Health

 കടപ്പാട് : ഡോക്ടർ ദീപു ഇൻഫോ ക്ലിനിക്

ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും, മഹാമാരി വിതയ്ക്കുന്ന വൈറസിനെതിരെ ഒരു മരുന്ന് അല്ലെങ്കിൽ വാക്സിൻ ഇതുവരെ കണ്ടുപിടിക്കാനാവാത്തതെന്ത്?.

ന്യായമായ ചോദ്യം, ലോകത്തെ പിടിച്ചു കുലുക്കിയ പല മഹാമാരികളെയും ശാസ്ത്രം പിടിച്ചു കെട്ടിയിട്ടുണ്ട്. വസൂരിയെ ഉന്മൂലനം ചെയ്തു, ഫലപ്രദമായ ആന്റി ബയോട്ടിക്കുകളുടെ ആവിർഭാവവും രോഗപ്പകർച്ചയെ കുറിച്ചുള്ള ശാസ്ത്രീയമായ അറിവും ഒക്കെ കൊണ്ട് പണ്ടത്തെ വില്ലന്മാരായ പ്ളേഗും, കോളറയുമൊക്കെ നിലവിൽ ഭീഷണിയല്ല. എന്നാൽ ശാസ്ത്രത്തെ വെല്ലുന്ന മിടുക്കന്മാരാണ് വൈറസുകൾ. അതിലെ ഒടുവിലത്തെ അവതാരമായ കോവിഡ് 19 ഉണ്ടാക്കുന്ന Sars-CoV-2 കൊറോണ വൈറസിനെ തളയ്ക്കാനുള്ള, നിതാന്തപരിശ്രമത്തിലാണ് ശാസ്ത്രലോകമെന്ന് നാം അറിയണം.

ഡിസംബർ 2019 ൽ ഈ രോഗം ആവിർഭവിച്ചപ്പോൾ തൊട്ട് ശാസ്ത്രം എന്തൊക്കെ ചെയ്തു എന്ന് നോക്കാം.

ഇന്ന് നമ്മൾക്ക് കൊറോണയെക്കുറിച്ചുള്ള അറിവുകൾ പോലും, ശാസ്ത്രീയ നിരീക്ഷണ ഗവേഷണങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് ഓർക്കുക. രോഗം സ്ഥിരീകരിച്ച ആദ്യ ആഴ്ച്ചകളിൽ തന്നെ, കോവിഡ്19 ഉണ്ടാക്കുന്ന വൈറസിന്റെ ജനിതക ഘടന മുഴുവനായും ചൈന കണ്ടെത്തുകയും, ലോകത്തിന് നൽകുകയും ചെയ്തിരുന്നു. ഇത് തുടർ ഗവേഷണങ്ങൾക്ക് വലിയ ഗുണകരമായി. രോഗപ്പകർച്ച എങ്ങനെ നടക്കുന്നു/ നടക്കുന്നില്ല എന്നൊക്കെയുള്ള അറിവ് ഈ മഹാമാരിയെ നേരിടുന്നതിൽ നമ്മെ സഹായിച്ചു.

3 ആഡംബര കപ്പലുകളിൽ നടന്ന രോഗബാധയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ തുടക്കത്തിൽ ഗുണകരമായി. പ്രാഥമിക പഠനങ്ങളിൽ നിന്ന് നമ്മുക്ക് രോഗത്തിന്റെ ഇൻക്യുബേഷൻ കാലയളവ് അറിയാനും, അതിൽ നിന്ന് ഐസൊലേഷൻ / ക്വാറൻ്റയിൻ എത്ര നാൾ എന്ന് നിശ്ചയിക്കാനും കഴിഞ്ഞു.

ഡ്രോപ്പ്ലെറ്റ് ഇൻഫെക്ഷൻ മൂലമുള്ള പകർച്ച എന്ന അറിവ് സോഷ്യൽ സിസ്റ്റൻസിങ്ങ് എന്ന തന്ത്രം (2 മീറ്റർ ശാരീരിക അകലം) രൂപീകരിക്കാൻ സഹായിച്ചു. മാസ്കിന്റെ ശരിയായ ഉപയോഗത്തിന്റെ പ്രാധാന്യം ജനങ്ങളിൽ പ്രചരിപ്പിക്കാൻ സാധിച്ചു. ഫോമൈറ്റ് ട്രാൻസ്മിഷൻ (സ്പർശനത്തിലൂടെ, കൈകൾ മുഖേനയുള്ള പകർച്ച) കണ്ടെത്തിയത് പ്രകാരം കൈകളുടെ ശുചിത്വം എത്ര പ്രധാനം എങ്ങനെ എന്നൊക്കെ പ്രചരിപ്പിക്കാൻ സാധിച്ചു.

വൈറസിനെ കണ്ടെത്തി ജനിതക പഠനങ്ങൾ നടത്താനായത് കൊണ്ട്, രോഗ നിർണ്ണ ടെസ്റ്റുകൾ കണ്ടെത്താനായി. രണ്ടിലധികം തരം മേജർ ടെസ്റ്റുകൾ കണ്ടെത്തി അതിന്റെ സംവിധാനങ്ങൾ ഉണ്ടാക്കിയത്, നേരത്തേ രോഗം കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ രോഗവ്യാപനം നിയന്ത്രണത്തിൽ വരുത്തുന്നതിൽ പ്രധാന കാൽ വെയ്പ്പായിരുന്നു.

രോഗം ഗുരുതരമാവുന്നവർക്ക് വേണ്ട ചികിത്സാവിധികൾ, ഓക്സിജനും, വെൻ്റിലേറ്ററും ഉൾപ്പെടെയുള്ള ലൈഫ് സപ്പോർട്ട് ഇത്യാദി മുൻപേ ശാസ്ത്രം പ്രദാനം ചെയ്തിരിക്കുന്നത് കൊണ്ടാണ് രോഗം വന്ന 90 വയസ്സ് കഴിഞ്ഞവരെ പോലും നമ്മുക്ക് രക്ഷിക്കാൻ കഴിഞ്ഞത്, മരണനിരക്ക് 5 %ലും താഴെയാക്കി നിർത്താൻ കഴിയുന്നത്.

കോവിഡിനെതിരെ ചികിത്സാ വിധികൾ – ശാസ്ത്ര ലോകം എന്തൊക്കെ ആയുധങ്ങളാണ് വാർത്തെടുക്കാൻ ശ്രമിക്കുന്നത്?❓

യജ്ഞം തുടങ്ങിയിട്ടേയുള്ളൂ, വൈറസിനെ / രോഗത്തെക്കുറിച്ച് കൂടുതൽ അറിയാനും, രോഗ നിർണ്ണയ ഉപാധികളും, മരുന്നും, വാക്സിനും നിർമ്മിക്കാനുമുള്ള ഗവേഷണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ലോകമെമ്പാടും നടക്കുന്നു.

വാക്സിൻ ഗവേഷണങ്ങൾ

സർക്കാർ & സ്വകാര്യ ഗവേഷണ സ്ഥാപനങ്ങളടക്കം ലോകമെമ്പാടുമുള്ള 35 ലേറെ പ്രമുഖ സ്ഥാപനങ്ങളാണ് ഒരു വാക്സിന് വേണ്ടി അഹോരാത്രം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കുറച്ച് പ്രധാന സംഭവഗതികൾ. ഇപ്പോൾതന്നെ നാല് സാധ്യതാവാക്സിനുകൾ (Candidate vaccine), മൃഗങ്ങളിൽ പരീക്ഷിക്കാവുന്ന ഘട്ടത്തിലേക്ക് വികസിപ്പിച്ചിട്ടുണ്ട്.

‘മോഡേണ’ എന്ന അമേരിക്കൻ കമ്പനി, ചൈനയിൽ നിന്ന് വൈറസിന്റെ ജനിതക ഘടന വിവരങ്ങൾ പുറത്ത് വന്ന് 42 ദിവസങ്ങൾ കൊണ്ട് പരീക്ഷണ വാക്സിൻ വികസിപ്പിച്ചെടുത്തു. മെർസ് രോഗത്തിന് വേണ്ടി വാക്‌സിൻ പഠനങ്ങൾ മുൻപ് നടത്തിയിട്ടുള്ള ഈ സ്ഥാപനത്തിന്, അതേ കൊറോണ ഗ്രൂപ്പിലുള്ള ഈ പുതിയവൈറസിനെതിരെയും കാലതാമസമില്ലാതെ, ഒരു സാധ്യതാ വാക്സിൻ കണ്ടെത്താനായി. മനുഷ്യരിൽ ഈ വാക്സിൻ പരീക്ഷിച്ചു തുടങ്ങി.

അതുപോലെ ‘നോവാവാക്സ്’ എന്ന കമ്പനിയ്ക്ക്, ഉടനടി പരീക്ഷണങ്ങൾ തുടങ്ങാവുന്ന ഘട്ടത്തിലുള്ള ഒന്നിലധികം സാധ്യതാ വാക്സിനുകളുമുണ്ട്. ഇവർ മുൻപ് സാർസ് രോഗത്തിനെതിരെയുള്ള വാക്സിൻ പഠനങ്ങൾ നടത്തിയിരുന്നു. സാർസ് വൈറസും ഇപ്പോഴത്തെ കോവിഡ് വൈറസും 80 മുതൽ 90% വരെ സാമ്യമുള്ളവയാണ്.

Altimmune എന്ന US കമ്പനി മൂക്കിലൂടെ സ്പ്രേ ആയി പ്രയോഗിക്കുന്ന ഒരു വാക്സിന്റെ ആദ്യ പരീക്ഷണഘട്ടങ്ങളിലാണ്.

Inovio എന്ന കമ്പനി വികസിപ്പിക്കുന്ന ചൈനയിൽ നിന്നുള്ള ആദ്യ കോവിഡ് – 19 വാക്സിൻ, ഏപ്രിൽ മുതൽ മനുഷ്യരിൽ പരീക്ഷിക്കപ്പെടും എന്നു കരുതുന്നു.

സാധാരണയായി ഒരു പുതിയ വാക്സീൻ പല ഘട്ടങ്ങളിലായി വികസിപ്പിച്ചെടുക്കുവാൻ ചുരുക്കം ഒരു വർഷമെങ്കിലും വേണം. എന്നാൽ, മേൽപറഞ്ഞവയിൽ ഏതെങ്കിലും ഒന്ന് ഫലപ്രദമാണെന്ന് വന്നാൽ, സാധാരണ ഉണ്ടാവുന്നത്ര കാലതാമസമില്ലാതെ തന്നെ കോവിഡ് വാക്സിൻ ഉത്പാദിപ്പിക്കുവാൻ സാധിച്ചേക്കും.

മരുന്നുകൾ / മരുന്നു ഗവേഷണങ്ങൾ

പൂർണ്ണ സൗഖ്യം നൽകുന്ന, ആന്റി വൈറൽ ഗണത്തിൽ പെടുന്ന മരുന്നുകൾ ഈ രോഗത്തിനെതിരെ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നത് ഒരു വസ്തുതയാണ്. എന്നാൽ ഫലപ്രദമാകാൻ സാധ്യതയുള്ള, പുതിയതും പഴയതുമായ പല മരുന്നുകളും ഇതിന് ഉപയോഗിക്കാമോ എന്ന വൈദ്യശാസ്ത്രരംഗം തിരഞ്ഞു കൊണ്ടേ ഇരിക്കുകയാണ്.

ആൻ്റി വൈറൽ മരുന്നുകൾ

ലോപ്പിനാവിർ-റിട്ടോനാവിർ –

എച്ച്ഐവി ക്കെതിരെ ഉപയോഗിക്കുന്ന ലോപ്പിനാവിർ-റിട്ടോനാവിർ എന്ന മരുന്ന്, കോവിഡിനെതിരെ ഫലപ്രദമായേക്കാമെന്ന് ആദ്യകാല ഫലങ്ങൾ പറഞ്ഞിരുന്നു.

എന്നാൽ ഈയടുത്ത് ചൈനയിൽ 199 പേരിൽ നടത്തിയ പതിനാല് ദിവസം നീണ്ട പഠനത്തിൽ, ഇതിന് പ്രത്യേകമായ ഒരു ഒരു ഗുണം ഉള്ളതായി തെളിയിക്കാൻ സാധിച്ചില്ല.

എന്നാൽ ഫലപ്രാപ്തി തെളിയിക്കുന്ന മതിയായ തെളിവുകൾ പഠനങ്ങളിലൂടെ ലഭിച്ചില്ലെങ്കിൽ, ആ സിദ്ധാന്തം മാറ്റിവെച്ച് , പുതിയ സാധ്യതകളിലേക്ക് നീങ്ങുന്നതാണ് ശാസ്ത്രത്തിൻറെ രീതി.

റെംഡെസ്‌വിർ (Remdesvir)

എബോള സമയത്ത് വികസിപ്പിച്ചെടുത്ത ആൻ്റി വൈറൽ മരുന്നാണിത്. ചൈനയിൽ ഈ മരുന്നുപയോഗിച്ചുള്ള ക്ലിനിക്കൽ ട്രയലുകൾ രോഗികളിൽ നടക്കുന്നുണ്ട്. അമേരിക്കയിലെ National Institutes of Health (NIH) in Bethesda യിലെയും നെബ്രാസ്ക മെഡിക്കൽ സെന്ററിലെയും വിദഗ്ദ്ധർ ഈ മരുന്നിൻറെ ഫലപ്രാപ്തിയെ കുറിച്ചു പഠനം നടത്തുന്നു.

മാർച്ചു മുതൽ 1000 ത്തോളം രോഗികളെ ഉൾപ്പെടുത്തി ലോക വ്യാപകമായി ഈ മരുന്നിൻ്റെ ഫലപ്രാപ്തി അന്വേഷിക്കുന്ന പഠനം നടത്തും.

Flavilavir

നിലവിൽ ഈ മരുന്ന്, ചൈനയിൽ കോവിഡ് 19 നെതിരെ അംഗീകൃതമാണ്. RNA-dependent RNA polymerase or the RdRp യെ പ്രതിരോധിക്കും വഴിയാണീ മരുന്ന് പ്രവർത്തിക്കുന്നത്. മുൻപ് ഇൻഫ്ലുവൻസയ്ക്ക് എതിരേ ജപ്പാനിലും, ചൈനയിലും ഈ മരുന്ന് ഉപയോഗിച്ചിരുന്നു. കൂടുതൽ പഠനങ്ങൾ നടന്നു വരുന്നു.

മോണോ ക്ളോണൽ ആന്റി ബോഡി

Sarilumab – റീജനറോൺ & സനോഫി എന്നീ പ്രമുഖ കമ്പിനികൾ സംയുക്തമായി സരിലുമാബ് – എന്ന ഹ്യൂമൻ മോണോ ക്ലോണൽ ആൻറിബോഡിയുടെ ഫലപ്രാപ്തി ഗുരുതരാവസ്ഥയിലുള്ള 400 ഓളം കോവിഡ് 19 രോഗികളിൽ പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇൻറർലൂക്കിൻ – 6 റിസപ്റ്റർ ബ്ലോക്ക് ചെയ്യുന്ന ആക്ഷനാണ് ഉപയോഗപ്പെടുത്തുന്നത്.

Tocilizumab:-

സമാന തത്വം ഉപയോഗപ്പെടുത്തി ചൈനയിൽ IL – 6 റിസപ്റ്റർ ആൻ്റിബോഡി ടോസിലിസുമാബ് ഉപയോഗിച്ച് നടത്തിയ ഒരു പ്രാഥമിക പഠനം ആശാവഹം ആയിരുന്നു. 75% രോഗികൾക്കും ഓക്സിജൻ കൊടുക്കേണ്ടി വരുന്നതിൻ്റെ ആവശ്യകത കുറയുന്നതായി നിരീക്ഷിക്കപ്പെട്ടു. ഇതിനെ തുടർന്ന് ഈ ചികിത്സാവിധി ചൈനയുടെ ദേശീയ ചികിത്സാ മാനദണ്ഡങ്ങളിൽ ചേർത്തിരുന്നു. ശ്വാസകോശ രോഗബാധയുടെ ഗുരുതരാവസ്ഥ കുറയ്ക്കാൻ ഈ മരുന്നുകൾ ഗുണം ചെയ്തേക്കും എന്നാണ് പ്രതീക്ഷ.

എ പി എൻ O1 (APN01)

ആസ്ട്രിയൻ കമ്പനിയായ Apeiron Biologics ഉൽപ്പാദിപ്പിക്കുന്ന ഈ മരുന്നിന് ആസ്ട്രിയ, ഡെൻമാർക്ക്, ജർമ്മനി എന്നിവിടങ്ങളിൽ ഫേസ് II ക്ലിനിക്കൽ ട്രയൽ നടത്താനുള്ള അനുമതി ആയി.

APN01 എന്നത് human angiotensin-converting enzyme 2 (rhACE2) ൻ്റെ ഒരു റീകോമ്പിനൻ്റ് ഫോം ആണ്.

തത്വത്തിൽ ഈ മരുന്നിന് വൈറസിൻ്റെ കോശങ്ങളിലുള്ള ആക്രണം ചെറുക്കാനും അതുവഴി ശ്വാസകോശത്തിനുണ്ടാവുന്ന കേട് പാട് കുറയ്ക്കാനും കഴിയും. ആയതിനാൽ കോവിഡ് ഗുരുതമായി ബാധിച്ച 200 ഓളം രോഗികളിലാവും ഇത് പരീക്ഷിക്കുക.

മെഗാ ക്ലിനിക്കൽ ട്രയൽ

ലോകാരോഗ്യ സംഘന തുടക്കം കുറിച്ചിരിക്കുന്ന “സോളിഡാരിറ്റി ” എന്ന മെഗാ ക്ലിനിക്കൽ ട്രയൽ നിലവിലെ വലിയ സംരംഭങ്ങളിലൊന്നാണിത്. 4 വത്യസ്ത മരുന്നുകൾ & അവയുടെ കോമ്പിനേഷൻസ് പഠനവിധേയമാകും.

ലോപ്പിനാവിർ, റിറ്റോനാവിർ

ഇൻ്റർഫെറോൺ ബീറ്റ & ക്ലോറോക്വിൻ എന്നിവയാണ് അവ. ഇവയെ നിലവിലുള്ള സ്റ്റാൻഡാർഡ് കെയറുമായി താരതമ്യം ചെയ്യുകയും ചെയ്യും.

അന്തർദേശീയ തലത്തിലുള്ള കമ്മിറ്റിയുടെ മേൽ നോട്ടത്തിൽ ഇന്ത്യ, തായ്ലൻഡ്‌, അർജൻ്റിന, ബഹറിൻ, കാനഡ, ഫ്രാൻസ്, ഇറാൻ, നോർവേ, സൗത്ത് ആഫ്രിക്ക, സ്പെയിൻ, സ്വിറ്റ്സർലൻ്റ് എന്നീ രാജ്യങ്ങളിലാവും പഠനം നടക്കുക.

ഇന്റർഫെറോൺ ആൽഫ 2B

antiviral recombinant Interferon alfa 2B (IFNrec),

ക്യൂബയിൽ നിന്നുള്ള ” അത്ഭുതമരുന്നായി ചിലരിതിനെ അടുത്തയിടെ പ്രചരിപ്പിച്ചിരുന്നു. ഇതെത്തിക്കാൻ കേരള സർക്കാർ ശ്രമിക്കുന്നു എന്ന വാർത്തകളും കേട്ടിരുന്നു. എന്നാലീ മരുന്ന് അത്ഭുത രോഗശാന്തി നൽകുന്ന ഒന്നല്ല, 39 വർഷമായി ക്യൂബയിൽ HIV, ഹെപ്പറ്റൈറ്റിസ് ഇത്യാദി വൈറൽ രോഗങ്ങൾക്ക് നൽകി പോരുന്ന ഒന്നാണ്.

കോവിഡിനെതിരെ ചൈനയിൽ പ്രയോഗിച്ച 30 തരം മരുന്നുകളിലൊന്നായി ഇതും ഉണ്ടായിരുന്നു. ഇറ്റലിയിലും സ്പെയിനിലും ഈ ചികിത്സ പ്രയോഗിച്ചിരുന്നു.

എന്നാൽ കോവിഡിനെതിരെയുള്ള ഫലപ്രാപ്തി സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങൾ വരേണ്ടതുണ്ട്.

ഹൈഡ്രോക്സി ക്ലോറോക്വിൻ (HCQ)- മുൻപേ തന്നെ വിവാദങ്ങളിൽ പെട്ട ഈ മരുന്നിനെ കുറിച്ച് 2 പോസ്റ്റ് ഇൻഫോ ക്ലിനിക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

US ലുള്ള Patient-Centered Outcomes Research Institute (PCORI) എന്ന സംഘടന $50 million തുകയാണ് HCQ ആരോഗ്യ പ്രവർത്തകരിൽ കോവിഡ് പ്രതിരോധത്തിന് ഉതകുമോ എന്ന ശാസ്ത്രീയ പഠനത്തിനായി നീക്കി വെച്ചിരിക്കുന്നത്.

കൺവാലസെൻ്റ് സിറം

രോഗം ഭേദമായവരുടെ സീറം എടുത്ത്, മറ്റൊരു വ്യക്തിയിൽ കുത്തിവെച്ചാൽ, തത്വത്തിൽ അതിലെ ആന്റിബോഡികൾ, രോഗത്തിൽ നിന്ന് സംരക്ഷണം നല്കുമെന്നതാണ് “കൻവാലസന്റ് സീറ” ഉപയോഗിക്കുന്നതിന്റെ പിന്നിലെ ആശയം.

ഏറെ മുന്നേ വാക്സിനുകൾ കണ്ടെത്തുന്നുതിന് മുൻപ്, ചില രോഗങ്ങൾക്കായി ഇത്തരം ചികിത്സാ രീതി ഉപയോഗിച്ചിരുന്നു.

എന്നാൽ കോവിഡ് 19 എന്ന ഈ രോഗത്തിന്, രോഗമുക്തി നേടിയവരുടെ, സീറം ഉപയോഗിക്കുന്നത് ഫലപ്രദമാണോ എന്നത് പഠിച്ച് വരുന്നതേയുള്ളൂ. രോഗ ലക്ഷണങ്ങൾ തുടങ്ങിയതിനുശേഷം ചികിത്സയ്ക്കായി സീറം നൽകുന്നതിന് വലിയ നേട്ടം ഉണ്ടോ എന്നതിന് സംശയമുണ്ട്.

എന്നാൽ രോഗം ഉണ്ടാവുന്നതിനു മുൻപ്, രോഗസാധ്യത ഉള്ളവർക്ക് സീറം നൽകുകയാണെങ്കിൽ ഒരു പക്ഷേ രോഗ ലക്ഷണങ്ങൾ വരുന്നതിൽ നിന്നുമോ, രോഗം മൂർച്ഛിക്കുന്നതിൽ നിന്നുമോ സംരക്ഷണം ലഭിച്ചേക്കാം.

സിറത്തിൽ നിന്ന് മോണോ ക്ലോണൽ ആൻ്റിബോഡി

സീറത്തിൽ നിന്ന്, നിന്ന് monoclonal ആൻറി ബോഡികൾ ഉണ്ടാക്കി, അവയും ഈ രോഗത്തിന് ഫലപ്രദമാണോ എന്ന് പഠനങ്ങൾ നടത്തേണ്ടിയിരിക്കുന്നു

ഐവർമെക്റ്റിൻ

സാധ്യത മരുന്നായി കണ്ടെത്തിയ മറ്റൊന്ന്, വിരകൾക്കെതിരെ മുൻപ് ഉപയോഗിച്ചിരുന്ന ഐവർമെക്റ്റിൻ എന്ന മരുന്നാണ്. ശരീരത്തിനു പുറത്ത് ലാബിലെ കൾച്ചർ മീഡിയയിൽ ഈ മരുന്ന് കോവിഡ് ഉണ്ടാക്കുന്ന സാർ കോ.വി 2 നെ നശിപ്പിക്കുന്നതായി കാണാൻ സാധിച്ചിട്ടുണ്ട് ഉണ്ട്.

എന്നാൽ മനുഷ്യരിലെ പരീക്ഷണങ്ങളിൽ ഫലപ്രദമാണോ എന്നു തുടങ്ങി, ഏതളവിൽ എത്ര സുരക്ഷിതമായി നൽകാമെന്നും, ചികിത്സ എങ്ങനെ ഉപയോഗിക്കണമെന്നും വിശദാംശങ്ങൾ കൂടുതൽ പഠനങ്ങൾക്ക് വിധേയമാക്കാനിരിക്കുന്നതേയുള്ളൂ.

BCG വാക്സിൻ

വിസ്താരഭയം കൊണ്ട് മറ്റു ചില അപ്രധാന വസ്തുതകൾ ഒഴിവാക്കുന്നു. ഒന്നോർക്കുക ഭാവി ഇരുളടഞ്ഞതല്ല മറിച്ച് പ്രത്യാശാ കാരണങ്ങളാൽ പ്രഭാപൂരിതമാണ്, വെളിച്ചം നിറയ്ക്കാൻ ലോകമെമ്പാടുമുള്ള ആധുനിക വൈദ്യശാസ്ത്രം മുന്നിലുണ്ട്.

ഡോ: ദീപു സദാശിവൻ Deepu Sadasivan & ഡോ: നവ്യ തൈക്കാട്ടിൽ Navya Thaikattil- ഇന്‍ഫോക്ലിനിക്കിന് വേണ്ടി തയ്യാറാക്കിയത്.

കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ധാരാവി ചേരി പൂര്‍ണമായും അടച്ചിടുന്നത് പരിഗണിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ധാരാവിയില്‍ രോഗം ബാധിച്ച് ഒരാള്‍ കൂടി മരിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള തീരുമാനം. നിലവില്‍ 13 പേരിലാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

രണ്ടുപേര്‍ മരിച്ച ധാരാവിയിലെ ബാലികാ നഗര്‍ എന്ന ചേരിപ്രദേശം പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. ധാരാവിയില്‍ രോഗം പടര്‍ന്നുപിടിച്ചാല്‍ അത് നിയന്ത്രിക്കുക സര്‍ക്കാരിനെ സംബന്ധിച്ച് ശ്രമകരമാണ്.ഇതേ തുടര്‍ന്നാണ് ചേരി പൂര്‍ണമായും അടച്ചിട്ട് രോഗവ്യാപനം തടയുക എന്ന തീരുമാനത്തിലെക്കെത്തുക.

നോട്ടുകൾ സോപ്പുവെള്ളത്തിൽ കഴുകി മാണ്ഡ്യ നിവാസികൾ. മാണ്ഡ്യ പട്ടണത്തിൽ നിന്നും 18 കിലോമീറ്റർ അകലെ മരനചകനഹള്ളിയിലെ ജനങ്ങളാണ് 2000, 500, 100 എന്നിവയുടെ നോട്ടുകൾ സോപ്പുവെള്ളം ഉപയോ​ഗിച്ച് വൃത്തിയായി കഴുകി ഉണക്കാനിട്ടത്. സാധനങ്ങൾ വാങ്ങുന്നതിനിടെ വ്യാപാരികളിൽ നിന്ന് ലഭിച്ച നോട്ടുകളാണിതെന്ന് ജനങ്ങൾ പറയുന്നു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി കൈകൾ സോപ്പും വെളളവും ഉപയോ​ഗിച്ച് ഇടയ്ക്കിടെ കഴുകണമെന്ന് ജില്ലാ ഭരണകൂടം ​ഗ്രാമവാസികൾക്ക് നിർദ്ദേശം നൽകിയിരുന്നു. പണത്തിന് പകരം ഇലക്ട്രോണിക് പേയ്മെന്റ് നടത്താനും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇലക്ട്രോണിക് പേയ്മെന്റ് നടത്തുന്ന കാര്യത്തിൽ ​ഗ്രാമവാസികൾ പരിചയസമ്പന്നരല്ലന്ന് മറ്റൊരു ​ഗ്രാമവാസിയായ ബോറെ ​ഗൗഡ വ്യക്തമാക്കി.

കൊറോണ വൈറസ് വ്യാപിക്കും എന്ന് ഭീഷണിപ്പെടുത്തി നോട്ടുപയോ​ഗിച്ച് മൂക്കും മുഖവും തുടയ്ക്കുകയും നക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഞങ്ങളെല്ലാവരും അത് കണ്ടിരുന്നു. കാർഷിക വിളകൾ വിറ്റ് വ്യാപാരികളിൽ നിന്ന് നേരിട്ട് പണം വാങ്ങുന്നവരാണ് ഇവർ. അതാണ് ഇവർ പരിഭ്രാന്തരാകാൻ കാരണം.

കോവിഡ് പരീക്ഷണകാലം കഴിഞ്ഞ് ചൈനയിലെ വുഹാന്‍ നഗരത്തില്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. മൂന്ന് മാസം നീണ്ട അടച്ചിടലിന് ശേഷം നഗരം സാധാരണ വേഗം വീണ്ടെടുക്കുകയാണ്.76 ദിവസങ്ങള്‍ നീണ്ട അടച്ചിടല്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ വുഹാന്‍ നഗരത്തിലുള്ളവര്‍ സ്വയം മറക്കുകയായിരുന്നു. എല്ലാ മുഖങ്ങളിലും കാണാം പ്രതീക്ഷയുടെ ശുഭാപ്തിവിശ്വാസത്തിന്റെ വിടര്‍ന്ന ചിരി. നാളുകള്‍ക്ക് ശേഷം തമ്മില്‍ക്കണ്ട അയല്‍ക്കാര്‍ എല്ലാം മറന്ന് കെട്ടിപ്പിടിച്ചു. കോവിഡിന്റെ ആക്രമണത്തില്‍ തകര്‍ന്ന്പോയ ഒരുനാട് അതിജീവനത്തിന്റെ കുതിപ്പ് തുടങ്ങുകയാണ്.

ശരവേഗത്തില്‍ വിപണികള്‍ സജീവമാകുന്നു. അടഞ്ഞു കിടന്ന ഫാക്ടറികളിലെ യന്ത്രങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നു. ആദ്യമാദ്യം നഗരത്തില്‍ എത്തുന്നവര്‍ അവരവര്‍ക്ക് മനസിനിഷ്ടപ്പെട്ടവ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. നൂഡില്‍സിന് പേരുകേട്ട നഗരമാണ് വുഹാന്‍. ലോക്ക് ഡൗണില്‍ എല്ലാം നിലച്ചപ്പോള്‍ hot നൂഡില്‍സെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചവര്‍ ആദ്യം അത് വാങ്ങിക്കൂട്ടി. സുഹൃത്തിനൊപ്പൊം സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ വാങ്ങുന്ന തിരക്കിലാണ് വാങ്.

മാളുകളും മറ്റ് ഷോപ്പിങ് സെന്ററുകളും സജീവമായിത്തുടങ്ങി. പൂര്‍ണമായും ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനാല്‍ വുഹാനിലെ റെയില്‍ ഗതാഗതവും സാധാരണനിലയിലായി. മറ്റ് യാത്രാ സംവിധാനങ്ങളും പെട്ടന്ന് തന്നെ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. വലിയതോതില്‍ അസംസ്ക‍ൃത വസ്തുക്കള്‍ ഉല്‍പാദിപ്പിച്ചിരുന്ന ഫാക്ടറികളും പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. വിലക്കുറവും നികുതിയിളവും നല്‍കി വിപണികളെ കരുത്തുറ്റതാക്കാന്‍ ചൈനീസ് സര്‍ക്കാര്‍ നിരവധി പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.

നിറഞ്ഞ ചിരിയോടെ ആത്മവിശ്വാസത്തിന്റെ കരുത്തോടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനാവുമെന്ന പ്രത്യാശയാണ് വുഹാനില്‍ ആദ്യമായി പുറത്തിറങ്ങിയവരുടെയെല്ലാം മുഖത്ത് കണ്ടത്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ഏറ്റവും പുതുതായി രേഖപ്പെടുത്തപ്പെട്ട എൻഎച്ച്എസ് കണക്കുകൾ പ്രകാരം, കൊറോണ ബാധിതരായവരിൽ ശ്വസിക്കുവാൻ വെന്റിലേറ്റർ സഹായം ആവശ്യം വരുന്ന രോഗികളിൽ 66.3 ശതമാനം പേരും മരണത്തിന് കീഴടങ്ങുന്നു. ഇന്റെൻസീവ് കെയർ നാഷണൽ അഡൽട്ട് ആൻഡ് റിസർച്ച് സെന്റർ പുറത്തുവിട്ട റിപ്പോർട്ടിൽ, വെന്റിലേറ്ററിൽ ഉള്ള കോവിഡ് 19 ബാധിച്ച രോഗികളുടെ മരണനിരക്ക് ഇരട്ടി ആയിരിക്കുകയാണ്. എന്നാൽ ഈ വൈറസ് ബാധയ്ക്കു മുൻപ് വെന്റിലേറ്റർ സഹായം ആവശ്യം വരുന്നവരിൽ, ഇത്രയധികം മരണനിരക്ക് രേഖപ്പെടുത്തിയിരുന്നില്ല. ഇതോടൊപ്പം തന്നെ കൊറോണ ബാധിച്ചു ബ്രിട്ടണിൽ ഇന്റെൻസീവ് കെയർ യൂണിറ്റുകളിൽ അഡ്മിറ്റ് ചെയ്യപ്പെടുന്നവരുടെ മരണനിരക്ക് 50 ശതമാനത്തിനും ഏറെയായി ഉയർന്നിരിക്കുകയാണ്.

2249 കൊറോണ ബാധിതരുടെ വിവരങ്ങളിൽ നിന്നാണ് ഈയൊരു റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ 346 പേർ മരണപ്പെടുകയും, 344 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. ബാക്കിയുള്ള 1,559 പേർ ഇപ്പോഴും ക്രിട്ടിക്കൽ കെയർ യൂണിറ്റുകളിൽ ചികിത്സയിലാണ്. കണക്കുകൾ പ്രകാരം രോഗം ബാധിച്ചവരിൽ 73 ശതമാനം പേരും പുരുഷന്മാരാണ്. 27% സ്ത്രീകൾക്കു മാത്രമാണ് രോഗം ബാധിച്ചിരിക്കുന്നത്.

രക്ഷപെടുവാൻ സാധ്യതയുള്ള കൊറോണ ബാധിതർക്കു വേണ്ടി മാത്രം വെന്റിലേറ്ററുകൾ മാറ്റി വയ്ക്കുമെന്ന് ഇംപീരിയൽ കോളേജ് ഹെൽത്ത് കെയർ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. വെന്റിലേറ്ററുകളിൽ അഡ്മിറ്റ് ചെയ്യപ്പെടുന്നവരിൽ ഇത്രയധികം മരണനിരക്ക് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ, രക്ഷപ്പെടുവാൻ സാധ്യതയുള്ളവരെയാണോ ഇത്തരത്തിൽ അഡ്മിറ്റ് ചെയ്യുന്നത് എന്ന് പരിശോധിക്കുമെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിൽ ഇന്റെൻസീവ് കെയർ യൂണിറ്റിൽ ചികിത്സയിലാണ്. അദ്ദേഹത്തെ ഞായറാഴ്ചയാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. കഴിഞ്ഞ രാത്രി അദ്ദേഹത്തിന്റെ അവസ്ഥ മോശമായതിനെത്തുടന്ന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. പ്രധാനമന്ത്രി ചികിത്സയിൽ ആയിരിക്കുന്ന സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ ചുമതലകൾ സ്റ്റേറ്റ് സെക്രട്ടറി ഡൊമിനിക് റാബിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്.

കൊവിഡ് 19 ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് പൂര്‍ത്തിയാകുമെങ്കിലും 21 ദിവസത്തേയ്ക്ക് കൂടി ലോക്ക് ഡോണ്‍ നീട്ടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസും സെക്രട്ടറി ഡോ.ഗോപീകുമാറും അറിയിച്ചു. സംസ്ഥാനത്തേയും രാജ്യത്തെ വിവിധ ഭാഗങ്ങളിലേയും വിദേശത്തേയും ആരോഗ്യ വിദഗ്ധരുമായി കഴിഞ്ഞകുറച്ച് ദിവസങ്ങളായി നടത്തിവന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഐഎംഎ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.

യുകെ, യുഎസ്, ഇറ്റലി, ജര്‍മ്മനിസ സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച നടത്തി. ഈ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിലപാട് ഐഎംഎ സ്വീകരിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളേയും വിദേശരാജ്യങ്ങളേയും അപേക്ഷിച്ച് കൊവിഡിനെതിരായ പ്രതിരോധത്തില്‍ മികച്ച നടപടികള്‍ കൈക്കൊണ്ട നടപടികള്‍ മികച്ചതാണ്. ഈ നേട്ടം നിലനിര്‍ത്തണമെങ്കില്‍ 21 ദിവസം കൂടി ലോക്ക് ഡൗണ്‍ തുടരണം.

ലോക്ക് ഡൗണ്‍ ഉടന്‍ പിന്‍വലിക്കുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും വലിയ തോതില്‍ ആളുകളെത്തുന്ന നിലയുണ്ടാകാം. ഇത് കേരളത്തില്‍ കൊറോണ വൈറസിന്റെ സമൂഹവ്യാപനമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു. മറ്റ് പല രാജ്യങ്ങളും കേസുകൾ പതിനായിരത്തിനടുത്തെത്തിയപ്പോളാണ് ലോക്ക് ലോക്ക് ഡൗണ്‍ നടപ്പാക്കിയത്. ഇന്ത്യ 500ൽ താഴെ കേസുകൾ നിൽക്കെത്തന്നെ ലോക്ക് ഡൗണ്‍ നടപ്പാക്കിയത് കേസുകൾ പിടിച്ചുനിർത്താൻ സഹായിച്ചതായും ഐഎംഎ വിലയിരുത്തി.

ഡിസംബര്‍ 31നു കോവിഡ് 19 ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഒരു മരണവും സംഭവിക്കാത്ത ഒരു ദിവസം ചൈന കടന്നു പോയി. ഇന്നലെ 32 കോവിഡ് കേസുകള്‍ രാജ്യത്തു സ്ഥിരീകരിച്ചു. എല്ലാ കേസുകളും വിദേശത്തു നിന്നും വന്നവരാണ്. ഇപ്പോള്‍ 81,740 പേരാണ് ചൈനയില്‍ കോവിഡ് ബാധിതരായിട്ടുള്ളത്. 3331 പേരുടെ മരണമാണ് ഇതുവരെ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേ സമയം ചൈന പുറത്തുവിടുന്നത് യഥാര്‍ത്ഥ കണക്കുകള്‍ അല്ലെന്ന് അമേരിക്കയടക്കം ആരോപിച്ചിരുന്നു.

സമൂഹ വ്യാപനം ഇല്ല എന്നു സ്ഥിരീകരിച്ചതോടെ ഹുബെയ് പ്രവിശ്യയില്‍ നിയന്ത്രണങ്ങള്‍ക്ക് കഴിഞ്ഞ മാസം തന്നെ ഇളവ് വരുത്തിയിരുന്നു. രോഗം ആഞ്ഞടിച്ച വുഹാനിലെ ഇളവുകള്‍ ഏപ്രില്‍ 8 മുതല്‍ നിലവില്‍ വരും.

ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് ഇന്‍റന്‍സീവ്കെയര്‍ യൂണിറ്റിലേക്ക് മാറ്റി. ലണ്ടനിലെ സെന്‍റ് തോമസ് ആശുപത്രിയിലേക്ക് തിങ്കളാഴ്ച രാത്രി 7 മണിക്കാണ് ബോറിസ് ജോണ്‍സണെ മാറ്റിയത്. വെന്റിലേറ്റര്‍ സൌകര്യം ആവശ്യമായി വരാനുള്ള സാധ്യത കണക്കിലെടുത്താന് ഈ നടപടി എന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

കോവിഡ് 19 സ്ഥിരീകരിച്ച് 10 ദിവസം കഴിഞ്ഞിട്ടും നിരന്തരമായി രോഗ ലക്ഷണങ്ങള്‍ മാറാത്തതത്തിനെ തുടര്‍ന്ന് ജോണ്‍സണെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയെ ടെസ്റ്റുകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന് ഡൌണിങ് സ്ട്രീറ്റ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 27നാണ് ബോറിസ് ജോണ്‍സണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തം വിദേശകാര്യ മന്ത്രി ഡൊമിനിക്ക് റാബിന് കൈമാറി.അര ലക്ഷം പേര്‍ രോഗബാധിതരായ യു കെയില്‍ 5000ത്തിലധികം പേര്‍ ഇതിനകം മരിച്ചുകഴിഞ്ഞിട്ടുണ്ട്.

ടോക്കിയോയില്‍ അടക്കം കൊറോണ കേസുകളുടെ എണ്ണം കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തില്‍ ജപ്പാനില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കാന്‍ സാധ്യതയുണ്ട്. 3600 കേസുകളും 85 മരണവുമാണ് രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തത്.രോഗ വ്യാപനത്തിന്റെ കാര്യത്തില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് അമേരിക്ക. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ചു 3,67,000 പേരില്‍ രാജ്യത്തു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മരണ സംഖ്യ 11,000 കടന്നു.

ലോകമാകെ പതിമൂന്നര ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് കണക്ക്. മരണ സംഖ്യ മുക്കാല്‍ ലക്ഷത്തിനോടടുക്കുന്നു. രോഗം പടര്‍ന്ന് പിടിച്ച യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി, സ്പെയിന്‍ എന്നിവിടങ്ങളില്‍ മഹാമാരി നിയന്ത്രണ വിധേയമായി എന്നു പറയാറായിട്ടില്ല. ഇറ്റലിയില്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തതിനെക്കാള്‍ 111 പേര്‍ കൂടുതല്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 636 മരണമാണ് രാജ്യത്തു രേഖപ്പെടുത്തിയത്.

അതേസമയം സ്പെയിനില്‍ തുടര്‍ച്ചയായി നാലാം ദിവസം മരണ സംഖ്യയില്‍ കുറവ് രേഖപ്പെടുത്തി. ഇന്നലെ 637 പേരാണ് രാജ്യത്തു കോവിഡ് ബാധിച്ചു മരിച്ചത്.

കൊറോണ വൈറസ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മലേറിയ മരുന്ന് ഹൈഡ്രോക്ലോറോക്വിന്‍ ഇന്ത്യ വിട്ടു നല്‍കിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന യുഎസ്സിന്റെ ഭീഷണിക്കെതിരെ രാജ്യത്ത് പ്രതിഷേധമുയരുന്നു. പ്രതിപക്ഷ പാര്‍ട്ടികളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. ‘സൗഹാര്‍ദ്ദത്തില്‍ തിരിച്ചടിക്കല്‍ ഇല്ലെ’ന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഇന്ത്യ ഈ ജീവന്‍‍രക്ഷാ മരുന്ന് ആവശ്യമുള്ളവര്‍ക്കെല്ലാം നല്‍കണം. രാജ്യത്ത് ഈ മരുന്നിന്റെ ലഭ്യത ഉറപ്പു വരുത്തിയതിനു ശേഷമേ അത് ചെയ്യാവൂ എന്നും രാഹുല്‍ പറഞ്ഞു.

യുഎസ് പ്രസിഡണ്ടിന്റെ പ്രസ്താവന അസ്വീകാര്യമാണെന്ന പ്രസ്താവനയുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും എത്തിയിട്ടുണ്ട്. അതെസമയം, ട്രംപിന്റെ ഭീഷണിക്കു മുമ്പില്‍ മോദി സര്‍ക്കാര്‍ വീണുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രംപിന്റെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കകം മരുന്നു കയറ്റുമതിയില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കം ചെയ്തത് ഇന്ത്യയെ അടിയറ വെക്കലാണ്. ട്രംപിനു വേണ്ടി വന്‍തുക ചെലവിട്ട് മാമാങ്കം ഒരുക്കിയതിന് മോദിക്ക് ലഭിച്ചത് ഇതാണെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ത്യയുടെ മുന്‍ഗണന ഇന്ത്യാക്കാരെ ചികിത്സിക്കുക എന്നതായിരിക്കണം. നിര്‍ണായകമായ മരുന്നുകളുടെ ക്ഷാമത്തിലേക്ക് ഇന്ത്യയെ തള്ളിവിടാന്‍ ട്രംപിന്റെ ഭീഷണിക്ക് വഴങ്ങിക്കൊടുക്കുന്ന മോദിയ അനുവദിച്ചുകൂടാ. ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല,” സീതാറാം യെച്ചൂരി പറഞ്ഞു.

യുഎസ് പ്രസിഡണ്ടിന്റെ പ്രസ്താവനയില്‍ അത്ഭുതം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്റംഗം ശശി തരൂരും രംഗത്തു വന്നു. തന്റെ ഇക്കണ്ട കാലത്തെ ലോകരാഷ്ട്രീയ പരിചയത്തില്‍ ഒരു രാഷ്ട്രത്തലവന്‍ ഇങ്ങനെ ഭീഷണി മുഴക്കുന്നത് കണ്ടിട്ടില്ലെന്ന് തരൂര്‍ പറഞ്ഞു. മോദിയുമായി താന്‍ സംസാരിച്ചെന്നും അവര്‍ പരിഗണിക്കാമെന്നാണ് അറിയിച്ചതെന്നും പരിഗണിച്ചില്ലെങ്കില്‍ അതിന് തിരിച്ചടിയുണ്ടാകുമെന്നുമാണ് ട്രംപ് പറഞ്ഞത്. ഇന്ത്യ യുഎസ്സിനെ വെച്ച് ഒരുപാട് നേട്ടമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. “ഞങ്ങളുടെ വിതരണം തടസ്സപ്പെടുത്തിയാല്‍” എന്നു തുടങ്ങുന്ന ട്രംപിന്റെ പ്രസ്താവനയില്‍ ധാര്‍ഷ്ട്യവും തരൂര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ ഒരു ഉല്‍പന്നം യുഎസ്സിന് വില്‍ക്കാമെന്ന് തീരുമാനിക്കുമ്പോള്‍ മാത്രമാണ് അത് യുഎസ്സിനുള്ള വിതരണമാകുനെന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതെസമയം യുഎസ്സില്‍ നിന്ന് കാനഡയിലേക്കുള്ള എന്‍95 മാസ്കുകളുടെ കയറ്റുമതി ട്രംപ് തടഞ്ഞിരിക്കുകയാണ്. തങ്ങള്‍ക്ക് ആവശ്യമുണ്ടെന്ന് പറഞ്ഞാണിത്. കാനഡയിലെ ജനസാന്ദ്രതയേറിയ ഒന്റേറിയോ പ്രവിശ്യയിലേക്ക് കയറ്റി അയയ്ക്കാന്‍ തയ്യാറെടുക്കവെയാണ് അധികാരികള്‍ തടഞ്ഞത്. ഒന്റേറിയോയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മാസ്കുകള്‍ നിലവില്‍ ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്.

രാജ്യത്ത് 1950ലെ ഡിഫന്‍സ് പ്രൊഡക്ഷന്‍ നിയമം നടപ്പാക്കിയിരിക്കുകയാണ്. വെള്ളിയാഴ്ച മുതല്‍ നടപ്പാക്കിയ ഈ നിയമപ്രകാരം സുരക്ഷാവസ്ത്രങ്ങളുടെ കയറ്റുമതി അധികാരികള്‍ക്ക് തടയാന്‍ സാധിക്കും. കാന‍ഡ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് യുഎസ്സില്‍ നിന്ന് എന്‍95 മാസ്കുകള്‍ ഏറെയും കയറ്റുമതി ചെയ്യുന്നത്.

കോവിഡ്-19 ചികിത്സയില്‍ മലേറിയ മരുന്നിന്റെ സാധ്യത സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് യുഎസ് പ്രസിഡണ്ട് ഡൊണാള്‍‌ഡ് ട്രംപ് പ്രസ്തുത മരുന്ന് തന്റെ രാജ്യത്ത് ലഭ്യമാക്കാനായി അന്തര്‍ദ്ദേശീയ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തിത്തുടങ്ങിയത്. ഇന്ത്യയായിരുന്നു ട്രംപിന്റെ പ്രധാന ലക്ഷ്യം. മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്ലോറോക്വിന്‍ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കൊവിഡ് ചികിത്സയില്‍ ഈ മരുന്നിനുള്ള സാധ്യത തിരിച്ചറിഞ്ഞ ഇന്ത്യ അവയുടെ കയറ്റുമതി നിരോധിച്ചിരുന്നു. മാത്രവുമല്ല, ഉല്‍പാദകരില്‍ നിന്ന് ഈ മരുന്ന് വന്‍തോതില്‍ വാങ്ങിവെക്കാനുള്ള നടപടികള്‍ ആരോഗ്യമന്ത്രാലയം തുടങ്ങുകയും ചെയ്തിരുന്നു. തങ്ങള്‍ക്ക് ഈ മരുന്ന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ചത് സാക്ഷാല്‍ ട്രംപ് തന്നെയാണ്. ഈ സമ്മര്‍‌ദ്ദത്തില്‍ ഇന്ത്യക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. മരുന്ന് വിട്ടു നല്‍കുന്നത് പരിഗണിക്കാമെന്ന് സമ്മതിച്ചു. ട്രംപിന്റെ ഭീഷണി വന്നതോടെ അതിവേഗത്തില്‍ നിരോധനം നീക്കം ചെയ്യുകയും ചെയ്തു.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധ ലോകമെമ്പാടും പടരുന്ന സാഹചര്യത്തിൽ, രോഗിയുടെ ശബ്ദത്തിൽ നിന്നും, ചുമയിൽ നിന്നും മറ്റും വൈറസിന്റെ സാന്നിധ്യം കണ്ടെത്താനുള്ള നൂതന പരീക്ഷണങ്ങൾ ഗവേഷണസംഘം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനായി ജനങ്ങളുടെ ശബ്ദ റെക്കോർഡിങ്ങുകൾ ശേഖരിക്കുന്നതിനായി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഒരു സൗണ്ട് ആപ്പ് രൂപപ്പെടുത്തിയിരിക്കുകയാണ് . ഇതിൽ ജനങ്ങൾ ശ്വാസം എടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്തു കൊണ്ട് സംസാരിക്കുന്ന ശബ്ദവും, ചുമയുടെ ശബ്ദവും റെക്കോർഡ് ചെയ്യണം. തങ്ങളുടെ ശബ്ദ റെക്കോർഡിങ് ഈ രോഗബാധയുടെ നിവാരണത്തിന് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതായി പറയുകയും വേണം. ഇതോടൊപ്പം തന്നെ നിരവധി ചോദ്യങ്ങളും ഈ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

ശബ്ദത്തിന്റെ ഉടമ കൊറോണ പോസിറ്റീവ് രേഖപ്പെടുത്തിയ വ്യക്തിയാണോ, ആണെങ്കിൽ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണോ തുടങ്ങിയ ചോദ്യങ്ങളും ഈ ആപ്പിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം തന്നെ ശബ്ദം ഉടമയുടെ പ്രായം, ബയോളജിക്കൽ സെക്സ്, മറ്റ് ആരോഗ്യ അവസ്ഥകൾ, പുകവലിക്കുന്ന ആൾ ആണോ തുടങ്ങിയ ചോദ്യങ്ങളെല്ലാം തന്നെ ഈ ആപ്പിൽ ഉണ്ട്. യൂണിവേഴ്സിറ്റിയുടെ സെർവറുകളിൽ ശേഖരിക്കപ്പെടുന്ന ഈ ഡേറ്റാ ഉപയോഗിച്ച് പിന്നീട് കോവിഡ് -19 തിന്റെ ഓട്ടോമാറ്റിക് ഡിറ്റക്ഷന് ആവശ്യമായ അൽഗോരിതം രൂപപ്പെടുത്തും.

ആളുകളുടെ ചുമയും, ശബ്ദവുമെല്ലാം കൊറണ ബാധയുടെ കണ്ടെത്തലിന് സഹായകരമാകുമെന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് കമ്പ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി പ്രൊഫസർ സെസിലിയ മസ്‌കളോ വ്യക്തമാക്കി. ഈ ആപ്പ് മെഡിക്കൽ സർവീസുകൾ ഒന്നും തന്നെ പ്രദാനം ചെയ്യുന്നില്ല. ഈ ഡേറ്റകൾ രോഗം എങ്ങനെയാണ് പടരുന്നതെന്ന് വെളിവാക്കുമെന്നും, അതിനായി എല്ലാവരും സഹകരിക്കണമെന്നും അവർ ഓർമ്മിപ്പിച്ചു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ബ്രിട്ടൻ :- ലോകത്താകമാനമുള്ള ജനങ്ങളെ ആശങ്കയിലാഴ്ത്തി കൊണ്ടിരിക്കുന്ന കോവിഡ് -19 രോഗബാധയ്ക്ക് പരിഹാരമേകാൻ പുതിയ മരുന്ന് പരീക്ഷിക്കുവാൻ തയ്യാറെടുക്കുകയാണ് യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്നുള്ള ഗവേഷകനും സംഘവും. ലൈഫ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും, കാനഡ റിസർച്ച് ചെയർ ഇൻ ഫംഗ്ഷണൽ ജനറ്റിക്സിന്റെയും ഡയറക്ടർ ആയിരിക്കുന്ന ഡോക്ടർ ജോസഫ് പെന്നിങാർ ആണ് ഗവേഷണത്തിന് നേതൃത്വം നൽകുന്നത്. സാർസ് വൈറസിനോട് സമാനതയുള്ള കോവിഡ് 19 വൈറസിനെ തുടക്കത്തിൽ തന്നെ മരുന്നുകൾ കൊണ്ട് പ്രതിരോധിക്കാൻ ആകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കനേഡിയൻ ഫെഡറൽ ഗവൺമെന്റാണ് ഈ ഗവേഷണത്തിന് ആവശ്യമായ ചിലവുകളുടെ പകുതി വഹിക്കുന്നത്. ഈ വൈറസിനെ എങ്ങനെ കിഡ്നികളെയും രക്തക്കുഴലുകളെയും ബാധിക്കാതെ പ്രതിരോധിക്കാം എന്നതാണ് ഈ ഗവേഷണത്തിന്റെ മുഖ്യലക്ഷ്യം.

എപിഎൻ 01 എന്ന ഹ്യൂമൻ ആൻജിയോടെൻസിൻ കൺവെർട്ടിങ് ഇൻസായ്മ് 2 എന്നതിന്റെ റീകോമ്പിനന്റ് രൂപമാണ് പുതിയ ആന്റി വൈറൽ ഡ്രഗ് ആയി രൂപപ്പെടുത്തിയിരിക്കുന്നത്. വൈറസ് മനുഷ്യനിൽ കയറുവാൻ ഉപയോഗിക്കുന്നത്, മനുഷ്യനിൽ തന്നെയുള്ള ഹ്യൂമൻ ആൻജിയോടെൻസിൻ കൺവെർട്ടിങ് എൻസായ്മിനെയാണ്. പുതുതായി രൂപപ്പെടുത്തിയിരിക്കുന്നത് മരുന്ന് ഇതിനോട് സാമ്യമുള്ളതാണ്. അതിനാൽ വൈറസ് ഈ മരുന്നിനോട് ബന്ധം ഉണ്ടാക്കുകയും, മനുഷ്യനെ ബാധിക്കാതിരിക്കാതിരിക്കുകയും ചെയ്യും.

ഈ മരുന്നിന്റെ ക്ലിനിക്കൽ ട്രയൽസ് നടത്തുന്നത് യൂറോപ്പ്യൻ ബയോടെക് കമ്പനിയായ അപേയ്‌റോൺ ബയോലിജിക്‌സ് ആണ്. എത്രയും പെട്ടെന്ന് ഈ പരീക്ഷണങ്ങൾ പൂർത്തിയാവുകയും, മരുന്ന് ഫലപ്രദമാവുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗവേഷണ സംഘം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

Copyright © . All rights reserved