യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ദിവസം പെരിയയില്‍ കാണപ്പെട്ട കണ്ണൂര്‍ രാഷ്‌ട്രീയ കൊലപാതകക്കേസുകളിലെ രണ്ടു പ്രതികളെക്കുറിച്ച്‌ അന്വേഷണമില്ല. ആകെ 10 പ്രതികളുണ്ടെന്ന്‌ ആദ്യഅന്വേഷണസംഘം സൂചന നല്‍കിയിരുന്നെങ്കിലും അറസ്‌റ്റിലായ എട്ടു പ്രതികളില്‍ കേസ്‌ ഒതുക്കാനാണു നീക്കം. ഇവരില്‍ത്തന്നെ ഏഴു പ്രതികളേ ഇതുവരെ അറസ്‌റ്റിലായിട്ടുള്ളൂ.

പെരിയയില്‍ കണ്ണൂരുകാരായ രണ്ടു പ്രതികളുടെ സാന്നിധ്യത്തെക്കുറിച്ചു വ്യക്‌തതയുണ്ടെങ്കിലും പ്രാദേശിക ക്വട്ടേഷന്‍, വ്യക്‌തി വൈരാഗ്യം എന്നീ കാര്യങ്ങളില്‍ മാത്രമാണ്‌ അന്വേഷണം കേന്ദ്രീകരിക്കുന്നത്‌. സംഭവദിവസം പെരിയയില്‍ എത്തിയ കണ്ണൂര്‍ സംഘത്തെ പിന്നീടു കാണാതാവുകയായിരുന്നു.

കൊല്ലപ്പെട്ടവരുടെ ദേഹത്തെ മുറിവുകളുടെ സ്വഭാവമാണു പരിശീലനം ലഭിച്ച കൊലയാളിസംഘത്തിലേക്കു വിരല്‍ ചൂണ്ടുന്നത്‌. വാളുകളും ഇരുമ്പുദണ്ഡുകളുമാണു തെളിവെടുപ്പില്‍ കണ്ടെടുത്തതെങ്കിലും മഴുപോലെ കനമേറിയ ആയുധവും ഉപയോഗിച്ചിട്ടുണ്ടെന്നു മുറിവുകള്‍ സൂചിപ്പിക്കുന്നു. പ്രദേശത്തു കണ്ണൂര്‍ രജിസ്‌ട്രേഷനുള്ള വാഹനങ്ങളുണ്ടായിരുന്നെന്ന സൂചനയില്‍ പോലീസ്‌ ആദ്യം ശ്രദ്ധ കേന്ദീകരിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണു കണ്ണൂരിലെ രാഷ്‌ട്രീയ കൊലപാതകത്തില്‍ പ്രതികളായ രണ്ടുപേരുടെ തിരോധാനം വ്യക്‌തമായത്‌. എന്നാല്‍, ഇതുസംബന്ധിച്ച തുടരന്വേഷണത്തിനു ബാഹ്യസമ്മര്‍ദം തടസമായി. കൊലപാതകത്തില്‍ കൂടുതല്‍പേര്‍ക്കു പങ്കില്ലെന്ന്‌ അറസ്‌റ്റിലായവര്‍ മൊഴിനല്‍കിയെങ്കിലും ആദ്യഅന്വേഷണസംഘം വിശ്വാസത്തിലെടുത്തിരുന്നില്ല.

കേസ്‌ അന്വേഷണം ഇന്നലെ ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തു. കാസര്‍ഗോട്ടെത്തിയ മലപ്പുറം ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി: സി.എം. പ്രദീപിന്റെ നേതൃത്വത്തില്‍ കേസ്‌ ഡയറിയും ഫയലുകളും പരിശോധിച്ചു. നാളെ മുതല്‍ അന്വേഷണം ആരംഭിക്കും. മുഴുവന്‍ പ്രതികളെയും ഒരുമിച്ചു കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ട്‌ ക്രൈംബ്രാഞ്ച്‌ നാളെ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. അടുത്തയാഴ്‌ച സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റയും കാസര്‍ഗോട്ടെത്തും.

പ്രാദേശികനേതാക്കളുടെ സഹായത്തോടെ പുറത്തുനിന്നുള്ള ക്വട്ടേഷന്‍ സംഘം നടത്തിയ കൊലപാതകമെന്നായിരുന്നു ആദ്യഅന്വേഷണസംഘത്തിന്റെ നിഗമനം. എന്നാല്‍, സി.പി.എം. മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമുള്‍പ്പെടെ അറസ്‌റ്റിലായതോടെ പ്രാദേശിക ക്വട്ടേഷന്‍ എന്ന നിലയിലേക്ക്‌ അന്വേഷണം ഒതുക്കപ്പെട്ടു. തെളിവെടുപ്പില്‍ മുഖ്യപ്രതി എ. പീതാംബരന്‍ ചൂണ്ടിക്കാട്ടിയ തുരുമ്പിച്ച വാള്‍ കൊലപാതകത്തിനു പര്യാപ്‌തമല്ലെന്നു വിമര്‍ശനമുയര്‍ന്നതോടെയാണു കൂടുതല്‍ ആയുധങ്ങള്‍ക്കായുള്ള തെരച്ചിലിലേക്ക്‌ അന്വേഷണസംഘം തിരിഞ്ഞത്‌.

പീതാംബരനുമായി ഉറ്റബന്ധമുള്ളയാളുടെ റബര്‍ തോട്ടത്തിലെ പൊട്ടക്കിണറ്റില്‍നിന്നാണു തുരുമ്പിച്ച വാളും ഇരുമ്പുദണ്ഡുകളും കണ്ടെടുത്തത്‌. ഇതും ദുരൂഹമാണ്‌. പ്രതികള്‍ കാട്ടിക്കൊടുത്ത ആയുധങ്ങള്‍തന്നെയാണോ കൊലപാതകത്തിന്‌ ഉപയോഗിച്ചതെന്നു വ്യക്‌തമാകാന്‍ ഫോറന്‍സിക്‌ പരിശോധനാഫലം ലഭിക്കണം.