ഡൊണാള്ഡ് ട്രംപിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവെന്ന് വൈറ്റ് ഹൗസ്. കൊവിഡ് രോഗബാധയുണ്ടോ എന്ന് പരിശോധന നടത്തിയെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും പ്രസിഡന്റ് ഡോണള്ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കയില്‍ മാത്രം കൊവിഡ് 19 ബാധിച്ച് മരിച്ചത് 50 പേരാണ്. ലോകത്താകെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 5800 കടന്നു. 156098 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
അതേസമയം ബ്രിട്ടനില്‍ ജനിച്ച് മണിക്കൂറുകള്ക്കുള്ളില് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ, ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് രോഗി ഈ കുഞ്ഞായി മാറി.
ഗര്ഭിണിയായിരിക്കുമ്പോള് ന്യൂമോണിയ ബാധയെ തുടര്ന്നാണ് കുഞ്ഞിന്റെ അമ്മയെ മുമ്പ് നോര്‍ത്ത് മിഡില്സെക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗര്ഭാവസ്ഥയിലോ പ്രസവ സമയത്തോ ആകാം കൊവിഡ് 19 ലക്ഷണങ്ങളുണ്ടായിരുന്ന അമ്മയില് നിന്ന് കുഞ്ഞിലേക്ക് രോഗം പടര്ന്നതെന്നാണ് ഡോക്ടര്മാരുടെ നിഗമനം.
കേരളത്തില് രണ്ടു പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതോടെ കേരളത്തില് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി. അതില് മൂന്നു പേര് ആദ്യഘട്ടത്തില് രോഗമുക്തി നേടിയിരുന്നു. നിലവില് 21 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. മൂന്നാറില് റിസോര്ട്ടില് താമസിച്ച യുകെ സ്വദേശിയാണ് ഒന്നാമത്തെയാള്. ഇദ്ദേഹം കളമശേരി മെഡിക്കല്‍ കോളേജ് ഐസൊലേഷന് വാര്ഡില് ഇപ്പോള് നിരീക്ഷണത്തിലാണ്.
തിരുവനന്തപുരത്താണ് രണ്ടാമത്തെ കോവിഡ്-19 സ്ഥിരീകരിച്ചത്. സ്പെയിനില്‍ പഠനാവശ്യത്തിനുപോയി മടങ്ങിവന്ന ഒരു ഡോക്ടറാണ് ഇയാള്. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്. 141 ലോക രാജ്യങ്ങളിലാണ് കോവിഡ്-19 പടര്ന്നുപിടിച്ചിട്ടുള്ളത്. കേരളത്തില് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,944 പേര് നിരീക്ഷണത്തിലാണ്. ഇവരില് 10,655 പേര് വീടുകളിലും, 289 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കൊറോണ വൈറസ്സിനെ നേരിടാൻ മുൻകരുതലുകളെടുക്കണമെന്ന് ഭീകരർക്ക് നിർദ്ദേശം നൽകി ഇസ്ലാമിക് സ്റ്റേറ്റ്. ആഴ്ചകളിൽ പ്രസിദ്ധീകരിക്കുന്ന അൽ നാബ ന്യൂസ് ലെറ്ററിലൂടെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.
ദൈവത്തിൽ വിശ്വസിക്കണമെന്ന് പറഞ്ഞു തുടങ്ങുന്ന ന്യൂസ് ലെറ്റർ എങ്ങനെയാണ് വൃത്തി പാലിച്ച് കൊറോണയെ അകറ്റേണ്ടതെന്നും വിശദീകരിക്കുന്നു. കൈകൾ കഴുകണമെന്നും മറ്റുമാണ് നിർദ്ദേശം. വായ മൂടണമെന്നും യാത്രകൾ പൂർണമായും ഒഴിവാക്കണമെന്നും നിർദ്ദേശങ്ങളിലുണ്ട്.
രോഗം വരുന്നത് ദൈവത്തിന്റെ ആജ്ഞ പ്രകാരമാണെന്നും ഇസ്ലാമിക് സ്റ്റേറ്റ് പറയുന്നു. ദൈവത്തിൽ അഭയം തേടുകയാണ് ഈ സന്ദർഭത്തിൽ വേണ്ടതെന്നും ന്യൂസ് ലെറ്റർചൂണ്ടിക്കാട്ടി.
ഓരോരുത്തര്ക്കും സ്വയം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്നും ഇസ്ലാമിക് സ്റ്റേറ്റ് സ്വന്തം അനുയായികളോട് പറയുന്നു.
കോവിഡ് 19 രോഗബാധയെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുകെ സ്വദേശി ദുബായിലേക്കുള്ള വിമാനത്തിൽ കയറിയതിനെ തുടർന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും തിരിച്ചിറക്കി. വിമാനത്തിലെ 270 യാത്രക്കാരെയും ആശുപത്രിയിൽ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് സിയാൽ അധികൃതർ അറിയിച്ചു. വിമാനത്താവളം അടച്ചിടാൻ സാധ്യതയുണ്ട്.
മൂന്നാറിൽ അവധി ആഘോഷത്തിനെത്തിയ 19 അംഗ സംഘത്തിലുൾപ്പെട്ടയാളാണു യുകെ പൗരൻ. രോഗലക്ഷണങ്ങളെ തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. എന്നാൽ, ഇന്ന് രാവിലെ കൊച്ചിയിൽനിന്നു ദുബായിലേക്കുള്ള വിമാനം കയറാനായി ഇയാൾ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ഇയാൾ നിരീക്ഷണത്തിലുള്ളയാളാണെന്നു തിരിച്ചറിയാതെ അധികൃതർ വിമാനത്തിൽ കയറ്റിവിടുകയും ചെയ്തു.
സ്രവപരിശോധന ഫലത്തിൽ ഇയാളുടേത് പോസിറ്റീവാണെന്നു കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ വിമാനത്തിൽ കയറിയെന്നു കണ്ടെത്തിയത്. തുടർന്ന് യാത്രക്കാരെ മുഴുവൻ തിരിച്ചിറക്കി പരിശോധന നടത്താനാണു അധികൃതരുടെ തീരുമാനം.
രോഗബാധിതനെ കണ്ടെത്തിയ സാഹചര്യത്തിൽ മൂന്നാറിൽ ജാഗ്രത പുലർത്തുന്നുണ്ട്. മൂന്നാറിലെ വിദേശികളുടെ പൂര്ണവിവരങ്ങള് ശേഖരിക്കുന്നു. കോവിഡ് ബാധിതന് സ്ഥലംവിടാന് ഇടയായ പശ്ചാത്തലത്തിലാണ് പരിശോധന. അതേസമയം, വിദേശികൾ താമസിച്ചിരുന്ന കെടിഡിസി ടീ കൗണ്ടി ഹോട്ടല് അടച്ചു. മന്ത്രി എം.എം.മണിയുടെ നേതൃത്വത്തില് ഇടുക്കിയില് ഉന്നതതലയോഗം ചേരുന്നു.
സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഭാര്യ ബെഗോണ ഗോമസിന് കോവിഡ്-19 സ്ഥിരീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. കൊറോണയെ പിടിച്ചുകെട്ടുന്നതിന് കടുത്ത നടപടികളാണ് സാഞ്ചസ് സർക്കാർ സ്വീകരിച്ചു വരുന്നത്. ഇന്നലെ മുതൽ പതിനഞ്ച് ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
193 പേരാണ് സ്‌പെയിനിൽ കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത്. ഇറ്റലിക്ക് ശേഷം ഏറ്റവും കൂടുതൽ കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ യൂറോപ്യൻ രാജ്യമാണ് സ്‌പെയിൻ. 6250 പേരിൽ രോഗം സ്ഥിരീകരിചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 10,000 കടക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് പെഡ്രോ സാഞ്ചെസ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അതുകൊണ്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായില്ലെങ്കിൽ അടിയന്തരാവസ്ഥ നീട്ടും. ജനങ്ങളോട് അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ പുറത്തിറങ്ങരുതെന്നു കർശന നിർദേശം നൽകിയിട്ടുണ്ട്. റെസ്റ്റോറന്റുകളും ബാറുകളും അടക്കം സകല കടകളും അടഞ്ഞു കിടക്കുകയാണ്.
അതേസമയം, ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. ബ്രിട്ടനില്‍ 24 മണിക്കൂറിനിടെ കൊവിഡ് മരണം ഇരട്ടിയായി. വൈറസ് പടർന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസ്, ജർമ്മനി, സ്‌പെയിൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർ ഇന്ത്യയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ചൈനയില്‍ കൊവിഡ്-19 വ്യാപനത്തില്‍ കുറവുണ്ടായതിനു പിന്നാലെ യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലും പശ്ചിമേഷ്യയിലും രോഗം വ്യാപകമായി പടര്‍ന്നുപിടിക്കുകയാണ്. ചൈനയിൽ പോലും ഇപ്പോൾ സ്ഥിരീകരിക്കുന്ന മിക്ക കേസുകളും വിദേശത്ത് നിന്നും ചൈനയിലേക്ക് പോയവരിലാണ്.
കൊറോണ വൈറസ് മൂലമുള്ള കോവിഡ് -19 ചൈനീസ് നഗരമായ വുഹാനിൽനിന്നും പൊട്ടിപ്പുറപ്പെടുന്നത്. കാരണമെന്തന്നറിയാതെ ന്യൂമോണിയ പിടിപെട്ട് ഒരുപാടു പേര്‍ ആശുപത്രിയില്‍ എത്തിയതോടെയാണ് അസ്വാഭാവികമായി എന്തോ സംഭവിക്കുന്നതായി ഡോക്ടര്‍മാര്‍ മനസ്സിലാക്കുന്നത്. 2020 തുടങ്ങുമ്പോഴേക്കും എല്ലാം കൈവിട്ടുപോയിരുന്നു.
വൈകാതെ ന്യൂമോണിയയുടെ കാരണം ഒരു പുതിയ വൈറസാണെന്ന് കണ്ടെത്തി. വൈറസ് മൂലമുണ്ടാകുന്ന രോഗത്തെ കോവിഡ് -19 എന്ന് വിളിക്കാന്‍ തുടങ്ങി. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇപ്പോൾ ഈ രോഗത്തെ ഒരു ആഗോള മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് -19 ബാധിക്കുന്ന ഭൂരിപക്ഷം ആളുകളും വലിയ ബുദ്ധിമുട്ടുകള്‍ ഒന്നും കൂടാതെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നുണ്ട്.
കോവിഡ് -19 ഉള്ള 80% ആളുകളും സ്പെഷ്യല്‍ ചികിത്സകള്‍ ഒന്നും ആവശ്യമില്ലാതെ സുഖം പ്രാപിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ആറിലൊരാൾക്ക് മാത്രമേ ഗുരുതരമായ രോഗം വരൂ. ശ്വാസ തടസ്സമാണ് പ്രധാന പ്രശ്നം. അതുകൊണ്ട്, എങ്ങിനെയാണ് കോവിഡ് -19 ഗുരുതരമായ ന്യൂമോണിയയായി മാറുന്നത്? അത് നമ്മുടെ ശ്വാസകോശത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങങ്ങളിലും എന്ത് മാറ്റം ഉണ്ടാക്കും?
വൈറസ് ജനങ്ങളെ എങ്ങനെയാണ് ബാധിക്കുന്നത്?
കോവിഡ് -19ന്‍റെ പ്രധാന സവിശേഷത മിക്കവാറും എല്ലാ കേസുകളും ഗുരുതരമാക്കുന്നത് ന്യൂമോണിയയാണ് എന്ന് റോയൽ ഓസ്‌ട്രേലിയൻ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെ പ്രസിഡന്റും ശ്വസകോശ രോഗ വിദഗ്ധനുമായ പ്രൊഫ. ജോൺ വിൽസൺ പറയുന്നു. കോവിഡ് -19 പിടിപെടുന്ന ആളുകളെ നാല് വിശാലമായ വിഭാഗങ്ങളായി തരം തിരിക്കാം.
‘സബ് ക്ലിനിക്കൽ’ ആയ ആളുകളാണ് ഒരു വിഭാഗം. അവരില്‍ വൈറസ് ഉണ്ടെങ്കിലും രോഗലക്ഷണങ്ങളൊന്നും കാണില്ല. പനിയും ചുമയും അടക്കം ശ്വാസകോശത്തിന് അണുബാധ ഉള്ളവരാണ് രണ്ടാമത്തെ വിഭാഗം. മൂന്നാമത്തെ വിഭാഗമാണ് ഏറ്റവും കൂടുതല്‍. സാധാരണയായി ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങള്‍ പിടിപെടുകയും ആശുപത്രികളില്‍ പോകേണ്ട അവസ്ഥയില്‍ എത്തിനില്‍ക്കുന്നവരുമായ ആളുകളാണ് അവര്‍. ന്യൂമോണിയ ബാധിച്ച് രോഗം മൂര്‍ച്ചിച്ച അവസ്തയിലുള്ളവരാണ് നാലാമത്തെ വിഭാഗം.
വുഹാനിൽ, കൊറോണ പോസിറ്റീവ് ആയവരില്‍ 6% പേർക്കാണ് കടുത്ത അസുഖമുണ്ടായിരുന്നത് എന്ന് ജോൺ വിൽസൺ പറയുന്നു. ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ക്കും പ്രായമായവർക്കുമാണ് ന്യുമോണിയ വരാന്‍ സാധ്യത കൂടുതല്‍ എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
ശ്വസനേന്ദ്രിയത്തിലെ വായു അറകളിൽ രോഗാണുക്കൾ പെരുകി ശ്വസനേന്ദ്രീയ മൃദൂതകത്തിൽ വീക്കവും പഴുപ്പും ഉണ്ടാകുന്ന അവസ്ഥയാണു ന്യുമോണിയ. ചുമ, കഫക്കെട്ട്, നെഞ്ചിൽപഴുപ്പ്, പനി, ശ്വാസമ്മുട്ടൽ, നെഞ്ചു വേദന എന്നിവയാണു ന്യുമോണിയയുടെ മുഖ്യ ലക്ഷണങ്ങൾ. ശ്വാസകോശത്തിലെ പഴുപ്പുബാധയുടെ സ്ഥാനമനുസരിച്ച് ലക്ഷണങ്ങൾ വ്യത്യാസപ്പെടാം. അണുബാധയെ നിയന്ത്രിക്കാൻ സഹായിക്കുന്ന ആന്റിബയോട്ടിക്കുകളാണു മുഖ്യമായും ന്യുമോണിയ ചികിത്സിക്കാനുപയോഗിക്കുന്നത്.
സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് കേരളത്തിൽ ഒരു വിദേശിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്ന രോഗബാധിതരുടെ ആകെ എണ്ണം 19 ആയി.
തിരുവനന്തപുരം ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ മുതൽ രോഗം സംശയിക്കുന്ന രോഗിക്കും വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിൽ കഴിയുന്ന ഇറ്റാലിയൻ പൗരനും പുറമെ യുകെയിൽ നിന്ന് തിരിച്ചെത്തിയ തിരുവനന്തപുരത്തെ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരത്ത് മൂന്ന് പേരും പത്തനംതിട്ടയിൽ ഒൻപത് പേരും കോട്ടയത്ത് രണ്ട് പേരും എറണാകുളത്ത് മൂന്ന് പേരും തൃശ്ശൂരിലും കണ്ണൂരിലും ഓരോ പേരുമാണ് കൊവിഡ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ ഇറ്റാലിയൻ പൗരനായ വിദേശി തിരുവനന്തപുരത്താണ് ചികിത്സയിൽ ഉള്ളത്.
ഇറ്റലിക്കാരൻ 14 ദിവസമായി റിസോർട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു. സംസ്ഥാനത്ത് ജാഗ്രത തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആകെ 5468 നിരീക്ഷണത്തിലുണ്ട്. 69 പേര് ഇന്ന് അഡ്മിറ്റായി. 1715 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 1132 ഫലങ്ങളും നെഗേറ്റിവ് ആണ്. ബാക്കി ഫലങ്ങൾക്കായി കാത്തിരിക്കുന്നു. ഹോം സ്റ്റേകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ താമസിക്കുന്ന രോഗബാധ ഉള്ള രാജ്യങ്ങളിലെ പൗരന്മാരെ നിരീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് 19 ബാധയ്ക്കു പിന്നില്‍ അമേരിക്കയാണെന്ന ആരോപണവുമായി ചൈന. ചൈനയിലെ വുഹാനിലേക്ക് വൈറസ് കൊണ്ടുവന്നത് യു.എസ്. സേനയാണെന്ന ഗുരുതരമായ ആരോപണമാണ് ചൈന ഉന്നയിക്കുന്നത്. വുഹാനില്‍ കഴിഞ്ഞ കൊല്ലം നടന്ന ‘ലോക സൈനിക കായികമേളയില്‍’ പങ്കെടുത്ത അമേരിക്കന്‍ സേനാ കായികതാരങ്ങളാണ് രോഗം കൊണ്ടുവന്നത്. ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാന്‍ ആണ് പുതിയ ഗൂഢാലോചനസിദ്ധാന്തം ട്വീറ്റ് ചെയ്തത്.
സി.ഡി.സി.എസ്.ഡയറക്ടര്‍ റോബര്‍ട് റെഡ് ഫീല്‍ഡ്, യു.എസ്. കോണ്‍ഗ്രസില്‍ നടത്തിയ പ്രസ്താവനയാണ് ചൈനയുടെ വാദത്തിനാധാരം. പനി ബാധിച്ചു മരിച്ചെന്നു നേരത്തെ കരുതപ്പെട്ടിരുന്ന ചില അമേരിക്കക്കാര്‍ക്ക് കോവിഡ് ആയിരുന്നിരിക്കാമെന്നാണ് റോബര്‍ട് റെഡ് ഫീല്‍ഡ് പറഞ്ഞത്. വിശദീകരണം ആവശ്യപ്പെട്ട് ചോദ്യങ്ങളുടെ ഒരു പട്ടികയാണ് ചൈന ട്വീറ്റ് ചെയ്തത്.
‘യു.എസിലെ ആദ്യ രോഗി ആരാണ്? ’ ‘എത്ര പേര്‍ക്ക് അമേരിക്കയില്‍ രോഗം ബാധിച്ചു?’ ‘ചികില്‍സിക്കുന്ന ആശുപത്രികളുടെ പേര് പരസ്യപ്പെടുത്താമോ?’ ‘ഇക്കാര്യങ്ങളില്‍ സുതാര്യതവേണം; വിശദീകരണവും’; ചൈന ട്വീറ്റില്‍ ആവശ്യപ്പെട്ടു. ചൈനയുടെ പ്രതികരണത്തോടെ, രോഗത്തിന്‍റെ ഉല്‍പ്പത്തി സംബന്ധിച്ച് പുതിയ രാഷ്ട്രീയവിവാദങ്ങള്‍ക്കും തുടക്കമാവുകയാണ്.
കോറോണ വൈറസ് ബാധിച്ചതായ സംശയത്തെ തുടർന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരത്തെ ക്വാറന്ൈറൻ ചെയ്തു. പേസ് ബൗളർ കെയ്ൻ റിച്ചാർഡ്സനെയാണ് ഐസോലേഷനിലാക്കിയത്.
ദക്ഷിണാഫ്രിക്കയിൽ ഏകദിന പരന്പര കളിച്ച ഓസ്‌ട്രേലിയൻ ടീമിനൊപ്പമുണ്ടായിരുന്ന റിച്ചാർഡ്സണ് ഈ ആഴ്ചയാണ് രാജ്യത്തു തിരിച്ചെത്തിയത്. റിച്ചാർഡ്സനെ പരിശോധിച്ചെന്നും മുൻകരുതൽ എന്ന നിലയിൽ ഐസോലഷനിൽ പാർപ്പിച്ചിരിക്കുകയാണെന്നും ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ന്യൂസിലൻഡുമായുള്ള ഓസ്ട്രേലിയയുടെ ഏകദിന മത്സരം നടക്കാനിരിക്കെയാണ് പേസ് ബൗളർ കൊറോണ സംശയനിഴലിലാകുന്നത്. കോവിഡ്-19 ഭീതിയെ തുടർന്ന് മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലാണു നടത്തുന്നത്.
പിതാവിന്റെ ചേതനയറ്റ മുഖം വീഡിയോ കോളിലൂടെ അവസാനമായി കാണേണ്ടിവന്ന യുവാവാണു കൊറോണ കാലത്തെ ദുഖം. ലിനോ ആബേൽ എന്ന യുവാവാണു താൻ നേരിട്ട അനുഭവങ്ങളും കടന്നുപോയ അവസ്ഥകളും ഫേസ്ബുക്ക് കുറിപ്പിൽ ലോകത്തോടു പങ്കുവച്ചത്.
വിദേശത്തുനിന്ന് എത്തി തൊട്ടുപിന്നാലെ കോവിഡ്-19 ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആരോഗ്യവകുപ്പിനെ വിവരമറിയിച്ചശേഷം യുവാവ് ഐസൊലേഷനിലേക്കു മാറുകയായിരുന്നു. തൊട്ടടുത്തുണ്ടായിട്ടും അച്ഛൻ മരിച്ചുകിടക്കുന്പോൾ ഒരുനോക്കു കാണാനായില്ലെന്നും ഒടുവിൽ വീഡിയോ കോളിലൂടെയാണ് അച്ഛന്റെ മുഖം അവസാനമായി കണ്ടതെന്നും യുവാവ് പറയുന്നു.
കുടുംബക്കാർക്കും നാട്ടിലുള്ളവർക്കും താനായിട്ടു രോഗം പടർത്തില്ല എന്നുറപ്പിച്ചതുകൊണ്ടു മാത്രമാണു തനിക്കു പിതാവിനെ കാണാൻ കഴിയാതിരുന്നതെന്നും ലിനോ കൂട്ടിച്ചേർത്തു. കോട്ടയം മെഡിക്കൽ കോളജിലാണ് ലിനോ ഐസൊലേഷൻ വാർഡിൽ കഴിയുന്നത്.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
Miss you achacha
എങ്ങനെയാണ് പറഞ്ഞു തുടങ്ങേണ്ടത് എന്നു എനിക്കറിയില്ല ഒന്നു വായിക്കാൻ ഇത്തിരി സമയം മാത്രമേ ചോദിക്കുന്നോളൂ like ചെയ്യാനല്ല
മറ്റൊരാൾക്കു ഒരു inspiration അകാൻ share ചെയ്യാൻ പറ്റുമെങ്കിൽ നന്നായിരുന്നു ലൈവായി വീഡിയോ ചെയ്യാനുള്ള മാനസിക അവസ്ഥയിൽ അല്ലാത്തതുകൊണ്ടാണ് എഴുതിയത്.
ഞാൻ ലിനോ ആബേൽ
മാർച്ച് 7 രാവിലെയാണ് എന്റെ ചേട്ടന്റെ മെസ്സേജ് കാണുന്നത് പെട്ടന്ന് വിളിക്കുക അത്യാവശ്യമാണ് പെട്ടന്ന് തന്നെ ഞാൻ നാട്ടിലേക്ക് വിളിക്കുകയും ചെയ്തു അപ്പോൾ ആണ് അറിയുന്നത് അച്ചാച്ചൻ(അച്ഛൻ) രാത്രിയിൽ കട്ടിലിൽ നിന്നു ഉറക്കത്തിൽ താഴെ വീണു സീരിയസ് ആണെന്ന് തൊടുപുഴ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയാണെന്നും പറഞ്ഞു പിന്നീട് വിളിച്ചപ്പോൾ casuality യിൽ ആണെന്നും സ്കാൻ ചെയ്തപ്പോൾ internal bleeding ബ്ലീഡിങ് ആണെന്നും പറഞ്ഞു എന്റെ കമ്പനിയിൽ (BEEGLOBAL PRODUCTION)പറഞ്ഞപ്പോൾ തന്നെ നാട്ടിലേക്ക് ടിക്കറ്റ് എടുക്കുകയും ചെയ്തു നാട്ടിലെ കൊറോണ വാർത്തകൾ കാണുകയും എത്തുവാൻ പറ്റുമോ എന്നും അറിയില്ലായിരുന്നു എങ്കിലും രാത്രിയിൽ qatar ൽ നിന്നും യാത്ര തിരിച്ചു
8 ആം തീയതി രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തുകയും ഫ്ലൈറ് ഫോം ഫിൽ ചെയ്തു ഏൽപ്പിക്കുകയും ചെയ്തു എനിക്ക് അപ്പോൾ പ്രശ്‌നങ്ങൾ ഒന്നുമില്ലായിരുന്നു Temperature നോർമൽ ആയിരുന്നു
Mask ഞാൻ അവിടെ നിന്നു വരുമ്പോൾ തന്നെ യൂസ് ചെയ്തിരുന്നു തൊടുപുഴയിൽ നിന്നും N95 mask ഞാൻ വാങ്ങിച്ചിരുന്നു
ചെറിയൊരു പേടി ഉണ്ടായിരുന്നതുകൊണ്ട് ആരുടെയും ദേഹത്തു തൊടതിരിക്കാനും അകലം പാലിക്കാനും ഞാൻ ശ്രദിച്ചിരുന്നു അവിടെ നിന്നും കോട്ടയം എത്തുകയും ചേട്ടനുമായി സംസാരിക്കുകയും ചെയ്തു ഉള്ളിൽ ചെറിയൊരു പേടി ഉണ്ടായിരുന്നങ്ങുകൊണ്ടു അച്ഛനെ കാണാൻ നിന്നില്ല അപ്പോൾ അച്ഛൻ വെന്റിലേറ്റർ ആയിരുന്നു .
അവിടെ നിന്നും പുറത്തിറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ചെറുതായി ചുമക്കുകയും തൊണ്ടയിൽ എന്തോപോലെ തോന്നുകയും ചെയ്തു ആദ്യം വേണ്ട എന്നു തോന്നി പക്ഷെ ഞാൻ കാരണം എന്റെ വീട്ടിലുള്ളവരും എന്റെ ചുറ്റുമുള്ളവരെയും ഓർത്തപ്പോൾ കൊറോണ സെക്ഷനിൽ അറിയിക്കാൻ തന്നെ തീരുമാനിച്ചു.
കോട്ടയം മെഡിക്കൽ കോളേജിലെ തന്നെ കൊറോണ സെക്ഷനിൽ ബന്ധപ്പെടുകയും അവിടെ ഉണ്ടായിരുന്ന ഡോക്ടർ പറഞ്ഞു ഖത്തർ എല്ലായിടത്തും കൊറോണ സ്പ്രെഡ് ആകുന്നതുകൊണ്ടു school supermarket അതുപോലെ ഇവിടെ നിന്നു qatar ലേക്കുള്ള യാത്രയും താൽകാലികമായി ക്ലോസ് ചെയ്തിരിക്കുന്നു എന്നും പറഞ്ഞു അവിടെ നിന്നും എന്നെ ഐസോലാഷൻ വാർഡിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അന്ന് രാത്രിയിൽ ഏകദേശം 10: 30 യോട് കൂടി അച്ഛന് ഒരു strock ഉണ്ടാകുകയും മാരണപ്പെടുകയും ചെയ്തു ഇവിടെ ഐസോലാഷൻ വാർഡിൽ നിന്നും ഒന്നു കാണാൻ സാദിക്കുമോയെന്നു ചോദിച്ചപ്പോൾ ഇപ്പോളത്തെ അവസ്ഥയിൽ സാധിക്കുകയില്ലെന്നും അറിയിച്ചു കരയാൻ മാത്രമേ എനിക്ക് കഴിഞ്ഞോളൂ …
തൊട്ടടുത്തു ഉണ്ടായിട്ടും ഒന്നു കാണാൻ പറ്റാതിരിക്കുന്നത് ഭീകരമാണ്
പിറ്റേദിവസം post mortem ഉണ്ടായിരുന്നു കട്ടിലിൽ നിന്നു വീണതുകൊണ്ടു. ഞാൻ കിടന്നിരുന്ന റൂമിന്റെ മുൻ വശത്തു തന്നെ ആയിരുന്നു post mortem റൂം ഉണ്ടായിരുന്നത് 10 ആം തീയതി ഉച്ചയ്ക് 3 മണിയോട് കൂടി അച്ഛനുമായി ആംബുലൻസ് പോകുമ്പോൾ ജനലിൽ കൂടി നോക്കി നിൽക്കാനേ കഴിഞ്ഞോളൂ…
വീട്ടിൽ എത്തിയപ്പോൾ വീഡിയോ കാൾ ചെയ്താണ് ഞാൻ അച്ചാച്ചനെ അവസാനമായി കണ്ടത്
ഒരുപക്ഷേ ഞാൻ റിപ്പോർട്ട് ചെയ്തില്ലായിരുന്നെങ്കിൽ എനിക്ക് അച്ചാച്ചനെ കാണാൻ പറ്റുമായിരുന്നു…
എന്റെ വീട്ടിലുള്ളവരെയും നാട്ടിലുള്ളവരെയും ഞാൻ ആയിട്ടു രോഗം ഉണ്ടെങ്കിൽ പടർത്തില്ല എന്നു ഉറപ്പിച്ചത് കൊണ്ടാണ് എനിക്ക് അപ്പനെ കാണാൻ പറ്റാതിരുന്നത്…
ദയവായി പ്രവാസികൾ അടുത്തുള്ള മെഡിക്കൽ ഓഫീസിൽ അറിയിക്കുക കുറച്ചു ദിവസങ്ങൾ ഇതിനായി മാറ്റിവച്ചാൽ നിങ്ങൾക് നിങ്ങളുടെ കുടുംബതോടൊപ്പം സുഖമായി കഴിയാം
“Isolation ward is not a concentration camp*”
ഇപ്പോഴും ഐസോലാഷൻ റൂമിൽ ആണ് negative result വരുന്നതും കാത്തു…
ഒരുപക്ഷേ negative result ആണെങ്കിൽ ആവും എനിക്ക് ഒരുപാട് സങ്കടമാവുക.
ഇന്ന് 12 march 2020 time 7:10
ലിനോ ആബേൽ