Crime

ബോളിവുഡ് താരം മഹേഷ് ആനന്ദ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ബോളിവുഡ് ചിത്രങ്ങളിലെ നിറ സാന്നിധ്യമായിരുന്ന മഹേഷ് ആനന്ദിനെ മുംബൈയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഭാര്യ മോസ്‌കോയിലായിരുന്നതിനാല്‍ മുംബൈയിലെ അദ്ധേരിയിലെ യാരി റോഡിലായിരുന്നു മഹേഷ് താമസിച്ചിരുന്നത്. മൃതദേഹം കണ്ടെത്തുമ്പോൾ അഴുകിയ നിലയിലായിരുന്നു.

വില്ലന്‍ കഥാപാത്രങ്ങളിലൂടെയായിരുന്നു മഹേഷ് പേരെടുത്തത്. 80-കളിലും 90-കളിലും നിരവധി ചിത്രങ്ങളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അനശ്വരമാക്കിയ താരമാണ് മഹേഷ്. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച അഭിമന്യു എന്ന ചിത്രത്തിലെ വില്ലന്‍ വേഷമാണ് മഹേഷ് ആനന്ദിനെ മലയാള സിനിമ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാക്കിയത്. കുരുക്ഷേത്ര, സ്വര്‍ഗ്, കൂലി നമ്ബര്‍ 1, വിജേത, ഷഹെന്‍ഷാ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം പ്രജയെന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഗോവിന്ദ നായകനായ രംഗീല രാജയാണ് അവസാന ചിത്രം. 57 വയസ്സായിരുന്നു.

ഫോണിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കുന്നതിനായി ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരിയെന്നു കണ്ടെത്തിയ കാക്കനാട് തെങ്ങോട്ട് മനയ്ക്കക്കടവ് കോച്ചേരിയിൽ സജിത(39)യ്ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു

ഭർത്താവ് പോൾ വർഗീസ് (42) ആണു മരിച്ചത്. സജിതയ്ക്കു കോട്ടയം പാമ്പാടി സ്വദേശി പാമ്പാടിക്കണ്ടത്തിൽ ടിസൻ കുരുവിളയുമായി അടുപ്പമുണ്ടായിരുന്നു. ഇയാൾക്കൊപ്പം ജീവിക്കാൻ വേണ്ടിയാണു ഭർത്താവിനെ കൊലപ്പെടുത്തിയത്. കേസിൽ രണ്ടാം പ്രതിയായി ടിസൻ കുരുവിള പ്രതിചേർക്കപ്പെട്ടിരുന്നെങ്കിലും സാഹചര്യത്തെളിവുകളുടെ അഭാവം മൂലം വിട്ടയച്ചു.

2011 ഫെബ്രുവരി 22നാണു കേസിനാസ്പദമായ സംഭവം. ഉറങ്ങാൻ കിടക്കുന്നതിനു മുൻപു സജിത ഭർത്താവിന് ഉറക്കഗുളികകൾ കലർത്തിയ ഭക്ഷണം നൽകി. മയങ്ങിയെന്ന് ഉറപ്പായശേഷം കഴുത്തിൽ തോർത്ത് ഉപയോഗിച്ചു മുറുക്കിയും മുഖത്തു തലയണ വച്ച് അമർത്തിയും കൊലപ്പെടുത്തിയെന്നാണു കേസ്. മരിച്ചുവെന്ന് ഉറപ്പായശേഷം സജിത ബന്ധുക്കളെ വിളിക്കുകയും തൂങ്ങിമരണമാണെന്നു പറയുകയും ചെയ്തു

സമീപവാസികളുടെ സഹായത്തോടെ മൃതദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണമല്ലെന്നു വ്യക്തമായതോടെയാണു സജിത പിടിയിലായത്. സജിതയും ടിസൻ കുരുവിളയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും ഇവരുടെ പരസ്പരവിരുദ്ധമായ മൊഴികളും കേസിൽ നിർണായക തെളിവായി.

കൊലപാതകം നടക്കുന്ന സമയത്ത് സജിതയുടെ എട്ടും നാലും വയസുള്ള കുട്ടികൾ വീട്ടിൽ ഉണ്ടായിരുന്നു. തൃക്കാക്കര സിഐ ആയിരുന്ന ബൈജു പൗലോസ് ആണു കേസ് അന്വേഷണം നടത്തിയത്. ഡിവൈഎസ്പി വി.കെ.സനിൽകുമാർ കുറ്റപത്രം സമർപ്പിച്ചു. പറവൂർ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി അഹമ്മദ് കോയ ആണു ആണു സജിതയ്ക്കു ശിക്ഷ വിധിച്ചത്.

തെളിവു നശിപ്പിക്കുന്നതിനും മരണം ആത്മഹത്യയാക്കി തീർക്കുന്നതിനും ഇവർ ശ്രമിച്ചതായി കോടതി കണ്ടെത്തി. ഇവരുടെ ആവശ്യപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേയ്ക്ക് മാറ്റുന്നതിനും പറവൂർ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി അനുവദിച്ചു.

മക്കളെ മറ്റൊരു മുറിയിൽ ഉറക്കിക്കിടത്തിയ ശേഷം ഭർത്താവിന് ഭക്ഷണത്തിൽ ഉറക്ക ഗുളിക നൽകി കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാൽ പരിധിയിൽ കൂടുതൽ മരുന്ന് അകത്തു ചെല്ലാതിരുന്നതിനാൽ പോൾ വർഗീസ് മരിച്ചില്ല. ഇതു കണ്ട് കാമുകനൊപ്പം ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നത്രെ. കഴുത്തിൽ തോർത്തിട്ട് മുറുക്കുകയും മുഖത്ത് തലയിണ അമർത്തുകയും മറ്റും ചെയ്താണ് മരണം ഉറപ്പു വരുത്തിയത്. തുടർന്ന് കാമുകനെ പറഞ്ഞു വിടുകയും ഭർത്താവ് തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കളെ വിളിച്ചു കൂട്ടുകയുമായിരുന്നു.

ഭർത്താവിനെ കൊലപ്പെടുത്തിയ ദിവസം രാത്രിയിൽ കാമുകൻ ടിസണെ സജിത യാത്രയാക്കിയത് സ്വന്തം പറമ്പിൽ വിളഞ്ഞ കൈതച്ചക്ക കടലാസിൽ പൊതിഞ്ഞു നൽകി. പൊലീസ് അന്വഷണത്തിനിടെ സജിത തന്നെയാണ് ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. ഇതെല്ലാം കാണിച്ചാണ് പൊലീസ് ടിസൻ കുരുവിളയെ കേസിൽ പ്രതി ചേർത്തത്. എന്നാൽ കോടതിയിൽ മതിയായ തെളിവില്ലാതിരിക്കുകയും സാഹചര്യത്തെളിവുകൾ കോടതിക്ക് ബോധ്യപ്പെടാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ടിസന്‍ കുറ്റവിമുക്തനായത്

ഭർത്താവിന്റെ ബന്ധുവായ യുവതിക്ക് കല്യാണം ആലോചിച്ച് പരസ്യം നൽകിയതിനെ തുടർന്നുണ്ടായ സൗഹൃദമാണ് സജിതയും ടിസണും തമ്മിലുള്ള പ്രണയത്തിലേയ്ക്ക് വഴിമാറിയത്. യുകെയിൽ ജോലി ചെയ്യുകയായിരുന്ന ടിസൺ തുടർച്ചയായി സജിതയുമായി ഫോണിൽ ബന്ധപ്പെടുമായിരുന്നു. അടുപ്പം പ്രണയത്തിനു വഴിമാറിയതോടെ ടിസൺ കുരുവിളയ്ക്കൊപ്പം ജീവിക്കണമെന്നായി സജിതയ്ക്ക്. എന്നാൽ മക്കളെ ഒഴിവാക്കാനും പറ്റില്ല.

തന്നോടൊപ്പം യുകെയ്ക്ക് പോരാനായിരുന്നു ടിസൻ സജിതയോടു പറഞ്ഞിരുന്നത്. എന്നാൽ മക്കളെയും കാമുകനെയും സ്വന്തമാക്കാനുള്ള ഏക വഴി ഭർത്താവിനെ കൊല്ലുകയാണ് എന്നു വിശ്വസിച്ചാണ് അവർ കടുംകൈക്ക് മുതിർന്നത്. എല്ലാം കഴിഞ്ഞാൽ കാമുകനൊപ്പം യുകെയ്ക്ക് കടക്കാനായിരുന്നു പദ്ധതി. ടിസൻ നാട്ടിലുള്ളപ്പോൾ തന്നെ അതിനുള്ള സാഹചര്യം അവരുണ്ടാക്കി. തുടർന്നാണ് അമിത അളവിൽ മയക്കു മരുന്നു കൊടുത്ത് ഭർത്താവിനെ ഉറക്കിക്കിടത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്

പോൾ വർഗീസിനെ വാഹനാപകടം ‘സൃഷ്‌ടിച്ചു’ കൊലപ്പെടുത്താനും ആലോചിച്ചിരുന്നുവെന്നു ടിസനും സജിതയും പൊലീസിനു മൊഴി നൽകിയിരുന്നു. പ്രഭാത ഭക്ഷണത്തിൽ ഉറക്ക ഗുളിക കലർത്തി നൽകിയാൽ ബൈക്കിൽ പോകുമ്പോൾ അപകടം സംഭവിക്കുമെന്നായിരുന്നത്രെ കണക്കു കൂട്ടൽ. എന്നാൽ അപകടത്തിൽ മരിക്കാതെ ഗുരുതരമായി പരുക്കേറ്റാൽ നീക്കം പാളുമെന്നു ടിസൻ തന്നെ പറഞ്ഞതിനാൽ കിടപ്പു മുറിയിൽവച്ചു കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു

കാമുകിക്കൊപ്പം ജീവിക്കാൻ സജിത അവരുടെ ഭർത്താവിനെ കൊന്നതുപോലെ തന്റെ ഭാര്യയെയും വകവരുത്താൻ തീരുമാനിച്ചിരുന്നതായി അന്ന് ടിസൻ പൊലീസിനോടു പറഞ്ഞിരുന്നു. യുകെയിലുണ്ടായിരുന്ന ഭാര്യ അവധിക്കെത്തുമ്പോൾ മലമ്പുഴ ഡാം പരിസരത്തു കൊണ്ടുപോയി കൊല്ലാനായിരുന്നു പദ്ധതിയെന്നാണ് പറഞ്ഞത്. യുകെയിൽ നഴ്‌സായ ഭാര്യയുടെ കുടുംബ വീസയിലാണു ടിസനും യുകെയിലെത്തിയത്. സൂപ്പർമാർക്കറ്റിൽ സെയിൽസ്‌മാനായിരുന്ന ഇയാൾ ഭാര്യക്കൊപ്പം ഒരുമിച്ചു നാട്ടിലേക്കു വരാനാണ് ആദ്യം തീരുമാനിച്ചിരുന്നതത്രെ. സജിതയുമായുള്ള ബന്ധം കാരണമാണ് യാത്ര നേരത്തെയാക്കിയത്.

അയൽവാസികളോടും ബന്ധുക്കളോടും തൂങ്ങിമരണമാണെന്നും സ്വാഭാവിക മരണമാണെന്നും പരസ്പര വിരുദ്ധമായി പറഞ്ഞത് സംശയമുണ്ടാക്കിയിരുന്നു. കൊല നടത്തിയ രാത്രിയിൽ ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചു വരുത്തി മൃതദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

മരണം സംഭവിച്ചിട്ട് ഏറെ സമയമായെന്നതും കഴുത്തിൽ ചില പാടുകൾ കാണപ്പെട്ടതും സംശയത്തിന് ഇടയാക്കിയതിനെത്തുടർന്ന് ആശുപത്രി അധികൃതർ മൃതദേഹം വിട്ടു കൊടുത്തില്ല. പൊലീസെത്തി ഇൻക്വസ്‌റ്റ് തയാറാക്കി പോസ്‌റ്റ്‌മോർട്ടം നടത്തിയശേഷമാണു മൃതദേഹം സംസ്‌കരിച്ചത്. മരണത്തിൽ സംശയം തോന്നിയ പൊലീസ് ഭാര്യയോടും ബന്ധുക്കളോടും വിവരങ്ങൾ ആരാഞ്ഞിരുന്നു. ഭാര്യയുടെ മൊഴികളിൽ വൈരുധ്യം ഉണ്ടായതിനെത്തുടർന്ന് ഇവർ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പോളിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു സംശയിക്കുന്ന രീതിയിൽ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് ഇതിനിടെ ലഭിക്കുകയും ചെയ്‌തു.

പൊലീസ് അന്വേഷണം ശക്‌തമാക്കിയപ്പോൾ ഭർത്താവ് തൂങ്ങി മരിച്ചതാണെന്നും ജീവനുണ്ടെന്നു സംശയിച്ച് ആശുപത്രിയിലെത്തിച്ചതാണെന്നും നാണക്കേടു ഭയന്നാണു പുറത്തു പറയാതിരുന്നതെന്നും ഭാര്യ മൊഴി നൽകി. തൂങ്ങാനുപയോഗിച്ച കയർ അടുപ്പിലിട്ടു കത്തിച്ചു കളഞ്ഞെന്നും അവർ പൊലീസിനോടു പറഞ്ഞു. സംഭവത്തിൽ കൂടുതൽ ദുരൂഹത തോന്നിയ പൊലീസ് വിശദമായ അന്വേഷണത്തിനൊടുവിലാണു ഭാര്യയെയും യുവാവിനെയും കസ്‌റ്റഡിയിലെടുത്തത്.

സ്വന്തം വീട്ടിലുണ്ടായ സംഭവത്തിന് ഇവർ തന്നെയാണ് ഉത്തരവാദി എന്നാണ് ജീവപര്യന്തം ശിക്ഷ വിധിച്ചുകൊണ്ട് കോടതി പറഞ്ഞത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണമല്ലെന്നു വ്യക്തമായി. സജിതയും ടിസൻ കുരുവിളയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും ഇവരുടെ പരസ്പരവിരുദ്ധമായ മൊഴികളും കേസിൽ നിർണായക തെളിവായി മാറുകയായിരുന്നു

സൗദി അല്‍ഹസ്സയിലെ ഹറദിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മുവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനില്‍ തങ്കപ്പന്‍, പാലക്കാട് സ്വദേശി ഫിറോസ്ഖാന്‍, തിരുവനന്തപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്.

എക്സൽ എൻജിനീയറിങ് കമ്പനി ജീവനക്കാരാണ്. കഴിഞ്ഞ ദിവസം വൈകിട്ട് ഇവർ കാറിൽ പോകുമ്പോൾ ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ അല്‍ അഹ്സ ഹഫൂഫ് കിങ്ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.

കോട്ടപ്പടിയിൽ പടക്കം പൊട്ടിയതുകേട്ട് ഭയന്നോടിയ കൊമ്പൻ തെച്ചിക്കോട്ടുകാവു രാമചന്ദ്രന്റെ ചവിട്ടേറ്റു രണ്ടു പേർ മരിച്ചു. തിരക്കിൽപ്പെട്ട് 10 പേർക്ക് പരുക്കേറ്റു. കണ്ണൂർ തളിപ്പറമ്പ് പാലകുളങ്ങര നിഷാ നിവാസിലെ പറശിനിക്കടവു നണിശേരി സ്വദേശി പട്ടേരി നാരായണൻ (ബാബു – 66), കോഴിക്കോട് നരിക്കുനി മടവൂർ വെള്ളാരംകണ്ടിയിൽ അറയ്ക്കൽ വീട്ടിൽ മുരുഗൻ (ഗംഗാധരൻ– 60) എന്നിവരാണു മരിച്ചത്. നാരായണൻ സംഭവസ്ഥലത്തും മുരുഗൻ രാത്രി ഏഴരയോടെ തൃശൂർ ജൂബിലി മെഡിക്കൽ കോളജ് ആശുപത്രിയിലുമാണു മരിച്ചത്. പരുക്കേറ്റവർ കുന്നംകുളം റോയൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഖത്തറിൽ അൽസദ് എക്സ്ചേഞ്ച് ജനറൽ മാനേജരാണ് നാരായണൻ. മുരുഗന് ഖത്തറിൽ തന്നെയാണ് ജോലി. ഖത്തറിൽ ജോലി ചെയ്യുന്ന കോട്ടപ്പടി മുള്ളത്തു ഷൈജുവിന്റെ ഗൃഹപ്രവേശ ചടങ്ങിനു വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ എത്തിയതാണു നാരായണൻ. മുരുഗൻ ഇന്നലെ രാവിലെയാണ് എത്തിയത്.

കോട്ടപ്പടി ചേമ്പാലക്കുളങ്ങര ക്ഷേത്രത്തിലെ പൂരത്തിനു സൗഹൃദ കമ്മിറ്റിക്കു കൊണ്ടുവന്ന കൊമ്പനെ ഷൈജുവിന്റെ പുതിയ വീട്ടിൽ നിന്ന് എഴുന്നള്ളിക്കാമെന്നു വഴിപാടുണ്ടായിരുന്നു. ഉച്ചയോടെ ആനയെ നെറ്റിപ്പട്ടം കെട്ടി വീടിന്റെ മുന്നിൽ നിർത്തി. ഇതിനിടെ പടക്കം പൊട്ടുന്ന ശബ്ദം കേട്ടു ഭയന്ന കൊമ്പൻ വീടിനും തൊട്ടടുത്ത കെട്ടിടത്തിനുമിടയിലെ ഇടുങ്ങിയ വഴിയിലൂടെ മുന്നോട്ടു കുതിച്ചു. ഇടുങ്ങിയ വഴിയിൽനിന്നിരുന്ന ഇരുവരും വീഴുകയും ഇവരെ ആന ചവിട്ടുകയും ചെയ്തു. ഇവരുടെ സമീപം നിന്നിരുന്ന വാദ്യക്കാർക്കാണ് പരുക്കേറ്റത്. ആനപ്പുറത്തുണ്ടായിരുന്നവർ ചാടി രക്ഷപ്പെട്ടു. ആന റോഡിലേക്കു കടന്നതുകൊണ്ടാണു കൂടുതൽ ദുരന്തമൊഴിവായത്. അടുത്ത വീടിന്റെ ഗേറ്റിലൂടെ റോഡിലേക്കിറങ്ങിയ ഉടനെ ആനയെ പാപ്പാന്മാർ നിയന്ത്രിച്ചു.

നാരായണൻ പട്ടേരിയുടെ ഭാര്യ ബേബി നിഷ. മക്കൾ: ഡോ. നീന (കണ്ണൂർ ജില്ലാ ആശുപത്രി), റിനു. മരുമകൻ: ഡോ. വിശാൽ (കണ്ണൂർ ജില്ലാ ആശുപത്രി). സംസ്കാരം ഇന്നു വൈകിട്ട് നാട്ടിലെ സമുദായ ശ്മശാനത്തിൽ. ശ്യാമളയാണ് മുരുഗന്റെ ഭാര്യ.

അപകടത്തിനിടയാക്കും വിധം മൃഗങ്ങളെ കൈകാര്യം ചെയ്തതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും പൊലീസ് കേസെടുത്തിട്ടുണ്ട്.

ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി പ്രിയങ്ക പ്രിന്‍സാണ്​ മരിച്ചത്​. ഭര്‍ത്താവ്​ പ്രിന്‍സ്​ ബഹ്​റൈനിലുണ്ട്​. ഇവര്‍ ഒരുമാസം മുൻപ്​ നാട്ടില്‍ പോകുകയും മകന്‍ ആരോണ്‍ പ്രിന്‍സിനെ നാട്ടിലാക്കി തിരിച്ചുവരികയുമായിരുന്നു. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മലയാളി നഴ്​സ്​ ബഹ്​റൈനില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

മരിക്കുകയാണെന്നു ബന്ധുക്കൾക്ക് വാട്സാപ് സന്ദേശം അയച്ചശേഷം കാണാതായ യുവാവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. ചൊറുക്കള മഞ്ചാൽ കേളോത്ത് വളപ്പിൽ സാബിറി(28 )ന്റെ മൃതദേഹമാണ് പറശ്ശിനികടവ് എകെജി ദ്വീപിന് സമീപം കണ്ടെത്തിയത്. 5 ന് രാത്രിയിലാണ് താൻ മരിക്കുകയാണെന്ന് ബന്ധുക്കൾക്ക് വാട്‌സാപ് സന്ദേശമയച്ചത്

പിന്നീട് ബൈക്കും മൊബൈൽ ഫോണും പറശ്ശിനിക്കടവ് നാണിച്ചേരി കടവ് പാലത്തിനുമുകളിൽ രാത്രി 9.30 ഓടെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് നാട്ടുകാരും പോലീസും അഗ്നിശമനസേനയും ചേർന്ന് അപ്പോൾ തന്നെ മണിക്കൂറുകളോളം പുഴയിൽ തിരച്ചിൽ നടത്തി. പിറ്റേ ദിവസവും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നുമാസം മുൻപ് വിവാഹിതനായ സാബിർ കണ്ണൂരിലെ സ്വകാര്യ ലാബിൽ ജോലി ചെയ്തുവരികയായിരുന്നു

സലയ്ക്കു വേണ്ടിയുളള പ്രാർത്ഥനകൾ വിഫലമായി. വിമാനവശിഷ്ടങ്ങളില്‍ നിന്നും കണ്ടെത്തിയ മൃതദേഹം സലയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഡോര്‍സെറ്റ് പൊലീസാണ് കാര്‍ഡിഫ് താരത്തിന്റെ മൃതദേഹം തിരിച്ചറിഞ്ഞതായി അറിയിച്ചത്. വിമാനം കാണാതായതോടെ നടത്തിയ ആദ്യ തിരച്ചിലില്‍ തെളിവൊന്നും ലഭിച്ചിരുന്നില്ല. അതോടെ തിരച്ചില്‍ പൊലീസ് അവസാനിപ്പിച്ചു. തുടര്‍ന്ന് കുടുംബത്തിന്റെ ആവശ്യപ്രകാരം ഫുട്‌ബോള്‍ താരങ്ങളും ആരാധകരും ചേര്‍ന്ന് ധനം സ്വരൂപിച്ചാണ് പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വിമാനത്തില്‍ നിന്ന് ലഭിച്ച മൃതദേഹം സലയുടേതാണെന്ന് ഡൊറസ്റ്റ് പൊലീസ് സ്ഥിരീകരിച്ചത്.

ഫെബ്രുവരി 7 ന് പുറത്തെത്തിച്ച ബോഡിയുടെ ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയായി. മൃതദേഹം സലയുടേതാണെന്ന് ശാസത്രീയമായി സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.സലയുടേയും ഡേവിഡിന്റേയും കുടുംബത്തിന് ഞങ്ങളുടെ പ്രാര്‍ഥനയുണ്ടാകുമെന്നും അനുശോചനമറിയിക്കുന്നതായും കാര്‍ഡിഫ് സിറ്റി ട്വീറ്റ് ചെയ്തു.

ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. തന്റെ പഴയ ക്ലബ്ബ് വിട്ട് പുതിയ ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല. ജനുവരി 21 തിങ്കളാഴ്ച്ച വൈകുന്നേരം 7.15-നാണ് പുറപ്പെട്ടത്. ബ്രിട്ടീഷ് വംശജനായ പൈലറ്റ് ഡേവിഡ് ഇബോട്ട്‌സണായിരുന്നു സലയ്ക്കൊപ്പം വിമാനത്തിൽ ഉണ്ടായിരുന്നത്.

രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു.ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിമാനം അപ്രത്യക്ഷമാകുകായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ-46 മാലിബു’ ചെറുവിമാനമാണ് കാണാതായത്. വിമാനം കാണാതായ ശേഷം സാലെ അയച്ച അവസാന വാട്‌സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു.

സാധാരണ അതിഥിയായി എത്തിയ പരിപാടിയിൽ അടിയുണ്ടായാൽ സെലിബ്രിറ്റികൾ എത്രയും വേഗം അവിടെ നിന്ന് രക്ഷപെടാനാണ് ശ്രമിക്കുന്നത്. എന്നാൽ ഷറഫുദ്ദീൻ വേറെ ലെവലാണെന്ന് സോഷ്യൽമീഡിയ. ഷറഫുദ്ദീൻ അതിഥിയായി എത്തിയ കൊളേജ് പരിപാടിയിലാണ് അടിയുണ്ടായത്. വിദ്യാർഥികൾ സംഘം തിരിഞ്ഞ് പൊരിഞ്ഞതല്ല് നടന്നു. എന്നാൽ ഈ അടിയും വഴക്കും ഒന്നും വകവെയ്ക്കാതെ അടിയുടെ ഇടയിലൂടെ നടന്നുവരുന്ന ഷറഫുദ്ദീന്റെ വിഡിയോയാണ് വൈറലായിരിക്കുന്നത്.

അടി ഒരു ഭാഗത്ത് നടക്കുമ്പോഴും അതൊന്നും വകവെയ്ക്കാതെ സദസിലെത്തിയ താരത്തിന് നിറകയ്യടിയോടെയാണ് മറ്റുള്ളവർ സ്വീകരിച്ചത്. ഷറഫുദ്ദീൻ നായകനായ നീയും ഞാനും എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.

സ്കൂള്‍ ബസില്‍ ഗിയറിന്‍റെ സ്ഥാനത്ത് മുളവടി ഉപയോഗിച്ച് ഡ്രൈവിംഗ്. മുംബൈയിലാണ് ബസ് ഡ്രൈവര്‍ അറസ്റ്റിലായത്. ഉത്തര്‍പ്രദേശ് സ്വദേശിയായ രാജ് കുമാറാണ് (21) ഗിയറിന്‍റെ സ്ഥാനത്ത് മുളവടി ഫിറ്റ് ചെയ്ത് ബസ്സ് ഓടിച്ചത്.

സ്കൂള്‍ ബസ് ക‍ഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടപ്പോ‍ഴാണ് വിവരമറിയുന്നത്. മധു പാര്‍ക്കിന് സമീപത്ത് വച്ച് ഒരു ബിഎംഡബ്ലിയു കാറിനെ ഇടിച്ച ശേഷം ബസ് നിര്‍ത്താതെ പോകുകയായിരുന്നു. പിന്‍തുടര്‍ന്നെത്തിയ കാര്‍ ഉടമ ബസ് ഡ്രൈവറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് ഗിയര്‍ ലിവറിന്‍റെ സ്ഥാനത്ത് മുളവടി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ കാര്‍ ഉടമ പൊലീസിന് കൈമാറുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് രാജ് കുമാറിനെ അറസ്റ്റ് ചെയ്യുകയും ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പൊട്ടിയ ഗിയര്‍ ലിവര്‍ നന്നാക്കാന്‍ സമയം കിട്ടാത്തതിനാലാണ് മുളവടി ഉപയോഗിച്ചതെന്നാണ് ബസ് ഡ്രൈവറുടെ വിശദീകരണം. ക‍ഴിഞ്ഞ മൂന്ന് ദിവസവും ഈ മുളവടി ഉപയോഗിച്ചാണ് ബസ്സോടിച്ചതെന്നും അയാള്‍ കുറ്റം സമ്മതിച്ചു. 279, 330 വകുപ്പുകള്‍ പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ രാജ് കുമാറിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
എന്തായാലും ഭാഗ്യവശാല്‍ കുട്ടികള്‍ സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ സ്കൂള്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി അന്വേഷണം നടത്തും.

നായ്ക്കളുടെ അഴുകിയ ജഡങ്ങളാണ് പനമരത്തുള്ള പുഴയില്‍ ഇപ്പോള്‍ ഒഴുകി നടക്കുന്നത്. പനമരം ടൗണിനോട് ചേര്‍ന്നുള്ള ചെറിയ പുഴയാണ് ഇത്. തുടര്‍ച്ചയായ ദിവസങ്ങളിലാണ് ഒരാഴ്ചയോളം പഴക്കമുള്ള ജീര്‍ണ്ണിച്ച നായകള്‍ ഒഴുകിയെത്തുന്നത്. 7 ജഡങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഇതിനു പിന്നാലെ 3 ജഡങ്ങള്‍ കൂടി പുഴയിലെത്തി. 2 ദിവസം തുടര്‍ച്ചയായി ജഡങ്ങള്‍ ഒഴുകിവന്നിട്ടും സംഭവത്തിലെ ദുരൂഹത മറനീക്കിയിട്ടില്ല. ഇതിന്റെ പിന്നില്‍ എന്ത് എന്ന ഉത്തരം തേടി നടക്കുകയാണ് നാട്ടുകാരിപ്പോള്‍.

സാമൂഹ്യ വിരുദ്ധര്‍ നായക്കളെ കൊന്ന് പുഴയില്‍ തള്ളുന്നതാണോ? അതോ എന്തെങ്കിലും പകര്‍ച്ച വ്യാധികള്‍ പിടിപെട്ടതാണോ എന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ സംശയം. എന്താണെങ്കിലും ഇതിന് പിന്നിലുള്ള ദുരൂഹത നീക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം അധികൃതരെ വിവരമറിയിച്ചിട്ടും ആരും തന്നെ ഇതുവരെ എത്തിയിട്ടില്ല. അധികൃതരുടെ ഈ നടപടി പ്രദേശവാസികള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

നായ്ക്കളെ പുഴയില്‍ കണ്ട വിവരം പൊലീസ്, പഞ്ചായത്ത്, ആരോഗ്യ, മൃഗസംരക്ഷണ വകുപ്പ് അടക്കമുള്ളവരെ നാട്ടുകാര്‍ അറിയിച്ചിരുന്നു. അധികൃതര്‍ എത്തിയ ശേഷമേ അഴുകിയ നായ്ക്കളുടെ ജഡം പുഴയില്‍നിന്നു നീക്കം ചെയ്യാന്‍ സമ്മതിക്കൂവെന്നു നാട്ടുകാര്‍ പറയുന്നു. എത്രയുംവേഗം അധികൃതര്‍ എത്തി നായ്ക്കളെ പുഴയില്‍നിന്ന് എടുത്തു പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നാണ് ആവശ്യം

കഴിഞ്ഞ ദിവസം അധികൃതര്‍ എത്താത്തതിനെ തുടര്‍ന്ന് പ്രദേശത്തെ സത്യം സ്വാശ്രയ സംഘം പ്രവര്‍ത്തകര്‍ പനമരത്ത് ആരംഭിച്ച സിഎച്ച് റസ്‌ക്യൂ ടീമിന്റെ സഹായത്തോടെയാണ് നായ്ക്കളെ പുഴയില്‍നിന്ന് എടുത്ത് മറവുചെയ്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എത്രയുംവേഗം ദുരൂഹതയുടെ ചുരുളഴിക്കുമെന്നും പനമരം പൊലീസ് അറിയിച്ചു.

അതേസമയം സംഭവത്തിനു പിന്നിലെ ദുരൂഹത എത്രയും വേഗം പുറത്തുകൊണ്ടുവരണമെന്ന് പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി മോഹനന്‍ പറഞ്ഞു. നീചകൃത്യം ചെയ്തവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണം. ഇതിനു പൊലീസും നാട്ടുകാരും സഹകരിക്കണം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടയിടാന്‍ പനമരം പാലത്തിലും ടൗണിലുമായി 16 സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Copyright © . All rights reserved