Health

അമിതവണ്ണം കുറയ്ക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു. അടുത്ത ദിവസം ആശുപത്രി വിടും. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആദ്യത്തെ ബാരിയാട്രിക് ശസ്ത്രക്രിയയാണ് ഇത്.

അടൂര്‍ പഴകുളം ആദിത്യനിവാസില്‍ 135 കി.ഗ്രാം ഭാരമുണ്ടായിരുന്ന ശ്രീജയ്ക്കാണ് (39) വെള്ളിയാഴ്ച ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ഇവര്‍ക്കു ദൈനംദിന ജോലികള്‍ പോലും ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു.10 വര്‍ഷം മുന്‍പു പ്രസവ ശേഷമാണു ശ്രീജ വണ്ണം വച്ചു തുടങ്ങിയത്. തുടര്‍ന്നു പ്രമേഹവും ശ്വാസതടസവും പിടിപെട്ടു.

6 മാസത്തിനുള്ളില്‍ വണ്ണം, പടിപടിയായി കുറഞ്ഞ് സാധാരണ നിലയിലെത്തുമെന്നു ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ സര്‍ജറി വിഭാഗം അഡീഷനല്‍ പ്രഫ ഡോ. എസ്.കെ. അജയകുമാര്‍ അറിയിച്ചു. സ്വകാര്യാശുപത്രിയില്‍ 6 ലക്ഷം രൂപ ചെലവു വരുന്ന ശസ്ത്രക്രിയ നാലിലൊന്ന് തുകയ്ക്കാണ് ചെയ്തതെന്നു സൂപ്രണ്ട് ഡോ.ആര്‍.വി. രാംലാല്‍ അറിയിച്ചു.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

സ്‌കോട് ലാൻഡ് : 12 വയസ്സിൽ താഴെയുള്ള കുട്ടികൾ പന്ത് ഹെഡ് ചെയ്തു പ്രാക്ടീസ് ചെയ്യുന്നത് തലച്ചോറിന് ക്ഷതമുണ്ടാക്കുക വഴി മരണകാരണമാകുന്നു എന്ന് റിപ്പോർട്ട്‌. ഇതിനെ തുടർന്ന് സ്കോട്ട് ഫുട്ബോൾ അസോസിയേഷൻ ചെറിയ കുട്ടികൾ പന്ത് ഹെഡ് ചെയ്യുന്നത് നിരോധിച്ചു. പ്രൊഫഷണൽ ഫുട്ബോൾ കളിക്കാർക്ക് തലച്ചോറിനുണ്ടാകുന്ന ക്ഷതം മൂലം മരിക്കാനുള്ള സാധ്യത സാധാരണക്കാരേക്കാൾ മൂന്നര ഇരട്ടി അധികം ആണെന്നാണ് പഠനം. ഇത് കണ്ടെത്തിയത് ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി ആരോഗ്യ വിദഗ്ദ്ധരാണ്.യു എസിൽ ഈ നിരോധനം 2014 മുതൽ നിലവിൽ ഉണ്ട്.

ആരോഗ്യ വിദഗ്ദ്ധരുമായി കൂടുതൽ ചർച്ച നടത്താൻ അസോസിയേഷൻ തീരുമാനിച്ചു. നിരോധനം ഉടനെ നടക്കാൻ ഇരിക്കുന്ന നാഷണൽ ഗെയിംസിനെ ബാധിക്കും എന്ന് നിരീക്ഷണം ഉണ്ട്. കണ്ടെത്തൽ മൂലം ഗെയിംസിൽ അപ്പാടെ മാറ്റങ്ങൾ വരുത്താൻ സാധ്യമല്ലെങ്കിലും ചർച്ചകൾക്കുശേഷം കൂടുതൽ കാര്യങ്ങൾ അറിയിക്കുമെന്ന് പ്രതിനിധികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. കളിയിൽ ഹെഡ് ചെയ്യുന്നത് നിരോധിക്കാൻ സാധിക്കില്ല പക്ഷെ പ്രാക്ടീസ് നടത്തുമ്പോൾ തുടർച്ചയായി തലകൊണ്ട് പന്ത് നിയന്ത്രിക്കുന്നത് നിർത്തലാക്കാൻ കഴിയും.

കഴിഞ്ഞ ആഴ്ച മാധ്യമപ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിൽ സ്കോട്ടിഷ് ഫുട്ബോൾ അസോസിയേഷൻ ചീഫ് മെഡിക്കൽ കൺസൽറ്റൻഡ് ആയ ഡോക്ടർ ജോൺ മൿബീൻ കുട്ടികൾ പന്ത് ഹെഡ് ചെയ്യുന്നതിനെതിരെ നിലപാട് വ്യക്തമാക്കിയിരുന്നു. ജെഫ് അസൽ എന്ന ഫുട്ബോൾ കളിക്കാരൻ തലക്ക് ഏറ്റ ക്ഷതം കാരണം മരണപ്പെട്ടിരുന്നു

ശാരീരിക ബന്ധം എന്നു പറഞ്ഞാൽ കുട്ടികളെ ജനിപ്പിക്കുവാന്‍ മാത്രമുള്ളയെന്തോ ഒരു പ്രക്രിയയായി മാത്രം കാണുന്നവര്‍ ഇന്നും നമുക്കിടയിലുണ്ട്.മധുവിധു നാളുകളില്‍ പോലും അവന്‍ അവളുടെ നഗ്‌നത ഇരുട്ടിലല്ലാതെ അനുഭവിച്ചിട്ടില്ല.നീണ്ട ഒരു മാസം അവന് കാത്തിരിക്കേണ്ടി വന്നു. അവളോടൊന്നാകുവാന്‍. അവള്‍ക്ക് ഭയമാണ്. എന്താണ് സെക്‌സ് എന്ന് അവള്‍ക്ക് അറിയില്ല. ആകെയറിയാവുന്നത് കുട്ടികളെ ഉണ്ടാക്കുവാന്‍ വേണ്ടി ഒരു പുരുഷനും സ്ത്രീയും കൂടി ചെയ്യുന്ന ഒരു ശാരീരിക പ്രക്രിയ എന്ന് മാത്രമാണ്.

രക്ഷകര്‍ത്താക്കള്‍ ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും സെക്‌സിനെ കുറിച്ചു പറഞ്ഞു കൊടുക്കണം.വേറെ ആരാണ് അവര്‍ക്ക് പറഞ്ഞു കൊടുക്കേണ്ടത്?തെറ്റായ അറിവുകള്‍ കൂട്ടുകാരില്‍ നിന്നും ലഭിക്കുന്നതില്‍ എത്രയോ നല്ലതാണ് രക്ഷകര്‍ത്താക്കളില്‍ നിന്നും ശരിയായ അറിവ് ലഭിക്കുന്നത്.ഇതുപോലെ വേറെയും സ്ത്രീകളുടെ അനുഭവങ്ങള്‍ കേട്ടിട്ടുണ്ട്. അവന് ആവശ്യം വരുമ്ബോള്‍ മാത്രം നിര്‍വികാരതയോടെ കിടന്നു കൊടുക്കുന്നവള്‍.

പുരുഷന് എന്ത് വേണമെന്ന് അവള്‍ക്ക് അറിയില്ല. അതുപോട്ടെ. അവള്‍ക്ക് എന്ത് വേണമെന്ന് അവനും അറിയില്ല.ഇതൊക്കെ പറയുമ്ബോള്‍ ഇപ്പോഴത്തെ പെണ്‍കുട്ടികളെ കുറിച്ചാണോ എന്ന് അതിശയം തോന്നാം.അതേ ഇപ്പോഴുമുണ്ട് ഇത്തരം പെണ്‍കുട്ടികളും ചില പുരുഷന്മാരും. കിടപ്പറയില്‍ അഞ്ചു മിനിറ്റ് മാത്രം ചെയ്യേണ്ട ഒന്നല്ല സെക്‌സ്.പുരുഷന് മാത്രം രതിമൂര്‍ച്ഛ വരുന്ന വരെ ചെയ്യേണ്ട ഒരു കാര്യമല്ലത്. സ്ത്രീയ്ക്കും അറിയാന്‍ അവകാശമുണ്ട്. അവളും രതിമൂര്‍ച്ഛ അറിയട്ടെ.

രതിമൂര്‍ച്ഛ അനുഭവിച്ച എത്ര മലയാളി സ്ത്രീകളുണ്ടാവും?ചില പുരുഷന്മാരുമുണ്ട്. അവരുടെ സുഖത്തെ കുറിച്ചു മാത്രം ചിന്തിക്കുന്നവര്‍. അവര്‍ക്ക് ശുക്ലസ്ഖലനം നടക്കുവാന്‍ വേണ്ടി അഞ്ചു മിനിറ്റ് മാത്രം സെക്‌സ് ചെയ്യുന്നവരുണ്ട്.ഭാര്യയ്ക്ക് എന്ത് വേണമെന്നോ, അവളുടെ ഇഷ്ടങ്ങള്‍ എന്തെന്നോ അറിയുവാന്‍ ശ്രമിക്കാത്ത പുരുഷന്മാരുണ്ട്.അവളുടെ ആവശ്യങ്ങള്‍ വാ തുറന്നു പറഞ്ഞൂടെ എന്നു ചോദിക്കുന്ന പുരുഷന്മാരോട്.

അവള്‍ അങ്ങനെയാണ്.എല്ലാം നിങ്ങളെപ്പോലെ വെട്ടിത്തുറന്ന് പറയണമെന്നില്ല. സ്‌നേഹിച്ചും, ചോദിച്ചും അറിയുവാന്‍ ശ്രമിക്കുക. അവള്‍ പറയും. തീര്‍ച്ച.അതുപോലെ കുട്ടികള്‍ ആയതിന് ശേഷം ഒരുമിച്ചു കിടക്കുകയോ, ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നത് വിരലില്‍ എണ്ണാവുന്ന തവണകളായി ചുരുങ്ങുന്നവരും ഉണ്ട്.ചിലരുടെ ചിന്ത അങ്ങനെയാണ്. അതുപോലെ ഒരു പ്രായം ആയാല്‍ 50, 60 വയസ്സിന് ശേഷം രണ്ടു കട്ടിലില്‍ അല്ലെങ്കില്‍ രണ്ടു മുറിയില്‍ ഉറങ്ങുന്ന ഭാര്യാഭര്‍ത്താക്കന്മാരെ കാണാം.

ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പ്രായപരിധി എന്തിന്?ഒരുമിച്ചു കിടക്കുന്നതില്‍ തെറ്റ് എന്താണ്?എന്നും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ മാത്രമല്ല ഒരുമിച്ചു കിടക്കുന്നത്.ആ മാറിലൊന്നു തല ചായ്ച്ചു ഉറങ്ങുവാന്‍. അതുമല്ലെങ്കില്‍ കരങ്ങള്‍ ആ നെഞ്ചില്‍ അമര്‍ത്തി ഉറങ്ങുമ്ബോള്‍ കിട്ടുന്ന ആ ആശ്വാസമൊന്ന് അറിയുവാന്‍.തുറന്ന് പരസ്പരം സംസാരിക്കുക. ഇഷ്ടങ്ങളും അനിഷ്ട്ടങ്ങളും നാണിക്കാതെ പറയുക.

ഒരു ജീവിതകാലം മുഴുവന്‍ നിങ്ങള്‍ കൂടെ കഴിയേണ്ട വ്യക്തിയോട് തുറന്ന് സംസാരിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ ആ ബന്ധത്തിലെന്തോ കുഴപ്പമില്ലേ?ഒരു ജീവിതം മുഴുവന്‍ പങ്കു വെക്കേണ്ട വ്യക്തിയോട് എല്ലാം തുറന്ന് പറയുക. അതിലൂടെ ലഭിക്കുന്ന സന്തോഷം അനിവചനീയമാണ്.ശ്രമിച്ചു നോക്കൂ.കുട്ടികള്‍ ഉണ്ടായാല്‍ മാറ്റി നിര്‍ത്തേണ്ട ഒന്നല്ല ശാരീരികബന്ധം.

അങ്ങനെ മനോഭാവമുള്ള സ്ത്രീകളെയും പുരുഷന്മാരെയും കണ്ടിട്ടുണ്ട്.സ്ത്രീകള്‍ക്ക് ഒരുപക്ഷേ കുട്ടികള്‍ ഉണ്ടായതിന് ശേഷം പല മാനസിക പിരിമുറുക്കങ്ങളിലൂടെ കടന്ന് പോകുമ്ബോള്‍ സെക്‌സ് എന്നത് ചിന്തകള്‍ക്കും അപ്പുറമാവാം.എന്നാലും സ്ത്രീകളെ, പുരുഷന്മാര്‍ക്ക് അപ്പോഴും സെക്‌സ് ആവശ്യമാണ്.നിങ്ങളുടെ മനസ്സും ശരീരവും സമ്മതിക്കുമ്ബോള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുക.കുട്ടികളായി എന്നത് സെക്‌സ് അസ്വദിക്കുവാതിരിക്കുവാനുള്ള ഒരു കാരണമല്ല.

ഗര്‍ഭിണിയായിരിക്കുമ്ബോള്‍ ചില സ്ത്രീകള്‍ അവരുടെ ശരീരത്തില്‍ തൊടാനോ, ശാരീരിക ബന്ധത്തിലേര്‍പ്പെടുവാനോ സമ്മതിക്കാറില്ല.വിരക്തി ചിലര്‍ക്ക് തോന്നാം. പക്ഷെ അതോന്നുമല്ലാതെ ഗര്‍ഭിണി ആയിരിക്കുമ്ബോള്‍ സെക്‌സ് പാടില്ല എന്നു പറഞ്ഞു ഭര്‍ത്താക്കന്മാരെ അടുപ്പിക്കാത്ത സ്ത്രീകളുമുണ്ട്.പല തെറ്റിദ്ധാരണകളും അതിന് കാരണമാണ്.ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടാം.മറുപിള്ള താഴ്ന്ന ചില ഗര്‍ഭാവസ്ഥയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാതെയിരിക്കുക. കാണിക്കുന്ന ഡോക്ടറോട് ഈ കാര്യങ്ങള്‍ ചോദിക്കുവാന്‍ മടിക്കേണ്ടതില്ല. സ്‌നേഹത്തോടെ ഒരു തലോടലോ, സംസാരമോ മതി വാക്കുകളുടെ പരിഭവങ്ങള്‍ക്ക് മേലെ പറക്കുവാന്‍. ശ്രമിച്ചു നോക്കൂ.കുഞ്ഞു കുഞ്ഞു കാര്യങ്ങളില്‍ വിവാഹബന്ധങ്ങളില്‍ മാറ്റം വരുത്തുവാന്‍ ശ്രമിക്കുക.

വളരെ വ്യത്യാസം ഉണ്ടാകും.ആരെങ്കിലും ഒരാള്‍ താഴ്ന്നു കൊടുക്കുക.
അത് എല്ലായ്‌പ്പോഴും ഒരാള്‍ ആകണമെന്നില്ല. രണ്ടു പേര്‍ക്കുമാവാം.പരസ്പരം സഹരിച്ചും, ക്ഷമിച്ചും, സ്‌നേഹിച്ചും ജീവിക്കുക.കഴിയുവോളം. ഇല്ലെങ്കില്‍ പരസ്പരം സംസാരിച്ചു തീരുമാനിക്കുക.സംസാരിച്ചാല്‍ തീരാവുന്ന പ്രശനങ്ങളാണ് ഒട്ടുമിക്ക കുടുംബങ്ങളിലും.പക്ഷെ പലരും സംസാരിക്കില്ല. ഉള്ളില്‍ കിടന്ന് നീറി നീറി സ്വയമുരുകി അവസാനം അതൊരു പൊട്ടിത്തെറിയിലൊടുങ്ങും.അപ്പോഴേയ്ക്കും വൈകി പോകാതെയിരിക്കട്ടെ.

Dr. ഷിനു ശ്യാമളൻ..

അനു എലിസബത്ത് തോമസ്, മലയാളം യുകെ ന്യൂസ് ടീം

അതിരാവിലെ ഓഫീസിലേക്ക് പോകുകയും രാത്രി വൈകി വീട്ടിലേയ്ക്ക് വരികയും ചെയ്യുന്ന ആളുകൾ ചിന്തിക്കാറുണ്ടോ പകൽ സമയങ്ങളിൽ തങ്ങൾക്ക് കാണാൻ കിട്ടാറില്ലാത്ത ഒരാളെക്കുറിച്ച് ? ആരെക്കുറിച്ചാണെന്നല്ലേ , നമ്മുടെ സൂര്യനെക്കുറിച്ച് തന്നെ. അധിക സമയം വെയിലത്ത്‌ നിന്നാലുള്ള പ്രശ്നങ്ങളെക്കുറിച്ച് നാം എപ്പോഴും ചർച്ച ചെയ്യാറുണ്ട്. കൂടിയ ചൂട് കാരണം മരണപ്പെടുന്നവരുണ്ട്. അർബുദം ബാധിക്കുന്നവരുണ്ട്. പൊള്ളലേൽക്കുന്നവരുണ്ട്. എന്നാൽ സൂര്യസ്പർശം തീരെ ഏൽക്കാതിരുന്നാൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി നാം ചിന്തിച്ചിട്ടുണ്ടോ ? മാറിയ തൊഴിൽ സാഹചര്യങ്ങളിൽ ഒരു ഓഫീസിൽ ഇരുന്നുകൊണ്ട് വെയിലൊന്ന് കാണാൻ ( കൊള്ളാനല്ല ) പോലും സാധിക്കാത്തവർ ആണ് ഏറെയും. കാലാവസ്‌ഥാ വ്യതിയാനങ്ങളുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ചിലപ്പോൾ വേനൽ എന്നൊന്ന് ഉണ്ടാവണം എന്നില്ല. വർഷം നീണ്ടു നിൽക്കുന്ന മഴക്കാലമോ മഞ്ഞുകാലമോ വന്നാൽ ? സയൻസ് ഫിക്ഷൻ സിനിമയുടെ കഥ അല്ല , സൂര്യസ്പർശം കുറഞ്ഞാലെന്ത് എന്നുള്ള സാധ്യത തിരയുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന ചോദ്യങ്ങൾ മാത്രമാണിത്.

ഉത്തരങ്ങൾ ചെന്നെത്തുക വൈറ്റമിൻ ഡി-യിലേക്കാണ്. സൂര്യപ്രകാശം എൽക്കുമ്പോൾ ലഭിക്കുന്ന വൈറ്റമിൻ ആണ് വൈറ്റമിൻ ഡി. വൈറ്റമിൻ ഡി-യുടെ കുറവ് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ നിരവധിയാണ്. എല്ലുകളുടെ ബലക്കുറവ് , കൈകാലുകളുടെ വൈരൂപ്യം , അർബുദം , ചർമ സംബന്ധിയായ രോഗങ്ങൾ , വിഷാദ രോഗം അങ്ങനെ ആ പട്ടിക നീളുന്നു. ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം സൂര്യന്റെ ചൂടേൽക്കുന്നത് കുറഞ്ഞാൽ ശാരീരിക പ്രശ്നങ്ങൾ മാത്രമല്ല ഉണ്ടാകുന്നത് എന്നതാണ്. ഗുരുതരമായ മാനസിക രോഗാവസ്ഥകളിലേയ്ക്കും നാമെത്തിപ്പെടാം.

നീണ്ടു നിൽക്കുന്ന ശൈത്യകാലമുള്ള രാജ്യങ്ങളിൽ ഉള്ളവർക്ക് സൂര്യപ്രകാശത്തിൽ നിന്ന് വൈറ്റമിൻ ഡി സ്വീകരിക്കുക എന്നത് അത്ര എളുപ്പമല്ല. അതിനാൽ ഭക്ഷണത്തിലൂടെ വൈറ്റമിൻ ഡി ശരീരത്തിൽ എത്താൻ ആവശ്യമായ ഭക്ഷണം നമ്മുടെ തീൻമേശകളിൽ ഉണ്ടാവണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അയല പോലുള്ള മൽസ്യങ്ങൾ , മുട്ട , വെണ്ണ എന്നിവയുടെ ഉപയോഗം വൈറ്റമിൻ ഡി ശരീരത്തിൽ എത്തിക്കും.

അതിശൈത്യമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ ചൂട് കൂടിയ രാജ്യങ്ങളിലേക്ക് വിമാനം കയറുക. സൂര്യൻ മനുഷ്യനും ഭൂമിക്കും മുന്നേ പ്രപഞ്ചത്തിൽ ഉള്ള ആളാണ്. വെയിലിൽ തൊട്ട് കാരണവരെ അറിയാൻ ശ്രമിക്കുക. അതുതന്നെ പ്രകൃതി ചികിത്സ.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ബ്രിട്ടനിൽ ശരത്കാലത്തിന് തുടക്കമായതോടെ പനിയും ജലദോഷവും ഉൾപ്പടെയുള്ള രോഗങ്ങളും ജനങ്ങളെ പിടികൂടിയിരിക്കുകയാണ്. എന്നാൽ രോഗങ്ങൾ ഉണ്ടായാൽ പോലും സിക്ക് ലീവ് എടുക്കാതെ പണിയെടുക്കുന്നവർ വർധിച്ചുവരികയാണെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. 25നും 34നും ഇടയിൽ പ്രായമുള്ളവരിൽ 84% പേരും രോഗികളായിരിക്കുമ്പോൾ തന്നെ ജോലിയിൽ തുടരുകയാണ്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎൻ‌എസ്) കണക്കുകൾ പ്രകാരം സിക്ക് ലീവ് എടുക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. 1993 മുതൽ ഓരോ ജോലിക്കാരും പ്രതിവർഷം എടുക്കുന്ന സിക്ക് ലീവിൻെറ എണ്ണം ഏതാണ്ട് പകുതിയായി. ഒരു വർഷം ഒരു വ്യക്തി 7.2 ദിവസങ്ങൾ സിക്ക് ലീവ് എടുത്തിരുന്നു. എന്നാൽ 2017ൽ ഇത് 4.1ലേക്ക് താഴ്ന്നു.

തൊഴിൽ മേഖലയിൽ ഇത് ഗുണം ചെയ്യുമെങ്കിലും ശരീരം മറന്നുള്ള ജോലി അപകടം ക്ഷണിച്ചുവരുത്തും. അവധി എടുക്കാൻ ജനങ്ങൾ ഭയപ്പെടുന്നു. ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ അവഗണിച്ചുകൊണ്ട് ജോലിക്ക് പോവുന്നത് പിന്നീട് ഗുരുതര പ്രശ്നങ്ങൾക്കാവും വഴിയൊരുക്കുക. രോഗികളായിരിക്കുമ്പോൾ തന്നെ പണിയെടുത്തവർ 86% പേരാണ്. ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണൽ ആൻഡ് ഡവലപ്മെന്റ് (സിഐപിഡി) ഈ വർഷം പുറത്തുവിട്ട കണക്കാണിത്. 2010ൽ ഇത് വെറും 26% ആയിരുന്നു.

ഇത്തരം അവസ്ഥകൾ ഒരു വ്യക്തിയെ മാനസികമായും ബാധിക്കുന്നു. മാനസിക സമ്മർദം, വിഷാദം തുടങ്ങിയവ വർധിച്ചുവരുന്നു. എൻ എച്ച് എസിന്റെ കണക്കുകൾ പ്രകാരം മാനസികാരോഗ്യ പ്രശ്നങ്ങൾ മൂലം 5 മില്യൺ ആളുകൾക്ക് ജോലി നഷ്ടപ്പെട്ടമായി. 99 ബില്യൺ പൗണ്ടിന്റെ നഷ്ടമാണ് ഇതുമൂലം യുകെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണ്ടായത്. മാനസികാരോഗ്യ ചാരിറ്റി ആയ മൈൻഡിന്റെ കണക്കുകൾ പ്രകാരം 48% യുകെ തൊഴിലാളികൾക്ക് ജോലി സംബന്ധമായ അനേക പ്രശ്നങ്ങൾ ഉണ്ട്. ഇവരിൽ പകുതി പേർ മാത്രമേ അവരുടെ മാനേജർമാരുമായി സംസാരിച്ചിട്ടുള്ളൂ. അമിത ജോലി ഭാരം തന്നെയാണ് ഇത്തരം അവസ്ഥകളിലേക്ക് നയിക്കുന്നത്. രാഷ്ട്രത്തെ താങ്ങി നിർത്തുന്ന തൊഴിലാളികൾ സ്വന്തം ആരോഗ്യം സംരക്ഷിക്കാതെ പണിയെടുക്കുന്നത് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നതിനു കാരണമാകും. ഒപ്പം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ് ഏറ്റവും പ്രധാനമെന്ന കാര്യവും വിസ്മരിച്ചുകൂടാ.

വീട്ടിലേക്കു സാധനങ്ങള്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ നമ്മള്‍ വാങ്ങുന്ന പല സാധനങ്ങളും വ്യാജമാണ് നമ്മുടെ തിരക്കുകള്‍ക്കിടയില്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ നമുക്ക് സാധിക്കുന്നില്ല എന്നതാണ് സത്യം. നമ്മള്‍ സ്ഥിരമായി വാങ്ങുന്ന പച്ചക്കറിയില്‍ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ പല നാടുകളില്‍ നിന്നും വരുന്ന പച്ചക്കറികള്‍ വിഷാംശം അടങ്ങിയ വസ്തുക്കള്‍ ആഡ് ചെയ്തിട്ടാണ് കേരളത്തില്‍ വരുന്നത് എന്നത് നമ്മള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു സത്യമാണ്. എന്നാല്‍ നമ്മുടെ നാടുകളില്‍ തന്നെ സുലഭമായി കിട്ടുന്ന സബോളയെകുറിച്ചാണ് ഇവിടെ പറയുന്നത് ശ്രദ്ധിച്ചില്ലെങ്കില്‍ വന്‍ അപകടം ആണ് ഇത്തരം സാധനങ്ങള്‍ നിങ്ങള്‍ വാങ്ങുന്ന സബോളയില്‍ കറുത്ത പാടുണ്ടോ എങ്കില്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കണം കാന്‍സറിനു പോലും കാരണമാകുന്ന പച്ചക്കറികള്‍ ഇന്ന് നമ്മുടെ നാട്ടില്‍ വിതരണം ചെയ്യപ്പെടുന്നുണ്ട് എന്നത് ഇപ്പോഴും മനസിലെക്കേണ്ട ഒന്നാണ് ഇത് നമ്മുടെ വീടുകളില്‍ കൊണ്ടുവരുമ്പോള്‍ ഭാവിയില്‍ നമുക്കും കുടുംബത്തിനും ഉണ്ടാകുന്ന ദോഷം എത്രത്തോളമെന്ന് നമുക്ക് ഊഹിക്കാന്‍ പോലും കഴിയില്ല അത്രയ്ക്കും മാരകമാണ് ഇങ്ങനെയുള്ള പച്ചക്കറികള്‍.

സബോളയിൽ കാണുന്ന ഈ കറുത്ത പാടുകൾ ഒരുതരം ഫങ്കസ് ആണ് ‘അഫ്ളടോക്സിൻ’ എന്ന് പറയുന്നു. ഇത് ഒരു വിഷം മാത്രമല്ല ക്യാൻസറിന് വരെ കാരണമാകുന്നു

കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഒരു നിമുഷം ശ്രദ്ധിച്ചാല്‍ നമുക്ക് ഇത്തരം ചതിയില്‍ നിന്നും രക്ഷനേടാം നമ്മള്‍ കാശ് കൊടുത്ത് വാങ്ങുന്ന സാധനങ്ങള്‍ ഗുണമേന്മയുള്ള ഒന്നാണോ എന്ന് നോക്കേണ്ടത് നമ്മുടെ കടമയാണ്. നമ്മള്‍ പൈസ കൊടുക്കുന്നു എന്ന് കരുതി എല്ലാവരും നമുക്ക് നല്ല സാധനം തരും എന്ന വിശ്വാസം ഇല്ലാതാക്കുക ഈ കാലത്ത് കൂടുതല്‍ ആളുകളും സ്വന്തം ലാഭം നോക്കി ജീവിക്കുന്നവരാണ് നമ്മള്‍ സ്വയം ശ്രദ്ധിച്ചാല്‍ നമുക്കും കുടുംബത്തിനും ഉണ്ടാകുന്ന അപകടങ്ങള്‍ ഇല്ലാതാക്കാം. ചുരുക്കി പറഞ്ഞാല്‍ ഇത്തരം സാധനങ്ങള്‍ ഒരിക്കലും വാങ്ങാതിരിക്കുക പച്ചക്കറി മാത്രമല്ല നമ്മള്‍ പുറത്തുനിന്നു വാങ്ങുന്ന എന്ത് സാധനങ്ങള്‍ ആയാലും തീര്‍ച്ചയായും അതിന്‍റെ ഗുണമേന്മ നോക്കണം നമുക്ക് കഴിക്കാന്‍ പറ്റുന്ന നല്ല സാധനങ്ങള്‍ ആണോ എന്ന് കണ്ടത്തുക.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ആരോഗ്യരക്ഷയാണ് ആയുർവേദത്തിന്റെ ദർശനം. ആരോഗ്യസംരക്ഷണമാണ് ലക്ഷ്യം. രോഗരഹിതമായ ദീർഘായുസ്സ് നേടുന്നതിനുള്ള ധർമാർത്ഥകാമ മോക്ഷ പ്രാപ്തിയാണ് ദൗത്യം.. ഇതിനായി ആരോഗ്യം ഉള്ള ഒരുവന്റെ ആരോഗ്യം സംരക്ഷിക്കുകയും, അകമേ നിന്നും പുറമെ നിന്നുമുള്ള കാരണങ്ങളാൽ ഉണ്ടാകുന്ന രോഗങ്ങളെ അകറ്റുകയും ആണ് ആയുർവ്വേദം കൊണ്ട് സാധിക്കേണ്ടത്.ദീർഘായുസ്സിന് ആയുർവ്വേദം എന്നതാണ് ഈ വർഷത്തെ ദേശീയ ആയുർവേദ ദിന സന്ദേശം. 2016 മുതൽ ധന്വന്തരി ജയന്തി ദിനം ആയുർവേദ ദിനമായി ആചരിച്ചു ഭാരതത്തിൽ വരുന്നു. ഈ വർഷം ഓക്ടോബർ 25 വെള്ളിയാഴ്ചയാണ് ആ സുദിനം.

ദീർഘായുസ്സാഗ്രഹിക്കുന്നവർ ധർമ്മാധിഷ്ഠിതമായി ജീവിതം നയിച്ചാൽ മാത്രമേ സുഖം അനുഭവിക്കാൻ ആവൂ. ധർമാർത്ഥ കാമമോക്ഷപ്രാപ്തിയാണ് മനുഷ്യ ജീവിതം കൊണ്ട് നേടേണ്ടത്. അതു സാധ്യമാവാൻ ശരീര മനസുകളുടെ ആരോഗ്യം കൂടിയേ തീരു. രാഗം ദ്വേഷം ഭയം ക്രോധം മദം മോഹം മത്സരം എന്നിവ രോഗമായോ രോഗകാരണമായോ തീരുമെന്ന് പറഞ്ഞ അതിപുരാതന വൈദ്യശാസ്ത്രമാണ് ആയുർവ്വേദം. ശാരീരികവും മാനസികവും സാമൂഹികവും ആത്‌മീയവുമായ ആരോഗ്യം കരഗതമാകാൻ അനുഷ്ഠിക്കേണ്ട ജീവിതചര്യ ഏറെ പ്രാധാന്യത്തോടെ വിശദമാക്കുന്നുണ്ട്. ധാർമിക ചര്യാക്രമങ്ങൾക്ക് ആരോഗ്യ പരിപാലനത്തിൽ വളരെ പ്രാധാന്യം ഉണ്ടെന്ന് അറിഞ്ഞ ശാസ്ത്രമാണിത്.

ആഹാരവും നിദ്രയും ബ്രാഹ്മചര്യവും വ്യായാമവും ആരോഗ്യത്തിന്റെ അടിസ്ഥാന ശിലകളായി ആയുർവ്വേദം കരുതുന്നു. എപ്പോൾ എവിടെ വെച്ച് എങ്ങനെ എത്രമാത്രം എന്ത് ആഹാരം ഒരിരുത്തരും കഴിക്കണം എന്ന് വിശദമാക്കുന്നുണ്ട്. വ്യായാമത്തിന്റെ പ്രാധാന്യവും, ഒരുവന് ആരോഗ്യം സംരക്ഷിക്കാൻ ആവശ്യമായ വ്യായാമം ഏതെല്ലാം എന്നും എത്ര മാത്രം ആവാമെന്നും പറയുന്നു. അമിത വ്യായാമം വരുത്തുന്ന ഉപദ്രവങ്ങൾ എന്തെല്ലാം എന്നും നിർദേശിക്കുന്നുണ്ട്. ഉറക്കം ശരീര മനസുകളുടെ ആരോഗ്യകാര്യത്തിൽ വഹിക്കുന്ന വലിയ പങ്ക് എന്തെന്നും ഉറങ്ങാതിരുന്നാലും കൂടുതൽ ഉറങ്ങിയാലും പകൽ ഉറങ്ങിയാലും എന്തൊക്ക സംഭവിക്കുമെന്നും പഠിപ്പിക്കുന്നുണ്ട്.

പഠനകാലം ബ്രഹ്മചര്യാനുഷ്ടാന കാലമായാണ് കരുതിവന്നത്. ഇക്കാലത്ത് ആരോഗ്യത്തിന് ഇതാവശ്യമായിട്ടാണ് പറയുന്നത്. ശരിയായ ലൈംഗികതയെയും അതിന്റെ ആരോഗ്യ കാര്യത്തിലുള്ള സ്വാധീനവും ആവശ്യകതയും പഠിക്കാനുണ്ട്.

ശരീര വ്യവസ്ഥകളുടെ ശരിയായിട്ടുള്ള പ്രവർത്തനം, ശരീരത്തിലെ കർമനിർവഹണ ശക്തികളായ വാത പിത്ത കഫങ്ങളുടെ, പൊതുവെ ത്രിദോഷങ്ങളെന്ന് അറിയപ്പെടുന്നവയുടെ സന്തുലിതമായ പ്രവർത്തനം ആരോഗ്യത്തിന്റെ ഒരു പ്രധാന ഘടകമായി പറയുന്നു.ദഹന പചന ആഗീരണ പ്രക്രിയ ഏറ്റവും ഉത്തമമായി നടക്കുക. രസം രക്തം മാംസം മേദസ് അസ്ഥി മജ്ജ ശുക്ലം എന്നീ സപ്തധാതുക്കളുടെയും ആവശ്യത്തിനുള്ള നില, മലം മൂത്രം വിയർപ്പ് എന്നിവയുടെ ആരോഗ്യകരമായ വിസർജനം, എല്ലാ ഇന്ദ്രിയങ്ങളുടെയും വിഷയങ്ങളായ ശബ്ദസ്പർശ രൂപരസഗന്ധങ്ങൾ ശരിയായിഗ്രഹിക്കാനാവുക, ആത്മാവും മനസും പ്രസന്നത നിലനിർത്തുകയയും ചെയ്യുമ്പോഴാണ് സ്വാസ്ഥ്യം അഥവാ ആരോഗ്യം എന്ന് ആയുർവ്വേദം പറയുക. ഇതു സാധ്യമാക്കാനായി എങ്ങനെ ആണ് ഒരുവൻ ഓരോ ദിനവും തുടങ്ങേണ്ടത് എന്തെല്ലാം ചെയ്യണം എപ്പോൾ ചെയ്യണം എങ്ങനെ ആവണം എന്നൊക്കെ ദിനചര്യയിലൂടെയും കാലാവസ്ഥാ വ്യതിയാനം നേരിടാൻ വെണ്ടത് ഋതുചര്യയിലൂടെയും നമുക്ക് വെളിപ്പെടുത്തുന്നു. ദേശകാലാവസ്ഥാനുസൃതമായ ജീവിതം ആഹാരവിഹാരങ്ങൾ ശീലിച്ചുകൊണ്ട് ആരോഗ്യം കാത്തു സൂക്ഷിച്ചു ദീർഘായുസ്സ് നേടാൻ ആവും.

ആയുർവേദ ജീവിതശൈലി ദീർഘായുസിനുള്ള മാർഗം തുറക്കുന്നു. അതെ ആയുർവ്വേദം ദീർഘായുസ്സിന് തന്നെ.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

യുകെ : ലൈംഗികതയിലൂടെ പകരുന്ന രോഗങ്ങൾ കണ്ടുപിടിക്കാനുള്ള ഉപകരണങ്ങളായ എസ് ടി ഐ കിറ്റ് കളുടെ വ്യാജന്മാർ നാലുവർഷമായി യുകെയിൽ വിറ്റു പോകുന്നതായി കണ്ടെത്തൽ. കഴിഞ്ഞ ഒക്ടോബർ മുതൽ 2000ത്തോളം വ്യാജ കിറ്റുകളുടെ ഓൺലൈൻ വിൽപ്പനയാണ് നടന്നതെന്ന് മെഡിസിൻ ആൻഡ് ഹെൽത്ത് കെയർ ഏജൻസിയായ എം എച്ച് ആർ എ പറഞ്ഞു. എച്ച് ഐ വി സിഫിലിസ് ഗൊണേറിയ തുടങ്ങിയ രോഗങ്ങൾ ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകൾക്ക് ആണ് ഇത്തരത്തിൽ വ്യാജൻമാർ ഇറങ്ങിയിട്ടുള്ളത്. ടെസ്റ്റിൽ നെഗറ്റീവ് ഫലം തന്നെ കാണിക്കുന്നതിനാൽ രോഗികൾ ചികിത്സ തേടാത്തത് രോഗം മൂർച്ഛിക്കുന്നതിനൊപ്പം പടരാനും കാരണമാവുന്നുണ്ട്.

ഫാർമസിയിൽ പോയി വാങ്ങാനുള്ള മടിയും നാണക്കേടും കാരണം ഓൺലൈനായി ഇത്തരം കിറ്റുകളെ ആശ്രയിക്കുന്നവർക്കാണ് അബദ്ധം പറ്റുന്നത്. യുവതലമുറയുടെ ഇടയിൽ ഇതിന്റെ ഉപയോഗം വർധിച്ച തോതിൽ കാണാം. ഇത്തരം കിറ്റുകളിലൂടെ പരിശോധന നടത്തിയാലും ഒരു അംഗീകൃത ഡോക്ടറെയോ ഫാർമസിസ്റ്റ്നെയോ കണ്ട് രോഗം ഇല്ല എന്ന് ഉറപ്പു വരുത്തണമെന്ന് ബ്രാഡ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ വിസിറ്റിംഗ് പ്രൊഫസർ ആയ മഹേന്ദ്ര പട്ടേൽ പറഞ്ഞു.

സ്വന്തം ഫോണിൽ വീട്ടിലിരുന്ന് ഓൺലൈനായി വാങ്ങാം എന്നതും, ആരുമറിയില്ല എന്നതും യുവതലമുറയെ കൂടുതലായി ഇതിലേക്ക് ആകർഷിക്കുന്നുണ്ട്. ഇത്തരം വ്യാജ ഉപകരണങ്ങൾ തിരിച്ചറിയാൻ ഉള്ള എളുപ്പവഴിയും അദ്ദേഹം പറഞ്ഞു തരുന്നുണ്ട്. ഉപയോഗിക്കാനുള്ള നിർദ്ദേശങ്ങൾ ഹോം പ്രിന്ററിൽ പ്രിന്റ് ചെയ്തത് ആവുക, സിഇ സേഫ്റ്റി മാർക്ക് ഇല്ലാതിരിക്കുക, ലിപ്ലോക്ക് ബാഗിലോ സാൻവിച്ച് ബാഗിലോ പൊതിഞ്ഞു വരിക എന്നിവയാണ് വ്യാജന്മാരുടെ ലക്ഷണങ്ങൾ.

അദ്ദേഹം ഇതിനെതിരെ #ഫേക്ക് മെഡ്സ് പബ്ലിക് ഹെൽത്ത് ക്യാമ്പയിൻ നടത്തിവരുന്നുണ്ട്. ഓൺലൈനായി ഇത്രയധികം സുരക്ഷാ പ്രാധാന്യമുള്ള ഉപകരണങ്ങൾ വാങ്ങാതിരിക്കുക എന്നതാണ് പ്രധാന നിർദേശം. യുകെയിൽ ഓൺലൈനായി വാങ്ങുന്ന മെഡിക്കൽ പ്രൊഡക്റ്റിൽ പത്തിലൊന്നു വ്യാജന്മാർ ആണെന്ന് എം എച് ആർ എ കണ്ടെത്തി.

കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ദമ്പതികളായ സൂര്യയും ഇഷാനും, തങ്ങളുടെ ആദ്യത്തെ കണ്മണിയെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ്. കാലം കുറച്ചായി സ്വന്തം ശരീരത്തില്‍ നിന്നൊരു കുഞ്ഞ് എന്ന തീവ്രമായ മോഹം സൂര്യയില്‍ ഉടലെടുത്തിട്ട്. പങ്കാളിയുടെ സ്വപ്നത്തിന് കാവലായി ഇഷാനും ഉണ്ട്. ആ സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയാണ് ഇപ്പോള്‍.

വലിയ വെല്ലുവിളികളാണ് ഉള്ളതെങ്കിലും കുഞ്ഞിന് ജന്മം നല്‍കണമെന്ന ദൃഢനിശ്ചയം ഈ ട്രാൻസ്ജെൻഡർ ദമ്പതികളെ മുന്നോട്ട് നയിച്ചു. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇരുവരുടെയും വെളിപ്പെടുത്തൽ. ‘ഒത്തിരി സര്‍ജറികളിലൂടെയാണ് ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയുള്ളു. അത് തന്നെ ജീവന്‍ പണയപ്പെടുത്തിയിട്ടുള്ള ഒരു യാത്രയാണ്.

അത് എന്ത് തന്നെയായാലും ഇത്തരം ടെക്നോളജികള്‍ നമ്മുടെ നാട്ടില്‍ പുതിയതായി പരീക്ഷിക്കാനും ഇനിവരുന്ന ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് ഒരു പാതയുണ്ടാക്കുകയെന്നതാണ് ഞങ്ങളുടെ ആഗ്രഹം’-സൂര്യ പറഞ്ഞു. യൂട്രസ് ഒരു ട്രാന്‍സ്‌വുമണ്‍ സ്വീകരിച്ചതിന് ശേഷം ആറുമാസം വരെ അവരുടെ ശരീരം അത് ഉള്‍ക്കൊള്ളുമോ എന്ന് നോക്കണം. ആറ് മാസം കഴിഞ്ഞ് ഓകെയാണെങ്കില്‍ കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിക്കും. ഗര്‍ഭാവസ്ഥയിലും സൂക്ഷിക്കണം- സൂര്യ പറയുന്നു.

2018 ജൂൺ 29ന് ആയിരുന്നു കുടുംബങ്ങളുടെ പൂര്‍ണ്ണ സമ്മതത്തോടെ തിരുവനന്തപുരം മന്നം മെമ്മോറിയൽ ഹാളിൽ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം ഇവരുടെ വിവാഹം നടന്നത്. ആണായി പിറന്നെങ്കിലും പെണ്ണായി ജീവിക്കാന്‍ തീരുമാനിച്ച സൂര്യ. സ്ത്രീയല്ല, പുരുഷനെന്ന് സ്വയം പ്രഖ്യാപിച്ച ഇഷാന്‍ കെ. ഷാന്‍. വെല്ലുവിളികള്‍ നിറഞ്ഞ വഴികളെല്ലാം ഒരുപോലെ നേരിട്ടവരായിരുന്നു. ഏറെ നാളത്തെ പ്രണയം വിവാഹത്തിലേയ്ക്ക് വഴിമാറുകയായിരുന്നു.

നടക്കുമ്പോൾ എല്ലാം നിയമപരമായി നടക്കണമെന്ന ഇഷാന്റെ ആഗ്രഹമായിരുന്നു അന്ന് പൂവണിഞ്ഞത്. സംസ്ഥാന ട്രാന്‍സ്‍ജെന്‍ഡര്‍ ബോര്‍ഡ് അംഗമാണ് സൂര്യ, ഇഷാന്‍ ആകട്ടെ ജില്ലാ ഭാരവാഹിയും. ട്രാൻസ് പുരുഷൻ, ട്രാൻസ് സ്ത്രീ എന്നീ തിരിച്ചറിയൽ രേഖ സമർപ്പിച്ച് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ആയിരുന്നു വിവാഹം രജിസ്റ്റർ ചെയ്തത്.

മറവിരോഗമായ അല്‍ഷിമേഴ്‌സിനെ പ്രാരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗവുമായി മലയാളി ഗവേഷകര്‍. നിലവില്‍ പൂര്‍ണ്ണമായി ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത രോഗമാണെങ്കിലും, തുടക്കത്തിലേ കണ്ടെത്തിയാല്‍ ഒരു പരിധിവരെ രോഗതീവ്രത കുറയ്ക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.

സിങ്കപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ ഗവേഷകരായ നിമ്മി ബേബി, സജികുമാര്‍ ശ്രീധരന്‍ എന്നിവരടങ്ങിയ ഗവേഷകസംഘമാണ്, അല്‍ഷിമേഴ്‌സ് രോഗത്തിന്റെ വരവ് മുന്‍കൂട്ടിയറിയാന്‍ സഹായിച്ചേക്കാവുന്ന നൂതന ‘ബയോമാര്‍ക്കര്‍’ (biomarker) കണ്ടെത്തിയത്. പുതിയ ലക്കം ‘ഏജിങ് സെല്‍’ (Aging Cell) ജേര്‍ണലില്‍ പഠനം പ്രസിദ്ധീകരിച്ചു.

പ്രായാധിക്യം കൊണ്ടുണ്ടാകുന്ന മേധാക്ഷയം അഥവാ ഡിമന്‍ഷ്യയുടെ വിഭാഗത്തില്‍പെട്ട ഒന്നാണ് അല്‍ഷിമേഴ്‌സ് രോഗം. സാധാരണഗതിയില്‍ 65 കഴിഞ്ഞവരിലാണ് ഇത് പ്രത്യക്ഷപ്പെടുക. എങ്കിലും, പാരമ്പര്യമായോ അല്ലാതെയോ വ്യക്തികളില്‍ മുപ്പതുകളിലും നല്‍പ്പതുകളിലും രോഗത്തിന്റെ പ്രാരംഭഘട്ടം ആവിര്‍ഭവിച്ചിരിക്കാം. 65 വയസ്സ് കഴിഞ്ഞാല്‍ ഓരോ അഞ്ചുവര്‍ഷത്തിലും അല്‍ഷിമേഴ്‌സ് ഇരട്ടിയാകാനാണ് സാധ്യത. അതിനാല്‍, രോഗം നേരത്തെ നിര്‍ണ്ണയിക്കുക എന്നതാണ് നിലവില്‍ രോഗതീവ്രത കുറയ്ക്കാനുള്ള ഏക വഴി.

ബീറ്റാ അമിലോയ്ഡുകള്‍ (Aß peptides), ന്യൂറോഫിബ്രില്ലറി ടാങ്‌ലെസ് (neurofibrillary tangles) എന്നീ പ്രോട്ടീനുകള്‍ മസ്തിഷ്‌ക്കത്തില്‍ അധികമായി ശേഖരിക്കപ്പെടുന്നതാണ് അല്‍ഷിമേഴ്‌സ് രോഗത്തിന് പ്രധാന കാരണം. പ്രോട്ടീനുകള്‍ ശേഖരിക്കപ്പെടുന്നത് സിരാകോശങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കി ഓര്‍മകളെ നശിപ്പിക്കുന്നു.

ഈ പ്രശ്‌നം ആദ്യം ബാധിക്കുക മസ്തിഷ്‌ക്കത്തിലെ ഹോപ്പോകാമ്പസിനെ (hippocampus) ആണ്. ദീര്‍കാല ഓര്‍മകള്‍ ഏകീകരിക്കുന്നതില്‍ ഹിപ്പോകാമ്പസ് പ്രധാനമാണ്. അല്‍ഷിമേഴ്‌സ് ബാധിക്കുന്നതോടെ ഹിപ്പോകാമ്പസ്സിലെ സിരാകോശങ്ങള്‍ക്ക് (നാഢീകോശങ്ങള്‍ക്ക്) പ്രവര്‍ത്തനശേഷി നഷ്ടപ്പെടും, അങ്ങനെ ഓര്‍മകളുടെ ഏകീകരണം അസാധ്യമാകുന്നു.

വില്ലനായി ആര്‍ എന്‍ എ

രോഗിയുടെ മസ്തിഷ്‌ക്കത്തില്‍ ഓര്‍മകള്‍ ഏകീകരിക്കാന്‍ കഴിയാതെ വരുന്നതിന് കാരണം, ഹിപ്പോകാമ്പസില്‍ ഒരു ‘മൈക്രോ-ആര്‍എന്‍എ’യുടെ പ്രവര്‍ത്തന വ്യത്യാസമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഡോ.നിമ്മിയും സംഘവും. ‘മൈക്രോ-ആര്‍എന്‍എ-134-5പി’ (MicroRNA-134-5p) ആണ് വില്ലനാകുന്ന ഹ്രസ്വ ആര്‍എന്‍എ. എലികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ജീവന്റെ തന്മാത്ര എന്നു വിളിക്കുന്ന ഡിഎന്‍എയില്‍ നിന്ന് ജനിതകവിവരങ്ങള്‍ ആര്‍എന്‍എ യിലേക്കാണ് പകര്‍ത്തപ്പെടുക. ആര്‍എന്‍എ വഹിക്കുന്ന വിവരങ്ങള്‍ പ്രകാരമാണ് കോശങ്ങള്‍ പ്രോട്ടീന്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുക. അതേസമയം, വിവരങ്ങള്‍ പ്രോട്ടീനുകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കഴിവില്ലാത്ത ആര്‍എന്‍എകളുമുണ്ട്. അവയെ ‘നോണ്‍-കോഡിങ് ആര്‍എന്‍എ’ (non-coding MicroRNA) എന്നു വിളിക്കുന്നു. ഇത്തരം ആര്‍എന്‍എകളില്‍ പ്രധാനപ്പെട്ടവയാണ് ഏതാണ്ട് 22 ന്യൂക്ലിയോടൈഡുകള്‍ (ബേസുകള്‍) മാത്രമുള്ള ‘മൈക്രോ-ആര്‍എന്‍എ’കള്‍. അതില്‍ പെട്ടതാണ് അള്‍ഷൈമേഴ്‌സിന്റെ കാര്യത്തില്‍ വില്ലനാകുന്ന ‘മൈക്രോ-ആര്‍എന്‍എ-134-5പി’.

ഇത്രയും കാലവും ഓര്‍മ്മ സംബന്ധിച്ച പഠനങ്ങളില്‍ ശ്രദ്ധിക്കപെടാതെപോയ ഒരു വിഭാഗമാണ് ‘നോണ്‍-കോഡിങ് ആര്‍എന്‍എ’കള്‍. അല്‍ഷിമേഴ്‌സ് ബാധിച്ചവരുടെ ഹിപ്പോകാമ്പസില്‍ ‘മൈക്രോ-ആര്‍എന്‍എ-134-5പി’യുടെ സാന്നിധ്യം കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടു. ഇവയുടെ അമിതപ്രവര്‍ത്തനം മൂലം ഓര്‍മകള്‍ക്ക് ആവശ്യമായ പ്രോട്ടീനുകളുടെ ലഭ്യത കുറയുന്നു, ഓര്‍മകളുടെ ഏകീകരണം തടസ്സപ്പെടുന്നു. മൈക്രോ-ആര്‍എന്‍എകള്‍ക്ക്, ഓര്‍മകളുടെ കാര്യത്തില്‍ ഇത്രയും പ്രധാന്യമുണ്ടെന്ന കാര്യം ആദ്യമായാണ് കണ്ടെത്തുന്നത്.

മസ്തിഷ്‌കത്തിലെ സിരാകോശങ്ങളില്‍ നിന്ന് രക്തത്തിലെക്കും സെറിബ്രോസ്പിനാല്‍ ഫ്ളൂയിഡ് (CSF) ലേക്കും ഈ മൈക്രോ-ആര്‍എന്‍എ ചോര്‍ന്നെത്താറുണ്ട്. അതിനാല്‍, രക്തം, സി.എസ്.എഫ്. എന്നിവയിലെ ‘മൈക്രോ-ആര്‍എന്‍എ-134-5പി’ യുടെ അളവുനോക്കി രോഗനിര്‍ണയം നേരത്തേ നടത്തുക സാധ്യമാണ്. രോഗം നേരത്തെയറിയാന്‍ ഈ മൈക്രോ-ആര്‍എന്‍എ ഒരു ‘ബയോമാര്‍ക്കര്‍’ (biomarker) ആയി ഉപയോഗിക്കാനാകും.

അല്‍ഷിമേഴ്‌സ് രോഗം നേരത്തേ നിര്‍ണയിക്കാന്‍ വഴിതുറക്കുന്ന പ്രധാന ചുവടുവെപ്പാണ് ഈ പഠനമെന്ന്, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സിന്റെ ഡയറക്ടറും, ‘ഉദ്‌ബോദ്’ (Udbodh) എന്ന പേരില്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി നടത്താനിരിക്കുന്ന അല്‍ഷിമേഴ്‌സ് രോഗത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിന്റെ കണ്‍വീനറുമായ ഡോ.ബേബി ചക്രപാണി അഭിപ്രായപ്പെട്ടു. പ്രസ്തുത സമ്മേളനത്തില്‍ സിങ്കപ്പൂരിനെ പ്രതിനിധീകരിച്ച് ഡോ.സജികുമാര്‍ ശ്രീധരന്‍ പുതിയ പഠനം നവംബര്‍ രണ്ടിന് അവതരിപ്പിക്കും.

അമ്പലപ്പുഴ പുത്തന്‍ചിറയില്‍ ബേബി തോമസിന്റെയും സാലിമ്മയുടെയും മകളാണ് ഡോ.നിമ്മി. 2015-ല്‍ സിങ്കപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ന്യൂറോസയന്‍സില്‍ പി.എച്ച്.ഡി. കരസ്ഥമാക്കിയ ഡോ.നിമ്മി, 2016 മുതല്‍ ഡോ.സജികുമാറിന്റെ ഗവേഷകസംഘത്തില്‍ അള്‍ഷൈമേഴ്‌സ് രോഗവുമായി ബന്ധപ്പെട്ട ഗവേഷണം നടത്തുന്നു. സിങ്കപ്പൂരില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയില്‍ ജോലിചെയ്യുന്ന ബിനോയ് ചാക്കോ ആണ് ഡോ.നിമ്മിയുടെ ഭര്‍ത്താവ്.

ഓര്‍മയുടെ തന്മാത്രാശാസ്ത്രവുമായി ബന്ധപ്പെട്ട് രണ്ടു പതിറ്റാണ്ടായി പഠനരംഗത്തുള്ള ഡോ.സജികുമാര്‍, സിങ്കപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസറാണ്. ഹരിപ്പാട് ചിങ്ങോലി സൗപര്‍ണ്ണികയില്‍ കെ.ശ്രീധരന്റെയും പരേതയായ സരസമ്മയുടെയും മകനാണ്. പാലക്കാട് ചിതലി നവക്കോട് സ്വദേശിയും സിങ്കപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ ന്യൂറോസയന്റിസ്റ്റുമായ ഡോ.ഷീജ നവക്കോട് ആണ് ഭാര്യ.

Copyright © . All rights reserved