തൃശൂര്: ചാലക്കുടിയില് റിയല് എസ്റ്റേറ്റ് ബ്രോക്കര് രാജീവ് കൊല്ലപ്പെട്ട സംഭവത്തിന്റെ മുഖ്യ സൂത്രധാരനായ ചക്കര ജോണി രാജ്യം വിട്ടിട്ടില്ലെന്ന് സൂചന. ഇയാളുടെ പാസ്പോര്ട്ട് രേഖകള് പോലീസ് കണ്ടെടുത്തു. കൊരട്ടിയിലെ വീട്ടില് നടത്തിയ പരിശോധനയിലാണ് പാസ്പോര്ട്ട് രേഖകള് കണ്ടെത്തിയത്. ഇതോടെ ഈ പാസ്പോര്ട്ട് രേഖകള് ഉപയോഗിച്ച് ജോണി രാജ്യം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ്. അതിനിടെ കോയമ്പത്തൂര് വിമാനത്താവളം വഴി ഇയാള് രാജ്യം വിടാന് ശ്രമിച്ചേക്കുമെന്ന സൂചന പോലീസിന് ലഭിച്ചു.
റിയല് എസ്റ്റേറ്റ് ഇടപാടുകളിലെ തര്ക്കത്തെ തുടര്ന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജീവ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പരിയാരം തവളപ്പാറയിലെ ആളൊഴിഞ്ഞ വീട്ടിലാണ് രാജീവിനെ മരിച്ചനിലയില് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ചാലക്കുടി സ്വദേശിയേയും, മുരിങ്ങൂര് സ്വദേശികളായ മൂന്നു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജീവിനെ തട്ടിക്കൊണ്ട് പോകുന്നതിനടക്കം കൊട്ടേഷന്കാരെ നിയമിച്ചത് ചക്കര ജോണിയാണെന്നാണ് പോലീസ് നിഗമനം. മൂന്ന് രാജ്യങ്ങളില് വിസയുള്ള ജോണി രാജ്യം വിട്ടിരിക്കാമെന്ന് രാവിലെ റിപ്പോര്ട്ടുകള് പ്രചരിച്ചിരുന്നു.
അതിനിടെ പ്രമുഖ അഭിഭാഷകന് സി.പി ഉദയഭാനുവിനെതിരെ കൊല്ലപ്പെട്ട രാജീവിന്റെ മകന് അഖില് മൊഴി നല്കി. കൊട്ടേഷന് പിന്നില് ജോണിയാണ്. ഉദയഭാനുവിനും കൊട്ടേഷനെക്കുറിച്ച് അറിയാമായിരുന്നെന്നും അഖില് മൊഴി നല്കി. ഉദയഭാനു ഉള്പ്പെട്ട ഭൂമി ഇടപാടിന്റെ രേഖകള് അഖില് പോലീസിന് കൈമാറി. കസ്റ്റഡിയിലുള്ള പ്രതികളില് ഒരാള് ഉദയഭാനുവിന്റെ പേര് പറഞ്ഞതായും സൂചനയുണ്ട്. ഉദയഭാനുവിന്റെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പണം തിരികെ നല്കുന്നതിനെച്ചൊല്ലിയുള്ള തര്ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.