ആദ്യമയി കുഞ്ഞിനെ മുലയൂട്ടുന്ന അമ്മമാർ അതിനായി നേരത്തെ തന്നെ തയ്യാറെടുക്കണം എന്ന് പ്രായമുളവർ ഉപദേശിക്കാറുണ്ട്. ഇത് വെറുതെയല്ല. കുഞ്ഞിന് മുലയൂട്ടുന്ന അമ്മമാർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ കുഞ്ഞിന്റെ ആരോഗ്യത്തെ അത് ദോഷകരമായി ബാധിക്കും. ചില അശ്രദ്ധകൾ അപകടങ്ങൾക്കും കാരണമാകും.
ഇതിൽ ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ് കുഞ്ഞ് ഉറക്കത്തിലോ പാതി ഉറക്കത്തിലോ ഉള്ളപ്പോൾ ഒരിക്കലും മുലയുട്ടരുത് എന്നത്. ഇത് വലിയ അപകടങ്ങൾക്ക് വഴിവക്കും. കുഞ്ഞ് ഉറക്കത്തിലായിരിക്കുമ്പോൾ മുലയൂട്ടുന്നത് കുഞ്ഞിന് ശ്വാസ തടസം ഉണ്ടാകുന്നതിനും തൊണ്ടയിൽ മുലപ്പാൽ അടിഞ്ഞുകൂടുതന്നതിനും കാരണമാകും.
കുഞ്ഞിനെ ഇടതുതോളിൽ കിടത്തി കൈകൊണ്ട് കുഞ്ഞിനെ പുറത്ത് തട്ടി ഉള്ളിലുള്ള വായു പുറത്തു കളഞ്ഞുകൊണ്ടാണ് മുലയൂട്ടേണ്ടത്. കുഞ്ഞിന് ശ്വാസതടസം ഉണ്ടാകുന്നില്ല എന്ന കാര്യം അമ്മ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. മുലയുട്ടുന്ന അമ്മമാർ പോഷക സമൃദ്ധമായ ആഹാരം കഴിക്കണം എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.
പ്രസംവം കഴിഞ്ഞ ആദ്യ ദിവസങ്ങാളിൽ വരുന്ന ഇളം മഞ്ഞ നിറമുള്ള മുലപ്പാൽ കുഞ്ഞിന് നിർബന്ധമായും നൽകിയിരിക്കണം. ഇതാണ് കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷിക്കായുള്ള ആദ്യ പോഷണം. ഒരു മുലയിൽ നിന്നും മാത്രം മുല കുടിക്കാൻ കുഞ്ഞിനെ അനുവദിക്കരുത് ഇരുമുലകളിലും മാറി മാറി വേണം മുലയൂട്ടാൻ. മുലയിൽ നിന്നും അൽപം പാൽ പിഴിഞ്ഞു കളഞ്ഞതിന് ശേഷമേ കുഞ്ഞിനെ മുലയൂട്ടാവൂ എന്ന കാര്യവും ശ്രദ്ധിക്കണം.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
സ്കോട്ട് ലാൻഡ് : സ്കോട്ലൻഡിലെ ലോത്തിയൻ പ്രദേശത്ത് മാരകമായ ഡിഫ്തീരിയ രോഗം ബാധിച്ച് രണ്ടു പേർ ചികിത്സയിൽ. രണ്ട് കേസുകളും ബന്ധപ്പെട്ടതാണെന്നും രണ്ട് രോഗികളും എഡിൻബർഗിലെ ആശുപത്രിയിലാണെന്നും എൻഎച്ച്എസ് ലോത്തിയൻ സ്ഥിരീകരിച്ചു. ഡിഫ്തീരിയക്കെതിരെ കുട്ടികാലത്ത് നൽകുന്ന പ്രതിരോധ കുത്തിവയ്പ്പുകൾ കാരണം യുകെയിലെ ആളുകൾക്ക് പൊതുവെ ഈ രോഗം കുറവാണ്. അതുകൊണ്ട് തന്നെ കൂടുതൽ കേസുകൾ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണെന്ന് പൊതുജനാരോഗ്യ വിദഗ്ധർ പറഞ്ഞു.
ലോത്തിയനിൽ, 98% കുട്ടികൾക്ക് 24 മാസം പ്രായമാകുമ്പോൾ തന്നെ ഡിഫ്തീരിയക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് നൽകുന്നു. യുകെയിൽ ഈ രോഗം വളരെ അപൂർവമാണ്. ലോകത്തിന്റെ ചില ഭാഗങ്ങളിൽ യാത്ര ചെയ്യുമ്പോൾ, ഈ രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.
ഡിഫ്തീരിയ എന്ത്, എങ്ങനെ?
∙ രോഗമുണ്ടാക്കുന്നതു കോറിനേബാക്ടീരിയം ഡിഫ്തീരിയെ എന്ന ബാക്ടീരിയയാണ്.
∙ രോഗം ബാധിച്ച വ്യക്തി ഉപയോഗിച്ച കപ്പ്, ടവൽ തുടങ്ങിയവ ഉപയോഗിക്കുന്നതിലൂടെ മറ്റൊരാളിലേക്ക് രോഗം പകരാം.
∙ തൊണ്ടവേദനയാണു തുടക്കം. വെള്ളമിറക്കാനോ ആഹാരം കഴിക്കാനോ പറ്റാത്ത വിധത്തിൽ വേദനയുണ്ടാകും.
∙ തൊണ്ടയിൽ പാടയുണ്ടായി ശ്വസനം തടസ്സപ്പെടും.
∙ ബാക്ടീരിയ ഉണ്ടാക്കുന്ന വിഷം ഹൃദയത്തെ ബാധിക്കും.
∙ ഹൃദയസ്തംഭനമുണ്ടായി മരണം സംഭവിക്കാം.
ചെറുപ്പത്തിലേ പ്രതിരോധ കുത്തിവയ്പ് എടുത്താൽ ഈ രോഗം ഉണ്ടാകില്ല. അല്ലെങ്കിൽ രോഗങ്ങൾ നമ്മുടെ വീട്ടിലും എത്തുന്നതിനു കാത്തുനിൽക്കാതെ പ്രതിരോധ കുത്തിവയ്‌പ് എടുക്കാൻ ഓരോ വ്യക്‌തിയും മനസ്സുവയ്‌ക്കണം.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : മറ്റു സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് യുകെയിൽ ആരോഗ്യരംഗത്ത് ഡോക്ടർമാരും നഴ്സുമാരും കുറവെന്ന് പഠനങ്ങൾ. ഒപ്പം വൃദ്ധജനങ്ങളുടെ ദീർഘകാല പരിചരണത്തിലും മറ്റു രാജ്യങ്ങൾക്ക് പിന്നിലാണ് യുകെയുടെ സ്ഥാനം. പല ബ്രിട്ടീഷുകാരും അമിതമദ്യപാനവും അമിതവണ്ണവും ഉള്ള അനാരോഗ്യകരമായ ജീവിതം നയിക്കുന്നുവെന്നും ഒഇഡിസി തങ്ങളുടെ അവലോകന റിപ്പോർട്ടിൽ പറയുന്നു. ഒപ്പം എൻഎച്ച്എസ് നൽകിവരുന്ന ആരോഗ്യപരിരക്ഷയെ പ്രശംസിക്കാനും അവർ മറന്നില്ല. ആരോഗ്യരംഗത്ത് ജിഡിപിയുടെ 9.8% യുകെ ചിലവഴിക്കുന്നുണ്ട്. 36 രാജ്യങ്ങളുടെ ശരാശരി 8.8% ത്തിന് മുകളിലാണ്.
യുകെയിൽ ആയിരം പേർക്ക് 2.8 ഡോക്ടർമാരും 7.8 നഴ്സുമാരും ഉള്ളതായി കണക്കുകൾ വെളിപ്പെടുത്തുന്നു. എന്നാൽ ഈ കണക്കിൽ ഒഇസിഡിയുടെ ശരാശരി യഥാക്രമം 3.5, 8.8 ആണ്. ബ്രിട്ടന് ശുഭപ്രതീക്ഷ നൽകികൊണ്ട് ഡോക്ടർമാരുടെ എണ്ണം വർധിക്കുന്നുണ്ട്. പരിശീലന കേന്ദ്രങ്ങൾ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ആരോഗ്യപരിപാലനരംഗത്ത് എൻഎച്ച്‌എസ് മികച്ച സംഭാവനകൾ നൽകുന്നുണ്ട്. ഹൃദയാഘാതം, സ്തനാർബുദം തുടങ്ങിയവയ്ക്കുള്ള ചികിത്സയും അതിജീവനവും മികച്ചതാണ്. എന്നാൽ
ചിലർ ഇപ്പോഴും പ്രമേഹരോഗികളായി തന്നെ കഴിയുന്നു.
പ്രായമായവരുടെ ജീവിതനിലവാരം ഉയർത്തുന്നതിന് നല്ല നിലവാരത്തിലുള്ള ദീർഘകാല പരിചരണം അത്യാവശ്യമാണെന്ന് റിപ്പോർട്ട് പറയുന്നു. അത്തരം പരിചരണത്തിന് ചിലവഴിക്കുന്നത് ശരാശരിയിൽ താഴെ മാത്രമാണ്. 65 വയസിനു മുകളിലുള്ള ബ്രിട്ടീഷ് ജനതയ്ക്ക് പൊതുവെ ആരോഗ്യം തീരെ കുറവാണ്. 2017 ലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് ഇതിനായി പ്രത്യേക പദ്ധതികൾ മുന്നോട്ട് കൊണ്ടുവരുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിട്ടും പുതിയൊരു തിരഞ്ഞെടുപ്പ് എത്തുന്നെന്നല്ലാതെ ഇതിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. അതോടൊപ്പം ആരോഗ്യസംരക്ഷണത്തിൽ യുകെയിലെ ആളുകൾ പിന്നിലാണ്. മൂന്നിൽ രണ്ടുപേരും അമിതവണ്ണം ഉള്ളവരാണ്. ഒപ്പം ഭൂരിഭാഗം ആളുകളും മദ്യം ഉപയോഗിക്കുന്നവരാണ്. മയക്കുമരുന്ന് ഉപയോഗവും കൂടുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. അടുത്ത കാലത്തായി ആയുർദൈർഘ്യം കുറയാൻ തുടങ്ങിയിട്ടുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.
രോഗം സോറിയാസിസ് ആണെന്ന് വെളിപ്പെടുത്തുന്ന ഘട്ടത്തിൽ പല രോഗികളും ഈ ഡയലോഗ് പറയാതെ പറഞ്ഞതായി തോന്നിയിട്ടുണ്ട്. പൊതുജനം തങ്ങൾക്ക് ഒരിക്കലും വരരുതേ എന്നാഗ്രഹിക്കുന്ന, ആവശ്യത്തിലധികം പേടിയോടെ സമീപിക്കുന്ന ത്വക് രോഗങ്ങളിൽ ഒന്നാണ് സോറിയാസിസ്. അതിനാൽ തന്നെ, അത്ഭുത രോഗസൗഖ്യവും അശാസ്ത്രീയചികിത്സാ വാഗ്ദാനപരസ്യങ്ങളും രംഗം കൊഴുപ്പിക്കുന്നു.
ഇന്ന് ഒക്ടോബർ 29, ലോക സോറിയാസിസ് ദിനം. സോറിയാസിസിനെ കുറിച്ചാകാം…..
ആദ്യം തന്നെ പറയട്ടെ…
സോറിയാസിസ് ഒരു പകർച്ച വ്യാധിയല്ല… സോറിയാസിസ് രോഗിയെ തൊട്ടാലോ, ഒപ്പം താമസിച്ചാലോ രോഗം പകരില്ല.
ചർമ്മത്തിലെ കോശങ്ങൾ വിവിധ പാളികളിലായാണ് കാണപ്പെടുക. ഇതിൽ ഏറ്റവും താഴെയുള്ള പാളിയിലുള്ളവയാണ് (basal layer) വിഭജിക്കുന്ന കോശങ്ങൾ. വിഭജിച്ചുണ്ടാകുന്ന പുതിയ കോശങ്ങൾ 28 മുതൽ 30 ദിവസം കൊണ്ട് ചർമ്മത്തിന്റെ വിവിധപാളികളിലൂടെ സഞ്ചരിച്ച് ചർമ്മപ്രതലത്തിൽ എത്തി കൊഴിഞ്ഞു പോകുന്നു. വളരെ പതുക്കെ നടക്കുന്ന ഈ കൊഴിഞ്ഞു പോക്ക് നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയില്ല.
സോറിയാസിസിൽ ആകട്ടെ ഇതെല്ലാം ദ്രുതഗതിയിൽ നടക്കുന്നു. വെറും 4 ദിവസം കൊണ്ട് പുതിയ കോശങ്ങൾ ചർമ്മപ്രതലത്തിൽ എത്തി കുന്നുകൂടുന്നു. ഇത് വെള്ളി നിറത്തിലുള്ള വേഗത്തിൽ ഇളകുന്ന ശൽകങ്ങളായി കാണാൻ സാധിക്കുന്നു.
ഈ പ്രക്രിയയെ സ്വാധീനിക്കുന്ന ചില ഘടകങ്ങളുണ്ട്
🔷ജനിതക ഘടകങ്ങൾ
ഒരാൾക്ക് സോറിയാസിസ് വരാനുള്ള ആജീവനാന്ത സാദ്ധ്യത മാതാപിതാക്കളിൽ ആർക്കും സോറിയാസിസ് ഇല്ലാത്ത പക്ഷം 4 ശതമാനവും, ഒരാൾക്ക് രോഗമുള്ള പക്ഷം 28 ശതമാനവും, രണ്ടു പേർക്കും രോഗമുണ്ടെങ്കിൽ 65 ശതമാനവുമാണ്.
പാരമ്പര്യമായി രോഗം കണ്ടു വരുന്നവരിൽ രോഗാരംഭം നേരത്തെ ആകുവാനും, രോഗം കൂടുതൽ തീവ്രസ്വഭാവമുള്ളതാകുവാനുമുള്ള സാധ്യത കൂടുതലാണ്.
🔷പരിസ്ഥിതി സംബന്ധമായ ഘടകങ്ങൾ
📌അണുബാധ
ടോണ്സിലൈറ്റിസ്, തൊണ്ടയിലെ അണുബാധ
📌മരുന്നുകൾ
വേദനസംഹാരികൾ,മലേറിയക്കുള്ള മരുന്നുകൾ, രക്തസമ്മർദത്തിനുള്ള ചിലയിനം മരുന്നുകൾ, ലിതിയം
📌മാനസിക സംഘർഷം
80% രോഗികളിൽ മാനസികസമ്മർദ്ദം മൂലം സോറിയാസിസ് കൂടുന്നതായും, ഇതിൽ 20% പേർ മാനസികസംഘർഷത്തിന് ചികിത്സ സ്വീകരിക്കേണ്ടി വരുന്നതായും പഠനങ്ങൾ തെളിയിക്കുന്നു
📌പരിക്കുകൾ / ക്ഷതം
📌പുകവലി
📌മദ്യപാനം
📌സൂര്യപ്രകാശം
സൂര്യരശ്മികൾ പൊതുവെ സോറിയാസിസിനു ഫലപ്രദമായ ഒരു ചികിത്സാ രീതിയാണെങ്കിലും, 5-20 ശതമാനം രോഗികളിൽ ഇതു രോഗം മൂർച്‌ഛിക്കുവാൻ കാരണമാകാം. ഇങ്ങനെയുള്ളവരിൽ സൂര്യരശ്മികളും അൾട്രാ വയലറ്റ് രശ്മികളും ഉപയോഗിച്ചുള്ള ഫോട്ടോതെറാപ്പി ചികിത്സ ചെയ്യാൻ പാടുള്ളതല്ല.
🔷രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ (immunological response) വരുന്ന വ്യതിയാനം
ജനിതകമായ ഘടകങ്ങൾ അനൂകൂലമായ ഒരു വ്യക്തി മേല്പറഞ്ഞ പരിസ്ഥിതി സംബന്ധമായ ഘടകങ്ങളുമായി സമ്പർക്കത്തിൽ വരുമ്പോൾ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നു. ഇതു മൂലം ചർമ്മത്തിലെ കോശങ്ങളുടെ വിഭജനം കൂടുകയും കൊഴിഞ്ഞു പോകൽ മന്ദീഭവിക്കുകയും ചെയ്യുന്നു. തൽഫലമായി ചർമ്മപ്രതലത്തിൽ കോശങ്ങൾ അടിഞ്ഞു കൂടി ശല്കങ്ങൾ രൂപപ്പെടുന്നു. ഒപ്പം ശ്വേത രക്താണുക്കൾ [ പ്രധാനമായും ടി ലിംഫോസൈറ്റുകളും ന്യൂട്രോഫിലുകളും ] ചർമ്മത്തിലെത്തി തടിച്ച പാടുകൾ ഉണ്ടാകുന്നു. ചർമ്മത്തിലെ രക്തക്കുഴലുകൾ വികസിക്കുന്നത് തടിപ്പുകൾക്കു ചുവന്ന നിറം നൽകുന്നു.
ലക്ഷണങ്ങൾ
ചൊറിയുക എന്ന അർഥമുള്ള psora ( സോറാ ) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് സോറിയാസിസ് എന്ന വാക്കിന്റെ ഉത്ഭവം. എന്നാൽ മറ്റുള്ള പല ത്വക് രോഗങ്ങളെ അപേക്ഷിച്ചു സോറിയാസിസിനു ചൊറിച്ചിൽ കുറവാണ്. അസഹനീയമായ ചൊറിച്ചിൽ സോറിയാസിസ് രോഗിയിൽ കണ്ടാൽ ചൊറിച്ചിലിന്റെ മറ്റു കാരണങ്ങൾ തേടേണ്ടതുണ്ട്.
യൗവ്വനാരംഭത്തിലും അറുപതുകളിലുമാണ് സാധാരണ രോഗാരംഭം കണ്ടു വരുന്നത്.
വിവിധ തരത്തിൽ സോറിയാസിസ് പ്രകടമാകാം
🔴ക്രോണിക് പ്ലാക് സോറിയാസിസ് (Chronic plaque psoriasis)
80-90% സോറിയാസിസ് രോഗികളും ഈ ഗണത്തിൽ പെടുന്നു. വ്യക്തമായ അരുകുകൾ ഉള്ള വെള്ളി നിറത്തിലെ ശൽകങ്ങളോടു കൂടിയ ചുവന്ന തടിപ്പുകൾ കൈകാൽമുട്ടുകൾ, നടുവ്, ശിരോചർമ്മം, കൈകാൽ വെള്ള എന്നീ ശരീരഭാഗങ്ങളിൽ കണ്ടു വരുന്നു. അസുഖത്തിന്റെ തീവ്രതയേറുമ്പോൾ കൂടുതൽ ശരീരഭാഗങ്ങളിലേക്ക് പാടുകൾ വ്യാപിക്കുന്നു.
ചില പാടുകൾക്കു ചുറ്റും വെളുത്ത വലയം കണ്ടു വരാറുണ്ട്, പ്രത്യേകിച്ച് ചികിത്സ തുടങ്ങിയ ശേഷം. ഇതിനെ വോർനോഫ്സ് റിങ്ങ് (Wornoff’s ring) എന്നു പറയുന്നു.
പരിക്കുകൾ അല്ലെങ്കിൽ ക്ഷതം ഏൽക്കുന്ന ഭാഗങ്ങളിൽ ക്ഷതം ഏറ്റ അതെ മാതൃകയിൽ പുതിയ തടിപ്പുകൾ ഉണ്ടാകാം, ഇത് കോബ്നർ ഫിനോമിനൻ (Koebner phenomenon) എന്നറിയപ്പെടുന്നു. ഈ പ്രതിഭാസം സജീവമായ രോഗത്തിന്റെ (active disease) ലക്ഷണമാണ്.
പാടുകൾ ശിരോചർമ്മത്തിൽ മാത്രമായി പരിമിതമായിരിക്കുകയും ആകാം, ഇതാണ് scalp psoriasis. ഈ രോഗാവസ്ഥ താരനായി തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത ഏറെയാണ്. അതു പോലെ തന്നെ, നഖങ്ങളെ മാത്രം ബാധിക്കുന്ന അവസ്ഥ nail psoriasis എന്നും കൈകാൽ വെള്ളയെ മാത്രം ബാധിക്കുന്ന രോഗം palmoplantar psoriasis എന്നും അറിയപ്പെടുന്നു. മറ്റുള്ള ഇനം സോറിയാസിസിലും മേല്പറഞ്ഞ ഭാഗങ്ങൾ മറ്റു ശരീരഭാഗങ്ങളോടൊപ്പം ഉൾപ്പെടാം.
മടക്കുകളെ ബാധിക്കുന്ന flexural psoriasis, താരൻ ഉണ്ടാകുന്ന ശരീരഭാഗങ്ങളായ ശിരോചർമ്മം, പുരികം, മൂക്കിന്റെ വശങ്ങൾ, ചെവിയുടെ പുറകു വശം, നെഞ്ച്, തോളുകൾ, കക്ഷം, തുടയിടുക്കുകൾ എന്നിവിടങ്ങളെ ബാധിക്കുന്ന സീബോസോറിയാസിസ് (sebopsoriasis) എന്നിവയും സോറിയാസിസ് എന്ന രോഗത്തിന്റെ വകഭേദങ്ങളാണ്.
🔴അക്യൂട്ട് ഗട്ടേറ്റ് സോറിയാസിസ് (acute guttate psoriasis)
ടോൺസിലൈറ്റീസ് പോലെയുള്ള അണുബാധയെ തുടർന്ന് പൊടുന്നനവെ ശരീരത്തു വെള്ളത്തുള്ളികൾ പോലെ ശൽകങ്ങളോടുകൂടിയ ചെറിയ ചുവന്ന തടിപ്പുകൾ കാണുന്നു. കുട്ടികളിലും യുവാക്കളിലും ആണ് സാധാരണ ഇത്തരം രോഗം കണ്ടു വരുന്നത്. അണുബാധ ഭേദമാകുന്നതോടെ 2-3 മാസം കൊണ്ട് ചർമ്മത്തിലെ പാടുകളും മാറുന്നു. ചെറിയ ശതമാനം രോഗികളിൽ പിന്നീട് ക്രോണിക് പ്ലാക് സോറിയാസിസ് ഉണ്ടാകാൻ സാധ്യതയുണ്ട്.
🔴എരിത്രോടെർമിക് സോറിയാസിസ് (erythrodermic psoriasis)
ത്വക്കിന്റെ 90 ശതമാനത്തിൽ കൂടുതൽ അസുഖം ബാധിച്ചു തീവ്രത കൂടിയ അവസ്ഥയാണിത്. 1-2% രോഗികളിൽ ഈ അവസ്ഥ ഉണ്ടാകാം.
🔴 പസ്റ്റുലാർ സോറിയാസിസ് (pustular psoriasis)
ബയോപ്സി ചെയ്തു മൈക്രോസ്കോപ്പി പരിശോധനയിൽ കാണാവുന്ന ന്യൂട്രോഫിലുകളുടെ കൂട്ടം എല്ലാത്തരം സോറിയാസിസിന്റെയും ലക്ഷണമാണ്.എന്നാൽ രോഗതീവ്രത കൂടുമ്പോൾ ഇത് പ്രത്യക്ഷത്തിൽ നഗ്നനേത്രങ്ങൾ കൊണ്ടു കാണാനാകുന്ന അവസ്ഥയിലെത്തി ചർമ്മത്തിൽ പഴുത്ത കുരുക്കൾ പ്രത്യക്ഷപ്പെടുന്നു. ഇതാണ് പസ്റ്റുലാർ സോറിയാസിസ്.
കൈകാൽ വെള്ളകളിൽ മാത്രം പഴുത്ത കുരുക്കൾ പരിമിതമായിരിക്കുന്ന പാമോപ്ലാന്റാർ പസ്റ്റുലോസിസ് (palmoplantar pustulosis) മുതൽ ചർമ്മത്തിൽ ആസകലം പഴുപ്പ് നിറയുന്ന അക്യൂട്ട് ജനറലൈസ്ഡ് പസ്റ്റുലർ സോറിയാസിസ്(acute generalised pustular psoriasis of von Zumbusch) വരെ ഈ വിഭാഗത്തിൽ പെടുന്നു.
തീവ്രതയേറിയ ഇനങ്ങളിൽ സോറിയാസിസിന്റെ പാടുകളിലോ ചർമ്മത്തിൽ അല്ലാതെ തന്നെയോ നീറ്റലോടു കൂടി ചുവപ്പ് വീഴുന്നു, താമസിയാതെ ചുവപ്പിനു മീതെ പഴുത്ത കുരുക്കൾ രൂപപ്പെടുന്നു. പല കുരുക്കൾ ചേർന്ന് ദേഹമാസകാലം പഴുപ്പിന്റെ പൊയ്കകൾ (lakes of pus) തന്നെ രൂപപ്പെടാം. ഇതോടൊപ്പം പനി, ശരീരം വേദന, ന്യൂമോണിയ, മഞ്ഞപ്പിത്തം, രക്തത്തിലെ കൗണ്ടിലും മറ്റു ഘടകങ്ങളിലും വ്യതിയാനം എന്നിവ ഉണ്ടാകാം. സന്ദർഭോചിതമായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെയും സംഭവിക്കാം.
🔴സോറിയാറ്റിക് ആർത്രോപതി (psoriatic arthropathy)
ത്വക്കിൽ സോറിയാസിസ് ഉള്ള 40% ആളുകളിൽ സന്ധിവേദനയും വീക്കവും ഉണ്ടാകാറുണ്ട്. വാതം എന്നു പറഞ്ഞു തള്ളി കളയുന്ന പല സന്ധി വേദനയും സോറിയാറ്റിക് ആർത്രൈറ്റിസ് ആകാം.
രാവിലെ എഴുന്നേറ്റയുടൻ സന്ധികൾ ചലിപ്പിക്കാനുള്ള വിഷമതയും വേദനയും ഒരു പ്രധാനലക്ഷണമാണ്. കൈകാൽ വിരലുകളുടെ അറ്റത്തെ ചെറിയ സന്ധികളെയാണ് (distal interphalangeal joint) പ്രധാനമായും ഇതു ബാധിക്കുന്നത്. വിരളമായി മറ്റു സന്ധികളെയും നട്ടെല്ലിനേയും സോറിയാറ്റിക് ആർത്രോപതി ബാധിക്കാം. ഇതോടൊപ്പം ത്വക്കിലും നഖത്തിലും സോറിയാസിസ് ഉണ്ടാകാം.
സങ്കീർണതകൾ
എരിത്രോടെർമിക് സോറിയാസിസിലും, പസ്റ്റുലാർ സോറിയാസിസിലും ത്വക്കിന്, ശരീരോഷ്മാവ് നിലനിർത്തുക, അണുബാധ തടയുക, ജലത്തിന്റെയും ലവണങ്ങളുടെയും സന്തുലനാവസ്ഥ നിലനിർത്തുക എന്നീ കടമകൾ ചെയ്യാൻ കഴിയാതെ വന്ന് skin failure എന്ന സങ്കീർണമായ അവസ്ഥയിൽ എത്തുന്നു. തൽഫലമായി രോഗിക്ക് പനി, കുളിര്, രക്തത്തിലെ ലവണങ്ങളിൽ വ്യതിയാനം, അപൂർവമായി രക്തത്തിൽ അണുബാധയുണ്ടാകുന്ന മാരകമായ സെപ്റ്റിസിമിയ (septicemia) എന്ന അവസ്ഥയുമുണ്ടാകാം.
സോറിയാസിസ് രോഗികളിൽ പൊണ്ണത്തടി, പ്രമേഹം, രക്താതിമ്മർദം,ഹൃദയാഘാതം, പക്ഷാഘാതം, കരൾവീക്കം (non -alcoholic steatohepatitis) എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.
പരിശോധന
ലക്ഷണങ്ങളാണ് രോഗനിർണയത്തിന്റെ ആധാരശില. അതിനാൽ തന്നെ മേല്പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ ഒരു ത്വക് രോഗവിദഗ്ദന്റെ സഹായം തേടേണ്ടത് അത്യന്താപേക്ഷിതമാണ്.
ചില സന്ദർഭങ്ങളിൽ മാത്രം പരിശോധനകൾ ആവശ്യമായി വന്നേക്കാം.
ന്യൂട്രോഫിലുകളുടെ കൂട്ടങ്ങളും ,ചർമ്മത്തിലെ വിവിധ പാളികളിലും രക്തക്കുഴലുകളിലും ഉണ്ടാകുന്ന നിശ്ചിത വ്യത്യാസങ്ങളും ത്വക്കിലെ പാടിന്റെ ബയോപ്സി പരിശോധനയിലൂടെ തിരിച്ചറിയാൻ കഴിയും.
പസ്റ്റുലർ സോറിയാസിസ്, എരിത്രോടെർമിക് സോറിയാസിസ് എന്നീ തീവ്രതയേറിയ രോഗാവസ്ഥകളിൽ രക്തത്തിലെ കൗണ്ട്, ഇ എസ് ആർ, കാൽഷ്യം, സോഡിയം, പൊട്ടാഷ്യം, പ്രോട്ടീൻ, വൃക്കകളുടെയും, കരളിന്റെയും പ്രവർത്തനം നിശ്ചയിക്കാനുള്ള പരിശോധനകൾ, പഴുപ്പിന്റെയും, രക്തത്തിന്റെയും കൾച്ചർ എന്നീ പരിശോധനകളും വേണ്ടി വന്നേക്കാം.
ചികിത്സ
ഇടയ്ക്ക് രോഗലക്ഷണങ്ങള്‍ തീവ്രമാവുകയും (Exacerbation) ഇടയ്ക്ക് നന്നായി കുറഞ്ഞു പൂർണമായും അപ്രത്യക്ഷമാവുകയും (Remission) ചെയ്യുന്നത് ഈ രോഗത്തിന്റെ പ്രധാന സവിശേഷതയാണ്. ഈ പ്രത്യേകത മുതലെടുത്താണ് പല അത്ഭുതരോഗസൗഖ്യ പ്രസ്ഥാനങ്ങളും നിലകൊള്ളുന്നത്.
പരിപൂര്‍ണ്ണമായി ചികിത്സിച്ചു മാറ്റാന്‍ കഴിയുന്ന രോഗം അല്ലെങ്കിൽ കൂടിയും സോറിയാസിസിനു ആധുനിക വൈദ്യശാസ്ത്രത്തിൽ ഫലപ്രദമായ ചികിത്സാ രീതികൾ ലഭ്യമാണ്.
ലക്ഷണങ്ങളെ ശമിപ്പിക്കുക, രോഗത്തിന്റെ തീവ്രത കുറയ്ക്കുക, രോഗശമന കാലയളവ് ദീര്‍ഘകാലത്തേക്ക് നീട്ടുക എന്നിവയാണ് ചികിത്സയുടെ പ്രധാന ലക്ഷ്യങ്ങൾ.
രോഗതീവ്രത, രോഗം ബാധിച്ച ഭാഗം (ശിരോചർമ്മം, കൈകാൽ വെള്ള, സന്ധികൾ, നഖം), രോഗിയുടെ പ്രായം എന്നിങ്ങനെ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ചികിത്സ നിർണയിക്കപ്പെടുന്നത്.
ചികിത്സാ രീതികൾ
💊ലേപനങ്ങൾ
സ്റ്റിറോയ്ഡ്, കോൾ ടാർ തുടങ്ങി നിരവധി ലേപനങ്ങൾ ഫലപ്രദമാണ്. തീവ്രത കുറഞ്ഞ പരിമിതമായ ഭാഗങ്ങളെ മാത്രം ബാധിക്കുന്ന അവസ്ഥയിൽ ലേപനങ്ങൾ മാത്രം മതിയാകും.
💊ഫോട്ടോതെറാപ്പി
അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള ചികിത്സയാണിത്. സൂര്യപ്രകാശം ഉപയോഗിച്ചോ പ്രത്യേക തരം ഉപകരണങ്ങൾ ഉപയോഗിച്ചോ ഈ ചികിത്സ ചെയ്യാം. ചില സന്ദർഭങ്ങളിൽ അൾട്രാ വയലറ്റ് രശ്മികളോടുള്ള ചർമ്മത്തിന്റെ പ്രതികരണശേഷി കൂട്ടാനുതകുന്ന ലേപനങ്ങളോ ഗുളികകളോ ഇതോടൊപ്പം ഉപയോഗിക്കാറുണ്ട്.
💊മരുന്നുകൾ (ഗുളികകളും ഇഞ്ചക്ഷനും)
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ നിയന്ത്രിക്കുന്ന മരുന്നുകളാണിവ. സോറിയാറ്റിക് ആർത്രോപതി, എരിത്രോടെർമിക് സോറിയാസിസ്, പസ്റ്റുലാർ സോറിയാസിസ്, ശരീരത്തിന്റെ 10 ശതമാനത്തിൽ കൂടുതൽ ബാധിക്കുന്ന രോഗം, മറ്റു ചികിത്സകൾ ഫലപ്രദമല്ലാതെ വരുക എന്നീ അവസ്ഥകളിലാണ് ഇത്തരം ചികിത്സ വേണ്ടി വരുന്നത്. ഈ മരുന്നുകൾ കഴിക്കുന്നവരിൽ കൃത്യമായ തുടർപരിശോധനകൾ അനിവാര്യമാണ്.
💊ജീവിത ശൈലിയിലെ മാറ്റങ്ങൾ
ഒമേഗാ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണസാധനങ്ങളും സോറിയാസിസ് കുറയാൻ സഹായിക്കും. ഭക്ഷണത്തിൽ പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തണം. ചില രോഗികളിൽ ഗ്ളൂട്ടൻ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ (ഗോതമ്പ്, ബാർലി മുതലായവ) ഒഴിവാക്കുന്നത് ഫലം ചെയ്തു കാണാറുണ്ട്.
കലോറി കുറഞ്ഞ ഭക്ഷണസാധനങ്ങളും, കൃത്യമായ വ്യായാമവും സോറിയാസിസ് രോഗികളിൽകൂടുതലായി കണ്ടു വരുന്ന പൊണ്ണത്തടി, പ്രമേഹം, രക്താതിമ്മർദം,ഹൃദയാഘാതം, പക്ഷാഘാതം, കരൾവീക്കം (non -alcoholic steatohepatitis) എന്നിവയെ പ്രതിരോധിക്കും.
സോറിയാസിസ് രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
✏️ചർമ്മത്തിൽ ക്ഷതമേൽകാതിരിക്കാൻ ശ്രദ്ധിക്കുക.
✏️നിരന്തരമായ ഉരസ്സലുകൾ ഒഴിവാക്കുക. ഉദാഹരണത്തിന് ശക്തിയായി ചുരണ്ടിയോ ചൊറിഞ്ഞോ ശല്കങ്ങൾ ഇളക്കാൻ ശ്രമിക്കാതിരിക്കുക
✏️ചർമ്മം വരണ്ടു പോകാതെ സൂക്ഷിക്കുക. ഇതിനായി മോയ്സചറൈസറുകളോ എണ്ണയോ ഉപയോഗിക്കാം
✏️ടോൺസിലൈറ്റിസ് പോലെയുള്ള അണുബാധ ഉണ്ടായാൽ ഉടനടി ചികിത്സ തേടുക
✏️പുകവലി, മദ്യപാനം ഒഴിവാക്കുക
✏️മാനസ്സികസമ്മർദ്ദം നിയന്ത്രണ വിധേയമാക്കുക
✏️സൂര്യപ്രകാശം മൂലം സോറിയാസിസ് കൂടുന്നു എന്നു കണ്ടാൽ അമിതമായി വെയിൽ കൊള്ളുന്നത് ഒഴിവാക്കുക
✏️ചികിത്സ ഡോക്ടർ നിർദേശിച്ച രീതിയിൽ നിർദിഷ്ട കാലം തുടരുക.
ചുരുക്കി പറഞ്ഞാൽ, സോറിയാസിസിനെ ഭയക്കേണ്ടതില്ല. അത്ഭുതരോഗസൗഖ്യവാഗ്ദാനങ്ങളിൽ മോഹിതരാകാതെ സന്ദർഭോചിതമായ ചികിത്സയിലൂടെ സോറിയാസിസിനെ വരുതിയിലാക്കാം.
അപ്പോൾ, എല്ലാവർക്കും ഹൃദയം നിറഞ്ഞ സോറിയാസിസ് ദിനാശംസകൾ….
എഴുതിയത് കടപ്പാട് : Dr Aswini
അമിതവണ്ണം കുറയ്ക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു. അടുത്ത ദിവസം ആശുപത്രി വിടും. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആദ്യത്തെ ബാരിയാട്രിക് ശസ്ത്രക്രിയയാണ് ഇത്.
അടൂര്‍ പഴകുളം ആദിത്യനിവാസില്‍ 135 കി.ഗ്രാം ഭാരമുണ്ടായിരുന്ന ശ്രീജയ്ക്കാണ് (39) വെള്ളിയാഴ്ച ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ഇവര്‍ക്കു ദൈനംദിന ജോലികള്‍ പോലും ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു.10 വര്‍ഷം മുന്‍പു പ്രസവ ശേഷമാണു ശ്രീജ വണ്ണം വച്ചു തുടങ്ങിയത്. തുടര്‍ന്നു പ്രമേഹവും ശ്വാസതടസവും പിടിപെട്ടു.
6 മാസത്തിനുള്ളില്‍ വണ്ണം, പടിപടിയായി കുറഞ്ഞ് സാധാരണ നിലയിലെത്തുമെന്നു ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ സര്‍ജറി വിഭാഗം അഡീഷനല്‍ പ്രഫ ഡോ. എസ്.കെ. അജയകുമാര്‍ അറിയിച്ചു. സ്വകാര്യാശുപത്രിയില്‍ 6 ലക്ഷം രൂപ ചെലവു വരുന്ന ശസ്ത്രക്രിയ നാലിലൊന്ന് തുകയ്ക്കാണ് ചെയ്തതെന്നു സൂപ്രണ്ട് ഡോ.ആര്‍.വി. രാംലാല്‍ അറിയിച്ചു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
സ്‌കോട് ലാൻഡ് : 12 വയസ്സിൽ താഴെയുള്ള കുട്ടികൾ പന്ത് ഹെഡ് ചെയ്തു പ്രാക്ടീസ് ചെയ്യുന്നത് തലച്ചോറിന് ക്ഷതമുണ്ടാക്കുക വഴി മരണകാരണമാകുന്നു എന്ന് റിപ്പോർട്ട്. ഇതിനെ തുടർന്ന് സ്കോട്ട് ഫുട്ബോൾ അസോസിയേഷൻ ചെറിയ കുട്ടികൾ പന്ത് ഹെഡ് ചെയ്യുന്നത് നിരോധിച്ചു. പ്രൊഫഷണൽ ഫുട്ബോൾ കളിക്കാർക്ക് തലച്ചോറിനുണ്ടാകുന്ന ക്ഷതം മൂലം മരിക്കാനുള്ള സാധ്യത സാധാരണക്കാരേക്കാൾ മൂന്നര ഇരട്ടി അധികം ആണെന്നാണ് പഠനം. ഇത് കണ്ടെത്തിയത് ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി ആരോഗ്യ വിദഗ്ദ്ധരാണ്.യു എസിൽ ഈ നിരോധനം 2014 മുതൽ നിലവിൽ ഉണ്ട്.
ആരോഗ്യ വിദഗ്ദ്ധരുമായി കൂടുതൽ ചർച്ച നടത്താൻ അസോസിയേഷൻ തീരുമാനിച്ചു. നിരോധനം ഉടനെ നടക്കാൻ ഇരിക്കുന്ന നാഷണൽ ഗെയിംസിനെ ബാധിക്കും എന്ന് നിരീക്ഷണം ഉണ്ട്. കണ്ടെത്തൽ മൂലം ഗെയിംസിൽ അപ്പാടെ മാറ്റങ്ങൾ വരുത്താൻ സാധ്യമല്ലെങ്കിലും ചർച്ചകൾക്കുശേഷം കൂടുതൽ കാര്യങ്ങൾ അറിയിക്കുമെന്ന് പ്രതിനിധികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. കളിയിൽ ഹെഡ് ചെയ്യുന്നത് നിരോധിക്കാൻ സാധിക്കില്ല പക്ഷെ പ്രാക്ടീസ് നടത്തുമ്പോൾ തുടർച്ചയായി തലകൊണ്ട് പന്ത് നിയന്ത്രിക്കുന്നത് നിർത്തലാക്കാൻ കഴിയും.
കഴിഞ്ഞ ആഴ്ച മാധ്യമപ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിൽ സ്കോട്ടിഷ് ഫുട്ബോൾ അസോസിയേഷൻ ചീഫ് മെഡിക്കൽ കൺസൽറ്റൻഡ് ആയ ഡോക്ടർ ജോൺ മൿബീൻ കുട്ടികൾ പന്ത് ഹെഡ് ചെയ്യുന്നതിനെതിരെ നിലപാട് വ്യക്തമാക്കിയിരുന്നു. ജെഫ് അസൽ എന്ന ഫുട്ബോൾ കളിക്കാരൻ തലക്ക് ഏറ്റ ക്ഷതം കാരണം മരണപ്പെട്ടിരുന്നു
ശാരീരിക ബന്ധം എന്നു പറഞ്ഞാൽ കുട്ടികളെ ജനിപ്പിക്കുവാന്‍ മാത്രമുള്ളയെന്തോ ഒരു പ്രക്രിയയായി മാത്രം കാണുന്നവര്‍ ഇന്നും നമുക്കിടയിലുണ്ട്.മധുവിധു നാളുകളില്‍ പോലും അവന്‍ അവളുടെ നഗ്‌നത ഇരുട്ടിലല്ലാതെ അനുഭവിച്ചിട്ടില്ല.നീണ്ട ഒരു മാസം അവന് കാത്തിരിക്കേണ്ടി വന്നു. അവളോടൊന്നാകുവാന്‍. അവള്‍ക്ക് ഭയമാണ്. എന്താണ് സെക്‌സ് എന്ന് അവള്‍ക്ക് അറിയില്ല. ആകെയറിയാവുന്നത് കുട്ടികളെ ഉണ്ടാക്കുവാന്‍ വേണ്ടി ഒരു പുരുഷനും സ്ത്രീയും കൂടി ചെയ്യുന്ന ഒരു ശാരീരിക പ്രക്രിയ എന്ന് മാത്രമാണ്.
രക്ഷകര്‍ത്താക്കള്‍ ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും സെക്‌സിനെ കുറിച്ചു പറഞ്ഞു കൊടുക്കണം.വേറെ ആരാണ് അവര്‍ക്ക് പറഞ്ഞു കൊടുക്കേണ്ടത്?തെറ്റായ അറിവുകള്‍ കൂട്ടുകാരില്‍ നിന്നും ലഭിക്കുന്നതില്‍ എത്രയോ നല്ലതാണ് രക്ഷകര്‍ത്താക്കളില്‍ നിന്നും ശരിയായ അറിവ് ലഭിക്കുന്നത്.ഇതുപോലെ വേറെയും സ്ത്രീകളുടെ അനുഭവങ്ങള്‍ കേട്ടിട്ടുണ്ട്. അവന് ആവശ്യം വരുമ്ബോള്‍ മാത്രം നിര്‍വികാരതയോടെ കിടന്നു കൊടുക്കുന്നവള്‍.
പുരുഷന് എന്ത് വേണമെന്ന് അവള്‍ക്ക് അറിയില്ല. അതുപോട്ടെ. അവള്‍ക്ക് എന്ത് വേണമെന്ന് അവനും അറിയില്ല.ഇതൊക്കെ പറയുമ്ബോള്‍ ഇപ്പോഴത്തെ പെണ്‍കുട്ടികളെ കുറിച്ചാണോ എന്ന് അതിശയം തോന്നാം.അതേ ഇപ്പോഴുമുണ്ട് ഇത്തരം പെണ്‍കുട്ടികളും ചില പുരുഷന്മാരും. കിടപ്പറയില്‍ അഞ്ചു മിനിറ്റ് മാത്രം ചെയ്യേണ്ട ഒന്നല്ല സെക്‌സ്.പുരുഷന് മാത്രം രതിമൂര്‍ച്ഛ വരുന്ന വരെ ചെയ്യേണ്ട ഒരു കാര്യമല്ലത്. സ്ത്രീയ്ക്കും അറിയാന്‍ അവകാശമുണ്ട്. അവളും രതിമൂര്‍ച്ഛ അറിയട്ടെ.
രതിമൂര്‍ച്ഛ അനുഭവിച്ച എത്ര മലയാളി സ്ത്രീകളുണ്ടാവും?ചില പുരുഷന്മാരുമുണ്ട്. അവരുടെ സുഖത്തെ കുറിച്ചു മാത്രം ചിന്തിക്കുന്നവര്‍. അവര്‍ക്ക് ശുക്ലസ്ഖലനം നടക്കുവാന്‍ വേണ്ടി അഞ്ചു മിനിറ്റ് മാത്രം സെക്‌സ് ചെയ്യുന്നവരുണ്ട്.ഭാര്യയ്ക്ക് എന്ത് വേണമെന്നോ, അവളുടെ ഇഷ്ടങ്ങള്‍ എന്തെന്നോ അറിയുവാന്‍ ശ്രമിക്കാത്ത പുരുഷന്മാരുണ്ട്.അവളുടെ ആവശ്യങ്ങള്‍ വാ തുറന്നു പറഞ്ഞൂടെ എന്നു ചോദിക്കുന്ന പുരുഷന്മാരോട്.
അവള്‍ അങ്ങനെയാണ്.എല്ലാം നിങ്ങളെപ്പോലെ വെട്ടിത്തുറന്ന് പറയണമെന്നില്ല. സ്‌നേഹിച്ചും, ചോദിച്ചും അറിയുവാന്‍ ശ്രമിക്കുക. അവള്‍ പറയും. തീര്‍ച്ച.അതുപോലെ കുട്ടികള്‍ ആയതിന് ശേഷം ഒരുമിച്ചു കിടക്കുകയോ, ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നത് വിരലില്‍ എണ്ണാവുന്ന തവണകളായി ചുരുങ്ങുന്നവരും ഉണ്ട്.ചിലരുടെ ചിന്ത അങ്ങനെയാണ്. അതുപോലെ ഒരു പ്രായം ആയാല്‍ 50, 60 വയസ്സിന് ശേഷം രണ്ടു കട്ടിലില്‍ അല്ലെങ്കില്‍ രണ്ടു മുറിയില്‍ ഉറങ്ങുന്ന ഭാര്യാഭര്‍ത്താക്കന്മാരെ കാണാം.
ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പ്രായപരിധി എന്തിന്?ഒരുമിച്ചു കിടക്കുന്നതില്‍ തെറ്റ് എന്താണ്?എന്നും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ മാത്രമല്ല ഒരുമിച്ചു കിടക്കുന്നത്.ആ മാറിലൊന്നു തല ചായ്ച്ചു ഉറങ്ങുവാന്‍. അതുമല്ലെങ്കില്‍ കരങ്ങള്‍ ആ നെഞ്ചില്‍ അമര്‍ത്തി ഉറങ്ങുമ്ബോള്‍ കിട്ടുന്ന ആ ആശ്വാസമൊന്ന് അറിയുവാന്‍.തുറന്ന് പരസ്പരം സംസാരിക്കുക. ഇഷ്ടങ്ങളും അനിഷ്ട്ടങ്ങളും നാണിക്കാതെ പറയുക.
ഒരു ജീവിതകാലം മുഴുവന്‍ നിങ്ങള്‍ കൂടെ കഴിയേണ്ട വ്യക്തിയോട് തുറന്ന് സംസാരിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ ആ ബന്ധത്തിലെന്തോ കുഴപ്പമില്ലേ?ഒരു ജീവിതം മുഴുവന്‍ പങ്കു വെക്കേണ്ട വ്യക്തിയോട് എല്ലാം തുറന്ന് പറയുക. അതിലൂടെ ലഭിക്കുന്ന സന്തോഷം അനിവചനീയമാണ്.ശ്രമിച്ചു നോക്കൂ.കുട്ടികള്‍ ഉണ്ടായാല്‍ മാറ്റി നിര്‍ത്തേണ്ട ഒന്നല്ല ശാരീരികബന്ധം.
അങ്ങനെ മനോഭാവമുള്ള സ്ത്രീകളെയും പുരുഷന്മാരെയും കണ്ടിട്ടുണ്ട്.സ്ത്രീകള്‍ക്ക് ഒരുപക്ഷേ കുട്ടികള്‍ ഉണ്ടായതിന് ശേഷം പല മാനസിക പിരിമുറുക്കങ്ങളിലൂടെ കടന്ന് പോകുമ്ബോള്‍ സെക്‌സ് എന്നത് ചിന്തകള്‍ക്കും അപ്പുറമാവാം.എന്നാലും സ്ത്രീകളെ, പുരുഷന്മാര്‍ക്ക് അപ്പോഴും സെക്‌സ് ആവശ്യമാണ്.നിങ്ങളുടെ മനസ്സും ശരീരവും സമ്മതിക്കുമ്ബോള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുക.കുട്ടികളായി എന്നത് സെക്‌സ് അസ്വദിക്കുവാതിരിക്കുവാനുള്ള ഒരു കാരണമല്ല.
ഗര്‍ഭിണിയായിരിക്കുമ്ബോള്‍ ചില സ്ത്രീകള്‍ അവരുടെ ശരീരത്തില്‍ തൊടാനോ, ശാരീരിക ബന്ധത്തിലേര്‍പ്പെടുവാനോ സമ്മതിക്കാറില്ല.വിരക്തി ചിലര്‍ക്ക് തോന്നാം. പക്ഷെ അതോന്നുമല്ലാതെ ഗര്‍ഭിണി ആയിരിക്കുമ്ബോള്‍ സെക്‌സ് പാടില്ല എന്നു പറഞ്ഞു ഭര്‍ത്താക്കന്മാരെ അടുപ്പിക്കാത്ത സ്ത്രീകളുമുണ്ട്.പല തെറ്റിദ്ധാരണകളും അതിന് കാരണമാണ്.ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടാം.മറുപിള്ള താഴ്ന്ന ചില ഗര്‍ഭാവസ്ഥയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാതെയിരിക്കുക. കാണിക്കുന്ന ഡോക്ടറോട് ഈ കാര്യങ്ങള്‍ ചോദിക്കുവാന്‍ മടിക്കേണ്ടതില്ല. സ്‌നേഹത്തോടെ ഒരു തലോടലോ, സംസാരമോ മതി വാക്കുകളുടെ പരിഭവങ്ങള്‍ക്ക് മേലെ പറക്കുവാന്‍. ശ്രമിച്ചു നോക്കൂ.കുഞ്ഞു കുഞ്ഞു കാര്യങ്ങളില്‍ വിവാഹബന്ധങ്ങളില്‍ മാറ്റം വരുത്തുവാന്‍ ശ്രമിക്കുക.
വളരെ വ്യത്യാസം ഉണ്ടാകും.ആരെങ്കിലും ഒരാള്‍ താഴ്ന്നു കൊടുക്കുക.
അത് എല്ലായ്‌പ്പോഴും ഒരാള്‍ ആകണമെന്നില്ല. രണ്ടു പേര്‍ക്കുമാവാം.പരസ്പരം സഹരിച്ചും, ക്ഷമിച്ചും, സ്‌നേഹിച്ചും ജീവിക്കുക.കഴിയുവോളം. ഇല്ലെങ്കില്‍ പരസ്പരം സംസാരിച്ചു തീരുമാനിക്കുക.സംസാരിച്ചാല്‍ തീരാവുന്ന പ്രശനങ്ങളാണ് ഒട്ടുമിക്ക കുടുംബങ്ങളിലും.പക്ഷെ പലരും സംസാരിക്കില്ല. ഉള്ളില്‍ കിടന്ന് നീറി നീറി സ്വയമുരുകി അവസാനം അതൊരു പൊട്ടിത്തെറിയിലൊടുങ്ങും.അപ്പോഴേയ്ക്കും വൈകി പോകാതെയിരിക്കട്ടെ.
Dr. ഷിനു ശ്യാമളൻ..
അനു എലിസബത്ത് തോമസ്, മലയാളം യുകെ ന്യൂസ് ടീം
അതിരാവിലെ ഓഫീസിലേക്ക് പോകുകയും രാത്രി വൈകി വീട്ടിലേയ്ക്ക് വരികയും ചെയ്യുന്ന ആളുകൾ ചിന്തിക്കാറുണ്ടോ പകൽ സമയങ്ങളിൽ തങ്ങൾക്ക് കാണാൻ കിട്ടാറില്ലാത്ത ഒരാളെക്കുറിച്ച് ? ആരെക്കുറിച്ചാണെന്നല്ലേ , നമ്മുടെ സൂര്യനെക്കുറിച്ച് തന്നെ. അധിക സമയം വെയിലത്ത് നിന്നാലുള്ള പ്രശ്നങ്ങളെക്കുറിച്ച് നാം എപ്പോഴും ചർച്ച ചെയ്യാറുണ്ട്. കൂടിയ ചൂട് കാരണം മരണപ്പെടുന്നവരുണ്ട്. അർബുദം ബാധിക്കുന്നവരുണ്ട്. പൊള്ളലേൽക്കുന്നവരുണ്ട്. എന്നാൽ സൂര്യസ്പർശം തീരെ ഏൽക്കാതിരുന്നാൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി നാം ചിന്തിച്ചിട്ടുണ്ടോ ? മാറിയ തൊഴിൽ സാഹചര്യങ്ങളിൽ ഒരു ഓഫീസിൽ ഇരുന്നുകൊണ്ട് വെയിലൊന്ന് കാണാൻ ( കൊള്ളാനല്ല ) പോലും സാധിക്കാത്തവർ ആണ് ഏറെയും. കാലാവസ്‌ഥാ വ്യതിയാനങ്ങളുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ചിലപ്പോൾ വേനൽ എന്നൊന്ന് ഉണ്ടാവണം എന്നില്ല. വർഷം നീണ്ടു നിൽക്കുന്ന മഴക്കാലമോ മഞ്ഞുകാലമോ വന്നാൽ ? സയൻസ് ഫിക്ഷൻ സിനിമയുടെ കഥ അല്ല , സൂര്യസ്പർശം കുറഞ്ഞാലെന്ത് എന്നുള്ള സാധ്യത തിരയുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന ചോദ്യങ്ങൾ മാത്രമാണിത്.
ഉത്തരങ്ങൾ ചെന്നെത്തുക വൈറ്റമിൻ ഡി-യിലേക്കാണ്. സൂര്യപ്രകാശം എൽക്കുമ്പോൾ ലഭിക്കുന്ന വൈറ്റമിൻ ആണ് വൈറ്റമിൻ ഡി. വൈറ്റമിൻ ഡി-യുടെ കുറവ് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ നിരവധിയാണ്. എല്ലുകളുടെ ബലക്കുറവ് , കൈകാലുകളുടെ വൈരൂപ്യം , അർബുദം , ചർമ സംബന്ധിയായ രോഗങ്ങൾ , വിഷാദ രോഗം അങ്ങനെ ആ പട്ടിക നീളുന്നു. ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം സൂര്യന്റെ ചൂടേൽക്കുന്നത് കുറഞ്ഞാൽ ശാരീരിക പ്രശ്നങ്ങൾ മാത്രമല്ല ഉണ്ടാകുന്നത് എന്നതാണ്. ഗുരുതരമായ മാനസിക രോഗാവസ്ഥകളിലേയ്ക്കും നാമെത്തിപ്പെടാം.
നീണ്ടു നിൽക്കുന്ന ശൈത്യകാലമുള്ള രാജ്യങ്ങളിൽ ഉള്ളവർക്ക് സൂര്യപ്രകാശത്തിൽ നിന്ന് വൈറ്റമിൻ ഡി സ്വീകരിക്കുക എന്നത് അത്ര എളുപ്പമല്ല. അതിനാൽ ഭക്ഷണത്തിലൂടെ വൈറ്റമിൻ ഡി ശരീരത്തിൽ എത്താൻ ആവശ്യമായ ഭക്ഷണം നമ്മുടെ തീൻമേശകളിൽ ഉണ്ടാവണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അയല പോലുള്ള മൽസ്യങ്ങൾ , മുട്ട , വെണ്ണ എന്നിവയുടെ ഉപയോഗം വൈറ്റമിൻ ഡി ശരീരത്തിൽ എത്തിക്കും.
അതിശൈത്യമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ ചൂട് കൂടിയ രാജ്യങ്ങളിലേക്ക് വിമാനം കയറുക. സൂര്യൻ മനുഷ്യനും ഭൂമിക്കും മുന്നേ പ്രപഞ്ചത്തിൽ ഉള്ള ആളാണ്. വെയിലിൽ തൊട്ട് കാരണവരെ അറിയാൻ ശ്രമിക്കുക. അതുതന്നെ പ്രകൃതി ചികിത്സ.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ബ്രിട്ടനിൽ ശരത്കാലത്തിന് തുടക്കമായതോടെ പനിയും ജലദോഷവും ഉൾപ്പടെയുള്ള രോഗങ്ങളും ജനങ്ങളെ പിടികൂടിയിരിക്കുകയാണ്. എന്നാൽ രോഗങ്ങൾ ഉണ്ടായാൽ പോലും സിക്ക് ലീവ് എടുക്കാതെ പണിയെടുക്കുന്നവർ വർധിച്ചുവരികയാണെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. 25നും 34നും ഇടയിൽ പ്രായമുള്ളവരിൽ 84% പേരും രോഗികളായിരിക്കുമ്പോൾ തന്നെ ജോലിയിൽ തുടരുകയാണ്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎൻഎസ്) കണക്കുകൾ പ്രകാരം സിക്ക് ലീവ് എടുക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. 1993 മുതൽ ഓരോ ജോലിക്കാരും പ്രതിവർഷം എടുക്കുന്ന സിക്ക് ലീവിൻെറ എണ്ണം ഏതാണ്ട് പകുതിയായി. ഒരു വർഷം ഒരു വ്യക്തി 7.2 ദിവസങ്ങൾ സിക്ക് ലീവ് എടുത്തിരുന്നു. എന്നാൽ 2017ൽ ഇത് 4.1ലേക്ക് താഴ്ന്നു.
തൊഴിൽ മേഖലയിൽ ഇത് ഗുണം ചെയ്യുമെങ്കിലും ശരീരം മറന്നുള്ള ജോലി അപകടം ക്ഷണിച്ചുവരുത്തും. അവധി എടുക്കാൻ ജനങ്ങൾ ഭയപ്പെടുന്നു. ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ അവഗണിച്ചുകൊണ്ട് ജോലിക്ക് പോവുന്നത് പിന്നീട് ഗുരുതര പ്രശ്നങ്ങൾക്കാവും വഴിയൊരുക്കുക. രോഗികളായിരിക്കുമ്പോൾ തന്നെ പണിയെടുത്തവർ 86% പേരാണ്. ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണൽ ആൻഡ് ഡവലപ്മെന്റ് (സിഐപിഡി) ഈ വർഷം പുറത്തുവിട്ട കണക്കാണിത്. 2010ൽ ഇത് വെറും 26% ആയിരുന്നു.
ഇത്തരം അവസ്ഥകൾ ഒരു വ്യക്തിയെ മാനസികമായും ബാധിക്കുന്നു. മാനസിക സമ്മർദം, വിഷാദം തുടങ്ങിയവ വർധിച്ചുവരുന്നു. എൻ എച്ച് എസിന്റെ കണക്കുകൾ പ്രകാരം മാനസികാരോഗ്യ പ്രശ്നങ്ങൾ മൂലം 5 മില്യൺ ആളുകൾക്ക് ജോലി നഷ്ടപ്പെട്ടമായി. 99 ബില്യൺ പൗണ്ടിന്റെ നഷ്ടമാണ് ഇതുമൂലം യുകെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണ്ടായത്. മാനസികാരോഗ്യ ചാരിറ്റി ആയ മൈൻഡിന്റെ കണക്കുകൾ പ്രകാരം 48% യുകെ തൊഴിലാളികൾക്ക് ജോലി സംബന്ധമായ അനേക പ്രശ്നങ്ങൾ ഉണ്ട്. ഇവരിൽ പകുതി പേർ മാത്രമേ അവരുടെ മാനേജർമാരുമായി സംസാരിച്ചിട്ടുള്ളൂ. അമിത ജോലി ഭാരം തന്നെയാണ് ഇത്തരം അവസ്ഥകളിലേക്ക് നയിക്കുന്നത്. രാഷ്ട്രത്തെ താങ്ങി നിർത്തുന്ന തൊഴിലാളികൾ സ്വന്തം ആരോഗ്യം സംരക്ഷിക്കാതെ പണിയെടുക്കുന്നത് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നതിനു കാരണമാകും. ഒപ്പം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ് ഏറ്റവും പ്രധാനമെന്ന കാര്യവും വിസ്മരിച്ചുകൂടാ.
വീട്ടിലേക്കു സാധനങ്ങള്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ നമ്മള്‍ വാങ്ങുന്ന പല സാധനങ്ങളും വ്യാജമാണ് നമ്മുടെ തിരക്കുകള്‍ക്കിടയില്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ നമുക്ക് സാധിക്കുന്നില്ല എന്നതാണ് സത്യം. നമ്മള്‍ സ്ഥിരമായി വാങ്ങുന്ന പച്ചക്കറിയില്‍ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ പല നാടുകളില്‍ നിന്നും വരുന്ന പച്ചക്കറികള്‍ വിഷാംശം അടങ്ങിയ വസ്തുക്കള്‍ ആഡ് ചെയ്തിട്ടാണ് കേരളത്തില്‍ വരുന്നത് എന്നത് നമ്മള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു സത്യമാണ്. എന്നാല്‍ നമ്മുടെ നാടുകളില്‍ തന്നെ സുലഭമായി കിട്ടുന്ന സബോളയെകുറിച്ചാണ് ഇവിടെ പറയുന്നത് ശ്രദ്ധിച്ചില്ലെങ്കില്‍ വന്‍ അപകടം ആണ് ഇത്തരം സാധനങ്ങള്‍ നിങ്ങള്‍ വാങ്ങുന്ന സബോളയില്‍ കറുത്ത പാടുണ്ടോ എങ്കില്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കണം കാന്‍സറിനു പോലും കാരണമാകുന്ന പച്ചക്കറികള്‍ ഇന്ന് നമ്മുടെ നാട്ടില്‍ വിതരണം ചെയ്യപ്പെടുന്നുണ്ട് എന്നത് ഇപ്പോഴും മനസിലെക്കേണ്ട ഒന്നാണ് ഇത് നമ്മുടെ വീടുകളില്‍ കൊണ്ടുവരുമ്പോള്‍ ഭാവിയില്‍ നമുക്കും കുടുംബത്തിനും ഉണ്ടാകുന്ന ദോഷം എത്രത്തോളമെന്ന് നമുക്ക് ഊഹിക്കാന്‍ പോലും കഴിയില്ല അത്രയ്ക്കും മാരകമാണ് ഇങ്ങനെയുള്ള പച്ചക്കറികള്‍.
സബോളയിൽ കാണുന്ന ഈ കറുത്ത പാടുകൾ ഒരുതരം ഫങ്കസ് ആണ് ‘അഫ്ളടോക്സിൻ’ എന്ന് പറയുന്നു. ഇത് ഒരു വിഷം മാത്രമല്ല ക്യാൻസറിന് വരെ കാരണമാകുന്നു
കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഒരു നിമുഷം ശ്രദ്ധിച്ചാല്‍ നമുക്ക് ഇത്തരം ചതിയില്‍ നിന്നും രക്ഷനേടാം നമ്മള്‍ കാശ് കൊടുത്ത് വാങ്ങുന്ന സാധനങ്ങള്‍ ഗുണമേന്മയുള്ള ഒന്നാണോ എന്ന് നോക്കേണ്ടത് നമ്മുടെ കടമയാണ്. നമ്മള്‍ പൈസ കൊടുക്കുന്നു എന്ന് കരുതി എല്ലാവരും നമുക്ക് നല്ല സാധനം തരും എന്ന വിശ്വാസം ഇല്ലാതാക്കുക ഈ കാലത്ത് കൂടുതല്‍ ആളുകളും സ്വന്തം ലാഭം നോക്കി ജീവിക്കുന്നവരാണ് നമ്മള്‍ സ്വയം ശ്രദ്ധിച്ചാല്‍ നമുക്കും കുടുംബത്തിനും ഉണ്ടാകുന്ന അപകടങ്ങള്‍ ഇല്ലാതാക്കാം. ചുരുക്കി പറഞ്ഞാല്‍ ഇത്തരം സാധനങ്ങള്‍ ഒരിക്കലും വാങ്ങാതിരിക്കുക പച്ചക്കറി മാത്രമല്ല നമ്മള്‍ പുറത്തുനിന്നു വാങ്ങുന്ന എന്ത് സാധനങ്ങള്‍ ആയാലും തീര്‍ച്ചയായും അതിന്‍റെ ഗുണമേന്മ നോക്കണം നമുക്ക് കഴിക്കാന്‍ പറ്റുന്ന നല്ല സാധനങ്ങള്‍ ആണോ എന്ന് കണ്ടത്തുക.