സൗത്ത് ആഫ്രിക്കയിലെ ബ്രിട്ടീഷ് ലൈഫ് പാർക്കിൽ വൃദ്ധനെ സിംഹം ആക്രമിച്ചു. മൃഗശാലയുടെ ഉടമയായ 71 കാരൻ മിക്കേ ഹോഡ്‌ഗേയാണ് സിംഹത്തിന്റെ ആക്രമണത്തിനിരയായത്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ സംഭവം വൻ വാർത്താപ്രാധാന്യം നേടുകയും ചെയ്തു. മൃഗശാലയിലെ സിംഹക്കൂട്ടിൽ പ്രവേശിച്ച മിക്കേ ഹോഡ്ഗേ കുറച്ചു സമയം അവിടെ ചെലവഴിച്ചു. ശാന്തനായി കാണപ്പെട്ട ആൺസിംഹം പ്രകോപനം ഒന്നും കൂടാതെ തന്നെ മിക്കേ ഹോഡ്ഗേയെ ആക്രമിക്കുകയായിരുന്നു.
സിംഹം തനിക്ക് നേരെ പാഞ്ഞുവരുന്നത് കണ്ട് വേഗം പുറത്തിറങ്ങാന്‍ ഹോഡ്ഗേ ശ്രമിച്ചെങ്കിലും പാഞ്ഞെത്തിയ സിംഹം ഹോഗ്‌ഡെയെ കടിച്ചെടുക്കുകയായിരുന്നു.
മൃഗശാല കാണാനെത്തിയ വിനോദ സഞ്ചാരികള്‍ നോക്കിനില്‍ക്കെയാണ് സംഭവം. സംഭവം നടക്കുമ്പോൾ മൃഗശാല ജീവനക്കാർ സ്ഥലത്ത് ഇല്ലാതിരുന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചു. വിനോദസഞ്ചാരികൾ നിലവിളിച്ചതോടെ കൂടുതൽ അക്രമകാരിയായ സിംഹം കൂടുതൽ ഉളളിലേയ്ക്ക് ഹോഡ്ഗേയെ വലിച്ചെടുത്തു കൊണ്ട് പാഞ്ഞു.
ആളുകളുടെ നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ ജീവനക്കാര്‍ വെടിവച്ചതിന് ശേഷമാണ് സിംഹം ഹോഗ്‌ഡെയെ ഉപേക്ഷിച്ച് പിന്മാറിയത്. ഗുരുതരമായ പരുക്കേറ്റ ഹോഗ്‌ഡെയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കുകയായരുന്നു. അദ്ദേഹം അപകടനില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
തിരുവനന്തപുരത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പനത്തുറ സ്വദേശികളും ലഹരി സംഘാംഗങ്ങളുമായ ഉമേഷ്, ഉദയന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന വിദേശ വനിതയെ കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു കൊലയെന്നും പൊലീസ് കണ്ടെത്തി.
കൊലപാതകം പീഡനത്തിനിടെയെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലുള്ള പ്രതികളുടെ കുറ്റസമ്മതമൊഴിയും ശാസ്ത്രീയ സാഹചര്യത്തെളിവുകളും കോര്‍ത്തണിക്കിയാണ് വിദേശ വനിത എങ്ങനെ കൊല്ലപ്പെട്ടൂവെന്നതിന്റെ പൂര്‍ണ ചിത്രം അന്വേഷണസംഘത്തിന് ലഭിച്ചത്. മൃതദേഹം കണ്ടെത്തിയ കാടിന് സമീപം താമസിക്കുന്നവരും ലഹരിസംഘാംഗങ്ങളുമായ ഉമേഷ്, ഉദയന്‍ എന്നിവരാണ് കൊലപ്പെടുത്തിയതെന്നും സ്ഥിരീകരിച്ചു.
ഇവരെ കാണാതായത് മാര്‍ച്ച് 14നാണ്. അന്ന് രാവിലെ ഒമ്പത് മണിയോടെ കോവളം ഗ്രോവ് ബീച്ചിലെത്തിയ വിദേശ വനിത അവിടെ നിന്ന് പനത്തുറ ഭാഗത്തേക്ക് ഒറ്റക്ക് നടന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രതികള്‍ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന അവരെ സമീപിച്ച് വിശ്വാസ്യത പിടിച്ചുപറ്റി. തുടര്‍ന്ന് ഫൈബര്‍ വള്ളത്തില്‍ കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് ഇരുവരും ചേര്‍ന്ന് വിദേശ വനിതയെ ശാരീരികമായി ആക്രമിച്ചു. അതിന് ശേഷം പീഡിപ്പിക്കുകയും ചെയ്തു.
ഇതിനിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് പ്രതികളും സമ്മതിച്ചിട്ടുണ്ട്. മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് പ്രതികളിലൊരാളായ ഉദയന്റേതാണെന്നും പൊലീസ് അറിയിച്ചു. വിദേശവനിതയെ കാണാതായ മാര്‍ച്ച് 14ന് ഉച്ചയ്ക്ക് ശേഷം കൊല നടന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അതിന് ശേഷം പലതവണ പ്രതികള്‍ ഇവിടെയെത്തിയിരുന്നൂവെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കാട്ടില്‍ നിന്ന് കണ്ടെടുത്ത മുടിയിഴകളും വിരലടയാളങ്ങളും ഇവരുടേതെന്ന് സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റിന് വഴിയൊരുങ്ങിയത്.
വൈത്തിരി പൊഴുതന പാറത്തോട് മുട്ടപ്പള്ളി രാജേഷിന്റെ ഭാര്യ ടിന്റുമോള്‍(24) മകള്‍ അബ്രിയാന(4) എന്നിവരെ കണ്ടെത്താനുള്ള പൊലീസ് ശ്രമവും എങ്ങുമെത്തുന്നില്ല. സര്‍വ്വത്ര ആശയക്കുഴപ്പമാണ് ഈ കേസില്‍ ഉള്ളത്. ചൊവ്വാഴ്ച മുക്കം അഗസ്ത്യന്മുഴി ഫോണ്‍ ടവര്‍ ലൊക്കേഷനില്‍ ഇവര്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണത്തില്‍ ഇവിടുത്തെ സ്വകാര്യ ആശുപത്രിയില്‍ അബ്രിയാനക്ക് ചികില്‍സ തേടിയതായി കണ്ടെത്തി. ഇവിടെ നിന്ന് ആരുടെയൊ ബൈക്കില്‍ കയറി പോകുന്നതായാണു സിസിടിവി ദൃശ്യത്തിലുള്ളത്. പിന്നീട് യാതൊരു വിവരവുമില്ല.
ടിന്റു മോളേയും മകളേയും തിങ്കളാഴ്ച മുതലാണ് കാണാതായത്. മകള്‍ക്കു മരുന്നു വാങ്ങാന്‍ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്കു പോയതായിരുന്നു. അതിന് ശേഷം തിരികെ എത്തിയില്ലെന്നു ടിന്റുമോളുടെ പിതാവ് വക്കച്ചന്‍ വൈത്തിരി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ജെ ഡേ വധക്കേസില്‍ അധോലോകകുറ്റവാളി ഛോട്ടാരാജനടക്കം എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം. മലയാളി സതീഷ്കാലിയക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കൊല നടന്ന് ഏഴു വര്‍ഷത്തിനു ശേഷമാണ് പ്രത്യേക സിബിഐ കോടതിയുടെ വിധി. 2011 ജൂണ്‍ 11നാണ് ജെ ഡേ കൊല്ലപ്പെട്ടത്. കേസില്‍ മുൻ മാധ്യമപ്രവർത്തക ജിഗ്നാ വോറ അടക്കം രണ്ടുപേരെ വെറുതേവിട്ടു.
ജ്യോതിർമൊയ് ഡേയ്- ദാവൂദ് ഇബ്രാഹിമിൻറെ ഡി-കമ്പനിയുടെ അനുയായിയാണെന്ന് വിശ്വസിച്ച്, ഛോട്ടാരാജനാണ് കൊലപാതകം ആസൂത്രണംചെയ്തതെന്ന് കോടതികണ്ടെത്തി. ഇതിന് ഫോൺരേഖകൾ തെളിവായി സ്വീകരിച്ചു. ഛോട്ടാരാജന്‍റെ അധോലോക ബന്ധങ്ങളെസംബന്ധിച്ച് വാർത്തകൾ പുറത്തുവിട്ടതും പകയ്ക്ക് കാരണമായി.
എന്നാൽ, വേണ്ടത്ര തെളിവ് ഹാജരാക്കാനാകാത്തതിനാൽ, മുൻ മാധ്യമപ്രവർത്തക ജിഗ്നാവോറ അടക്കം രണ്ടുപേരെവെറുതേവിട്ടു.
കുറ്റക്കാരായി കണ്ടെത്തിയവർക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രൊസിക്യൂഷൻ ആവശ്യം. സ്പെഷ്യൽ കോടതി ജഡ്ജ് സമീദ് എസ്. അധ്കാർ ആണ് വിധി പറഞ്ഞത്.
2011 ജൂണ്‍ 11നായിരുന്നു ജെ ഡേയുടെ കൊലപാതകം. ബൈക്കിൽ പിന്തുടര്‍ന്നെത്തിയ നാലംഗസംഘമാണ് മുംബൈയിലെ വീടിന് സമീപംവച്ച് ജെ ഡേയെ വെടിവച്ച് വീഴ്ത്തിയത്. കേസിൽ മുംബൈപൊലീസും, പിന്നീട് സിബിഐയും അന്വേഷണം നടത്തി. ആകെ 155 സാക്ഷികളെ വിസ്തരിച്ചതിൽ, 10പേർ കൂറുമാറി.
വിദേശ വനിത ലിഗ കൊല്ലപ്പെട്ട കേസില്‍ കസ്റ്റഡിയിലുള്ള രണ്ടുപേര്‍ കുറ്റം സമ്മതിച്ചതായി സൂചന. പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രതികളുടെ കുറ്റസമ്മതം. പ്രദേശവാസികളായ ഇരുവരുടെയും അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് പൊലീസ് സൂചന നല്‍കി. വലിയ വഴിത്തിരിവിലേക്കാണ് കേസ് എത്തുന്നത്. രണ്ടുപേര്‍ ചേര്‍ന്നാണ് കൃത്യം നടന്നതെന്നാണ് വ്യക്തമാകുന്നത്. രണ്ടാമനായ പ്രതി ലിഗയുടെ പണം തട്ടിയെടുക്കാനാണ് കയ്യേറ്റമുണ്ടായതെന്നും മൊഴി നല്‍കി.
തുടക്കം മുതല്‍ തന്നെ പരസ്പര വിരുദ്ധമായ മൊഴികളാണ് ഇരുവരും ആദ്യം മുതല്‍ നല്‍കിയത്. ഇന്നലെ മുതലാണ് കാര്യങ്ങള്‍ വ്യക്തമായി പറയാന്‍ പ്രതികള്‍ ആരംഭിച്ചത്. ബോട്ടിങ്ങിനെന്നുപറഞ്ഞ് ലിഗയെ കൊണ്ടുപൊയതെന്ന് ഇന്നലെ പ്രതികളിലൊരാള്‍ സമ്മതിച്ചിരുന്നു. രണ്ടുപേരും രണ്ടുകാരണങ്ങളാണ് കൊലപാതകത്തിനായി പറഞ്ഞതെന്നത് പൊലീസിനെ ഇപ്പോഴും കുഴക്കുന്നുണ്ട്. ആറി ദിവസത്തിലേറെ നീണ്ട് ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റസമ്മതത്തിലേക്ക് എത്തുന്നത്.
കേസില്‍ നിർണായകമാകുന്ന അന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. ലിഗയുടെ മൃതദേഹം കണ്ട കാട്ടിൽ നിന്ന് ശേഖരിച്ച തെളിവുകളുടെ ഫൊറൻസിക് ഫലവും ഇന്ന് ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അന്തരികാവയവങ്ങളുടെ രാസപരിശോധന ഫലത്തിലൂടെ മാത്രമേ മാനഭംഗശ്രമം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനാവു. മാനഭംഗ ശ്രമം നടന്നതായി സ്ഥിരീകരിച്ചാൽ അത് ചെറുത്തതാണ് കൊലയ്ക്ക് കാരണമെന്ന പൊലീസ് അനുമാനം ശരിവയ്ക്കും.
കാട്ടിൽ നിന്ന് ശേഖരിച്ച വിരലടയാളങ്ങളും മുടിയിഴകളും ആരുടെതെന്ന് വ്യക്തമാക്കുന്നതാവും ഫൊറൻസിക് ഫലം. കസ്റ്റഡിയിലുള്ളവരുടെതാണ് ഇതെങ്കിൽ അവർക്കെതിരെയുള്ള ശാസ്ത്രീയ തെളിവാകുമെന്നും പൊലീസ് പ്രതീക്ഷിക്കുന്നു. ഇവ രണ്ടും ലഭിച്ചാൽ മാത്രമേ അറസറ്റിലേക്ക് പോകാനാവൂ. അതേസമയം ലിഗയുടെ സഹാദരി ഇലീസിനെ സഹായിച്ച പൊതുപ്രവർത്തക അശ്വതി ജ്യാലക്കെതിരെ പരാതി നൽകിയാരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. വ്യാജപരാതിയാണോയെന്ന് അന്വേഷിച്ച ശേഷം മാത്രം പരാതിയിലെ ആരോപണത്തെക്കുറിച്ച് അന്വേഷിച്ചിൽ മതിയെന്നാണ് പൊലീസ് തീരുമാനം.
കരഞ്ഞപേക്ഷിച്ചിട്ടും മകളെ രക്ഷിക്കാന്‍ ആരും സഹായിച്ചില്ലെന്ന് തൃശൂരില്‍ ഭര്‍ത്താവ് തീകൊളുത്തി കൊന്ന ജീതുവിന്റെ അച്ഛന്‍ ജനാര്‍ദനന്‍. പഞ്ചായത്തംഗം ഉള്‍പ്പെടെ നാട്ടുകാര്‍ മുഴുവന്‍ കാഴ്ചക്കാരായിരുന്നു. പൊളളലേറ്റ ജീതുവിനെ ഓട്ടോറിക്ഷയില്‍ കയറ്റാന്‍പോലും ആരും സഹായിച്ചില്ല. പ്രതി വിരാജിന്റെ സഹോദരന്‍ ഭീഷണിപ്പെടുത്തിയെന്നും ജനാര്‍ദനന്‍ പറഞ്ഞു.
കണ്ണീരോടെ ജനാര്‍ദനന്‍ പറയുന്നതിങ്ങനെ ‘പലിശ കയറിയാണ് കടം കുമിഞ്ഞത്. ഞങ്ങള്‍ ഒന്നും ഇല്ലാത്തവരാണ്. കൊടുക്കാനില്ലാത്ത പൈസയാണ് ഇതെന്നാണ് മോള് പറഞ്ഞത്. ഒരു ജനപ്രതിനിധിയാണ് അവളെ ഭീഷണിപ്പെടുത്തിയത് പലപ്പോഴും. പെട്രോള്‍ ഒഴിച്ചപ്പോള്‍ എന്റെ മോള്‍ ഓടി. ഞാന്‍ അപ്പോള്‍ കുറച്ചപ്പുറത്ത് സംസാരിച്ച് നില്‍ക്കുകയായിരുന്നു.
പിന്നാലെ ഓടി ലൈറ്റര്‍ കൊണ്ട് തീകൊളുത്തി. എന്റെ മോള് നിന്നു കത്തുകയായിരുന്നു. ആരും സഹായിച്ചില്ല. ആരോ ഒരാള്‍ കുറച്ച് വെള്ളം ഒഴിച്ചു. വാര്‍ഡ് മെമ്പറടക്കം അവിടെ ഉണ്ടായിരുന്നു. ഞങ്ങളെ വിളിച്ചുവരുത്തിയതാണ് എന്നോര്‍ക്കണം…’
തൃശൂര്‍ ചെങ്ങാലൂരിലാണ് ജനക്കൂട്ടം നോക്കിനില്‍ക്കെ ദലിത് യുവതിയെ ഭര്‍ത്താവ് ചുട്ടുക്കൊന്നത്. ഭര്‍ത്താവിനെ തടയാനോ പൊള്ളലേറ്റ യുവതിയെആശുപത്രിയില്‍ എത്തിക്കാനോ ജനക്കൂട്ടം തയാറായില്ല. നാടുവിട്ട ഭര്‍ത്താവിനായി പൊലീസിന്റെ തിരച്ചില്‍ തുടരുകയാണ്.
ഷാജഹന്‍പൂര്‍: വിവാഹ ദിനത്തില്‍ വരന് ദാരുണാന്ത്യം. വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ വരനെ വെടിവച്ചു കൊന്നു. ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിലെ റാംപൂര്‍ ഗ്രാമത്തിലാണ് സംഭവം. വരന്‍ വെടിയേറ്റ് വീഴുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. വിവാഹ ചടങ്ങുകളുടെ ഭാഗമായുളള ആചാരങ്ങള്‍ ചെയ്യുകയായിരുന്നു വരന്‍ സുനില്‍ വര്‍മ്മ. ഇയാള്‍ക്ക് അടുത്തുണ്ടായി ബന്ധുക്കളും ഉണ്ടായിരുന്നു. ഇതിനിടയില്‍ സമീപത്തുനിന്ന ഒരാള്‍ വെടിവയ്ക്കുകയായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വരന്റെ അടുത്ത സുഹൃത്തായ രാംചന്ദ്രയാണ് ഇയാളെന്നാണ് വിവരം.
രാംചന്ദ്ര തന്റെ കൈയ്യിലുളള ലൈസന്‍സ് തോക്കുപയോഗിച്ചാണ് വെടിവച്ചത്. ആദ്യം വെടിവച്ചെങ്കിലും അത് മിസായി. രണ്ടാമത്തെ ഷോട്ട് കൃത്യമായി വരന്‍ സുനിലിന്റെ നെഞ്ചത്ത് കൊണ്ടു. വെടിയേറ്റ സുനില്‍ നെഞ്ചത്ത് കൈവച്ച് താഴെ വീഴുകയായിരുന്നു. സുനിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിവാഹ ചടങ്ങ് നടക്കുന്ന സ്ഥലത്ത് ഉച്ചത്തില്‍ മ്യൂസിക് വച്ചിരുന്നു. ഈ ശബ്ദത്തില്‍ സുനിലിന് വെടിയേറ്റ ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വരന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. വെടിവച്ച രാംചന്ദ്ര ഒളിവിലാണെന്നും ഇയാളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
മലപ്പുറം: മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. താനൂര്‍ മഠത്തില്‍ റോഡ് എടക്കാമഠത്തില്‍ സജ്‌നയെയാണ് (27) പൊലീസ് പിടികൂടിയത്. താനൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്തുനിന്ന് തിരൂരങ്ങാടി എസ്‌ഐ വിശ്വനാഥന്‍ കാരയിലും സംഘവും ആണ് ഇവരെ പിടികൂടിയത്. ഏപ്രില്‍ 26ന് രാവിലെ 6.45നാണ് സംഭവം.
മദ്രസയിലേക്ക് പോയ ഏഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന ശേഷം ബസില്‍ കുട്ടിയേയും കൊണ്ടുപോയി കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് ഉപേക്ഷിച്ച് ഇവര്‍ കടന്നുകളയുകയായിരുന്നു. ചെമ്മാട് കൊടിഞ്ഞി സ്വദേശിനിയായ കുട്ടിയുടെ മുക്കാല്‍ പവന്റെ വളയാണ് കവര്‍ന്നത്. കുട്ടിയെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടു പോകുന്ന സജ്‌നയുടെ ദൃശ്യങ്ങള്‍ ഒരു കെട്ടിടത്തിന്റെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
രാവിലെ മദ്രസയിലേക്ക് പുറപ്പെട്ട കുട്ടിയെ പര്‍ദയിട്ട സ്ത്രീ സ്‌കൂട്ടറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു. ഉമ്മ ആശുപത്രിയിലാണെന്നും അങ്ങോട്ട് പോകുകയാണെന്നും പറഞ്ഞാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് വള മുറിച്ചെടുത്ത് കുട്ടിയെ മെഡിക്കല്‍ കോളേജ് പരിസരത്ത് ഉപേക്ഷിച്ചു. ഇതിനിടെ കുട്ടി മദ്രസ വിട്ട് വരുന്നത് കാണാതിരുന്ന മാതാപിതാക്കള്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതിനിടെ ഒറ്റയ്ക്ക് റോഡില്‍ നിന്ന് കരയുകയായിരുന്ന കുട്ടിയോട് നാട്ടുകാരിലൊരാള്‍ കാര്യം തിരക്കിയപ്പോഴാണ് കുട്ടി സംഭവം പറഞ്ഞത്. പിതാവിന്റെ മൊബൈല്‍ നമ്പര്‍ കുട്ടി നാട്ടുകാര്‍ക്ക് പറഞ്ഞുകൊടുത്തു. തുടര്‍ന്ന് കുട്ടിയുടെ വീട്ടില്‍ വിളിച്ചറിയിച്ച് കുട്ടിയെ മെഡിക്കല്‍ കോളേജ് പൊലീസില്‍ ഏല്‍പ്പിച്ചു. ചെമ്മാടും പരിസരങ്ങളിലും മറ്റുമായി സ്ഥാപിച്ച സിസിടിവി കാമറകള്‍ പരിശോധിച്ചതില്‍ ഹെല്‍മറ്റ് ധരിച്ച് പര്‍ദയിട്ട സ്ത്രീ കുട്ടിയുമായി ബൈക്കില്‍ പോകുന്ന ദൃശ്യം പതിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്.
ബീഹാറിലെ പാട്നയിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പൊതുസ്ഥലത്ത് ആക്രമിക്കുകയും നാട്ടുകാർ നോക്കി നിൽക്കുകയും ചെയ്ത സംഭവത്തിൽ നാല് പേർ പൊലീസ് പിടിയിൽ.കാകോ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഭർത്വ ഗ്രാമത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. അമർ കുമാർ, ദീപക് കുമാർ, ദിനേഷ് യാദവ്, സുനിൽ കുമാർ എന്നിവരാണ് പിടിയിലായത്. സംഭവം കണ്ടിട്ടും നാട്ടുകാർ പ്രതികരിക്കാതെ ദൃശ്യങ്ങൾ വിഡിയോയിൽ ചിത്രീകരിക്കുകയും സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണു വിവരം പുറത്തറിഞ്ഞത്. വിഡിയോയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പിടിയിലായവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. സംഭവം നടന്ന് 24 മണിക്കൂറുകൾക്കകം വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സൈബർ സെൽ ഇടപെട്ട് വിഡിയോ പിൻവലിച്ചു.
വിഡിയോയിൽ ഉണ്ടായിരുന്ന ബൈക്ക് കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. വിഡിയോ പ്രചരിച്ച മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ അമർ കുമാറിന്റേതാണ് ഫോൺ. പാറ്റ്ന സോണൽ ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
കോവളത്തെ കണ്ടല്‍ക്കാട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിദേശവനിത ലിഗയോട് അപമര്യാദയായി പെരുമാറിയിരുന്നുവെന്ന് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവര്‍ പൊലീസിനോട് വ്യക്തമാക്കി. ലിഗ കടല്‍തീരത്തേക്ക് നടന്നുവരുന്നത് കണ്ടു. ഇവരോട് സിഗരറ്റ് ചോദിച്ചെങ്കിലും തന്നില്ല. പിന്നീട്, ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടപ്പോള്‍ കേട്ടില്ലെന്ന് നടിച്ച് നടന്നുവെന്നും കസ്റ്റഡിയിലുള്ള ഉദയന്‍, രമേശ് എന്നിവര്‍ മൊഴി നല്‍കി.
കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. അതേസമയം, രാസപരിശോധന ഫലം വന്നതിന് ശേഷമാകും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുക. മാര്‍ച്ച് 14ന് ലിഗയെ കാണാതായ ദിവസം തന്നെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.
ലിഗയെ ക്രൂരമായി കൊലപ്പെടുത്തിയതാണെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴുത്തില്‍ കൈകൊണ്ടു ഞെരിച്ചതോ കാല്‍കൊണ്ടു ചവിട്ടിപ്പിടിച്ചതോ മരണകാരണമായെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. കഴുത്തിലെ തരുണാസ്ഥികള്‍ ഒടിഞ്ഞിട്ടുണ്ട്. എന്നാല്‍, മൃതദേഹം ജീര്‍ണിച്ചിരുന്നതിനാല്‍, മാനഭംഗം നടന്നിട്ടുണ്ടോയെന്നു വ്യക്തമല്ല.
കഴുത്തിലെയും കാലിലെയും മുറിവുകള്‍ മല്‍പിടിത്തത്തിനിടെ സംഭവിച്ചതാകാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അന്വേഷണസംഘം തിരുവനന്തപുരം കമ്മിഷണര്‍ പി. പ്രകാശിന് ഇന്നലെ വൈകിട്ടു റിപ്പോര്‍ട്ട് കൈമാറി. തൂങ്ങിമരിച്ചാലുണ്ടാകുന്ന പരുക്കല്ല മൃതദേഹത്തിലുള്ളതെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കഴുത്ത് ഒടിഞ്ഞനിലയില്‍ ലിഗയെ മരത്തില്‍ ചാരിനിര്‍ത്തി, കൊലയാളി രക്ഷപ്പെടുകയായിരുന്നെന്നാണു കണ്ടെത്തല്‍. കസ്റ്റഡിയിലുള്ള അഞ്ചുപേരില്‍, രണ്ടുപേരിലേക്കാണ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. വാഴമുട്ടത്തെ കണ്ടല്‍ക്കാട് ഇതിലൊരാളുടെ സ്ഥിരം താവളമായിരുന്നു. കൊലപാതകത്തില്‍ രണ്ടാമന്റെ പങ്ക് ഇതുവരെ വ്യക്തമല്ല. ലിഗയുടെ മൃതദേഹത്തിനു സമീപം കണ്ടെത്തിയ മുടിനാര് പോലീസ് കസ്റ്റഡിയിലുള്ള പ്രതിയുടേതാണെന്നു സംശയമുണ്ട്. ഇതു സ്ഥിരീകരിക്കാന്‍ ഡി.എന്‍.എ. പരിശോധന നടത്തും. ലിഗ കണ്ടല്‍ക്കാട്ടിലേക്കു പോകുന്നതു പലരും കണ്ടിട്ടുണ്ട്.