പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാറിന് കേരളത്തില്‍ നികുതി അടയ്ക്കില്ലെന്ന് നടി അമല പോള്‍. പുതുച്ചേരിയില്‍ രജിസ്റ്റര്‍ചെയ്ത ഒരുകോടി രൂപ വിലവരുന്ന ആഡംബരകാറിന്റെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് മോട്ടോര്‍വാഹന വകുപ്പ് നല്‍കിയ നോട്ടീസിനാണ് നടിയുടെ മറുപടി. സിനിമാ അഭിനയവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിക്കുന്ന ആളാണ് താന്‍, കേരളത്തില്‍ വാഹന നികുതി അടക്കാന്‍ അതിനാല്‍ ഉദ്ദേശിക്കുന്നില്ലെന്നും അമല മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചു. അഭിഭാഷകന്‍ മുഖേനയാണ് മോട്ടോര്‍വാഹന വകുപ്പിന് അമലപോള്‍ മറുപടി നല്‍കിയത്. ഇത് രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് അമലപോള്‍ മോട്ടോര്‍വാഹന വകുപ്പിന് മറുപടി നല്‍കുന്നത്.

ഒരു കോടി രൂപ വിലവരുന്ന എസ് ക്ലാസ് ബെന്‍സ് വ്യാജ മേല്‍വിലാസത്തില്‍ പുതുച്ചേരിയിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ പേരിലാണ് അമലാപോൾ  വാഹനം രജിസ്റ്റര്‍ ചെയ്തത്. പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്‌തത്‌ മൂലം 20 ലക്ഷം രൂപയുടെ നികുതിയാണ് സംസ്ഥാന സര്‍ക്കാരിന് നഷ്ടമായത്. ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് ഇന്ത്യയിലെവിടെയും സ്വത്ത് സമ്പാദിക്കാമെന്ന് നേരത്തെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലും അമലാ പോള്‍ പറഞ്ഞിരുന്നു.

അതേസമയം, പുതുച്ചേരിയില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തി നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തില്‍ നടി അമലപോളിന്റെ മറുപടി തൃപ്തികരമല്ലെന്നും നടപടി തുടരുമെന്നും മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. പുതുച്ചേരിയില്‍ വ്യാജ വാടകക്കരാറുണ്ടാക്കിയാണ് നടി വാഹനം രജിസ്റ്റര്‍ ചെയ്തതെന്നും തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും എറണാകുളം ആര്‍ടിഒ പ്രതികരിച്ചു.