Crime

ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ട യുവാവിനെ ഹോട്ടല്‍ ജീവനക്കാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ഡല്‍ഹിയിലെ പ്രീത് വിഹാറിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരമാണ് യുവാവിനെ ഹോട്ടല്‍ ജീവനക്കാരായ മൂന്ന് പേര്‍ ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. ഞായറാഴ്ച്ച വൈകീട്ട് ഭക്ഷണം കഴിക്കാനായി പ്രീത് വിഹാറിലെ കമല്‍ ദാബയിലെത്തിയ പവന്‍കുമാറും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ ഭക്ഷണത്തിന്റെ ഗുണമേന്‍മയെ കുറിച്ച് തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ ജീവനക്കാരായ മൂന്ന് പേര്‍ ചേര്‍ന്ന് പവന്‍കുമാറിനെ മര്‍ദ്ദിക്കുകയായിരുന്നു.

പവന്‍കുമാറിന്റെ തലയുടെ പിന്‍ഭാഗത്തായി വലിയ തവി ഉപയോഗിച്ച് അടിച്ചതാണ് മരണത്തിന് കാരണമായിരിക്കുന്നത്. സംഭവത്തില്‍ ധാബയിലെ ജീവനക്കാരായ സച്ചിന്‍, ഗോവിന്ദ്, കരണ്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി വിഹാര്‍ പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

ജീവനക്കാര്‍ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ഹോട്ടലില്‍ അബോധാവസ്ഥയില്‍ കിടന്ന പവന്‍ കുമാറിനെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൃത്യ സമയത്ത് ചികിത്സ ലഭ്യമായെങ്കിലും ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു.

കഠിനം കുളത്തിന് സമീപം വെട്ടുത്തുറയില്‍ മകനെ ആക്രമിക്കാനായി എത്തിയ അയല്‍വാസിയെ പിടിച്ച് മാറ്റാന്‍ ചെന്ന യുവതി കുത്തേറ്റ് മരിച്ചു. മകന് നിസാര പരുക്കേറ്റു. ചാന്നാങ്കര വെട്ടുത്തുറ സിത്താര ഹൗസില്‍ എറ്റിറുഡ് വിക്ടര്‍(42) ആണ് മരിച്ചത്. മകന്‍ വിജിത്ത് വിക്ടറിനാണ്(21) തലയ്ക്ക് പരുക്കേറ്റത്.

സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ ഞായറാഴ്ച രാത്രി ഏഴരമണിയോടെ അമ്മയും മകന് വീട്ടില്‍ നില്‍ക്കുമ്പോള്‍ അയല്‍വാസിയായ ബിജുദാസ് വീട്ടിലെത്തി വിജിത്തുമായി വഴക്കിടുകയും ഇതിനിടയില്‍പ്പെട്ട വീട്ടമ്മയുടെ കഴുത്തിന് പിന്നില്‍ കുത്തേല്‍പ്പിക്കുകയുമായിരുന്നു.

അയല്‍ക്കാര്‍ ഓടിയെത്തി വീട്ടമ്മയെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ നേരത്തെയും വഴക്കിടാറുണ്ടെന്നും ഇതുസംബന്ധിച്ച കഠിനംകുളം പോലീസ് സ്‌റ്റേഷനില്‍ കേസുണ്ടെന്നും പോലീസ് പറഞ്ഞു.

ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്നും മുറിച്ചു മാറ്റപ്പെട്ട നിലയില്‍ 54 കൈപ്പത്തികള്‍ കണ്ടെത്തി. സൈബീരിയന്‍ തീരത്തു നിന്ന് മത്സ്യ തൊഴിലാളികളാണ് ബാഗ് ആദ്യമായി കാണുന്നത്. ഇവര്‍ ഉടന്‍ തന്നെ പോലീസില്‍ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാഗിന് മുകളിലായി ഒരു കൈപ്പത്തി ശ്രദ്ധയില്‍പ്പെട്ട മത്സ്യ തൊഴിലാളികള്‍ ആദ്യം അതൊരു മരത്തടിയാണെന്നാണ് ധരിച്ചിരുന്നത്. എന്നാല്‍ ബാഗ് തുറന്നു നോക്കിയപ്പോഴാണ് മനുഷ്യ കൈപ്പത്തിയാണെന്ന് മനസ്സിലായത്.

കൂട്ടകൊലപാതകത്തിന് ശേഷം കൈകള്‍ വെട്ടിമാറ്റി ഉപേക്ഷിച്ചതാകാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി കൈപ്പത്തികള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. സിറിഞ്ചുകളും കോട്ടണ്‍ തുണികളും സമീപ പ്രദേശത്ത് നിന്നായി കണ്ടെടുത്തിട്ടുണ്ട്.

റഷ്യന്‍ അന്വേഷണ ഏജന്‍സിയാണ് ഇപ്പോള്‍ കേസ് കൈകാര്യം ചെയ്യുന്നത്. മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്നുമാണെ ഈ ശരീര ഭാഗങ്ങള്‍ ഉപേക്ഷിക്കപ്പെട്ടത് സംശയമുണ്ട്. ഈ വിഷയങ്ങള്‍ അന്വേഷിച്ചു വരികയാണ്. കൈകളുടെ ചിത്രങ്ങള്‍ സൈബീരിയന്‍ ടൈംസാണ് പുറത്തു വിട്ടിരിക്കുന്നത്.

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു. ഞാറ്റുവയല്‍ സ്വദേശിയായ എന്‍.വി കിരണിനാണ് അജ്ഞാതരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. കിരണിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെഞ്ചിലും കാലിനും കുത്തേറ്റ കിരണിന്റെ ആരോഗ്യനിലയില്‍ കാര്യമായി പുരോഗതി കൈവന്നിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇന്നു പുലര്‍ച്ചെ നാലു മണിക്ക് തൃച്ചംബരം ഡ്രീം പാലസിനു സമീപത്തുവെച്ചാണ് 19 കാരനായ കിരണ്‍ ആക്രമിക്കപ്പെടുന്നത്. ഇയാളെ ആക്രമിക്കാനുണ്ടായ കാരണങ്ങള്‍ വ്യക്തമല്ല. എന്നാല്‍ ബിജെപി അനുകൂലികളാണ് ആക്രമണം നടത്തിയതെന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ നാല് പേര്‍ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. പതിനഞ്ചംഗ സംഘമാണ് കിരണിനെ കുത്തിയെതെന്നും മുഴുവന്‍ പ്രതികളും ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകനായ കിരണിനെ ആക്രമിച്ചതിന് പിന്നില്‍ രാഷ്ട്രീയ വൈര്യാഗ്യമാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കോ ഓപ്പറേറ്റീവ് കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായും എസ്എഫ്‌ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള കിരണ്‍ എസ്എഫ്‌ഐയുടെ വളര്‍ന്നു വരുന്ന നേതാക്കളില്‍ ഒരാളാണ്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചനകള്‍.

കുമ്പളത്ത് വീപ്പയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഉദയംപേരൂര്‍ സ്വദേശി ശകുന്തളയുടെ 6 ലക്ഷം രൂപ കാണാതായതായി അന്വേഷണസംഘം. ശകുന്തളയുടെ ബാങ്ക് അക്കൌണ്ടില്‍ ഈ തുക കാണാനില്ല. കൊലപാതകത്തില്‍ ദുരൂഹത തുടരുന്നതായി പോലീസ് പറഞ്ഞു.

മറ്റു രണ്ടു കൊലപാതകങ്ങള്‍ക്ക് ഇതുമായി ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ശകുന്തളയുടെ മൃതദേഹം പുറത്തെടുത്ത ദിവസം ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനും കൊല നടന്ന് ഒരു വര്‍ഷത്തിന് ശേഷം നെട്ടൂര്‍ കായലില്‍ ഷാപ്പുപടിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ അജ്ഞാതയുവാവിനും കൊലപാതകവുമായി നേരിട്ട് എന്തെങ്കിലും ബന്ധമുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.

കേരളത്തിന് പുറത്ത് വീട്ടുജോലിയും മറ്റും ചെയ്ത് നേടിയ ശമ്പളവും മകന്‍ വാഹനാപകടത്തില്‍ അകപെട്ടപ്പോള്‍ കിട്ടിയ ഇന്‍ഷുറന്‍സ് തുകയും സ്വന്തം പേരിലുണ്ടായിരുന്ന സ്ഥലം 2013ല്‍ വില്‍പന നടത്തിയപ്പോള്‍ ലഭിച്ച പണവുമായിരുന്നു ഇവരുടെ പക്കലുണ്ടായിരുന്നത്. സ്വന്തം നാട്ടില്‍ വീണ്ടുമെത്തി വീടു വാങ്ങാനിരിക്കെ ഇടതുകാലിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം. വാഹനാപകടത്തില്‍ കിടപ്പിലായ മകന്‍ മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മകളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സംശയിക്കുന്നവരെ ചോദ്യം ചെയ്യും.

ജനുവരി ഏഴിനാണ് കുമ്പളത്തിനടുത്ത് വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ അജ്ഞാതജഡം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം സ്ത്രീയുടേതാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും ആരാണെന്ന് വ്യക്തമായിരുന്നില്ല. ശാസ്ത്രീയ പരിശോധയ്ക്ക് ശേഷമാണ് മൃതദേഹം ശകുന്തളയുടെതാണെന്ന് വ്യക്തമായത്.

കാലുകള്‍ കൂട്ടിക്കെട്ടി തലകീഴായി ഇരുത്തിയ നിലയിലായിരുന്നു അന്ന് മൃതദേഹം കണ്ടെടുത്തത്. വീപ്പയ്ക്കുള്ളില്‍ നിന്ന് 500 രൂപ നോട്ടുകളും കണ്ടെത്തിയിരുന്നു. കായലിലൂടെ വീപ്പ ഒഴുകിനടക്കുന്നത് ശ്രദ്ധയില്‍പെട്ട മത്സ്യത്തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തുന്നതും പരിശോധന നടത്തിയതും.

വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനുള്ളില്‍ വച്ചു തന്നെ വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്‌തെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. രാത്രി വാഹനത്തില്‍ കയറ്റി കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം വീപ്പ കായലില്‍ തള്ളിയതാവുമെന്നും അനുമാനിക്കുന്നു. മൂന്നു പേരെങ്കിലും കൃത്യത്തില്‍ ഏര്‍പ്പെട്ടു കാണുമെന്നും പോലീസ് സംശയിക്കുന്നുണ്ട്.

ഭോപ്പാലിലെ മലയാളി ദമ്പതികളുടെ കൊലപാതകത്തില്‍ വീട്ടുജോലിക്കാരനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് ജി.കെ നായരേയും(62) ഭാര്യ ഗോമതിയേയും വീട്ടിനുള്ളില്‍ കഴുത്തറുത്ത് നിലയില്‍ കാണപ്പെട്ടത്. ഭോപ്പാല്‍ സ്വദേശി രാജു ധാഖഡാണ് അറസ്റ്റിലായത്.

മോഷണ ശ്രമത്തിനിടെ ദമ്പതികള്‍ കൊല്ലപ്പെട്ടതാവാം എന്നായിരുന്നു പ്രാഥമിക നിഗമനം. രാവിലെ വീട്ടുവേലക്കാരാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

വ്യോമസേന മുന്‍ ഉദ്യോഗസ്ഥനാണ് മരിച്ച ജി.കെ നായര്‍. സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സ് ആയിരുന്നു ഭാര്യ ഗോമതി. ഇവര്‍ക്ക് മൂന്ന് പെണ്‍മക്കളാണ്. മക്കളുടെ വിവാഹം കഴിഞ്ഞശേഷം ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.

കോളജിനു മുന്നിൽ വിദ്യാർഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ചെന്നൈ കെകെ നഗർ മീനാക്ഷി കോളജിൽ വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞു പുറത്തേക്കു വരികയായിരുന്ന അശ്വിനി എന്ന പെൺകുട്ടിയെ ഗേറ്റിൽ വച്ച് പ്രതി അഴകേശൻ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

ബികോം വിദ്യാർഥിനിയാണ് അശ്വനി. അഴകേശനെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപിച്ചു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. മർദിച്ചവശനാക്കിയാണു നാട്ടുകാർ അഴകേശനെ പൊലീസിനു കൈമാറിയത്. കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിൽ മാത്രമേ വ്യക്തമാകൂവെന്നു കെകെ നഗർ പൊലീസ് അറിയിച്ചു.
മധുരവയൽ സ്വദേശികളാണ് അഴകേശനും അശ്വിനിയും. തന്നെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നു കാണിച്ച് ഇയാൾക്കെതിരെ മധുരവയൽ പൊലീസ് സ്റ്റേഷനിൽ അശ്വിനി പരാതി നൽകിയിരുന്നു. ഇതിലുള്ള പകയാണോ കൊലപാതകത്തിനു പിന്നിലെന്നാണ് അന്വേഷിക്കുന്നത്.
രണ്ടു മാസത്തിനിടെ സമാനരീതിയിലുള്ള മൂന്നാമത്തെ സംഭവമാണു തമിഴ്നാട്ടിൽ നടക്കുന്നത്. നേരത്തേ ചെന്നൈയിൽ വീട്ടിൽ കയറി പെൺകുട്ടിയെ പെട്രോളൊഴിച്ചു കത്തിച്ചിരുന്നു. മധുരയിലും സമാന സംഭവമുണ്ടായി.

ഭോപ്പാലില്‍ മലയാളി ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. ഭോപാല്‍ നര്‍മദവാലി പിപ്ലാനിയിലെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടത്. വ്യോമസേന മുന്‍ ഉദ്യോഗസ്ഥന്‍ പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ജി.കെ.നായരും ഭാര്യ ഗോമതിയുമാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടയിലുള്ള കൊലപാതകമാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഇവരുടെ പക്കൽ നിന്ന് ഒരു സ്വര്‍ണമാലയും വളയും നഷ്ടപ്പെട്ടതായി പോലീസ് കണ്ടെത്തി. ജോലിക്കാരിയാണ് മൃതദേഹങ്ങൾ ആദ്യമായി കണ്ടത്. പ്രതികള്‍ക്കായുള്ള തിരിച്ചിൽ ഉൗർജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.

കൊച്ചി കുമ്പളത്ത് വീപ്പയില്‍ കണ്ട ജഡം ഉദയംപേരൂര്‍ ശകുന്തളയുടേത്. ശാസ്ത്രീയപരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2016 സെപ്റ്റംബറി‍ല്‍‍ കാണാതായ ശകുന്തളയുടെ മൃതദേഹം ജനുവരി ഏഴിനാണ് കണ്ടെത്തിയത്. വീപ്പയ്ക്കുള്ളിൽ കോൺക്രീറ്റ് ചെയ്ത നിലയിൽ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേതെന്ന് നേരത്തെ പരിശോധനയിൽ തെളിഞ്ഞിരുന്നു. സ്ത്രീയുടെ കാലുകൾ കൂട്ടിക്കെട്ടി വീപ്പയിൽ തലകീഴായി ഇരുത്തിയ നിലയിലായിരുന്നു കണ്ടെത്തിയത്. മൃതദേഹത്തിൽ അൽപവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. മൂന്ന് 500 രൂപ നോട്ടുകളും അന്ന് കണ്ടെത്തി.

കൊച്ചി കുമ്പളം കായലിൽ നിന്ന് ആളൊഴിഞ്ഞ പറമ്പിലേക്ക് കയറ്റി വച്ച വീപ്പയിൽ കോൺക്രീറ്റ് ചെയ്ത ഉറപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീപ്പ മുറിച്ച് കോൺക്രീറ്റ് പൊട്ടിച്ച് പുറത്തെടുത്ത് നടത്തിയ പരിശോധയിലാണ് മുപ്പത് വയസ് തോന്നിക്കുന്ന യുവതിയുടേതാണ് മൃതദേഹമെന്ന് വ്യക്തമായത്. കാലുകൾ കൂട്ടിക്കെട്ടി വീപ്പയിൽ തലകീഴായി ഇരുത്തിയാണ് കോൺക്രീറ്റ് ചെയ്തതെന്ന് പരിശോധനയിൽ തെളിഞ്ഞു.

മൃതദേഹത്തോടൊപ്പം മൂന്ന് പഴയ 500 രൂപ നോട്ടുകളും ലഭിച്ചിട്ടുണ്ട്. വീപ്പ കായലിൽ കിടക്കുമ്പോൾ എണ്ണമയം കലർന്ന ദ്രാവകം കായലിൽ പടരുന്നത് കണ്ട മത്സ്യത്തൊഴിലാളികൾ ഈ വിവരം മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് വീപ്പയ്ക്കുള്ളിലെ കോൺക്രീറ്റിൽ ദുരൂഹതയെന്ന് മലയാള മനോരമ വാർത്ത നൽകി. വാർത്തയ്ക്ക് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിലാണ് കോൺക്രീറ്റിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. 2016 ഡിസംബറിലാണ് വീപ്പ കായലിൽ നിന്ന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കയറ്റി വച്ചതെന്നായിരുന്നു പൊലീസ് ഭാഷ്യം.

നെട്ടൂരിൽ യുവാവിനെ ശ്വാസം മുട്ടിച്ച് കൊന്ന് കായലിൽ തള്ളിയ കേസിൽ ഒരു തുമ്പുമില്ലാതെ പൊലീസ് നട്ടം തിരിയുമ്പോഴാണ് വീപ്പക്കുള്ളിലെ മൃതദേഹം തിരിച്ചറിഞ്ഞിരിക്കുന്നത്.

തേനിയില്‍ കമിതാക്കളെ കൊന്ന കേസിലെ പ്രതി ദിവാകരന് ജീവപര്യന്തവും വധശിക്ഷയും. തേനി ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. യുവാവിനെ വെട്ടിക്കൊന്ന ശേഷം യുവതിയെ പീ‍ഡിപ്പിച്ച് കൊല്ലുകയായിരുന്നു.

ഏറെ കോളിളക്കം സൃഷ്ടിച്ച 2011ലെ ഇരട്ടക്കൊലപാതക കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കരുത് എന്ന് പറഞ്ഞ കോടതി പ്രതി ദിവാകരന്‍ എന്ന കട്ടവല്ലൈക്ക് ജീവപര്യന്തവും തൂക്കുകയറും വിധിച്ചു. യുവാവിനെ വെട്ടിക്കൊന്ന കേസില്‍ ജീവപര്യന്തവും യുവതിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ തൂക്കുകയറുമാണ് ശിക്ഷ. തേനി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി സെന്തില്‍ കുമാറാണ് ശിക്ഷ വിധിച്ചത്.

കേസിനാസ്പദമായ സംഭവം ഇങ്ങനെ, കമ്പം സ്വദേശികളായ ഏഴിലും കസ്തൂരിയും പ്രണയത്തിലായിരുന്നു. ഇരുവരും സംസാരിച്ചിരിക്കുന്നതിനിടയിലാണ് ദിവാകരന്‍ അക്രമിക്കുന്നത്. തേനി കരുനാഗമുത്തന്‍പ്പട്ടി സ്വദേശിയാണ് ദിവാകരന്‍. ഏഴിലിനെ വെട്ടിക്കൊല്ലുകയും തുടര്‍ന്ന് കസ്തൂരിയെ പീഡിപ്പിച്ച് കൊല്ലുകയുമായിരുന്നു.

ഇരുവരേയും കൊന്നശേഷം വെള്ളക്കെട്ടിലേക്ക് തള്ളിയിട്ടു. ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്‍റെ നിഗമനം. എന്നാല്‍ കുടുംബക്കാരില്‍ നിന്നടക്കം പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ക്രൈബ്രാഞ്ച് സി.ഐ.ഡി അന്വേഷിക്കുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഏഴ് വര്‍ഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്. പൊലീസ് ആത്മഹത്യയെന്ന് പറഞ്ഞ കേസ് കൊലപാതകമാണെന്ന് കണ്ടെത്തിയതോടെ പൊലീസിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

RECENT POSTS
Copyright © . All rights reserved