ത് ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Copyright © . All rights reserved