മൊബൈൽ ഔട്ട്‌ലെറ്റിൽ നിന്ന് കാണാതായ ഉടമയും കുവൈറ്റിലെ പ്രവാസി മലയാളിയുടെ ഭാര്യയായ ജീവനക്കാരിയും ഏറെനാളത്തെ തിരച്ചിലിന് ഒടുവിൽ പൊലീസ് പിടിയില്‍.
ഓർക്കാട്ടേരിയിലെ മൊബൈൽ ഔട്ട്‌ലെറ്റ് ഉടമ അംജാദ് (23), ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായ പ്രവീണ (32) എന്നിവരെ കോഴിക്കോട് നഗരത്തിലെ ഒരു വാടക വീട്ടിൽ നിന്നാണ് ശനിയാഴ്ച അർദ്ധരാത്രിയോടെ വടകര പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇവരെ ഞായറായ്ച്ച പുലര്‍ച്ചെ വടകര സി ഐ ഓഫീസില്‍ എത്തിച്ചു .
ഇരുവരെയും വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് എസ് ഐ പ്രദീപ് കുമാര്‍ പറഞ്ഞു. വടകര സി ഐയുടെയും എടച്ചേരി എസ് ഐ യുടെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ പിടിയിലായത്.
സെപ്റ്റംബർ 11നാണ് അംജാദിനെ കാണാവുന്നത്. അംജാദിനെ കാണാതായി രണ്ടുമാസത്തിനുശേഷം നവംബർ 17നായിരുന്നു ജീവനക്കാരിയുടെ തിരോധാനം. ഭർതൃമതിയായ പ്രവീണയെ കാണാതായതോടെ വിഷയം നാട്ടിൽ വലിയ ചർച്ചയായി മാറുകയും ഇവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം കാര്യക്ഷമമാക്കുന്നില്ലെന്ന ആക്ഷേപം ഉയരുകയും ചെയ്തിരുന്നു.
വ്യാപാരിയെ കാണാതായി രണ്ട് മാസത്തിന് ശേഷം സ്ഥാപനത്തിലെ ജീവനക്കാരിയേകൂടി കാണാതായതോടെ നാട്ടുകാർ വലിയ ആശങ്കയിലായി. സംഭവത്തിന് പിന്നിലെ ദുരൂഹത എത്രയും പെട്ടന്ന് പൊലീസ് വെളിച്ചത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സംഘടിക്കുകയും ചെയ്തു. കാണാതായ നവംബർ 17 തിങ്കളാഴ്ചയും പതിവുപോലെ തന്റെ സ്‌കൂട്ടറിൽ പ്രവീണ സ്ഥാപനത്തിലേക്ക് ജോലിക്ക് പോയിരുന്നു.
തലശേരി ചൊക്ലി സ്വദേശിനിയാണ് പ്രവീണ. ഓർക്കാട്ടേരിക്ക് സമീപമുള്ള ഒഞ്ചിയത്തേക്കാണ് ഇവരെ വിവാഹം കഴിച്ച് അയച്ചത്. ഭർത്താവ് കുവൈറ്റിൽ ജോലിചെയ്തു വരികയാണ്. ഏഴു വയസുള്ള ഒരു മകളും ഉണ്ട്. വൈകീട്ട് സ്ഥാപനം അടച്ചതിന് ശേഷമാണ് പ്രവീണയെ കാണാതായത്.
രാത്രി ഏറെ വൈകീട്ടും ഇവർ വീട്ടിൽതിരിച്ചെത്തിയില്ല. തുടർന്ന് പ്രവീണയുടെ അച്ഛൻ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പൊലീസ് ഇവരെ കണ്ടെത്താനായി തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. അതിനിടയ്ക്കാണ് വഴിയിൽ ഉപേക്ഷിച്ച നിലയിൽ ഇവരുടെ സ്‌കൂട്ടർ പൊലീസ് കണ്ടെത്തുന്നത്.
അംജാദിനെ കാണാതായിട്ട് രണ്ട് മാസമായെങ്കിലും അയാളെക്കുറിച്ചുള്ള അന്വേഷണത്തിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് സ്ഥാപനത്തിലെ യുവതിയും കാണാതായത്. സ്ഥാപനത്തിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങിക്കാനായി കോഴിക്കോടേക്ക് പോയതായിരുന്നു വൈക്കിലശ്ശേരി പുത്തൻപുരയിൽ മുഹമ്മദ് അംജാദ്.
ഇവിടെ നിന്ന് സാധനങ്ങൾ വാങ്ങി വടകരയിലെത്തി. തുടർന്ന് സാധനങ്ങൾ സ്വന്തം കാറിൽ കയറ്റുകയും ചെയ്തു. ഇതിന് ശേഷമാണ് അംജാദിനെ കാണാതായത്. രാത്രി വൈകീയും അംജാദ് വീട്ടിലെത്തിയില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ബന്ധുക്കൾ എടച്ചേരി പൊലീസ് സ്റ്റേഷനിൽ പരാതികൊടുക്കുകയായിരുന്നു. പൊലീസ് അന്വേഷിച്ചെങ്കിലും ഇയാളെക്കുറിച്ച് യാതൊരു വിവരവും കിട്ടിയില്ല.
എന്നാൽ അംജാദിന്‍റെ കാർ വടകര ബസ് സ്റ്റാന്റിന് സമീപത്തു നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാറ് വിശദമായി പരിശോധിച്ചെങ്കിലും കാര്യമായൊന്നും കണ്ടെത്താനായില്ല. കാറിലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകൾ പൊലീസ് വിശദമായി പരിശോധിച്ചെങ്കിലും അതുകൊണ്ടും കാര്യമായ ഗുണമെന്നും ഉണ്ടായില്ല.
അതിനിടയിൽ താൻ തിരിച്ചുവരികയാണെന്ന് പറഞ്ഞ് അംജാദിന്‍റെ ഫോൺ കോൾ ബന്ധുക്കൾക്ക് വന്നു. എന്നാൽ പിന്നീട് യാതൊരു വിവരവും ഉണ്ടായില്ല. ഇതിനിടെ ഇയാൾ ബാംഗ്ലൂരിലെ ഒരു ആശുപത്രിയിൽ ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. വിവരത്തെ തുടർന്ന് പൊലീസ് നേരെ ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു. ആശുപത്രിയിൽ പരിശോധന നടത്തിയെങ്കിലും അംജാദിനെ കാണാൻ കഴിഞ്ഞില്ല. അംജാദ് അപ്പോഴേക്കും ഡിസ്ചാർജ്ജ് വാങ്ങി പോയിരുന്നു.
എടച്ചേരി എസ്‌ഐ പ്രദീപ്കുമാറിന്റെ നേതൃത്വത്തിലാണ് ഇവരുടെ തിരോധാനത്തെ കുറിച്ച് അന്വേഷണം നടന്നത്. പിന്നീട് യുവതിയെയും കാണാതായതോടെ പൊലീസ് മൊബൈൽ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും തൃശൂരിൽ കണ്ടെന്നും പാലക്കാട്ട് കണ്ടെന്നുമെല്ലാം വിവരം വന്നതല്ലാതെ തുമ്പുണ്ടായില്ല.
സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണ പുരോഗമിച്ചത്. രണ്ടുപേരും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയതാണ് പൊലീസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചത്. ഇരുവരുടേയും തിരോധാനങ്ങള്‍ തമ്മിൽ ബന്ധമുള്ളതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ കാണാതായതിന് പിന്നാലെ ഇരുവരും സ്വന്തം പേരിലുള്ള സിംകാർഡോ മൊബൈൽഫോണോ പിന്നെ ഉപയോഗിച്ചിട്ടില്ല.
ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ നടന്ന കൊലപാതകം . മുഹമ്മദ് അഫ്റസൂല്‍ ഖാന്‍ എന്നയാളെ വെട്ടിക്കൊന്ന് തീയിട്ട ശംഭുനാഥ് റായ്ഗറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ ശംഭുവിന്റെ വീട്ടുകാര്‍ കുറ്റപ്പെടുത്തുന്നത് കാമുകിയെന്നു പറയുന്ന പെണ്‍കുട്ടിയെയാണ്. ആ പെണ്‍കുട്ടിയാണ് ശംഭുവിനെ കൊലപാതകി ആക്കിയതെന്നാണ് കുറ്റാരോപിതന്റെ കുടുംബാഗങ്ങള്‍ ന്യായീകരിക്കുന്നത്. കൊലപാതകം നടത്തിയ ശംഭു നിഷ്കളങ്കനാണെന്നാണ് കുടുംബാഗങ്ങളുടെ വാദം.
അവളെ തിരികെയെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് ഇതെല്ലാം സംഭവിച്ചതെന്നും അവര്‍ ആരോപിക്കുന്നു. അവളെ തിരികെയെത്തിച്ചില്ലെങ്കില്‍ റായ്ഗര്‍ സമാജത്തിന് ശംഭു പിഴ നല്‍കേണ്ട അവസ്ഥയിലായിരുന്നു. ശംഭു ഇഷ്ടപ്പെട്ടിരുന്ന പെണ്‍കുട്ടി മുസ്ലിം യുവാവിനോട് അടുത്തതാണ് ക്രൂരകൃത്യത്തിന് ശംഭുവിനെ പ്രേരിപ്പിച്ചതെന്നാണ് ശംഭുവിന്റെ സുഹൃത്തുക്കളുടെ വാദം. ശംഭു മദ്യത്തിനും മയക്കു മരുന്നിനും അടിമയായിരുന്നെന്നും സദാസമയവും ഇന്റര്‍നെറ്റിലായിരുന്നു സമയം ചെലവിട്ടിരുന്നതെന്നും സുഹൃത്തുക്കള്‍ പറയുന്നു.
ദൃശ്യങ്ങള്‍ കണ്ടുവെങ്കിലും അത് ചെയ്തത് ശംഭുവാണെന്ന് കരുതുന്നില്ലെന്നാണ് വീട്ടുകാര്‍ വാദിക്കുന്നത്. ആ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ബാലന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും പ്രതികരിച്ചു. ഈ ക്രൂരകൃത്യം ചിത്രീകരിച്ച പതിനഞ്ച് വയസുകാരന്‍ ആരോടും സംസാരിക്കുന്നില്ലെന്നും വീടിന് പുറത്തിറങ്ങുന്നില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ യുവാവിനെ വെട്ടിക്കൊന്ന് തീയിട്ട് കൊലപ്പെടുത്തിയത്. ക്രൂരമായ കൊലപാതകം നടത്തിയതിന് ശേഷം അതിനെ ന്യായീകരിച്ചും ഇയാള്‍ വീഡിയോ ചിത്രീകരിക്കുകയും അവ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
കുമ്പസാരിക്കാനെത്തിയ സൗന്ദര്യമത്സര ജേതാവായ സ്ത്രീയെ കൊലപ്പെടുത്തിയ കത്തോലിക്ക പുരോഹിതന് ജീവപര്യന്തം. 85 വയസ്സുകാരനായ ജോണ്‍ ഫെയിറ്റ് എന്ന വിരമിച്ച പുരോഹിതനാണ് ദക്ഷിണ ടെക്‌സാസിലെ കോടതി ശിക്ഷ വിധിച്ചത്. എണ്‍പത്തഞ്ചു വയസ്സുകാരനായ ജോണിന് ലഭിക്കാവുന്ന പരമാവധി ശിക്ഷയാണ് ജീവപര്യന്തം.
1960 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. അന്ന് ടെക്‌സാസിലെ മക്കെല്ലനിലായിരുന്നു ജോണ്‍ സേവനം അനുഷ്ഠിച്ചിരുന്നത്. വിശുദ്ധവാരത്തില്‍ കുമ്പസാരത്തിനെത്തിയ ഐറിന്‍ ഗാര്‍സ എന്ന ഇരുപത്തഞ്ചുകാരിയെയാണ് ജോണ്‍ കൊലപ്പെടുത്തിയത്. അധ്യാപികയായിരുന്ന ഐറിസ് സൗന്ദര്യമത്സര ജേതാവു കൂടിയായിരുന്നു.
ഐറിസിന്റെ കൊലപാതകം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. അരിസോണയിലെ വിരമിച്ചവര്‍ക്കു വേണ്ടിയുള്ള ആശ്രമത്തില്‍ താമസിക്കുകയായിരുന്ന ജോണിനെ കഴിഞ്ഞവര്‍ഷമാണ് വിചാരണയുടെ ഭാഗമായി ടെക്‌സാസില്‍ എത്തിച്ചത്.
അഞ്ചുദിവസം നീണ്ടുനിന്ന വിചാരണയ്ക്കിടെ 24ല്‍ അധികം സാക്ഷികളെയാണ് വിസ്തരിച്ചത്. സംശയിക്കപ്പെടുന്നവരുടെ പട്ടികയില്‍ ജോണിനെ ഉള്‍പ്പെടുത്താതിരിക്കാന്‍ പള്ളി അധികൃതര്‍ പ്രാദേശിക അധികൃതരെ നിര്‍ബന്ധിച്ചത് ഉള്‍പ്പെടെയുള്ള തെളിവുകളാണ് പ്രോസിക്യൂഷന്‍ ജോണിനെതിരെ ഹാജരാക്കിയത്. ദക്ഷിണ ടെക്‌സാസിലെ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഡല്‍ഹിയില്‍ അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഗ്രേറ്റര്‍ നോയ്ഡയിലെ ഗോര്‍ സിറ്റിയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഞ്ജലി അഗര്‍വാള്‍ (42), മകള്‍ മണികര്‍ണിക (11) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ബാറ്റുകൊണ്ട് തലയ്ക്ക് നരവധി തവണ അടിച്ചും കുത്തിയുമാണ് ഇരുവരെയും കൊലപ്പെടുത്തിയത്. അഞ്ജലിയുടെ തലയില്‍ അടിയേറ്റ ഏഴു മുറിവുകളും മണികര്‍ണികയുടെ തലയില്‍ അഞ്ച് മുറിവുകളുമാണ് ഉണ്ടായിരുന്നത്. മൃതദേഹത്തിന്റെ അടുത്ത് നിന്നും രക്തം പുരണ്ട കത്രിക ലഭിക്കുകയും ചെയ്തിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് അഞ്ജലിയുടെ പത്താം ക്ലാസില്‍ പഠിക്കുന്ന മകനാണ് കസ്റ്റഡിയിലായിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടിന് ഇയാള്‍ അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഫ്ളാറ്റിലേക്കു കയറിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. രാത്രി 11.30 ന് ഫ്ളാറ്റില്‍നിന്നും ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യമാണ് അവസാനം ഇയാളുടേതായി ലഭിച്ചത്. ഡല്‍ഹിയിലെ ചാന്ദിചൗക്കില് ഇയാളെ കണ്ടെത്തിയിരുന്നു. കുട്ടിയുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ വീട്ടിലെ കുളിമുറിയില്‍നിന്നും പൊലീസ് കണ്ടെടുത്തിരുന്നു.
കൊലയാളി ഗെയിം ബ്ലൂവെയ്ലിനേക്കാള്‍ മാരകമായ ഗാംഗ്സ്റ്റര് ഇന്‍ ഹൈസ്കൂള്‍ എന്ന ഗെയിമിന് അടിമയായിരുന്നു കുട്ടിയെന്നാണ് പൊലീസ് പറയുന്നത്. ഈ ഗെയിമുമായി ബന്ധപ്പെട്ട ഇലക്ട്രോണികിസ് ഉപകരണങ്ങള്‍ വീട്ടല്‍നിന്നും ലഭിച്ചതായും പൊലീസ് വ്യക്തമാക്കി.
അമ്മയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ ഐ ടി ജീവനക്കാരന്‍ എസ് ദഷ്വന്ത് പോലീസ് കസ്റ്റഡയില്‍ നിന്നു രക്ഷപെട്ടു. ഏഴുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ ഫെബ്രുവരിയില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്നു സെപ്റ്റംബറില്‍ ജാമ്യത്തിലിറങ്ങി. കഴിഞ്ഞ ശനിയാഴ്ച അമ്മ സരളയെ കൊലപ്പെടുത്തിയ ശേഷം 25 പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ട്ടിച്ച് ഇയാള്‍ കടന്നു കളയുകയായിരുന്നു. ആഭരണങ്ങള്‍ ചെന്നൈയിലെ മണികണ്ഠന്‍ എന്നയാള്‍ക്കു വിറ്റ് അതില്‍ നിന്നു ലഭിച്ച പണവുമായി ഇയാള്‍ മുംബൈയിലേയ്ക്കു കടക്കുകയായിരുന്നു.
തൊട്ടടുത്ത ഫ്ാളറ്റില്‍ താമസിച്ചിരുന്ന ഏഴുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ ആദ്യം അറസ്റ്റിലായത്. ജാമ്യത്തിലിറങ്ങിയ ശേഷം പെണ്‍കുട്ടിയുടെ വീട്ടുകാരെ ഇയാള്‍ ഭീഷണിപ്പെടുത്തിരുന്നു. പണത്തിനായി അമ്മ സരളയുമായി സ്ഥിരമായി വഴക്കുണ്ടാക്കുമായിരുന്നു. തുടര്‍ന്നു കഴിഞ്ഞയാഴ്ച വഴക്കിനിടയില്‍ കമ്പി വടി ഉപയോഗിച്ചു സരളയുടെ തലയ്ക്ക അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ആഭരണങ്ങള്‍ വിറ്റ പണം കൊണ്ടു മുംബൈയില്‍ എത്തിയ ഇയാള്‍ അവിടെ ഒരു സ്ത്രീയ്‌ക്കൊപ്പമായിരുന്നു താമസം എന്നു പോലീസ് പറഞ്ഞു. കുതിരപ്പന്തയം നടക്കുന്ന സ്ഥലത്തു നിന്നാണു പോലീസ് ഇയാളെ പിടികൂടിയത്. ഇവിടെയുള്ള കോടതിയില്‍ ഹാജരാക്കിയ ശേഷം വിമാനമാര്‍ഗം ചെന്നൈയിലേയ്ക്കു കൊണ്ടു വരാനായിരുന്നു പോലീസിന്റെ പദ്ധതി. ചെന്നൈയില്‍ നിന്നുള്ള അഞ്ചംഗ പോലീസ് സംഘത്തിന്റെ കൂടെയാണ് ഇയാള്‍ വിമാനത്താവളത്തിലേയ്ക്കു വന്നത്. എന്നാല്‍ വിമാനത്താവളത്തിനടുത്തു പോലീസിന്റെ കൈയില്‍ നിന്ന് ഇയാള്‍ രക്ഷപെടുകയായിരുന്നു.
ഭര്‍ത്താവിനെ കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ച ഭാര്യയെ 13 വര്‍ഷത്തിന് ശേഷം പിടികൂടിയ പൊലീസ് വേറെയും മൃതദേഹങ്ങൾ വീട്ടിൽ ഒളിപ്പിച്ചതായി ഉറപ്പിച്ചു. വേറെ മൂന്നു പേരെക്കൂടി കൊലപ്പെടുത്തിയ വിവരം യുവതി വെളുപ്പെടുത്തി. മുബൈയില്‍ ഫരീദ ഭാരതി എന്ന സ്ത്രീയാണ് പിടിയിലായത്. സെപ്റ്റിക് ടാങ്കില്‍ നിന്ന് പൊലീസ് അസ്ഥികൂടം കണ്ടെടുത്തു . ഈ കൊലപാതകങ്ങൾക്ക് പിന്നിൽ ബ്ലാക് മാജിക് പോലീസ് സംശയിക്കുന്നു. വീട്ടിൽ നിന്ന് 300 ഓളം താന്ത്രിക പുസ്തകങ്ങളും 500 ലധികം മതപരമായ സി ഡി കളും കണ്ടെത്തിയതാണ് ഈ സംശയത്തിന് കാരണം. വീട്ടിൽ നിന്ന് കിലോ കണക്കിന് ഉപയോഗിച്ച കോണ്ടംസ് കണ്ടെടുത്തു.
ഫരീദ ഭാരതിയുടെ ഗാന്ധിപഡയിലെ വീട് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. വീട്ടില്‍ നിന്ന് നാല് യുവതികളെ മോചിപ്പിച്ചു. ഫരീദയെയും ഒരു യുവാവിനെയും വീട്ടില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഫരീദ ഭാരതി എന്ന യുവതിയുടെ വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച പോലീസ് റെയ്ഡിനെത്തിയത്. എന്നാല്‍ പിറ്റേന്ന് പോലീസിനെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു സന്ദേശമെത്തി ഫരീദ അനാശാസ്യം മാത്രമല്ല, നിരവധി കൊലപാതകങ്ങളും ചെയ്തിട്ടുണ്ടെന്നായിരുന്നു വിവരം. ഭര്‍ത്താവിനേയും ഇവര്‍ കൊലപ്പെടുത്തിയെന്ന് രഹസ്യ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇതേതുടര്‍ന്നാണ് ചൊവ്വാഴ്ച രാത്രി ഇവരുടെ വീട്ടില്‍ വീണ്ടും പരിശോധന നടന്നത്. വിശദമായ ചോദ്യംചെയ്യലില്‍ തന്‍റെ ഭര്‍ത്താവ് സഹദേവനെ കൊന്ന കാര്യം ഫരീദ സമ്മതിച്ചു. ഉറങ്ങിക്കിടക്കുമ്പോള്‍ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നും മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്നും ഫരീദ സമ്മതിച്ചു. എന്നാല്‍ കൊലപാതക കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. തുടര്‍ന്ന് ഫരീദയുടെ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് സെപ്റ്റിക് ടാങ്കില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്.
മലപ്പുറം പെരുവള്ളൂരിൽ അച്ഛൻ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. പറങ്കിമാവിൽ ശാലു ആണ് കൊല്ലപ്പെട്ടത്. അച്ഛൻ ശശി തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്നലെ രാത്രി പതിനൊന്നു മണിക്കാണ് കൊലപാതകം നടന്നത്. പുലർച്ചെ നാലുമണിക്ക് കൊലപാതകവിവരം പ്രതി തന്നെ പൊലിസ് സ്റ്റേഷനിൽ എത്തി അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പൊലിസ് വീട്ടിലെത്തി പരിശോധന നടത്തി. കഴിഞ്ഞ കുറച്ചു ദിവസമായി പ്രതിയും മകൾ ശാലുവും തനിച്ചായിരുന്ന വീട്ടിൽ. ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് തുടർന്ന് ശാലുവിന്റെ അമ്മ പെരിന്തൽമണ്ണയിലെ വീട്ടിലായിരുന്നു. കുടുംബ വഴക്കിൽ മകൾ അമ്മക്കൊപ്പമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശശിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി പൊലിസ് കേസെടുത്തു. ഇന്‍ക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് കോടതിയുടെ സമന്‍സ്. കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഈ മാസം 19ന് ദിലീപ് നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയുള്ള കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചത്. ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ആകെ 11 പ്രതികളാണുള്ളത്.
എല്ലാ പ്രതികളോടും ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ദിലീപിനെ കൂടാതെ സുനിക്കും അപ്പു മേസ്തിരിക്കും കോടതി സമന്‍സ് അയച്ചിട്ടുണ്ട്. 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമായിരുന്നു ദിലീപ് പുറത്തിറങ്ങിയത്. ദിലീപ്‌നാദിര്‍ഷാ കൂട്ടുകെട്ടിലുള്ള ദേ പുട്ടിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദിലീപ് കഴിഞ്ഞ ദിവസം ദുബായിക്ക് പോയിരുന്നു.
മൂന്നു ദിവസത്തെ ദുബായ് സന്ദര്‍ശം കഴിഞ്ഞ് മടങ്ങി എത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ കേസില്‍ നേരിട്ട് ഹാജരാകാന്‍ സമന്‍സ് ലഭിച്ചിരിക്കുന്നത്.
ദുരൂഹ സാഹചര്യത്തില്‍ കൊല്‍ക്കത്തയിലെത്തിയ വിമുക്തഭടന്മാരും ആലപ്പുഴ സ്വദേശികളുമായ സഹോദരങ്ങള്‍ കൊല്ലപ്പെട്ടു. വീട്ടിലെ ടെറസില്‍ താമസിക്കുന്ന ബംഗാളികളുടെ വാക്ക് വിശ്വസിച്ച് അവരുടെ ഗ്രാമത്തില്‍ നിധി തേടി പോയതാണ് ഇരുവരും. ചേര്‍ത്തല പൂച്ചാക്കല്‍ കുന്നേല്‍ വെളി മാമച്ചന്‍ (57) സഹോദരന്‍ കുഞ്ഞുമോന്‍ (53) എന്നിവരാണ് വിഷം ഉള്ളില്‍ ചെന്ന് കൊല്ലപ്പെട്ടത്.
കൊല്‍ക്കത്തയില്‍ നിന്ന് ഏറെ ദൂരെ ബര്‍ദ്വാന്‍ ഗ്രാമത്തിലാണ് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കാണപ്പെട്ടത്. ഒരാള്‍ ബര്‍ദ്വാനില്‍ വെച്ചുതന്നെ മരിച്ചു. രണ്ടാമത്തെ സഹോദരനെ കൊല്‍ക്കത്തയില്‍ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഷവാതകം ശ്വസിച്ചാണ് ഇരുവരും കൊല്ലപ്പെട്ടത് എന്നാണ് നാട്ടില്‍ ലഭിച്ച വിവരം. എന്നാല്‍ വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചത് എന്നാണ് ‘നാരദ’യ്ക്ക് കൊല്‍ക്കത്തയില്‍ നിന്നും ലഭിച്ച വിവരം.
ബംഗാളി തൊഴിലാളികള്‍ ചേര്‍ത്തല പാണാവള്ളിയിലെ ഇവരുടെ വീടിന്റെ ടെറസില്‍ താമസിക്കുന്നുണ്ട്. വിമുക്ത ഭടന്മാരായതിനാല്‍ ബംഗാളികളുടെ ഭാഷ ഇവര്‍ക്ക് വേഗം മനസിലായി. ഇതിനിടയില്‍ ബംഗാളികളില്‍ ആരുടെയോ നാടായ ബര്‍ദ്വാനിലെ സ്ഥലത്ത് നിധി കണ്ടെത്തിയതായി അറിഞ്ഞു. ഇത് സര്‍ക്കാരിന്റെ കണ്ണു വെട്ടിച്ച് വില്‍ക്കുന്നതിന് സഹോദങ്ങളുടെ സഹായം ബംഗാളികള്‍ തേടി. സ്വര്‍ണ്ണപ്പണിക്കാരനെയും കൂട്ടി സഹോദരങ്ങള്‍ മുന്‍പ് ഒരു തവണ കൊല്‍ക്കട്ടയിലെ ഗ്രാമത്തിലെത്തുകയും നിധിയുടെ മാറ്റ് പരിശോധിച്ച് ഉറപ്പാക്കുകയും ചെയ്തു. സ്വര്‍ണ്ണമാണ് നിധി എന്നുറപ്പിച്ച ശേഷം നാട്ടില്‍ ഇവര്‍ ബംഗാളിയുമായി മടങ്ങിയെത്തി. ഇടനിലക്കാരനായ ബംഗാളി ഇവര്‍ പുറപ്പെടുന്നതിനും നാല് ദിവസം മുന്‍പേ നാട്ടിലേയ്ക്ക് പോയി. പിന്നാലെ നിധി സ്വന്തമാക്കാനുള്ള പണവുമായി സഹോദങ്ങളും പോയി. നിധി നാട്ടിലെത്തിച്ച് വേര്‍തിരിച്ചെടുക്കാനായിരുന്നു പദ്ധതി- സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു
ഷാര്‍ജയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് 53കാരനായ ഇന്ത്യക്കാരന്‍ മരിച്ചു. കിംഗ് ഫൈസല്‍ റോഡിലെ കെട്ടിടത്തിലെ പത്താം നിലയില്‍ നിന്നുമാണ് ഇയാൾ താഴേക്ക് വീണത്.ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. വിവരം അറിഞ്ഞ ഉടനെ പോലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്ചയില്‍ തലയും വാരിയെല്ലുകളും തകര്‍ന്നിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവംനടക്കുമ്പോൾ കെട്ടിടത്തില്‍ ഉണ്ടായിരുന്നവരെ പോലീസ് ചോദ്യം ചെയ്യുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു.കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമെ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് അറിയാന്‍ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാളെക്കുറിച്ച് കൂടുതൽ വിവരം ലഭ്യമല്ല.