യുവതിയുടെ പ്രണയബന്ധത്തെ സ്വാമി എതിർത്തതാണ് അക്രമത്തിന് വഴിവെച്ചതെന്ന് കാണിച്ച് ഗംഗേശാനന്ദയുടെ അമ്മയും രണ്ടുദിവസം മുൻപ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതേക്കുറിച്ച് വിശദ അന്വേഷണം നടത്താൻ ഐജി മനോജ് എബ്രഹാമിന് ഡിജിപി നിർദേശം നൽകി. ഇതിനുപിന്നാലെയാണ് യുവതിയുടെ അമ്മയും സഹോദരനും ചേർന്ന് ഡിജിപിക്ക് പരാതി നൽകിയത്.
മകളുടെ പ്രണയബന്ധത്തെ സ്വാമി എതിർത്തിരുന്നുവെന്ന് യുവതിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെ വൈരാഗ്യം മൂലം യുവതിയുടെ കാമുകനാണ് ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത്. സ്വാമി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. സംഭവത്തിനുശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്കാണ് അവള്‍ ഓടിക്കയറിയത്. പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ച തങ്ങളോട്, സ്വാമി മകളെ മാനഭംഗപ്പെടുത്തിയെന്നും 40 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും മൊഴി നൽകണമെന്നും ആവശ്യപ്പെട്ടു. പ്രണയം അവസാനിപ്പിക്കണമെന്നു മകളോടു സ്വാമി ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള വിരോധത്തിലാണു സ്വാമിയെ ആക്രമിച്ചതെന്നും അമ്മയുടെ പരാതിയിൽ പറയുന്നു.
അതേസമയം, സംഭവം നടക്കുന്ന സമയത്ത് കാമുകൻ സ്ഥലത്തില്ലായിരുന്നെന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. യുവതിയോട് ഗംഗേശാനന്ദ മോശമായി പെരുമാറിയിരുന്ന കാര്യം അമ്മയ്ക്ക് അറിയാമായിരുന്നെന്നും അന്വേഷണ സംഘത്തിന് ബോധ്യമായി. ഈ സാഹചര്യത്തിൽ സ്വാമിയെ രക്ഷിക്കാൻ യുവതിയുടെ അമ്മ നടത്തുന്ന ബോധപൂർവ്വമായ നീക്കമാണ് നിലവിലെ പരാതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
വർഷങ്ങളായി തുടരുന്ന ലൈംഗിക പീഡനം തടയാൻ പെൺകുട്ടി അൻപത്തിനാലുകാരനായ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു കേസുമായി ബന്ധപ്പെട്ട ആദ്യ വെളിപ്പെടുത്തൽ. തുടർന്ന് കോലഞ്ചേരി സ്വദേശി ശ്രീഹരി എന്ന ഗംഗേശാനന്ദ തീർഥപാദ സ്വാമിയെ (54) മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. എന്നാൽ, താൻ സ്വയം മുറിച്ചതാണെന്നാണ് ഗംഗേശാനന്ദ ആദ്യം ഡോക്ടർമാരെ അറിയിച്ചത്. പീഡനം, പോക്സോ ആക്ട് എന്നിവപ്രകാരം കേസെടുത്തതിനെ തുടർന്നു പേട്ട പൊലീസ് ശ്രീഹരിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മ, ജി.സുധാകരൻ, ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ തുടങ്ങിയ പ്രമുഖർ പെൺകുട്ടിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
സംഭവത്തെക്കുറിച്ച് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നേരത്തെ നൽകിയ വിശദീകരണമിങ്ങനെ: പെൺകുട്ടിയുടെ വീട്ടിൽ പൂജയെന്ന പേരിൽ എത്തിയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി ഇതിനു ശ്രമിച്ചതോടെ പെൺകുട്ടി എതിർത്തു. കൊന്നുകളയുമെന്നു ഭീഷണി മുഴക്കിയ സ്വാമി മർദിച്ചു. തുടർന്നായിരുന്നു പെൺകുട്ടി കത്തികൊണ്ടു ജനനേന്ദ്രിയം മുറിച്ചത്. വീട്ടിൽ നിന്ന് ഇറങ്ങിയോടിയ പെൺകുട്ടി, പട്രോളിങ് നടത്തിയ പൊലീസ് സംഘത്തെ വിവരമറിയിച്ചു. പൊലീസാണു ശ്രീഹരിയെ ആശുപത്രിയിലെത്തിച്ചത്.
ഇപ്പോൾ 23 വയസ്സുള്ള പെൺകുട്ടിയെ 14 വയസ്സു മുതൽ ഇയാൾ പീഡിപ്പിച്ചിരുന്നതായാണു മൊഴി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. വനിതാ മജിസ്ട്രേട്ടിനു മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്തി. വീട്ടിൽ പരിശോധന നടത്തിയ പൊലീസ് കത്തി കണ്ടെടുത്തു.