നിങ്ങള്‍ മണക്കാന്‍ ആഗ്രഹിക്കുന്ന ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗന്ധം അനുഭവപ്പെടുന്നില്ലേ? കഴിക്കാന്‍ ആഗ്രഹമുള്ള ഭക്ഷണത്തിന് യാതൊരു രുചിയും തോന്നുന്നില്ലേ? എങ്കില്‍ നിങ്ങളെ ഇതിനകം തന്നെ കൊറോണ വൈറസ് ബാധിച്ചു കഴിഞ്ഞിട്ടുണ്ടാകാം എന്നാണ് ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും പറയുന്നത്. അവര്‍ക്ക് മറ്റു രോഗലക്ഷണങ്ങളൊന്നും തുടക്കത്തില്‍ കണ്ടേക്കില്ലെന്നും ബ്രിട്ടനില്‍ നിന്ന് പുറത്തുവന്ന പുതിയ പഠനം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ രോഗം ബാധിച്ചവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നിഗമനം. അതായത്, Anosmia, മണം നഷ്ടപ്പെടുന്ന അവസ്ഥ, Ageusia, രുചി നഷ്ടമാകുന്ന അവസ്ഥ എന്നിവ കൊറോണ വൈറസ് ബാധയുടെ ആദ്യലക്ഷണങ്ങളായി കണക്കാക്കാം എന്നാണ് ബ്രിട്ടീഷ് റിനോളജിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റ് പ്രൊഫ. ക്ലാരി ഹോപ്കിന്‍സ് വ്യക്തമാക്കുന്നത്. ഈ അവസ്ഥ അനുഭവപ്പെട്ടു തുടങ്ങിയാല്‍ ഉടന്‍ തന്നെ നിര്‍ബന്ധിതമായി ഏഴു ദിവസത്തേക്ക് ക്വാറന്റൈന്‍ ചെയ്യണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
“ഇതൊരു രോഗലക്ഷണമാണെന്ന കാര്യം വ്യക്തമാക്കാനും അതുവഴി ജനങ്ങളില്‍ ഇക്കാര്യത്തെക്കുറിച്ച് ധാരണയുണ്ടാക്കണമെന്നും ഞങ്ങള്‍ കരുതുന്നു. അതുകൊണ്ടു തന്നെ ഇത്തരത്തില്‍ മണവും രുചിയും നഷ്ടമാകുന്നവര്‍ ഉടന്‍ തന്നെ സ്വമേധയാ ക്വാറന്റൈന്‍ ചെയ്യേണ്ടതാണ്” എന്നും പ്രൊഫ. ഹോപ്കിന്‍സ് പറയുന്നു.
അവരും ബ്രിട്ടനിലെ ചെവി, മൂക്ക്, തൊണ്ട ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ENT UK-യുടെ പ്രസിഡന്റ് നിര്‍മല്‍ കുമാറും ചേര്‍ന്ന് ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. മണവും രുചിയും നഷ്ടമാകുന്ന രോഗികളെ ചികിത്സിക്കുന്ന ENT വിഭാഗത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കൃത്യമായ സംരക്ഷിത കവചങ്ങള്‍ ധരിച്ചിരിക്കണമെന്നും ആവശ്യമായ മറ്റ് സുരക്ഷാ കാര്യങ്ങള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. സൈനസ് പോലുള്ള അസുഖങ്ങള്‍ ചികിത്സിക്കുന്നവരും തൊണ്ടയിലെ അസുഖങ്ങള്‍ ചികിത്സിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും അവര്‍ വ്യക്തമാക്കുന്നു.
രോഗമെമ്പാടുമുളള കോവിഡ്-19 രോഗികളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പൊതുവായി കണ്ടെത്തിയ ഒരു കാര്യമാണ് ഈ രോഗികള്‍ക്ക് രുചിയും മണവും അനുഭവിക്കാനുള്ള ശേഷി തുടക്കത്തില്‍ നഷ്ടമാകുന്നുവെന്ന്. വ്യാപകമായ വിധത്തില്‍ കൊറോണ രോഗ പരിശോധന നടത്തുന്ന ദക്ഷിണ കൊറിയയില്‍ പൊസിറ്റീവായ 2000 പേരില്‍ 30 ശതമാനം പേര്‍ക്കും ഈ രണ്ടു കാര്യങ്ങളും പൊതുവായ ലക്ഷണമാണ് എന്ന് അവിടുത്തെ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
The American Academy of Otolaryngology- ഇന്നലെ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്. കോവിഡ്-19 ബാധിക്കുന്നവരില്‍ തുടക്കമെന്ന നിലയില്‍ മണം, രുചി എന്നിവ അറിയാനുുള്ള ശേഷി കുറയുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നു എന്നാണ് അവരും പറയുന്നത്. മറ്റ് രോഗലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുകയും എന്നാല്‍ ഈ ലക്ഷണങ്ങള്‍ മാത്രമുള്ളവരുമായവര്‍ ഒടുവില്‍ പോസിറ്റീവായി മാറിയ അവസ്ഥ കണ്ടിട്ടുണ്ട് എന്ന് അവര്‍ പറയുന്നു.
ജര്‍മനിയിലെ യുണിവേഴ്‌സിറ്റി ഓഫ് ബോണിലെ വൈറോളജിസ്റ്റായ ഹെന്‍ഡ്രിക് സ്ട്രീക് പറയുന്നത്, താന്‍ സന്ദര്‍ശിച്ച കൊറോണ വൈറസ് ബാധിച്ച 100-ലധികം രോഗികളില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും ദിവസങ്ങളോളം മണവും രുചിയും നഷ്ടപ്പെട്ടിരുന്നു എന്നാണ്. അവര്‍ക്ക് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളായി നിലവില്‍ പറയുന്ന പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ശരീരവേദന എന്നിവ വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇപ്പോള്‍ കൊറോണ വൈറസ് ബാധിച്ചവരില്‍ പറയുന്ന ലക്ഷണങ്ങള്‍ക്ക് പുറമെ മണവും രുചിയും കുറയുകയോ ചെയ്യുന്നവരെ കൂടി നിരീക്ഷിക്കുകയും ക്വാറന്റൈന്‍ ചെയ്യുകയും ചെയ്താല്‍ രോഗം പടരുന്നത് കുറെക്കൂടി നേരത്തെയും ഫലപ്രദമായി ചെയ്യാമെന്ന നിഗമനത്തിലേക്കാണ് ഡോക്ടര്‍മാര്‍ എത്തിച്ചേരുന്നത്.
കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജാതി, മത, സാമ്പത്തിക ഭേദമന്യേ ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നേറണമെന്നും പരസ്പരം സഹായിക്കാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ട് പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ശുഐബ് അക്തര്‍. തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ലോകമെമ്പാടുമുള്ള എന്റെ ആരാധകരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. കൊറോണ വൈറസ് ഒരു ആഗോള പ്രതിസന്ധിയാണ്. മതത്തിനപ്പുറം നിന്ന് ആഗോള ശക്തിയായി നാം പ്രവര്‍ത്തിക്കേണ്ട സമയമാണിത്. വൈറസ് പടരാതിരിക്കാന്‍ വേണ്ടിയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിങ്ങള്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ വൈറസ് വ്യാപനം തടയാന്‍ സാധ്യമല്ല, ഒന്നിച്ചു നിന്ന് അധികാരികള്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അക്തര്‍ അഭ്യര്‍ഥിച്ചു.
കോവിഡ്-19 ഒരു ആഗോള പ്രതിസന്ധിയാണ്, ഈ പ്രതിസന്ധി ഘട്ടത്തില്‍ സാധനങ്ങളുടെ പൂഴ്ത്തിവെയ്പ്പ് നടത്തരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ”പൂഴ്ത്തിവെയ്പ്പുകാര്‍ ഒന്ന് ദിവസവേതനക്കാരെ കുറിച്ച് ആലോചിക്കണം. കടകളെല്ലാം കാലിയാണ്. മൂന്നു മാസത്തിനപ്പുറം നമ്മളെല്ലാം ജീവനോടെ ഉണ്ടാകുമെന്ന കാര്യം ഉറപ്പുണ്ടോ? ദിവസവേതനക്കാരെ കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. അവരെങ്ങനെ കുടുംബം പുലര്‍ത്തും. മനുഷ്യരെ കുറിച്ച് ചിന്തിക്കൂ. ഹിന്ദുവോ മുസ്ലീമോ അല്ല മനുഷ്യനാകേണ്ട സമയമാണിത്. പരസ്പരം സഹായിക്കുക. പൂഴ്ത്തിവയ്പ്പ് അവസാനിപ്പിക്കുക”-അക്തര്‍ പറഞ്ഞു.
കൊറോണ വൈറസ് ബാധ വ്യാപകമായ സാഹചര്യത്തില്‍ നേരത്തെ ചൈനയെ വിമര്‍ശിച്ച് അക്തര്‍ രംഗത്തെത്തിയിരുന്നു. ലോകം മുഴുവന്‍ കൊറോണ വ്യാപിക്കാന്‍ കാരണമായത് ചൈനക്കാരുടെ ഭക്ഷണ രീതിയാണ് എന്നായിരുന്നു അക്തറിന്റെ കുറ്റപ്പെടുത്തല്‍. ‘എനിക്ക് മനസ്സിലാവുന്നില്ല, നിങ്ങള്‍ എന്തിനാണ് വവ്വാലുകളെ തിന്നുകയും അവയുടെ രക്തവും മൂത്രവും കുടിക്കുകയും ചെയ്യുന്നതെന്ന് അക്തര്‍ ചോദിച്ചിരുന്നു.
തൃശൂർ: സംസ്ഥാനം മുഴുവൻ കൊറോണ ഭീതിയിലിരിക്കെ ആരോഗ്യവകുപ്പിന്റെ വിലക്ക് ലംഘിച്ച് കുർബാന നടത്തിയ വൈദികനെ പൊലീസ് അറസ്റ്റുചെയ്തു. പള്ളി വികാരി ഫാ. പോളി പടയാട്ടിയാണ് അറസ്റ്റിലായത്. ചാലക്കുടി കൂടപ്പുഴ നിത്യസഹായ മാതാ പള്ളിയിൽ തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് കുർബാന നടന്നത്.
കുർബാനയിൽ പങ്കെടുത്ത വിശ്വാസികൾ ഉൾപ്പെടെ നൂറ് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. വിശ്വാസികൾ കുർബാനകളിൽ പങ്കെടുക്കരുതെന്നും, വീടുകളിൽ ഇരുന്ന് പ്രാർത്ഥിച്ചാൽ മതിയെന്നും അതിരൂപതകളും ആരോഗ്യവകുപ്പ് അധികൃതരും നേരത്തേ നിർദേശം നൽകിയിരുന്നു.
കോവിഡ്–19 രോഗവ്യപനത്തിന്റെ പശ്ചാതലത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി കാസര്‍കോട് ജില്ല. വിലക്കുകള്‍ ലംഘിച്ച് പുറത്തിറങ്ങിയവരെ പൊലീസ് വിരട്ടിയോടിച്ചു. നിര്‍ദേശങ്ങള്‍ പാലിക്കാത്തവരോട് ഇനി അഭ്യര്‍ഥനയില്ലെന്നും, ശക്തമായ നടപടിയുണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു.
നിരോധനാജ്ഞയടക്കമുള്ള നിയന്ത്രണങ്ങള്‍ ജില്ലയില്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാവിലെ മുതല്‍ അതെല്ലാം ലംഘിക്കപ്പെടുന്ന കാഴ്ചകളാണ് നഗരത്തില്‍ കണ്ടത്. പുതിയ സ്റ്റാന്‍ഡ് പരിസരത്ത് കൂട്ടം കൂടിയവരെ പൊലീസ് വിരട്ടിയോടിച്ചു. വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവരുടെ എണ്ണം കൂടുന്നത് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തോടെ കലക്ടര്‍ തന്നെ നേരിട്ട് രംഗത്തിറങ്ങി. അത്യവശ്യക്കാരല്ലാത്തവരെ മുഴുവന്‍ കാര്യത്തിന്റെ ഗൗരവം പറഞ്ഞ് മനസിലാക്കി മടക്കി അയച്ചു.
നിയന്ത്രണങ്ങള്‍ മറികടക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം. ജില്ലയില്‍ കോവിഡ്–19 രോഗം സ്ഥിരീകരിച്ച രോഗികളുടെ സഞ്ചാരപഥം ഇനി തയ്യാറാക്കില്ല. യാത്ര സംബന്ധിച്ച വിവരങ്ങള്‍ രോഗികള്‍ മറച്ചുവയ്ക്കുന്നതാണ് റൂട്ട് മാപ്പ് വേണ്ടെന്ന തീരുമാനത്തിലേയ്ക്ക് അധികൃതരെ എത്തിച്ചത്.
നഗരത്തില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞ് കിടക്കുകയാണ്. രാവിലെ പതിനൊന്ന് മണി മുതല്‍ അഞ്ചു മണിവരെ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ടെങ്കിലും ചുരുക്കം സ്ഥാപനങ്ങള്‍ മാത്രമാണ് തുറന്നത്.
സംസ്ഥാനത്ത് 15 പേരില്‍ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേര്‍ കാസര്‍കോട്, നാലുപേര്‍ കണ്ണൂരില്‍. കോഴിക്കോട് രണ്ടുപേര്‍. മലപ്പുറത്തും എറണാകുളത്തും രണ്ടു പേർ വീതം. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് 64 പേർ. 59,295 പേര്‍ നിരീക്ഷണത്തില്‍. വീടുകളില്‍ നിരീക്ഷണത്തിലുള്ളത് 58981 പേര്‍. ആശുപത്രികളില്‍ 314 പേർ. സ്രവസാംപിള്‍ പരിശോധിച്ച 2744 പേര്‍ക്ക് രോഗമില്ല.
കൂടുതല്‍ പേരിലേക്ക് രോഗം പകരാതിരിക്കാന്‍ അതീവജാഗ്രത വേണമെന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് തയാറെടുത്തുവെന്നും മന്ത്രി പറഞ്ഞു.
രാത്രിയിലെ അലോകനയോഗത്തിന് ശേഷമെ ഇന്നത്തെ യഥാര്‍ഥ സ്ഥിതി വ്യക്തമാകുകയുള്ളൂ. മറ്റുജില്ലകളില്‍ കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലായെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങളോ മറ്റസുഖങ്ങളോ ഉണ്ടെങ്കിലോ ഐസലേഷന്‍ മുറികളില്‍ മാത്രമേ ചികിത്സിക്കാന്‍ കഴിയുകയുള്ളൂ. ഇത് മുന്നില്‍കണ്ടുള്ള ഒരുക്കങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തിയത്. ഓരോ പ്ലാന്‍ അനുസരിച്ച് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, മരുന്നുകള്‍, സുരക്ഷ ഉപകരണങ്ങള്‍, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വലിയ തോതില്‍ കൂട്ടുകയാണെന്ന് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.
ജനങ്ങള്‍ ജാഗ്രത പുലര്‍ത്തി സാമൂഹ്യ അകലം പാലിച്ച് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൃത്യമായി നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ പ്ലാന്‍ ബിയില്‍ തന്നെ പിടിച്ചു നില്‍ക്കാനാകും. അതല്ല വലിയ തോതില്‍ സമൂഹ വ്യാപനമുണ്ടായാല്‍ പ്ലാന്‍ സിയിലേക്ക് കടക്കും. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുടെ പൂര്‍ണ ഇത് നടപ്പാക്കുക. പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അവിടെയെല്ലാം അത്യാവശ്യമില്ലാത്ത വിഭാഗങ്ങള്‍ ഒഴിപ്പിച്ച് രോഗികളുടെ എണ്ണം പരമാവധി കുറച്ച് സൗകര്യമൊരുക്കും. 81 സര്‍ക്കാര്‍ ആശുപത്രികളും 41 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 122 ആശുപത്രികളിലായി 3028 ഐസലേഷന്‍ കിടക്കകളാണ് കണ്ടെത്തിയിരിക്കുന്നത്
വിദേശത്തു നിന്ന് തിരിച്ചെത്തി നിരീക്ഷണത്തിൽ ഉണ്ടായിരുന്നയാള്‍ മരിച്ചു. വീട്ടില്‍ കുഴഞ്ഞു വീണു മരണപ്പെട്ടു എന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയ മൊഴി. ദുബായില്‍ നിന്നെത്തിയ പൂവാര്‍ കല്ലിങ്കവിളാകം സ്വദേശി ഗോപി (52) യാണ് മരിച്ചത്. ഇയാള്‍ തിരുവനന്തപുരത്തെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ മാര്‍ച്ച് 10നാണ് ഇയാള്‍ ദുബായില്‍നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് മാറ്റി.
അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 53,013 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 52,785 പേര്‍ വീടുകളിലും 228 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. 70 പേരെ ഇന്ന് ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കി. രോഗലക്ഷണങ്ങള്‍ ഉള്ള 3716 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 2566 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
കൊറോണ വൈറസ് (കൊവിഡ് 19) നാലായിരത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ ഇറ്റലിയിലേയ്ക്ക് സഹായവുമായി ക്യൂബയില്‍ നിന്ന് ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സംഘം. 52 അംഗ ക്യൂബൻ മെഡിക്കൽ ടീം ഇറ്റലിയിലേയ്ക്ക് തിരിച്ചു. ഇറ്റലിയില്‍ ഏറ്റവും കൂടുതല്‍ മരണമുണ്ടായ ലംബാഡിയില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ പരിഗണിച്ചാണ് ക്യൂബന്‍ ഡോക്ടര്‍മാരുടെ സംഘം ഇറ്റലിയിലേയ്ക്ക് പോകാന്‍ തീരുമാനിച്ചത്. വിപ്ലവനായകനും മുന്‍ പ്രസിഡന്റുമായ ഫിദല്‍ കാസ്‌ട്രോയുടെ ചിത്രവുമായാണ് ക്യൂബന്‍ ഡോക്ടര്‍മാര്‍ ഇറ്റലിയിലേയ്ക്ക് തിരിച്ചത്.
ഞങ്ങള്‍ക്കെല്ലാം ഭയമുണ്ട്. എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ വിപ്ലവ കടമ ചെയ്യാന്‍ പോവുകയാണ്. അതുകൊണ്ട് ഭയം മാറ്റിവച്ച് പോകുന്നു – തീവ്രപരിചരണ വിദഗ്ധനായ ഡോക്ടര്‍ ലിയനാര്‍ഡോ ഫെര്‍ണാണ്ടസ് (68) വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഭയമില്ലെന്ന് പറയുന്നവര്‍ സൂപ്പര്‍ ഹീറോകളാണ്. പക്ഷെ ഞങ്ങള്‍ സൂപ്പര്‍ഹീറോകളല്ല, ഞങ്ങള്‍ വിപ്ലവ ഡോക്ടര്‍മാരാണ് – ഡോ.ഫെര്‍ണാണ്ടസ് പറഞ്ഞു. പല കരീബിയന്‍ തുറമുഖങ്ങളും നങ്കൂരമിടാന്‍ അനുമതി നിഷേധിച്ച ബ്രിട്ടീഷ് കപ്പലിന് ക്യൂബ അനുമതി നല്‍കുകയും ബ്രിട്ടന്‍ ക്യൂബയ്ക്ക് നന്ദി പറയുകയും ചെയ്തിരുന്നു. 600ലധികം വരുന്ന യാത്രക്കാരെ കപ്പലില്‍ നിന്ന് ഒഴിപ്പിക്കാന്‍ സാധിച്ചിരുന്നു. ക്യൂബയില്‍ ഇതുവരെ 25 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ വിദേശികള്‍ക്ക് പ്രവേശനം അനുവദിക്കില്ല എന്ന് പ്രസിഡന്റ് മിഗുവല്‍ ഡയാസ് കാനല്‍ പറഞ്ഞിട്ടുണ്ട്.
ക്യൂബയുടെ എട്ടാമത് വിദേശ ആരോഗ്യദൌത്യമാണിത്. 1959ല്‍ വിപ്ലവ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നത് മുതല്‍ ഇത്തരത്തില്‍ വിവിധ ലോകരാജ്യങ്ങളിലെ ആരോഗ്യ പ്രതിസന്ധികളില്‍ സഹായവുമായി ക്യൂബന്‍ മെഡിക്കല്‍ ടീമുകള്‍ എത്തിയിട്ടുണ്ട്. 2014ല്‍ ലൈബീരിയ, സൈറ ലിയോണ്‍ തുടങ്ങിയ പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്ക് ആദ്യമായി മെഡിക്കല്‍ സംഘത്തെ അയച്ചത് ക്യൂബയായിരുന്നു. ഹെയ്തിയിലെ കോളറ കാലത്തും പരിചരണവുമായി ക്യൂബന്‍ മെഡിക്കല്‍ ടീം ഉണ്ടായിരുന്നു. 4825 പേരാണ് ഇറ്റലിയിൽ ഇതുവരെ മരിച്ചത്. 53,578 പേർക്കാണ് ഇറ്റലിയിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. വെനിസ്വേല, നിക്കാരാഗ്വ, ജമെയ്ക്ക, സൂരിനാം, ഗ്രനേഡ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കും ക്യൂബ മെഡിക്കല്‍ ടീമുകളെ അയച്ചിരുന്നു.
കോവിഡ് 19 എന്ന മഹാമാരി ലോകത്ത് രണ്ടുലക്ഷത്തിലധികം പേരെ ബാധിച്ചു കഴിഞ്ഞു. ഭീതിയിലും പരിഭ്രമത്തിലും ആണ് പലരും. രോഗം പകരാതിരിക്കാൻ ഭയവും പരിഭ്രാന്തിയുമല്ല ജാഗ്രതയാണ് വേണ്ടത്.
പുറത്തിറങ്ങി മരണം വരുത്തി വയ്ക്കരുതെന്ന മുന്നറിയിപ്പുമായി കോവിഡിൽ നിന്നും രക്ഷപെട്ട യുവാവ് ട്വിറ്ററിൽ. കോവിഡിനൊപ്പം ന്യുമോണിയയും ബാധിച്ചാണ് ഫിലദെൽഫ്യ സ്വദേശിയായ ബ്രാഡ്ലി സിഫർ ആശുപത്രിയിലായത്. ഭീതിദമായ ദിവസങ്ങളെ കുറിച്ചുള്ള സിഫറിന്റെ അനുഭവം കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ജീവൻ തിരികെ കിട്ടുമെന്ന് താൻ വിചാരിച്ചിരുന്നില്ലെന്നും അൽപം പ്രതിരോധശേഷി കുറഞ്ഞിരുന്നെങ്കിലെന്ന് ആലോചിക്കാൻ കഴിയുന്നില്ലെന്നും സിഫർ കുറിക്കുന്നു. ചെറുപ്പക്കാർക്ക് അപകടമില്ലെന്ന് വിചാരിക്കുന്നത് മണ്ടത്തരമാണെന്നും സിഫർ വ്യക്തമാക്കുന്നു.
സിഫറിന്റെ ട്വീറ്റ് ഇങ്ങനെ: ചെറുപ്പക്കാർക്ക് കോവിഡിന്റെ ലക്ഷണങ്ങളേയുണ്ടാകൂ, മറ്റ് പ്രശ്നങ്ങളുണ്ടാകില്ലെന്ന് പറയുന്നത് വെറുതേയാണ്. ജീവിതത്തിൽ ഇത്രത്തോളം ഞാൻ മുൻപ് തളർന്നു പോയിട്ടില്ല. ആ ദുരിത ദിവസങ്ങളെ കുറിച്ച് പറയാം.. കഴിഞ്ഞയാഴ്ച കോവിഡിനോടും ന്യൂമോണിയയോടും പൊരുതുകയായിരുന്നു.
പത്തു ദിവസം മുൻപാണ് ഇതെല്ലാം തുടങ്ങിയത്. എനിക്കു പതിവില്ലാത്ത വിധം ക്ഷീണം തോന്നി. തലവേദന ഉണ്ടായതുകൊണ്ട് ഞാൻ iboprofen കഴിച്ചിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും പനിയായി. ശ്വസിക്കാൻ ബുദ്ധിമുട്ടും തുടങ്ങി. പിറ്റേന്നായപ്പോഴേക്കും ഹൃദയത്തിന് താഴ്ഭാഗത്തായി നെഞ്ചിൽ തുടർച്ചയായ വേദന തുടങ്ങി. കിതയ്ക്കാതെ സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥ.
പനിയും വരണ്ട ചുമയും ഉൾപ്പെട്ട, ഫ്ളൂവിന്റെതിനു സമാനമായ ലക്ഷണങ്ങളാണ് വൈറസിനുള്ളത്. ഈ മഹാമാരി സുഖപ്പെട്ടവർ വിശദീകരിക്കുന്ന 10 ലക്ഷണങ്ങള്‍ ഇവയാണ്:
േവദന നിറഞ്ഞ സൈനസ്
സൈനസ് വേദന പനിക്കും ജലദോഷത്തിനൊപ്പവും വരാം- ചൈനയിലെ വുഹാനിലെ കോണർ റീഡ് പറയുന്നു. 2019 നവംബറിൽ കൊറോണ വൈറസ് ആദ്യം ബാധിച്ച ആളൂകളിൽ റീഡും ഉൾപ്പെട്ടിരുന്നു. ദേഹം മുഴുവൻ വേദനയായിരുന്നു. തലയിൽ ശക്തിയായി ഇടിക്കുന്നതു പോലെയുള്ള തോന്നൽ, കണ്ണുകൾ കത്തുന്നതുപോലെ, തൊണ്ട ഇറുകുന്നതുപോലെ– റീഡ് തന്റെ ഡയറിലെഴുതി
ചെവിയിൽ മർദം
ചെവി ഇപ്പോൾ പൊട്ടിതെറിക്കുന്നതു പോലെ തോന്നി എന്ന് കോണർ പറയുന്നു. ചെവി അടയും. ആന്തരകർണത്തിനും മധ്യകർണത്തിനും ഇടയിലുള്ള Eustachian tube അടയുകയും ഇത് ചെവികൾക്ക് പ്രഷർ ഉണ്ടാക്കുകയും ചെയ്യും. ഇയർബഡ് ഉപയോഗിക്കരുത്. അത് കൂടൂതൽ ദോഷം ചെയ്യും.
തലവേദന
പനിക്ക് ഒപ്പം തലവേദനയും ഉണ്ടാകും. ഒാഹിയോയിൽ ആശൂപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കെവിൻ ഹാരിസ് പറയുന്നത് കടുത്ത തലവേദന ഉണ്ടാകും എന്നാണ്. തലയിൽ ശക്തമായി ഇടിച്ചതുപോലുള്ള അനുഭവം.
കണ്ണിനു നീറ്റൽ
മറ്റ് അലർജികളിലുള്ളതുപോലെ കണ്ണിന് അസ്വസ്ഥതയും ചൊറിച്ചിലും നീറ്റലും ഉണ്ടാകും. ആദ്യം പനിയുടേതുപോലുള്ള ലക്ഷണങ്ങളും തുടർന്ന് കണ്ണിന് നീറ്റലും തലവേദനയും വന്നുവെന്ന് കോണർ റീഡ് പറയുന്നു.
തൊണ്ടയ്ക്ക് മുറുക്കം
തുർച്ചയായുള്ള ചുമ മൂലം തൊണ്ടയ്ക്ക് വീക്കവും മുറുക്കവും അനുഭവപ്പെടുന്നത് രോഗലക്ഷണമാണ്. ശ്വസിക്കുന്നതിനോ ഭക്ഷണം ഇറക്കുന്നതിനോ പ്രയാസം ഉണ്ടെങ്കിൽ വൈദ്യസഹായം തേടണം. നിയന്ത്രിക്കാനാകാത്ത ചുമ ആയിരുന്നു എന്ന് ഇറ്റലിക്കാരനായ ആൻഡ്രു ഒ ഡൈയർ പറയുന്നു.
ദേഹവേദന
കൊറോണവൈറസ് ബാധിച്ചവർക്ക് ശരീരമാസകലം കടുത്ത വേദന ഉണ്ടാകും ചെവിക്കോ നെഞ്ചിനോ മാത്രമല്ല കൈയ്ക്കും കാലിനും വേദന ഉണ്ടാകും. സ്ട്രെസും ടെൻഷനും വേദന കൂട്ടൂന്നു. കടുത്ത തലവേദനയും ശരീരവേദനയും സന്ധിവേദനയും ആയിരുന്നു തനിക്ക് അനുഭവപ്പെട്ട ആദ്യലക്ഷണങ്ങൾ എന്ന് സിയാകിൽ സ്വദേശിനി എലിസബത്ത് പനയ്ക്കൽ പറയുന്നു. ഒപ്പം കടുത്ത പനിയും ഉണ്ടായിരുന്നു.
കുറുകുറുപ്പ്
ശ്വസിക്കുമ്പോൾ കുറുകുറുപ്പ് ഇണ്ടാകും. ശ്വാസകോശത്തിലെ വായുഅറകളിലെ ഫ്ളൂയിഡുകൾ മൂലമാണ് ശ്വാസമെടുക്കുമ്പോൾ ശബ്ദം വരുന്നത്. ശ്വാസംമുട്ടലും പരിഭ്രാന്തിയും കൊണ്ട് തനിക്ക് ശ്വാസമെടുക്കാൻ പറ്റിയില്ല എന്ന് മാർക്ക് തിബോൾട്ട് പറയുന്നു.
വിശപ്പിലായ്മയും ക്ഷീണവും
ക്ഷീണമാണ് ഒരു ലക്ഷണം. വിശ്രമിക്കുക എന്നത് വളരെ പ്രധാനമാണ്. തായ്‌ലൻഡിൽ ആദ്യമായി വൈറസ് ബാധിച്ച ജയ്റുവേ സീ ഒങ് പറയുന്നത് തനിക്ക് എപ്പോഴും ക്ഷീണവും തളർച്ചയും ആയിരുന്നു എന്നാണ്. ഭക്ഷണം കഴിക്കാനും സാധിച്ചിരുന്നില്ല.
പനി
ആദ്യം തിരിച്ചറിയപ്പെടുന്ന ലക്ഷണങ്ങളിലൊന്നാണ് പനി. പനി മാത്രമാണ് വൈറസ് ബാധയുടെ ലക്ഷണമെന്നാണ് ആളുകൾ കരുതുന്നത് .ചിലർക്ക് ചുമയോ ശ്വസനപ്രശ്നങ്ങളോ ഇല്ലാതെ പനി മാത്രം വരാം. ഇറ്റലിയിൽ നിന്നെത്തിയ ദിവസമാണ് തനിക്ക് പനി വന്നതെന്ന് ഡൽഹിയിലെ കോവിഡ് –19 രോഗിയായ രോഹിത് ദത്ത പറയുന്നു. തുടർന്ന് മൂന്നു ദിവസങ്ങൾക്കു ശേഷം വീണ്ടും പനി വന്നു. അതുകൊണ്ട് അദേഹം സ്വയം ടെസ്ററ് ചെയ്യാൻ മുന്നോട്ട് വരുകയും ടെസ്റ്റ് പോസിറ്റീവ് ആണെന്ന് അറിയുകയും ചെയ്തു.
നെഞ്ചിന് മുറുക്കം
പനിയൊടൊപ്പം കടുത്ത ചുമയും നെഞ്ചിന് മുറുക്കവും അനുഭവപ്പെടാം. ചുമയിൽ നിന്നുള്ള തുള്ളികളിലൂടെ വൈറസ് പകരും. അമേരിക്കയിൽ തിരിച്ചെത്തുമ്പോൾ പനിയും ചെറിയ ചുമയും നെഞ്ചിന് മുറുക്കവും (Tightness) തനിക്കുണ്ടായിരുന്നെന്ന് കാൾ ഗോൾഡ്മാൻ പറയുന്നു
കൊറോണ വൈറസ് ബാധ മുലം കടുത്ത പ്രതിസന്ധിയിലായ ഇറ്റലിയിൽ ഓരോ ദിവസവും മരണ സംഖ്യ കൂടുകയാണ്. ഇന്നലെ മാത്രം 793 പേരാണ് രാജ്യത്ത് മരിച്ചത്. ഇതേ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പല നഗരങ്ങളിലും സൈന്യത്തെ ഇറക്കിയിട്ടുണ്ട്. ഏറ്റവും അത്യവശ്യമായ സ്ഥാപനങ്ങള്‍ ഒഴികെ ബാക്കിയെല്ലാം അടഞ്ഞു കിടക്കും. മരണ സംഖ്യ വര്‍ധനവിന്റെ നിരക്ക് പരിശോധിച്ചാല്‍ ചൈനയുടെ മരണ സംഖ്യയുടെ ഇരട്ടിയാകാന്‍ ഒന്നോ രണ്ടോ ദിവസം മതിയാകും. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 700ല്‍ അധികം പേര്‍ ഇറ്റലിയില്‍ മരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ കാണിക്കുന്നത്. ഇപ്പോള്‍ ചികിത്സയിലോ ഐസൊലെഷനിലോ ഉള്ള 42,680 സജീവ കേസുകളില്‍ 2857 പേരുടെ നില ഗുരുതരമാണ് എന്നത് സൂചിപ്പിക്കുന്നത് മരണ സംഖ്യ 10,000 കടന്നേക്കുമെന്നാണ്.
പ്രധാന കാരണമായി ശാസ്ത്രജ്ഞര്‍ ഉയര്‍ത്തുന്ന വിഷയം വയോജന ജനസംഖ്യയാണ്. ജപ്പാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വയോജനങ്ങള്‍ ഉള്ള രാജ്യമാണ് ഇറ്റലി. ഇവിടത്തെ ശരാശരി പ്രായം 45.4 ആണ്. രാജ്യത്തിന്റെ 23 ശതമാനം ജനങ്ങളും 65 വയസിനു മുകളില്‍ ഉള്ളവരാണ്. ഇറ്റലിയില്‍ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ ശരാശരി പ്രായം 78.5 ആണ്. ഇവരില്‍ 99% പേരും മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ കൂടിയുള്ളവരാണ് എന്നതും ശ്രദ്ധിയ്ക്കുക.
ഇറ്റലിയിലെ യുവാക്കള്‍ അവരുടെ വീടുകളിലെ വയോജനങ്ങളുമായി ഏറെ അടുത്തിടപഴകി ജീവിക്കുന്നവരാണ് എന്ന വസ്തുതയാണ് സാമൂഹ്യ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. ഗ്രാമീണ മേഖലയിലെ യുവാക്കള്‍ മിലാന്‍ അടക്കമുള്ള വന്‍ നഗരങ്ങളില്‍ ജോലി ചെയ്യുന്നവരും തങ്ങളുടെ കുടുംബത്തിനൊപ്പം താമസിക്കുന്നവരുമാണ്. നഗരങ്ങള്‍ക്കും വീടുകള്‍ക്കും ഇടയിലെ പ്രതിദിനമുള്ളതോ ഇടവിട്ടുള്ളതോ യാത്ര ആയിരിക്കാം കൊറോണ വൈറസിന്റെ നിശബ്ദ പടര്‍ച്ചയ്ക്ക് കാരണമായത് എന്നാണ് വിലയിരുത്തല്‍. ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കിലും കൊറോണ ഏറ്റവും വേഗത്തില്‍ പടരാവുന്ന വയോജനങ്ങളില്‍ ഇതെത്തിക്കുന്ന വാഹകരായി യുവാക്കള്‍ പ്രവര്‍ത്തിച്ചു എന്നതാണു യാഥാര്‍ഥ്യം. ഇറ്റാലിയന്‍ അധികൃതര്‍ യാഥാര്‍ഥ്യം തിരിച്ചറിയുന്നതിന് മുന്പ് വലിയ രീതിയിലുള്ള സാമൂഹിക വ്യാപനം നടന്നു കഴിഞ്ഞിരുന്നു.
അതേ സമയം ശരാശരി പ്രായം 47.3 ആയ ജപ്പാനില്‍ പക്ഷേ കോവിഡ് മരണം 35 മാത്രമാണ്. അപ്പോള്‍ പ്രായം മാത്രമല്ല കോവിഡ് നിയന്ത്രണത്തിന് പരിഗണിക്കേണ്ട ഘടകം എന്നു സൂചിപ്പിക്കുകയാണ് ജപ്പാന്റെ ഉദാഹരണം.”എന്തുകൊണ്ട് ഇറ്റലി എന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. അതിനൊരു ലളിതമായ ഉത്തരമില്ല.”ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ യാഷ്ക മൌങ്ക് പറയുന്നു.
തങ്ങളുടെ ആരോഗ്യ സംവിധാനത്തിന് കൈകാര്യം ചെയ്യാവുന്നതില്‍ കൂടുതല്‍ പേരെ രോഗം ബാധിച്ചതോടെ പ്രായം കൂടിയവരെ മരണത്തിന് വിട്ടുകൊടുക്കുന്ന അവസ്ഥയാണ് ഇറ്റലിയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇതും രോഗ വ്യാപനത്തിന്റെ തോത് കൂട്ടിയിരിക്കുകയാണ്.
രാജ്യത്തു ഇതുവരെ 15 ഓളം ആരോഗ്യ പ്രവര്‍ത്തകരും 18 പുരോഹിതന്മാരും മരണപ്പെട്ടു എന്നത് കോവിഡ് മഹാമാരി ഇറ്റലിയില്‍ ഉണ്ടാക്കിയ ദുരന്തത്തിന്റെ ചിത്രം കൂടുതല്‍ ഇരുണ്ടതാക്കുന്നു.
ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടതുപോലെ ദക്ഷിണ കൊറിയയും ജപ്പാനും ജര്‍മ്മനിയും അടക്കമുള്ള രാജ്യങ്ങള്‍ കാണിച്ച മാതൃക സ്വീകരിച്ച് കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുകയും രോഗ ബാധിതര്‍ കൂടുതല്‍ സാമൂഹിക വ്യാപനത്തിന്റെ വാഹകാരായി മാറുന്നത് തയുകയും മാത്രമാണ് ഇറ്റലിയുടെ മുന്‍പിലെ പോംവഴി എന്നു ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
തമിഴ്‌നാടും കര്‍ണാടകവും കേരളത്തെ ഭയത്തോടെ കാണുന്നുവോ? കേരളത്തിലെ വാഹനങ്ങള്‍ കടത്തി വിടുന്നില്ല. കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ അതിര്‍ത്തികളില്‍ തമിഴ്‌നാടും കര്‍ണാടകവും തടയുന്നു. ചരക്കു വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല. എന്നാല്‍ സ്വകാര്യ വാഹനങ്ങളെല്ലാം അതിര്‍ത്തിയില്‍ തടഞ്ഞ് കര്‍ശന പരിശോധനയാണ് നടത്തുന്നത്.
ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥര്‍ കേരള രജിസ്‌ട്രേഷനിലുള്ള വാഹനങ്ങളിലെ യാത്രക്കാരോട് യാത്രയുടെ വിശദാംശങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. അത്യാവശ്യമുള്ള വാഹനങ്ങള്‍ മാത്രമേ ഇനി കടത്തിവിടുള്ളൂവെന്നാണ് പറയുന്നത്. മാര്‍ച്ച് 31 വരെ നിയന്ത്രണം തുടരുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞ് ഇനി സര്‍വീസ് നടത്തരുതെന്ന മുന്നറിയിപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്. കെഎസ്ആര്‍ടിസി ജീവനക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുണ്ടല്‍പേട്ട്, ബാവലി ചെക്ക് പോസ്റ്റുകളിലാണ് ബസുകള്‍ തടയുന്നത്.