Health

സമുദ്രനിരപ്പ് തീവ്രമായ നിലയില്‍ ഉയരുന്ന, നൂറ്റാണ്ടിലൊരിക്കല്‍ സംഭവിച്ചിരുന്ന പ്രതിഭാസം 2050 മുതല്‍ എല്ലാ വര്‍ഷവും സംഭവിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ആഗോളതാപനവും കാര്‍ബണ്‍ പുറന്തള്ളലും നിയന്ത്രിക്കാന്‍ കഴിഞ്ഞാലും ഇതിന് മാറ്റമുണ്ടാകില്ല. അതേസമയം ഫോസില്‍ ഇന്ധനങ്ങളുടെ പുറന്തള്ളല്‍ നിയന്ത്രിച്ചില്ലെങ്കില്‍ നാല് മീറ്ററിലധികം വരെ സമുദ്ര നിരപ്പ് ഉയരാം. അത് ലോകത്തിന്റെ മാപ്പ് തന്നെ മാറ്റിയേക്കാം. കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയാകുന്ന കാര്യങ്ങളാണിത്. സമുദ്രങ്ങളുടേയും മഞ്ഞുമലകളുടേയും അവസ്ഥ പഠിച്ച ശേഷം ഇന്റര്‍ഗവണ്‍മെന്റ് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) ആണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ആഗോളതാപനം മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ അപകടകരമായ മാറ്റങ്ങള്‍ സമുദ്രങ്ങള്‍ക്കും മഞ്ഞുമലകള്‍ക്കുമുണ്ടാക്കിയതായി റിപ്പോര്‍ട്ട് പറയുന്നു. ഗ്രീന്‍ലാന്‍ഡിലും അന്റാര്‍ട്ടിക്കയിലുമെല്ലാം വലിയ തോതില്‍ മഞ്ഞുമലകകള്‍ ഉരുകുകയാണ്. സമുദ്രങ്ങള്‍ കൂടുതല്‍ ചുട് പിടിച്ചതും ആസിഡ് അംശമുള്ളതും ഓക്‌സിജന്റെ അളവ് കുറഞ്ഞതുമായ നിലയിലേയ്ക്ക് മാറുകയാണ്. 21ാം നൂറ്റാണ്ടിന്റെ അവസാനം വരെ (2099) ഈ അവസ്ഥ തുടരുമെന്നാണ് ഐപിസിസി റിപ്പോര്‍ട്ട് പറയുന്നത്.

ലോകത്തെ വന്‍ നഗരങ്ങളില്‍ പകുതിയും ജീവിക്കുന്നത് തീരപ്രദേശങ്ങളിലാണ്. ഏതാണ്ട് 200 കോടിയോളം ജനങ്ങള്‍ തീരപ്രദേശങ്ങളിലാണ് താമസിക്കുന്നത്. അന്റാര്‍ട്ടിക്കയില്‍ അപ്രതീക്ഷിതമായ വേഗതയിലാണ് മഞ്ഞുരുകല്‍ നടന്നുകൊണ്ടിരിക്കുന്നത്. കാര്‍ബണ്‍ പുറന്തള്ളലില്‍ കുറവ് വരുത്തിയില്ലെങ്കില്‍ 61 സെന്റീമീറ്റര്‍ മുതല്‍ 110 സെന്റിമീറ്റര്‍ വരെ സമുദ്രനിരപ്പ് ഉയരാം. നേരത്തെ പ്രതീക്ഷിച്ചതിനേക്കാള്‍ 10 മീറ്റര്‍ കൂടുതലാണിത്. 10 മീറ്റര്‍ കൂടുതല്‍ സമുദ്രനിരപ്പ് എന്ന് പറയുമ്പോള്‍ ഒരു കോടി ജനങ്ങളെ വെള്ളപ്പൊക്കം ബാധിക്കാം എന്ന് പഠനം പറയുന്നു. 2100 ആകുമ്പോളേക്ക് 238 സെമി വരെ ഉയരാം. ലോകത്തെ പല വന്‍ നഗരങ്ങളും മുങ്ങാനുള്ള സാധ്യതയുണ്ട് എന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാളായ, യുഎന്‍ യൂണിവേഴ്‌സിറ്റിയിലെ സീറ്റ സെബെസ്വാരി ദ ഗാര്‍ഡിയനോട് പറഞ്ഞു.

അതേസമയം കാര്‍ബണ്‍ പുറന്തള്ളല്‍ ഉടന്‍ നിയന്ത്രിച്ചാല്‍ പോരും 29 സെന്റീമീറ്ററിനും 59 സെന്റീമീറ്ററിനും ഇടയില്‍ സമുദ്രനിരപ്പ് ഉയരുന്ന ഭീഷണി നിലവിലുണ്ട്. സമുദ്ര താപനം കൊടുങ്കാറ്റുകള്‍ക്കും വലിയ മഴക്കെടുതികള്‍ക്കും കാരണമായേക്കാമെന്നും ഐപിസിസി റിപ്പോര്‍ട്ട് പറയുന്നു. വനങ്ങള്‍ അടക്കമുള്ള ആവാസ വ്യവസ്ഥകളെ പ്രതികൂലമായി ബാധിക്കും. കാട്ടുതീ വര്‍ദ്ധിക്കും.

ചിലയിടങ്ങളില്‍ ഉഷ്ണക്കാറ്റായും മറ്റ് ചില പ്രദേശങ്ങളില്‍ പ്രളയവുമാണുണ്ടാവുക. മണ്ണടിച്ചിലുകള്‍ വര്‍ദ്ധിക്കും. കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഹിമാലയന്‍ പര്‍വത നിരയുടെ മൂന്നില്‍ രണ്ട് ഭാഗവും നശിക്കുമെന്നാണ് ഐപിസിസി പറയുന്നത്. ആര്‍ട്ടിക്കിലും (ഉത്തര ധ്രുവം) കാര്യമായ മഞ്ഞുരുകലാണ് ഐപിസിസി പ്രവചിക്കുന്നത്. സമുദ്ര ആവാസ വ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിര്‍നിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന പവിഴപ്പുറ്റുകള്‍ക്ക് കാര്യമായ നാശമുണ്ടാകും. മത്സ്യസമ്പത്ത് നിലവിലുള്ളതിന്റെ കാല്‍ ഭാഗമായി ചുരുങ്ങും

പത്തിലധികം വിരലുകൾ ഉള്ളവരെ കണ്ടിട്ടുണ്ടാകും. എന്നാൽ ഒരു കുടുംബത്തിലെ 25 ആളുകൾക്കും പത്തിലധികം വിരലുകൾ ഉണ്ടായ അസാധാരണത്വം മധ്യപ്രദേശിലാണ്. പോളിഡാക്റ്റിലി എന്ന ജനിതകരോഗമാണ് ഇവരെ ബാധിച്ചിരിക്കുന്നത്. ചിലരുടെ കൈകളിലാണ് 10 വിരലുകളെങ്കിൽ ചിലർക്ക് കാലുകളിലാണ്.

കൂട്ടുകാർ കളിയാക്കുന്നതു കൊണ്ട് കുട്ടികള്‍ക്ക് സ്കൂളിൽ പോകാൻ സാധിക്കുന്നില്ലെന്ന് മുതിർന്നവർ പറയുന്നു. താഴ്ന്ന വരുമാനമുള്ള തങ്ങൾ സർക്കാരിനോട് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു. സാധാരണ ചെരിപ്പുകളൊന്നും ഇവരുടെ കാലിൽ പാകമാകാറില്ല. ഈ ശാരീരികാവസ്ഥ മൂലം കുടുംബത്തിൽ പലർക്കും ജോലി ലഭിക്കാനും ബുദ്ധിമുട്ടാണ്.

പുരുഷൻമാരിൽ മാത്രം മൂത്രാശയത്തിന്റെ താഴെയായി കാണുന്ന വാൽനട്ടിന്റെ വലുപ്പമുള്ള ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. പുരുഷൻമാരിൽ കാൻസര്‍ വരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. 65 വയസ്സു പിന്നിട്ടവരിലാണ് കൂടുതലും പ്രോസ്റ്റേറ്റ് കാൻസർ കാണപ്പെടുന്നത്. പ്രായം കൂടുന്തോറും ഈ രോഗസാധ്യതയും കൂടും.

രോഗം നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കുന്ന ലക്ഷണങ്ങളൊന്നും പ്രകടമാകില്ലെന്നതാണു പ്രത്യേകത. വളരെയധികം വ്യാപിച്ചതിനു ശേഷമേ ലക്ഷണങ്ങളായി പുറത്തു വരാറുള്ളു. വളരെ നേരത്തേതന്നെ രോഗം കണ്ടുപിടിക്കാൻ രക്തത്തിലെ പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ (PSA) എന്ന പ്രോട്ടീന്റെ അളവു സഹായിക്കും. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങൾ ഉൽപാദിപ്പിക്കുന്നതാണ് ഈ പ്രോട്ടീൻ. പിഎസ്എയുടെ അളവ് കൂടിയിരുന്നാൽ ബയോപ്സി പരിശോധന നടത്തേണ്ടി വരും. ഇതുവഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

പാരമ്പര്യ ഘടകങ്ങൾ പ്രോസ്റ്റേറ്റ് കാൻസറിനു കാരണമാകാറുണ്ട്. അച്ഛനോ സഹോദരങ്ങൾക്കോ പ്രോസ്റ്റേറ്റ് കാൻസറുണ്ടെങ്കിൽ കാൻസറിന്റെ സാധ്യത കൂടുതലാകും. അടുത്ത ബന്ധുക്കളിലെ പ്രോസ്റ്റേറ്റ് കാൻസറും സാധ്യത വർധിപ്പിക്കുന്നു.

പുകവലി ഈ രോഗത്തിന്റെ വളർച്ചയ്ക്കും വ്യാപനത്തിനും കാരണമാകുന്നുണ്ട്. പുകയിലയിലെ കാഡ്മിയവും പുകവലി മൂലമുള്ള ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളും മറ്റു വ്യത്യാസങ്ങളുമാണ് ഇതിനു കാരണം. ലൈംഗിക അച്ചടക്കമില്ലായ്മയും ധാരാളം പങ്കാളികളുണ്ടാകുന്നതും അണുബാധയ്ക്കു കാരണമാകുകയും കാൻസറിലേക്കു വഴിതെളിക്കുകയും ചെയ്യും. പൊണ്ണത്തടി ഈ കാൻസറിന്റെ സങ്കീർണതയും വ്യാപനവും കൂട്ടും.

അമേരിക്കക്കാരെ അപേക്ഷിച്ച് ഇന്ത്യക്കാരിൽ ഈ രോഗസാധ്യത കുറവാണ്. രോഗത്തിന്റെ ഗ്രേഡനുസരിച്ച് അതിന്റെ സ്വഭാവം വ്യത്യസ്തമായിരിക്കും. കുറഞ്ഞ ഗ്രേഡിലുള്ള കാൻസറുകൾ വലിയ അപകടകാരികളല്ല. ഉയർന്ന ഗ്രേഡിലുള്ളവ വലിയ അപകടമുണ്ടാക്കുന്നു.

യോനിയെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ നീക്കാനും അവബോധനത്തിനുമായി ലണ്ടനില്‍ മ്യൂസിയം ഒരുങ്ങുന്നു. ലോകത്തിലെ ആദ്യ യോനി മ്യൂസിയം നവംബറില്‍ തുറക്കാനാണ് തീരുമാനം. ക്രൗഡ് ഫണ്ടിംഗിലൂടെ സ്വരുക്കൂട്ടിയ 44.39 ലക്ഷം രൂപ ചെലവിലാണ് മ്യൂസിയം ഒരുങ്ങുന്നത്. ഐസ്ലാന്‍ഡില്‍ ലിംഗത്തിന് വേണ്ടി മ്യൂസിയം നിര്‍മ്മിച്ചതില്‍ നിന്നാണ് യോനി മ്യൂസിയം എന്ന ആശയത്തിലേക്കെത്തിയതെന്ന് സ്ഥാപക ഫ്‌ലോറന്‍സ് ഷെന്റര്‍ പറയുന്നു.

യോനിക്ക് വേണ്ടിയുള്ള ലോകത്തിലെ ഇത്തരത്തിലെ ആദ്യ സംരംഭമാണ് ഇതെന്ന് ഫ്‌ലോറന്‍സ് കൂട്ടിച്ചേര്‍ത്തു. ക്രൗഡ് ഫണ്ടിംഗ് രീതിയിലൂടെ ഇത്രയധികം പണം ഈ ആവശ്യത്തിലേക്ക് ലഭിക്കുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ ആളുകളില്‍ നിന്ന് ലഭിച്ചത് മികച്ച പ്രതികരണമാണെന്ന് മ്യൂസിയം മാനേജര്‍ സോയി വില്യംസ് പറയുന്നു. യോനിയെ സംബന്ധിച്ച വിജ്ഞാനപ്രദമായ പരിപാടികളും നാടകങ്ങളും മ്യൂസിയത്തില്‍ ഉണ്ടാവുമെന്നാണ് ഫ്‌ലോറന്‍സ് പറയുന്നത്.

നവംബര്‍ 16നാണ് മ്യൂസിയം തുറക്കുക. ലണ്ടനിലേത് ഒരു താല്‍ക്കാലിക മ്യൂസിയമാണ്. സ്ഥിരമായ ഒരിടം മ്യൂസിയത്തോടുള്ള ആളുകളുടെ പ്രതികരണം മനസ്സിലാക്കിയ ശേഷം തീരുമാനിക്കുമെന്ന് ഫ്‌ലോറന്‍സ് പറയുന്നു.
സ്ത്രീ ശരീരത്തില്‍ ആവശ്യലധികം കെട്ടുകഥകളാണ് യോനിയെക്കുറിച്ച് പരന്നിട്ടുള്ളത്. ഇത് പ്രദര്‍ശിപ്പിച്ച് ബോധവല്‍ക്കരണം നടത്താതെ ഇത്തരം തെറ്റിദ്ധാരണകള്‍ മാറില്ലെന്നും ഫ്‌ലോറന്‍സ് പറയുന്നു.

ലോകത്താകമാനമുള്ള മധ്യവയസ്കരുടെ മരണ കാരണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന രോഗം കാന്‍സര്‍ ആണെന്ന് റിപ്പോര്‍ട്ട്. നേരത്തെ ഹൃദയാഘാതമായിരുന്നു ഈ സ്ഥാനത്തെങ്കില്‍ ഇന്നത്‌ കാന്‍സര്‍ ആയിരിക്കുകയാണെന്നാണ് കാനഡ മാക്മാസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്.

വികസിതരാജ്യങ്ങളില്‍ മധ്യവയസ്കര്‍ കാന്‍സര്‍ മൂലം മരിക്കുന്ന നിരക്ക് അടുത്തിടെയായി രണ്ടരഇരട്ടിയായി മാറിയിരിക്കുകയാണെന്ന് ഈ പഠനം പറയുന്നു. 21 രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകളെ പഠിച്ച ശേഷമാണ് ഈ കണ്ടെത്തല്‍. എന്നാല്‍ അവികസിതരാജ്യങ്ങളില്‍ കാന്‍സറിന്റെ സ്ഥാനത്തു ഹൃദ്രോഗമാണ് മധ്യവയസ്കരെ കൂടുതല്‍ ബാധിക്കുന്നത്.

പത്തു വര്‍ഷത്തോളം നടത്തിയ പഠനത്തില്‍ 160,000 ആളുകളാണ് പങ്കെടുത്തത്. ഇവരില്‍ എല്ലാവരുടെയും ശരാശരി പ്രായം 50 ആയിരുന്നു. പഠനകാലയളവില്‍ 11,000 ആളുകള്‍ മരിച്ചു. ഇവരില്‍ മിക്കവര്‍ക്കും കാന്‍സര്‍ ആയിരുന്നു. 2,000 പേരുടെ മരണകാരണം കണ്ടെത്താന്‍ സാധിച്ചില്ല. വരുമാനം കുറഞ്ഞ രാജ്യങ്ങളിലെ ജനങ്ങളുടെ മരണനിരക്കില്‍ ഹൃദ്രോഗം വില്ലനാകുമ്പോള്‍ വികസിതരാജ്യങ്ങളില്‍ കാന്‍സര്‍ തന്നെയാണ് മരണത്തിനു കൂടുതലും കാരണമാകുന്നത്.

ഇലക്ട്രോണിക് സിഗരറ്റു’കളുടെയും ഇ-ഹുക്കകളുടെയും ഉൽപാദനവും വിൽപ്പനയും രാജ്യത്ത് ശിക്ഷാർഹമായ കുറ്റകൃത്യമായി മാറിയിരിക്കുകയാണ്. ഇതിനായി ഒരു ഓർഡിനൻസിന് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകി. ഇറക്കുമതിക്കും നിരോധനമുണ്ട്. നിയമലംഘനത്തിന് ജയിൽശിക്ഷ അടക്കമുള്ള വ്യവസ്ഥകളാണ് ഓർഡ‍ിനൻസിലുള്ളത്.ആറ് മാസം തടവും 50,000 വരെ പിഴയും ലഭിച്ചേക്കാം ഇതിന്. ഓർഡിനൻസ് നിലവിൽ വരുന്ന തിയ്യതി മുതൽ ഈ സ്റ്റോക്ക് സംബന്ധിച്ചുള്ള വിവരം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ കടയുടമകൾ അറിയിക്കേണ്ടതാണ്.

ഇത്തരം സിഗരറ്റുകൾ നിർമിക്കുക, ഇറക്കുമതി ചെയ്യുക, കയറ്റുമതി ചെയ്യുക, വിതരണം ചെയ്യുക, വിൽക്കുക, കടത്തുക, പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഒരു വർഷം വരെ തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാം.

സർക്കാരിന്റെ ഉദ്ദേശ്യം?

ജനങ്ങളുടെ ആരോഗ്യത്തെ വലിയതോതില്‍ ബാധിക്കുന്നുവെന്നാണ് സർക്കാർ ഇ സിഗരറ്റുകളെ സംബന്ധിച്ച് ചൂണ്ടിക്കാട്ടുന്ന പ്രശ്നം. ഇവയുടെ ഉപയോക്താക്കൾ ചില രോഗങ്ങൾക്ക് അടിപ്പെടുന്നുണ്ട്. “ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഇ സിഗരറ്റുകളുടെ നിരോധനം സഹായിക്കുന്നു. ഇ സിഗരറ്റുകൾക്ക് അടിമയായിപ്പോകുന്ന യുവാക്കളെയും കുട്ടികളെയും അതിൽ നിന്നും രക്ഷിക്കേണ്ടതുണ്ട്. പുകയില ഉപഭോഗം കുറയ്ക്കുന്നതിനൊപ്പം അതുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങളെയും രോഗങ്ങളെയും കുറയ്ക്കാൻ ഈ നിരോധനം സഹായകമാകും.”

അതെസമയം, ഇ സിഗരറ്റുകൾ സാധാരണ സിഗരറ്റുകളെക്കാൾ കുറഞ്ഞ അപകടമാണ് ശരീരത്തിന് വരുത്തുകയെന്ന വാദത്തെ ചർച്ചയ്ക്കെടുക്കാൻ കേന്ദ്ര സർക്കാരിന് താൽപര്യമില്ലെന്നും കാണാം. കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുദാൻ പറയുന്നത് കേൾക്കുക: “ഇതുണ്ടാക്കുന്ന അപകടം ചെറുതോ വലുതോയെന്ന് എന്തിനാണ് നമ്മൾ ചർച്ച ചെയ്യുന്നത്? നിരോധനം ഒരു നല്ല നീക്കമാണ്,” കാബിനറ്റ് ബ്രീഫിങ്ങിനിടെ അവർ പറഞ്ഞു.

പല സിഗരറ്റ് വലിക്കാരും ഇ സിഗരറ്റ് മുഖാന്തിരം തങ്ങൾ സിഗരറ്റ് വലിയുടെ അളവ് കുറച്ചെന്ന് പറയുന്നുണ്ടെങ്കിലും മൊത്തം നിക്കോട്ടിൻ ഉപഭോഗത്തിൽ മാറ്റമൊന്നും വന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു.

സിഗരറ്റ് കമ്പനികളുടെ വാദം?

നിരോധനം നടപ്പാക്കിയ കേന്ദ്ര നീക്കത്തെ വിരോധാഭാസമെന്നും കിറുക്കെന്നുമാണ് ഇ സിഗരറ്റ് നിർമാതാക്കളുടെ യോഗമായ ട്രെൻഡ്സ് (The Trade Representatives of Electronic Nicotine Delivery Systems) പറയുന്നത്. പുകവലിക്ക് ഒരു സുരക്ഷിതമായ ബദൽ തന്നെയാണ് ഇ സിഗരറ്റുകളെന്ന് ട്രെൻഡ്സ് കൺവീനർ പ്രവീൺ റിഖി പറയുന്നു. ഏറ്റവും അപകടകാരിയായ ഉൽപ്പന്നം തുടർന്നും വിൽക്കാൻ അനുമതിയുണ്ട് എന്നതാണ് വലിയ വിരോധാഭാസമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വളരെ ആസൂത്രിതമായി തെരഞ്ഞെടുത്ത ശാസ്ത്രീയ, വൈദ്യ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിരോധനം നടപ്പാക്കിയിരിക്കുന്നതെന്നും ട്രെൻഡ്സ് ആരോപിക്കുന്നു. തങ്ങളിലൊരാളുടെ പോലും അഭിപ്രായം ആരായാതെയാണ് സർക്കാർ ഈ നീക്കം നടത്തിയത്. ഇത് ജനാധിപത്യ വിരുദ്ധമാണ്. ഏതാണ് 70 വികസിത രാജ്യങ്ങളിൽ ഇ സിഗരറ്റുകൾ നിയമം മൂലം അനുവദനീയമാണെന്ന കാര്യവും പ്രവീൺ റിഖി ചൂണ്ടിക്കാട്ടി. ശക്തരായ പുകയില ലോബികളും പുകയില വിരുദ്ധ ലോബികളും തങ്ങൾക്കെതിരെ ഒന്നിച്ചുവെന്നും അത് സർക്കാരിനെ സ്വാധീനിച്ചുവെന്നുമുള്ള ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. തങ്ങൾ എംപിമാരുമായി കൂടിക്കാഴ്ച നടത്തുകയും കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുമെന്ന് ട്രെൻഡ്സ് പറയുന്നു.

നിരോധനം കൊണ്ട് സർക്കാരുണ്ടാക്കുന്ന നേട്ടമെന്ത്?

ഇ സിഗരറ്റ് നിരോധനത്തിന്റെ നേരിട്ടുള്ള ഗുണഭോക്താവ് സർക്കാർ തന്നെയാണ്. പുകയില ബിസിനസ്സിൽ സജീവമായ രണ്ട് കമ്പനികളിൽ സർക്കാരിന് നേരിട്ടും അല്ലാതെയും ഗണ്യമായ ഓഹരിയുണ്ട്. ഐടിസി ലിമിറ്റഡ്, വിഎസ്‌ടി ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നീ കമ്പനികളിലാണ് സർക്കാരിന് നിക്ഷേപമുള്ളത്.

നിരോധനം നടപ്പാക്കാനുള്ള കാബിനറ്റ് തീരുമാനം വന്നയുടനെ ഇരു കമ്പനികളുടെയും ഓഹരിവില ഉയരുകയുണ്ടായി. ഐടിസിയിൽ സർക്കാരിനും സർക്കാർ സ്ഥാപനങ്ങൾക്കും 28.64 ശതമാനം ഓഹരിയുണ്ട്. ഈ ഓഹരികളുടെ വില 1.03 ശതമാനം കണ്ട് ഉയരുകയുണ്ടായി.

ഈ വിപണി ഇന്ത്യയിൽ പുതിയതാണ്. എങ്കിലും ഭാവിയിൽ വലിയ വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. 2017ൽ 150 ലക്ഷം ഡോളറിന്റെ വിപണിയായിരുന്നു ഇത്. അന്നത്തെ വിശകലനങ്ങള്‍ പ്രകാരം ഈ വിപണി 2022ാമാണ്ടോടെ 60 ശതമാനം കണ്ട് വളരുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഈയിടെ നടന്ന ഒരു പഠനം പറയുന്നച് 2024ാമാണ്ടോടെ ഇ സിഗരറ്റ് വിപണി രാജ്യത്ത് 45.3 ദശലക്ഷം ഡോളറിന്റേതായി വളരുമെന്നാണ്.

നിലവിൽ രാജ്യത്ത് 460 ബ്രാൻഡുകളാണ് ഇ സിഗരറ്റ് രംഗത്തുള്ളത്. 7,700 ഫ്ലേവറുകളിൽ ഇവ ലഭിക്കുന്നു.

ഇ സിഗരറ്റുകൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ?

എന്തൊക്കെ അവകാശവാദങ്ങളുണ്ടായാലും നിക്കോട്ടിൻ തന്നെയാണ് സാധാരണ സിഗരറ്റുകളെപ്പോലെ ഇ സിഗരറ്റുകളിലും വില്ലൻ. ഇത്തരം സിഗരറ്റുകളോടും മനുഷ്യർ കീഴ്പ്പെട്ടു പോകുകയും അടിമയാകുകയും ചെയ്യുന്നു. സിഗരറ്റിലെ നിക്കോട്ടിനുണ്ടാക്കുന്ന എല്ലാ ആരോഗ്യപ്രശ്നവും ഇ സിഗരറ്റിലെ നിക്കോട്ടിനുമുണ്ടാക്കും. നിക്കോട്ടിൻ രക്തസമ്മർദ്ദം വർധിപ്പിക്കുകയും ഹൃദയ സ്പന്ദന നിരക്ക് കൂട്ടുകയും ചെയ്യുന്നു. ഹൃദയാഘാത സാധ്യത കൂടുതലാണ്.

ഉപയോക്താവ് വലിക്കുമ്പോൾ അത് സെൻസ് ചെയ്യുകയും തുടർന്ന് അകത്തുള്ള ബാറ്ററിയുടെ ഊർജ്ജമുപയോഗിച്ച് യന്ത്രസംവിധാനങ്ങൾ പ്രവർത്തിച്ച് ദ്രവരൂപത്തിലുള്ള നിക്കോട്ടിൻ നീരാവിയാക്കുന്നു. ഈ ആവിയാണ് വലിക്കുന്നയാൾ ആസ്വദിക്കുന്നത്. സംഗതി വളരെ സുഖകരമാണെങ്കിലും ഇങ്ങനെ നിരന്തരമായി ‘പുകയില ആവി’ കൊള്ളുന്നത് കുറെക്കാലം കഴിയുമ്പോള്‍ വലിയ രോഗങ്ങൾക്ക് കാരണമാകാം. ഇതോടൊപ്പം നിരവധി കെമിക്കലുകളുടെ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഇത് എന്തെല്ലാം പ്രശ്നങ്ങളുണ്ടാക്കുമെന്നതും വ്യക്തമല്ല.

കാലാവസ്ഥയ്ക്ക് വേണ്ടിയുള്ള ആഗോള സമരത്തിനു തുടക്കമായി. ലോകമെമ്പാടുമുള്ള നാലായിരത്തിലധികം സ്ഥലങ്ങളിൽ സമരം അലയടിക്കും. കാലാവസ്ഥാ അടിയന്തരാവസ്ഥയെക്കുറിച്ച് അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിക്കുന്നതിനാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന സമരത്തിന് തുടക്കം കുറിക്കുന്നത്. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെ സർക്കാരുകൾ അടിയന്തിര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ‘ഫ്രൈഡേയ്സ് ഫോർ ഫ്യൂചർ’ എന്ന സംഘടനയുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾ നടത്തുന്ന സമരമാണ് ഇപ്പോള്‍ മറ്റൊരു തലത്തില്‍ എത്തി നില്‍ക്കുന്നത്. മുന്‍ വെള്ളിയാഴ്ച സമരങ്ങളില്‍നിന്നും വ്യത്യസ്തമായി മുതിര്‍ന്നവരും സമരത്തില്‍ പങ്കെടുക്കും.

150 ലധികം രാജ്യങ്ങളിൽനിന്നുള്ള ദശലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. കാലാവസ്ഥാ പ്രതിസന്ധിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ സമരമായിരിക്കും ഇതെന്നാണ് ചിലര്‍ പറയുന്നത്. വെള്ളിയാഴ്ച സമരത്തിന് തുടക്കം കുറിച്ച പ്രമുഖ സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തകയായ ഗ്രെറ്റ തൻബെർഗ് ന്യൂയോർക്ക് സിറ്റിയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകും. ഫോസിൽ ഇന്ധനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്ന ഫോസിൽ ഇന്ധനം ഉത്പാദിപ്പിക്കുന്നവര്‍ അതിന്‍റെ ഫലമായി ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഉത്തരവാദികളാണെന്നും അവര്‍ പറയുന്നു.

സമരപരിപാടിയുടെ ഭാഗമായി കൊച്ചിയിൽ ‘ക്ലൈമറ്റ് മാർച്ച്‌’ സംഘടിപ്പിക്കുന്നുണ്ട്. കൊച്ചിയിൽത്തന്നെ ആദ്യമായാകും ഇത്തരത്തിൽ ഒരു മാർച്ച് സംഘടിപ്പിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണം, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുക, ഒറ്റത്തവണ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിക്കുക, മാലിന്യരഹിത പരിസരം എന്നിവയാണ് കേരളത്തില്‍ നിന്നും ഉയരുന്ന പ്രധാനപ്പെട്ട മുദ്രാവാക്യങ്ങള്‍. യു.എസിലും ചിലിയിലുമായി വരും ദിവസങ്ങളില്‍ നടക്കാന്‍പോകുന്ന യു.എൻ കാലാവസ്ഥാ ഉച്ചകോടിയുടെ ചുവടുപിടിച്ചാണ് കുട്ടികളുടെ നേതൃത്വത്തില്‍ ആഗോള സമരത്തിന് തുടക്കം കുറിക്കുന്നത്.

അപകടകരമായ കാലാവസ്ഥാ മാറ്റത്തില്‍ ലോക രാഷ്ട്രങ്ങള്‍ ജാഗ്രത പുലര്‍ത്തണം. അമേരിക്കയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഇതില്‍ നേതൃപരമായ പങ്കുവഹിക്കണം എന്ന് ഗ്രെറ്റ തൻബെർഗ് പറയുന്നു. സെപ്റ്റംബർ 23-ന് ന്യൂയോർക്കിലും ഡിസംബർ 2-13 തിയ്യതികളില്‍ സാന്റിയാഗോയിലുമായി നടക്കുന്ന കാലാവസ്ഥാ ഉച്ചകോടികളില്‍ പങ്കെടുക്കാന്‍ ഗ്രെറ്റ ഒരു വര്‍ഷത്തേക്ക് സ്കൂളില്‍നിന്നും ലീവെടുത്താണ് എത്തിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ചവറ്റുവീപ്പയായി എവറസ്റ്റ് മാറുകയാണ്. മഞ്ഞിനടിയിൽ നിന്ന് വെളിപ്പെട്ടത് ടൺ കണക്കിന് മാലിന്യങ്ങളും, നിരവധി മൃതദേഹങ്ങളുമാണ്. എവറസ്റ്റ് കീഴടക്കാനുള്ള പരിശ്രമങ്ങൾക്കിടയിൽ കൊടുമുടി മുകളിൽ മരിച്ചുവീഴുന്നവരുടെ മൃതദേഹങ്ങൾ തിരിച്ച് താഴെയെത്തിക്കാൻ ആരും ശ്രമിക്കാറില്ല. ഇത്തരത്തിൽ ഇരുന്നൂറിലധികം മൃതദേഹങ്ങൾ പലയിടത്തായി മലമുകളിൽ കിടപ്പുണ്ട്. മഞ്ഞുമൂടിക്കിടക്കുന്നതുകൊണ്ട് അളിഞ്ഞുപോവുകയോ ദുർഗന്ധം വമിക്കുകയോ ഒന്നും ചെയ്തിരുന്നില്ല. ഈ മൃതദേഹങ്ങളിലെ ഉടുപ്പുകളുടെയും ഗ്ലൗസുകളുടെയും ഒക്കെ നിറം വെച്ച് ഇവ യാത്രക്കാർ വഴിയടയാളങ്ങളായി പ്രയോജനപ്പെടുത്തിപ്പോന്നിരുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായി എവറസ്റ്റ് കൊടുമുടിയിൽ ഐസ് ഉരുകുന്നത് വർഷം തോറും വർദ്ധിക്കുമ്പോൾ, മലകയറുന്നവർ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ, മനുഷ്യ മാലിന്യങ്ങൾ, മൃതദേഹങ്ങൾ എന്നിവ ഉൾപ്പെടെ മലനിരകളിൽ അവശേഷിക്കുന്ന മലിനീകരണം വെളിപ്പെടുത്തുന്നു.

വൈസ് പറയുന്നതനുസരിച്ച്, വർഷങ്ങളായി കുഴിച്ചിട്ടിരുന്ന മൃതദേഹങ്ങളും മറ്റ് മാലിന്യങ്ങളും ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയുടെ മഞ്ഞുരുകാൻ തുടങ്ങുമ്പോൾ വീണ്ടും ദൃശ്യമാകാൻ തുടങ്ങി.

എവറസ്റ്റിൽ മുകളിൽ 200 മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതായി കണക്കാക്കുന്നു. ഇവയിൽ 1996-ൽ പർവതത്തിൽ വച്ച് മരണമടഞ്ഞ സെവാങ് പാൽജോർ എന്ന ഇന്ത്യൻ മനുഷ്യന്റെ മൃതദേഹമായ ‘ഗ്രീൻ ബൂട്ട്സ്’ പോലുള്ളവയാണ്. കൊടുമുടിയിൽ നിന്ന് അവർ എത്ര ദൂരെയാണെന്ന് കണക്കാക്കാൻ മലകയറ്റക്കാർ അദ്ദേഹത്തിന്റെ മൃതദേഹം ഒരു മാർക്കെർ പോലെ ഉപയോഗിച്ചു. ബി‌ബി‌സി പറയുന്നതനുസരിച്ച്, പൽ‌ജോറിൻറെ മൃതദേഹം നീക്കിയിട്ടുണ്ടെങ്കിലും എവിടെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല

2019 -ൽ പർവ്വതാരോഹണത്തിനിടെയുണ്ടായ ഒരു കൊടുങ്കാറ്റ് പന്ത്രണ്ടുപേരുടെ ജീവനാണ് അപഹരിച്ചത്. ഇരുനൂറോളം പർവ്വതാരോഹകർ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി നിൽക്കുന്നതിന്റെ ചിത്രങ്ങൾ അന്ന് വൈറലായിരുന്നു. ഈ വർഷം ഇതുവരെ 383 പേർക്ക് എവറസ്റ്റ് കീഴടക്കാനുള്ള ക്ലൈംബിങ് ലൈസൻസ് നൽകിയ നേപ്പാളീസ് സർക്കാരും ഈ വിഷയത്തിൽ കടുംവെട്ട് നടത്തിക്കൊണ്ടിരിക്കുകയാണ്. ഈയിനത്തിൽ സർക്കാരിന് പിരിഞ്ഞു കിട്ടിയത് ഏതാണ്ട് 30 കോടി രൂപയാണ്. അതുകൊണ്ടുതന്നെ നേപ്പാൾ സർക്കാരിന് എവറസ്റ്റിൽ നടക്കുന്ന മാലിന്യ നിക്ഷേപങ്ങൾ കീറാമുട്ടിയായിരിക്കുകയാണ്. ഏകദേശം ഒരു നൂറ്റാണ്ടുമുമ്പേ എവറസ്റ്റിൽ പർവ്വതാരോഹണദൗത്യങ്ങൾ നടന്നുവരുന്നു. ആദ്യമായി ഒരു വൃത്തിയാക്കൽ യജ്‌ഞം നടന്നത് 1996 -ലാണ്. അന്ന്, ഏകദേശം ഏഴു ടണ്ണോളം മാലിന്യങ്ങൾ നീക്കം ചെയ്യപ്പെട്ടിരുന്നു.

ഐസിൽ ഉറഞ്ഞു കിടക്കുന്ന ഒരു മൃതദേഹത്തിന് ഫലത്തിൽ 160 കിലോഗ്രാമിലധികം ഭാരം വരും. വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച നേപ്പാളി ഷെർപ്പകൾക്കു മാത്രമാണ് ആ മൃതദേഹങ്ങളെ താഴെ ബേസ് ക്യാമ്പിലേക്ക് എത്തിക്കാനുള്ള ശേഷിയുള്ളത്. ലക്ഷക്കണക്കിന് രൂപ ചെലവുവരുന്ന ഒരു പ്രവൃത്തിയാണ് കൊടുമുടിയിൽ മൃതദേഹങ്ങൾ അടക്കമുള്ള മാലിന്യങ്ങളുടെ വൃത്തിയാക്കൽ നടത്തുക എന്നത്. എവറസ്റ്റ് മലിനമാക്കപ്പെടുന്നു എന്ന പരാതികൾ കൂടിയതോടെ 2014 മുതൽ വൃത്തിയാക്കാനുള്ള ചെലവിലേക്ക് മൂന്നു ലക്ഷം രൂപ കെട്ടി വെച്ചാൽ മാത്രമേ കയറ്റിവിടൂ എന്ന നിയമവും നേപ്പാളീസ് സർക്കാർ കൊണ്ടുവന്നിരുന്നു.

മുപ്പതു ടണ്ണിൽ അധികം മാലിന്യം കൊടുമുടി മുകളിൽ ഇനിയുമുണ്ടെന്നാണ് അനുമാനം. കഴിഞ്ഞ മാസം ഡിസ്പോസബിൾ പ്ലാസ്റ്റിക് എവറസ്റ്റ് പരിസരത്ത് നിരോധിച്ചിരുന്നു സർക്കാർ. പരിചയക്കുറവുള്ളവർ മലകയറുന്നത് കൊണ്ടുണ്ടാകുന്ന മരണങ്ങൾ ഒഴിവാക്കാൻ, നേപ്പാളിലെ തന്നെ എവറസ്റ്റിനേക്കാൾ ഉയരം കുറഞ്ഞ മറ്റേതെങ്കിലും കൊടുമുടി കീഴടക്കിയതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ മാത്രമേ എവറസ്റ്റിലേക്ക് വിടുന്നുള്ളൂ ഇപ്പോൾ.

എപ്പോഴും ചെറുപ്പമായി കഴിയാന്‍ ആഗ്രഹമില്ലാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ എന്നും യൗവ്വനമായി ഇരിക്കാനുള്ള വിദ്യയുമായി ശാസ്ത്രലോകം എത്തുകയാണ് എന്നറിഞ്ഞാല്‍ നിങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കും. യൗവ്വനം നിലനിര്‍ത്തുന്ന മരുന്ന് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. സെനോലിറ്റിക്‌സ് ശാസ്ത്രം ഉപയോഗിച്ച് ഇത് സാധ്യമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ വാദിക്കുന്നത്.

ആയുര്‍ദൈര്‍ഘ്യത്തെ കുറിച്ച് പഠിക്കുന്ന മിക്ക ശാസ്ത്രജ്ഞരും ആയുര്‍ദൈര്‍ഘ്യത്തേക്കാള്‍ കൂടുതല്‍ ‘ആരോഗ്യദൈര്‍ഘ്യത്തിനാണ്’ പ്രാധാന്യം നല്‍കുന്നത്. അതായത്, പ്രായംകൂടും തോറും വേദനകളും അസുഖങ്ങളും കുറച്ചു കൊണ്ട് മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ മനുഷ്യരെ സഹായിക്കുക. അത് ജീവിതത്തിന്റെ മദ്ധ്യകാലം പിന്നിട്ടവര്‍ക്ക് ഗുണകരമായിരിക്കും. ‘ആരോഗ്യകരമായ വാര്‍ദ്ധക്യം’ എന്നത് വലിയൊരു പദ്ധതിയാണ് അതുകൊണ്ട് പ്രായമായ രോഗികള്‍ക്കും സര്‍ക്കാരുകള്‍ക്കും ധാരാളം മെച്ചമുണ്ടാകും’ എന്ന് കണക്റ്റിക്കട്ട് യൂണിവേഴ്‌സിറ്റിയിലെ ഏജിംഗ് സെന്റര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ മിംഗ് സൂ പറയുന്നു. വാര്‍ദ്ധക്യമാണ് പല വിട്ടുമാറാത്ത രോഗങ്ങളും കൂടുതല്‍ അപകടകരമാക്കുന്നത്. വാര്‍ദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ഒപ്പം രോഗങ്ങള്‍ പിടിപെടുന്നത് തടയുകയുമാണ് സെനോലിറ്റിക്‌സിന്റെ പ്രധാന ലക്ഷ്യമെന്ന് മിംഗ് സൂ വ്യക്തമാക്കി.

ലോകത്തെ മികച്ച ജെറോന്റോളജിസ്റ്റുകളില്‍ പലരും ഇതിനകം മൃഗങ്ങളില്‍ സെനോലിറ്റിക്‌സ്. മരുന്ന് പരീക്ഷിച്ച് തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ മനുഷ്യരില്‍ നടന്ന ചില ക്ലിനിക്കല്‍ പരീക്ഷണങ്ങളും നല്ല ഫലങ്ങളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. പഠനങ്ങള്‍ പ്രതീക്ഷിച്ചത്ര വിജയകരമായി തുടരുകയാണെങ്കില്‍ നിലവില്‍ മധ്യവയസ്‌കരായവര്‍ക്ക് കൂടുതല്‍ കാലം യുവത്വം നിലനിര്‍ത്തുന്നവരുടെ ആദ്യ തലമുറയാകാം.

ലണ്ടൻ : മറ്റു യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് യുകെയിലെ ക്യാൻസർ അതിജീവന നിരക്ക് കുറവാണെന്ന് തെളിയിക്കുന്ന പഠനങ്ങൾ പുറത്തുവന്നു. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യുകെയിൽ രോഗനിർണ്ണയം നടത്തിയ ശേഷം അഞ്ച് വർഷങ്ങൾ മാത്രമേ രോഗി ജീവിച്ചിരിക്കുന്നുള്ളൂ എന്ന് പഠനത്തിൽ പറയുന്നു. 1994 മുതൽ 2014 വരെ, 20 വർഷത്തോളം നീണ്ട പഠനം നടത്തിയത് സ്വീഡിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത്‌ എക്കണോമിക്സ് ആണ്. 2010 മുതൽ 2014 വരെ നടത്തിയ പഠനങ്ങൾ ആണ് ലാൻസെറ്റ് ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ചത്. 7 തരത്തിലുള്ള ക്യാൻസർ രോഗങ്ങളിൽ 5 എണ്ണത്തിലും അതിജീവന നിരക്കിൽ ഓസ്ട്രേലിയ, ഡെൻമാർക്ക്‌, ന്യൂസ്‌ലാൻഡ്, കാനഡ, അയർലണ്ട്, നോർവേ എന്നീ രാജ്യങ്ങൾക്ക് പിന്നിലായാണ് ബ്രിട്ടന്റെ സ്ഥാനം.

1995നും 2012നും ഇടയിൽ പുതിയ ക്യാൻസർ കേസുകളുടെ എണ്ണം യുകെയിൽ 12 ശതമാനവും യൂറോപ്പിലുടനീളം 31 ശതമാനവും വർധിച്ചിട്ടുണ്ട്. 2014ൽ യുകെ, ജിഡിപിയുടെ 9.1 ശതമാനം ആരോഗ്യസംരക്ഷണത്തിനായി ചിലവഴിച്ചു. എന്നാൽ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒരു വ്യക്തിക്ക് ക്യാൻസറിനായി യുകെ ചിലവഴിക്കുന്നത് കുറവാണെന്നും പഠനങ്ങളിലൂടെ കണ്ടെത്തി. സ്റ്റാഫുകളുടെയും റേഡിയോളജിസ്റ്റുകളുടെയും കുറവ് മൂലം നേരത്തെ രോഗനിർണ്ണയം നടത്താൻ കഴിയുന്നില്ലെന്നും അത് പരിഹരിക്കേണ്ടത് നമ്മുടെ ആവശ്യമാണെന്നും ക്യാൻസർ റിസർച്ച് യുകെയിലെ സാറ ഹിയോം പറഞ്ഞു. മിക്ക ക്യാൻസറുകളും നിർണ്ണയിക്കുന്നത് മൂന്നോ നാലോ ഘട്ടത്തിൽ എത്തുമ്പോൾ ആണ്. ഇത് അപകടസാധ്യത വർധിപ്പിക്കുന്നു. ഈ റിപ്പോർട്ട് കാലഹരണപ്പെട്ട ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും പഠന ഗവേഷണം അവസാനിച്ച് അഞ്ച് വർഷത്തിനുള്ളിൽ, ക്യാൻസർ അതിജീവനം യഥാർത്ഥത്തിൽ റെക്കോർഡ് ഉയരത്തിലെത്തിയെന്നും എൻഎച്ച്എസിന്റെ വക്താവ് അഭിപ്രായപ്പെട്ടു.

RECENT POSTS
Copyright © . All rights reserved