Health

സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.വയനാട് ജില്ലയിലുള്ളവരാണ് മൂന്ന് പേരും.ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ പോയ വന്ന വയനാട് സ്വദേശിയായ ലോറി ഡ്രൈവറുടെ അമ്മയ്ക്കും ഭാര്യയ്ക്കും ലോറിയുടെ ക്ളീനറുടെ മകനുമാണ് രോഗബാധ. ലോറി ഡ്രൈവര്‍ക്കു നേരത്തേ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.86 പേരെ മാത്രം ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതേസമയം ഇന്ന് ആരും രോഗമുക്തരായിട്ടില്ല.

കൊറോണ വൈറസിനെ പ്രതിരോധിച്ച് നശിപ്പിക്കുന്ന ആന്റിബോഡി കണ്ടെത്തി ഇസ്രയേല്‍. ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചില്‍ (ഐഐബിആര്‍) ആണ് ആന്റിബോഡി വികസിപ്പിച്ചത്.കൊറോണ ചികിത്സയില്‍ സുപ്രധാന വഴിത്തിരിവ് എന്നാണ് കണ്ടെത്തലിനെ പ്രതിരോധമന്ത്രി നഫ്താലി ബെന്നറ്റ് വിശേഷിപ്പിച്ചത്.

ഐഐബിആര്‍ വികസിപ്പിച്ച മോണോക്ലോണല്‍ ന്യൂട്രലൈസിംഗ് ആന്റിബോഡിക്ക് രോഗവാഹകരുടെ ശരീരത്തിനുള്ളില്‍ രോഗമുണ്ടാക്കുന്ന കൊറോണ വൈറസിനെ നിര്‍വീര്യമാക്കാന്‍ കഴിയുമെന്ന് ബെന്നറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ലാബ് സന്ദര്‍ശിച്ചതിന് ശേഷമാണ് ബെന്നറ്റിന്റെ പ്രസ്താവന.

ഇസ്രായേലിലെ കൊറോണ വൈറസ് ചികിത്സയും വാക്സിനും വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചാണ്. കൊവിഡ് മുക്തരായവരില്‍ രക്തപരിശോധന ഉള്‍പ്പെടെയുള്ളവയാണ് ഇവിടെ നടക്കുന്നുണ്ട്.

ഐഐബിആറില്‍ വേര്‍തിരിച്ച ആന്റിബോഡി മോണോക്ലോണല്‍ (monoclonal neutralising antibody) ആണ്. രോഗമുക്തി നേടിയ ഒരു കോശത്തില്‍ നിന്നാണ് അത് വേര്‍തിരിച്ചെടുക്കുന്നത്. അതിനാല്‍ തന്നെ ചികിത്സാ രംഗത്ത് ഇതിന് കൂടുതല്‍ മൂല്യമുണ്ട്.

പോളിക്ലോണല്‍ (polyclonal) ആയ ആന്റിബോഡികള്‍ വികസിപ്പിച്ചുള്ള ചികിത്സകളാണ് മറ്റിടങ്ങില്‍ നടക്കുന്നത്. വ്യത്യസ്ത വംശപരമ്പരയിലെ രണ്ടോ അതിലധികമോ കോശങ്ങളില്‍ നിന്നാണ് പോളിക്ലോണല്‍ ആയ ആന്റിബോഡികള്‍ വേര്‍തിരിക്കുന്നത്.

അതേസമയം, മരുന്നു കണ്ടെത്തി കഴിഞ്ഞുവെന്നും ഇനി പേറ്റന്റ് നേടി വലിയ തോതില്‍ ഉത്പാദനം നടത്താനാണ് ലക്ഷ്യമിടുന്നതെന്നും റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

കൊറോണ വൈറസിനെ തടയാന്‍ യോഗാ ഗുരു ബാബാ രാംദേവ് ഉന്നയിക്കുന്ന അവകാശ വാദങ്ങള്‍ ശാസ്ത്രീയ പിന്തുണയില്ലാത്തത്. കൊറോണ രോഗബാധയുണ്ടോ എന്നറിയാന്‍ ഒരാള്‍ 30 സെക്കന്‍ഡ് നേരം ശ്വാസം പിടിച്ചിരുന്നാല്‍ മതിയെന്നും മൂക്കിലൂടെ കടുകെണ്ണ ഒഴിക്കുന്നത് വഴി കൊറോണ വൈറസിനെ ഒരാളുടെ വയറിനുള്ളില്‍ വെച്ച് ഇല്ലാതാക്കാനാവും എന്നുമായിരുന്നു ബാബാ രാംദേവിന്റെ അവകാശവാദം.

ആജ് തക് ചാനലുമായി ഏപ്രില്‍ 25 ന് നടത്തിയ ഒരു വീഡിയോ സംഭാഷണത്തിലാണ് ബാബാ രാംദേവ് ഈ അവകാശ വാദങ്ങള്‍ ഉന്നയിച്ചത്. ഒരാള്‍ക്ക് ബുദ്ധിമുട്ടുകളില്ലാതെ 30 സെക്കന്‍ഡ് നേരമോ ഒരുമിനിറ്റ് നേരമോ ശ്വാസം പിടിച്ചുനില്‍ക്കാന്‍ സാധിച്ചാല്‍ അയാള്‍ക്ക്‌ കൊറോണ ബാധിച്ചിട്ടില്ലെന്ന് സ്വയം അറിയാന്‍ സാധിക്കുമെന്ന് ബാബാ രാംദേവ് പറയുന്നു.

കൂടാതെ കടുകെണ്ണ മൂക്കിലൊഴിക്കുന്നതിലുടെ കൊറോണ വൈറസിവനെ വയറിലേക്ക് തള്ളിയിറക്കാനാവുമെന്നും വയറിനുള്ളിലെ ആസിഡില്‍ വെച്ച് അവ നശിപ്പിക്കപ്പെടുമെന്നും ബാബാ രാംദേവ് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. ഇത് പിന്നീട് വലിയ വാര്‍ത്തയായി മാറിയിരുന്നു.

ബാബാ രാംദേവ് ഉന്നയിക്കുന്ന ഈ രണ്ട് അവകാശവാദങ്ങള്‍ക്കും ശാസ്ത്രീയാടിത്തറയില്ലെന്ന് വസ്തുതാ പരിശോധകരായ ബൂം ലൈവ് പറയുന്നു. ആര്‍ടി-പിസിആര്‍ ടെസ്റ്റിലൂടെ മാത്രമേ കൊറോണ വൈറസിനെ കണ്ടെത്താനാവൂ എന്നും ശ്വാസം പിടിച്ച് നില്ക്കുന്നതിലുടെ കൊറോണ വൈറസ് ബാധയുണ്ടോ എന്ന് അറിയാന്‍ സാധിക്കുമെന്ന വാദത്തെ പിന്തുണയ്ക്കുന്ന പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നും മുംബൈയിലെ ശ്വാസകോശ രോഗ വിദഗ്ദനായ ഡോ. ജീനം ഷാ പറയുന്നു.

അതുപോലെ കടുകെണ്ണ ഒഴിച്ച് വൈറസിനെ വയറിലേക്ക് എത്തിച്ച് ദഹന രസത്തില്‍ നശിപ്പിക്കാനാകുമെന്ന വാദവും അടിസ്ഥാനരഹിതമാണ്. ദഹനരസത്തിന്റെ രൂപത്തിലുള്ള ഹൈഡ്രോക്ലോറിക് ആസിഡാണ് മനുഷ്യന്റെ വയറിലുള്ളത്. എന്നാല്‍ കൊറോണ വൈറസിനെ കൊല്ലാന്‍ അതിന് സാധിക്കമെന്നതിന് ശാസ്ത്രീയ തെളിവുകളില്ല. കടുകെണ്ണയ്ക്ക് കൊറോണ വൈറസിനെ സ്വാധീനിക്കാന്‍ കഴിയുമെന്നതും ശാസ്തീയാടിത്തറയില്ലാത്ത വാദമാണെന്നും ജീനം ഷാം പറയുന്നു.

ലണ്ടന്‍: എയ്ഡ്‌സ്, ഡെങ്കി എന്നീ രോഗങ്ങള്‍ പോലെ കൊവിഡ് 19നും വാക്‌സിന്‍ വികസിപ്പിക്കാന്‍ ശാസ്ത്രലോകത്തിന് കഴിയാതിരിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. ‘ചില വൈറസുകള്‍ക്കെതിരെ നമുക്ക് വാക്‌സിന്‍ വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. വാക്‌സിന്‍ നിര്‍മിക്കാന്‍ സാധിക്കുമോ ഇല്ലയോ എന്ന് പൂര്‍ണമായി ഉറപ്പിക്കാറായിട്ടില്ല. വാക്‌സിന്‍ കണ്ടെത്തിയാല്‍ തന്നെ സുരക്ഷിതത്വയും ഫലപ്രാപ്തിയും തെളിയിക്കണം’-  ലണ്ടനിലെ ഗ്ലോബല്‍ ഇംപീരിയല്‍ കോളേജിലെ പ്രൊഫസര്‍ ഡേവിഡ് നബ്ബാരോ സിഎന്‍എന്നിനോട് പറഞ്ഞു.

വാക്‌സിന്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ കണ്ടെത്താന്‍ സാധിച്ചേക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷന്‍ ഡയറക്ടര്‍ ആന്റണി ഫൗസി പറഞ്ഞു. എന്നാല്‍, അതില്‍കൂടുതല്‍ സമയമെടുത്തേക്കാമെന്ന് മറ്റ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എച്ച് ഐ വിയെയും മലേറിയയും പോലെ പെട്ടെന്ന് മ്യൂട്ടേഷന്‍ സംഭവിക്കാത്തതിനാല്‍ കൊവിഡിന് വാക്‌സിന്‍ സാധ്യമാണെന്നും അഭിപ്രായമുയര്‍ന്നു. ഒന്നര വര്‍ഷത്തിനുള്ളില്‍ വാക്‌സിന്‍ വികസിപ്പിക്കാന്‍ കഴിയില്ലെന്നതിന് അസാധ്യമാണെന്നര്‍ഥമില്ല. പ്ലാന്‍ എയും പ്ലാന്‍ ബിയും ആവശ്യമാണ്. ഡോ. പീറ്റര്‍ ഹോടെസ് അഭിപ്രായപ്പെട്ടു.

കൊറോണവൈറസിനെതിരെ എങ്ങനെ പോരാടണമെന്ന് ഓരോ സമൂഹവും ആലോചിക്കണമെന്നും നബ്ബാരോ വ്യക്തമാക്കി. അതേസമയം, കൊവിഡിനെതിരെ നൂറോളം വാക്‌സിനുകളാണ് പരീക്ഷണ ശാലയിലുള്ളത്. ചില വാക്‌സിനുകള്‍ മനുഷ്യരിലും പരീക്ഷിച്ചു. വാക്‌സിന്‍ വിപണിയിലെത്താന്‍ ഒരു വര്‍ഷത്തിലേറെ സമയമെടുക്കാമെന്നാണ് ശാസ്ത്രജ്ഞരുടെയും വാദം.

സംസ്ഥാനത്ത് ഇന്ന് പേർക്ക് 2 കോവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവായ രണ്ടിൽ ഒന്ന് വയനാട്ടിലാണ്. ഒരു മാസമായി ഒരു പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന ജില്ലയാണു വയനാട്. ഫലം വരുന്നതു വരെ വയനാട് ഗ്രീൻ സോണിലായിരുന്നു. ഇതോടെ വയനാടിനെ ഓറഞ്ച് സോണിൽ ഉൾപ്പെടുത്തി. കണ്ണൂരാണ് മറ്റൊരു പോസിറ്റീവ് കേസുള്ളത്. 8 പേർ രോഗമുക്തരായി. കണ്ണൂരിൽ ആറും ഇടുക്കിയിൽ രണ്ടും കേസുകളാണ് നെഗറ്റീവ് ആയത്. 499 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 96 പേർ ഇപ്പോൾ ചികിത്സയിലാണെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 499 ആയി. 96 പേര്‍ ചികിൽസയിലുണ്ട്. 21,894 പേർ നിരീക്ഷണത്തിലുണ്ട്. അതിൽ 21,494 പേർ വീടുകളിലും 410 പേർ ആശുപത്രികളിലുമാണ്. ഇന്ന് 80 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 31,183 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 30,358 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. ഇതുകൂടാതെ മുൻഗണനാ ഗ്രൂപ്പുകളിൽ 2093 സാംപിളുകൾ അയച്ചപ്പോൾ 1234 നെഗറ്റീവ് ഫലമാണ്.

സംസ്ഥാനത്ത് ആകെ 80 ഹോട്സ്പോട്ടുകളാണുള്ളത്. പുതുതായി ഹോട്സ്പോട്ടുകൾ ഇല്ല. 23 ഹോട്സ്പോട്ടുകൾ കണ്ണൂർ ജില്ലയിലാണ്. ഇടുക്കിയിൽ 11. കോട്ടയത്തും 11. ഏറ്റവും കൂടുതൽപേർ ചികിൽസയിലുള്ളത് കണ്ണൂരിലാണ്. 38 പേർ. ഇവരിൽ 2 പേർ കാസർകോട്ടുകാരാണ്. ഒരു കണ്ണൂർ സ്വദേശി കോഴിക്കോട് ചികിൽസയിൽ കഴിയുന്നുണ്ട്. കോട്ടയത്ത് 18 പേർ ചികിൽസയിലുണ്ട്. അതിലൊരാള്‍  ഇടുക്കിക്കാരനാണ്. കൊല്ലത്തും ഇടുക്കിയിലും 12പേർ വീതം ചികിൽസയിലുണ്ട്.

രാജ്യത്ത് ലോക്ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടിയിരിക്കുന്നു. കൂടുതൽ ഇളവുകളും പ്രഖ്യാപിച്ചു. കേന്ദ്രസർക്കാർ മുന്നോട്ടുവച്ച പൊതുവായ മാർഗനിർദേശങ്ങളുടെ ചട്ടക്കൂടിന് അകത്തുനിന്നു കൊണ്ടാണ് നമ്മുടെ സംസ്ഥാനത്തെ സവിശേഷതകൾ കൂടി ഉൾക്കൊണ്ട് നിയന്ത്രണങ്ങൾ നടപ്പാക്കിയത്. ഇതിനുള്ള മാർഗനിർദേശങ്ങൾ ഉടൻ വരും, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

രോഗചികിൽസയ്ക്കും പ്രതിരോധത്തിനും പ്രാധാന്യം നൽകിയുള്ള സമീപനമാണ് ആദ്യ ഘട്ടത്തിൽ സ്വീകരിച്ചത്. ജനങ്ങളുടെ സ്വാഭാവിക ജീവിതത്തിനു കടുത്ത നിയന്ത്രണങ്ങൾ ഏർപെടുത്തിയതിനു നല്ല ഫലം കണ്ടിട്ടുണ്ട്. എന്നാൽ അപകടനില തരണം ചെയ്തു എന്നു പറയാനാകില്ല. സാമൂഹ്യ വ്യാപനം എന്ന ഭീഷണി ഒഴിവായി എന്നും പറയാൻ സാധിക്കില്ല. നല്ല ജാഗ്രത വേണം. പ്രതിരോധ പ്രവർത്തനത്തിൽ നമ്മുടെ സാമ്പത്തിക ചലനങ്ങളെ നിയന്ത്രിക്കേണ്ടിവന്നു. സ്വാഭാവികമായ ജനജീവിതം എത്രത്തോളം അനുവദിക്കാം എന്നാണ് സർക്കാർ പരിശോധിക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് വലിയ പ്രവാസി സമൂഹമാണുള്ളത്. അവരുടെ നാടുകൂടിയാണ് ഇത് എന്ന് കണക്കിലെടുത്ത് അവരെ കൊണ്ടുവരാനുള്ള സംവിധാനം പടിപടിയായി ഏർപെടുത്തേണ്ടതുണ്ട്. അപ്പോൾ രോഗവ്യാപനം ഇല്ലാതിരിക്കാൻ ജാഗ്രതയും പുലർത്തണം.

കേന്ദ്ര ഉത്തരവനുസരിച്ച് ജില്ലകളെ മൂന്നായി തരംതിരിച്ചു. 21 ദിവസമായി കോവിഡ് പോസിറ്റീവ് ഇല്ലാത്ത ജില്ലകളാണ് ഗ്രീൻ സോൺ. എറണാകുളവും വയനാടും ഗ്രീൻ സോണിലാണ്. പക്ഷേ ഇന്ന് പോസിറ്റീവ് കേസ് വന്നതിനാൽ വയനാട് ഓറഞ്ച് സോണിലായി. കേന്ദ്രമാനദണ്ഡം അനുസരിച്ച് പുതിയ കേസുകളില്ലാത്ത ആലപ്പുഴ, തൃശൂർ ജില്ലകൾ കൂടി ഗ്രീൻ സോണിൽ പെടുത്തുകയാണ്. കേന്ദ്രമാനദണ്ഡ പ്രകാരമാണ് മാറ്റം. കോവിഡ് പോസിറ്റീവ് രോഗികള്‍ ചികിൽസയിലില്ലാത്ത ജില്ലകളാണിത്. കണ്ണൂർ, കോട്ടയം ജില്ലകളാണ് റെഡ് സോണിൽ ഉള്ളത്. ഇത് രണ്ടിലുംപെടാത്ത ജില്ലകളെല്ലാം ഓറഞ്ച് സോണിലാണ്.

ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം ജില്ലകളിലെ സ്ഥിതി വിലയിരുത്തി സോണുകളിൽ മാറ്റം വരുത്തുക എന്നതാണ്. റെഡ് സോണിലെ ജില്ലകളിലെ ഹോട്സ്പോട്ട്, കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പ്രസ്താവനയിൽ ഇതിനൊരു കണ്ടെയ്ൻമെന്റ് സോൺ ഉണ്ട്. ഇവിടെ ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരും. മറ്റ് ഇടങ്ങളിൽ ഇളവുണ്ടാകും. ഹോട്സ്പോട്ടുകളുള്ള നഗരസഭകളുടെ കാര്യത്തിൽ വാർഡോ, ഡിവിഷനോ ആണ് ഹോട്സ്പോട്ടായതെങ്കിൽ അത് അടച്ചിടുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതു പഞ്ചായത്തുകളുടെ കാര്യത്തിൽ കൂടി വ്യാപിപ്പിക്കും. വാർഡും അതുമായി കൂടിച്ചേർന്ന പ്രദേശവും കണ്ടെയ്ന്‍മെന്റ് സോണുകളാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഗ്രീൻ സോണിൽ അടക്കം പൊതുഗതാഗതം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവർക്കു പുറമെ രണ്ട് പേരിൽ കൂടുതൽ യാത്ര ചെയ്യരുത്. ഹോട്സ്പോട്ടുകളിലും ഇതു പാടില്ല. ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ്‌ യാത്ര പാടില്ല. ഒരാൾ മാത്രമേ സഞ്ചരിക്കാവൂ എന്നാണ് നിർദ്ദേശം. ഹോട്സ്പോട്ട് അല്ലാത്ത ഇടങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ സംസ്ഥാനത്ത് ഇളവ് അനുവദിക്കും. ആളുകൾ കൂടിച്ചേരുന്ന പരിപാടി പാടില്ല. സിനിമാ തിയറ്റർ, ആരാധനാലയങ്ങൾ, തുടങ്ങിയവയ്ക്കു നിയന്ത്രണം തുടരും. ആളുകൾ കൂടിച്ചേരുന്ന പരിപാടികൾ വേണ്ടെന്നു വയ്ക്കും. ഞായറാഴ്ച പൂർണ അവധിയായിരിക്കും. കടകൾ തുറക്കരുത്. വാഹനങ്ങൾ പുറത്തിറങ്ങരുത്. ഈ തീരുമാനത്തിന് നാളെ ഇളവുണ്ട്. തുടർന്നുള്ള ഞായറാഴ്ചകളിൽ നിയന്ത്രണം പൂർണതോതിൽ കൊണ്ടുവരണം. അവശ്യ സേവനങ്ങളായ സർക്കാർ ഓഫിസുകൾ മേയ് 15 വരെ പ്രവർത്തിക്കാം, മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ മെയ് 21നകം കൊവിഡ് വ്യാപനം അവസാനിക്കുമെന്ന് പഠന റിപ്പോർട്ട്. സിങ്കപ്പുർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് ഡിസൈനിലെ ഗവേഷകരാണ് പഠന റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള രോഗബാധിതർ, രോഗബാധ സംശയിക്കുന്നവർ, രോഗവിമുക്തരായവർ തുടങ്ങിയവരുടെ വിവരങ്ങൾക്കൊപ്പം കൊറോണ വൈറസിന്റെ ജീവിത ചക്രത്തിന്റെ വിവരങ്ങളും ശേഖരിച്ച് നിർമിതബുദ്ധിയുടെ സഹായത്തോടെ അപഗ്രഥിച്ചാണ് ഗവേഷകർ പഠനം നടത്തിയത്.

ഗവേഷകരുടെ നിഗമനമനുസരിച്ച് മെയ് 21 ആകുമ്പോഴേക്കും ഇന്ത്യയിലെ കോവിഡ്-19 ന്റെ വ്യാപനം 97 ശതമാനവും കറയും. മെയ് 29 ആകുമ്പോഴേക്കും ലോകമാകെയുള്ള കോവിഡ് വ്യാപനത്തിന്റെ നിരക്കും വലിയ തോതിൽ കുറയും. ഡിസംബർ എട്ട് ആകുമ്പോഴേക്കും രോഗം പൂർണമായും അപ്രത്യക്ഷമാകുമെന്നും ഇവർ വിലയിരുത്തുന്നു. മെയ് 16 വരെ ലോക്ക് ഡൗൺ നീട്ടിയാൽ ഇന്ത്യയിൽ കൊറോണ രോഗികൾ പുതിയതായി ഉണ്ടാകില്ലെന്നും ഇവർ നേരത്തെ നടത്തിയ പഠനത്തിൽ പറഞ്ഞിരുന്നു.

അതേസമയം ഈ റംസാൻ കാലം കഴിയുന്നതോടെ ഇന്ത്യയിൽ രോഗവ്യാപനം ഇല്ലാതാകുമെന്നും സന്തോഷത്തിന്റെ ഈദ് ആഘോഷിക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിൽ നിലവിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം 26,496 ആണ്. 824 പേർ മരിക്കുകയും 5,803 പേർ രോഗമുക്തരാകുകയും ചെയ്തു.

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് വാക്സിൻ പരീക്ഷണങ്ങളുടെ ആദ്യ ഫലങ്ങൾ ജൂൺ പകുതിയോടെ തയ്യാറാകുമെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ വിദഗ്ധർ അറിയിച്ചു. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രാസെനെക്കയുമായി പുതിയ ബന്ധം സ്ഥാപിച്ചതോടെ കാര്യങ്ങൾ വേഗത്തിലാകുമെന്ന് ഓക്സ്ഫോർഡ് സർവകലാശാല പറഞ്ഞു. ബ്രിട്ടീഷ്-സ്വീഡിഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായുള്ള കരാർ, ഫലപ്രദമാണെന്ന് തെളിഞ്ഞാൽ ലോകമെമ്പാടുമുള്ള വാക്സിനേഷൻ വേഗത്തിൽ വിതരണം ചെയ്യാൻ സാധിക്കുമെന്ന് സർവകലാശാല അറിയിച്ചു. സർവകലാശാലയുടെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്‌സിനുകളുടെ മനുഷ്യനിലുള്ള പരീക്ഷണങ്ങൾ കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു. നൂറുകണക്കിന് ആളുകൾ പഠനത്തിന്റെ ഭാഗമാകാൻ സന്നദ്ധരായി. ഇവർക്ക് 20 മില്യൺ പൗണ്ട് ധനസഹായവും സർക്കാർ പ്രഖ്യാപിച്ചു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ റീജിയസ് മെഡിസിൻ പ്രൊഫസർ സർ ജോൺ ബെൽ, ഈ പങ്കാളിത്തത്തെ “പകർച്ചവ്യാധികൾക്കെതിരായ പോരാട്ടത്തിലെ പ്രധാന ശക്തി” എന്നാണ് വിശേഷിപ്പിച്ചത്. “നൂറുകണക്കിന്” ആളുകൾക്ക് ഇപ്പോൾ ട്രയൽ വാക്സിൻ നൽകിയിട്ടുണ്ട്, റെഗുലേറ്റർമാർ അംഗീകരിച്ചുകഴിഞ്ഞാൽ വലിയ രീതിയിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുക എന്നതാണ് വെല്ലുവിളി. മറ്റുരാജ്യങ്ങളിലേക്ക് ഈ വാക്സിൻ എത്തിക്കേണ്ടതുണ്ട്. അതിനായി ഞങ്ങൾക്ക് ഒരു പങ്കാളിയെ ആവശ്യമുണ്ട്. അതുകൊണ്ട് ഞങ്ങൾ ആസ്ട്രാസെനെക്കയുമായി ചേർന്ന് പ്രവർത്തിക്കാൻ പോകുന്നു.” ജോൺ വെളിപ്പെടുത്തി.

രണ്ടാഴ്ച മുമ്പ് സർക്കാർ വാക്സിനേഷൻ ടാസ്‌ക്ഫോഴ്‌സ് ആരംഭിച്ചതിന് ശേഷം രൂപീകരിക്കുന്ന ആദ്യത്തെ പങ്കാളിത്തമാണിത്. ഉൽപാദനത്തിനും വിതരണത്തിനുമുള്ള ചെലവുകൾ മാത്രം ഉൾക്കൊണ്ടുകൊണ്ട് പകർച്ചവ്യാധിയുടെ കാലയളവിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കാൻ ഇരുവരും സമ്മതിച്ചിട്ടുണ്ട്. കൊറോണ വൈറസ് വാക്സിൻ ഫലപ്രദമാകുമോ ഇല്ലയോ എന്ന് ജൂൺ അല്ലെങ്കിൽ ജൂലൈ മാസത്തിനുള്ളിൽ അറിയാമെന്ന് ആസ്ട്രാസെനെകയുടെ ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞു. “ഓക്സ്ഫോർഡ് വാക്സിൻ യൂണിറ്റ് രോഗികളിലേക്കും റെഗുലേറ്ററി അതോറിറ്റികളിലേക്കും എത്തിക്കുന്നതിന് ഞങ്ങൾ തുടർന്നും പ്രവർത്തിക്കും.” അദ്ദേഹം കൂട്ടിച്ചേർത്തു. വാക്‌സിൻ പ്രോഗ്രാം വിപുലീകരിക്കുന്നതിനായി കമ്പനിയുമായി ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി കരാറിലെത്തിയെന്നത് വളരെ മികച്ച വാർത്ത ആണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് അഭിപ്രായപ്പെട്ടു. വാക്സിൻ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ രാജ്യങ്ങൾക്കും അദ്ദേഹം ആശംസകൾ അറിയിച്ചു. “ലോകത്തിന് വളരെയധികം ആവശ്യമുള്ള കോവിഡ് -19 വാക്സിൻ ഒരു വർഷത്തിനുള്ളിൽ ലഭിക്കണമെങ്കിൽ, ഞങ്ങൾ ഇപ്പോൾ ഉൽപാദന ശേഷി വർദ്ധിപ്പിക്കേണ്ടതുണ്ട്. അതിനാൽ തയ്യാറെടുപ്പുകൾ നടക്കുന്നത് അഭിനന്ദാർഹമാണ്. ” ; വെൽക്കം ട്രസ്റ്റ് വാക്സിനുകളുടെ തലവൻ ഡോ. ചാർലി വെല്ലർ പറഞ്ഞു. എന്നാൽ ഈയൊരു ശ്രമം ആഗോളമായിരിക്കണമെന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ് വൈറസ് വ്യാപനത്തേയ്ക്കാള്‍ ഇരട്ടി വേഗത്തിലാണ് ഇതുസംബന്ധിച്ചുള്ള വ്യാജ വാര്‍ത്തകള്‍ വ്യാപിക്കുന്നത്. ഇറാനില്‍ മെത്തനോള്‍ കുടിച്ചാല്‍ കൊവിഡ് വരില്ലെന്ന വാര്‍ത്തയാണ് വ്യാപകമായി പ്രചരിക്കുന്നത്.

എന്നാല്‍ വാര്‍ത്തയില്‍ വിശ്വസിച്ച് നിരവധി പേരാണ് മെത്തനോള്‍ കുടിച്ചത്. ഇതുവരെ 700 പേര്‍ മരണപ്പെട്ടതായും വിവരമുണ്ട്. മരണനിരക്ക് ഇനിയും ഉയരാമെന്നാണ് ഇറാനിയന്‍ ആരോഗ്യ മന്ത്രാലയം വക്താവ് ഹൊസൈന്‍ ഹസ്സാനിയാന്‍ അറിയിച്ചത്. ആശുപത്രിയിലെത്താതെ 200ഓളം പേര്‍ മരിച്ചതിനാലാണ് നിരക്ക് ഇനിയും കൂടാമെന്ന് വ്യക്തമാക്കിയതെന്നും അദ്ദേഹം പറയുന്നു.

ഫെബ്രുവരി 20നും ഏപ്രില്‍ ഏഴിനും ഇടയിലാണ് ഇത്രയും പേര്‍ മരിച്ചത്. ആകെ 5011 പേര്‍ക്ക് മെത്തനോള്‍ ഉപയോഗിച്ചത് വഴി അപകടം സംഭവിച്ചിട്ടുണ്ടെന്ന് മറ്റൊരു വക്താവായ കിയാനോഷ് ജഹാന്‍പൂര്‍ പറയുന്നു. 90ഓളം പേരുടെ കാഴ്ച നഷ്ടപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊറോണയ്‌ക്കെതിരെ വാക്സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കിയിരിക്കുകയാണ് അമേരിക്ക.

അമേരിക്കയില്‍ നടന്ന പരീക്ഷണത്തില്‍ കൊറോണയ്ക്കെതിരെ ഗിലിയഡിന്റെ റെംഡിസിവിര്‍ പ്രതീക്ഷയേകുന്ന ഫലങ്ങളാണ് നല്‍കുന്നത്. കൊറോണയെ പ്രതിരോധിക്കാന്‍ ഈ മരുന്നിനാകുമെന്നാണ് പുതിയ കണ്ടെത്തല്‍. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്സ് ഓഫ് ഹെല്‍ത്ത് നടത്തിയ ഈ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

നേരത്തെ റെംഡിസിവിര്‍ പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഈ വാക്സിന്‍ ലോകത്തിന്റെ തന്നെ തലവര മാറ്റിയെഴുതുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചനകള്‍. ഈ വാക്സിനിലൂടെ ഒരു രോഗിക്ക് വൈറസിനെ അതിജീവിക്കാന്‍ കുറഞ്ഞ ദിവസം മതിയെന്നാണ് കണ്ടെത്തിയത്.

ശരാശരി നാല് ദിവസത്തെ വ്യത്യാസമാണ് രോഗ പ്രതിരോധ ശേഷിയില്‍ കണ്ടെത്തുന്നത്. ലോകത്താകമാനമുള്ള 1063 കൊറോണവൈറസ് രോഗികളിലാണ് റെംഡിസിവിര്‍ പരീക്ഷിച്ചത്. വൈറ്റ് ഹൗസ് ഡോക്ടര്‍ ആന്റണി ഫൗസിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഗിലിയഡിന്റെ വാക്സിന്‍ രോഗികളില്‍ 31 ശതമാനം രോഗശമനത്തിലുള്ള സാധ്യതയാണ് ഒരുക്കുന്നത്

പൊതുവേ കൊറോണ ബാധിച്ചവര്‍ക്ക് സാധാരണ ചികിത്സ നല്‍കിയാല്‍ 15 ദിവസത്തിനുള്ളിലാണ് രോഗം ഭേദമാകുന്നത്. റെംഡിസിവിര്‍ നല്‍കിയ രോഗികളില്‍ ഇത് 11 ദിവസത്തിനുള്ളില്‍ ഭേദമായെന്നാണ് ഫൗസി അവകാശപ്പെടുന്നത്. റെംഡിസിവിര്‍ ഉപയോഗിച്ചവരില്‍ വളരെ കുറഞ്ഞ മരണനിരക്കാണ് രേഖപ്പെടുത്തിയതെന്നും ഫൗസി കൂട്ടിച്ചേര്‍ത്തു.

കൊറോണയെ ഒരു വാക്സിനോ മരുന്നോ കൊണ്ട് പ്രതിരോധിക്കാന്‍ കഴിയുമെന്ന കാര്യം ഇതിലൂടെ മനസ്സിലായെന്നും അദ്ദേഹം പറയുന്നു. കൊറോണവൈറസിന്റെ ജനിതക ഘടന ഉപയോഗിച്ച് അതിനെ പ്രതിരോധിക്കാനുള്ള രീതിയിലാണ് റെംഡിസിവിര്‍ നിര്‍മിച്ചിരിക്കുന്നത്. സാര്‍സ്, മെര്‍സ് എന്നീ മഹാമാരികള്‍ക്കെതിരെയും ഈ മരുന്ന് വിജയകരമായി ഉപയോഗിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ലോകത്തൊരിടത്തും ഇതുവരെ റെംഡിസിവിര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ രോഗികളില്‍ അടിയന്തര സാഹചര്യത്തില്‍ റെംഡിസിവിര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാനൊരുങ്ങുകയാണ് അമേരിക്ക. റെംഡിസിവിര്‍ ഇതുവരെയുള്ള പ്രതിരോധ വാക്സിനുകളില്‍ മുന്നിട്ട് നില്‍ക്കുന്നതായിട്ടാണ് കണ്ടെത്തല്‍. പോസിറ്റീവായിട്ടുള്ള രോഗശമനമാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്.

ഇതോടെയാണ് രോഗികളില്‍ മരുന്ന് ഉപയോഗിക്കാന്‍ ഒരുങ്ങുന്നത്. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കൂടുതല്‍ വാക്സിനുകള്‍ക്കായി ഗിലിയഡിനെ സമീപിച്ചിട്ടുണ്ട്. കൂടുതല്‍ ഡോസുകള്‍ നിര്‍മിക്കാനും ആശുപത്രികളില്‍ എത്തിക്കാനും നിര്‍ദേശമുണ്ട്. അതേസമയം, നേരത്തെ ചൈനയിലെ രോഗികളില്‍ ഈ വാക്സിന്‍ പരീക്ഷിച്ചെങ്കിലും വിജയം കണ്ടിരുന്നില്ലെന്നത് ചെറിയ ആശങ്കയും ഉയര്‍ത്തുന്നുണ്ട്.

സംസ്ഥാനത്ത് ഇന്ന് പത്തു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 495 ആയി.കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊല്ലത്ത് ആറുപേര്‍ക്കും തിരുവനന്തപുരം, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കു വീതവുമാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊല്ലത്ത് അഞ്ചുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഒരാള്‍ ആന്ധ്രാപ്രദേശില്‍ നിന്ന് വന്നതാണ്. തിരുവനന്തപുരത്ത് ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നതാണ്. കാസര്‍കോട് രണ്ടുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ മാധ്യമപ്രവര്‍ത്തകനുമാണ്. കാസര്‍കോട്ട് രോഗം സ്ഥിരീകരിച്ച രണ്ടുപേരില്‍ ഒരാള്‍ ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ്. അതെസമയം പത്തുപേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി. കണ്ണൂരില്‍ മൂന്ന് പേര്‍ കോഴിക്കോട് മൂന്ന് പേര്‍ കാസര്‍കോട് മൂന്ന് പേര്‍ പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്.

നിലവില്‍ 123 പേര്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ആകെ 20,673 പേര്‍ നിരീക്ഷണത്തിലുണ്ട്. 20,172 പേര്‍ വീടുകളിലും, 501 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 84 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 24,952 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 23,880 എണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി അറിയിച്ചു.

RECENT POSTS
Copyright © . All rights reserved