Health

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. 10 വയസിന് താഴെയുള്ള കുട്ടികളെ വീടിനുപുറത്തുവിടരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. 65 വയസിനുമുകളിലുള്ള പൗരന്മാര്‍ വീടുകളില്‍ത്തന്നെ കഴിയണം. മുതിര്‍ന്ന പൗരന്മാരില്‍ ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഇളവ് നല്‍കി. വിദ്യാര്‍ഥികള്‍, രോഗികള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ യാത്രാ ഇളവ് മരവിപ്പിച്ചു. വീട്ടിലിരുന്ന ജോലി ചെയ്യല്‍ സ്വകാര്യമേഖലയിലും നിര്‍ബന്ധമാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

രാജ്യാന്തരവിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. രാജ്യാന്തരയാത്രാവിമാനങ്ങള്‍ക്ക് 22 മുതല്‍ ഇന്ത്യയില്‍ ഇറങ്ങാന്‍ അനുമതിയില്ല. ഒരാഴ്ചത്തേക്കാണ് കേന്ദ്രസര്‍ക്ക‍ാര്‍ വിലക്കേര്‍പ്പെടുത്തിയത്.കോവിഡ് മുൻകരിതലിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ജോലിസമയത്തില്‍ മാറ്റം. ഗ്രൂപ്പ് ബി, സി ജീവനക്കാരില്‍ 50 ശതമാനം പേര്‍ ഒരാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്യണം. ഓഫിസിലെത്തുന്നവര്‍ക്ക് മൂന്ന് ഷിഫ്റ്റുകള്‍: 9 AM–5.30 PM, 9.30 AM-6 PM, 10 AM-6.30 PM. ധനകാര്യസ്ഥാപനങ്ങള്‍ക്കും പൊതുമേഖലാസ്ഥാപനങ്ങള്‍ക്കം ബാധകം. കേന്ദ്രസര്‍ക്കാര്‍ ഓഫിസിലുകളിലും സ്ഥാപനങ്ങളിലും സന്ദര്‍ശകപാസുകള്‍ നല്‍കില്ല.

സംസ്ഥാനത്ത് സര്‍വകലാശാല പരീക്ഷകള്‍ മാറ്റില്ല. 31 വരെ പരീക്ഷയും മൂല്യനിര്‍ണയവും പാടില്ലെന്ന് യു.ജി.സി ഉത്തരവിറക്കിയെങ്കിലും ഇത് സംസ്ഥാനത്ത് ബാധകമാകില്ല. ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ പാലിച്ച് പരീക്ഷകള്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളും മാറ്റാന്‍ സാധ്യതയില്ല.

എല്ലാ പരീക്ഷകളും മാര്‍ച്ച് 31 വരെ നിര്‍ത്തിവയ്ക്കാനാണ് യു.ജി.സി നിര്‍ദേശം നല്‍കിയത്. 31 വരെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയവും നിര്‍ത്തിവയ്ക്കണം. കേന്ദ്രമാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് യുജിസി ഇന്ന് ഉത്തരവിറക്കിയത്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആകാംക്ഷ ഉണ്ടാകാതിരിക്കാന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അവരുമായി സ്ഥിരമായി ആശയവിനിമയം നടത്തണമെന്നും യുജിസി നിര്‍ദേശിച്ചു. വിദ്യാര്‍ഥികള്‍ക്ക് സംശയനിവാരണത്തിന് ഹെല്‍പ് ലൈന്‍ നമ്പരോ ഇമെയില്‍ വിലാസമോ നല്‍കുകയും വേണം. ഐ.എസ്.സി, ഐ.സി.എസ്.ഇ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഇവയും മാര്‍ച്ച് 31ന് ശേഷം നടത്താനാണ് തീരുമാനം.

കേരളത്തില്‍ 21ന് നടത്താനിരുന്ന ഐ.ഇ.എല്‍.ടി.എസ് പരീക്ഷകളും മാറ്റി. പകരം തീയതികള്‍ അപേക്ഷകര്‍ക്ക് തിരഞ്ഞെടുക്കാം. എന്നാല്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവയ്ക്കാനുള്ള യുജിസി നിര്‍ദേശം പാലിക്കേണ്ട എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇതനുസരിച്ച് മുന്‍നിശ്ചയിച്ച പ്രകാരം സര്‍വകലാശാല പരീക്ഷകള്‍ നടക്കും. ആരോഗ്യവകുപ്പ് നല്‍കിയ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാകും പരീക്ഷകള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി കൈക്കൊണ്ട നടപടികള്‍ യുജിസിയെ വൈസ് ചാന്‍സലര്‍മാര്‍ അറിയിക്കും. ഇതേസമയം സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവയ്ക്കണമെന്ന് എന്‍.എസ്.എസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

യൂറോപ്പിനും ചൈനക്കും ശേഷം കൊറോണവൈറസ് വ്യാപിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ഇന്ത്യയിലെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഏപ്രില്‍ 15ഓടു കൂടി കൊവിഡ് 19 ബാധിതരുടെ എണ്ണം പത്തിരട്ടി വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഇന്‍ വൈറോളജിയുടെ മുന്‍ തലവന്‍ ഡോ. ടി ജേക്കബ് പറഞ്ഞു. ഇപ്പോള്‍ കൊറോണവൈറസ് ബാധിക്കുന്നവരുടെ എണ്ണം ചെറുതാണ്. ഇതൊരു വലിയ ദുരന്തമാണെന്ന് പലര്‍ക്കും മനസ്സിലായിട്ടില്ല. ഓരോ ആഴ്ച പിന്നീടുമ്പോഴും രോഗ ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനസാന്ദ്രതയാണ് ഏറ്റവും വലിയ വെല്ലുവിളി. ചതുരശ്ര കിലോമീറ്ററില്‍ 420 പേരാണ് രാജ്യത്തെ ശരാശരി ജനസാന്ദ്രത. രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ 148 ആയിരുന്നു ശരാശരി ജനസാന്ദ്രത. ജനസാന്ദ്രത കുറഞ്ഞ യൂറോപ്പില്‍ പോലും രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനായില്ല. ചേരികളിലേക്ക് രോഗമെത്തിയാല്‍ അതിവേഗം പടരാനുള്ള സാധ്യതയും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെ പോലും പരിശോധിക്കാന്‍ ദക്ഷിണകൊറിയക്ക് കഴിഞ്ഞു.

ഇന്ത്യയില്‍ പരിശോധന എന്നത് അതീവ ദുഷ്‌കരമാകുമെന്ന് പകര്‍ച്ച വ്യാധി വിദഗ്ധനും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. കെ ശ്രീനാഥ് റെഡ്ഡി പറഞ്ഞു. രോഗബാധിതരുടെ എണ്ണമെടുക്കുമ്പോള്‍ മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ അത്ര ഭീതി നിലവില്‍ ഇന്ത്യയിലില്ല. അതേസമയം, ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയില്‍ വൈറസ് വ്യാപനമുണ്ടായാല്‍ എങ്ങനെ നിയന്ത്രിക്കുമെന്നത് ചോദ്യചിഹ്നമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 ബാധിച്ച മഹാരാഷ്ട്ര രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ പറയുന്നു. വൈറസ് വ്യാപനം തടഞ്ഞില്ലെങ്കില്‍ മൂന്നാം ഘട്ടത്തിലേക്ക് പോകുമെന്നും വൈറസ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്ത് തന്നെ ആരോഗ്യരംഗത്ത് ഏറ്റവും കുറഞ്ഞ പണം ചെലവാക്കുന്ന രാജ്യം ഇന്ത്യയാണ്. ജിഡിപിയുടെ 3.7 ശതമാനമാണ് ആരോഗ്യ രംഗത്ത് ഇന്ത്യ ചെലവഴിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്രയും വലിയ മഹാമാരി നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് എന്നെ ആശങ്കപ്പെടുത്തുന്നു. അകലം പാലിക്കുക എന്നത് ഉപരിവര്‍ഗ, മധ്യവര്‍ഗ സമൂഹത്തിനിടയില്‍ സാധിക്കും. എന്നാല്‍ നഗര ദരിദ്രരിലും ഗ്രാമീണരിലും എത്രത്തോളം ഫലപ്രദമാകുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലണ്ടൻ : കൊറോണ വൈറസ് കാലം എത്തിയതോടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകളും ഏറിയിരിക്കുന്നു. രോഗത്തെ തടുക്കാൻ സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. എന്നാൽ വ്യാജവാർത്തകളുടെ പ്രചരണം മൂലം പലരും സത്യമെന്തെന്ന് അറിയാതെ പോകുന്നു. പനിയ്ക്കായി ഉപയോഗിക്കുന്ന ഒരു മരുന്നാണ് ഇബുപ്രോഫെൻ. വേദന ഇല്ലാതാക്കാനും ഇതിന് കഴിവുണ്ട്. എന്നാൽ കൊറോണ വൈറസ് രോഗവുമായി ബന്ധപ്പെട്ട് ഇബുപ്രോഫെൻ കഴിക്കുന്നത് ആപത്താണെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പരക്കെ പ്രചരിക്കുന്നു. പാരസെറ്റമോൾ, ഇബുപ്രോഫെൻ എന്നിവയ്ക്ക് താപനില കുറയ്ക്കാനും ഇൻഫ്ലുവൻസ പോലുള്ള രോഗങ്ങളെ തടയാനും കഴിയും. എന്നാൽ ഇബുപ്രോഫെനും മറ്റ് നോൺ-സ്റ്റിറോയിഡൽ ആന്റി ഇൻഫ്ളമേറ്ററി മരുന്നുകളും (എൻ‌എസ്‌ഐ‌ഡികൾ) എല്ലാവർക്കും അനുയോജ്യമല്ല, മാത്രമല്ല ഇത് പ്രത്യേകിച്ച് ആസ്ത്മ, ഹൃദയം, രക്തചംക്രമണ രോഗങ്ങൾ ഉള്ളവർക്ക് പാർശ്വഫലങ്ങൾക്ക് കാരണമാവുകയും ചെയ്യും. മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് ഇതിനകം ഇബുപ്രോഫെൻ എടുക്കുന്നവർ ഡോക്ടറുമായി കൂടിയാലോചിക്കാതെ നിർത്തരുത്.

എൻ‌എച്ച്‌എസ് വെബ്‌സൈറ്റ് മുമ്പ് പാരസെറ്റമോൾ, ഇബുപ്രോഫെൻ എന്നിവ ശുപാർശ ചെയ്തിരുന്നു. എന്നാൽ പല വാർത്തകളും പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതുവരെ പാരസെറ്റമോൾ ഉപയോഗിക്കാൻ അവർ നിർദേശിച്ചു. ലണ്ടൻ സ്കൂൾ ഓഫ് ഹൈജീനിൻ ആന്റ് ട്രോപ്പിക്കൽ മെഡിസിനിലെ ഡോ. ഷാർലറ്റ് വാറൻ-ഗാഷും പാരസെറ്റമോൾ കഴിക്കാനാണ് നിർദേശിക്കുന്നത്. കൊറോണ വൈറസ് രോഗത്തെ ഇബുപ്രോഫെൻ സ്വാധീനിക്കുനുണ്ടോ എന്ന കാര്യത്തിൽ വ്യകതതയില്ല. എന്നിരുന്നാലും ഇതിനെതിരെ ധാരാളം വ്യാജവാർത്തകളാണ് വാട്സാപ്പിൽ പ്രചരിക്കുന്നത്.
1) കോർക്കിലെ തീവ്രപരിചരണ വിഭാഗത്തിൽ നാല് ചെറുപ്പക്കാർ ഉണ്ട്, അവർക്ക് അടിസ്ഥാന രോഗങ്ങളൊന്നുമില്ല – എല്ലാവരും ആന്റി ഇൻഫ്ളമേറ്ററി ഡ്രഗ്സ് ആണ് കഴിക്കുന്നത്, ഇത് രോഗത്തെ കൂടുതൽ ഗുരുതരമാക്കുന്നു.
2) വിയന്ന യൂണിവേഴ്സിറ്റി കൊറോണ വൈറസ് ലക്ഷണങ്ങളുള്ള ആളുകൾക്ക് ഇബുപ്രോഫെൻ എടുക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
3) ഫ്രാൻസിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ആരോഗ്യപ്രശ്നങ്ങളില്ലാത്ത ചെറുപ്പക്കാരിൽ വളരെ ഗുരുതരമായ നാല് കൊറോണ വൈറസ് കേസുകളുണ്ട്. എല്ലാവരും ഇബുപ്രൂഫെൻ പോലുള്ള വേദനസംഹാരികൾ കഴിച്ചു എന്ന് അറിയാൻ കഴിഞ്ഞു .
ഈ തെറ്റായ വാർത്തകളാണ് വാട്സാപ്പിലൂടെ ഇപ്പോൾ പ്രചരിക്കുന്നത്. തുടർന്ന് ഇത് ഇൻസ്റ്റഗ്രാമിലും കാണപ്പെട്ടു.

കോർക്കിലെ കൊറോണ വൈറസ് രോഗികളെക്കുറിച്ച് പ്രചരിക്കുന്ന ഒരു വാട്ട്‌സ്ആപ്പ് സന്ദേശം വ്യാജമാണെന്ന് ഇൻഫെക്റ്റിയസ് ഡിസീസസ് സൊസൈറ്റി ഓഫ് അയർലൻഡ് പറഞ്ഞു. ഇബുപ്രോഫെൻ, കൊറോണ വൈറസ് (കോവിഡ് -19) എന്നിവയെക്കുറിച്ച് ഒരു ഗവേഷണവും ഇതുവരെ നടന്നിട്ടില്ല. ശ്വാസകോശ സംബന്ധമായ രോഗത്തിനിടെ ഇബുപ്രോഫെൻ ഉപയോഗിക്കുന്നത് രോഗം വഷളാകുകയോ മറ്റ് സങ്കീർണതകൾ ഉണ്ടാക്കുകയോ ചെയ്യുമെന്ന് സൂചിപ്പിക്കുന്ന നിരവധി പഠനങ്ങളുണ്ടെന്നു റീഡിംഗ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ പാരസ്റ്റോ ഡോന്യായ് പറയുന്നു. ഇത്തരം വ്യാജവാർത്തകൾ മൂലം ഇബുപ്രോഫെൻ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഫ്രാൻസിൽ ഉയർന്നുവന്നു. കൊറോണ വൈറസ് ഇബുപ്രോഫെനിൽ ഉണ്ടാകുന്നുവെന്ന് ചില പോസ്റ്റുകൾ അവകാശപ്പെടുന്നു. എന്നാൽ ഇതിനെ സംബന്ധിച്ച് വ്യക്തമായ യാതൊരു തെളിവുകളും ഇല്ല എന്നുള്ളതാണ് സത്യം.

കൊറോണ വൈറസ് കോവിഡ് 19 ലോകരാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുമ്പോൾ വർഷങ്ങൾക്ക് മുൻപ് ഇതേ കുറിച്ച് സൂചിപ്പിച്ച ബില്‍ ഗേറ്റ്‌സിന്റെ വാക്കുകൾ ചർച്ചയാവുകയാണ്. വൈറസ് ഭീതി പടരുമ്പോൾ തന്നെ വലിയ സഹായങ്ങളുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. കൊറോണാ വൈറസിന്റെ വരവിന് അഞ്ചു വര്‍ഷം മുൻപ്, ലോകം എബോളാ പകര്‍ച്ചവ്യാധിയില്‍ നിന്നു മുക്തമായി വരുന്ന കാലത്ത് ഗേറ്റ്സ് നല്‍കിയ ഒരു സന്ദേശമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

എബോളയ്‌ക്കെതിരെയുള്ള പോരാട്ടത്തിലെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞു തന്നെയാണ് ഗേറ്റ്‌സ് മറ്റൊരു ആരോഗ്യ ദുരന്തം ലോകത്തെ കാത്തിരിക്കുന്നുണ്ടായിരിക്കാമെന്ന് പറഞ്ഞത്. അടുത്ത ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ എന്തെങ്കിലും ഒരു കോടി ആളുകളെ കൊല്ലുന്നുണ്ടെങ്കില്‍ അത് ഒരു യുദ്ധം മൂലമായിരിക്കില്ല, മറിച്ച് ഒരു രൂക്ഷതയുള്ള പകര്‍ച്ചവ്യാധിയായിരിക്കുമെന്നാണ് അദ്ദേഹം തന്റെ 2015 ലെ ടെഡ്‌ടോക്കില്‍ പറഞ്ഞത്.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ഈ വാക്കുകൾ ചർച്ചയാവുകയാണ്. ഇതിനിടെ, ലോകത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടുലക്ഷം കടന്നു. മരണ സംഖ്യ 8,225 ആയി. ഏഷ്യന്‍ രാജ്യങ്ങളിലേതിനേക്കാള്‍ യൂറോപ്പിലാണ് മരണനിരക്ക് കൂടുതല്‍.

കൊറോണ അടക്കം ഏത് വൈറസ്സും ചികിത്സിക്കാമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയ വ്യാജവൈദ്യന്‍ മോഹനന്‍ വൈദ്യരെ ആരോഗ്യവകുപ്പും പൊലീസും ചേര്‍ന്ന് പിടികൂടി. തൃശ്ശൂര്‍ പട്ടിക്കാടുള്ള ഉഴിച്ചില്‍ കേന്ദ്രത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

മോഹനന്‍ വൈദ്യരുടെ ചികിത്സാ കേന്ദ്രത്തിന് കോവിഡ്-19 പരിശോധന നടത്താനുള്ള ലൈസന്‍സില്ലെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.

താന്‍ ആയുര്‍വേദ ഡോക്ടർമാരുടെ ക്ഷണം സ്വീകരിച്ച് ഉപദേശം നൽകാൻ എത്തിയതാണെന്നാണ് മോഹനന്‍നായര്‍ ഉദ്യോഗസ്ഥരോട് അവകാശപ്പെട്ടത്. ആരോഗ്യവകുപ്പ് സംഘവും പൊലീസും ചേര്‍ന്ന് സംയുക്തമായി ചോദ്യം ചെയ്യല്‍ നടത്തി. ഇതിനു ശേഷമായിരുന്നു അറസ്റ്റ്.

ലണ്ടന്‍: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് മൂലമുള്ള സാംക്രമിക രോഗം സർവ്വനാശകാരിയായി വിരാജിക്കുമ്പോൾ, യു കെ യും നിയന്ത്രണങ്ങളുമായി പ്രതിരോധ ശ്രമത്തിലാണ്. കഴിയുന്നവർ വീട്ടിലിരുന്ന് ജോലി ചെയ്യുക, അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കുക, പബ്ബുകളും, റസ്റ്റോറന്റുകളും,ക്ലബുകളും, സിനിമാശാലകളും പോലുള്ള പൊതു സ്ഥലങ്ങൾ ഒഴിവാക്കുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക, രോഗപ്രതിരോധത്തിനുള്ള മുൻകരുതലുകൾ എടുക്കുക തുടങ്ങിയ നിയന്ത്രണങ്ങൾക്ക് പുറമെ, സ്റ്റാഫിന്റെ ദൗർലഭ്യം കൊണ്ട് ജി പി സർജറികൾ പ്രവർത്തിക്കാത്ത സാഹചര്യം പോലും നിലവിലുണ്ട്. ഈ ദുരവസ്ഥയെ അതിജീവിക്കാൻ യു കെയിലെ മലയാളി സമൂഹത്തെ സജ്ജമാക്കാൻ വേണ്ടി യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച പരസ്പര സഹായ സംരംഭം വിജയകരമായി തുടക്കമാകുകയാണ്.

യു കെ യിലുള്ള ഏതൊരു മലയാളിക്കും, സൗജന്യമായി വിളിക്കാൻ സാധിക്കുന്ന (നെറ്റ്‌വർക്ക് നിരക്കുകൾ ബാധകം) ഹെൽപ്പ് ലൈൻ നമ്പറാണ് നല്കപ്പെട്ടിട്ടുള്ളത്. ഈ നമ്പറിൽ വിളിക്കുന്ന ആൾ, തങ്ങളുടെ പേര്, ഫോൺ നമ്പർ, ആവശ്യസഹായത്തിന്റെ രൂപം, ആവശ്യമെങ്കിൽ സഹായം ആവശ്യമുള്ള സ്ഥലം എന്നിവ നൽകുകയും, അവ വോളന്റിയേഴ്സ് ഗ്രൂപ്പിന് കൈമാറുന്നതിന് സമ്മതിക്കുകയും ആണ് എങ്കിൽ മാത്രം ഈ വിവരങ്ങൾ മാത്രം എടുക്കുകയും, അനുബന്ധ വോളണ്ടിയർ ഗ്രൂപ്പിൽ ഈ വിവരം കൈമാറുകയും ചെയ്ത്, ആവശ്യക്കാരന്റെ ആശങ്ക അകറ്റുന്ന രീതിയാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഈ സംരംഭം ഇപ്പോൾ സ്വീകരിക്കുന്നത്.

ഡോക്ടർമാരും ക്ലിനിക്കൽ പ്രാക്ടീഷണർമാരും അടങ്ങുന്ന  ക്ലിനിക്കൽ അഡ്‌വൈസ് ഗ്രൂപ്പ്,  പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്, ഹെൽത്ത് പ്രൊട്ടക്ഷൻ സ്കോട്ട്ലൻഡ് എന്നീ ഗവൺമെന്റ് ബോഡികളുടെ നിർദ്ദേശാനുസരണം തയ്യാറാക്കിയിട്ടുള്ള  കോവിഡ് 19  മാനേജ്‌മെന്റിനുള്ള പ്രോട്ടോക്കോൾ അനുസരിച്ചുള്ള ഉപദേശങ്ങളും നിർദ്ദേശങ്ങളുമാണ് നൽകുന്നത്.  ഈ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുന്നത് ഡോക്ടർ സോജി അലക്സിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ ഒരു സംഘമായിരിക്കും. ഈ ഡോക്ടർമാർ ചികിത്സ നിശ്ചയിക്കുകയോ, മരുന്നുകൾ പ്രിസ്‌ക്രൈബ് ചെയ്യുകയോ ചെയ്യില്ല. ആരോഗ്യപരമായ ഉപദേശങ്ങൾ മാത്രമേ നൽകുകയുള്ളൂ.

ഇമോഷണൽ സപ്പോർട്ട് കൊടുക്കുന്ന വോളണ്ടിയർ ഗ്രൂപ്പും ഇതോടോപ്പമുണ്ട്.  രോഗം സ്ഥിരീകരിച്ചവരോ, സംശയിക്കപ്പെടുന്നവരോ ആയ ആൾക്കാർക്ക് മാനസികമായി ധൈര്യം പകർന്നു കൊടുക്കുന്നതിനുള്ള ശ്രമമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഒരു കുടുംബത്തിലെ ഒരാൾക്ക് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ,അവരെല്ലാവരും അന്യസമ്പർക്കമില്ലാതെ ജീവിക്കേണ്ടി വരുന്ന സാഹചര്യത്തിൽ അവരുടെ ദൈനംദിനാവശ്യങ്ങൾ, മോർട്ട്ഗേജ് തുടങ്ങിയ സാമ്പത്തിക ബാധ്യതകൾ, സാമൂഹികവും, ആരോഗ്യപരവും, ആത്മീയവുമായ കാര്യങ്ങളിൽ അവർക്ക് ധൈര്യം പകർന്നു കൊടുക്കാനുള്ള വോളന്റിയേഴ്‌സിനെയാണ് ഇവിടെ ആവശ്യം. നേഴ്‌സുമാർ, സോഷ്യൽ വർക്കേഴ്‌സ്, സാമൂഹ്യ പ്രവർത്തകർ, പുരോഹിതർ, മതപരമായ ഉപദേശം കൊടുക്കാൻ കഴിയുന്നവർ, ഫിനാൻഷ്യൽ കൺസൾട്ടന്റുമാർ എന്നിവർ അംഗങ്ങളായ വോളന്റിയേഴ്‌സ് ഗ്രൂപ്പാണിത്.

അവശ്യസഹായം അടിയന്തിരമായി എത്തിക്കാൻ കഴിയുന്നവരുടെ ഒരു ഒരു വോളന്റിയേഴ്‌സ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ മൂലമോ, രോഗം ബാധിച്ചോ അന്യസമ്പർക്കമില്ലാതെ വീടുകളിൽ താമസിക്കേണ്ടി വരുന്നവരെ സഹായിക്കേണ്ടി വരുന്ന അവസരത്തിൽ അതിന് സന്നദ്ധരാകുന്നവരുടെ ഒരു വലിയ ടീമാണ് ഇത്.

ഇപ്രകാരമുള്ള വോളന്റിയർമാരുടെ ഗ്രൂപ്പുകളും, ഡോക്ടർ സോജി അലക്സിന്റെ നേതൃത്വത്തിലുള്ള ക്ലിനിക്കൽ ടീമിന്റെ ഗ്രൂപ്പും യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പരസ്പര സഹായ സംരംഭത്തിന്റെ പ്രവർത്തനത്തിനായി ഒരുങ്ങിക്കഴിഞ്ഞു.  02070626688 എന്ന ഹെൽപ്പ് ലൈൻ നമ്പർ മുഖേന ആർക്കും ഈ സംരംഭത്തിന്റെ പ്രയോജനം തേടാവുന്നതാണ്. ഈ ഹെൽപ്പ് ലൈൻ മുഖേന ഡോക്ടർമാർ രോഗികളെ പരിശോധിച്ച് ചികിത്സ നിർണ്ണയിക്കുകയോ, മരുന്നുകൾ  പ്രിസ്‌ക്രൈബ് ചെയ്യുകയോ ചെയ്യില്ല. ആരോഗ്യപരമായ ഉപദേശങ്ങൾ മാത്രമേ നൽകുകയുള്ളൂ

സമയാസമയങ്ങളിൽ പ്രവർത്തനവിവരങ്ങൾ അറിയിക്കുന്നതിനായി ഫെയ്‌സ്ബുക്ക് ഗ്രൂപ്പും തുടങ്ങിയിട്ടുണ്ട്. ഇനിയും ഈ സംരംഭത്തോട് ചേർന്ന് പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക

സുരേഷ് കുമാർ 07903986970
റോസ്ബിൻ 07428571013
ബിനു ജോസ് 07411468602
ബിബിൻ എബ്രഹാം 07534893125
ബാബു എം ജോൺ 07793122621
ഓസ്റ്റിൻ അഗസ്റ്റിൻ 07889869216
കിരൺ സോളമൻ 07735554190
സാം തിരുവാതിലിൽ 07414210825
തോമസ് ചാക്കോ 07872067153
റജി തോമസ് 07888895607

കൊറോണ വൈറസ് (കൊവിഡ് 19) മൂലം യുഎസില്‍ മാത്രം 22 ലക്ഷം പേര്‍ മരിക്കുമെന്ന് ബ്രിട്ടീഷ് പഠനസംഘത്തിന്റെ പ്രവചനം. ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ മാത്തമാറ്റിക്കല്‍ ബയോളജി പ്രൊഫസര്‍ ആയ നീല്‍ ഫെര്‍ഗൂസണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. ഇറ്റലിയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് പഠനം. 1918ലെ പകര്‍ച്ചപ്പനിയുമായി കൊവിഡ് 19നെ താരതമ്യം ചെയ്തുകൊണ്ടാണ് പഠനം നടത്തിയത്. യുകെയില്‍ അഞ്ച് ലക്ഷത്തിലധികം പേര്‍ മരിക്കാമെന്നും പഠനം പറയുന്നു. ഹോം ഐസൊലേഷന് പുറമെ ശക്തമായ നിയന്ത്രണങ്ങളില്ലാത്ത പക്ഷം രണ്ടര ലക്ഷത്തിലധികം മരണത്തിനിടയാക്കുന്നതാണ്.

കൊറോണ രോഗികളെ കൈകാര്യം ചെയ്യാനാകാത്ത നിലയിലാണ് യുകെ എന്‍എച്ച്എസ് (നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്). ഫ്രാന്‍സും ജര്‍മ്മനിയും ഏര്‍പ്പെടുത്തിയ തരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ യുകെ ഗവണ്‍മെന്റ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ക്ലബ്ബുകളും പബ്ബുകളും തീയറ്ററുകളും അടച്ചിടാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

സാമൂഹ്യമായും സാമ്പത്തികമായും വലിയ സമ്മര്‍ദ്ദമാണ് ഈ പ്രതിസന്ധി യുകെയ്ക്ക് മേല്‍ ഉണ്ടാക്കിയിരിക്കുന്നത് എന്ന് നീല്‍ ഫെര്‍ഗൂസണൊപ്പം പഠനത്തില്‍ പങ്കാളിയായ, ഇംപീരിയല്‍ കോളേജിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് എപ്പിഡെമിയോളജി പ്രൊഫസറായ അസ്ര ഗാനി പറയുന്നു. കൂടുതല്‍ ദുഷ്‌കരമായ സമയമാണ് വരാനിരിക്കുന്നത് എന്നാണ് പഠനം സൂചിപ്പിക്കുന്നത് എന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജ് ഗ്ലോബല്‍ ഹെല്‍ത്ത് എപ്പിഡെമിയോളജി വിദഗ്ധന്‍ ടിം കോള്‍ബേണ്‍ പറഞ്ഞു.

ഈ പഠനറിപ്പോര്‍ട്ട് കൊറോണയെ നേരിടുന്ന കാര്യത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സമീപനംം മാറ്റാനിടയാക്കിയിട്ടുണ്ട്. ബ്രീട്ടിഷ് ഗവണ്‍മെന്റ് മതിയായ ഗൗരവത്തോടെ കൊറോണയെ കണ്ട് വേഗത്തില്‍ നടപടി സ്വീകരിച്ചില്ല എന്ന പരാതി ആരോഗ്യവിദഗ്ധര്‍ക്കുണ്ട്. ഇറ്റലിയും ഫ്രാന്‍സും സ്‌പെയിനുമെല്ലാം കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുമ്പോളാണിത്.

കോറോണ പകര്‍ച്ചവ്യാധി ഭീഷണിയുടെ പാശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രാനുമതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഫിലിപ്പീന്‍സില്‍ വിദ്യാര്‍ത്ഥികളടക്കം 400 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു. മലയാളികള്‍ അടക്കമുള്ള എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ പെര്‍പ്പെച്ച്വല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണിവര്‍.

വിമാനങ്ങളെല്ലാം ദിവസവും റദ്ദാക്കികൊണ്ടിരിക്കുകയാണ്. മാളുകളും, ക്യാന്റീനും അടച്ചു. ഞങ്ങള്‍ക്കിവിടെ ഭക്ഷണമില്ല. മാര്‍ച്ച് 20 ന് ശേഷം ഫിലിപ്പീന്‍സിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിടും എന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. അതിനു മുന്‍പ് നാട്ടിലേക്കെത്താന്‍ എന്തെങ്കിലും ഒരു വഴി ഉണ്ടാക്കണം. വിദ്യാര്‍ത്ഥികള്‍ പറയുന്നു

ഈ പ്രശ്‌നത്തില്‍ ഇന്ത്യന്‍ സ്ഥാനപതി ഇടപെട്ടിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി എംപി അറിയിച്ചു. കുടുങ്ങികിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ സ്ഥാനാപതി തനിക്ക് ഉറപ്പ് നല്‍കിയതായും പികെ കുഞ്ഞാലിക്കുട്ടി എംപി.

കേരളത്തില്‍ നിന്നുള്ള 13 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ച്ച യാത്ര പുറപ്പെടാന്‍ തയ്യാറായി നില്‍ക്കവെയാണ് ഇന്ത്യ ചൊവ്വാഴ്ച്ച ഫിലിപ്പീന്‍സ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഗതാഗതം പൂര്‍ണ്ണമായി റദ്ദാക്കിയത്. സ്വദേശികളല്ലാത്തവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രാജ്യം വിടാന്‍ ഫിലിപ്പീന്‍സ് എഴുപത്തിരണ്ട് മണിക്കൂര്‍ സമയം അനുവദിച്ചിരിക്കയാണ്. ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ സ്ഥാനപതി ജൈദീപ് മജുംദാറുമായി പികെ കുഞ്ഞാലിക്കുട്ടി എംപി ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ വേണ്ടതൊക്കെ ചെയ്യാമെന്ന് സ്ഥാനപതി അദ്ദേഹത്തിന് ഉറപ്പ് നല്‍കിയത്.

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ ഐസൊലേഷനിലെന്ന് റിപോര്‍ട്ട്. അടുത്തിടെ ജര്‍മ്മനിയില്‍ നിന്നെത്തിയ താരത്തെ ഡല്‍ഹിയില്‍ കൊറോണ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ധവാന്‍ തന്നെയാണ് അറിയിച്ചത്. ഡല്‍ഹിയിലെ ഒരു കൊറോണ ഐസൊലേഷന്‍ വാര്‍ഡിന്റെ സൗകര്യത്തെ കുറിച്ച് തന്റെ ഫേസ്ബുക്ക് പേജിലൂടെ ധവാന്‍ തന്നെയാണ് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. വീഡിയോയില്‍ താന്‍ ഐസൊലേഷനിലാണെന്നും കൊറോണ വ്യാപനത്തില്‍ സര്‍ക്കാര്‍ ജാഗരൂകരാണെന്നും ധവാന്‍ അറിയിച്ചു.

ജര്‍മനിയില്‍ നിന്ന് വന്ന യാത്രക്കാരെയൊക്കെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ മാറി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവര്‍ക്കും പ്രത്യേകം മുറികളും വെള്ളവും തോര്‍ത്തും അടക്കം എല്ലാ സംവിധാനങ്ങളും നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷണം രുചിയേറിയതാണ്. ഇവിടേക്ക് വരാന്‍ ഭയമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സുഷജ്ജമാണ്. ജര്‍മനിയില്‍ ഇത്രയും കാര്യക്ഷമമായ പ്രവര്‍ത്തനം താന്‍ കണ്ടില്ലെന്നും ധവാന്‍ വീഡിയോയില്‍ പറഞ്ഞു.

ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന തീര്‍ത്ഥാടകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന 850 പേരുടെ ഇന്ത്യന്‍ സംഘത്തില്‍ 254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇവരുടെയെല്ലാം ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവാണ്. രോഗം സ്ഥിരീകരിച്ചവര്‍ എല്ലാവരും കശ്മീരിലെ കാര്‍ഗില്‍ സ്വദേശികളാണ്.

ഇറാനില്‍ നിന്നുള്ള 234 പേര്‍ അടങ്ങിയ സംഘം ഇന്നലെ രണ്ട് എയര്‍ ഇന്ത്യാ ഫ്ലൈറ്റിലായി എത്തിചേര്‍ന്നിരുന്നു. ഇവരെ കോവിഡ് സ്ക്രീനിംങ്ങിനായി ജെയ്സാല്‍മീറിലെ മിലിറ്ററി ഐസോലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച 44 പേരെയും ചൊവ്വാഴ്ച 58 പേരെയും ഇറാനില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 6000ത്തോളം പേര്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ രാജ്യസഭയില്‍ പറഞ്ഞിരുന്നു. ഇതില്‍ കാശ്മീരില്‍ നിന്നുള്ള തീര്‍ത്ഥാടകരും വിദ്യാര്‍ത്ഥികളുമായി 1100 പേര്‍ ഉണ്ട്. കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളും ഇറാനില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved