കോവിഡ് 19 സംബന്ധിച്ച അധികൃതർ മുന്നോട്ടുവച്ച നിർദേശങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയ കാസറഗോഡ് സ്വദേശിക്കെതിരെ നിയമ നടപടി. രോഗം ബാധ സംശയിച്ചിട്ടും വ്യാപകമായി ജനങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ട ഇയാൾക്കെതിരെ കേസെടുത്തു. കുഡ്‌ലു സ്വദശിക്കെതിരെയാണ് പോലീസ് കേസെടുത്തത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനാണ് നടപടി.
അതേസമയം, രോഗ ബാധ കണ്ടെത്തുകയും എംഎൽഎമാരുൾപ്പെടെ നരവധി പേരുമായി സമ്പർക്കം പുലർത്തുകയും ചെയ്ത ഇയാൾ അധികൃതരുമായി ശരിയായ രീതിയിൽ സഹകരിക്കുന്നില്ലെന്നും റിപ്പോർട്ടുകള്‍ പറയുന്നു. കാസറഗോഡ് ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. കുടൂതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും കളക്ടർ വ്യക്തമാക്കി.
അതിനിടെ, സർക്കാർ നിർദേശം ലംഘിച്ച് കാസറഗോഡ് ജില്ലയിൽ തുറന്ന കടകൾ അടപ്പിച്ചു. കാസറഗോഡ് കടകളുടെ പ്രവര്‍ത്തനം രാവിലെ 11 മണിമുതല്‍ വൈകിട്ട് അഞ്ച് മണിവരെ ആക്കി നിജപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതർ നിർബന്ധിച്ച് കടകൾ അടപ്പിച്ചത്. കളക്ടർ ഉൾപ്പെടെയുള്ളവർ നേരിട്ടെത്തിയാണ് പരിശോധനകൾ നടത്തിയത്. ഒറ്റ ദിവസം ആറു കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസറഗോഡ് കടുത്ത നിയന്ത്രണങ്ങളാണ് നടപ്പാക്കിവരുന്നത്.
കാസറഗോഡ് സ്ഥിതി രൂക്ഷമാണെന്നും കർശന നടപടി വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചത്തേക്ക് പ്രവര്‍ത്തിക്കില്ല. ആരാധാനലയങ്ങള്‍, ക്ലബുകള്‍ എന്നിവ രണ്ടാഴ്ചത്തേക്കും പ്രവര്‍ത്തിക്കില്ല. അതിര്‍ത്തികളില്‍ നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്. ഓഫീസുകള്‍ അവധിയാണെങ്കിലും ജീവനക്കാര്‍ ജില്ലയില്‍ തന്നെ തുടരണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
സർക്കാറിന്റെ നിർദേശത്തിനൊപ്പം കൂടുതൽ മുൻകരുതലാണ് ജില്ലാ ഭരണകൂടവും സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ആളുകൾ കൂട്ടം കൂടുന്ന ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ളവയിലെ ചടങ്ങുകൾ രണ്ടാഴ്ചത്തേക്ക് ഒഴിവാക്കാൻ ജില്ലാ ഭരണകൂടം നിർദേശിച്ചു. ബീവറേജസ് ഔട്ട്ലെറ്റുകൾ തുടങ്ങി ആളുകൾ കുടുന്ന എല്ലാ പ്രദേശങ്ങളും അടച്ചിടാനാണ് നിർദേശം. നിർദേശം ലംഘിക്കുന്നവർക്കെതിരെ നടപടി ഉണ്ടാവുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
ഇതിന് പുറനെ കർണാടകയുമായി അതിർത്തി പങ്കിടുന്ന ജില്ലയുടെ അതിർത്തികളും കർശന നിരീക്ഷണത്തിലാണ്. ഗതാഗതത്തിനായി തുറന്ന് കൊടുത്തിരിക്കുന്ന അഞ്ച് പാതകളിലും നിരീക്ഷണം ശക്തമാണ്. ഉദ്യോഗസ്ഥർക്ക് പുറമെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തരും ഇതിനായി രംഗത്തുണ്ട്. മംഗലാപുരം വിമാനത്താവളത്തിലും സംസ്ഥാനത്തിന്റെ നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ്. ഇതിനായി സംസ്ഥാനത്ത് നിന്നുള്ള ഉദ്യോഗസ്ഥനെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്.
ശനിയാഴ്ച ഉച്ചമുതൽ കര്‍ണാടകത്തിലേക്കുള്ള കേരളത്തിലെ വാഹന ഗതാഗതവും ഇന്ന് മുതൽ നിർത്തിവയ്ക്കും. ഇക്കാര്യം കർണാടകം നേരത്തെ തന്നെ അറിയിച്ചിരുന്നു. മംഗലാപുരത്തെ ആശുപത്രികളെ ഉൾപ്പെടെ ആശ്രയിക്കുന്ന കാസറഗോഡ് ജില്ലക്കാർക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് ഈ തീരുമാനം. നിലവിലെ സാഹചര്യത്തിൽ ജില്ലയിലെ ജനജാഗ്രതാ സമിതികൾ ഉൾപ്പെടെ സജീവമായി പ്രവർത്തിക്കും. നേരത്തെ കൊവിഡ് 19 ബാധിച്ച് നിരവധി പേരുമായി ബന്ധം പുലർത്തിയെന്ന് കണ്ടെത്തിയ വ്യക്തിയുടെ സഞ്ചാര പാത ഉൾപ്പെടെ ഇത്തരത്തിൽ കണ്ടത്തേണ്ടതിനാണ് ഈ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കേണ്ടത്.
അതേസമയം, രോഗ ബാധ സംശയിക്കുന്ന 30 പേരുടെ സാംപിളുകളുടെ പരിശോധന ഫലമാണ് ഇനി കിട്ടാനുള്ളത്. ഈ ഫലങ്ങൾ പുറത്ത് വരുന്നതോടെ ജില്ലയിൽ കൂടുതൽ കേസുകൾ ഉണ്ടാവുമെന്നാണ് കരുതുന്നതെന്നാണ് റിപ്പോർട്ടുകൾ.
കൊവിഡ് 19ന്റെ വ്യാപനം ലോക ജനതയെ ആശങ്കയിലാഴ്ത്തുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി എത്തുകയാണ് ഓസീസ് മുന്‍ പേസര്‍ ഷെയ്ന്‍ വോണ്‍. തന്റെ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറിയില്‍ മുഖ്യ ഉല്‍പന്നമായ ജിന്‍(ആല്‍ക്കഹോള്‍) ഉത്പാദനം നിര്‍ത്തി വെച്ച് പകരം, സാനിറ്റൈസര്‍ നിര്‍മിച്ച് നല്‍കുകയാണ് വോണ്‍. വോണ്‍ സഹഉടമയായുള്ള സെവന്‍ സീറോ എയ്റ്റ് എന്ന കമ്പനിയാണ് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നത്.കോവിഡ് മൂലം ഹാന്‍ഡ് സാനിറ്റെസറിനു ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണു വോണിന്റെ തീരുമാനം.
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ തങ്ങളെ കൊണ്ട് ആവുന്നത് ചെയ്യണമെന്ന് ഓസ്ട്രേലിയന്‍ കമ്പനികളോട് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് വോണിന്റെ ‘സെവന്‍സീറോഎയ്റ്റ്’ എന്ന ഡിസ്റ്റിലറി കമ്പനി മെഡിക്കല്‍ ഗ്രേഡ് 70% ആല്‍ക്കഹോള്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വോണ്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓസ്ട്രേലിയയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ രണ്ട് ആശുപത്രികളിലേക്ക് തുടര്‍ച്ചയായി സാനിറ്റൈസര്‍ നിര്‍മിച്ചു നല്‍കാന്‍ കരാറായെന്നും വോണ്‍ പറഞ്ഞു.
കൊറോണ വൈറസിനെ നേരിടാന്‍ യുദ്ധകാലടിസ്ഥാനത്തില്‍ അവശ്യ വസ്തുക്കള്‍ നിര്‍മിക്കാന്‍ കമ്പനികളോട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ കൊറോണ വൈറസിനെ ചെറുക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ശ്രമങ്ങളില്‍ നമ്മളാല്‍ കഴിയും വിധം സഹായം നല്‍കണമെന്ന് വോണ്‍ പറഞ്ഞു. വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ആശുപത്രികളിലേക്കാണ് സാനിറ്റൈസര്‍ നിര്‍മിച്ചു നല്‍കുന്നത്.
ആദ്യമായല്ല വോണ്‍ ഓസ്ട്രേലിയക്ക് സഹായഹസ്തവുമാകുന്നത്. ഓസ്ട്രേലിയയില്‍ കാട്ടുതീ പടര്‍ന്നു പിടിച്ചപ്പോള്‍ തന്റെ ഏറ്റവും വിലപ്പെട്ട തൊപ്പി ലേലം ചെയ്ത് വോണ്‍ കോടികള്‍ സംഭാവനയായി നല്‍കിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലേതിന് സമാനമായി ഓസ്ട്രേലിയയില്‍ കൊറോണ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഏതാണ്ട് 750 ഓളം കേസുകളാണ് ഓസ്ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 7 പേര്‍ മരിക്കുകയും ചെയ്തു. ഓസ്ട്രേലിയയിലെ കായിക രംഗം മുഴുവന്‍ കൊറോണയെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊറോണ വൈറസ് ബാധിച്ച് അന്ത്യ നിമിഷങ്ങള്‍ പിന്നിടുന്നവര്‍ക്ക് അന്ത്യ കൂദാശ നല്‍കാനാണ് അവർ എത്തിയത്. എന്നാല്‍ വൈറസ് ആ പുരോഹിതരേയും വെറുതെ വിട്ടില്ല. ഇറ്റലിയില്‍ കോവിഡ് മൂലം മരിച്ച പുരോഹിതരുടെ എണ്ണം 18 ആയി.
ബെര്‍ഗാമോ രൂപതയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്. അവിടെ 10ഓളം പുരോഹിതര്‍ മരണപ്പെട്ടതായി കത്തോലിക് പത്രം അവെനിര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുരോഹിതന്‍മാരായലും വിശ്വാസികളുടെതായാലും മരണ സംഖ്യ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത വിധം കൂടിക്കൊണ്ടിരിക്കുന്നതായി പത്രം പറയുന്നു.
പാര്‍മ നഗരത്തില്‍ മാത്രം അഞ്ചു പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ബ്രെസ്ക്യ, ക്രിമോണ, മിലാന്റെ വടക്കന്‍ മേഖലയിലെ വ്യാവസായിക നഗരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ പുരോഹിതരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഡോക്ടര്‍മാരെ പോലെ രോഗികളുമായി ഏറെ സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ് ഈ കത്തോലിക്ക രാജ്യത്തിലെ പുരോഹിതര്‍. മാസ്ക്, തൊപ്പി, കയ്യുറകള്‍, സുരക്ഷാ കണ്ണടകള്‍ ഒക്കെ ധരിച്ചു ഭൂതങ്ങളെ പോലെയാണ് തങ്ങള്‍ നടക്കുന്നതെന്ന് ഫാദര്‍ ക്ലോഡിയോ ഡെല്‍ മോണ്ടെ പറഞ്ഞു.
അതേ സമയം മരണപ്പെട്ട മറ്റുള്ളവരെ പോലെ പുരോഹിതരേയും അടക്കം ചെയ്യുന്നത് മതപരമായ ചടങ്ങുകള്‍ ഇല്ലാതെയാണ്. നിലവില്‍ രാജ്യത്ത് മതപരമായ ചടങ്ങുകള്‍ക്കും വിവാഹാഘോഷങ്ങള്‍ക്കും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.ഇറ്റലിയില്‍ ഇതുവരെ 4032 പേര്‍ കോവിഡ് ബാധിച്ചു മരണപ്പെട്ടു. ഇന്നലെ മാത്രം മരിച്ചത് 627 പേരാണ്.
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 223 ആയി. ഇന്ന് മാത്രം 50 ഓളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ആഴ്ചകള്‍ക്ക് മുന്‍പ് കോവിഡ് ബാധ സ്ഥിരീകരിച്ചതിന് ശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസില്‍ 32 വിദേശ പൌരന്മാരും ഉള്‍പ്പെടുന്നു. ഇതുവരെ 5 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
രോഗ പടര്‍ച്ച തടയുന്നതിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യു കര്‍ശനമായി പാലിക്കാന്‍ ആരോഗ്യ മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഞായറാഴ്ച രാവിലെ 7 മുതല്‍ രാത്രി 9 മണിവരെ കര്‍ഫ്യൂ ആചരിക്കാനാണ് രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
സംസ്ഥാനത്ത് ഇന്നു മാത്രം 12 പേര്‍ക്ക് കൊറണ ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. കൊച്ചിയിലെ അഞ്ച് വിദേശികളുള്‍പ്പെടെയാണിത്. കാസറഗോഡ് ആറുപേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് കൊറോണവൈറസ് ബാധിച്ചിരിക്കുന്നത്. 444396 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇന്നുമാത്രം 55 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.ഇതോടെ കേരളത്തില്‍ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 40 ആയി.
കാസറഗോഡ് കൊറോണ സ്ഥിരീകരിച്ചവരിലൊരാള്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയതാണ്. ഇദ്ദേഹം പിന്നീട് അവിടെത്തന്നെ ഒരുനാള്‍ തങ്ങുകയും പിന്നീട് കോഴിക്കോട് പോകുകയും ചെയ്തു. അവിടെ നിന്ന് കാസറഗോഡേക്ക് പോയി. കാസറഗോഡ് പൊതുപരിപാടികളിലടക്കം നിരവധി പരിപാടികളില്‍ ഇയാള്‍ പങ്കെടുത്തതായി മുഖ്യമന്ത്രി പറഞ്ഞു. ഫൂട്ബോള്‍ കളിയിലും ക്ലബ്ബ് പരിപാടികളിലുമെല്ലാം പങ്കെടുത്തു. ഒട്ടേറെ ആളുകളുമായി ഇയാള്‍ ബന്ധപ്പെട്ടു. ഈ നില വന്നപ്പോള്‍ കാസറഗോഡ് പ്രത്യേക ശ്രദ്ധ വേണ്ട അവസ്ഥ വന്നു.
രണ്ട് എംഎല്‍മാര്‍ നിരീക്ഷണത്തിലായിട്ടുണ്ട്. ഇതേ കക്ഷി കൈ കൊടുക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തതാണ് ഇതിനു കാരണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ആളുകള്‍ പൊതുവില്‍ സഹകരിക്കുന്നുണ്ടെങ്കിലും ഇത്തരമാളുകള്‍ പ്രശ്നമുണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കാസറഗോഡ് കടുത്ത നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസ്സുകള്‍ ഞായറാഴ്ച നിശ്ചലമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെട്രോയും ഓടില്ല. എല്ലാവരും വീടുകളില്‍ കഴിയുമ്പോള്‍ പരിസരം പൂര്‍ണമായും ശുചീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊണ്ട പ്രധാന നടപടികള്‍
1. വലിയ മതാഘോഷങ്ങള്‍ മാറ്റി വെയ്ക്കാനും അതില്‍ നിന്നു അകന്നു നില്‍ക്കാനും ആരോഗ്യ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.
2. ജനത കര്‍ഫ്യു ദിവസം ക്രമ സമാധാന പരിപാലനത്തിനായി 39 ഡ്യൂട്ടി മജിസ്ട്രേറ്റ് മാരെ നോയിഡയില്‍ നിയമിച്ചു.
3. യു പി എസ് സി എല്ലാ സിവില്‍ സര്‍വ്വീസ് അഭിമുഖങ്ങളും പരീക്ഷകളും മാറ്റിവെച്ചു
4. കേരള ഗവണ്‍മെന്‍റ് എസ് എസ് എല്‍ സി, പ്ലസ് ടു, സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു.
5. കേരളത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാളെ അവധി. ജീവനക്കാര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ അവധി.
6. കര്‍ണ്ണാടകയും, തമിഴ്നാടും കേരളത്തിലേക്കുള്ള അതിര്‍ത്തി റോഡുകളില്‍ ശക്തമായ സ്ക്രീനിംഗ് ഏര്‍പ്പെടുത്തി.
7. ഉത്തരാഖണ്ഡ് ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ സംസ്ഥാനത്ത് പ്രവേശിക്കുന്നത് നിരോധിച്ചു.
8. ലഖ്നോവിലെ എല്ലാ ഭക്ഷണ ശാലകളും മാര്‍ച്ച് 31 വരെ അടച്ചു.
9. ജനതാ കര്‍ഫ്യു ദിവസം ഡല്‍ഹി മെട്രോ നിര്‍ത്തിവെച്ചു, ഡല്‍ഹിയില്‍ മാര്‍ക്കറ്റുകള്‍ 3 ദിവസത്തേക്ക് അടച്ചു.
10 മുംബൈ, പൂനെ, നാഗ്പൂര്‍ നഗരങ്ങളില്‍ മാര്‍ച്ച് 31 വരെ ഷട്ട് ഡൌണ്‍ പ്രഖ്യാപിച്ചു
കൊച്ചിയിൽ അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ യുകെയിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക്. മൂന്നാറിൽ നിന്നെത്തിയ സംഘത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. 17 അംഗ സംഘമാണ് മൂന്നാറിൽ നിന്നെത്തിയത്. കളമശേരിയിലെ മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്ക് ഇവരെ മാറ്റി. സ്വാകാര്യ ആശുപത്രിയിൽ അടക്കം സജീകരണങ്ങൾ. ഏത് സാഹചര്യത്തെയും നേരിടാൻ സംസ്ഥാനം സുസജം. അഞ്ചുപേരുടേയും നില തൃപ്തികരമെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഘത്തിൽ ഒരാൾക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 30 ആയി.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പൂര്‍ണമായ നിരോധനങ്ങളിലേക്ക് കടക്കുന്നു. അന്തര്‍ദ്ദേശീയ വിമാനങ്ങളുടെ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു. ഞായറാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്ക്. ഇന്ന് എട്ടുമണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ഈ പ്രഖ്യാപനം.
10 വയസ്സിന് താഴെയുള്ള കുട്ടികളും 65 വയസ്സിനു മുകളില്‍ പ്രായമുള്ള വൃദ്ധരും വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വ്യാഴാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 18 കേസുകളാണ്. സ്ഥിതി ഗൗരവപ്പെട്ടതാണെന്ന സൂചനയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നടപടിയിലൂടെ നല്‌കിയിരിക്കുന്നത്.
ജനപ്രതിനിധികളോ, ഡോക്ടര്‍മാരോ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ അല്ലാത്തവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. റെയില്‍വേയിലെ എല്ലാ കണ്‍സെഷന്‍ യാത്രകളും മരവിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗികള്‍, വിദ്യാര്‍ത്ഥികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഇതില്‍ ഇളവുണ്ട്.
സ്വകാര്യമേഖലയില്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തിര, അവശ്യ സേവനങ്ങള്‍ക്കു മാത്രമേ ഇക്കാര്യത്തില്‍ ഇളവ് പാടുള്ളൂ. നിലവില്‍ ഇന്ത്യ രോഗപ്പകര്‍ച്ചയുടെ രണ്ടാംഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ പടരുന്നത് തിരിച്ചറിയാനും നടപടികളെടുക്കാനും സാധിക്കും. അടുത്ത ഘട്ടത്തില്‍ സമൂഹപ്പകര്‍ച്ചയുടെ ഘട്ടമാണ്. ഇതില്‍ പകര്‍ച്ച തിരിച്ചറിയാന്‍ പ്രയാസമായിരിക്കും. കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍ (സമൂഹപ്പകര്‍ച്ച) നടന്നിട്ടുണ്ടോയെന്നതിന് തെളിവില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. 10 വയസിന് താഴെയുള്ള കുട്ടികളെ വീടിനുപുറത്തുവിടരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. 65 വയസിനുമുകളിലുള്ള പൗരന്മാര്‍ വീടുകളില്‍ത്തന്നെ കഴിയണം. മുതിര്‍ന്ന പൗരന്മാരില്‍ ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഇളവ് നല്‍കി. വിദ്യാര്‍ഥികള്‍, രോഗികള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ യാത്രാ ഇളവ് മരവിപ്പിച്ചു. വീട്ടിലിരുന്ന ജോലി ചെയ്യല്‍ സ്വകാര്യമേഖലയിലും നിര്‍ബന്ധമാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
രാജ്യാന്തരവിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. രാജ്യാന്തരയാത്രാവിമാനങ്ങള്‍ക്ക് 22 മുതല്‍ ഇന്ത്യയില്‍ ഇറങ്ങാന്‍ അനുമതിയില്ല. ഒരാഴ്ചത്തേക്കാണ് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്.കോവിഡ് മുൻകരിതലിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ജോലിസമയത്തില്‍ മാറ്റം. ഗ്രൂപ്പ് ബി, സി ജീവനക്കാരില്‍ 50 ശതമാനം പേര്‍ ഒരാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്യണം. ഓഫിസിലെത്തുന്നവര്‍ക്ക് മൂന്ന് ഷിഫ്റ്റുകള്‍: 9 AM–5.30 PM, 9.30 AM-6 PM, 10 AM-6.30 PM. ധനകാര്യസ്ഥാപനങ്ങള്‍ക്കും പൊതുമേഖലാസ്ഥാപനങ്ങള്‍ക്കം ബാധകം. കേന്ദ്രസര്‍ക്കാര്‍ ഓഫിസിലുകളിലും സ്ഥാപനങ്ങളിലും സന്ദര്‍ശകപാസുകള്‍ നല്‍കില്ല.
സംസ്ഥാനത്ത് സര്‍വകലാശാല പരീക്ഷകള്‍ മാറ്റില്ല. 31 വരെ പരീക്ഷയും മൂല്യനിര്‍ണയവും പാടില്ലെന്ന് യു.ജി.സി ഉത്തരവിറക്കിയെങ്കിലും ഇത് സംസ്ഥാനത്ത് ബാധകമാകില്ല. ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ പാലിച്ച് പരീക്ഷകള്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളും മാറ്റാന്‍ സാധ്യതയില്ല.
എല്ലാ പരീക്ഷകളും മാര്‍ച്ച് 31 വരെ നിര്‍ത്തിവയ്ക്കാനാണ് യു.ജി.സി നിര്‍ദേശം നല്‍കിയത്. 31 വരെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയവും നിര്‍ത്തിവയ്ക്കണം. കേന്ദ്രമാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് യുജിസി ഇന്ന് ഉത്തരവിറക്കിയത്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആകാംക്ഷ ഉണ്ടാകാതിരിക്കാന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അവരുമായി സ്ഥിരമായി ആശയവിനിമയം നടത്തണമെന്നും യുജിസി നിര്‍ദേശിച്ചു. വിദ്യാര്‍ഥികള്‍ക്ക് സംശയനിവാരണത്തിന് ഹെല്‍പ് ലൈന്‍ നമ്പരോ ഇമെയില്‍ വിലാസമോ നല്‍കുകയും വേണം. ഐ.എസ്.സി, ഐ.സി.എസ്.ഇ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഇവയും മാര്‍ച്ച് 31ന് ശേഷം നടത്താനാണ് തീരുമാനം.
കേരളത്തില്‍ 21ന് നടത്താനിരുന്ന ഐ.ഇ.എല്‍.ടി.എസ് പരീക്ഷകളും മാറ്റി. പകരം തീയതികള്‍ അപേക്ഷകര്‍ക്ക് തിരഞ്ഞെടുക്കാം. എന്നാല്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവയ്ക്കാനുള്ള യുജിസി നിര്‍ദേശം പാലിക്കേണ്ട എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇതനുസരിച്ച് മുന്‍നിശ്ചയിച്ച പ്രകാരം സര്‍വകലാശാല പരീക്ഷകള്‍ നടക്കും. ആരോഗ്യവകുപ്പ് നല്‍കിയ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാകും പരീക്ഷകള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി കൈക്കൊണ്ട നടപടികള്‍ യുജിസിയെ വൈസ് ചാന്‍സലര്‍മാര്‍ അറിയിക്കും. ഇതേസമയം സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവയ്ക്കണമെന്ന് എന്‍.എസ്.എസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
യൂറോപ്പിനും ചൈനക്കും ശേഷം കൊറോണവൈറസ് വ്യാപിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ഇന്ത്യയിലെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഏപ്രില്‍ 15ഓടു കൂടി കൊവിഡ് 19 ബാധിതരുടെ എണ്ണം പത്തിരട്ടി വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഇന്‍ വൈറോളജിയുടെ മുന്‍ തലവന്‍ ഡോ. ടി ജേക്കബ് പറഞ്ഞു. ഇപ്പോള്‍ കൊറോണവൈറസ് ബാധിക്കുന്നവരുടെ എണ്ണം ചെറുതാണ്. ഇതൊരു വലിയ ദുരന്തമാണെന്ന് പലര്‍ക്കും മനസ്സിലായിട്ടില്ല. ഓരോ ആഴ്ച പിന്നീടുമ്പോഴും രോഗ ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനസാന്ദ്രതയാണ് ഏറ്റവും വലിയ വെല്ലുവിളി. ചതുരശ്ര കിലോമീറ്ററില്‍ 420 പേരാണ് രാജ്യത്തെ ശരാശരി ജനസാന്ദ്രത. രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ 148 ആയിരുന്നു ശരാശരി ജനസാന്ദ്രത. ജനസാന്ദ്രത കുറഞ്ഞ യൂറോപ്പില്‍ പോലും രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനായില്ല. ചേരികളിലേക്ക് രോഗമെത്തിയാല്‍ അതിവേഗം പടരാനുള്ള സാധ്യതയും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെ പോലും പരിശോധിക്കാന്‍ ദക്ഷിണകൊറിയക്ക് കഴിഞ്ഞു.
ഇന്ത്യയില്‍ പരിശോധന എന്നത് അതീവ ദുഷ്‌കരമാകുമെന്ന് പകര്‍ച്ച വ്യാധി വിദഗ്ധനും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. കെ ശ്രീനാഥ് റെഡ്ഡി പറഞ്ഞു. രോഗബാധിതരുടെ എണ്ണമെടുക്കുമ്പോള്‍ മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ അത്ര ഭീതി നിലവില്‍ ഇന്ത്യയിലില്ല. അതേസമയം, ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയില്‍ വൈറസ് വ്യാപനമുണ്ടായാല്‍ എങ്ങനെ നിയന്ത്രിക്കുമെന്നത് ചോദ്യചിഹ്നമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 ബാധിച്ച മഹാരാഷ്ട്ര രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ പറയുന്നു. വൈറസ് വ്യാപനം തടഞ്ഞില്ലെങ്കില്‍ മൂന്നാം ഘട്ടത്തിലേക്ക് പോകുമെന്നും വൈറസ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്ത് തന്നെ ആരോഗ്യരംഗത്ത് ഏറ്റവും കുറഞ്ഞ പണം ചെലവാക്കുന്ന രാജ്യം ഇന്ത്യയാണ്. ജിഡിപിയുടെ 3.7 ശതമാനമാണ് ആരോഗ്യ രംഗത്ത് ഇന്ത്യ ചെലവഴിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്രയും വലിയ മഹാമാരി നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് എന്നെ ആശങ്കപ്പെടുത്തുന്നു. അകലം പാലിക്കുക എന്നത് ഉപരിവര്‍ഗ, മധ്യവര്‍ഗ സമൂഹത്തിനിടയില്‍ സാധിക്കും. എന്നാല്‍ നഗര ദരിദ്രരിലും ഗ്രാമീണരിലും എത്രത്തോളം ഫലപ്രദമാകുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലണ്ടൻ : കൊറോണ വൈറസ് കാലം എത്തിയതോടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകളും ഏറിയിരിക്കുന്നു. രോഗത്തെ തടുക്കാൻ സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. എന്നാൽ വ്യാജവാർത്തകളുടെ പ്രചരണം മൂലം പലരും സത്യമെന്തെന്ന് അറിയാതെ പോകുന്നു. പനിയ്ക്കായി ഉപയോഗിക്കുന്ന ഒരു മരുന്നാണ് ഇബുപ്രോഫെൻ. വേദന ഇല്ലാതാക്കാനും ഇതിന് കഴിവുണ്ട്. എന്നാൽ കൊറോണ വൈറസ് രോഗവുമായി ബന്ധപ്പെട്ട് ഇബുപ്രോഫെൻ കഴിക്കുന്നത് ആപത്താണെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പരക്കെ പ്രചരിക്കുന്നു. പാരസെറ്റമോൾ, ഇബുപ്രോഫെൻ എന്നിവയ്ക്ക് താപനില കുറയ്ക്കാനും ഇൻഫ്ലുവൻസ പോലുള്ള രോഗങ്ങളെ തടയാനും കഴിയും. എന്നാൽ ഇബുപ്രോഫെനും മറ്റ് നോൺ-സ്റ്റിറോയിഡൽ ആന്റി ഇൻഫ്ളമേറ്ററി മരുന്നുകളും (എൻഎസ്‌ഐഡികൾ) എല്ലാവർക്കും അനുയോജ്യമല്ല, മാത്രമല്ല ഇത് പ്രത്യേകിച്ച് ആസ്ത്മ, ഹൃദയം, രക്തചംക്രമണ രോഗങ്ങൾ ഉള്ളവർക്ക് പാർശ്വഫലങ്ങൾക്ക് കാരണമാവുകയും ചെയ്യും. മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് ഇതിനകം ഇബുപ്രോഫെൻ എടുക്കുന്നവർ ഡോക്ടറുമായി കൂടിയാലോചിക്കാതെ നിർത്തരുത്.
എൻഎച്ച്‌എസ് വെബ്‌സൈറ്റ് മുമ്പ് പാരസെറ്റമോൾ, ഇബുപ്രോഫെൻ എന്നിവ ശുപാർശ ചെയ്തിരുന്നു. എന്നാൽ പല വാർത്തകളും പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതുവരെ പാരസെറ്റമോൾ ഉപയോഗിക്കാൻ അവർ നിർദേശിച്ചു. ലണ്ടൻ സ്കൂൾ ഓഫ് ഹൈജീനിൻ ആന്റ് ട്രോപ്പിക്കൽ മെഡിസിനിലെ ഡോ. ഷാർലറ്റ് വാറൻ-ഗാഷും പാരസെറ്റമോൾ കഴിക്കാനാണ് നിർദേശിക്കുന്നത്. കൊറോണ വൈറസ് രോഗത്തെ ഇബുപ്രോഫെൻ സ്വാധീനിക്കുനുണ്ടോ എന്ന കാര്യത്തിൽ വ്യകതതയില്ല. എന്നിരുന്നാലും ഇതിനെതിരെ ധാരാളം വ്യാജവാർത്തകളാണ് വാട്സാപ്പിൽ പ്രചരിക്കുന്നത്.
1) കോർക്കിലെ തീവ്രപരിചരണ വിഭാഗത്തിൽ നാല് ചെറുപ്പക്കാർ ഉണ്ട്, അവർക്ക് അടിസ്ഥാന രോഗങ്ങളൊന്നുമില്ല – എല്ലാവരും ആന്റി ഇൻഫ്ളമേറ്ററി ഡ്രഗ്സ് ആണ് കഴിക്കുന്നത്, ഇത് രോഗത്തെ കൂടുതൽ ഗുരുതരമാക്കുന്നു.
2) വിയന്ന യൂണിവേഴ്സിറ്റി കൊറോണ വൈറസ് ലക്ഷണങ്ങളുള്ള ആളുകൾക്ക് ഇബുപ്രോഫെൻ എടുക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
3) ഫ്രാൻസിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ആരോഗ്യപ്രശ്നങ്ങളില്ലാത്ത ചെറുപ്പക്കാരിൽ വളരെ ഗുരുതരമായ നാല് കൊറോണ വൈറസ് കേസുകളുണ്ട്. എല്ലാവരും ഇബുപ്രൂഫെൻ പോലുള്ള വേദനസംഹാരികൾ കഴിച്ചു എന്ന് അറിയാൻ കഴിഞ്ഞു .
ഈ തെറ്റായ വാർത്തകളാണ് വാട്സാപ്പിലൂടെ ഇപ്പോൾ പ്രചരിക്കുന്നത്. തുടർന്ന് ഇത് ഇൻസ്റ്റഗ്രാമിലും കാണപ്പെട്ടു.
കോർക്കിലെ കൊറോണ വൈറസ് രോഗികളെക്കുറിച്ച് പ്രചരിക്കുന്ന ഒരു വാട്ട്‌സ്ആപ്പ് സന്ദേശം വ്യാജമാണെന്ന് ഇൻഫെക്റ്റിയസ് ഡിസീസസ് സൊസൈറ്റി ഓഫ് അയർലൻഡ് പറഞ്ഞു. ഇബുപ്രോഫെൻ, കൊറോണ വൈറസ് (കോവിഡ് -19) എന്നിവയെക്കുറിച്ച് ഒരു ഗവേഷണവും ഇതുവരെ നടന്നിട്ടില്ല. ശ്വാസകോശ സംബന്ധമായ രോഗത്തിനിടെ ഇബുപ്രോഫെൻ ഉപയോഗിക്കുന്നത് രോഗം വഷളാകുകയോ മറ്റ് സങ്കീർണതകൾ ഉണ്ടാക്കുകയോ ചെയ്യുമെന്ന് സൂചിപ്പിക്കുന്ന നിരവധി പഠനങ്ങളുണ്ടെന്നു റീഡിംഗ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ പാരസ്റ്റോ ഡോന്യായ് പറയുന്നു. ഇത്തരം വ്യാജവാർത്തകൾ മൂലം ഇബുപ്രോഫെൻ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഫ്രാൻസിൽ ഉയർന്നുവന്നു. കൊറോണ വൈറസ് ഇബുപ്രോഫെനിൽ ഉണ്ടാകുന്നുവെന്ന് ചില പോസ്റ്റുകൾ അവകാശപ്പെടുന്നു. എന്നാൽ ഇതിനെ സംബന്ധിച്ച് വ്യക്തമായ യാതൊരു തെളിവുകളും ഇല്ല എന്നുള്ളതാണ് സത്യം.
കൊറോണ വൈറസ് കോവിഡ് 19 ലോകരാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുമ്പോൾ വർഷങ്ങൾക്ക് മുൻപ് ഇതേ കുറിച്ച് സൂചിപ്പിച്ച ബില്‍ ഗേറ്റ്‌സിന്റെ വാക്കുകൾ ചർച്ചയാവുകയാണ്. വൈറസ് ഭീതി പടരുമ്പോൾ തന്നെ വലിയ സഹായങ്ങളുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. കൊറോണാ വൈറസിന്റെ വരവിന് അഞ്ചു വര്‍ഷം മുൻപ്, ലോകം എബോളാ പകര്‍ച്ചവ്യാധിയില്‍ നിന്നു മുക്തമായി വരുന്ന കാലത്ത് ഗേറ്റ്സ് നല്‍കിയ ഒരു സന്ദേശമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
എബോളയ്‌ക്കെതിരെയുള്ള പോരാട്ടത്തിലെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞു തന്നെയാണ് ഗേറ്റ്‌സ് മറ്റൊരു ആരോഗ്യ ദുരന്തം ലോകത്തെ കാത്തിരിക്കുന്നുണ്ടായിരിക്കാമെന്ന് പറഞ്ഞത്. അടുത്ത ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ എന്തെങ്കിലും ഒരു കോടി ആളുകളെ കൊല്ലുന്നുണ്ടെങ്കില്‍ അത് ഒരു യുദ്ധം മൂലമായിരിക്കില്ല, മറിച്ച് ഒരു രൂക്ഷതയുള്ള പകര്‍ച്ചവ്യാധിയായിരിക്കുമെന്നാണ് അദ്ദേഹം തന്റെ 2015 ലെ ടെഡ്‌ടോക്കില്‍ പറഞ്ഞത്.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ഈ വാക്കുകൾ ചർച്ചയാവുകയാണ്. ഇതിനിടെ, ലോകത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടുലക്ഷം കടന്നു. മരണ സംഖ്യ 8,225 ആയി. ഏഷ്യന്‍ രാജ്യങ്ങളിലേതിനേക്കാള്‍ യൂറോപ്പിലാണ് മരണനിരക്ക് കൂടുതല്‍.