സ്വാഭാവിക മരണമെന്ന് വീട്ടുകാര്‍ പോലും വിധി എഴുതിയ കേസ് പുനലൂര്‍ പൊലീസിന്റെ അന്വേഷണ മികവില്‍ കൊലപാതകമെന്ന് തെളിഞ്ഞു. സംഭവം നടന്ന് അഞ്ചാം നാള്‍ പ്രതി പൊലീസ് പിടിയില്‍. കഴിഞ്ഞ 22നാണ് പുനലൂര്‍ മുസാവരികുന്നില്‍ അലുവാ കോളനിയില്‍ 30 വയസുള്ള റഷീദിനെ പുലര്‍ച്ചെ വീട്ടിനുള്ളിലെ കട്ടിലില്‍ അബോധാവസ്ഥയില്‍ കാണുന്നത്. വീട്ടുകാര്‍ ഉടന്‍ തന്നെ പുനലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

തുടര്‍ന്നെത്തിയ പൊലീസ് വിശദമായ അന്വേഷണം നടത്തി അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. മരിച്ച റഷീദ് ചെറുതും വലുതുമായ ഇരുപതോളം കേസുകളിലെ പ്രതി ആയിരുന്നതിനാല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. തലയ്ക്ക് ഏറ്റ മാരക പരുക്കും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് സ്ഥിരീകരണമുണ്ടായി. തുടര്‍ന്ന് അന്വേഷണവുമായി അലുവാ കോളനിയില്‍ എത്തിയ പോലീസിനോട് മരിച്ച റഷീദിന്റെ ബന്ധുക്കള്‍ പോലും സഹകരിച്ചില്ല.

മത്സ്യ വ്യാപാരിയായ റഷീദിന്റെ സുഹൃത്ത് നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് കോളനിയില്‍ തന്നെയുള്ള അമീര്‍ എന്നു വിളിക്കുന്ന അനീഷുമായി വഴക്കുണ്ടാക്കിയതായ് അറിയാന്‍ കഴിഞ്ഞത്. അനീഷ് ആശുപത്രിയിലോ സംസ്‌ക്കാര ചടങ്ങിലോ പങ്കെടുക്കാതിരുന്നത് കൂടുതല്‍ സംശയത്തിന് ഇടനല്‍കി. അനീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നുമാണ് സംഭവങ്ങള്‍ക്ക് വ്യക്തത ഉണ്ടാകുന്നത്.

സംഭവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത് ഇങ്ങനെയാണ്- മദ്യ ലഹരിയില്‍ മരണപ്പെട്ട റഷീദ് അനീഷിന്റെ ബന്ധുക്കളെ ചീത്ത വിളിച്ചു. ഇത് ചോദിക്കാനെത്തിയ അനീഷ് റഷീദുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അടിപിടി ആകുകയും ചെയ്തു. ഓടയില്‍ വീണ റഷീദിന്റെ തലയ്ക്ക് അനീഷ് കല്ലെടുത്ത് ഇടിച്ചു. പിന്നീട് വീട്ടില്‍ വന്നു കിടന്ന റഷീദ് രാവിലെ മരണപ്പെട്ട നിലയില്‍ കാണപ്പെടുകയായിരുന്നു