മണൽമാഫിയക്കെതിരെ നിരന്തരം വാർത്തകൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ ലോറിയിടിച്ച് മരിച്ചു. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് സംഭവം. ദേശീയ വാര്‍ത്താ ചാനലിലെ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായ സന്ദീപ് ശര്‍മയാണ് മരിച്ചത്. എന്നാൽ സന്ദീപിന്റെത് അപകടമരണമല്ലെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. സമീപത്തെ കടയിൽ പതിഞ്ഞ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് കൊലപാതകത്തിലേക്ക് വിരൽചൂണ്ടുന്നത്.

മധ്യപ്രദേശിലെ കൊട്വാലി പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്തുടര്‍ന്നെത്തിയ ലോറി പെട്ടെന്ന് ഇടത്തോട്ട് വെട്ടിച്ച് സന്ദീപിന്റെ ബൈക്കിനു മുകളിലൂടെ കയറ്റി ഇറക്കുകയായിരുന്നു. ഇടിച്ചിട്ട ലോറി അതേ വേഗതയില്‍ തന്നെ നിര്‍ത്താതെ ഓടിച്ചുപോയി. ഉടനടി നാട്ടുകാരും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും സന്ദീപിെന രക്ഷിക്കാനായില്ല.

അനധികൃത ഖനന മാഫിയ്ക്കും മണല്‍ കടത്തിനുമെതിരെ സന്ദീപ് നിരന്തരം വാര്‍ത്തകള്‍ ചെയ്തിരുന്നു. നേരത്തെ തന്റെ സ്റ്റിംഗ് ഓപ്പറേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സന്ദീപ് പൊലീസിന് കൈമാറിയിരുന്നു. മണൽ മാഫിയയിൽ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് സന്ദീപ് മുൻപ് പരാതി നൽകിയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ പൊലീസ് മോധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.