മണമ്പൂർ സുരേഷ്
ജര്‍മ്മനിയിലേക്ക് പോസ്റ്റ് ഗ്രാജുവേഷനും, ഗവേഷണവും ചെയ്യാന്‍ പോകുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് ? അതിനുള്ള ചെലവെന്താണ്? യോഗ്യത എന്താണ് ? ഭാഷാപരമായ പ്രശ്നങ്ങള്‍ എന്തൊക്കെയാണ് ?
പഠിച്ചവരും പഠിക്കുന്നവരുമായ മൂന്നു പേര്‍ അവരുടെ അനുഭവം Planet Search with MS എന്ന യു ട്യൂബ് ചാനലിനോട് വിവരിക്കുന്നു. ഇതില്‍ ഒരാള്‍ അവിടെ നിന്നും PhD എടുത്തു. മറ്റുരണ്ടു പേര്‍ അവിടെ ഇപ്പോള്‍ PhD ചെയ്യുന്നു. അതില്‍ ഒരാള്‍ ജര്‍മ്മനിയിലേക്ക് പോസ്റ്റ് ഗ്രാജുവേഷനും ചെയ്തയാളാണ്.
ജര്‍മനിയിലെ ഫ്രാങ്ക് ഫര്‍ട്ടിനടുത്തുള്ള ജസ്ടസ് ലീബിക് യൂനിവേഴ്സിറ്റിയില്‍ പോയി നേരിട്ട് രേക്കോര്‍ടു ചെയ്തതാണിത്. Planet Search with MS ന്റെ പുതിയ എപിസോട് ഇതിലേക്ക് വെളിച്ചം പരത്തുകയാണ്. രണ്ടാം ഭാഗം ഡിഗ്രി കോഴ്സിനു ജര്‍മ്മനിയില്‍ പോകുന്നതിനെക്കുറിച്ചാണ്.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോഷ്യേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 8000 ഒഴിവുകളാണുള്ളത്. കേരള സർക്കിൾ/ സെന്ററിൽ 400 ഒഴിവുകളുണ്ട്. ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 26.
ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവുകളിലേയ്ക്കു മാത്രം അപേക്ഷിക്കുക. ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക/ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസിലാക്കാനും) ഉണ്ടായിരിക്കണം.
ശമ്പളം: 11765–31450 രൂപ.
വിദ്യാഭ്യാസ യോഗ്യത (2020 ജനുവരി ഒന്നിന്): ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം.
പ്രായം: 2020 ജനുവരി ഒന്നിന് 20 – 28. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വികലാംഗർക്ക് 10 വർഷവും (പട്ടികവിഭാഗം– 15, ഒബിസി –13) ഇളവ് ലഭിക്കും. വിമുക്‌തഭടൻമാർക്കും മറ്റും ഇളവുണ്ട്.
തിരഞ്ഞെടുപ്പ്: പ്രിലിമിനറി, മെയിൻ പരീക്ഷകളുണ്ടാകും. ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രിലിമിനറി ഓൺലൈൻ പരീക്ഷയിൽ (ഫെബ്രുവരി/മാർച്ച്) ഇംഗ്ലിഷ് ലാംഗ്വേജ്, ന്യൂമെറിക്കൽ എബിലിറ്റി, റീസനിങ് എബിലിറ്റി എന്നീ വിഭാഗങ്ങളിൽ നിന്നുള്ള 100 ഒബ്‌ജെക്‌ടീവ് ചോദ്യങ്ങളാണ്.
പ്രിലിമിനറി പരീക്ഷയ്‌ക്കു ശേഷം ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവർക്കു മെയിൻ പരീക്ഷ നടത്തും. ഒബ്‌ജെക്‌ടീവ് മാതൃകയിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്നതാണ് ഓൺലൈൻ വഴിയുള്ള മെയിൻ പരീക്ഷ. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക.
പ്രാദേശിക ഭാഷാപരിജ്ഞാനം പരിശോധിക്കാൻ ലാംഗ്വേജ് ടെസ്റ്റും നടത്തും. പത്താം ക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് തലം വരെ പ്രാദേശികഭാഷ (മാർക്ക് ഷീറ്റ് / സർട്ടിഫിക്കറ്റ്) പഠിച്ചുവെന്നു കാണിക്കുന്ന രേഖ ഹാജരാക്കുന്നവർക്ക് ഇതു ബാധകമല്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറു മാസം പ്രൊബേഷനുണ്ടാകും.
കേരളത്തിൽ (സ്‌റ്റേറ്റ് കോഡ്: 25) കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, കണ്ണൂർ, പാലക്കാട്, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. ലക്ഷദ്വീപിൽ കവരത്തിയിലാണ് പരീക്ഷാകേന്ദ്രം.
സംവരണാനുകൂല്യമുള്ളവർ അഭിമുഖത്തിനു ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. പട്ടികവിഭാഗം, വികലാംഗർ, വിമുക്‌തഭടൻ, ഒബിസി എന്നിവരുടെ ഇളവുകൾ സംബന്ധിച്ച വ്യവസ്‌ഥകൾ വിജ്‌ഞാപനത്തിലുണ്ട്. കാഴ്‌ചക്കുറവുള്ളവർക്കു വ്യവസ്‌ഥകൾക്കു വിധേയമായി പരീക്ഷയെഴുതാൻ സഹായിയെ നിയോഗിക്കാം.
പട്ടികജാതി/വർഗം/ന്യൂനപക്ഷ സമുദായാംഗങ്ങൾക്ക് പ്രീ–എക്‌സാമിനേഷൻ ട്രെയിനിങ്ങിന് സൗകര്യമുണ്ട്. കേരളത്തിൽ തിരുവനന്തപുരത്താണ് പ്രീ–എക്‌സാമിനേഷൻ ട്രെയിനിങ്ങുള്ളത്.
അപേക്ഷാ ഫീസ്: 750 രൂപ. പട്ടികവിഭാഗം, വിമുക്തഭടൻ, വികലാംഗർക്ക് ഫീസില്ല. ഓൺലൈൻ രീതിയിലൂടെ ഫീസ് അടയ്‌ക്കണം. ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് മുഖേന ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും. ഫീസ് അടയ്‌ക്കുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ളതു കാണുക.
അപേക്ഷിക്കേണ്ട വിധം: www.bank.sbi, www.sbi.co.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഓൺലൈൻ അപേക്ഷ അയയ്‌ക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.
അപേക്ഷിക്കുന്നതിനു മുൻപു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്‌ഞാപനത്തിലെ നിർദേശങ്ങളും വ്യവസ്‌ഥകളും വായിച്ചു മനസിലാക്കണം.
വാഷിംഗ്ടൺ: ഭൂമിയോട് സാമ്യമുള്ള മറ്റൊരു ഗ്രഹത്തെ കണ്ടെത്തിയതായി നാസ. ‘ടിഒഐ 700 ഡി’ എന്ന് പേരിട്ടിട്ടുള്ള ഈ ഗ്രഹം ഭൂമിയിൽനിന്ന് 100 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഭൂമിയുടേതിനു സമാന വലിപ്പവും താപനിലയുമുള്ള ഗ്രഹമാണ് ഇതെന്നും നാസ അറിയിച്ചു.
ഹവായിയിൽ യുഎസ് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ വാർഷിക യോഗത്തിലാണ് നാസയുടെ പ്രഖ്യാപനം. ജലത്തിന് ദ്രവരൂപത്തില്‍ തുടരാനാകുന്ന താപനിലയാണ് ഗ്രഹത്തിലുള്ളതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ഭൂമിയോട് സാമ്യമുള്ള ഗ്രഹങ്ങളെ നേരത്തേയും നാസ കണ്ടെത്തിയിട്ടുണ്ട്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ന്യൂഡൽഹി : ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ഇന്ത്യൻ ഗവൺമെന്റിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ബ്ലോക്ക് ചെയിൻ പരിശീലനം നൽകുന്നു. ഇന്ത്യയിലെ വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ പവർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (എൻപിടിഐ) ആണ് രാജ്യത്തെ പല നഗരങ്ങളിൽ ബ്ലോക്ക് ചെയിൻ പരിശീലനം നൽകുന്നത്. ” ബ്ലോക്ക് ചെയിൻ ടെക്നോളജി ” എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി 2020 ജനുവരി 6 മുതൽ 10 വരെ നംഗലിലും, ഫെബ്രുവരി 17 മുതൽ 21 വരെ ന്യൂഡൽഹിയിലും, മാർച്ച് 16 മുതൽ 20 വരെ മധ്യപ്രദേശിലെ ശിവപുരിയിലും നടത്തപ്പെടും. എൻപിടിഐ ഇതിനകം ഫരീദാബാദിൽ രണ്ടു ദിവസത്തെ വർക്ക് ഷോപ്പുകളും കഴിഞ്ഞ വർഷം ദുർഗാപൂരിൽ അഞ്ചു ദിവസത്തെ ബ്ലോക്ക്ചെയിൻ ടെക്നോളജി പ്രോഗ്രാമും നടത്തിയിട്ടുണ്ട്.
ബ്ലോക്ക്‌ചെയിൻ ടെക്നോളജിയുടെ വർധിച്ചു വരുന്ന പ്രാധാന്യവും വിവിധ മേഖലകളിലെ അതിന്റെ സാധ്യതയും കണക്കിലെടുത്ത് അഞ്ചു ദിവസത്തെ പരിശീലന പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും വ്യവസായ മേഖലയിലെ വിദഗ്ധർ വിവിധ സെഷനുകൾ നയിക്കുമെന്നും എൻപിടിഐ അറിയിച്ചു. അഞ്ച് ദിവസത്തെ പരിപാടിയിൽ 14 സെഷനുകൾ, ഒരു ലാബ്, ഹാൻഡ്സ് ഓൺ പരീക്ഷണങ്ങൾ, തുറന്ന ചർച്ച എന്നിവ ഉൾപ്പെടുന്നു. ബ്ലോക്ക്ചെയിൻ, അതിന്റെ ഉപയോഗങ്ങൾ, സ്മാർട്ട് കരാറുകൾ, ലെഡ്ജറുകൾ, ഈതീരീയം ഫ്രെയിംവർക്ക്, ക്രിപ്റ്റോകറൻസിയുടെ ആശയങ്ങളും പ്രയോഗങ്ങളും, ക്രിപ്റ്റോയുടെയും ബ്ലോക്ക്ചെയിന്റെയും സംയോജനം, ബിറ്റ്കോയിൻ, ഖനനം വിഷയങ്ങളിലാണ് പങ്കെടുക്കുന്നവർ പഠനം നടത്തുക. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (എ ഐ സി ടി ഇ ട്രെയിനിംഗ് ആന്റ് ലേണിംഗ് (എടിഎൽ) അക്കാദമി സ്പോൺസർ ചെയ്യുന്ന ബ്ലോക്ക്ചെയിൻ പ്രോഗ്രാമിൽ രജിസ്ട്രേഷൻ സൗജന്യമാണ്. ഒപ്പം ഓരോ കോഴ്സിനും 50 പേർക്ക് വരെ പങ്കെടുക്കാം.
ഇന്ത്യയിലുടനീളം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന ക്രിപ്റ്റോ, ബ്ലോക്ക്ചെയിനുമായി ബന്ധപ്പെട്ട നിരവധി കോഴ്സുകൾ ഉണ്ട്.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) പുതുച്ചേരി ” ബ്ലോക്ക്‌ചെയിൻ ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ് യൂസിങ് ഹൈപ്പർലെഡ്ജർ ആൻഡ് എതെറിയം” എന്ന വിഷയത്തിൽ 2019 ഡിസംബർ 27 മുതൽ 31 വരെ അഞ്ച് ദിവസത്തെ ദേശീയ വർക്ക്‌ഷോപ്പ് നടന്നിരുന്നു. ഈ വർക്ക്‌ഷോപ്പിൽ ഉൾപ്പെടുത്തിയിരുന്ന വിഷയങ്ങളിൽ ക്രിപ്‌റ്റോകറൻസികളും എക്‌സ്‌ചേഞ്ചുകളും ഉൾപ്പെടുന്നു. ജെഎൻടി യൂണിവേഴ്സിറ്റി, മോത്തിലാൽ നെഹ്‌റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, യൂണിവേഴ്സിറ്റി വിശ്വേശ്വരായ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ബാംഗ്ലൂർ യൂണിവേഴ്സിറ്റി എന്നിവയാണ് ഇന്ത്യയിൽ ബ്ലോക്ക്ചെയിൻ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
അനന്തു രാജ്
പ്രശസ്ത ഭൗതികശാസ്ത്രജ്ഞനായ കാൾ സേഗന്റെ പുസ്തകത്തിൽ നിന്നുള്ള ഈ ഭാഗം വോയേജെർ വൺ എന്ന ശൂന്യാകാശവാഹനം അദ്ദേഹതിന്റെ നിർദ്ദേശപ്രകാരം എടുത്ത ഭൂമിയുടെ ഒരു ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെഴുതിയതാണ്. സൗരയുഥത്തിന്റെ വരമ്പത്ത് നിന്നുകൊണ്ട് ആ ബഹിരാകാശവാഹനം ഭൂമിയെ ഒന്നു തിരിഞ്ഞുനോക്കി. ആ നോട്ടത്തിൽ പകർത്തിയ ചിത്രത്തിൽ ഭൂമി സാധാരണപോലെ മാസ്മരിക കാഴ്ച്ചയൊന്നും സമ്മാനിച്ചില്ല. മറിച്ച് നമ്മുടെ ലോകം ഒരു സൂക്ഷ്മമായ നീലപ്പൊട്ടായിട്ടാണ് ഒതുങ്ങിയത്. മനുഷ്യർ എല്ലായ്പ്പോഴും യാത്രകളെയും, അലച്ചിലുകളെയും, പറക്കലിനെയും സ്വാതന്ത്ര്യത്തിന്റെ ആവിഷ്ക്കരണങ്ങളായിട്ടാണ് കണ്ടിട്ടുള്ളത്. ആ അളവുകോൽ വച്ച് അളക്കുമ്പോൾ വോയേജെർ വൺ എന്ന നാടോടി എല്ലാ അതിരുകളും കടന്ന് കുതിക്കുകയാണ്. ഈ കാഴ്ചപ്പാടിൽ പ്രപഞ്ചത്തിലെ മനുഷ്യനിർമ്മിതമായ വസ്തുക്കളിൽ ഏറ്റവും സ്വതന്ത്രം ഭൂമിയിൽ നിന്ന് 2171 കോടി കിലോമീറ്റർ അകലെയുള്ള വോയേജെർ വൺ തന്നെയാണ്.
ഈ വിദൂരതയിൽനിന്ന് നോക്കുമ്പോൾ, ഭൂമി ഒരു അരോചകമായ കാഴ്ച്ചയായി തോന്നിയേക്കാം. പക്ഷേ നമുക്കത് എല്ലാമാണ്. ആ പൊട്ട് ഒന്നൂടെ നോക്കിയാൽ, അതാണ് ഇവിടം, അതാണ് വീട്, അതാണ് നമ്മൾ. അതിൽ നിങ്ങൾ സ്നേഹിക്കുന്ന എല്ലാവരും, നിങ്ങൾക്ക് അറിയാവുന്ന എല്ലാവരും, നിങ്ങളിതുവരെ കേട്ടിട്ടുള്ള എല്ലാവരും, ഇതുവരെ ഉണ്ടായിരുന്ന എല്ലാ മനുഷ്യരും, അവരുടെ ജീവിതകാലം മുഴുവൻ ജീവിച്ചു തീർത്തു. നമ്മുടെ സന്തോഷത്തിന്റെയും കഷ്ടപ്പാടുകളുടേയും സമാഹാരം, ആയിരക്കണക്കിന് ആത്മവിശ്വാസത്തോടെയുള്ള മതവിശ്വാസങ്ങൾ, പ്രത്യയശാസ്ത്രങ്ങളും സാമ്പത്തിക സിദ്ധാന്തങ്ങളും, ഓരോ വേട്ടക്കാരനും ഇരയും, ഓരോ നായകനും ഭീരുവും, നാഗരികതയുടെ ഓരോ സ്രഷ്ടാവും വിനാശകനും, ഓരോ രാജാവും ഊരുപൊട്ടനും, പ്രണയത്തിൽ മുഴുകിയ ഓരോ കാമുകീകാമുകന്മാരും, ഓരോ മാതാപിതാക്കന്മാരും, ഓരോ പ്രത്യാശയുള്ള കുട്ടിയും, കണ്ടുപിടിത്തക്കാരനും ദേശപരിവേഷകനും, ധാർമികതയുടെ ഓരോ അധ്യാപകനും, ഓരോ ദുഷിച്ച രാഷ്ട്രീയക്കാരനും, ഓരോ “സൂപ്പർസ്റ്റാറും”, ഓരോ “സര്‍വ്വാധിപതിയും”, നമ്മുടെ വംശത്തിന്റെ ചരിത്രത്തിലെ ഓരോ വിശുദ്ധനും പാപിയും അവിടെ ജീവിച്ചു —— ഒരു സൂര്യകിരണത്തിൽ ആഴ്ന്ന പൊടിപടലത്തിന്റെ ഒരു കരടിൽ.
പ്രപഞ്ചമെന്ന ബഹുലമായ അരങ്ങിലെ തീരെചെറിയ ഒരു വേദിയാണ് ഭൂമി. ഒരു പൊട്ടിന്റെ കഷണത്തിന്റെ നൈമിഷികമായ അധിപന്മാരാകാൻ, ആ മഹത്വത്തിനും വിജയത്തിനും വേണ്ടി, സൈനികമേധാവികളും ചക്രവർത്തിമാരും സൃഷ്ടിക്കുന്ന രക്തം ചൊരിയുന്ന നദികളെക്കുറിച്ച് ചിന്തിക്കുക. ഈ കരടിലെ ഒരു കോണിലെ നിവാസികൾ മറ്റേതോ കോണിലെ കഷ്ടിച്ച് വേർതിരിച്ചറിയാൻ കഴിയുന്ന മറ്റു നിവാസികളോട് ചെയ്യുന്ന അനന്തമായ ക്രൂരതകൾ, എത്ര നിരന്തരമാണ് അവരുടെ തെറ്റിദ്ധാരണകൾ, എത്ര വ്യഗ്രതയോടാണവർ പരസ്പരം കൊല്ലുന്നത്, അവരുടെ വിദ്വേഷം എത്ര ഗാഢമാണ്.
നമ്മുടെ മനഃസ്ഥിതികൾ, നമ്മുടെ സാങ്കല്പികമായ അഹംഭാവം, പ്രപഞ്ചത്തിൽ ചില വിശേഷാധികാരമുള്ള പദവികൾ നമുക്കുണ്ട് എന്ന മിഥ്യ, ഇളം വെളിച്ചത്തിന്റെ ഈ പൊട്ടിൽ അവയെല്ലാം വെല്ലുവിളിക്കപ്പെടുന്നു. എങ്ങും വ്യാപിച്ചുകിടക്കുന്ന പ്രാപഞ്ചികമായ അന്ധകാരം എന്ന അപാരതയിൽ ഏകാകിയാണ് നമ്മുടെ ഭൂമി. നമ്മുടെ അന്ധതയിൽ, അതിന്റെ സർവ്വ വിശാലതയിൽ, നമ്മളെ നമ്മളിൽനിന്ന് തന്നെ രക്ഷപെടുത്താൻ മറ്റൊരിടത്തുനിന്നും സഹായം ലഭിക്കുമെന്ന് യാതൊരു സൂചനയുമില്ല.
ജീവൻ നിലനിർത്താനുള്ള കെൽപ്പ് ഇതുവരെ പ്രകടമാക്കിയിട്ടുള്ള ഏക ലോകമാണ് ഭൂമി. നമ്മുടെ ജീവിവർഗ്ഗങ്ങൾക്ക് സമീപ ഭാവിയിൽ കുടിയേറാൻ കഴിയുന്ന ഒരിടവും തല്‍ക്കാലം ഇല്ല. സന്ദർശിക്കാൻ ആണേൽ, അതെ. സ്ഥിരതാമസമാക്കാൻ ആണേൽ ഇതുവരെ ഇല്ല. ഇഷ്‌ടപ്പെട്ടാലും ഇല്ലേലും ഈ നിമിഷത്തിൽ നമ്മുടെ നിലനിൽപ്പ് എന്നത് ഭൂമിയാണ്, ഭൂമി മാത്രമാണ്. ജ്യോതിശാസ്ത്രം എളിമപ്പെടുത്തുന്നതും വ്യക്തിത്വം ഉളവാക്കുന്നതുമായ ഒരു അനുഭവമാണെന്ന് പറയാറുണ്ട്. ഒരു പക്ഷെ മനുഷ്യന്റെ വക്രതയുടെ ഭോഷത്തിനെ തുറന്ന് കാട്ടാൻ നമ്മുടെ ചെറിയ ലോകത്തിന്റെ ഈ വിദൂര ചിത്രത്തേക്കാൾ ഒരു ഉത്തമ ഉദാഹരണം കാണില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇത് നമ്മുടെ ഉത്തരവാദിത്വങ്ങളെ അടിവരയിടുന്നു, പരസ്പരം കൂടുതൽ അനുകമ്പയോടെ കൂടി ഇടപെടാനും, ആ നീലപ്പൊട്ടിനെ പരിപാലിക്കാനും പരിപോഷിപ്പിക്കാനും നമ്മൾ ബാധ്യസ്ഥരാണ് എന്ന സാക്ഷാത്‌കാരം. നമുക്കറിയാവുന്ന ഒരേയൊരു വീട് – ‘നീലപ്പൊട്ട്.’
നീലപ്പൊട്ടിനെ പറ്റിയുള്ള കാൾ സേഗന്റെ ഈ വിവരണം ഇരുപതാം നൂറ്റാണ്ടിലെ മാത്രമല്ല, മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും പ്രാമുഖ്യം അർഹിക്കുന്ന രേഖകളിൽ ഒന്നാണ്. മനുഷ്യവർഗ്ഗം കാലഹരണപ്പെട്ടാലും നമ്മൾ ഒരിക്കൽ നിലനിന്നിരുന്നതിന്റെ അവസാന അടയാളമായി വോയേജെർ വൺ ഏകാന്തതയുടെ ആഴക്കയങ്ങളിൽ എന്നും വിഹരിക്കുന്നുണ്ടാവും.
അനന്തു രാജ്. തിരുവല്ല, കാവുംഭാഗം സ്വദേശി.കോളേജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരത്തു നിന്നും ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ വിഷയത്തിൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്.ഇപ്പോൾ തിരുവല്ല,മാർത്തോമ കോളേജിൽ ബി.എസ്.സി. ഫിസിക്സ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്.
അബി എ
ഇന്ന് പല യുകെ യൂണിവേഴ്സിറ്റികളും സാമ്പത്തികമായി പ്രതിസന്ധിയിലാണ് . ഇതിനു പരിഹാരമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് സർവകലാശാല അധ്യാപകരുടെ സ്ഥാനത്തേക്ക് നിർമ്മിത ബുദ്ധി കൊണ്ട് വരിക എന്നുള്ളത്.
നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ട് പകരം വയ്ക്കാവുന്ന ജോലികളുടെ പട്ടിക എടുത്തു കഴിഞ്ഞാൽ അപൂർവമായി മാത്രമാണ് അധ്യാപനം ഉൾപ്പെടുന്നത്. അതിനു കാരണം അധ്യാപനം എന്നത് സർഗ്ഗാത്മകമായ ഒരു പ്രവർത്തിയാണ്, അത് കമ്പ്യൂട്ടറിന് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. ക്ലിക്ക്സ്ട്രീം, ഐട്രാക്കിങ്, അതുപോലെ ഇമോഷൻ ഡിറ്റക്ഷൻ പോലുള്ള ഓൺലൈൻ കോഴ്സിൽ നിന്നും സ്വീകരിച്ചു കൊണ്ടിരിക്കുന്ന വിവരങ്ങൾ വച്ച് നോക്കുകയാണെങ്കിൽ ഭാവിയിൽ നിർമ്മിത ബുദ്ധി അധ്യാപകർ എന്ന് പറയുന്നത് സാധാരണമായി മാറും എന്നുള്ളതാണ്.
വൈറ്റ്ബോർഡിനു മുന്നിൽ നിന്നും കൊണ്ട് ക്ലാസ്സെടുക്കുന്ന റോബോ ലെക്ചർസ്നെ മറന്നേക്കുക. വരാൻപോകുന്ന നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള അധ്യാപനം എന്ന് പറയുന്നത് ഓൺലൈൻ വഴിയാണ് അതായത് 24*7 നും ലഭിക്കുന്ന വെർച്വ ൽ ക്ലാസ് റൂം വഴി. നിർമ്മിത ബുദ്ധി മെഷീനുകൾ പഠിപ്പിക്കുന്നത് വിദ്യാർഥികളുടെ പെരുമാറ്റത്തിലെ സങ്കീർണമായ പാറ്റേണുകൾ ഗ്രഹിച്ചുകൊണ്ടാണ് . അതായത് നിങ്ങൾ എന്ത് ക്ലിക്ക് ചെയ്യുന്നു, എത്രനേരം കാണുന്നു, എന്തൊക്കെ തെറ്റുകൾ വരുത്തുന്നു, ഏത് ദിവസമാണ് നിങ്ങൾ ഏറ്റവും നന്നായി പ്രവർത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും പഠനം മുന്നോട്ട് പോകുന്നത് . പിന്നീട് ഈ കാര്യങ്ങൾ വിദ്യാർഥികളുടെ വിജയവുമായി ബന്ധപ്പെടുത്തുന്നു. വിദ്യാർത്ഥികളുടെ പരീക്ഷകളുടെ മാർക്ക്, അവരുടെ സംതൃപ്തി, അവരുടെ തൊഴിൽക്ഷമത തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഈ വിജയത്തിനെ അളക്കുന്നു. നിർമിതബുദ്ധി ഉപയോഗിച്ചുള്ള അധ്യാപനത്തിൽ വ്യക്തിഗത പഠന പദ്ധതികളും ഉൾപ്പെടുത്തിയിരിക്കുന്നു. അതിലൂടെ ഓരോ വിദ്യാർത്ഥികളുടെയും പഠന നിലവാരത്തെ ഒപ്ടിമൈസ് ചെയ്യുന്നു.
വിദ്യാർഥികൾ എപ്പോഴാണ് ലക്ചർ കേൾക്കുന്നത് ബ്രേക്ക്ഫാസ്റ്റ് ടൈമിൽ ആണോ അതോ വൈകുന്നേരങ്ങളിൽ ആണോ, ഒരു ആശയം മനസ്സിലാക്കാൻ അവർക്ക് എന്ത് മാത്രം തയ്യാറെടുപ്പുകൾ വേണം, ഇതുപോലെയുള്ള കുറേ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ വിദ്യാർഥികൾക്കും അവർക്ക് അനുയോജ്യമായ പഠന പദ്ധതികൾ രൂപീകരിക്കുന്നത്.
അതിനാൽ കരിക്കുലംസും ലെക്‌ചേഴ്‌സും രൂപീകരിക്കാൻ മനുഷ്യരുടെ ഒരു സ്കെൽട്ടൻ ക്രൂസ് തന്നെ വേണ്ടിവരും ബാക്കിയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് നിർമ്മിത ബുദ്ധി ട്യൂട്ടർ ആണ്. എന്നാൽ നിർമ്മിത ബുദ്ധി മേഖല അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അത്രത്തോളം ഉയർന്നിട്ടില്ല. അതിനാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തി നമുക്ക് ഇപ്പോൾ ചെയ്യാൻ സാധിക്കുന്നത് മനുഷ്യരായ അധ്യാപകർക്ക് ക്ലാസ്സ് റൂമിൽ നിർമ്മിത ബുദ്ധിയുടെ സേവനം നൽകുക എന്നുള്ളതാണ്. ഇടയ്ക്ക് യുകെ കമ്പനി സെഞ്ച്വറി ടെക്, ഫ്ലെമിഷ് റീജിയണൽ ഗവൺമെന്റ് മായി പങ്കുചേർന്നു ബെൽജിയം മേഖലയിലെ സ്കൂളുകളിൽ നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള സഹായങ്ങൾ കൊണ്ടുവരികയാണ്.
ഇതുവരെയുള്ള സാഹചര്യം എടുത്തുകഴിഞ്ഞാൽ അധ്യാപനം മൊത്തമായി മെഷീനുകൾ ഏറ്റെടുക്കുമ്പോൾ ഉള്ള പ്രശ്നം എന്തെന്നാൽ, നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള ട്രെയിനിങ്ങിനായി ഒരുപാട് ഡേറ്റാവേണ്ടിവരുന്നു, അത് ഉപയോഗിച്ചാണ് പിന്നീട് പാറ്റേൺസ് കണ്ടുപിടിക്കുന്നത്. പക്ഷേ ഇന്ന് വിദ്യാർത്ഥികളുടെ പെരുമാറ്റവും ആയി ബന്ധപ്പെട്ട ഒരുപാട് ഡേറ്റാ ലഭ്യമാണ്. അതിനു നന്ദി പറയേണ്ടത്, MOCCs(Massive Online Open Course ) നേരത്തെ മുതൽ പിന്തുടരുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളോട് ആണ്.
പക്ഷേ എന്തുകൊണ്ട് ക്രിയേറ്റീവ് ആയിട്ടുള്ള അധ്യാപകർക്ക് പകരമായി മെഷീനുകൾ കൊണ്ടുവരുന്നു ?
വെട്ടിക്കുറച്ച ട്യൂഷൻ വരുമാനവും പുതിയ അധ്യാപന സമുച്ചയങ്ങളുടെ കണ്ണു നിറയ്ക്കുന്ന പണയതുകയും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് നിർമ്മിത ബുദ്ധി ഒരുപരിധിവരെ സാമ്പത്തിക നേട്ടം നൽകുന്നു. എങ്ങനെയെന്നാൽ നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഉറക്കം വരാത്ത, സമരത്തിന് പോകാത്ത, നിമിഷങ്ങൾക്കുള്ളിൽ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്താൻ കഴിയുന്ന അദ്ധ്യാപനം കുറഞ്ഞ ചിലവിൽ നൽകാൻ സാധിക്കുന്നു.
എന്നാൽ അധ്യാപനം എന്ന് പറയുന്നത്, സർഗാത്മകമായതും, ഉൾക്കാഴ്ചയുള്ളതും, സഹകരണം ഉള്ളതും, ആത്മാവ്സമ്പുഷ്ടം ആക്കുന്നതുമായ ഒരു മനുഷ്യ പ്രവർത്തനമാണ്. എന്നാൽ പല സർവകലാശാലകളും മനപ്പൂർവ്വമല്ലാതെ തന്നെ അതിന്റെ തകർച്ചയ്ക്കും കൂട്ടുചേർന്നു. നൂറുകണക്കിന് വിദ്യാർഥികൾക്ക് ക്ലാസ് എടുക്കുകയും, ടീമിനെ നയിക്കുകയും, അതുപോലെ ഫണ്ടിംഗ് പിന്തുടരുകയും പോലുള്ള കാര്യങ്ങൾ ഒരുപോലെ ചെയ്യണമെന്നുണ്ടെങ്കിൽ അധ്യാപനം നന്നായി ചിട്ടപ്പെടുത്തിയതും കാര്യക്ഷമവും ആയിരിക്കണം. ഒരിക്കൽ പരീക്ഷണത്തിനായി കുറെ പ്രഭാഷണ വീഡിയോ ചിത്രീകരിച്ചു, അതിന്റെ കോഴ്സ് ഡെലിവറി റോബോട്ടിലേയ്ക്ക് കൈമാറി. അതേ സമയം ഒരുപാട് സർവ്വകലാശാല വിദ്യാർത്ഥികൾ, വളരെ പ്രയാസപ്പെട്ടാണ് ഒരു അധ്യാപകനെ കാണുന്നത്. വിശാലമായ ഓഡിറ്റോറിയത്തിന്റെ മുമ്പിലെ, താഴെ ഏതെങ്കിലും ഭാഗത്തായിരിക്കും സാധാരണയായി ഒരു അധ്യാപകനെ കാണുന്നത്, പക്ഷെ മിക്കവാറും അവർ പറയുന്നത് കേൾക്കാൻ ആകില്ല, മാത്രമല്ല പവർ പോയിന്റ് സ്ലൈഡുകളിലേയ്ക്ക് അവ്യക്തമായി ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള പ്രഭാഷണം ആയിരിക്കും പല സമയങ്ങളിലും നടക്കുന്നത്.
സർവ്വകലാശാലകളും, അധ്യാപകരും, വിദ്യാർത്ഥികളും തിരിച്ചറിയുകയും പങ്കുവെക്കുകയും ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ നിർമിതബുദ്ധിയുടെ സ്ഥാനത്ത് അധ്യാപകർക്കുള്ള പ്രാധാന്യമാണ്.
ഡോക്ടേഴ്സിൻെറ സ്ഥാനത്തേക്ക് മെഷിനെ മാറ്റി സ്ഥാപിക്കാം എങ്കിൽ എന്തുകൊണ്ട് അധ്യാപകരുടെ കാര്യത്തിൽ പറ്റില്ല? ഇത് ചിന്തനീയമാണ്.
അബി എ
പത്തനംതിട്ട ജില്ലയിലെ കൂടൽ സ്വദേശിയാണ്. 2018 ലെ കേരള സർവകലാശാല ബിഎസ്ഇ കമ്പ്യൂട്ടർ സയൻസ് ബിരുദ പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവും ഇപ്പോൾ മാർ അത്താനാസിയോസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് തിരുവല്ലയിൽ എം സി എ ഡിപ്പാർട്മെന്റിൽ മൂന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയും ആണ്.
മിന്റാ സോണി
ഇന്റർവ്യൂവിനെ എങ്ങനെ അഭിമുഖീകരിക്കും?. ഇത് ഇന്ന് പല ഉദ്യോഗാർത്ഥികളെയും വലയ്ക്കുന്ന ഒരു ചോദ്യമാണ്. തയാറെടുപ്പ്, പരിശീലനം, അവതരണം എന്നീ മൂന്ന് ഘടകങ്ങളാണ് ഇന്‍റര്‍വ്യൂവില്‍ വിജയിക്കാനുള്ള രഹസ്യം. ഒരാളുടെ കഴിവുകള്‍ മനസ്സിലാക്കാനും ജോലിയില്‍ എത്രത്തോളം ശോഭിക്കാനാകുമെന്ന് വിലയിരുത്താനുമാണ് ഇന്‍റര്‍വ്യൂവിലൂടെ ശ്രമിക്കുന്നത്. സ്വന്തം കഴിവുകള്‍ ഉയര്‍ത്തിക്കാണിക്കാനും കുറവുകള്‍ മറച്ചുവെക്കാനും കഴിയുന്നവര്‍ക്കാണ് അഭിമുഖപരീക്ഷയെ സുഗമമായി മറികടക്കാനാകുക. എല്ലാ ഇന്റർവ്യൂവിലും പൊതുവായി ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ടാകും. അത്തരം ചോദ്യങ്ങളെ നേരിടാൻ നേരത്തെ തന്നെ തയ്യാറെടുക്കണം. ഏതൊരു ഇന്റർവ്യൂവിന് പോകുമ്പോഴും അത്യാവശ്യം നന്നായിതന്നെ അതിനുവേണ്ടി ഒരുങ്ങുക. അങ്ങനെ ഒരുങ്ങാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
ഇന്റർവ്യൂവിനെ നേരിടാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
——————————————————————
1, ഏതു കമ്പനിയിലാണോ ഇന്റർവ്യൂവിന് പോകുന്നത്, ആ കമ്പനിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും വളരെ ആഴത്തിൽ തന്നെ മുൻകൂറായി മനസ്സിലാക്കിയിരിക്കണം. അതായത്, കമ്പനിയുടെ ചരിത്രം എന്താണ്, എങ്ങനെയാണ് അത് മുന്നോട്ട് പോകുന്നത്, കമ്പനി അല്ലെങ്കിൽ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ സ്ഥിതി തുടങ്ങിയവയെക്കുറിച്ചെല്ലാം അറിവുണ്ടായിട്ട് വേണം ഇന്റർവ്യുവിൽ പങ്കെടുക്കാൻ. വ്യവസായ മേഖലയെക്കുറിച്ച് (Industry) അറിഞ്ഞിരിക്കണം. നിങ്ങളുടെ അറിവല്ല അവിടെ അളക്കപ്പെടുന്നത്. പകരം, ആ ജോലിയിൽ നിങ്ങൾ അനുയോജ്യരാണോ? നിങ്ങളുടെ വ്യക്തിത്വം അതിന് യോജിച്ചതാണോ? ആ കമ്പനിയുമായി പൊരുത്തപ്പെട്ടുപോകാൻ കഴിവുള്ളവരാണോ നിങ്ങൾ? എന്നിവയെല്ലാം കണ്ടെത്തുന്നതിലായിരിക്കും അവർക്ക് കൂടുതൽ താല്പ്പര്യം. എന്തുകൊണ്ടാണ് ഞങ്ങളുടെ കമ്പനി തിരഞ്ഞെടുക്കുവാൻ കാരണം? . അതിന് ഉത്തരം നൽകുമ്പോൾ ആ കമ്പനിയെക്കുറിച്ച് അത്യാവശ്യം അറിവുള്ളവരായിരിക്കണം നിങ്ങൾ.
2, സ്വയം പരിചയപ്പെടുത്താന്‍ 10 വാക്കുകളെങ്കിലും പഠിച്ചിരിക്കുക. മിക്കവാറും ഇന്റര്‍വ്യൂകളില്‍ ഒന്നാമത്തെ ചോദ്യം ‘നിങ്ങള്‍ നിങ്ങളെത്തന്നെ പരിചയപ്പെടുത്തൂ’ എന്നാകും. ഇതിന് മറുപടിയായി പല ഉദ്യോഗാര്‍ത്ഥികളും സ്വന്തം പേരു പറഞ്ഞ് അവസാനിപ്പിക്കലാണ് പതിവ്. പോര, നിങ്ങളെപ്പറ്റി 10 വാക്യങ്ങളെങ്കിലും കാണാതെ പഠിച്ച് പറയാന്‍ ശീലിക്കുക
3, ഇന്റർവ്യൂ റൂമിൽ എത്തിയാൽ ഇരിക്കാൻ പറയാതെ കസേരയിൽ കയറി ഇരിക്കരുത്. ഇരിക്കൂ എന്നു പറഞ്ഞു കഴിഞ്ഞാൽ ശബ്ദം ഇല്ലാതെ ഇരിക്കുക. അകത്തേയ്ക്ക് കയറുമ്പോൾ തന്നെ “May I come in?” എന്ന് വളരെ ആത്മവിശ്വസത്തോടുകൂടി ചോദിക്കുന്നതും അവരിൽ നിങ്ങളെക്കുറിച്ച് മതിപ്പുളവാക്കുവാൻ സഹായകരമാണ്. രാവിലെയാണെങ്കിൽ “Good Morning” എന്നും വൈകുന്നേരമാണെങ്കിൽ “Good Evening” എന്നും വിഷ് ചെയ്തതിന് ശേഷമായിരിക്കണം അവരുമായുള്ള സംഭാഷണം തുടങ്ങേണ്ടത്. മുറിയില്‍ പ്രവേശിക്കുംമുമ്പ് നിങ്ങളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് അല്ലെങ്കില്‍ സൈലന്‍റ് ആക്കാന്‍ ശ്രദ്ധിക്കുക.
4) ഇന്റർവ്യൂ സമയത്തു മുഖാമുഖം നോക്കി ആത്മവിശ്വാസത്തോടുകൂടി സംസാരിക്കുക. നിങൾ സംസാരിക്കുന്നതു ശരി അല്ലെങ്കിൽ പോലും. പറയുന്നത് എന്ത് തന്നെയായാലും വളരെ ആത്മവിശ്വത്തോടുകൂടി ഭയപ്പെടാതെ അവതരിപ്പിക്കുക. ആത്മാർത്ഥതയും ആത്മവിശ്വസവും നിറഞ്ഞതാണ് നിങ്ങളുടെ ഉത്തരങ്ങളെങ്കിൽ അത് എപ്പോഴും ആകർഷകമായവയായിരിക്കും. നിങ്ങളെ കാണുമ്പോൾ തന്നെ അവർക്ക് മതിപ്പുളവാകുന്ന രീതിയിൽ നല്ല ആത്മവിശ്വാസത്തോടെയും ചിരിച്ച മുഖത്തോടെയും അവരെ അഭിമുഖീകരിക്കുക. സംസാരിക്കുന്നതിനിടെ കൈകള്‍ കെട്ടുകയോ നിലത്തു നോക്കി സംസാരിക്കുകയോ ചെയ്യരുത്. നിവര്‍ന്നിരുന്ന് സംസാരിക്കുക. സംസാരിക്കുമ്പോള്‍ ചോദ്യം ചോദിച്ചയാളിനെ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുക. ഈ ഇന്റർവ്യൂ നിങ്ങൾക്ക് കിട്ടിയില്ലെങ്കിൽ ജീവിതം തന്നെ അവസാനിച്ചു എന്ന ചിന്തയും ഒഴിവാക്കിവേണം ഇന്റർവ്യൂവിൽ പങ്കെടുക്കാൻ.
5) നെഗറ്റീവ് വാക്കുകൾ കഴിവതും ഒഴിവാക്കുക (ഉദാഹരണം : – ഒരു കാര്യം നിങ്ങൾക്ക് അറിവില്ലകിൽ, അറിവില്ല എന്നു പറയുന്നതിന് പകരം ഞാൻ ആ ഏരിയ ഇപ്പോൾ പഠിക്കുകയാണ് എന്നു പറയുക). അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് വളരെ സത്യസന്ധമായി ആത്മാർത്ഥമായി ഉത്തരം നൽകുക. കള്ളം പറഞ്ഞ് രക്ഷപ്പെടാമെന്നു കരുതുന്നത് മണ്ടത്തരമാണ്. കാരണം, ഇന്റർവ്യൂ ബോർഡിൽ ഇരിക്കുന്നവർ അത്രയും സമർത്ഥന്മാരായിരിക്കും എന്ന് മനസ്സിലാക്കുക.
6) ഇപ്പോൾ ഉള്ള കമ്പനി ജോലി എന്തുകൊണ്ടു ഒഴിവാക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം – കൂടുതൽ പഠിക്കാൻ, കൂടുതൽ challenging postil work ചെയ്യാൻ എന്നു പറഞ്ഞു slowly handling ചെയ്യുക. ഒരിക്കലും സാലറി ഹൈക്കിനു വേണ്ടി ആണ് എന്ന് പറയരുത്. സംസാരിക്കുമ്പോള്‍ ആത്മവിശ്വാസത്തോടെയുള്ള ഹസ്തചലനങ്ങള്‍ നല്ലതാണ്. അത് നിങ്ങള്‍ക്ക് ഉത്തരം കൃത്യമായി അറിയം എന്നതിന്‍െറ സൂചനയായി അവര്‍ കരുതും. അനങ്ങാതിരുന്ന് ഉത്തരം പറയുകയല്ല വേണ്ടത്.
7) ഒരിക്കലും പഴയ കമ്പനിയെ കുറിച്ച് മോശമായ കാര്യങ്ങൾ ചർച്ച ചെയ്യാതിരിക്കുക (Ex : – അവിടെ സാലറി കൂട്ടുനില്ല , കൂടുതൽ വർക്ക് പ്രഷർ ആണ്. മാനേജർ സ്വാഭാവം മോശമാണ് et.c,). മോശമായ കാര്യങ്ങൾ ചർച്ച ചെയ്താൽ നിങ്ങളെ കുറിച്ച് മോശമായ ഇമേജ് ഉണ്ടാക്കാൻ മാത്രമേ സഹായിക്കുക ഉള്ളൂ
8) ഇന്റർവ്യൂ സമയത്തു പഴയ കമ്പനിയുടെ ഫിനാൻഷ്യൽ ഡാറ്റ (Sales Figure, Profit Figure, etc.,) ചോദിച്ചിട്ടുണ്ടെങ്കിൽ, അത് കോൺഫിഡൻസ് ആണ് എന്നു പറഞ്ഞു ഒഴിഞ്ഞു മാറുക. ഒരിക്കലും ഷെയർ ചെയ്യരുത്. അപ്രതീക്ഷിതമായ ചോദ്യങ്ങള്‍ പ്രതീക്ഷിക്കുക. അത്തരം ചോദ്യങ്ങള്‍ക്കുമുന്നിലും പതറാതെ പിടിച്ചുനില്‍ക്കാന്‍ കഴിയുകയെന്നതാണ് മിടുക്ക്. പെട്ടെന്ന് ഉത്തരം നല്‍കാന്‍ കഴിയില്ലെങ്കിൽ ചോദ്യ കര്‍ത്താവിനോട് ചോദ്യം ആവര്‍ത്തിക്കാന്‍ ആവശ്യപ്പെടാം. ചോദ്യം കൃത്യമായില്ലെങ്കില്‍ വിശദീകരണം ആവശ്യപ്പെടാം. മറുപടി പറഞ്ഞശേഷം ഇതു തന്നെയാണോ അവര്‍ ഉദ്ദേശിച്ചതെന്ന് ചോദിക്കാനും മടിക്കേണ്ടതില്ല.
9) ഫാൻസി ടൈപ്പ് ഡ്രസ്സ് ഒഴിവാക്കുക. ഇന്റർവ്യൂ സമയത്തു ലൈറ്റ് കളർ ഡ്രസ്സ് ധരിക്കുക. കഴിവതും ഫാൻസി ടൈപ്പ് ഡ്രസ്സ് ഒഴിവാക്കുക. ഒരാളുടെ വസ്ത്രധാരണ രീതി അയാളുടെ വ്യക്തിത്വത്തെ ചൂണ്ടികാണിക്കുന്ന ഒരു പ്രധാന ഘടകമാണ്. ആഭരണങ്ങള്‍ പരമാവധി കുറക്കുക. ശരീരത്തില്‍ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടുന്നയിടങ്ങളില്‍ പച്ച കുത്തുന്നതും പ്രതികൂലഫലമാണുണ്ടാക്കുക. വൃത്തി അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട ഘടകമാണെന്ന് പറയേണ്ടതില്ലല്ലോ. ഷേവ് ചെയ്യാത്ത മുഖവും അശ്രദ്ധമായി നീട്ടിവളര്‍ത്തിയ അഴുക്കു നിറഞ്ഞ നഖങ്ങളും ഒരിക്കലും നല്ല മതിപ്പ് ഉണ്ടാക്കില്ല. ബയോഡാറ്റയുടെ പകര്‍പ്പുകള്‍ സഹിതം അടുക്കോടെ ഒരു പോര്‍ട്ട്ഫോളിയോ തയാറാക്കുക. പേപ്പറും പേനയും കൈയില്‍ കരുതുക. ബയോഡാറ്റയുടെ ഒന്നിലേറെ പകര്‍പ്പുകള്‍ കൈയില്‍ കരുതുന്നത് നല്ലതാണ്. ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ ഉണ്ടെന്ന് നേരത്തേ ഉറപ്പാക്കുക.
10) കൃത്യനിഷ്ഠ വളരെ പ്രധാനപ്പെട്ടതാണ് . ഇന്റർവ്യൂ ടൈമിന് 15 മിനിറ്റിനു മുൻപായി എത്തി ചേരുക. ഇന്റർവ്യൂ പറഞ്ഞിരിക്കുന്ന സമയത്തിനു മുൻപുതന്നെ നിങ്ങൾ അവിടെ എത്തിയിരിക്കണം. കാരണം, കൃത്യനിഷ്ഠയിൽ നിങ്ങൾക്ക് അപാകതയുണ്ടെങ്കിൽ, തീർച്ചയായും നിങ്ങൾ ചെയ്യുന്ന ജോലിയിലും ആ അപാകതയുണ്ടെന്ന് തന്നെയാണ് അർത്ഥം. അതുകൊണ്ട് സമയനിഷ്ഠ പാലിക്കുക. അവസാന നിമിഷം ഓടിപ്പിടിച്ച് എത്തുമ്പോള്‍ അതുവരെ നടത്തിയ മുന്നൊരുക്കങ്ങളൊക്കെ വെറുതെയാകും.
11) ഇന്റർവ്യൂ സമയത്തു ഈ ജോലി എനിക്ക് കിട്ടി എന്നു മനസ്സിൽ വിചാരിച്ചു സംസാരിച്ചാൽ എല്ലാം പോസിസ്റ്റീവ് ആയിട്ടു വരും. ഒരിക്കലും സാലറി ഫസ്റ്റ് സ്റ്റേജ് ഇന്റർവ്യൂവിൽ ചർച്ച ചെയ്യാതിരിക്കുക. ചർച്ച വേണ്ടി വന്നാൽ as per Company Standard എന്നു പറഞ്ഞു handle ചെയ്യുക
12) ഇന്റർവ്യൂ കഴിഞ്ഞാൽ ഒരു ഷേക്ക് ഹാൻഡ് ഓട് കൂടി പിരിയുക. ഇന്റർവ്യൂ പൂർണ്ണമായി കഴിയുമ്പോൾ അവർക്ക് നിങ്ങൾ കൊടുക്കുന്ന ഷേക്ക്ഹാൻഡ് പോലും നിങ്ങളുടെ ആത്മവിശ്വാസത്തെ വിലയിരുത്താൻ അവരെ സഹായിക്കുന്ന ഘടകമാണ്. അതുകൊണ്ടുതന്നെ വളരെ ആത്മവിശ്വസത്തോടുകൂടിയായിരിക്കണം ഷേക്ക്ഹാൻഡ് കൊടുക്കേണ്ടത്. ഇന്‍റര്‍വ്യൂ കഴിഞ്ഞിറങ്ങുന്നതും ആത്മവിശ്വാസത്തോടെയായിരിക്കണം. ഇന്‍റര്‍വ്യൂ നിരാശപ്പെടുത്തിയെങ്കില്‍പ്പോലും പുറത്തിറങ്ങുമ്പോള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ ശ്രമിക്കുക. കസേര ശബ്ദത്തോടെ തള്ളിനീക്കരുത്. ഇറങ്ങുന്നതിനു മുമ്പ് അവരോട് നന്ദി പറയുക. മുറിയില്‍നിന്നിറങ്ങുമ്പോള്‍ തിരിച്ചു വിളിക്കാത്തപക്ഷം തിരിഞ്ഞുനോക്കരുത്.
അവസാനമായി ഒരു കാര്യംകൂടി. ഇത് പ്രിയപ്പെട്ട ഉദ്യോഗാർത്ഥികൾ മറക്കാതിരിക്കുക. ജാഡകളെക്കാളും കെട്ടുകാഴ്ചകളെക്കാളും സത്യസന്ധതയും, എളിമയും ഇന്റർവ്യൂവിൽ കൂടുതല്‍ മാര്‍ക്ക് നേടാന്‍ നിങ്ങളെ സഹായിക്കും. നന്ദി…
മിന്റാ സോണി കല്ലറയ്ക്കൽ,
സൈക്കോളജിക്കൽ കൌൺസിലർ, മൂവാറ്റുപുഴ
ഫോൺ : 9188446305
സുനിൽ മാത്യു മണലിൽ
2019 ഡിസംബർ 26 ന് രാവിലെ 8 മണിമുതൽ 11 മണിവരെ നടക്കുന്ന ആകാശ പ്രതിഭാസം- സൂര്യഗ്രഹണം- കാണുവാനുള്ള അപൂർവ ഭാഗ്യം വന്നുചേർന്നിരിക്കുന്നു.
സൂര്യനും സൂര്യന് ചുറ്റും കറങ്ങി ക്കൊണ്ടിരിക്കുന്ന നമ്മുടെ ഭൂമിയും അതിനെ ചുറ്റുന്ന ചന്ദ്രനും ചേർന്ന് ഒരുക്കുന്ന പ്രതിഭാസം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കൗതുകമുണർത്തുന്നതാണ്. ഈ അവസരം നഷ്ടപ്പെടുത്തരുത്.
സൂര്യനും ഭൂമിയ്ക്കും ഇടയിലേക്ക് ചന്ദ്രൻ കടന്നു വന്ന് സൂര്യ ബിംബത്തെ മറയ്ക്കുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം.
സാധാരണ പകൽ സമയത്ത് നമുക്ക് കാണാൻ പറ്റുന്ന ഏക നക്ഷത്രം സൂര്യനാണ്. എന്നാൽ സൂര്യഗ്രഹണ സമയത്ത് ചന്ദ്രന്റെ നിഴൽ സൂര്യ ബിംബത്തെ മായ്ക്കുന്നതിനാൽ പകൽസമയത്ത് ആകാശത്തിലെ പല നക്ഷത്രങ്ങളെയും കാണുവാൻ സാധിക്കുന്നു.
ചന്ദ്രനെക്കാൾ 400 മടങ്ങ് വലുപ്പം സൂര്യനുണ്ട്. അതുപോലെ ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ 400 ഇരട്ടിയാണ് ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം. ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും ഏതാണ്ട് ഒരേ വലിപ്പം ആണെന്ന് നമുക്ക് തോന്നാനുള്ള കാരണം ഈ സാമ്യതയാണ്. അതുകൊണ്ടുതന്നെ സൂര്യ ബിംബത്തെ പൂർണ്ണമായി മറച്ചുകൊണ്ട് ഭൂമിയിൽ നിഴൽ ഉണ്ടാകാൻ ചന്ദ്രന് സാധിക്കുന്നു. സൂര്യബിംബത്തെ ചന്ദ്രൻ പൂർണമായി മറയ്ക്കുമ്പോൾ ഭൂമിയിൽ നിഴലുണ്ടാകുന്ന പ്രതിഭാസമാണല്ലോ പൂർണ്ണ സൂര്യഗ്രഹണം (Total Solar Eclipse ).
ചന്ദ്രൻ ഭൂമിക്കു ചുറ്റും ദീർഘ വൃത്താകൃതിയിലാണ് സഞ്ചരിക്കുന്നത്. എല്ലാ മാസവും നിശ്ചിത സമയത്ത് ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയായിരിക്കും. അതുകൊണ്ടുതന്നെ സൂര്യ ബിംബത്തെ പൂർണമായി മറയ്ക്കുവാൻ ചന്ദ്രന് സാധിക്കില്ല. ഈ സന്ദർഭത്തിൽ ചന്ദ്രന് ചുറ്റും ഒരു മോതിരത്തിന്റെ ആകൃതിയിൽ സൂര്യന്റെ തീവലയം(ring of fire ) നമുക്ക് കാണാം. ഇതിനെ വലയഗ്രഹണം എന്ന് വിളിക്കുന്നു. വലയ ഗ്രഹണ സമയത്തു സൂര്യ ബിംബത്തിന്റെ മദ്ധ്യഭാഗം ചന്ദ്രൻ മറച്ചിരിക്കുന്നതായും സൂര്യന്റെ ബാഹ്യഭാഗം ഒരു തീവളയം പോലെ കാണപ്പെടുകയും ചെയ്യും.
2019 ഡിസംബർ 26 സൂര്യഗ്രഹണം ഒരു വലയഗ്രഹണം ( annular eclipse) ആയിരിക്കും.
സാധാരണഗതിയിൽ ധനു, മകരം മാസങ്ങളിൽ ആണ് ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അടുത്തായിരിക്കുന്നത്. അതുകൊണ്ട് തന്നെ സൂര്യന് അസാധാരണ വലിപ്പം ഉള്ളതായി നമുക്ക് തോന്നും. ഈ സമയത്താണ് ഭൂമിയിൽനിന്ന് ഏറ്റവും അകലെ കൂടി ഭൂമിയെ ചുറ്റുന്ന ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിലേയ്ക്ക് കയറി വന്നു കൊണ്ട് വലയ ഗ്രഹണം സൃഷ്ടിക്കുന്നത്.
നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യനെ ഒരിക്കലും നോക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക. സൂര്യഗ്രഹണവും നേരിട്ട് കാണാൻ ശ്രമിക്കരുത്. കണ്ണുകളെ സാരമായി ബാധിക്കും. വിശ്വസ്തരായ കമ്പനികൾ പുറത്തിറക്കുന്ന സൗരക്കണ്ണട ഉപയോഗിക്കാവുന്നതാണ്. എന്നാൽ കൂളിങ് ഗ്ലാസ്, ചാണകവെള്ളം, വെൽഡിംഗ് കണ്ണട, കളർ ഷീറ്റുകൾ എന്നിവ ഉപയോഗിക്കരുത്. സോളാർ ഫിൽറ്ററുകൾ ഘടിപ്പിച്ചു മാത്രമേ ടെലിസ്കോപ്പ്, ബൈനോക്കുലറുകൾ തുടങ്ങിയവയിലൂടെ സൂര്യഗ്രഹണം വീക്ഷിക്കാവു.
ഏറ്റവും നല്ല രീതി രണ്ട് കാർഡ് ബോർഡുകൾ ഉപയോഗിക്കുന്നതാണ്. ഒരു സ്റ്റാൻഡിൽ കാർഡ് ബോർഡ് ഘടിപ്പിക്കുക. അതിൽ ഒരു സുഷിരം ഇടുക. അതിലൂടെ സൂര്യപ്രകാശത്തെ മറ്റൊരു കാർഡ് ബോർഡിൽ പതിപ്പിക്കുക. സൂര്യബിംബത്തിനു എതിർദിശയിൽ വേണം ഇവ വയ്ക്കുവാൻ. സൂര്യനെ നോക്കാനേ പാടില്ല.
യുഎഇ, സൗദി, ഖത്തർ, ഒമാൻ, ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ ഡിസംബർ 26ലെ സൂര്യഗ്രഹണം ദൃശ്യമാണ്. ഇന്ത്യയിൽ മംഗലാപുരം, കാസർഗോഡ്, കൽപ്പറ്റ, തലശ്ശേരി, കോഴിക്കോട്, ഊട്ടി, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, ഡിണ്ടിഗൽ, ട്രിച്ചി എന്നിവിടങ്ങളിലാണ് വലയ ഗ്രഹണം വ്യക്തമായി കാണാൻ സാധിക്കുന്നത്.
മധ്യതിരുവിതാംകൂറിൽ സൂര്യഗ്രഹണം എങ്ങനെ ആയിരിക്കുമെന്ന് താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.
പ്രപഞ്ചത്തിലെ അതി മനോഹര കാഴ്ച കാണുവാൻ മടിക്കരുത്, ആസ്വദിച്ച് തന്നെ കാണൂ.
സുനിൽ മാത്യു മണലിൽ
അമച്വർ അസ്ട്രോണമർ
9961993580
കർണാടകയിലെ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യയിൽ വിവിധ വിഭാഗങ്ങളിലായി ടെക്നീഷ്യൻ, സ്റ്റൈപ്പൻഡറി ട്രെയിനി, സയന്റിഫിക് അസിസ്റ്റന്റ് , ഡ്രൈവർ ഗ്രേഡ് I തസ്തികയിൽ ആകെ 137ഒഴിവുകൾ. ഡിസംബർ 17 മുതൽ ജനുവരി ആറ് വരെ ഒാൺലൈനായി അപേക്ഷിക്കാം.
സർവേയർ, ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്/ ഇലക്ട്രോണിക്സ്, ഫിറ്റർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഓപ്പറേറ്റർ, സിവിൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഹെൽത്ത് ഫിസിക്സ് എന്നീ വിഭാഗങ്ങളിലാണ് ടെക്നീഷ്യൻ, സ്റ്റൈപ്പൻഡറി ട്രെയിനി, സയന്റിഫിക് അസിസ്റ്റന്റ് ഒഴിവുകൾ.
തസ്തിക, സ്റ്റൈപ്പൻഡ്/ ശമ്പളം, പ്രായം (06.01.2020 ന്) എന്നിവ ചുവടെ.
ഡ്രൈവർ ഗ്രേഡ് I: 19900 രൂപ, 20-28 വയസ്.
ടെക്നീഷ്യൻ ബി: 21700 രൂപ, 18-25 വയസ്.
സ്റ്റൈപ്പൻഡറി ട്രെയിനി/ ടെക്നീഷ്യൻ: ആദ്യ വർഷം 10500 രൂപയും രണ്ടാം വർഷം 12500 രൂപയും, 18-24 വയസ്.
സയന്റിഫിക് അസിസ്റ്റന്റ് ബി: 35400 രൂപ, 18-30 വയസ്.
സ്റ്റൈപ്പൻഡറി ട്രെയിനി/ സയന്റിഫിക് അസിസ്റ്റന്റ്: ആദ്യ വർഷം 16000 രൂപയും രണ്ടാം വർഷം 18000 രൂപയും, 18-25 വയസ്.
വിവരങ്ങൾക്ക്: www.npcilcareers.co.in
കെ.എം മാണി സെന്‍റെര്‍ ഫോര്‍ ബഡ്ജറ്റ് റിസേര്‍ച്ചും പാലാ അല്‍ഫോന്‍സാ കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗവും ചേര്‍ന്ന് 2020 ജാനുവരി 10ന് പാലായില്‍ വച്ച് കെ.എം മാണി മെമ്മോറിയല്‍ ക്വിസ് കോമ്പറ്റീഷന്‍ ദക്ഷതാ 2019 (Dakshatha2020) നടത്തുന്നു . സ്കൂൾ , കോളേജ് വിദ്യാർഥികൾക്ക് പങ്കെടുക്കാം . മുൻ ഡി ജി പി ആയിരുന്നു ശ്രീ പി കെ ഹോർമിസ് തരകൻ സമ്മാനവിതരണം നിർവഹിക്കുന്നതായിരിക്കും
ഇതില്‍ സംബന്ധിക്കുവാന്‍ താല്പര്യമുള്ളവർ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്ന് കെ.എം മാണി സെന്‍റെര്‍ ഫോര്‍ ബഡ്ജറ്റ് റിസേര്‍ച്ചിന്‍റെ ചെയര്‍പേഴ്സണ്‍ നിഷ ജോസ് കെ മാണി അറിയിച്ചു
ദക്ഷത 2020 നുള്ള ഓൺലൈൻ രജിസ്ട്രേഷനു താഴെ പറയുന്ന ലിങ്ക് ഉപയോഗിക്കുക.
https://docs.google.com/forms/d/e/1FAIpQLSflI-HVQuBrQqAwkVHbs0welLKNtn62aNl0BJ-wlCv9ILEg1w/viewform