കോവിഡ്-19 വൈറസ് രോ​ഗബാധയ്ക്കെതിരെ കേരളസര്‍ക്കാര്‍ കൈക്കൊണ്ട ശക്തമായ നടപടികളെയും കരുത്തുറ്റ തീരുമാനങ്ങളെയും പ്രകീര്‍ത്തിച്ച്‌ അമേരിക്കന്‍ മാധ്യമം വാഷിങ്ടണ്‍ പോസ്റ്റ്. രോ​ഗബാധ തടയാന്‍ കൈക്കൊണ്ട നടപടികള്‍, രോ​ഗബാധ സംശയിക്കുന്നവരെ ഉടനടി ക്വാറന്റൈനില്‍ പാര്‍പ്പിക്കല്‍, സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍, മികച്ച ചികില്‍സാ സൗകര്യം ഒരുക്കല്‍ തുടങ്ങി കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ നടപടികളെ വാഷിങ്ടണ്‍ പോസ്റ്റ് വ്യക്തമായി വിശദീകരിക്കുന്നു.

രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ആദ്യസംസ്ഥാനമായിട്ടും കേരളത്തില്‍ ഏപ്രില്‍ ആദ്യവാരമായപ്പോഴേക്കും പുതിയ കേസുകളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കാനും 34 ശതമാനം പേര്‍ക്ക് രോഗമുക്തി നേടിക്കൊടുക്കാനും സംസ്ഥാനത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചെന്ന് വാഷിങ്ടണ്‍ പോസ്റ്റ് വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാ​ഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, കുടുങ്ങിപ്പോയ അതിഥി തൊഴിലാളികള്‍ക്കായി താമസസൗകര്യം ഒരുക്കിയതും, ഭക്ഷണമില്ലാതെ വലഞ്ഞ പാവങ്ങള്‍ക്കായി സൗജന്യം ഉച്ചഭക്ഷണം നല്‍കിയതുമടക്കം സര്‍ക്കാരിന്റെ കരുതലും ജാ​ഗ്രതയും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.