കൊവിഡ് ഭീതി മാറിയില്ല, ആശങ്കയിലാക്കി ഡെങ്കിപ്പനിയും. തൊടുപുഴയില്‍ പത്ത് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴ നഗരസഭയിലും ആലക്കോട്, കോടിക്കുളം പഞ്ചായത്തിലുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
കൊവിഡ് പ്രവര്‍ത്തനങ്ങളുമായി ആരോഗ്യപ്രവര്‍ത്തകര്‍ തിരക്കിലാണ്. ഡെങ്കിപ്പനി വരാതിരിക്കാനും പ്രതിരോധിക്കാനും ഓരോരുത്തരും സഹകരിക്കണമെന്ന് ഡിഎംഒ അറിയിച്ചു. പത്ത് പേരും തൊടുപുഴയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ലോക് ഡൗണ്‍ നിലവില്‍ വന്നതിന് ശേഷം മേഖലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായിരുന്നില്ല. ഇതിനൊപ്പം വേനല്‍ മഴ കൂടി വന്നതോടെ ഡെങ്കിപ്പനി പടര്‍ന്നു. നേരത്തെ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്നതാണ് ഈ കൊതുകുകള്‍. അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ് വസ്തുക്കള്‍, ടയറുകള്‍, റബര്‍ തോട്ടത്തിലെ ചിരട്ടകള്‍ തുടങ്ങിയവയില്‍ മഴവെള്ളം കെട്ടികിടക്കുന്നത് കൊതുകുകളുടെ പ്രജനനത്തിന് ഇടയാക്കുന്നു. വീടും പരിസരവും എല്ലാവരും വൃത്തിയാക്കി വെക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ താത്കാലിക കോവിഡ് ആശുപത്രിയാക്കി മാറ്റുന്നു. 3000 ബെഡുകളാണ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഒരുക്കുന്നത്. അതില്‍ 800 എണ്ണം തീവ്ര പരിചരണ വിഭാഗത്തിലേക്കാണെന്ന് എഞ്ചിനീയറിംഗ് ഡയറക്ടറായ അലി അബ്ദുല്‍ഖാദര്‍ അറിയിച്ചു.
കോവിഡ് പ്രതിരോധത്തിനായി 4000- 5000 ബെഡുകളുള്ള രണ്ട് താത്കാലിക ആശുപത്രികള്‍ ഒരുക്കുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖത്താമി പറഞ്ഞിരുന്നു. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് തയ്യാറാണ്.
ആശുപത്രിയുടെ അവസാന ഘട്ട പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് ശേഷം ഡോക്ടര്‍മാരും നഴ്സുമാരും അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ ആശുപത്രിയില്‍ നിയമിക്കുമെന്നാണ് വിവരം.
ആശുപത്രി ഭാഗികമായി നാളെ തുറക്കും. 1000 ബെഡാണ് നാളേയ്ക്ക് തയ്യാറായിരിക്കുന്നത്. ഘട്ടം ഘട്ടമായാണ് ആശുപത്രി ഒരുക്കുക. ആവശ്യങ്ങള്‍ കൂടുന്നതിന് അനുസരിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം വര്‍ധിപ്പിക്കും.
കോവിഡ് രോഗികള്‍ക്കായി 10000 ബെഡുകളാണ് അധികൃതര്‍ ലക്ഷ്യം വയ്ക്കുന്നത്. രാജ്യാന്തര വാണിജ്യ വ്യവസായ പ്രദര്‍ശനങ്ങള്‍ നടക്കുന്ന ഇടമാണ് ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍. ബെഡുകളുടെ എണ്ണം ഉയര്‍ത്തുന്നതിനായി ഹോട്ടലുകളും ആശുപത്രികളാക്കിയേക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ലോകമെമ്പാടും വ്യാപകമായി പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന് ശക്തമായ പിന്തുണയാണ് രാജ്യത്തെ വാഹന വ്യവസായ ലോകത്തു നിന്നും ലഭിക്കുന്നത്.ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ മറ്റൊരു സംഭാവന നല്‍കിയിരിക്കുകയാണ്.
രോഗികള്‍ക്ക് അതിവേഗത്തില്‍ ചികിത്സ ലഭ്യമാക്കുന്നതിന് രാജ്യത്തുടനീളം മൊബൈല്‍ ബൈക്ക് ആംബുലന്‍സുകള്‍ സംഭാവന ചെയ്യാനാണ് ഹീറോയുടെ തീരുമാനം.ബെഡ്, പ്രഥമശുശ്രൂഷ കിറ്റ്, ഓക്‌സിജന്‍ സിലിണ്ടര്‍, അഗ്‌നിശമന ഉപകരണങ്ങള്‍, സൈറണ്‍ തുടങ്ങി ആവശ്യമായ എല്ലാ അടിയന്തിര ഉപകരണങ്ങളും മെഡിക്കല്‍ കിറ്റുകളും ഈ മോട്ടോര്‍സൈക്കിളുകളില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്.
ഗ്രാമീണ, വിദൂര പ്രദേശങ്ങളിലെ രോഗികളിലേക്ക് അതി വേഗം എത്തിച്ചേരുക എന്നതാണ് യൂട്ടിലിറ്റേറിയന്‍ മൊബൈല്‍ ആംബുലന്‍സിന്റെ ലക്ഷ്യം. അത്തരം പ്രദേശങ്ങളിലെ രോഗികളെ അടുത്തുള്ള ആശുപത്രിയിലേക്ക് വേഗം കൊണ്ടുപോകാനും ഈ ആംബുലന്‍സുകള്‍ക്ക് സാധിക്കും. ഈ ആംബുലന്‍സുകള്‍ രാജ്യത്തെ വിവിധ ആരോഗ്യ വകുപ്പുകള്‍ക്ക് കമ്പനി കൈമാറും.
ഇതിനുപുറമെ, രാജ്യത്ത് കോവിഡ് -19 വ്യാപിക്കുന്നതിനെ ചെറുക്കാന്‍ ഹീറോ ഗ്രൂപ്പ് 100 കോടി രൂപയും നല്‍കിയിട്ടുണ്ട്. ഇതില്‍ 50 കോടി രൂപ പ്രധാനമന്ത്രിയുടെ കൊറോണ വൈറസ് ദുരിതാശ്വാസ ഫണ്ടായ പി എം കെയേഴ്‌സിന് നല്‍കി. ബാക്കിയുള്ള 50 കോടി വിവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും.
കോവിഡ് ഭീതിയിൽ ആശ്വാസം പകരുന്ന സൂചനകളാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിലുള്ളത്. 70 കൊറോണവൈറസ് വാക്സിനുകൾ പരീക്ഷണഘട്ടത്തിലാണെന്നും ഈ വാക്സിനുകളിൽ മിക്കതും ആദ്യഘട്ട വിജയം കൈവരിച്ചെന്നും റിപ്പോർട്ട് പറയുന്നു. ഇതിൽ മൂന്നെണ്ണം മനുഷ്യരിലും പരീക്ഷിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
ഇപ്പോൾ 70 കോവിഡ്-19 വാക്സിനുകൾ വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ മൂന്നെണ്ണം ഇതിനകം തന്നെ മനുഷ്യ പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മൂന്നിൽ ആദ്യത്തേത് ഹോങ്കോങ്ങിന്റെ കാൻസിനോ ബയോളജിക്സും ബീജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജി വികസിപ്പിച്ചെടുത്ത വാക്സിനാണ്. വാക്സിൻ വികസനം ഇതിനകം രണ്ടാം ഘട്ടത്തിലെത്തി.
മറ്റ് രണ്ട് കൊറോണ വൈറസ് വാക്സിനുകൾ യുഎസിലെ മരുന്ന് നിർമ്മാതാക്കളാണ് വികസിപ്പിച്ചെടുക്കുന്നത്. മോഡേണ, ഇനോവിയോ ഫാർമസ്യൂട്ടിക്കൽസ് എന്നിവരാണ്. ഇവരുടെ രണ്ടും ആദ്യഘട്ടം വിജയിച്ചു കഴിഞ്ഞു. മോഡേണയുടെ വാക്‌സിനിൽ ഒരു ലാബിൽ നിർമ്മിച്ച മെസഞ്ചർ ആർഎൻഎ അല്ലെങ്കിൽ എംആർഎൻഎ എന്ന ജനിതക വസ്തുക്കൾ അടങ്ങിയിരിക്കുന്നു. എംആർഎൻഎ അടിസ്ഥാനപരമായി ഒരു ജനിതക കോഡാണ്, അത് എങ്ങനെ പ്രോട്ടീൻ രൂപപ്പെടുത്താമെന്ന് സെല്ലുകളെ നിർദ്ദേശിക്കുന്നു.
വൈറസ് പ്രോട്ടീനുകളോട് സാമ്യമുള്ള പ്രോട്ടീനുകൾ നിർമ്മിക്കുന്നതിനുള്ള ശരീരത്തിന്റെ സ്വന്തം സെല്ലുലാർ സംവിധാനങ്ങളെ mRNA പറയുന്നു, അങ്ങനെ ഒരു രോഗപ്രതിരോധ പ്രതികരണം ഉണ്ടാകുന്നു.കൂടാതെ, ഫാർമസ്യൂട്ടിക്കൽ ലോകത്തെ പ്രധാന സ്ഥാപനങ്ങളായ ഫൈസർ, സനോഫി, ജോൺസൺ ആൻഡ് ജോൺസൺ എന്നിവരും വാക്സിനുകൾക്കായി പ്രവർത്തിക്കുന്നുണ്ട്
നടി ശ്രിയ ശരണിന്റെ ഭർത്താവ് കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് വീട്ടിൽ ഐസൊലേഷനിൽ. ശ്രിയയുടെ ഭർത്താവ് ആൻഡ്രൂ കൊസ്ചീവിനാണ് കൊവിഡ് ലക്ഷണങ്ങൾ പ്രകടമായിരിക്കുന്നത്. ശ്രിയ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കൊവിഡ് അതിരൂക്ഷമായി ബാധിച്ചിരിക്കുന്ന സ്‌പെയിനിലാണ് ഇരുവരും ഇപ്പോൾ താമസിക്കുന്നത്. കൊവിഡ് രോഗലക്ഷണങ്ങൾ പ്രകടമായ സാഹചര്യത്തിൽ ബാർസലോണയിലെ ആശുപത്രിയിൽ ഭർത്താവ് ചികിത്സ തേടിയെന്ന് ശ്രിയ പറയുന്നു.
എന്നാൽ ആശുപത്രിയിൽ നിന്നും എത്രയും പെട്ടെന്ന് പോകാനും ഇല്ലെങ്കിൽ രോഗമില്ലാത്തവർക്ക് ഇവിടെ നിന്ന് രോഗം പിടിപെടുമെന്നാണ് ഡോക്ടർമാർ പറഞ്ഞെതെന്ന് ശ്രിയ പറയുന്നു. ഇതേതുടർന്നാണ് ആൻഡ്രൂ വീട്ടിൽ ഐസൊലേഷനിൽ കഴിയുന്നത്. നിലവിൽ ഭർത്താവിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും ശ്രിയ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
റഷ്യൻ പൗരനായ ആൻഡ്രൂ കെസ്ചീവിനെ 2018 ലാണ് ശ്രിയ വിവാഹം ചെയ്തത്. രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചായിരുന്നു വിവാഹം. ഇരുവരും നിലവിൽ താമസിക്കുന്ന സ്‌പെയിനിൽ 17000ത്തിലേറെ പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
കൊവിഡ്-19 ലോകവ്യാപകമായി പടർന്നു പിടിക്കുകയാണ്. തമിഴ്‌നാടും ഡൽഹിയും മഹാരാഷ്ട്രയും അതീവ ജാഗ്രതയിലാണ്. എന്നാൽ നടൻ വിജയ് ആശങ്കയിലായിരിക്കുന്നത് മകനെ ഓർത്താണ്. കാനഡയിലാണ് വിജയ്‌യുടെ മകൻ.
മകനെകുറിച്ചോർത്താണ് വിജയ് ആശങ്കയിലായിരിക്കുന്നത്. വിജയ്‍യും ഭാര്യ സംഗീതയും മകൾ ദിവ്യയും ചെന്നൈയിലെ വീട്ടിലാണ്. മകൻ ഉപരിപഠനത്തിനായി കാനഡയിലും. കാനഡയിൽ ഇതുവരെ 24000 പേർക്കാണ് കൊവിഡ് പോസിറ്റീവായത്.
എന്തായാലും ചെന്നൈയിലേക്ക് തിരികെ വരാനും സാധിക്കാത്ത അവസ്ഥയാണ്. കാരണം, അസുഖബാധിതരുടെ എണ്ണവും മരണനിരക്കും തമിഴ്‌നാട്ടിൽ ദിനംപ്രതി വർധിക്കുന്ന പശ്ചാത്തലത്തിൽ ഏപ്രിൽ 30 വരെ ലോക്ക് ഡൗൺ നീട്ടിയിരിക്കുകയാണ്.
കൊവിഡ് 19 എന്ന വൈറസ് ഭീതിയിലാണ് ലോകം മുഴുവന്‍. കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ലക്ഷക്കണക്കിന് പേരാണ് മരിച്ചത്. ലോകം മുഴുവന്‍ ഭീതിയില്‍ നില്‍ക്കുമ്പോള്‍ ഉറ്റവരെ ഉപേക്ഷിച്ച് സ്വന്തം ആരോഗ്യം പോലും നോക്കാതെ മറ്റുള്ളവര്‍ക്കായി സേവനമനുഷ്ഠിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഇവരുടെ സേവനത്തിന് ആദരമൊരുക്കുകയാണ് ലോകാത്ഭുതങ്ങളിലൊന്നായ ബ്രസീലിലെ സ്റ്റാച്യു ഓഫ് ക്രൈസ്റ്റ് റെഡീമര്‍.
ബ്രസീലിലെ സ്റ്റാച്യു ഓഫ് ക്രൈസ്റ്റ് റെഡീമറില്‍ ഡോക്ടറുടെ വേഷം ആലേഖനം ചെയ്തതാണ് കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ മുന്നിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരം ഒരുക്കിയത്. സ്റ്റെതസ്‌കോപ്പും വെള്ള കോട്ടും അണിഞ്ഞ് നില്‍ക്കുന്ന തരത്തിലാണ് സ്റ്റാച്യു ഓഫ് ക്രൈസ്റ്റ് റെഡീമറിനെ ഒരുക്കിയത്. ഈസ്റ്റര്‍ ദിനമായ ഞായറാഴ്ചയാണ് ആദരം അര്‍പ്പിച്ചത്.
പിന്നാലെ വിവിധ ഡോക്ടര്‍മാരുടെ ചിത്രങ്ങളും തെളിഞ്ഞുവരുന്നുണ്ട്. ഇതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. നേരത്തെ കൊവിഡില്‍ നിന്ന് മുക്തി നേടുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് പ്രതിമയില്‍ വിവിധ രാജ്യങ്ങളുടെ പതാകകള്‍ ആലേഖനം ചെയ്തിരുന്നു. കൊവിഡ് 19 പിടിമുറുക്കിയ രാജ്യങ്ങളുടെ പതാകകളാണ് പ്രതിമയില്‍ പുതപ്പിച്ചിരുന്നത്.
Messages of thanks and hope in different languages were projected onto the iconic Christ the Redeemer statue on Easter Sunday pic.twitter.com/DzJmR3fKBm
— Reuters (@Reuters) April 14, 2020
ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗർഭിണിയായ മലയാളി നഴ്‌സിന്റെ കുഞ്ഞിനും കൊറോണ ബാധ. രണ്ട് വയസ്സായ കുഞ്ഞിനാണ് കൊറോണ ബാധിച്ചത്. നിലവിൽ രണ്ട് പേരുടെയും ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ല. കുഞ്ഞിന്റെ പരിശോധനാഫലം ഇന്നലെ രാത്രിയോടെയാണ് പുറത്ത് വന്നത്.
കുഞ്ഞ് യാതൊരു വിധ രോഗ ലക്ഷണങ്ങളും കാണിക്കുന്നില്ല എന്നത് ആശ്വാസം നൽകുന്നുണ്ട്. നിലവിൽ എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലുള്ള നഴ്‌സ് എട്ട് മാസം ഗർഭിണിയാണ്.
ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെടുന്ന 29ാമത്തെ കൊറോണ കേസാണിത്. 23 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 29പേരാണ് ഈ ആശുപത്രിയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. ഏപ്രിൽ 1മുതൽ ആശുപത്രി അടച്ചിട്ടിരുന്നു.
കൊവിഡ് രോഗം ഗുരുതരമായ രീതിയിൽ പടർന്നുപിടിക്കുന്നതിനിടെ രോഗം പരിശോധിക്കുന്നതിന് വേണ്ടിയുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ തമിഴ്‌നാട്ടിലേക്ക് ഇനിയും എത്തിയില്ല. ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കാനിരുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ അമേരിക്ക കൊണ്ടുപോയെന്നാണ് ലഭിച്ച വിവരം. ഇതോടെ തമിഴ്‌നാട്ടിൽ റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ ക്ഷാമം നേരിടുകയാണ്.
കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ ചൈനയിൽ നിന്നാണ് തമിഴ്‌നാട് ഒരു ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഓർഡർ ചെയ്തത്. എന്നാൽ ആ കിറ്റുകൾ ഇന്ത്യയിൽ ഇത് വരെ എത്തിയിട്ടില്ല. ഇന്ത്യയിൽ എത്തിയാൽ ഉടൻ സംസ്ഥാനത്തിന് ലഭിക്കേണ്ടതാണ്. തമിഴ്‌നാട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിന് ശേഷം 50000 കിറ്റുകൾ അധികമായി വീണ്ടും ഓർഡർ ചെയ്തിരുന്നു. മുഖ്യമന്ത്രി വീണ്ടും ആവശ്യപ്പെട്ടതിനെ തുടർന്ന് രണ്ട് ലക്ഷം കിറ്റുകളാണ് വീണ്ടും ആവശ്യപ്പെട്ടത്. ഇതോടെ ഇതുവരെ നാല് ലക്ഷം കിറ്റുകൾ ആണ് ഓർഡർ ചെയ്തതെന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറി കെ ഷൺമുഖം ശനിയാഴ്ച പറഞ്ഞു.
നേരത്തെ, ജർമ്മനിയും ഫ്രാൻസും അമേരിക്കയ്‌ക്കെതിരെ സമാനമായ പരാതിയുമായി രംഗതെത്തിയിരുന്നു. ഹോങ്കോങിൽ നിന്നും തങ്ങൾക്ക് അനുവദിച്ച റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ അമേരിക്ക തട്ടിക്കൊണ്ടു പോയതായാണ് രാഷ്ട്രങ്ങൾ ആരോപിച്ചിരുന്നത്.
കോവിഡ്-19 വൈറസ് രോഗബാധയ്ക്കെതിരെ കേരളസര്‍ക്കാര്‍ കൈക്കൊണ്ട ശക്തമായ നടപടികളെയും കരുത്തുറ്റ തീരുമാനങ്ങളെയും പ്രകീര്‍ത്തിച്ച് അമേരിക്കന്‍ മാധ്യമം വാഷിങ്ടണ്‍ പോസ്റ്റ്. രോഗബാധ തടയാന്‍ കൈക്കൊണ്ട നടപടികള്‍, രോഗബാധ സംശയിക്കുന്നവരെ ഉടനടി ക്വാറന്റൈനില്‍ പാര്‍പ്പിക്കല്‍, സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍, മികച്ച ചികില്‍സാ സൗകര്യം ഒരുക്കല്‍ തുടങ്ങി കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ നടപടികളെ വാഷിങ്ടണ്‍ പോസ്റ്റ് വ്യക്തമായി വിശദീകരിക്കുന്നു.
രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ആദ്യസംസ്ഥാനമായിട്ടും കേരളത്തില്‍ ഏപ്രില്‍ ആദ്യവാരമായപ്പോഴേക്കും പുതിയ കേസുകളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കാനും 34 ശതമാനം പേര്‍ക്ക് രോഗമുക്തി നേടിക്കൊടുക്കാനും സംസ്ഥാനത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചെന്ന് വാഷിങ്ടണ്‍ പോസ്റ്റ് വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, കുടുങ്ങിപ്പോയ അതിഥി തൊഴിലാളികള്‍ക്കായി താമസസൗകര്യം ഒരുക്കിയതും, ഭക്ഷണമില്ലാതെ വലഞ്ഞ പാവങ്ങള്‍ക്കായി സൗജന്യം ഉച്ചഭക്ഷണം നല്‍കിയതുമടക്കം സര്‍ക്കാരിന്റെ കരുതലും ജാഗ്രതയും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.