കൊറോണ വൈറസ് ബാധിച്ച് അന്ത്യ നിമിഷങ്ങള്‍ പിന്നിടുന്നവര്‍ക്ക് അന്ത്യ കൂദാശ നല്‍കാനാണ് അവർ എത്തിയത്. എന്നാല്‍ വൈറസ് ആ പുരോഹിതരേയും വെറുതെ വിട്ടില്ല. ഇറ്റലിയില്‍ കോവിഡ് മൂലം മരിച്ച പുരോഹിതരുടെ എണ്ണം 18 ആയി.

ബെര്‍ഗാമോ രൂപതയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്. അവിടെ 10ഓളം പുരോഹിതര്‍ മരണപ്പെട്ടതായി കത്തോലിക് പത്രം അവെനിര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുരോഹിതന്‍മാരായലും വിശ്വാസികളുടെതായാലും മരണ സംഖ്യ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത വിധം കൂടിക്കൊണ്ടിരിക്കുന്നതായി പത്രം പറയുന്നു.

പാര്‍മ നഗരത്തില്‍ മാത്രം അഞ്ചു പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ബ്രെസ്ക്യ, ക്രിമോണ, മിലാന്റെ വടക്കന്‍ മേഖലയിലെ വ്യാവസായിക നഗരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ പുരോഹിതരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഡോക്ടര്‍മാരെ പോലെ രോഗികളുമായി ഏറെ സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ് ഈ കത്തോലിക്ക രാജ്യത്തിലെ പുരോഹിതര്‍. മാസ്ക്, തൊപ്പി, കയ്യുറകള്‍, സുരക്ഷാ കണ്ണടകള്‍ ഒക്കെ ധരിച്ചു ഭൂതങ്ങളെ പോലെയാണ് തങ്ങള്‍ നടക്കുന്നതെന്ന് ഫാദര്‍ ക്ലോഡിയോ ഡെല്‍ മോണ്ടെ പറഞ്ഞു.

അതേ സമയം മരണപ്പെട്ട മറ്റുള്ളവരെ പോലെ പുരോഹിതരേയും അടക്കം ചെയ്യുന്നത് മതപരമായ ചടങ്ങുകള്‍ ഇല്ലാതെയാണ്. നിലവില്‍ രാജ്യത്ത് മതപരമായ ചടങ്ങുകള്‍ക്കും വിവാഹാഘോഷങ്ങള്‍ക്കും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.ഇറ്റലിയില്‍ ഇതുവരെ 4032 പേര്‍ കോവിഡ് ബാധിച്ചു മരണപ്പെട്ടു. ഇന്നലെ മാത്രം മരിച്ചത് 627 പേരാണ്.