ജെസ്‌നയുടെ കേസന്വേഷണം ആണ്‍സുഹൃത്തിലേക്ക്. ഒരു വര്‍ഷത്തിനിടയില്‍ ഇയാള്‍ ആയിരത്തിലേറെ തവണ ജസ്‌നയുടെ ഫോണിലേക്ക് വിളിച്ചെന്നും അവസാനം സന്ദേശം അയച്ചതും ഇയാളുടെ ഫോണില്‍ നിന്നാണെന്ന് പത്തനംതിട്ട എസ്പി പറഞ്ഞു. ഇയാള്‍ അന്വേഷണസംഘവുമായി സഹകരിക്കുന്നില്ലെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു. ജസ്‌നയെ കണ്ടെത്താം എന്ന പേരില്‍ സ്ഥാപിച്ച പെട്ടിയില്‍ നിന്നും ലഭിച്ചത് നിര്‍ണായക വിവരങ്ങളാണെന്നും ഒരു സാധ്യതകളും അന്വേഷണസംഘം തള്ളിക്കളയുന്നില്ലെന്നും എസ്പി അറിയിച്ചു.

ഇതിനിടെ ജസ്‌നയുടെ വീട്ടില്‍ നിന്ന് രക്തംപുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തിയതായി അന്വേഷണസംഘം സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 12 പെട്ടികളാണ് ജെസ്‌നയെ കണ്ടെത്താം എന്ന പേരില്‍ പൊലീസ് സ്ഥാപിച്ചിരുന്നത്. ഈ പെട്ടികളില്‍ നിന്ന് നിരവധി വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ജെസ്‌നയുടെ നാട്ടുകാരില്‍ ചിലര്‍ നല്‍കിയ വിവരമാണ് പൊലീസിന് വളരെ പ്രധാനപ്പെട്ടതായി തോന്നിയത്. നിലവില്‍ 10 ടീമുകളായി തിരിഞ്ഞാണ് പൊലീസ് ജസ്‌ന കേസ് അന്വേഷിക്കുന്നത്.

അതോടൊപ്പം തന്നെ ഇതരസംസ്ഥാനങ്ങളിലെ അന്വേഷണം ഊര്‍ജിതമാക്കിയതിന്റെ ഭാഗമായി ജസ്‌നയുടെ ചിത്രമുള്ള പുതിയ പോസ്റ്ററുകള്‍ വിവിധ നഗരങ്ങളില്‍ പതിച്ചിട്ടുണ്ട്. അതേസമയം, ജസ്‌നയുടെ തിരോധാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.