കോവിഡ്-19 വൈറസ് രോഗബാധയ്ക്കെതിരെ കേരളസര്‍ക്കാര്‍ കൈക്കൊണ്ട ശക്തമായ നടപടികളെയും കരുത്തുറ്റ തീരുമാനങ്ങളെയും പ്രകീര്‍ത്തിച്ച് അമേരിക്കന്‍ മാധ്യമം വാഷിങ്ടണ്‍ പോസ്റ്റ്. രോഗബാധ തടയാന്‍ കൈക്കൊണ്ട നടപടികള്‍, രോഗബാധ സംശയിക്കുന്നവരെ ഉടനടി ക്വാറന്റൈനില്‍ പാര്‍പ്പിക്കല്‍, സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍, മികച്ച ചികില്‍സാ സൗകര്യം ഒരുക്കല്‍ തുടങ്ങി കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ നടപടികളെ വാഷിങ്ടണ്‍ പോസ്റ്റ് വ്യക്തമായി വിശദീകരിക്കുന്നു.
രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ആദ്യസംസ്ഥാനമായിട്ടും കേരളത്തില്‍ ഏപ്രില്‍ ആദ്യവാരമായപ്പോഴേക്കും പുതിയ കേസുകളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കാനും 34 ശതമാനം പേര്‍ക്ക് രോഗമുക്തി നേടിക്കൊടുക്കാനും സംസ്ഥാനത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചെന്ന് വാഷിങ്ടണ്‍ പോസ്റ്റ് വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, കുടുങ്ങിപ്പോയ അതിഥി തൊഴിലാളികള്‍ക്കായി താമസസൗകര്യം ഒരുക്കിയതും, ഭക്ഷണമില്ലാതെ വലഞ്ഞ പാവങ്ങള്‍ക്കായി സൗജന്യം ഉച്ചഭക്ഷണം നല്‍കിയതുമടക്കം സര്‍ക്കാരിന്റെ കരുതലും ജാഗ്രതയും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
കൊവിഡ് ബാധിച്ച മാഹി സ്വദേശിയുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചിരുന്നുവെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. വൈറസ് ബാധ കണ്ടെത്തുമ്പോൾ തന്നെ ശാരീരികമായി തീര്‍ത്തും അവശനായിരുന്നു അദ്ദേഹം. ഏപ്രിൽ 1 ആസ്റ്റർ മിംസ്ൽ വെച്ച് സാമ്പിൾ എടുത്തു പരിശോധിച്ചപ്പോഴാണ് രോഗം തെളിഞ്ഞത്.
കേരളത്തിൽ ചികിത്സ തേടി എന്നതിനപ്പുറം മാഹി സ്വദേശിയാണ് മെഹറൂഫ്. അതുകൊണ്ട് തന്നെ മരണം എങ്ങനെ രേഖപ്പെടുത്തണം എന്നത് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഇനിയും എടുക്കേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
മഹറൂഫിന് എങ്ങനെയാണ് രോഗം പിടിപെട്ടത് എന്നതു സംബന്ധിച്ച് ഇതുവരെ കണ്ടുപിടിക്കപ്പെട്ടില്ല.പള്ളിയില്‍ പോയിരുന്ന ഇദ്ദേഹം മതചടങ്ങുകളിലും വിവാഹ നിശ്ചയചടങ്ങിലും സജീവമായി പങ്കെടുത്തിരുന്നതായാണ് സൂചന. ഇയാള്‍ ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂര്‍ പഞ്ചായത്തുകളില്‍ നിരന്തരം യാത്ര ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പന്ന്യന്നൂരില്‍ വിവാഹ ചടങ്ങിലും പങ്കെടുത്തിട്ടുണ്ട്.
കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന മാഹി സ്വദേശി മരിച്ചു. നാല് ദിവസമായി കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി മെഹ്റൂഫാണ് മരിച്ചത്. 71 വയസായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് രാവിലെ 7.15 ഓടെയാണ് മരണം.
രണ്ടാഴ്ച മുൻപാണ് ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. മാർച്ച് 26 ന് ഇദ്ദേഹത്തെ തലശേരി ടെലി സെന്ററിലേക്ക് കൊണ്ടുപോയി. പിന്നീട് 29 നും 30 നും ഇദ്ദേഹം ആശുപത്രിയിലെത്തി. 30 ാം തീയതി നില വഷളായ ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്തു. പിന്നീട് ആരോഗ്യസ്ഥിതി വഷളായതോടെ ഇദ്ദേഹത്തെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ വച്ച് ന്യൂമോണിയ ബാധിക്കുകയും ആരോഗ്യസ്ഥിതി കൂടുതൽ വഷളാവുകയും ചെയ്തു. ഈ സമയത്ത് കൊവിഡ് പരിശോധന നടത്തുകയും ഫലം പോസിറ്റീവാണെന്ന് വ്യക്തമാവുകയും ചെയ്തു. ഇതോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗിയും വൃക്കരോഗിയുമായിരുന്ന ഇദ്ദേഹത്തെ വെന്റിലേറ്ററിൽ ആക്കിയിരുന്നു. നാല് ദിവസം തീവ്രമായി പരിശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല.
എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. മാഹിയിൽ പലയിടങ്ങളിലും ഇദ്ദേഹം ലോക്ക് ഡൗൺ കാലത്ത് സഞ്ചരിച്ചിരുന്നു. നൂറിലേറെ പേരുമായി സമ്പർക്കം പുലർത്തിയെന്ന് കണ്ടെത്തി. നേരിട്ട് ഇടപഴകിയ 26 പേരുടെ സ്രവം പരിശോധിച്ചു. എന്നാൽ ആർക്കും രോഗം കണ്ടെത്താനായില്ല. കണ്ണൂരിൽ ഇതുവരെ 65 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 33 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് ബാധിതരുടെയും രോഗം ബാധിച്ച് മരിച്ചവരുടെയും എണ്ണത്തില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 40 പേര്‍ രോഗബാധിതരായി മരിച്ചെന്ന ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ ഇതുവരെ വൈറസ് ബാധിതരായി രാജ്യത്ത് മരിച്ചവരുടെ എണ്ണം 239 ആയി. പുതിയതായി 1035 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‍തതോടെ രോഗബാധിതരുടെ എണ്ണം 7447 ആയി. 643 പേര്‍ക്ക് രോഗംഭേദമായെന്ന ആശ്വാസ കണക്കുകളും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം ലോകത്ത് കൊവിഡ് മരണം 1,02,667 ആയി. ലോകത്തെ ആകെ മരണത്തിന്‍റെ പകുതിയിലധികവും ഇറ്റലി, അമേരിക്ക, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ്. ഇറ്റലിയിലാണ് ഏറ്റവും അധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയതിട്ടുള്ളത്. ഇറ്റലിയിൽ 18,849 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിൽ 18,725 പേരും സ്പെയിനിൽ 16,081പേരും ഫ്രാൻസിൽ 13,197 പേരും കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം, നിയന്ത്രണങ്ങൾ ഉടനടി പിൻവലിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തി.
ഡോക്ടർ എ. സി. രാജീവ് കുമാർ
പ്രായഭേദമില്ലാതെ തന്നെ ലോക് ഡൗൺ കാലത്തെ വെറുതെ വീട്ടിലിരിപ്പ് പലർക്കും ശാരീരിക മാനസിക അസ്വാസ്ഥ്യങ്ങൾക്ക് ഇടയാക്കുന്നുണ്ട്. പ്രമേഹം ഹൃദ്രോഗം പ്രഷർ കൊളസ്റ്ററോൾ അമിത വണ്ണവും ഭാരവും ഒക്കെ ആയി കഴിഞ്ഞവർ ഏറെ വിഷമത്തിൽ ആണ്. ആശങ്ക വേണ്ട, ആയുർവേദ സിദ്ധ യോഗ വിദഗ്ദ്ധർ നിങ്ങൾക്ക് ഒപ്പമുണ്ട്. വിളിക്കുക ആവശ്യമായ നിർദേശങ്ങൾ ലഭ്യമാക്കും.
പ്രഭാത സവാരി, നിത്യേന രാവിലെ നടക്കാൻ പോയിരുന്നവർ അത് മുടങ്ങിയത് രോഗ വർദ്ധന ഉണ്ടാക്കിയിട്ടുണ്ടോ എന്ന ആശങ്ക. റോഡിലൂടെ തന്നെ നടക്കണം എന്നില്ല. വീട്ടിൽ മുറികളിൽ, മുറ്റത്ത് ടെറസിൽ ഒക്കെയും ആവാം. ഒരു നിശ്ചിത സമയം രാവിലെയും വൈകിട്ടും അത്താഴം കഴിഞ്ഞും നടപ്പ് ആവാം. അത്താഴം കഴിഞ്ഞു അരക്കാതം നടപ്പ് പഴയ കാലത്തു ഉള്ളവരുടെ ശീലം ആയിരുന്നു. പ്രമേഹ രോഗികൾക്ക് പ്രത്യേകിച്ച് ഏറ്റവും നന്ന്.
സ്‌കൂൾ പഠന കാലത്തെ ഡ്രിൽ എക്സർസൈസ് മറന്നിട്ടിയുണ്ടാവില്ലല്ലോ. കൈകൾക്കും കാലുകൾക്കും വ്യായാമം നൽകും വിധം ഉയർത്തുക താഴ്ത്തുക വശങ്ങളിലേക്ക് തിരിയുക, കുനിഞ്ഞു പാദങ്ങളിൽ മുട്ടു മടക്കാതെ തൊടുക ഇങ്ങനെയുള്ളവ അര മണിക്കൂർ ചെയ്യുക. തനിയെ ബോറടിക്കുന്നവർ വീട്ടിൽ ഉള്ള കുട്ടികളെയോ മറ്റോ കൂടെ കൂട്ടുക. രാവിലെയും വൈകിട്ടും കൃത്യമായി ചെയ്യുക.
യോഗാസനങ്ങൾ ചെയ്യാനറിയാവുന്നവർ പ്രഭാതത്തിലും സായാഹ്നത്തിലും ഒഴിഞ്ഞ വയറിൽ അര മണിക്കൂർ സമയം ആവുന്ന യോഗാസനങ്ങൾ അഞ്ച് പത്തു തവണ വീതം ചെയ്യുക. അതല്ല പഠിച്ചു തുടങ്ങണോ? നിങ്ങളുടെ അടുത്ത് തന്നെ സഹായിക്കാൻ ആളുണ്ട്. വിളിക്കുക ആവശ്യമായ നിർദേശങ്ങളും സഹായവും ലഭ്യമാക്കും. വീട്ടിൽ തന്നെ ഉചിത വ്യായാമത്തിന് സൗകര്യമൊരുക്കുക.
ഇടയ്ക്കിടെ എന്തെങ്കിലും വറപൊരി കടികൾ പലർക്കും ശീലമാണ്. അങ്ങനെ ഉള്ളവർ പ്രധാന ഭക്ഷണത്തിന്റെ അളവ് കുറക്കണം. വറത്തു പൊരിച്ചവ വേണ്ട. പേരക്ക ക്യാരറ്റ് വെള്ളരിക്ക, ഓമയ്ക്ക എന്നിവ നുറുക്കിയതോ, ചെറുപയർ, ഉലുവ, മുതിര കുതിർത്ത്തോ മുളപിച്ചതോ, ചുവന്ന അവിൽ,മലർ, ഉണക്ക മുന്തിരി എന്നിവ കുറേശ്ശേ ഇടയ്ക്കിടെ കഴിക്കുക. മോരിൻ വെള്ളം, ചുക്ക് വെള്ളം, മല്ലി വെള്ളം, ജീരക വെള്ളം, മല്ലി തുളസിയില ജീരകം കുരുമുളക് എന്നിവയിട്ട് തിളപ്പിച്ച വെള്ളം, ആ വെള്ളത്തിൽ ഉണ്ടാക്കിയ കരുപ്പെട്ടി കാപ്പി, ജിൻജർ ടീ എന്നിവ കുടിക്കാം. തക്കാളി ചുവന്നുള്ളി വെളുത്തുള്ളി ചെറുപയർ കുരുമുളക് ഇഞ്ചി എന്നിവ തിളപ്പിച്ചുള്ള സൂപ്പ് ഏറെ ഗുണകരമാകും.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154
ബ്രസീലിൽ യാനോ മാമി ആദിവാസി ഗോത്രവിഭാഗത്തിൽ ആദ്യ കൊവിഡ് മരണം. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച 15 കാരനാണ് മരിച്ചത്. വടക്കന്‍ ബ്രസീലിലെ ഗോത്രവിഭാഗമായ യാനോ മിമിയിലുണ്ടായ കൊവിഡ് 19 ബാധ ലോകത്തെ ആശങ്കയിലാക്കിയിരുന്നു. അല്‍വെനെയ് സിരിസാന്‍ എന്ന പതിനഞ്ചുകാരനെയാണ് വ്യാഴാഴ്ച രാത്രി ബോവ വിസ്റ്റയിലെ പ്രധാന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആമസോൺ മഴക്കാടുകളില്‍ ബാഹ്യസമ്പര്‍ക്കം ഇല്ലാതെ കഴിയുന്ന ഗോത്രവിഭാഗമാണ് യാനോമാമി. ഇവര്‍ക്കിടയില്‍ വൈറസ് ബാധയുണ്ടായാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നാണ് നരവംശശാസ്ത്രജ്ഞര്‍ പറയുന്നത്. വെനസ്വലയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളിലാണ് ഈ ഗോത്രവിഭാഗം താമസിക്കുന്നത്. 26000 പേരോളമാണ് ഈ മേഖലയില്‍ താമസിക്കുന്നത്. സ്വര്‍ണഖനനത്തിനെത്തിയവരുടെ അധിനിവേശം നേരത്തെ നേരത്തെ ഇവര്‍ക്കിടയില്‍ അഞ്ചാംപനിയടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പകര്‍ത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരാഴ്ചയോളമായി അല്‍വെനെയ് സിരിസാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണഖനികളിലേക്കുള്ള പാതയ്ക്ക് സമീപമാണ് സിരിസാന്‍ താമസിച്ചിരുന്നതെന്നാണ് ആമസോണ്‍ വാച്ച് ട്വീറ്റ് ചെയ്യുന്നത്. ഈ മേഖലയില്‍ രോഗലക്ഷണം കാണിച്ചവരെ ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്നും ടെസ്റ്റ് കിറ്റുകള്‍ ഇവിടേക്ക് എത്തിച്ചിട്ടുണ്ടെന്നുമാണ് വിവരം.
ഗോത്ര വിഭാഗങ്ങളില്‍പ്പെട്ടവരില്‍ നഗരമേഖലയില്‍ താമസിച്ചിരുന്ന രണ്ട് പേര്‍ ഇതിന് മുന്‍പ് കൊവിഡ് 19 ബാധിച്ച് മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആമസോണ്‍ നദിക്കരയില്‍ കൊളംബിയയ്ക്കും പൊറുവിനും സമീപത്തായി താമസിക്കുന്ന കൊകാമ ഗോത്രത്തിലുള്ളവര്‍ക്ക് രോഗബാധയുള്ളതായാണ് സംശയിക്കുന്നത്. ഇവരെ പരിശോധിക്കുന്ന ഡോക്ടറിന് കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ചയോടെ 18176 കൊവിഡ് 19 കേസുകളാണ് ബ്രസീലില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ മരണസംഖ്യ രണ്ടിരട്ടി വര്‍ധിച്ച് 957 ആയെന്നാണ് ബ്രസീലിലെ ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.
ലോകത്താകെ കൊവിഡ് 19 മൂലമുള്ള മരണം ഒരു ലക്ഷം കടന്നു. 1,00,166 പേരാണ് ഇതുവരെ കൊവിഡ് മൂലം മരിച്ചത്. 1,639,763 കൊവിഡ് കേസുകളാണ് ഇതുവരെ ലോകത്ത് സ്ഥിരീകരിച്ചത്. ഇതില്‍ 3,69,017 പേര്‍ക്ക് അസുഖം ഭേദമായി. യുഎസില്‍ കൊവിഡ് കേസുകള്‍ അഞ്ച് ലക്ഷത്തിലേയ്ക്കടുക്കുകയാണ്. ഇതുവരെ രണ്ട് ലക്ഷത്തിലധികം കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച ഒരേയൊരു രാജ്യം യുഎസ് ആണ്. 17909 പേര്‍ ഇതുവരെ യുഎസില്‍ കൊവിഡ് മൂലം മരിച്ചു. 1218 മരണം പുതുതായി റിപ്പോര്‍ട്ട് ചെയ്തു. 9378 കേസുകളും. 26094 പേര്‍ക്കാണ് ഇതുവരെ അസുഖം ഭേദമായത്.
മരണസംഖ്യയില്‍ ഇറ്റലി തന്നെയാണ് മുന്നില്‍. യുഎസ് രണ്ടാമതും. ഇറ്റലിയില്‍ ഇതുവരെ 18849 പേരാണ് കൊവിഡ് മൂലം മരിച്ചത്. 3951 കേസുകള്‍ പുതുതായി വന്നു. 570 മരണങ്ങളും. 30,455 പേര്‍ രോഗമുക്തി നേടി. 1,47,577 കേസുകളാണ് ഇതുവരെ വന്നത്. സ്‌പെയിനില്‍ 15,970 പേരാണ് ഇതുവരെ മരിച്ചത്. 1,57,053 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3831 കേസുകള്‍ പുതുതായി വന്നു. 523 മരണങ്ങളും. 55,668 പേര്‍ സുഖം പ്രാപിച്ചു.
ഫ്രാന്‍സില്‍ 12210 പേര്‍ മരിച്ചു. യുകെയില്‍ 8931 പേരും ഇറാനില്‍ 4232 പേരും ചൈനയില്‍ 3336 പേരും ഇതുവരെ മരിച്ചു. ചൈനയില്‍ പുതുതായി ഒരു മരണവും 42 കേസുകളും മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബെല്‍ജിയത്തില്‍ മരണം 3000 കടന്നു. നെതര്‍ലാന്‍ഡ്‌സിലും ജര്‍മ്മനിയിലും 2000ത്തിലധികം പേര്‍ മരിച്ചിട്ടുണ്ട്. സ്വിറ്റ്‌സര്‍ലാന്‍ഡിലും 1000ലധികം പേര്‍ മരിച്ചു.
കോവിഡ് പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാൻ ഇപ്പോൾ സാധാരണ ജീവിതത്തിലേക്കു തിരികെ വരികയാണ്. ഇതിന് പിന്നാലെ ഇറച്ചിക്കായി വളർത്താവുന്ന മൃഗങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ചൈന. വുഹാനിലെ ഇറച്ചിവിൽപ്പനശാലയിൽ നിന്നായിരുന്നു ലോകമെങ്ങും നാശം വിതയ്ക്കുന്ന കൊറോണ വൈറസിന്റെ തുടക്കം. ഇതിന് പിന്നാലെ വന്യമൃഗങ്ങളെ ഇറച്ചിക്കായി ഉപയോഗിക്കുന്നത് വിലക്കിയിരുന്നു.
പന്നികള്‍, പശുക്കള്‍, ആട്, കോഴി എന്നിവയെയും പ്രത്യേകമായി മാനുകള്‍, ഒട്ടകപക്ഷി എന്നിവയെയും ഇറച്ചി ആവശ്യത്തിനായി ഉപയോഗിക്കാം എന്ന് കരട് പട്ടികയില്‍ പറയുന്നു. ചൈനയിലെ കൃഷി മന്ത്രാലയമാണ് കന്നുകാലികളുടെ പുതിയ കരടു പട്ടിക പുറത്ത് വിട്ടത്. കൊറോണ പടർന്നുപിടിച്ച പശ്ചാത്തലത്തിൽ ചൈനയിലെ ഷെൻസൻ നഗരം പട്ടിയിറച്ചിയുടെ വിൽപ്പന പൂർണമായും നിരോധിച്ചിരുന്നു.
73 ദിവസത്തിനു ശേഷമാണ് വുഹാനിൽ ലോക്‌ഡൗൺ പൂർണമായി നീക്കിയത്. ഇതോടെ പതിനായിരങ്ങളാണ് തെരുവുകളിലേക്ക് ഒഴുകിയെത്തി. റോഡ്, റെയിൽ, വിമാന സർവീസുകൾ പുനരാരംഭിച്ചു. ലോക്ഡൗൺ മൂലം നഗരത്തിൽ കുടുങ്ങിയവർ സ്വദേശങ്ങളിലേക്കു മടങ്ങിത്തുടങ്ങി. അരലക്ഷത്തിലേറെപ്പേർ നഗരം വിടുമെന്നു കണക്കാക്കുന്നു.എന്നാൽ, ചൈനയിൽ രണ്ടാംഘട്ടമായി റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 1042 ആയത് ആശങ്ക സൃഷ്ടിക്കുന്നു. വുഹാൻ ഉൾപ്പെട്ട ഹ്യുബെയ് പ്രവിശ്യയിലും ഷാങ്ഹായിലുമായി 2 പേർ മരിച്ചു. ഇതോടെ ചൈനയിലെ ആകെ മരണം 3333 ആയി.
പുതുതായി രോഗം സ്ഥിരീകരിച്ച 62 പേരിൽ 59 പേരും വിദേശത്തുനിന്നെത്തിയവരാണ്. നാട്ടിൽനിന്നുതന്നെ രോഗം പിടിപെട്ട 3 പേരും ഹ്യുബെയ് പ്രവിശ്യയിലല്ല. ലക്ഷണങ്ങളില്ലാത്ത കോവിഡ് റിപ്പോർട്ട് ചെയ്ത 137 പേർ നിരീക്ഷണത്തിലാണ്. ഹ്യുബെയിൽ 67,803 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്; വുഹാനിൽ മാത്രം 50,008 പേർ. മരണം രണ്ടായിരത്തിയഞ്ഞൂറിലേറെ. ചൈനയിലെ ആകെ മരണത്തിന്റെ 80% വുഹാനിലായിരുന്നു. ഇതിനിടെ, വടക്കൻ അതിർത്തിയിൽ ഹെയ്‍ലോങ്ജിയാങ് പ്രവിശ്യയിലെ സുയിഫെൻ നഗരത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു.
രാജ്യത്ത് ലോക്ഡൗണ്‍ നീട്ടുമെന്ന് സൂചന. ലോക്ഡൗണ്‍ സാമൂഹികപ്രതിരോധ കുത്തിവയ്പ്പെന്ന് കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. രോഗികളുടെ എണ്ണത്തിലുള്ള വര്‍ധന നിയന്ത്രിക്കാന്‍ മൂന്നാഴ്ചയെങ്കിലും വേണം. പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് 4100 കോടി നല്‍കിയെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു
രാജ്യത്ത് 24 മണിക്കൂറിനിടെ 678 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 6412 ആയി. ആകെ മരണം 202 ആയി. മഹാരാഷ്ട്രയില്‍ മാത്രം 98 മരണം. 24 മണിക്കൂറിനിടെ 33 മരണം സംഭവിച്ചു.
എഴുന്നൂറിലധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതോടെ ഡല്‍ഹിയില്‍ നിയന്ത്രണം കര്‍ശനമാക്കി. 25 സ്ഥലങ്ങള്‍ സീല്‍ ചെയ്തതിന് പിന്നാലെ കൂടുതല്‍ മേഖലകള്‍ ബഫര്‍ സോണുകളായി പ്രഖ്യാപിച്ച് നിയന്ത്രണം കടുപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. മാസ്ക്കുകള്‍ ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെയും ആരോഗ്യപ്രവര്‍ത്തകരെ അപമാനിക്കുന്നവര്‍ക്കെതിരെയുമുള്ള നടപടികള്‍ ശക്തമാക്കും.
ആശങ്കയുണര്‍ത്തി കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുമ്പോള്‍ നിയന്ത്രണങ്ങള്‍ പരമാവധി കടുപ്പിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. 20 സ്ഥലങ്ങള്‍ക്ക് പുറമെ അഞ്ച് ഹോട്ട്സ്പോട്ടുകള്‍ കൂടി സീല്‍ ചെയ്തു. അതും പര്യാപ്തമല്ലെന്ന് കണ്ടാണ് കൂടുതല്‍ മേഖലകളെ ബഫര്‍ സോണുകളായി തിരിക്കുന്നത്. ഈ മേഖലകളില്‍ സഞ്ചാരം പൂര്‍ണമായി നിരോധിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തി പരിശോധന നടത്തും. ഡല്‍ഹിയുടെ പ്രധാനമേഖലകളെല്ലാം ശുദ്ധീകരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.
സീല്‍ ചെയ്ത സ്ഥലങ്ങളില്‍ വലിയ പൊലീസ് സന്നാഹമുണ്ട്. ജനങ്ങളെ വീടിന് പുറത്തിറങ്ങാന്‍ ഇവിടങ്ങളില്‍ അനുവദിക്കുന്നില്ല. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പിഴയോ തടവ് ശിക്ഷയോ ലഭിക്കുന്ന കുറ്റങ്ങള്‍ ചുമത്തും. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന ഹരിയാനയിലെ 9 സ്ഥലങ്ങള്‍ അതീവ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു
മാസ്‌ക് കെട്ടിയാല്‍ പിന്നെ കൊറോണ അതിന്റെ പരിസരത്ത് വരില്ലെന്ന് വിചാരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. അതുകൊണ്ടൊന്നും പ്രയോജനമില്ല. താല്‍കാലിക സുരക്ഷ മാത്രമാണ് മാസ്‌കുകള്‍. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മാസ്‌കുകള്‍ക്ക് സാധിക്കില്ലെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.
കൊറോണ ബാധിതരും രോഗലക്ഷണങ്ങള്‍ ഉള്ളവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആയിരം വട്ടം ആവര്‍ത്തിക്കുമ്പോഴാണ് പുതിയ പഠനം എത്തിയത്. സര്‍ജിക്കല്‍ മാസ്‌ക് അല്ലെങ്കില്‍ കോട്ടണ്‍ തുണികൊണ്ടുള്ള മാസ്‌ക് എന്നിവയാണ് ജനങ്ങള്‍ ധരിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ വൈറസ് ബാധയെ തടയാന്‍ സാധിക്കില്ലെന്നാണ് പഠനത്തില്‍ പറയുന്നത്.
കൊവിഡ് ബാധിതര്‍ ചുമയ്ക്കുമ്പോള്‍ പുറത്തുവരുന്ന സ്രവത്തില്‍ നിന്ന് കൊറോണ വൈറസിനെ തടയാന്‍ ഈ രണ്ട് മാസ്‌ക്കുകളും ഫലപ്രദമല്ലെന്ന് പഠനത്തില്‍ പറയുന്നു. അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ എന്ന അമേരിക്കന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ദക്ഷിണ കൊറിയയിലെ രണ്ട് ആശുപത്രികളിലാണ് പഠനം നടത്തിയത്.
കൊവിഡ് രോഗികള്‍ ചുമയ്ക്കുമ്പോള്‍ വൈറസ് അടങ്ങുന്ന സ്രവകണങ്ങള്‍ വായുവിലേക്ക് പടരുന്നത് തടയാനോ മാസ്‌ക്കിന്റെ പുറത്തേ പ്രതലത്തിലേക്ക് കടക്കുന്നത് തടയാനോ മേല്‍പ്പറഞ്ഞ രണ്ട് മാസ്‌ക്കുകള്‍ക്കും സാധിക്കില്ലെന്ന് പഠനം വ്യക്തമാക്കുന്നു.
അണുബാധയില്‍നിന്ന് ഉയര്‍ന്ന സുരക്ഷ നല്‍കുന്ന എന്‍ 95 മാസ്‌ക്കുകളുടെ ലഭ്യത കുറയുന്ന സാഹചര്യത്തില്‍ സര്‍ജിക്കല്‍ മാസ്‌ക്കുകളോ കോട്ടണ്‍ മാസ്‌ക്കുകളോ ഉപയോഗിക്കുന്നത് വര്‍ധിച്ചു. ഉള്‍സാന്‍ കോളേജ് ഓഫ് മെഡിസിന്‍ സര്‍വകലാശാല ഗവേഷകരാണ് മാസ്‌ക്കുകള്‍ സംബന്ധിച്ച പഠനം നടത്തിയത്. നാലു പേരില്‍ മാത്രമാണ് ഇവര്‍ നിരീക്ഷണം നടത്തിയത്. മാസ്‌ക് ധരിക്കാതെ, സര്‍ജിക്കല്‍ മാസ്‌ക് ധരിച്ച്, കോട്ടണ്‍ മാസ്‌ക് ധരിച്ച്, വീണ്ടും മാസ്‌ക്കില്ലാതെ എന്നിങ്ങനെയാണ് പഠനം നടത്തിയത്.
പഠനത്തിനൊടുവില്‍ രണ്ട് മാസ്‌ക്കുകളുടെയും അകത്തും പുറത്തും കോവിഡ് രോഗികളുടെ സ്രവം ഉണ്ടായിരുന്നു. രണ്ട് മാസ്‌കുകളില്‍ നിന്നും ശേഖരിച്ച എല്ലാ സാമ്പിളുകളിലും കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. അതിനാല്‍, കൊറോണ രോഗികളോ രോഗലക്ഷണങ്ങള്‍ ഉള്ളവരോ സര്‍ജിക്കല്‍ മാസ്‌ക്, കോട്ടണ്‍ മാസ്‌ക് എന്നിവ ധരിക്കുന്നത് പ്രയോജനം ചെയ്യില്ലെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ഇവര്‍ ചുമയ്ക്കുമ്പോള്‍ മാസ്‌ക്കിനെ മറികടന്ന് വൈറസ് അടങ്ങിയ സ്രവകണങ്ങള്‍ പുറത്തെത്തുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.