Crime

ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍ സംസ്ഥാന പ്രൊജക്ട് ഓഫീസറായ ശ്യാമ പ്രഭയെ പി.സി.ജോർജ് എംഎല്‍എ അപമാനിച്ചതായി ആക്ഷേപം. മന്ത്രി കെ.കെ. ശൈലജയെ സന്ദർശിക്കാനായി നിയമസഭയിൽ എത്തിയ ശ്യാമയോട് അപഹസിച്ച് പെരുമാറിയെന്നാണ് ആക്ഷേപം. ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തപ്പോൾ വിധികർത്താവായി എത്തിയത് പിസി ജോർജായിരുന്നു. ആ പരിചയംവെച്ച് സംസാരിക്കാൻ ചെന്നപ്പോഴാണ് അപമാനം നേരിട്ടത്. തിക്താനുഭവത്തെക്കുറിച്ച് ശ്യാമ ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പിന് പിന്നാലെ സാമൂഹ്യപ്രവര്‍ത്തകരടക്കം രോഷം രേഖപ്പെടുത്തി രംഗത്തെത്തി. സംഭവത്തിൽ പ്രതിഷേധിച്ച് നിരവധി ട്രാൻസ്ജെൻഡർ സുഹൃത്തുക്കളും രംഗത്ത് വന്നിട്ടുണ്ട്.

‘നീ ആണല്ലേ..? എന്താ ഇവിടെ? എന്തിനാണ് വേഷം കെട്ടിയിരിക്കുന്നത്? മീശ അറിയുന്നുണ്ടല്ലോ..’ എന്റെ മറുപടി ഞാനൊരു ട്രാൻസ് ജെൻഡർ വ്യക്തി ആണ് എന്നതായിരുന്നു– ശ്യാമ എഴുതുന്നു.

ശ്യാമയുടെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ജൂൺ 14ന് നടക്കുന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ട് സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചറിനെ കാണുന്നതിനായി ഇന്ന് നിയമസഭയിൽ പോകേണ്ടി വന്നിരുന്നു . ആദ്യമായാണ് നിയമസഭയ്ക്കുള്ളിൽ നടക്കുന്ന കാര്യക്രമങ്ങൾ നേരിൽ കാണുന്നതും അനുഭവിക്കുന്നതും. ആ സന്തോഷത്തിൽ പുറത്തേക്ക് വരുന്ന അവസരത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലം എം എൽ എ പി സി ജോർജിനെ കാണാനിടയായി. മാന്യമഹാജനങ്ങളേ എന്ന റിയാലിറ്റി ഷോയിലെ മത്സരാർഥിയായിരുന്ന അവസരത്തിൽ വിധികർത്താവായി വന്ന പിസി ജോർജിനെ വീണ്ടും കണ്ട സന്തോഷത്തിൽ സംസാരിക്കാൻ മുതിർന്നപ്പോൾ അദ്ദേഹത്തിൻറെ മറുപടി ഇപ്രകാരമായിരുന്നു, “നീ ആണല്ലേ..? എന്താ ഇവിടെ? എന്തിനാണ് വേഷം കെട്ടിയിരിക്കുന്നത്? മീശ അറിയുന്നുണ്ടല്ലോ”…. എൻറെ മറുപടി ഞാനൊരു ട്രാൻസ് ജെൻഡർ വ്യക്തി ആണ് എന്നതായിരുന്നു. ഞാൻ തിരികെ ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോൾ “എനിക്ക് തിരക്കാണ്…. അതാണ്… ഇതാണ്… പിന്നെ”… എന്നുപറഞ്ഞ് തടിയൂരി പോകാനുള്ള ശ്രമമാണ് നടത്തിയത്. ഒരുപക്ഷേ സുഹൃത്തുക്കൾ കൂടെയുള്ളതുകൊണ്ട് ആയിരിക്കും. എന്നാലും എന്തിനാണ് ഈ വേഷം കെട്ടൽ കാണിക്കുന്നത് എന്നുള്ളതായിരുന്നു വീണ്ടും അദ്ദേഹത്തിൻറെ മറുപടിയും മുഖത്തുള്ള ഭാവവും. ഒരു ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹത്തിൻറെ നിലപാടിനോട് വീക്ഷണത്തോട് കടുത്ത വിയോജിപ്പാണ് ഈ അവസരത്തിൽ പ്രകടിപ്പിക്കാനുള്ളത്. കേരളത്തിലെ ട്രാൻസ്ജെൻഡർ സമൂഹം വേഷം കെട്ടി നടക്കുന്നവരാണ് എന്നുള്ള ധ്വനിയാണ് ആ മാന്യൻറെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നുള്ളതിൽ അതിയായ ദുഃഖമുണ്ട്. സമൂഹത്തിൽ നടക്കുന്ന സാമാന്യം വിഷയങ്ങളെക്കുറിച്ചോ ഇത്തരം ജീവിതങ്ങളെക്കുറിച്ചോ യാതൊരു ധാരണയുമില്ലാതെ മുൻവിധിയോടുകൂടി സമീപിക്കുന്ന ഇത്തരം ജനപ്രതിനിധികളോട് പുച്ഛം മാത്രമാണ് ഈ അവസരത്തിൽ രേഖപ്പെടുത്താൻ ഉള്ളത്.

ഒരു വിഭാഗത്തിന് മുതൽക്കൂട്ടാകുന്ന പ്രതികരണമാണ് ഈ സാമാജികൻറെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. വ്യക്തി എന്താണെന്നും, ജീവിതം എന്താണെന്നും, മനുഷ്യർ അനുഭവിക്കുന്ന സ്വാഭാവികമായ ബുദ്ധിമുട്ടുകൾ എന്താണെന്നും, എത്രത്തോളം മാനസികസംഘർഷം നേരിടുന്ന വ്യക്തികളാണ് ട്രാൻസ്ജെൻഡർ സമൂഹത്തിലുള്ള വരെന്നും ഇനിയും പൊതു സമൂഹം മനസ്സിലാക്കേണ്ടതുണ്ട്.. ഇന്ന് വലിയ രീതിയിലുള്ള അപമാനമാണ് എൻറെ സ്വത്വബോധത്തിൽ ഉറച്ചു നിൽക്കുന്ന അവസരത്തിൽ എനിക്ക് നേരിടേണ്ടി വന്നത്. ഇത്തരം നിലപാടുകളുള്ള പിസി ജോർജ് എംഎൽഎ യോട് കേരളത്തിലെ ട്രാൻസ്ജെൻഡർ സമൂഹത്തിൻറെ പ്രതിനിധി എന്നുള്ള നിലയിൽ കടുത്ത വിദ്വേഷവും പ്രതിഷേധവും അമർഷവും രേഖപ്പെടുത്തുന്നു. എന്റെ വ്യക്തിത്വത്തെ, ജൻഡർ ഐഡന്റിറ്റിയെ ചോദ്യം ചെയ്ത പി സി ജോർജ് എം എൽ എ നിങ്ങൾക്ക് ആള് തെറ്റി.

അടിയന്തരമായി സർക്കാർ ഇടപെട്ടു കൊണ്ട് ഇത്തരം വിഷയവുമായി ബന്ധപ്പെട്ട് സാമാജികർക്ക് അവബോധം നൽകേണ്ടത് അനിവാര്യമാണ്. നിയമസഭയ്ക്കുള്ളിൽ വെച്ച് അപമാനം നേരിടേണ്ടി വന്ന സാഹചര്യത്തിൽ പൊതു നിരത്തിലേക്ക് ഇറങ്ങുമ്പോൾ ഉണ്ടാകുന്ന അവസ്ഥയെക്കുറിച്ച് പറയേണ്ടതില്ലല്ലോ? നിയമസഭയ്ക്കുള്ളിൽ വച്ച് ട്രാൻസ്ജെൻഡർ വ്യക്തിയോട് ഇത്തരത്തിൽ പെരുമാറുന്ന ഒരു ജനപ്രതിനിധിക്ക്, തൻറെ സ്വന്തം മണ്ഡലത്തിൽ ഉള്ള ട്രാൻസ്ജൻഡർ സമൂഹത്തിനോടുള്ള പേരുമാറ്റം എത്തരത്തിലുള്ളതായിരിക്കും എന്ന് ഊഹിക്കാമല്ലോ… നിയമപരമായി നാം അർഹിക്കുന്ന അവകാശങ്ങൾ പോലും ഒരുപക്ഷേ നമുക്ക് ലഭിക്കുകയില്ല. ഒരു ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം എടുത്തിരിക്കുന്ന പ്രതിജ്ഞക്ക് വിപരീതമായി, ഭരണഘടനയുടെ ലംഘനമാണ് നടത്തിയിരിക്കുന്നത്.ഇത് ഗൗരവപൂർവ്വം കാണേണ്ട ഒരു വസ്തുതയാണ്

ഓടിക്കൊണ്ടിരുന്ന ജീപ്പ് കത്തി, ഉടമ പൊന്മുടി കോലത്ത് ബേബി മാത്യു (ബേബിച്ചൻ–52) വെന്തുമരിച്ചു. വെള്ളത്തൂവൽ – കൊന്നത്തടി റോഡിൽ ലക്ഷ്മിവിലാസം ജംക‌്‌ഷനിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഏലത്തോട്ടം ഉടമ കൂടിയായ ബേബി, പള്ളിവാസലിലെ തോട്ടത്തിൽ പോയി വീട്ടിലേക്കു മടങ്ങുകയായിരുന്നു. ബേബി മാത്രമാണു വാഹനത്തിലുണ്ടായിരുന്നത്.

വാഹനത്തിന്റെ നിർത്താതെയുള്ള ഹോൺ കേട്ട് അയൽവാസികൾ ഓടിയെത്തുമ്പോൾ ജീപ്പിൽ തീപടരുന്നതാണു കണ്ടത്. ചാറ്റൽമഴയുമുണ്ടായിരുന്നു. അയൽവാസികൾ രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും വാഹനം പൂർണമായും കത്തിനശിച്ചു. വാഹനം പരിശോധിച്ചപ്പോഴാണു ഡ്രൈവിങ് സീറ്റിൽ ബേബിച്ചനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

വെള്ളത്തൂവൽ പൊലീസ് എത്തി സ്ഥലം സീൽ ചെയ്തു. ജനറേറ്ററിൽ ഉപയോഗിക്കാൻ ആനച്ചാലിൽ നിന്നു ഡീസൽ വാങ്ങി ബേബി മാത്യു, വാഹനത്തിൽ സൂക്ഷിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ഡീസൽ സൂക്ഷിച്ചിരുന്ന കന്നാസിനു തീപിടിച്ചതാകാം അപകടകാരണമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇടുക്കിയിൽ നിന്നു ഫൊറൻസിക് വിഭാഗം പരിശോധനയ്ക്കായി ഇന്ന് എത്തും. അമ്പഴച്ചാൽ പരേതരായ കോലത്തു മത്തച്ചൻ–റോസക്കുട്ടി ദമ്പതികളുടെ മകനാണു ബേബി മാത്യു. ഭാര്യ: പൊന്മുടി കദളിക്കാട്ടിൽ ആശ. മക്കൾ: അമൽബേബി, ജോസഫ് ബേബി.

സ്‌കൂളില്‍ നിന്നു വിദ്യാലക്ഷ്മി വരുന്നതു കാത്തു ഇരുന്ന് അമ്മ കേട്ടതു മകളുടെ മരണവാര്‍ത്ത. ഏറെ കാത്തിരുന്നു ജനിച്ച മകളുടെ ജീവന്‍ 100 മീറ്റര്‍ അകലെ വച്ചു നഷ്ട്ടപ്പെട്ട വിവരം അറിഞ്ഞു മാനസികമായി തകര്‍ന്നു പോയി വിദ്യയുടെ അമ്മ. കുഞ്ഞിന്റെ വീടും അപകടം നടന്ന സ്ഥലവും തമ്മില്‍ നൂറുമീറ്ററിന്റെ വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ഏറെ നാളത്തെ ചികിത്സയ്ക്കും കാത്തിരിപ്പിനും ശേഷമാണു കാക്കനാട് വാഴക്കാല സ്വദേശികളായ സനല്‍കുമാറിനും സ്മിജയ്ക്കും വിദ്യാലക്ഷ്മി ജനിച്ചത്. ആ കുരുന്നു ജീവന്‍ കണ്‍വെട്ടത്തു പൊലിഞ്ഞത് ഈ മാതാപിതാക്കള്‍ക്കു സഹിക്കാവുന്നതും അപ്പുറമാണ്. അപകടത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും മരടിലെ നാട്ടുകാര്‍. നാട്ടുകാരുടെ സമയോജിതമായ ഇടപെടലു കൊണ്ടാണ് അഞ്ചു കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്.

കൊടുങ്ങല്ലൂരില്‍ പാസ്റ്ററെ ആക്രമിച്ച സംഭവത്തില്‍ പ്രതി ബിജെപി പ്രവര്‍ത്തകനായ പുളിപ്പറമ്പില്‍ ഗോപിനാഥിന് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പൊലീസ് കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ഗോപിനാഥന്‍ ഒളിവില്‍ പോയിരിക്കുകയാണ്.

പാസ്റ്റര്‍ റോയ് തോമസ് എന്ന എബ്രഹാം തോമസ്, രണ്ട് വൈദിക വിദ്യാര്‍ഥികള്‍ എന്നിവരെയാണ് ഗോപിനാഥനും സംഘവും ആക്രമിച്ചത്. മേത്തല വലിയപണിക്കന്‍ തുരുത്തിലാണ് സംഭവം . ‘ഇത് ഹിന്ദു രാഷ്ട്രം, ഇവിടെ യേശുരാജ്യം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ വിവരം അറിയും’ എന്ന് പറഞ്ഞു കൊണ്ടായിരുന്നു പാസ്റ്ററെ ആക്രമിച്ചത്.

മേത്തല വിപി തുരുത്തില്‍ പാസ്റ്ററും വിദ്യാര്‍ഥികളും ലഘുലേഖ വിതരണം ചെയ്യുകയായിരുന്നു. ഇവിടെ സംഘടിച്ച് എത്തിയ ബിജെപി പ്രവര്‍ത്തകരാണ് പാസ്റ്ററെ കൈയേറ്റം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആക്രമികള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

അക്രമികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പാസ്റ്റര്‍ റോയി തോമസ് കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം ഗോപിനാഥിനെതിരെ കേസെടുത്തത്. ഗോപിനാഥന്‍ മറ്റ് നിരവധി കേസുകളും പ്രതിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ വിവാദ വജ്രവ്യാപാരി നീരവ് മോദി യുകെയിൽ അഭയം തേടിയെന്ന് റിപ്പോർട്ട്. രാഷ്ട്രീയ അഭയം നൽകണമെന്നാവശ്യപ്പെട്ടാണ് നീരവ്മോദി യുകെ കോടതിയെ സമീപിച്ചതെന്നാണ് വിവരം. റോയിട്ടേഴ്സ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. വ്യാജ രേഖകൾ നൽകി പിഎൻബിയിൽ നിന്ന് 13,000 കോടിരൂപയുടെ തട്ടിപ്പുനടത്തിയ കേസിൽ അന്വേഷണം നേരിടുന്നതിനിടെയാണ് ഇ‍യാൾ യുകെയിലേക്ക് കടന്നത്.

കേസിൽ അറസ്റ്റ് ഭയന്ന് ജനുവരിയിലാണ് നീരവ് മോദി ഇന്ത്യവിട്ടത്. ആദ്യം യുഎഇയിലേക്കും പിന്നീട് ഹോങ്കോംഗിലേക്കും കടന്നതിനു ശേഷമാണ് ഇയാൾ ഇപ്പോൾ യുകെയിൽ അഭയം തേടിയിരിക്കുന്നത്. അതേസമയം, സ്വകാര്യ കേസുകളിലെ വിവരങ്ങൾ കൈമാറാൻ ആകില്ലെന്ന് ബ്രിട്ടൻ, ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതിനാൽ നീരവ് യുകെയിലെത്തിയെന്നതിന് ഇതുവരെ സ്ഥിരീകരണമായിട്ടില്ല.

സമാനമായ തട്ടിപ്പു കേസിൽ കിംഗ്ഫിഷർ എയർലൈൻസ് ഉടമയും മദ്യവ്യവസായിയുമായിരുന്ന വിജയ്മല്യയും യുകെഎയിലേക്ക് കടന്നിരിന്നു. മല്യയെ നാട്ടിൽ തിരിച്ചെത്തിക്കാൻ കേന്ദ്രം പരിശ്രമിച്ചെങ്കിലും ഇതുവരെ നടന്നിട്ടില്ല.

വ്യക്തികളെക്കുറിച്ചുള്ള ഇത്തരം വിവരങ്ങള്‍ കൈമാറാനാകില്ലെന്നാണ് ബ്രിട്ടീഷ് ഹോം ഓഫീസ് അറിയിച്ചിരിക്കുന്നത് എന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നീരവ് മോദിയുടേയും അമ്മാവന്‍ മെഹുല്‍ ചോസ്‌കിയുടേയും ഉടമസ്ഥതയിലുള്ള ജ്വല്ലറി ഗ്രൂപ്പുകളാണ് തട്ടിപ്പ് നടത്തിയത്. നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്‌സി, മുന്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് മേധാവി ഉഷ അനന്ത സുബ്രഹ്മണ്യം എന്നിവരുള്‍പ്പെടെ 25 ഓളം പേര്‍ക്കെതിരെയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബ്രിട്ടനോട് എക്‌സ്ട്രാഡിഷന്‍ നടപടി ആവശ്യപ്പെടുന്നതിന് മുമ്പ് അന്വേഷണ ഏജന്‍സികള്‍ തങ്ങളെ ബന്ധപ്പെടുന്നതിനായി കാത്തിരിക്കുകയാണ് എന്നാണ് വിദേശകാര്യ മന്ത്രാലയം ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞിരിക്കുന്നത്. നേരത്തെ വായ്പ എടുത്ത് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നിരുക്കെയാണ് മറ്റൊരു സാമ്പത്തിക കുറ്റവാളി കൂടി ബ്രിട്ടനില്‍ അഭയം തേടുന്നത്.

ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ യുവ മിമിക്രി താരം നവീനെയാണ് വിവാഹ ദിവസം പോലീസ് കയ്യോടെ പൊക്കിയത്. ദിവ്യ എന്ന യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. 2016ല്‍ ദിവ്യയോടൊപ്പം നവീന്റെ വിവാഹം കഴിഞ്ഞതായിരുന്നു. അന്ന് നവീന്‍ പറഞ്ഞതു പ്രകാരം സംഭവം മറച്ചു വെയ്ക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ തന്നെ കബളിപ്പിച്ച് മലേഷ്യയില്‍ നിന്നുള്ള കൃഷ്ണകുമാരിയെന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പോവുകയാണ് എന്നറിഞ്ഞതോടെ തെളിവുകള്‍ സഹിതം ദിവ്യ പോലീസിനെ സമീപിക്കുകയായിരുന്നു.  ഇതോടെ കല്ല്യാണ ദിവസം രാവിലെ ഹോട്ടലിലെത്തി നവീനെ പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ നവീന്‍ 100 പ്രശസ്ത വ്യക്തികളുടെ ശബ്ദം കൃത്യതയോടെ അനുകരിച്ചാണ് കയ്യടി നേടിയത്.

ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ന​ട​ൻ സ​ൽ​മാ​ൻ ഖാ​നെ വ​ധി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട “ഷാ​ർ​പ്പ് ഷൂ​ട്ട​ർ’ അ​റ​സ്റ്റി​ൽ. കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി സ​മ്പ​ത് നെ​ഹ്റ​യാ​ണ് (28) അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന് ഹ​രി​യാ​ന പോ​ലീ​സാ​ണ് നെ​ഹ്റ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സ​ൽ​മാ​ൻ ഖാ​നെ വ​ധി​ക്കാ​ൻ മും​ബൈ​യി​ലെ​ത്തി​യ നെ​ഹ്റ ന​ട​ന്‍റെ വീ​ടി​ന്‍റെ ചി​ത്ര​ങ്ങ​ളും ഇ​വി​ടേ​ക്ക് എ​ത്തു​ന്ന വ​ഴി​യും മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി സൂ​ക്ഷി​ച്ചു. വീ​ട് നി​രീ​ക്ഷി​ച്ച നെ​ഹ്റ ന​ട​നെ വ​ധി​ച്ച ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്.

കൊ​ടും​കു​റ്റ​വാ​ളി ലോ​റ​ൻ​സ് ബി​ഷ്ണോ​യി​യു​ടെ ഗു​ണ്ടാ​സം​ഘ​ത്തി​ലെ ഷാ​ർ​പ്പ് ഷൂ​ട്ട​റാ​ണ് നെ​ഹ്റ. സ​ൽ​മാ​ൻ ഖാ​നെ വ​ധി​ക്കു​മെ​ന്ന് ബി​ഷ്ണോ​യി ജ​നു​വ​രി​യി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. കൊ​ല​ക്കേ​സ് അ​ട​ക്കം നി​ര​വ​ധി ക്ര​മി​ന​ൽ കേ​സു​ക​ൾ ബി​ഷ്ണോ​യി​യു​ടെ സം​ഘ​ത്തി​നെ​തി​രാ​യു​ണ്ട്.

ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നു നാട്ടില്‍ വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ 44 കാരനായ കാമുനൊപ്പം പോയത്. യുവതിയും കാമുകനും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരായിരുന്നു. കേവലം ആറുമാസത്തെ പരിചയത്തിന്റെ പുറത്താണു യുവതി മൂവാറ്റുപുഴ പെരുമ്പാവൂരിലെ രാഘവന്റെ മകന്‍ മഠത്തില്‍ ജിത്തു(44)വിനൊപ്പം പോയത്. തനിക്ക് ഇനിയും നിങ്ങളെ സഹിക്കാന്‍ വയ്യ ഞാന്‍ പോകുകയാണ് എന്നു ഭര്‍ത്താവിനു ശബ്ദസന്ദേശം അയച്ച ശേഷമായിരുന്നു യുവതി പോയത്. ജിത്തു യുവതിയുടെ ഭര്‍ത്താവിന് അയച്ച ശബ്ദ സന്ദേശത്തില്‍ യുവതിയേയും മകളേയും കൂട്ടി തങ്ങള്‍ ഇന്ത്യ വിടും എന്നു പറഞ്ഞിരുന്നു.

എന്നാല്‍ ജിത്തുവിനു പാസ്‌പോര്‍ട്ട് പോലും ഇല്ല എന്നാണു പോലീസ് കണ്ടെത്തിയത്. വര്‍ഷങ്ങള്‍ക്കു മുമ്പു നാട്ടില്‍ നിന്നു പോയ ഇയാള്‍ക്കു ബന്ധുക്കളോ നാട്ടുകാരോ ആയി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഇയാള്‍ മുമ്പ് ഒരു യുവതിയെ വിവാഹം കഴിച്ചിരുന്നു. ഇതില്‍ ഒരു കുട്ടിയുണ്ട്. എന്നാല്‍ ഏതാനം വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ബന്ധം ഉപേക്ഷിച്ച ഇയാള്‍ തമിഴ്‌നാട്ടിലേയ്ക്കു പോയിരുന്നു.

തമിഴ്‌നാട്ടില്‍ വന്‍ സാമ്പത്തിക ബാധ്യത വരുത്തി വച്ച ശേഷമാണ് ഇവര്‍ കണ്ണൂരിലേയ്ക്ക് എത്തിയത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പറയുന്നു. ഇയാള്‍ക്ക് സ്വന്തമായി മൊബെല്‍ഫോണ്‍ പോലും നിലവിലില്ല. ഡ്രൈവിങ്ങ് ലൈസന്‍സ് കര്‍ണ്ണാടകയില്‍ നിന്ന് എടുത്തിട്ടുള്ളതാണ്. ഇതോടെയാണു യുവതി ചതിക്കുഴിയില്‍ പെട്ടോ എന്ന സംശയം ഉയര്‍ന്നിരിക്കുന്നത്. യുവതിയും ജിത്തുവും ഇപ്പോള്‍ ഡല്‍ഹിയിലാണ് എന്ന സൂചനയുണ്ട്.

സുനിതയുടെ വാക്കുകള്‍ ഇങ്ങനെയാണ്.

‘ ഞാന്‍ പോകുന്നു. അന്വേഷിച്ചു വരേണ്ട. കൊച്ചിനെ നിങ്ങള്‍ക്ക് വേണമെങ്കില്‍ ആവാം. പക്ഷെ, അതിന് 18 വയസ് കഴിഞ്ഞാലല്ലേ കൊച്ചിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂ. ഇനി നിങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ വയ്യ. അഞ്ചാറു വര്‍ഷമായില്ലേ ഞാന്‍ സഹിക്കുന്നു. ഇനി ശരിയാവില്ല. നിങ്ങള്‍ക്ക് ഒരു കാരണവശാലും മാറ്റം വരുത്താനാവില്ല. പിന്നെ ഞാനെന്താ ചെയ്യേണ്ടത്. ഞാനിങ്ങനെ പാവ പോലെ ജീവിച്ചിട്ടൊന്നും കാര്യമില്ലല്ലോ. ഇനിയെന്തായാലും എനിക്ക് പറ്റില്ല. നിങ്ങളുടെ വീട്ടില്‍ വലിഞ്ഞ് കയറി വരാനും എനിക്ക് വയ്യ. അവിടെയുള്ളവരുടെ മുഖം കാണാനും വയ്യ. നിങ്ങള്‍ക്ക് എന്താണെന്നുവെച്ചാല്‍ ഇഷ്ടംപോലെ ചെയ്‌തോ. കേസ് കൊടുത്താല്‍ ഞാന്‍ ഡൈവോഴ്‌സ് നോട്ടീസ് അയക്കും’.

ജിത്തുവിന്റെ ശബ്ദ സന്ദേശം അല്‍പം കൂടി കടുപ്പിച്ചാണ്.

‘ രതീഷേ…പറയണതില് എനിക്ക് വിഷമമുണ്ട്. പക്ഷെ നിന്നോട് വിഷമം കാണിക്കേണ്ട ആവശ്യുല്ലെന്നാ എനിക്ക് തോന്നണേ. സുനിത ഞാനുമായിട്ട് ഇഷ്ടത്തിലാ ഞങ്ങളുടെ ഇഷ്ടം തുടങ്ങിയിട്ട് കൊറേ നാളായി. ഇന്ന് രാവിലെ മുതല് അവള്‍ കൊച്ചുമായി വന്നു നില്‍ക്കണാ, എന്നോട് എങ്ങോട്ടെങ്കിലും കൊണ്ടുപോ എന്നു പറഞ്ഞോണ്ട് നീ വരുന്നതിന് മുമ്പേന്നും പറഞ്ഞു. അപ്പോ വേറെ ഒരു നിവര്‍ത്തിയുമില്ല. എനിക്കും ആരുമില്ലല്ലോ. അപ്പോ ഞാനവളെ കൊണ്ടുപോകാ… വെറുതേ കേസും ബഹളൊക്കെയായിട്ട് സ്വയം നാറാം എന്നല്ലാണ്ട് വേറെ ഒരു പ്രയോജനവുമില്ല. കേസ് കൊടുത്ത് കഴിഞ്ഞാ അവള് ഡൈവോഴ്‌സ് പെറ്റീഷന്‍ കൊടുക്കും. പിന്നെ ഞങ്ങളെ അന്വേഷിക്കേണ്ട ഞങ്ങളെന്തായാലും ഒരു മൂന്നാല് മാസത്തേക്ക് സ്ഥലത്തുണ്ടാവില്ല. കേരളത്തിലെന്നല്ല മിക്കവാറും ഇന്ത്യയില്‍ തന്നെ കാണില്ല ഒരു 10 ദിവസത്തിനുള്ളില്‍ ഇന്ത്യ വിടും.അതുകൊണ്ട് ഏ.. 10 ദെവസൊന്നും വേണ്ട മോനേ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഞാന്‍ ഇന്ത്യ വിടും. ഞങ്ങളൊരുമിച്ച്. അപ്പോ വെറുതേ അതിന് ഒരു വഴക്കും വക്കാണവും ഉണ്ടാക്കാന്‍ നിക്കണ്ട. നീയും സ്വയം നാറാന്‍ നിക്കണ്ട കേട്ടോ. ശരിയെന്നാ….

തെലുഗ് യുവതാരം നാനിക്കെതിരെ വീണ്ടും നടി ശ്രീ റെഢി രംഗത്ത് . നാനിയും താനും ഒരുമിച്ചുള്ള ഡേര്‍ട്ടി പിക്ച്ചര്‍ താമസിക്കാതെ തന്നെ എത്തുമെന്നാണ് ഇത്തവണ ഫെയ്‌സ്ബുക് പോസ്റ്റിലൂടെ നടി അറിയിച്ചിരിക്കുന്നത്. അതേസമയം നാനി അവതാരകനായെത്തുന്ന തെലുങ്ക് ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ ഈ മാസം പത്താം തീയതി സംപ്രേഷണം ചെയ്തുതുടങ്ങും. ഈ ഷോയെക്കുറിച്ചാണ് ശ്രീ റെഢി പരമര്‍ശിക്കുന്നതെന്ന അഭിപ്രായങ്ങളുണ്ട്. നടിയും ഈ ഷോയുടെ ഭാഗമാണെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

നാനി നിരവധി പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നും ആ പെണ്‍കുട്ടികള്‍ ഇപ്പോഴും കരയുകയാണെന്നും കുറച്ചുനാളുകള്‍ക്ക് മുമ്പ് ശ്രീ റെഡ്ഢി ആരോപിച്ചിരുന്നു. നിങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തിലും വളരെ നന്നായി അഭിനയിക്കുന്നുണ്ട്, സ്‌ക്രീനിലുള്ള പോലെ സ്വാഭാവികമായി. പക്ഷേ അത് നിങ്ങളുടെ മുഖംമൂടിയാണ്. നിങ്ങള്‍ എപ്പോഴും പറയാറുളളത് ജീവിതത്തില്‍ ഒരുപാട് സഹിക്കേണ്ടി വന്നിട്ടുണ്ടെന്നാണ്. എന്നാല്‍ അത് പ്രേക്ഷകരെ കൈയിലെടുക്കാനുള്ള വൈകാരികപ്രകടനം മാത്രമാണ്.

നിങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അതിഗംഭീരമായ നാടകമാണ് അവതരിപ്പിക്കുന്നത്. നിങ്ങളാല്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട പെണ്‍കുട്ടികള്‍ ഇപ്പോഴും കരയുകയാണ്. ഒന്നോര്‍ത്തോളൂ, ദൈവം എപ്പോഴും നീതിയുടെ കൂടെയാണ്. നിങ്ങള്‍ ശിക്ഷിക്കപ്പെടാന്‍ സമയം എടുക്കുമായിരിക്കും. എന്നാല്‍ നിങ്ങള്‍ അനുഭവിക്കുക തന്നെ ചെയ്യും.’ എന്നായിരുന്നു ശ്രീ റെഢിയുടെ പ്രസ്താവന. എന്നാല്‍ ഇതുവരെ നടിയുടെ ആരോപണങ്ങളോട് നാനി പ്രതികരിച്ചിട്ടില്ല.

മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജെയിംസിന്റെ കുടുംബത്തെ ആക്ഷേപിക്കുന്ന തരത്തില്‍ പ്രസ്ഥാവന നടത്തിയ പിസി ജോര്‍ജിനെതിരെ ജെസ്‌നയുടെ കുടുംബം. അഭിപ്രായം പറയുന്നവര്‍ സത്യാവസ്ഥ എന്തെന്ന് അറിഞ്ഞിട്ട് സംസാരിക്കണമെന്നും, സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും ജെസ്‌നയുടെ സഹോദരി ജെഫി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ജെസ്‌നയുടെ തിരോധാനത്തില്‍ പിതാവിന്റെ വഴിവിട്ട ജീവിതവുമായി ബന്ധമുണ്ടെന്ന് പിസി ജോര്‍ജ് കഴിഞ്ഞ ദിവസം അരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി ജെഫി രംഗത്തു വന്നത്.

‘ജെസ്‌നയുടെ തിരോധാനത്തെ രാഷ്ട്രീയമായി മുതലെടുക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. തങ്ങളെ സഹായിക്കേണ്ടവര്‍ തന്നെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ദുഃഖകരമാണ്. പിതാവിനെതിരെ ആരോപണമുന്നയിക്കുന്നതിന് മുമ്പ് സത്യാവസ്ഥ എന്തെന്ന് ഇങ്ങനെയുള്ളവര്‍ മനസിലാക്കണം. ഞങ്ങള്‍ക്ക് ഞങ്ങളുടെ പിതാവിന്മേല്‍ ഒരു സംശയവുമില്ല. നൂറു ശതമാനം വിശ്വാസമാണ്. അമ്മയുടെ മരണ ശേഷം ഞങ്ങള്‍ മക്കളെ അത്തരയേറെ കാര്യമായിട്ടാണ് പപ്പ നോക്കുന്നത്. സഹായിച്ചില്ലെങ്കിലും ആരും ഉപദ്രവിക്കരുത്’ ജെഫി വീഡിയോയില്‍ പറയുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ ഊഹാപോഹങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. തങ്ങളെക്കുറിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ പൊലീസിന് വിവരം കൈമാറുകയാണ് ചെയ്യേണ്ടത്. ജെസ്‌നയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവരും തങ്ങളെ സഹായിക്കാന്‍ തയാറാകണമെന്നും ജെഫി വീഡിയോയില്‍ പറയുന്നു.

RECENT POSTS
Copyright © . All rights reserved