കൊവിഡ് 19 എന്ന വൈറസ് ഭീതിയിലാണ് ലോകം മുഴുവന്‍. കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ലക്ഷക്കണക്കിന് പേരാണ് മരിച്ചത്. ലോകം മുഴുവന്‍ ഭീതിയില്‍ നില്‍ക്കുമ്പോള്‍ ഉറ്റവരെ ഉപേക്ഷിച്ച് സ്വന്തം ആരോഗ്യം പോലും നോക്കാതെ മറ്റുള്ളവര്‍ക്കായി സേവനമനുഷ്ഠിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഇവരുടെ സേവനത്തിന് ആദരമൊരുക്കുകയാണ് ലോകാത്ഭുതങ്ങളിലൊന്നായ ബ്രസീലിലെ സ്റ്റാച്യു ഓഫ് ക്രൈസ്റ്റ് റെഡീമര്‍.

ബ്രസീലിലെ സ്റ്റാച്യു ഓഫ് ക്രൈസ്റ്റ് റെഡീമറില്‍ ഡോക്ടറുടെ വേഷം ആലേഖനം ചെയ്തതാണ് കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ മുന്നിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരം ഒരുക്കിയത്. സ്റ്റെതസ്‌കോപ്പും വെള്ള കോട്ടും അണിഞ്ഞ് നില്‍ക്കുന്ന തരത്തിലാണ് സ്റ്റാച്യു ഓഫ് ക്രൈസ്റ്റ് റെഡീമറിനെ ഒരുക്കിയത്. ഈസ്റ്റര്‍ ദിനമായ ഞായറാഴ്ചയാണ് ആദരം അര്‍പ്പിച്ചത്.

പിന്നാലെ വിവിധ ഡോക്ടര്‍മാരുടെ ചിത്രങ്ങളും തെളിഞ്ഞുവരുന്നുണ്ട്. ഇതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. നേരത്തെ കൊവിഡില്‍ നിന്ന് മുക്തി നേടുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് പ്രതിമയില്‍ വിവിധ രാജ്യങ്ങളുടെ പതാകകള്‍ ആലേഖനം ചെയ്തിരുന്നു. കൊവിഡ് 19 പിടിമുറുക്കിയ രാജ്യങ്ങളുടെ പതാകകളാണ് പ്രതിമയില്‍ പുതപ്പിച്ചിരുന്നത്.