Crime

ലോകമലേശ്വരത്ത് അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു. നായരമ്പലം വട്ടത്ര നാദിർഷായുടെ ഭാര്യ കൃഷ്ണ (26), മകൻ നദാൽ (ഒന്നര) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ 4.30ന് ബൈപാസിനു പടിഞ്ഞാറു വശം സൗഹൃദ നഗറിലെ വാടക വീട്ടിലായിരുന്നു സംഭവം. കൃഷ്ണയുടെ മാതാവ് പെരിഞ്ഞനം പഞ്ചായത്ത് മുൻ അംഗം ലത സാജൻ മാത്രമാണു വീട്ടിലുണ്ടായിരുന്നത്.

എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ നാദിർഷ നായരമ്പലത്തെ വീട്ടിലായിരുന്നു. കൊച്ചിയിൽ ബന്ധുവിന്റെ വീട്ടിലേക്കു പോകുന്നതിന് ലതയും കൃഷ്ണയും ഇന്നലെ പുലർച്ചെ എഴുന്നേറ്റു. ലത അടുക്കളയിലേക്കു പോയ ഉടൻ തീ ആളുന്നതാണ് കണ്ടത്. ഇതോടൊപ്പം കരച്ചിലും. ബഹളം കേട്ടു നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. മുറിയിലെ കട്ടിലിൽ പൊള്ളലേറ്റു കരയുകയായിരുന്ന കുഞ്ഞിനെ പൊലീസും നാട്ടുകാരും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

കൃഷ്ണ മുറിക്കു പുറത്തുള്ള വരാന്തയിൽ കത്തിയമർന്ന നിലയിലായിരുന്നു. ഇരുവരുടെയും മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം സംസ്കരിച്ചു. മരിച്ച കൃഷ്ണയുടെ മാതാവ് ലത ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ 500 രൂപയ്ക്കു പെട്രോൾ വാങ്ങി വീട്ടിൽ സൂക്ഷിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു.

കൃഷ്ണ എസ്ബിഐ കൊടുങ്ങല്ലൂർ ശാഖയിൽ ക്രെഡിറ്റ് കാർഡ് വിഭാഗത്തിൽ താൽക്കാലിക ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് നാദിർഷാ ആഴ്ചയിലൊരിക്കലാണ് കൊടുങ്ങല്ലൂരിലെ വീട്ടിൽ വരാറുള്ളത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു

പെരിയ ഇരട്ടക്കൊലയിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മണിക്കൂറുകൾക്കു മുൻപേ പ്രാദേശിക നേതാവിനു മേൽ കുറ്റം ചുമത്തി പുറത്താക്കാൻ സിപിഎം കാണിച്ച തിടുക്കം സംശയത്തിൽ. ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയതു വൈകിട്ട് ആറോടെ. എന്നാൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തതിനു പിന്നാലെ പീതാംബരനെ കുറ്റവാളിയെന്നു വിധിച്ചു സിപിഎം നേതാക്കൾ പ്രസ്താവനയിറക്കി. ഉച്ചയോടെ പാർട്ടിയിൽനിന്നു പുറത്താക്കുകയും ചെയ്തു. പ്രാദേശിക പ്രവർത്തകരിലേക്കു മാത്രം കേസ് ഒതുക്കാനുള്ള നീക്കം ഈ തിടുക്കത്തിനു പിന്നിലുണ്ടോ എന്ന സംശയമാണ് ഉയരുന്നത്

പാർട്ടിക്കു പങ്കില്ലെന്നായിരുന്നു കൊലപാതകത്തിനുശേഷം സംസ്ഥാന സെക്രട്ടറിയടക്കമുള്ള നേതാക്കളുടെ ആദ്യ പ്രതികരണം. കൊല്ലപ്പെട്ടവരോടു സിപിഎം പ്രാദേശിക നേതാക്കൾക്കു വൈരാഗ്യമുണ്ടായിരുന്നുവെന്നു പ്രഥമ വിവരറിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയതോടെ, പ്രാദേശികവും വ്യക്തിപരവുമായ കാരണങ്ങളാലുണ്ടായ കൊലപാതകം എന്നു പാർട്ടി നിലപാടെടുത്തു. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയാണു പീതാംബരനെയും കൂട്ടരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കും മുൻപേ പീതാംബരൻ കുറ്റക്കാരനാണെന്നു നേതൃത്വം പരസ്യ നിലപാടെടുത്തു.

പൊലീസ് കസ്റ്റഡിയിലെടുത്തയാളെ പുറത്താക്കാ‍ൻ നിർദേശം നൽകിയിട്ടുണ്ടെന്നാണു രാവിലെ 9.30നു കൊല്ലത്തെ വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചത്. പീതാംബരനും കൂട്ടരും ചെയ്തതിന്റെ ഉത്തരവാദിത്തം പാർട്ടിക്ക് ഏറ്റെടുക്കാനാകില്ലെന്നു സിപിഎമ്മിന്റെ കാസർകോട്ടെ മുതിർന്ന നേതാവ് പ്രതികരിച്ചതു രാവിലെ 11ന്

പീതാംബരനെ പുറത്താക്കിയതായി ജില്ലാ സെക്രട്ടറി അറിയിച്ചത് ഉച്ചയ്ക്ക് ഒന്നിന്. എന്നാൽ ആ സമയത്തൊന്നും പീതാംബരൻ പ്രതിയെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല. ആറോടെ മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അറസ്റ്റിനും പൊലീസ് സ്ഥിരീകരണത്തിനും ഏതാണ്ട് 8 മണിക്കൂർ മുൻപു തന്നെ പീതാംബരനെതിരെ പാർട്ടി നടപടിക്കു നിർദേശം നൽകിയത് എന്തു വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നതിലാണു ദുരൂഹത. ഷുഹൈബ് കേസിൽ 4 പേരെ പുറത്താക്കിയത് അറസ്റ്റ് നടന്നു മൂന്നാഴ്ചയ്ക്കു ശേഷം പാർട്ടി അന്വേഷണത്തത്തുടർന്നാണ്

പെരിയ കേസിൽ പ്രാദേശിക നേതാക്കളിൽ അന്വേഷണം അവസാനിക്കണമെന്നു പാർട്ടിയിൽനിന്നു പൊലീസിനുള്ള സൂചനയായാണു നേതൃത്വത്തിന്റെ അമിത തിടുക്കം വ്യാഖ്യാനിക്കപ്പെടുന്നത്. പീതാംബരൻ കൊന്നിട്ടുണ്ടെങ്കിൽ പാർട്ടിക്കു വേണ്ടിയായിരിക്കാമെന്ന കുടുംബത്തിന്റെ പ്രതികരണവും സംശയത്തിന്റെ ബലം വർദ്ധിപ്പിക്കുന്നു

ടിക് ടോക് ഇപ്പോള്‍ വലിയ തരംഗമായി മാറിക്കഴിഞ്ഞു. നടുറോഡില്‍ വാഹനഗതാഗതം സ്തംഭിപ്പിച്ച് നൃത്തം ചെയ്തും സാഹസികത കാട്ടിയുമാണ് യുവാക്കള്‍ ടിക് ടോക് ലഹരിയില്‍ വ്യത്യസ്ത പോസ്റ്റിടുന്നത്. ടിക് ടോക് വിഡിയോയ്ക്കായി കടലുണ്ടിക്കടവ് പാലത്തിന് മുകളില്‍ നിന്നുമാണ് പത്ത് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ എടുത്തുചാടിയിരിക്കുന്നത്. തിങ്കളാഴ്ച ഹര്‍ത്താല്‍ ദിനത്തിലാണ് സംഭവം. ഇവരെ മത്സ്യത്തൊഴിലാളികളാണ് രക്ഷിച്ചത്. സംഭവത്തിന്റെ വിഡിയോയും വൈറലായിട്ടുണ്ട്.

കടലുണ്ടിപ്പുഴ അറബിക്കടലിനോട് ചേരുന്ന കടലുണ്ടി അഴിമുഖത്തെ പാലത്തിന് മുകളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ ചാടിയത്. പാലത്തിന് കൈവരിയില്‍ കയറി നിന്ന ശേഷം താഴേക്ക് ചാടുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ വെളളത്തില്‍ മുങ്ങിത്താഴുന്നത് മുകളില്‍ നിന്നവര്‍ കണ്ട് ബഹളം വച്ചതോടെ സ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ബോട്ടുമായി എത്തുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തുന്ന വിഡിയോ ഉള്‍പ്പെടെയാണ് പ്രചരിക്കുന്നത്.

നേരത്തേ ഇതേ പാലത്തില്‍ നിന്നും ചില യുവാക്കള്‍ വെളളത്തിലേക്ക് ചാടുന്ന വിഡിയോ ടിക് ടോക്കില്‍ വൈറലായിരുന്നു. ഇത് അനുകരിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ അതിര് കടന്ന സാഹസിക പ്രകടനം.
ടിക് ടോക് യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു. ടിക് ടോക് നിരോധിക്കണമെന്ന് തമിഴ്‌നാട് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കടപ്പാട്; ഫാൽക്കൺ പോസ്റ്റ്

‘എന്റെ അച്ഛൻ അങ്ങനെ ചെയ്യില്ലെന്നാണ് എന്റെ വിശ്വാസം പക്ഷേ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ളത് അനുഭവിക്കണം.’ നാടിന്റെ നടുക്കത്തിനൊപ്പം അച്ഛനോടുള്ള ഇഷ്ടം ഉള്ളിൽ വച്ചുതന്നെയാണ്  ഒൻപതാം ക്ലാസുകാരിയുടെ വാക്കുകൾ. പെരിയ ഇരട്ടക്കൊലപാതകത്തിൽ അറസ്റ്റിലായ പീതാംബരന്റെ മകൾ ദേവികയുടെയും ഭാര്യയുടെയും വാക്കുകൾ പുതിയ ചർച്ചകൾക്ക് തുടക്കിമിടുകയാണ്. പാർട്ടിയും പീതാംബരനെ തള്ളിയതോടെ എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയാണ്  കുടുംബം. ഇനി ഞങ്ങൾക്ക് പാർട്ടിയില്ല എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പീതാംബരന്റെ ഭാര്യ മഞ്ജു.

‘അദ്ദേഹം പാർട്ടിക്കായിട്ടാണ് ഇതുവരെ ജീവിച്ചത്. ഇന്ന് പ്രതിയായിട്ടുണ്ടെങ്കിൽ അതും പാർട്ടിക്ക് വേണ്ടിയാണ്. പക്ഷേ ഇത്രയും വലിയ ക്രൂരത ചെയ്യാൻ അദ്ദേഹത്തിന് കഴിയില്ല. കാരണം ജനുവരി അ‍ഞ്ചിന് അദ്ദേഹത്തിന് നേരെ ഒരു ആക്രമണം നടന്നിരുന്നു. അന്ന് ഇരുമ്പ് വടി കൊണ്ട് അടിയേറ്റ് കൈകൾ തകർന്നിരുന്നു. അതിനുശേഷം കയ്യിൽ സ്റ്റീലിട്ടിരിക്കുകയാണ്. പരസഹായം കൂടാതെ അദ്ദേഹത്തിന് ഒന്നും കഴിയില്ല. അങ്ങനെയുള്ള ഒരാൾ എങ്ങനെയാണ് രണ്ടുപേരെ ഇങ്ങനെ വെട്ടിക്കൊല്ലുന്നത്. അന്നത്തെ ആക്രമണത്തിന് ശേഷം ഇനി ഒന്നിനും പോകില്ലെന്ന് വാക്കുതന്നതാണ്.

എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പാർട്ടി അറിഞ്ഞോണ്ടാണ്. ഇവിടെ ഞാനും അമ്മയും രണ്ടുമക്കളുമടക്കം നാലുജീവനുകൾ ഉണ്ട്. ഇതൊന്നുമറിയാതെ വീട്ടിലിരിക്കുന്ന ഞങ്ങൾക്ക് എന്താണ് പറയാൻ പറ്റുക..ഞങ്ങൾക്ക് എന്തുസംഭവിച്ചെന്ന് പോലും ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ഇനി ഞങ്ങൾക്ക് പാർട്ടി വേണ്ട..’വാക്കുകളിൽ ഇടർച്ചയുണ്ടെങ്കിലും പറയാനുള്ളത് തുറന്നുപറയുകയാണ് മഞ്ജു.

പെരിയ ഇരട്ടക്കൊലപാതകത്തിൽ സിപിഎമ്മിനെ തള്ളി എ.പീതാംബരന്റെ കുടുംബം രംഗത്തെത്തിയത് ഇന്ന് രാവിലെയാണ്. കൊലപാതകം സിപിഎമ്മിന്റെ പൂർണ അറിവോടെയാണെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛനും പറയുന്നു. പാർട്ടിക്ക് പങ്കില്ലെന്ന് പറയുന്നത് പച്ചക്കള്ളം. പ്രതി പീതാംബരൻ തന്നെയാണ്. പാർട്ടിയുടെ അറിവില്ലാതെ ലോക്കൽ കമ്മറ്റി അംഗമായ ഇയാൾ ഒന്നും ചെയ്യില്ല. പ്രാദേശിക പ്രശ്‌നത്തിന്റെ പേരിൽ ഉദുമ എംഎൽഎ കെ.കുഞ്ഞിരാമൻ പല തവണ വധഭീഷണി മുഴക്കിയിരുന്നു. എംഎൽഎയാണ് അക്രമത്തിന് നേതൃത്വവും പിന്തുണയും നൽകിയത് എന്നും സത്യൻ ആരോപിച്ചു.

പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മിനിട്ടുകൾക്ക് മുൻപായിരുന്നു ശരത് ലാലിന്റെ അച്ഛന്റെ പ്രതികരണം.ഇരട്ടക്കൊലയ്ക്കു പിന്നിൽ ക്വട്ടേഷന്‍ സംഘമല്ലെന്നാണ് മൊഴി. കൊല നടത്തിയത് എ. പീതാംബരനും കസ്റ്റഡിയിലുള്ള രണ്ടുപേരുംചേര്‍ന്നെന്നും മൊഴിയുണ്ട്. പീതാംബരനും കസ്റ്റഡിയിലുള്ള ആറുപേരും മൊഴിയിലുറച്ചു നിൽക്കുകയാണ്. അതേസമയം, മൊഴി പൂര്‍ണമായി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ചോദ്യംചെയ്യല്‍ തുടരും.

കസ്റ്റഡിയിലുള്ള പെരിയയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് പീതാംബരന്റെ നിര്‍ദ്ദേശമനുസരിച്ച് കൃത്യം നടത്തിയെന്നാണും മൊഴി വ്യക്തമാക്കുന്നു. തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ക്വട്ടേഷന്‍ സംഘം എന്ന നിഗമനം ഉപേക്ഷിക്കാന്‍ അന്വഷണസംഘം നിര്‍ബന്ധിതമാകുന്നു എന്നാണ് സൂചന. ഇന്ന് കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്ന പീതാബരനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറെടുക്കുന്നതും ഈ കുരുക്കുകള്‍ അഴിക്കാന്‍ തന്നെ. സംഭവദിവസം കല്ലിയോട് എത്തിയ കണ്ണൂര്‍ റജീസ്ട്രേഷനുള്ള വാഹനങ്ങള്‍ സംബന്ധിച്ചും പൊലീസിന് കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല.

തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണത്തിൽ നടി നടി ദിവ്യ ഗോപിനാഥിനോട് മാപ്പ് അപേക്ഷിച്ച് നടൻ അലൻസിയർ ലോപ്പസ്. സിനിമാ ചിത്രീകരണത്തിനിടെ അലൻസിയർ തന്നെ ലൈംഗികച്ചുവയോടെ സമീപിച്ചെന്ന് തുറന്നു പറഞ്ഞ നടി അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ പരാതി കൊടുത്തിരുന്നു. എന്നാൽ പരാതി കൊടുത്ത് ഒരു വർഷമായിട്ടും കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. അലൻസിയർ പരസ്യമായി മാപ്പു പറയണമെന്ന ആവശ്യത്തിൽ ദിവ്യ ഉറച്ചു നിന്നതോടെ അലൻസിയർ പരസ്യമായി മാപ്പു പറയുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മാപ്പുപറച്ചിൽ.

ആരോപണങ്ങളെ തുടർന്ന് അപ്രഖ്യാപിത വിലക്ക് താൻ നേരിടുകയാണെന്നും സിനിമയിൽ നിന്ന് അവസരങ്ങൾ കുറഞ്ഞതായും അലൻസിയർ തുറന്നു പറഞ്ഞിരുന്നു. എന്‍റെ തെറ്റിന് ക്ഷമ ചോദിക്കുന്നു. ദിവ്യയോട് മാത്രമല്ല എന്‍റെ പ്രവൃത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നതായും അലന്‍സിയര്‍ പറഞ്ഞു. ഞാനൊരു വിശുദ്ധനല്ല. തെറ്റുകള്‍ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണ്. തെറ്റ് അംഗീകരിക്കുകയും ചെയ്തുപോയ പ്രവൃത്തിയിൽ പശ്ചാത്തപിക്കുകയും ചെയ്യാനാണ് ഇനി കഴിയുകയെന്നും അലൻസിയർ പറഞ്ഞു. ഇത് ദിവ്യയോട് മാത്രമല്ലെന്നും, താൻ മൂലം മുറവേറ്റ എല്ലാവരോടുമായാണ് മാപ്പ് ചോദിക്കുന്നതെന്നും അലൻസിയർ കൂട്ടിച്ചേർത്തു.

തന്റെ പ്രവൃത്തികള്‍ ദിവ്യയെ വേദനിപ്പിച്ചെന്ന് തിരിച്ചറിഞ്ഞതോടെ വ്യക്തിപരമായി ദിവ്യയോട് താൻ ക്ഷമ ചോദിച്ചിരുന്നുവെന്നും എന്നാല്‍ പരസ്യമായി ക്ഷമ പറയണമെന്ന് ദിവ്യ ആവശ്യപ്പെടുകയായിരുന്നുവെന്നും അലൻസിയർ പറഞ്ഞു. മീ ടു സിനിമ മേഖലയിൽ വൻ ചലനം സൃഷ്ടിച്ചു കൊണ്ടിരുന്ന സമയത്തായിരുന്നു നടൻ അലൻസിയറിനെതിരെ നടി ദിവ്യ ഗോപിനാഥ് രംഗത്തെത്തിയത്. ആഭാസം സിനിമയുടെ സെറ്റിൽവെച്ച് അലൻസിയർ മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ദിവ്യയെ പിന്തുണച്ച് അന്ന് ആ സെറ്റിലുളളവരും സിനിമ പ്രവർത്തകരും രംഗത്തെത്തിയിരുന്നു.

എറണാകുളം സൗത്ത് റയില്‍വെ സ്റ്റേഷനു സമീപം ബഹുനിലക്കെട്ടിടത്തിന് തീപിടിച്ചു. 18 അഗ്നിശമനസേനാ യൂണിറ്റുകള്‍ എത്തി . സമീപത്തെ കെട്ടിടങ്ങളിലേക്ക് തീപടരാതിരിക്കാന്‍ ശ്രമം തുടരുന്നു. വൈദ്യുതിബന്ധം വിച്ഛേദിച്ചു. കെട്ടിടത്തില്‍ ചെറിയ സ്ഫോടനങ്ങളും ഉണ്ടായി. ആറുനിലയിലുള്ള കെട്ടിടത്തില്‍ ചെരുപ്പുഗോഡൗണും ഉൾപ്പെടുന്നു. രണ്ടുമണിക്കൂറായിട്ടും തീ നിയന്ത്രിക്കാനാവുന്നില്ല. സമീപത്തെ കെട്ടിടങ്ങളിലും ഫ്ലാറ്റുകളിലും ഉള്ളവരെ ഒഴിപ്പിച്ചു. കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പ്രാഥമിക വിവരം. കനത്ത പുക രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു.

രണ്ടുമണിക്കൂറായിട്ടും തീ നിയന്ത്രിക്കാനാവുന്നില്ല. നാവികസേനയുടെ സഹായം തേടി.സമീപത്തെ കെട്ടിടങ്ങളിലും ഫ്ലാറ്റുകളിലും ഉള്ളവരെ ഒഴിപ്പിച്ചു. കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പ്രാഥമിക വിവരം. കനത്ത പുക രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു. കെട്ടിടത്തിനുള്ളിൽ ചെറുസ്ഫോടനങ്ങളും ഉണ്ടായി. റബറിനു തീപിടിച്ചത് അണയ്ക്കാനാകുന്നില്ല. തീവ്രഗന്ധവും അനുഭവപ്പെടുന്നു. വൈദ്യുതി ഷോർട് സർക്യൂട്ടാണു കാരണമെന്നു പ്രാഥമിക നിഗമനം.

 

സ്കൂൾ വിദ്യാർഥിയായിരിക്കെ രണ്ടു കൂട്ടുകാരികൾക്കൊപ്പം ഐഎസിൽ ചേരാൻ സിറിയയിലേക്കു പോയ ബ്രിട്ടീഷ് യുവതി ഷെമീമ ബീഗത്തിന്റെ പൗരത്വം ബ്രിട്ടൻ റദ്ദാക്കി. ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിർദേശപ്രകാരമാണു നടപടി. ഭീകരസംഘടനയെ പിന്തുണച്ചവരാണ് നിങ്ങളെങ്കിൽ നിങ്ങളുടെ തിരിച്ചു വരവിനെ തടയാൻ മടിക്കില്ലെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് നേരത്തെ തന്നെ മുന്നറിയിപ്പു നൽകിയിരുന്നു. സിറിയയിലെ അഭയാർഥി ക്യാംപിൽ കഴിഞ്ഞ ശനിയാഴ്ച ഐഎസ് ഭീകരന്റെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നൽകിയ ഷെമീമ ബീഗം കുഞ്ഞിനെ സുരക്ഷിതമായി വളർത്താനായിരുന്നു ബ്രിട്ടനിലേക്കു മടങ്ങിയെത്താൻ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയർന്നതോടെയാണ് ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കാൻ ഹോം ഓഫിസ് തീരുമാനിച്ചത്.

1981ലെ ബ്രിട്ടിഷ് നാഷനാലിറ്റി ആക്ടിൽ ഹോം സെക്രട്ടറിക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണു നടപടി. പൊതു താൽപര്യത്തിന് അനിവാര്യമെന്നു കണ്ടെത്തിയാൽ ഒരാളുടെ പൗരത്വം റദ്ദാക്കാൻ നാഷനാലിറ്റി ആക്ടിൽ ഹോം സെക്രട്ടറിക്ക് അധികാരമുണ്ട്. ഇതിലൂടെ ഒരു വ്യക്തിക്ക് എവിടെയെങ്കിലും താമസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടാൻ പാടില്ലെന്നു ഉറപ്പു വരുത്തണമെന്ന് മാത്രം. ബംഗ്ലദേശിൽനിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ കുടുംബത്തിൽപ്പെട്ട ഷെമീമയ്ക്ക് ഇരട്ട പൗരത്വമുണ്ട്. എന്നാൽ തനിക്ക് ബംഗ്ലാദേശ് പാസ്പോർട്ട് ഇല്ലെന്നും താൻ ഇതുവരെ ബംഗ്ലാദേശിൽ പോയിട്ടില്ലെന്നും ഷെമീമ മാധ്യമങ്ങളോട് പറഞ്ഞു. ഷെമീമയുടെ പൗരത്വം തിരിച്ചെടുക്കുന്നതായി കാണിച്ചുള്ള ഹോം ഓഫിസിന്റെ കത്ത് ഇന്നലെയാണ് ഈസ്റ്റ് ലണ്ടനിലുള്ള അവരുടെ മാതാവിനു ലഭിച്ചത്. ഹോം സെക്രട്ടറിയുടെ പ്രത്യേക തീരുമാനപ്രകാരമുള്ള നടപടിയാണിതെന്നു കത്തിൽ വിവരിക്കുന്നു. തീരുമാനം മകളെ അറിയിക്കാനും അമ്മയോടു കത്തിൽ ആവശ്യപ്പെടുന്നുണ്ട്. പൗരത്വം റദ്ദാക്കിയ നടപടി ചോദ്യം ചെയ്യാൻ ഷെമീമയ്ക്ക് അധികാരമുണ്ടെന്നും കത്തിൽ വിവരിക്കുന്നു.

ശാന്തവും സ്വസ്ഥവുമായ ഒരു ജീവിതം തന്റെ കുഞ്ഞ് അർഹിക്കുന്നുണ്ടെന്നും ബ്രിട്ടനിലേയ്ക്ക് മടങ്ങുക തന്നെ ചെയ്യുമെന്നും ഷെമീമ പറഞ്ഞിരുന്നു. ഒപ്പം കടന്ന കൂട്ടുകാരികളിൽ ഒരാൾ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. മറ്റൊരാളെ കുറിച്ച് വിവരങ്ങൾ ഒന്നും തന്നെയില്ല. ഐഎസ് ചേർന്നതിലും ആ ആശയങ്ങളെ പിന്തുണച്ചതിലും തെല്ലും ഖേദമില്ലെന്നും കുഞ്ഞിനെ ഓർത്ത് മാത്രമാണ് നാട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതെന്നായിരുന്നു ഷെമീമ ബീഗം പറഞ്ഞിരുന്നത്. 2015ൽ പതിനഞ്ചു വയസ് മാത്രം പ്രായമുളളപ്പോഴാണ് ഷെമീമ ബീഗം മറ്റു രണ്ടു കൂട്ടുകാരികൾക്കൊപ്പം ഈസ്റ്റ് ലണ്ടനിൽ നിന്നും സിറിയയിലേക്ക് കടന്നത്. ബെത്നൾ ഗ്രീൻ അക്കാദമി സ്കൂളിലെ വിദ്യാർഥികളായിരുന്ന ഷെമീമ ബീഗവും അമീറ അബേസും ഖദീജ സുൽത്താന എന്ന മറ്റൊരു വിദ്യാർഥിക്കൊപ്പമാണ് സിറിയയിലേക്ക് പുറപ്പെട്ടത്. തുർക്കി അതിർത്തി കടന്നാണ് സിറിയയിൽ എത്തിയത്.

റാഖയില്‍ എത്തിയപ്പോള്‍ ഐഎസ് വധുക്കളാവാന്‍ എത്തിയവര്‍ക്കൊപ്പം ഒരുമിച്ചാണ് താമസിച്ചിരുന്നത്. പത്തു ദിവസത്തിനുശേഷം ഇസ്ലാമിലേക്ക് മതംമാറിയ ഒരു ഡച്ചുകാരനെ തനിക്ക് വരനായി ലഭിച്ചെന്നും, പിന്നീട് ഇയാള്‍ക്കൊപ്പമാണ് താമസിച്ചതെന്നും ഇവര്‍ അറിയിച്ചു. സിറിയന്‍ പോരാളികള്‍ക്കു മുന്നില്‍ ഇവരുടെ ഭര്‍ത്താവ് കീഴടങ്ങി. ഐഎസിന്റെ അവസാന താവളമായ ബാഗൂസിൽ നിന്ന് രണ്ടാഴ്ച മുൻപ് രക്ഷപ്പെട്ട് എത്തിയതാണ് തങ്ങളെന്നും ഷെമീമ പറയുന്നു. ഇപ്പോള്‍ വടക്കന്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പിലാണ് അവര്‍.പൂർണ ഗർഭിണിയായിരുന്ന ഷെമീമ ബീഗം കുഞ്ഞിനെ പ്രസവിക്കാനായി ബ്രിട്ടനിലേക്കു മടങ്ങിയെത്തണമെന്നു കഴിഞ്ഞയാഴ്ച ആഗ്രഹം പ്രകടിപ്പിച്ചപ്പോഴേ ഇതു തടയാൻ മടിക്കില്ലെന്ന് ഹോം സെക്രട്ടറി മുന്നറിയിപ്പു നൽകിയിരുന്നു. പിന്നീടു രണ്ടു ദിവസങ്ങൾക്കകം അഭയാർഥി ക്യാംപിൽ വച്ച് കുഞ്ഞിനു ജന്മം നൽകിയ ഷെമീമ മകനെ ഇസ്‌ലാമിൽതന്നെ വളർത്തുമെന്നും ഐഎസിന്റെ ചെയ്തികളെ തള്ളിപ്പറയാൻ ഒരുക്കമല്ലെന്നും രാജ്യാന്തര മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തു. യുകെയിലേക്കു മടങ്ങിയെത്താൻ അനുവദിച്ചാൽ ജയിലിൽ പോകാൻ പോലും തനിക്കു മടിയില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. ബ്രിട്ടൻ ഐഎസിനു നേരേ നടത്തിയ ആക്രമണങ്ങൾക്കുള്ള പ്രതികാരമായിരുന്നു മാഞ്ചസ്റ്റർ അരീനയിൽ നടത്തിയ സ്ഫോടനമെന്നും അവർ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇതിനു തൊട്ടുപിന്നാലെയാണു പൗരത്വം റദ്ദാക്കുന്ന കടുത്ത നടപടിയിലേക്ക് ബ്രിട്ടൻ കടന്നത്.

ഇന്ത്യന്‍ സിനിമാ രംഗത്തെ ഞെട്ടിച്ച മീ ടൂ വെളിപ്പെടുത്തലുകളിലൊന്നായിരുന്നു ഗായകന്‍ കാര്‍ത്തിക്കിനെതിരെ വന്നത്. ഗായിക ചിന്‍മയി ശ്രീപദയാണ് കാര്‍ത്തിക്കിനെതിരേ ലൈംഗികാരോപണവുമായി രംഗത്തു വന്നത്. കാര്‍ത്തിക്കിനെതിരേയുള്ള മീ ടൂ ക്യാമ്പെയ്‌നില്‍ തന്നോടൊപ്പം പേരു വെളിപ്പെടുത്താത്ത പല പെണ്‍കുട്ടികളും ചേരുമെന്നും ചിന്‍മയി ട്വിറ്ററില്‍ കുറിച്ചു.

ആരോപണങ്ങള്‍ ഉയര്‍ന്ന് മൂന്ന് മാസത്തോളം പ്രതികരിക്കാതിരുന്ന കാര്‍ത്തിക് ഇപ്പോള്‍ മൗനം വെടിഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് കാര്‍ത്തിക് വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നത്. കശ്മീരില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ചാണ് കാര്‍ത്തിക് തന്റെ പ്രസ്താവന തുടങ്ങുന്നത്.

ഒരുപാടു ആരോപണങ്ങളും വിവാദങ്ങളും ട്വിറ്ററില്‍ ഞാന്‍ കണ്ടു. എന്റെ മനസാക്ഷിയെ തൊട്ടു ഞാന്‍ പറയുന്നു, ഞാന്‍ ആരെയും വേദനിപ്പിച്ചിട്ടില്ല. ഒരു വ്യക്തിയെയും അയാളുടെ അനുമതി അവഗണിച്ചുകൊണ്ട് ഉപദ്രവിച്ചിട്ടില്ല. എന്റെ പ്രവര്‍ത്തികള്‍ മൂലം ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ടെങ്കില്‍ ദയവായി മുന്നോട്ട് വരണം. ഒരാളുടെ പ്രവര്‍ത്തിയുടെ അനന്തരഫലം അനുഭവിക്കേണ്ടതാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ മീടുവിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നു. പരാതിക്കാരിയുടെ ദുഃഖത്തില്‍ സത്യമുണ്ടെങ്കില്‍ ഞാന്‍ മാപ്പു പറയാന്‍ തയ്യാറാണ്, അതിനേക്കളുപരി നിയമനടപടികള്‍ നേരിടാനും തയ്യാറാണ്. കാരണം ആരുടേയും ജീവിതത്തില്‍ ഒരു കയ്പ്പേറിയ അനുഭവം സമ്മാനിക്കാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല.

എന്റെ അച്ഛന്‍ ഏതാനും മാസങ്ങളായി ഗുരുതരമായ രോഗാവസ്ഥയുമായി പോരാടുകയാണ്. അച്ഛന്റെ ആരോഗ്യത്തിനും രോഗമുക്തിക്കുമായി പ്രാര്‍ത്ഥിക്കണമെന്ന് ആരാധകരോടും സുഹൃത്തുക്കളോടും അപേക്ഷിക്കുകയാണ്. കാര്‍ത്തിക്കിന്റെ കുറിപ്പില്‍ പറയുന്നു

karthik

കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തകേസിൽ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴിനല്‍കിയ കന്യാസ്ത്രീയെ മഠത്തില്‍ തടങ്കലില്‍ വച്ചതായി പരാതി. സംഭവത്തിൽ ഇടുക്കി രാജാകാട്ട് സ്വദേശിനി ലിസി കുര്യനെ പോലീസ് മോചിപ്പിച്ചു. സഹോദരന്‍ ജിമ്മി കുര്യന്റെ പരാതി പ്രകാരമാണ് ലിസി കുര്യനെ മൂവാറ്റുപുഴ വാഴപ്പിള്ളി ജീവജ്യോതി മഠത്തില്‍നിന്ന് പോലീസ് പുറത്തെത്തിച്ചത്. സിസ്റ്ററുടെ മൊഴിയില്‍ മദര്‍ സുപ്പീരിയറടക്കം നാലു പേര്‍ക്ക് എതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

സഹോദരിയെ മഠത്തില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഇവരുടെ ജീവന് ഭീഷണിയുണ്ടെന്നുമായിരുന്നു സഹോദന്റെ പരാതി. ഇതോടെ തിങ്കളാഴ്ച ഉച്ചയോടെ സിസ്റ്റര്‍ ലിസിയെ സ്‌റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. സിസ്റ്റര്‍ ലിസിയെക്കുറിച്ച് കുറച്ചുനാളായി വിവരം ഒന്നുമില്ലാതെ ആയതോടെയാണ് സഹോദരന്‍ പരാതിയുമായി എത്തിയത്. ഫ്രാങ്കോ മുളയ്ക്കലിന് എതിരേ പരാതി നല്‍കിയ സിസ്റ്ററുമായി അടുപ്പമുള്ള ഇവര്‍ ബിഷപ്പിനെതിരേ മൊഴിനൽകിയിരുന്നു. കേസിലെ മുഖ്യ സാക്ഷികളില്‍ ഒരാളായതോടെ ഇവർ മഠാധികാരിളുടെ എതിർപ്പിനും കാരണമായി.

കഴിഞ്ഞ 14 വര്‍ഷമായി മൂവാറ്റുപുഴ തൃക്ക്കരയിലെ മഠം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരികയായിരുവന്നു സിസ്റ്റര്‍ ലിസി. ഫ്രാങ്കോ കേസിൽ ബിഷപ്പിന് എതിരേ മൊഴികൊടുത്തതിന് പിറകെ ഇവരെ തുടര്‍ന്ന് തന്നെ വിജയവാഡയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തെന്നും ഇവർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടെയാണ് അസുഖ ബാധിതയായ അമ്മയെ കാണാൻ സിസ്റ്റർ രണ്ട് കന്യാസ്ത്രീകള്‍ക്കൊപ്പം ആലുവയില്‍ എത്തുകയും ചെയ്തു. എന്നാൽ ആശുപത്രിയില്‍ എത്തി അമ്മയെ കണ്ടശേഷം മഠത്തിലേക്ക് മടങ്ങിയ സിസ്റ്ററെക്കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ലാതായതോടെയാണ് സഹോദരന്‍ കോട്ടയം പൊലീസില്‍ പരാതിയുമായി സമീപിച്ചത്. തുടർന്നായിരുന്നു പോലീസ് ഇടപെടൽ.

സംഭവത്തില്‍ കേസ് എടുത്ത പൊലീസ് രാത്രി ഒമ്പതരയോടെ കന്യാസ്ത്രീയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു. മഠത്തിലേക്ക് തിരികെ മടങ്ങാനായിരുന്നു മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാതെ അവർ മാതാവിനെ പരിചരിക്കാൻ അനുവദികണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സിസ്റ്ററെ പിന്നീട് രോഗിയായ മാതാവ് ചികിത്സയില്‍ കഴിയുന്ന തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി

പെരിയ ഇരട്ടക്കൊല നടത്തിയത് ക്വട്ടേഷൻ സംഘമല്ലെന്നും പ്രദേശത്തുതന്നെയുള്ളവരെന്നും നിഗമനം. ലക്ഷ്യമിട്ടത് ഗുരുതരപരുക്കേല്‍പ്പിക്കാനായിരുന്നു. കൊല്ലാന്‍ തീരുമാനിച്ചത് അവസാനനിമിഷം. തീരുമാനത്തില്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്റെ ബന്ധുവിന് നിര്‍ണായകപങ്കെന്നും അന്വേഷണസംഘത്തിനു സൂചന ലഭിച്ചു.

ഇരട്ടക്കൊല പൂര്‍ണമായും തെറ്റായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയത്തിന്റെ ആദ്യക്ഷരം അറിയാവുന്ന ആരും ഇത്തരം ചെയ്തികള്‍ക്ക് മുതിരില്ല.

പാര്‍ട്ടിക്ക് പങ്കില്ല, അക്രമത്തിന്റെ ഫലം നന്നായി അറിയാവുന്ന പാര്‍ട്ടിയാണ് സിപിഎം. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.

കുറ്റവാളികള്‍ക്കെതിരെ നിയമനടപടി മാത്രമല്ല, ശക്തമായ പാര്‍ട്ടി നടപടിയും വരും. കേരളത്തില്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ മുന്‍പത്തേക്കാള്‍ കുറഞ്ഞിട്ടുണ്ടെന്നും പിണറായി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു

ഇരട്ടക്കൊലയില്‍ ആദ്യ അറസ്റ്റ് ഇന്നുതന്നെയുണ്ടാകുമെന്നാണ് വിവരം. കസ്റ്റഡിയിലുള്ളത് സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റിയംഗം എ.പീതാംബരനടക്കം ഏഴുപേരാണ്. മുഖ്യആസൂത്രകന്‍ പീതാംബരനെന്നാണ് സൂചന. ജില്ലാപൊലീസ് ആസ്ഥാനത്ത് ഇവരെ ചോദ്യംചെയ്യുന്നു. കൊലപാതകത്തില്‍ പങ്കെടുത്ത ചിലരും കസ്റ്റഡിയിലുണ്ട്. ചില മൊഴികളില്‍ വൈരുധ്യമുണ്ട്.

പെരിയ ഇരട്ടക്കൊലയിൽ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്റെ പങ്ക് സമ്മതിച്ച് ഉദുമ എംഎൽഎ കെ.കുഞ്ഞിരാമന്‍. പീതാംബരനും കൂട്ടരും നടപ്പാക്കിയ കൃത്യത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്ക് ഏറ്റെടുക്കാനാവില്ല. എ.പീതാംബരനെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇരട്ടക്കൊലയില്‍ പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശനനടപടിയുണ്ടാകും. സിപിഎം നേതാക്കള്‍ ഇന്ന് പെരിയ സന്ദര്‍ശിക്കും. എന്തിന് കൊലചെയ്തുവെന്ന് അവരോട് ചോദിക്കണമെന്നും കുഞ്ഞിരാമന്‍  പ്രതികരിച്ചു.

കസ്റ്റഡിയിലുള്ളവര്‍ക്ക് കൊല്ലപ്പെട്ടവരുമായി വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കാമെന്നു സിപിഎം ജില്ലാസെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ പറഞ്ഞു. കസ്റ്റഡിയിലുള്ളവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. പാര്‍ട്ടി സമാന്തര അന്വേഷണം നടത്തുമെന്നും ബാലകൃഷ്ണന്‍   പറഞ്ഞു.

പെരിയ ഇരട്ടക്കൊലയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്ക് പരോക്ഷമായി സമ്മതിച്ച് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. കൊലപാതകരാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ പാര്‍ട്ടിയാണ് സിപിഎം. അതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് കാസര്‍കോട്ടുണ്ടായത്. അതുകൊണ്ടാണ് പാര്‍ട്ടി ഇരട്ടക്കൊലയെ തള്ളിപ്പറഞ്ഞതും നടപടി ഉറപ്പുനല്‍കിയതും.

സിപിഎം പ്രവര്‍ത്തകര്‍ ഒരുവിധ അക്രമങ്ങളിലും ഏര്‍പ്പെടരുത്. പെരിയ ഇരട്ടക്കൊലയ്ക്കുശേഷമുണ്ടായ സംഘര്‍ഷങ്ങളില്‍ തിരിച്ചടിക്ക് മുതിരരുത്. ഇക്കാര്യം ഉറപ്പാക്കാന്‍ എല്ലാ പാര്‍ട്ടിഘടകങ്ങള്‍ക്കും നിര്‍ദേശം നൽകി. സര്‍ക്കാര്‍ നടത്തുന്ന സമാധാനശ്രമങ്ങള്‍ക്ക് സിപിഎം പൂര്‍ണപിന്തുണ നല്‍കും. ഹര്‍ത്താലിന്‍റെ മറവില്‍ കോണ്‍ഗ്രസ് വ്യാപക അക്രമം അഴിച്ചുവിട്ടെന്നും കോടിയേരി കൊല്ലത്തു വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

വൈകുന്നേരത്തോടെ കാര്യങ്ങളില്‍ വ്യക്തതവരുമെന്ന് കാസര്‍കോട് എസ്.പി. ഡോക്ടര്‍ എ.ശ്രീനിവാസ്  പറഞ്ഞു. സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെ പരിശോധന തുടരുന്നുവെന്നും എസ്പി പറഞ്ഞു.

കൊല്ലപ്പെട്ടവർക്കെതിരെ മുൻപു സമൂഹമാധ്യമങ്ങൾ വഴി വധഭീഷണി മുഴക്കിയ കോളജ് വിദ്യാർഥി ഉൾപ്പെടെ 2 സിപിഎം പ്രവർത്തകരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രദേശത്തെ സിപിഎം പ്രവർത്തകർക്കു കൊ‌ല്ലപ്പെട്ട യുവാക്കളോടു മുൻവൈരാഗ്യമുണ്ടായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. വീടുകളിൽ നിന്നു മാറിനിൽക്കുന്ന ചില സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നു. അതേസമയം, ഇന്ന് പെരിയയിലെത്താനിരുന്ന എൽഡിഎഫ് നേതാക്കളുടെ സന്ദർശനം റദ്ദാക്കി. പ്രദേശത്ത് പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം

കൊല്ലിയോട് ക്ഷേത്രത്തിലെത്തില്‍ കണ്ണൂര്‍ രജിസ്ട്രേഷന്‍ നമ്പറുള്ള രണ്ട് ജീപ്പുകള്‍ എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജീപ്പുകള്‍ കണ്ടെത്താന്‍ മംഗലാപുരം, കണ്ണൂര്‍ റൂട്ടുകള്‍ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു തുടങ്ങി. കൊലയാളി സംഘത്തിന് രക്ഷപെടാന്‍ കൃത്യമായ വഴിയടക്കമുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. പെരിയ, കൊല്ലിയോട് മേഖലകളിലെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു

സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനായി സംഭവസ്ഥലത്തിനു സമീപമുള്ള പ്രദേശങ്ങളിൽ കാട് വെട്ടിത്തെളിച്ച് കൂടുതല്‍ തിരച്ചില്‍ നടത്തും. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും, ശരത് ലാലിനേയും ആക്രമിച്ച സ്ഥലത്തു നിന്ന് ഒരു വടിവാളിന്റെ പിടി പൊലീസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ആയുധം കൃത്യം നടന്നതിനു സമീപമുള്ള പറമ്പുകളിൽ എവിടെയെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടാകാം എന്ന സംശയം അന്വേഷണ സംഘത്തിനുണ്ടായത്. പ്രദേശത്തെ കുറ്റിക്കാടുകളിലടക്കം മെറ്റൽ ഡിക്റ്റെക്റ്റർ ഉൾപ്പെടെ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ കാടുമൂടിക്കിടക്കുന്ന പ്രദേശങ്ങൾ വെട്ടിത്തെളിച്ച് കൂടുതൽ പരിശോധന നടത്താനാണ്അന്വേഷണ സംഘത്തിന്റെ ആലോചന. ഇതോടൊപ്പം കൃത്യം നടക്കുന്ന സമയത്ത്പ്രദേശത്തെ വിവിധ ടവറുകളുടെ പരിധിയിൽ നിന്നുണ്ടായ ഫോൺ വിളികളും പൊലീസ് വിശദമായി പരിശോധിക്കും.

നിലവിൽ രണ്ടു ഡിവൈഎസ്പിമാരും, നാലു സിഐമാരും, ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളും ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ആവശ്യമെങ്കിൽ അന്വേഷണ സംഘം വിപുലികരിക്കാനും പദ്ധതിയുണ്ട്. രണ്ടു ദിവസത്തിനകം പ്രതികൾ വലയിലാകുമെന്ന ആത്മവിശ്വാസമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുന്നത്. അതേസമയം പ്രതികളെ ഉടൻ പിടികൂടുന്നില്ലെങ്കിൽ കേസ് സിബിഐക്ക് വിടണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം.

RECENT POSTS
Copyright © . All rights reserved