കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ താത്കാലിക കോവിഡ് ആശുപത്രിയാക്കി മാറ്റുന്നു. 3000 ബെഡുകളാണ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഒരുക്കുന്നത്. അതില്‍ 800 എണ്ണം തീവ്ര പരിചരണ വിഭാഗത്തിലേക്കാണെന്ന് എഞ്ചിനീയറിംഗ് ഡയറക്ടറായ അലി അബ്ദുല്‍ഖാദര്‍ അറിയിച്ചു.

കോവിഡ് പ്രതിരോധത്തിനായി 4000- 5000 ബെഡുകളുള്ള രണ്ട് താത്കാലിക ആശുപത്രികള്‍ ഒരുക്കുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖത്താമി പറഞ്ഞിരുന്നു. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് തയ്യാറാണ്.

ആശുപത്രിയുടെ അവസാന ഘട്ട പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് ശേഷം ഡോക്ടര്‍മാരും നഴ്സുമാരും അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ ആശുപത്രിയില്‍ നിയമിക്കുമെന്നാണ് വിവരം.

ആശുപത്രി ഭാഗികമായി നാളെ തുറക്കും. 1000 ബെഡാണ് നാളേയ്ക്ക് തയ്യാറായിരിക്കുന്നത്. ഘട്ടം ഘട്ടമായാണ് ആശുപത്രി ഒരുക്കുക. ആവശ്യങ്ങള്‍ കൂടുന്നതിന് അനുസരിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം വര്‍ധിപ്പിക്കും.

കോവിഡ് രോഗികള്‍ക്കായി 10000 ബെഡുകളാണ് അധികൃതര്‍ ലക്ഷ്യം വയ്ക്കുന്നത്. രാജ്യാന്തര വാണിജ്യ വ്യവസായ പ്രദര്‍ശനങ്ങള്‍ നടക്കുന്ന ഇടമാണ് ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍. ബെഡുകളുടെ എണ്ണം ഉയര്‍ത്തുന്നതിനായി ഹോട്ടലുകളും ആശുപത്രികളാക്കിയേക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.