ഇന്ന് ഒക്ടോബർ 29, ലോക സോറിയാസിസ് ദിനം…! പൊതുജനം പേടിയോടെ സമീപിക്കുന്ന ത്വക് രോഗങ്ങളിൽ ഒന്നാണ് സോറിയാസിസ്; സോറിയാസിസിനെ കുറിച്ച് കൂടുതൽ അറിയാം……….

ഇന്ന് ഒക്ടോബർ 29, ലോക സോറിയാസിസ് ദിനം…! പൊതുജനം പേടിയോടെ സമീപിക്കുന്ന ത്വക് രോഗങ്ങളിൽ ഒന്നാണ് സോറിയാസിസ്; സോറിയാസിസിനെ കുറിച്ച് കൂടുതൽ അറിയാം……….
October 29 14:19 2019 Print This Article

രോഗം സോറിയാസിസ് ആണെന്ന് വെളിപ്പെടുത്തുന്ന ഘട്ടത്തിൽ പല രോഗികളും ഈ ഡയലോഗ് പറയാതെ പറഞ്ഞതായി തോന്നിയിട്ടുണ്ട്. പൊതുജനം തങ്ങൾക്ക് ഒരിക്കലും വരരുതേ എന്നാഗ്രഹിക്കുന്ന, ആവശ്യത്തിലധികം പേടിയോടെ സമീപിക്കുന്ന ത്വക് രോഗങ്ങളിൽ ഒന്നാണ് സോറിയാസിസ്. അതിനാൽ തന്നെ, അത്ഭുത രോഗസൗഖ്യവും അശാസ്ത്രീയചികിത്സാ വാഗ്ദാനപരസ്യങ്ങളും രംഗം കൊഴുപ്പിക്കുന്നു.

ഇന്ന് ഒക്ടോബർ 29, ലോക സോറിയാസിസ് ദിനം. സോറിയാസിസിനെ കുറിച്ചാകാം…..

ആദ്യം തന്നെ പറയട്ടെ…
സോറിയാസിസ് ഒരു പകർച്ച വ്യാധിയല്ല… സോറിയാസിസ് രോഗിയെ തൊട്ടാലോ, ഒപ്പം താമസിച്ചാലോ രോഗം പകരില്ല.

ചർമ്മത്തിലെ കോശങ്ങൾ വിവിധ പാളികളിലായാണ് കാണപ്പെടുക. ഇതിൽ ഏറ്റവും താഴെയുള്ള പാളിയിലുള്ളവയാണ് (basal layer) വിഭജിക്കുന്ന കോശങ്ങൾ. വിഭജിച്ചുണ്ടാകുന്ന പുതിയ കോശങ്ങൾ 28 മുതൽ 30 ദിവസം കൊണ്ട് ചർമ്മത്തിന്റെ വിവിധപാളികളിലൂടെ സഞ്ചരിച്ച് ചർമ്മപ്രതലത്തിൽ എത്തി കൊഴിഞ്ഞു പോകുന്നു. വളരെ പതുക്കെ നടക്കുന്ന ഈ കൊഴിഞ്ഞു പോക്ക് നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയില്ല.
സോറിയാസിസിൽ ആകട്ടെ ഇതെല്ലാം ദ്രുതഗതിയിൽ നടക്കുന്നു. വെറും 4 ദിവസം കൊണ്ട് പുതിയ കോശങ്ങൾ ചർമ്മപ്രതലത്തിൽ എത്തി കുന്നുകൂടുന്നു. ഇത്‌ വെള്ളി നിറത്തിലുള്ള വേഗത്തിൽ ഇളകുന്ന ശൽകങ്ങളായി കാണാൻ സാധിക്കുന്നു.

ഈ പ്രക്രിയയെ സ്വാധീനിക്കുന്ന ചില ഘടകങ്ങളുണ്ട്

🔷ജനിതക ഘടകങ്ങൾ

ഒരാൾക്ക് സോറിയാസിസ് വരാനുള്ള ആജീവനാന്ത സാദ്ധ്യത മാതാപിതാക്കളിൽ ആർക്കും സോറിയാസിസ് ഇല്ലാത്ത പക്ഷം 4 ശതമാനവും, ഒരാൾക്ക് രോഗമുള്ള പക്ഷം 28 ശതമാനവും, രണ്ടു പേർക്കും രോഗമുണ്ടെങ്കിൽ 65 ശതമാനവുമാണ്.
പാരമ്പര്യമായി രോഗം കണ്ടു വരുന്നവരിൽ രോഗാരംഭം നേരത്തെ ആകുവാനും, രോഗം കൂടുതൽ തീവ്രസ്വഭാവമുള്ളതാകുവാനുമുള്ള സാധ്യത കൂടുതലാണ്.

🔷പരിസ്ഥിതി സംബന്ധമായ ഘടകങ്ങൾ

📌അണുബാധ
ടോണ്സിലൈറ്റിസ്, തൊണ്ടയിലെ അണുബാധ

📌മരുന്നുകൾ
വേദനസംഹാരികൾ,മലേറിയക്കുള്ള മരുന്നുകൾ, രക്തസമ്മർദത്തിനുള്ള ചിലയിനം മരുന്നുകൾ, ലിതിയം

📌മാനസിക സംഘർഷം
80% രോഗികളിൽ മാനസികസമ്മർദ്ദം മൂലം സോറിയാസിസ് കൂടുന്നതായും, ഇതിൽ 20% പേർ മാനസികസംഘർഷത്തിന് ചികിത്സ സ്വീകരിക്കേണ്ടി വരുന്നതായും പഠനങ്ങൾ തെളിയിക്കുന്നു

📌പരിക്കുകൾ / ക്ഷതം

📌പുകവലി

📌മദ്യപാനം

📌സൂര്യപ്രകാശം
സൂര്യരശ്മികൾ പൊതുവെ സോറിയാസിസിനു ഫലപ്രദമായ ഒരു ചികിത്സാ രീതിയാണെങ്കിലും, 5-20 ശതമാനം രോഗികളിൽ ഇതു രോഗം മൂർച്‌ഛിക്കുവാൻ കാരണമാകാം. ഇങ്ങനെയുള്ളവരിൽ സൂര്യരശ്മികളും അൾട്രാ വയലറ്റ് രശ്മികളും ഉപയോഗിച്ചുള്ള ഫോട്ടോതെറാപ്പി ചികിത്സ ചെയ്യാൻ പാടുള്ളതല്ല.

🔷രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ (immunological response) വരുന്ന വ്യതിയാനം

ജനിതകമായ ഘടകങ്ങൾ അനൂകൂലമായ ഒരു വ്യക്തി മേല്പറഞ്ഞ പരിസ്ഥിതി സംബന്ധമായ ഘടകങ്ങളുമായി സമ്പർക്കത്തിൽ വരുമ്പോൾ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നു. ഇതു മൂലം ചർമ്മത്തിലെ കോശങ്ങളുടെ വിഭജനം കൂടുകയും കൊഴിഞ്ഞു പോകൽ മന്ദീഭവിക്കുകയും ചെയ്യുന്നു. തൽഫലമായി ചർമ്മപ്രതലത്തിൽ കോശങ്ങൾ അടിഞ്ഞു കൂടി ശല്കങ്ങൾ രൂപപ്പെടുന്നു. ഒപ്പം ശ്വേത രക്താണുക്കൾ [ പ്രധാനമായും ടി ലിംഫോസൈറ്റുകളും ന്യൂട്രോഫിലുകളും ] ചർമ്മത്തിലെത്തി തടിച്ച പാടുകൾ ഉണ്ടാകുന്നു. ചർമ്മത്തിലെ രക്തക്കുഴലുകൾ വികസിക്കുന്നത് തടിപ്പുകൾക്കു ചുവന്ന നിറം നൽകുന്നു.

ലക്ഷണങ്ങൾ

ചൊറിയുക എന്ന അർഥമുള്ള psora ( സോറാ ) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് സോറിയാസിസ് എന്ന വാക്കിന്റെ ഉത്ഭവം. എന്നാൽ മറ്റുള്ള പല ത്വക് രോഗങ്ങളെ അപേക്ഷിച്ചു സോറിയാസിസിനു ചൊറിച്ചിൽ കുറവാണ്. അസഹനീയമായ ചൊറിച്ചിൽ സോറിയാസിസ് രോഗിയിൽ കണ്ടാൽ ചൊറിച്ചിലിന്റെ മറ്റു കാരണങ്ങൾ തേടേണ്ടതുണ്ട്.

യൗവ്വനാരംഭത്തിലും അറുപതുകളിലുമാണ് സാധാരണ രോഗാരംഭം കണ്ടു വരുന്നത്.

വിവിധ തരത്തിൽ സോറിയാസിസ് പ്രകടമാകാം

🔴ക്രോണിക് പ്ലാക് സോറിയാസിസ് (Chronic plaque psoriasis)

80-90% സോറിയാസിസ് രോഗികളും ഈ ഗണത്തിൽ പെടുന്നു. വ്യക്തമായ അരുകുകൾ ഉള്ള വെള്ളി നിറത്തിലെ ശൽകങ്ങളോടു കൂടിയ ചുവന്ന തടിപ്പുകൾ കൈകാൽമുട്ടുകൾ, നടുവ്, ശിരോചർമ്മം, കൈകാൽ വെള്ള എന്നീ ശരീരഭാഗങ്ങളിൽ കണ്ടു വരുന്നു. അസുഖത്തിന്റെ തീവ്രതയേറുമ്പോൾ കൂടുതൽ ശരീരഭാഗങ്ങളിലേക്ക് പാടുകൾ വ്യാപിക്കുന്നു.

ചില പാടുകൾക്കു ചുറ്റും വെളുത്ത വലയം കണ്ടു വരാറുണ്ട്, പ്രത്യേകിച്ച് ചികിത്സ തുടങ്ങിയ ശേഷം. ഇതിനെ വോർനോഫ്സ് റിങ്ങ് (Wornoff’s ring) എന്നു പറയുന്നു.

പരിക്കുകൾ അല്ലെങ്കിൽ ക്ഷതം ഏൽക്കുന്ന ഭാഗങ്ങളിൽ ക്ഷതം ഏറ്റ അതെ മാതൃകയിൽ പുതിയ തടിപ്പുകൾ ഉണ്ടാകാം, ഇത് കോബ്നർ ഫിനോമിനൻ (Koebner phenomenon) എന്നറിയപ്പെടുന്നു. ഈ പ്രതിഭാസം സജീവമായ രോഗത്തിന്റെ (active disease) ലക്ഷണമാണ്.

പാടുകൾ ശിരോചർമ്മത്തിൽ മാത്രമായി പരിമിതമായിരിക്കുകയും ആകാം, ഇതാണ് scalp psoriasis. ഈ രോഗാവസ്ഥ താരനായി തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത ഏറെയാണ്. അതു പോലെ തന്നെ, നഖങ്ങളെ മാത്രം ബാധിക്കുന്ന അവസ്ഥ nail psoriasis എന്നും കൈകാൽ വെള്ളയെ മാത്രം ബാധിക്കുന്ന രോഗം palmoplantar psoriasis എന്നും അറിയപ്പെടുന്നു. മറ്റുള്ള ഇനം സോറിയാസിസിലും മേല്പറഞ്ഞ ഭാഗങ്ങൾ മറ്റു ശരീരഭാഗങ്ങളോടൊപ്പം ഉൾപ്പെടാം.

മടക്കുകളെ ബാധിക്കുന്ന flexural psoriasis, താരൻ ഉണ്ടാകുന്ന ശരീരഭാഗങ്ങളായ ശിരോചർമ്മം, പുരികം, മൂക്കിന്റെ വശങ്ങൾ, ചെവിയുടെ പുറകു വശം, നെഞ്ച്, തോളുകൾ, കക്ഷം, തുടയിടുക്കുകൾ എന്നിവിടങ്ങളെ ബാധിക്കുന്ന സീബോസോറിയാസിസ് (sebopsoriasis) എന്നിവയും സോറിയാസിസ് എന്ന രോഗത്തിന്റെ വകഭേദങ്ങളാണ്.

🔴അക്യൂട്ട് ഗട്ടേറ്റ് സോറിയാസിസ് (acute guttate psoriasis)

ടോൺസിലൈറ്റീസ് പോലെയുള്ള അണുബാധയെ തുടർന്ന് പൊടുന്നനവെ ശരീരത്തു വെള്ളത്തുള്ളികൾ പോലെ ശൽകങ്ങളോടുകൂടിയ ചെറിയ ചുവന്ന തടിപ്പുകൾ കാണുന്നു. കുട്ടികളിലും യുവാക്കളിലും ആണ് സാധാരണ ഇത്തരം രോഗം കണ്ടു വരുന്നത്. അണുബാധ ഭേദമാകുന്നതോടെ 2-3 മാസം കൊണ്ട് ചർമ്മത്തിലെ പാടുകളും മാറുന്നു. ചെറിയ ശതമാനം രോഗികളിൽ പിന്നീട് ക്രോണിക് പ്ലാക് സോറിയാസിസ് ഉണ്ടാകാൻ സാധ്യതയുണ്ട്.

🔴എരിത്രോടെർമിക് സോറിയാസിസ് (erythrodermic psoriasis)

ത്വക്കിന്റെ 90 ശതമാനത്തിൽ കൂടുതൽ അസുഖം ബാധിച്ചു തീവ്രത കൂടിയ അവസ്ഥയാണിത്. 1-2% രോഗികളിൽ ഈ അവസ്ഥ ഉണ്ടാകാം.

🔴 പസ്റ്റുലാർ സോറിയാസിസ് (pustular psoriasis)

ബയോപ്സി ചെയ്തു മൈക്രോസ്കോപ്പി പരിശോധനയിൽ കാണാവുന്ന ന്യൂട്രോഫിലുകളുടെ കൂട്ടം എല്ലാത്തരം സോറിയാസിസിന്റെയും ലക്ഷണമാണ്.എന്നാൽ രോഗതീവ്രത കൂടുമ്പോൾ ഇത് പ്രത്യക്ഷത്തിൽ നഗ്നനേത്രങ്ങൾ കൊണ്ടു കാണാനാകുന്ന അവസ്ഥയിലെത്തി ചർമ്മത്തിൽ പഴുത്ത കുരുക്കൾ പ്രത്യക്ഷപ്പെടുന്നു. ഇതാണ് പസ്റ്റുലാർ സോറിയാസിസ്.
കൈകാൽ വെള്ളകളിൽ മാത്രം പഴുത്ത കുരുക്കൾ പരിമിതമായിരിക്കുന്ന പാമോപ്ലാന്റാർ പസ്റ്റുലോസിസ്‌ (palmoplantar pustulosis) മുതൽ ചർമ്മത്തിൽ ആസകലം പഴുപ്പ് നിറയുന്ന അക്യൂട്ട് ജനറലൈസ്ഡ് പസ്റ്റുലർ സോറിയാസിസ്(acute generalised pustular psoriasis of von Zumbusch) വരെ ഈ വിഭാഗത്തിൽ പെടുന്നു.
തീവ്രതയേറിയ ഇനങ്ങളിൽ സോറിയാസിസിന്റെ പാടുകളിലോ ചർമ്മത്തിൽ അല്ലാതെ തന്നെയോ നീറ്റലോടു കൂടി ചുവപ്പ് വീഴുന്നു, താമസിയാതെ ചുവപ്പിനു മീതെ പഴുത്ത കുരുക്കൾ രൂപപ്പെടുന്നു. പല കുരുക്കൾ ചേർന്ന് ദേഹമാസകാലം പഴുപ്പിന്റെ പൊയ്കകൾ (lakes of pus) തന്നെ രൂപപ്പെടാം. ഇതോടൊപ്പം പനി, ശരീരം വേദന, ന്യൂമോണിയ, മഞ്ഞപ്പിത്തം, രക്തത്തിലെ കൗണ്ടിലും മറ്റു ഘടകങ്ങളിലും വ്യതിയാനം എന്നിവ ഉണ്ടാകാം. സന്ദർഭോചിതമായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെയും സംഭവിക്കാം.

🔴സോറിയാറ്റിക് ആർത്രോപതി (psoriatic arthropathy)

ത്വക്കിൽ സോറിയാസിസ് ഉള്ള 40% ആളുകളിൽ സന്ധിവേദനയും വീക്കവും ഉണ്ടാകാറുണ്ട്. വാതം എന്നു പറഞ്ഞു തള്ളി കളയുന്ന പല സന്ധി വേദനയും സോറിയാറ്റിക് ആർത്രൈറ്റിസ് ആകാം.
രാവിലെ എഴുന്നേറ്റയുടൻ സന്ധികൾ ചലിപ്പിക്കാനുള്ള വിഷമതയും വേദനയും ഒരു പ്രധാനലക്ഷണമാണ്. കൈകാൽ വിരലുകളുടെ അറ്റത്തെ ചെറിയ സന്ധികളെയാണ് (distal interphalangeal joint) പ്രധാനമായും ഇതു ബാധിക്കുന്നത്. വിരളമായി മറ്റു സന്ധികളെയും നട്ടെല്ലിനേയും സോറിയാറ്റിക് ആർത്രോപതി ബാധിക്കാം. ഇതോടൊപ്പം ത്വക്കിലും നഖത്തിലും സോറിയാസിസ് ഉണ്ടാകാം.

സങ്കീർണതകൾ

എരിത്രോടെർമിക് സോറിയാസിസിലും, പസ്റ്റുലാർ സോറിയാസിസിലും ത്വക്കിന്, ശരീരോഷ്മാവ് നിലനിർത്തുക, അണുബാധ തടയുക, ജലത്തിന്റെയും ലവണങ്ങളുടെയും സന്തുലനാവസ്ഥ നിലനിർത്തുക എന്നീ കടമകൾ ചെയ്യാൻ കഴിയാതെ വന്ന് skin failure എന്ന സങ്കീർണമായ അവസ്ഥയിൽ എത്തുന്നു. തൽഫലമായി രോഗിക്ക് പനി, കുളിര്, രക്തത്തിലെ ലവണങ്ങളിൽ വ്യതിയാനം, അപൂർവമായി രക്തത്തിൽ അണുബാധയുണ്ടാകുന്ന മാരകമായ സെപ്റ്റിസിമിയ (septicemia) എന്ന അവസ്ഥയുമുണ്ടാകാം.
സോറിയാസിസ് രോഗികളിൽ പൊണ്ണത്തടി, പ്രമേഹം, രക്താതിമ്മർദം,ഹൃദയാഘാതം, പക്ഷാഘാതം, കരൾവീക്കം (non -alcoholic steatohepatitis) എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.

പരിശോധന

ലക്ഷണങ്ങളാണ് രോഗനിർണയത്തിന്റെ ആധാരശില. അതിനാൽ തന്നെ മേല്പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ ഒരു ത്വക് രോഗവിദഗ്ദന്റെ സഹായം തേടേണ്ടത് അത്യന്താപേക്ഷിതമാണ്.

ചില സന്ദർഭങ്ങളിൽ മാത്രം പരിശോധനകൾ ആവശ്യമായി വന്നേക്കാം.
ന്യൂട്രോഫിലുകളുടെ കൂട്ടങ്ങളും ,ചർമ്മത്തിലെ വിവിധ പാളികളിലും രക്തക്കുഴലുകളിലും ഉണ്ടാകുന്ന നിശ്ചിത വ്യത്യാസങ്ങളും ത്വക്കിലെ പാടിന്റെ ബയോപ്സി പരിശോധനയിലൂടെ തിരിച്ചറിയാൻ കഴിയും.
പസ്റ്റുലർ സോറിയാസിസ്, എരിത്രോടെർമിക് സോറിയാസിസ് എന്നീ തീവ്രതയേറിയ രോഗാവസ്ഥകളിൽ രക്തത്തിലെ കൗണ്ട്, ഇ എസ് ആർ, കാൽഷ്യം, സോഡിയം, പൊട്ടാഷ്യം, പ്രോട്ടീൻ, വൃക്കകളുടെയും, കരളിന്റെയും പ്രവർത്തനം നിശ്ചയിക്കാനുള്ള പരിശോധനകൾ, പഴുപ്പിന്റെയും, രക്തത്തിന്റെയും കൾച്ചർ എന്നീ പരിശോധനകളും വേണ്ടി വന്നേക്കാം.

ചികിത്സ

ഇടയ്ക്ക് രോഗലക്ഷണങ്ങള്‍ തീവ്രമാവുകയും (Exacerbation) ഇടയ്ക്ക് നന്നായി കുറഞ്ഞു പൂർണമായും അപ്രത്യക്ഷമാവുകയും (Remission) ചെയ്യുന്നത് ഈ രോഗത്തിന്റെ പ്രധാന സവിശേഷതയാണ്. ഈ പ്രത്യേകത മുതലെടുത്താണ് പല അത്ഭുതരോഗസൗഖ്യ പ്രസ്ഥാനങ്ങളും നിലകൊള്ളുന്നത്.

പരിപൂര്‍ണ്ണമായി ചികിത്സിച്ചു മാറ്റാന്‍ കഴിയുന്ന രോഗം അല്ലെങ്കിൽ കൂടിയും സോറിയാസിസിനു ആധുനിക വൈദ്യശാസ്ത്രത്തിൽ ഫലപ്രദമായ ചികിത്സാ രീതികൾ ലഭ്യമാണ്.
ലക്ഷണങ്ങളെ ശമിപ്പിക്കുക, രോഗത്തിന്റെ തീവ്രത കുറയ്ക്കുക, രോഗശമന കാലയളവ്‌ ദീര്‍ഘകാലത്തേക്ക് നീട്ടുക എന്നിവയാണ് ചികിത്സയുടെ പ്രധാന ലക്ഷ്യങ്ങൾ.

രോഗതീവ്രത, രോഗം ബാധിച്ച ഭാഗം (ശിരോചർമ്മം, കൈകാൽ വെള്ള, സന്ധികൾ, നഖം), രോഗിയുടെ പ്രായം എന്നിങ്ങനെ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ചികിത്സ നിർണയിക്കപ്പെടുന്നത്.

ചികിത്സാ രീതികൾ

💊ലേപനങ്ങൾ

സ്റ്റിറോയ്ഡ്, കോൾ ടാർ തുടങ്ങി നിരവധി ലേപനങ്ങൾ ഫലപ്രദമാണ്. തീവ്രത കുറഞ്ഞ പരിമിതമായ ഭാഗങ്ങളെ മാത്രം ബാധിക്കുന്ന അവസ്ഥയിൽ ലേപനങ്ങൾ മാത്രം മതിയാകും.

💊ഫോട്ടോതെറാപ്പി

അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള ചികിത്സയാണിത്. സൂര്യപ്രകാശം ഉപയോഗിച്ചോ പ്രത്യേക തരം ഉപകരണങ്ങൾ ഉപയോഗിച്ചോ ഈ ചികിത്സ ചെയ്യാം. ചില സന്ദർഭങ്ങളിൽ അൾട്രാ വയലറ്റ് രശ്മികളോടുള്ള ചർമ്മത്തിന്റെ പ്രതികരണശേഷി കൂട്ടാനുതകുന്ന ലേപനങ്ങളോ ഗുളികകളോ ഇതോടൊപ്പം ഉപയോഗിക്കാറുണ്ട്.

💊മരുന്നുകൾ (ഗുളികകളും ഇഞ്ചക്ഷനും)

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ നിയന്ത്രിക്കുന്ന മരുന്നുകളാണിവ. സോറിയാറ്റിക് ആർത്രോപതി, എരിത്രോടെർമിക് സോറിയാസിസ്, പസ്റ്റുലാർ സോറിയാസിസ്, ശരീരത്തിന്റെ 10 ശതമാനത്തിൽ കൂടുതൽ ബാധിക്കുന്ന രോഗം, മറ്റു ചികിത്സകൾ ഫലപ്രദമല്ലാതെ വരുക എന്നീ അവസ്ഥകളിലാണ് ഇത്തരം ചികിത്സ വേണ്ടി വരുന്നത്. ഈ മരുന്നുകൾ കഴിക്കുന്നവരിൽ കൃത്യമായ തുടർപരിശോധനകൾ അനിവാര്യമാണ്.

💊ജീവിത ശൈലിയിലെ മാറ്റങ്ങൾ

ഒമേഗാ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണസാധനങ്ങളും സോറിയാസിസ് കുറയാൻ സഹായിക്കും. ഭക്ഷണത്തിൽ പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തണം. ചില രോഗികളിൽ ഗ്ളൂട്ടൻ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ (ഗോതമ്പ്, ബാർലി മുതലായവ) ഒഴിവാക്കുന്നത് ഫലം ചെയ്തു കാണാറുണ്ട്.
കലോറി കുറഞ്ഞ ഭക്ഷണസാധനങ്ങളും, കൃത്യമായ വ്യായാമവും സോറിയാസിസ് രോഗികളിൽകൂടുതലായി കണ്ടു വരുന്ന പൊണ്ണത്തടി, പ്രമേഹം, രക്താതിമ്മർദം,ഹൃദയാഘാതം, പക്ഷാഘാതം, കരൾവീക്കം (non -alcoholic steatohepatitis) എന്നിവയെ പ്രതിരോധിക്കും.

സോറിയാസിസ് രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

✏️ചർമ്മത്തിൽ ക്ഷതമേൽകാതിരിക്കാൻ ശ്രദ്ധിക്കുക.

✏️നിരന്തരമായ ഉരസ്സലുകൾ ഒഴിവാക്കുക. ഉദാഹരണത്തിന് ശക്തിയായി ചുരണ്ടിയോ ചൊറിഞ്ഞോ ശല്കങ്ങൾ ഇളക്കാൻ ശ്രമിക്കാതിരിക്കുക

✏️ചർമ്മം വരണ്ടു പോകാതെ സൂക്ഷിക്കുക. ഇതിനായി മോയ്സചറൈസറുകളോ എണ്ണയോ ഉപയോഗിക്കാം

✏️ടോൺസിലൈറ്റിസ് പോലെയുള്ള അണുബാധ ഉണ്ടായാൽ ഉടനടി ചികിത്സ തേടുക

✏️പുകവലി, മദ്യപാനം ഒഴിവാക്കുക

✏️മാനസ്സികസമ്മർദ്ദം നിയന്ത്രണ വിധേയമാക്കുക

✏️സൂര്യപ്രകാശം മൂലം സോറിയാസിസ് കൂടുന്നു എന്നു കണ്ടാൽ അമിതമായി വെയിൽ കൊള്ളുന്നത് ഒഴിവാക്കുക

✏️ചികിത്സ ഡോക്ടർ നിർദേശിച്ച രീതിയിൽ നിർദിഷ്ട കാലം തുടരുക.

ചുരുക്കി പറഞ്ഞാൽ, സോറിയാസിസിനെ ഭയക്കേണ്ടതില്ല. അത്ഭുതരോഗസൗഖ്യവാഗ്ദാനങ്ങളിൽ മോഹിതരാകാതെ സന്ദർഭോചിതമായ ചികിത്സയിലൂടെ സോറിയാസിസിനെ വരുതിയിലാക്കാം.

അപ്പോൾ, എല്ലാവർക്കും ഹൃദയം നിറഞ്ഞ സോറിയാസിസ് ദിനാശംസകൾ….

എഴുതിയത് കടപ്പാട് : Dr Aswini

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles