പരമ്പരാഗതമായി ഉപയോഗിച്ചു വന്ന രോഗനിർണയ രീതികളെ കാൾ ഈ കാലത്ത് ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്ന് അസുഖങ്ങൾ കണ്ടെത്താം എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
സ്റ്റോണി ബ്രൂക്ക്, പെൻസിൽവാനിയ ഹെൽത്ത് സിസ്റ്റം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നടത്തിയ പഠനത്തിലാണ് ഫേസ്ബുക്ക് പോസ്റ്റുകളിൽ വ്യക്തികൾ ഉപയോഗിക്കുന്ന ഭാഷ മനസ്സിലാക്കിയാൽ ആ വ്യക്തി വിഷാദരോഗം ഡയബറ്റിസ് തുടങ്ങിയവയ്ക്ക് അടിമയാണോ എന്ന് കണ്ടെത്താൻ സാധിക്കുമെന്ന പഠനം നടന്നത്. സാധാരണ ശരീരം പരിശോധിക്കുന്ന പോലെ തന്നെ, പോസ്റ്റിനോടൊപ്പം തങ്ങളുടെ ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡ് ചേർത്ത ഏകദേശം ആയിരത്തോളം രോഗികളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ഓട്ടോമേറ്റഡ് ഡേറ്റാ കളക്ഷൻ ഉപയോഗിച്ച് അവർ താരതമ്യ പഠനം നടത്തിയിരുന്നു.
ഉപയോഗിച്ച ഭാഷയെക്കുറിച്ച് ആഴത്തിൽ വിശകലനം നടത്തിയതിനുശേഷം രോഗിയുടെ പ്രായം , സെക്സ് തുടങ്ങിയവ മനസ്സിലാക്കുന്നു. അങ്ങനെ ഏകദേശം 21 ഓളം വ്യത്യസ്ത രോഗസാധ്യതകളെ കുറിച്ച് മനസ്സിലാക്കാം എന്നാണ് ഗവേഷണ വിദ്യാർഥികൾ പറയുന്നത്. സൈക്കോസിസ് ആൽക്കഹോളിസം, ഉൽക്കണ്ഠ തുടങ്ങിയവ ഇവയിൽ പ്രധാനമാണ്. പത്തോളം രോഗങ്ങൾ കണ്ടെത്താൻ ശാരീരികാവസ്ഥകളേക്കാൾ നല്ലത് ഫേസ്ബുക്ക് പോസ്റ്റുകൾ ആണെന്നും അവർ പറയുന്നു.
ചില വാക്കുകൾക്ക് ചില രോഗാവസ്ഥകളുമായി അഭേദ്യമായ ബന്ധമുണ്ട്. ഉദാഹരണത്തിന് ഡ്രിങ്ക് കുപ്പി തുടങ്ങിയ വാക്കുകൾ തുടർച്ചയായി ഉപയോഗിക്കുന്നവർ മിക്കപ്പോഴും മദ്യപാനികൾ ആയിരിക്കും. അതേസമയം ദൈവം പ്രാർത്ഥനാ തുടങ്ങിയ വാക്കുകൾ സാധാരണക്കാരെ അപേക്ഷിച്ച് 15 ശതമാനത്തിലധികം ഉപയോഗിക്കുന്നവർ പ്രമേഹരോഗികൾ ആയിരിക്കും.
പെന് മെഡിസിൻ സെന്റർ ഫോർ ഡിജിറ്റൽ ഹെൽത്ത് ഡയറക്ടറായ റൈന മർച്ചന്റ് പറയുന്നു “ഈ പഠനം വളരെ നേരത്തെ നടന്നതാണ് എന്നാൽ രോഗനിർണയത്തിന് സഹായകമാകുമെന്ന് മനസ്സിലായതിനാൽ ആണ് ഇപ്പോൾ ഇത് പുറത്തുവിടുന്നത്”. മിക്കവാറും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്ന് വ്യക്തികളുടെ ജീവിതശൈലി കളെക്കുറിച്ചും മാനസിക നിലയെ കുറിച്ചും മനസ്സിലാക്കാൻ സാധിക്കും. എന്നാൽ ഇത് രോഗനിർണയത്തിന് ഉപയോഗിക്കുന്നത് ആദ്യമായാണ്.
ഡിജിറ്റൽ ഭാഷയ്ക്ക് അതിന്റെതായ പ്രത്യേകത ഉണ്ടെന്നും, ഈ കണ്ടെത്തൽ വെളിച്ചംവീശുന്നത് പുതിയ രോഗനിർണായക സമീപനങ്ങളിലെക്കാണെന്നും വ്യക്തിയെ കാണാതെ ചികിത്സ തുടങ്ങാൻ കഴിയുന്നതാണ് ഇതിന്റെ പ്രത്യേകത എന്നും മുതിർന്ന ഗവേഷകനായആൻഡ്രൂ സ്വാർട്സ് പറഞ്ഞു.
കുട്ടികളിലെ മാനസിക പ്രശ്നങ്ങൾ സമയബന്ധിതമായി നിർണയിക്കുന്നതിന് അധ്യാപകർക്ക് പരിശീലനം നൽകാൻ തീരുമാനം. ഇംഗ്ലണ്ടിലേയും വെയിൽ സിലേയും എല്ലാ അധ്യാപകർക്കും ഇതിനായുള്ള പരിശീലനം നൽകുമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ തീരുമാനം ഉടനടി ഉണ്ടാകും. തെരേസ മേ യുടെ പ്രധാനമന്ത്രിപദത്തിലുള്ള അവസാന നാളുകളിൽ തന്റെ ജനപ്രീതി ഉയർത്തുവാനുള്ള പരിശ്രമത്തിന്റെ ഭാഗമായുള്ളതാണ് ഈ തീരുമാനം.
വടക്കുപടിഞ്ഞാറൻ ലണ്ടനിലെ ഒരു സ്കൂളിൽ തെരേസ മേ സന്ദർശനം നടത്തുമെന്നും കുട്ടികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടതായ നിർദ്ദേശങ്ങൾ അധ്യാപകർക്ക് നൽകുമെന്നും ഓഫീസ് വക്താവ് അറിയിച്ചു. എല്ലാ സ്കൂളുകൾക്കും അതിന് ആവശ്യമായ പുതിയ പഠന സാഹചര്യങ്ങൾ ഒരുക്കും. കുട്ടികളിലെ മാനസിക പ്രശ്നങ്ങൾ കൃത്യസമയത്ത് കണ്ടുപിടിക്കുകയും അതിനു വേണ്ടതായ ചികിത്സ നൽകുകയും ചെയ്യേണ്ടത് അവരുടെ വളർച്ചയ്ക്ക് ആവശ്യമാണ്. കുട്ടികളിലെ ആത്മഹത്യാപ്രവണത കൾ ഇല്ലാതാക്കുന്ന അതിനായി പ്രത്യേകം പരിശീലനം നേടിയ എൻഎച്ച് പ്രവർത്തകരുടെ സഹായങ്ങൾ ലഭ്യമാക്കും.
ഇതോടൊപ്പംതന്നെ മെന്റൽ ഹെൽത്ത് ആക്റ്റിൽ വേണ്ടതായ മാറ്റങ്ങൾ വരുത്താനും തീരുമാനിച്ചു. മാനസിക പ്രശ്നങ്ങൾ നേരിടുന്നവരെ പോലീസ് സെല്ലുകളിൽ പാർപ്പിക്കുന്നത് തടയാനുള്ള നിയമനിർമ്മാണവും നടത്താൻ ഗവൺമെന്റ് തീരുമാനിച്ചു. ഇത്തരം തീരുമാനങ്ങളെ ജനങ്ങൾ സന്തോഷത്തോടെയാണ് സ്വീകരിച്ചത് എന്ന് ഗവൺമെന്റ് വക്താവ് സർ സൈമൺ വെസ്സലി അറിയിച്ചു. എന്നാൽ ലേബർ പാർട്ടിയുടെ ഭാഗത്ത് നിന്നും വിമർശനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഇത്തരം തീരുമാനങ്ങൾക്ക് സാധിച്ചിട്ടില്ലെന്ന് ലേബർ പാർട്ടി അംഗം ബാർബറ കീലീ അറിയിച്ചു.
കഴിഞ്ഞയാഴ്ച പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് ഏകദേശം ഒരു ലക്ഷത്തി ആറായിരത്തോളം പത്തിനും 17നും വയസ്സിനിടയിലുള്ള കുഞ്ഞുങ്ങൾക്കാണ് ചികിത്സ നിഷേധിക്കപ്പെട്ടത്. ഈയൊരു സാഹചര്യത്തിൽ ഇത്തരമൊരു തീരുമാനം വളരെ മെച്ചപ്പെട്ടതാണ് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് 57 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന് പിന്നില്‍ ലിച്ചി പഴമാണെന്ന് ആരോഗ്യ വിദഗ്ധര്‍. 2015- ല്‍ അമേരിക്കന്‍ ഗവേഷകര്‍ ലിച്ചി പഴത്തില്‍ മരണം വരെ സംഭവിക്കാന്‍ കഴിയുന്ന വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ലിച്ചി പഴത്തിലുള്ള വിഷാംശമാണ് കുട്ടികളില്‍ മസ്തിഷ്‌ക രോഗത്തിന് കാരണമായതെന്നും മരണത്തിലേക്ക് നയിച്ചതെന്നും വിദഗ്ധര്‍ പറയുന്നു.
ബിഹാറിലെ മുസാഫര്‍പൂരിലുള്ള രണ്ട് ആശുപത്രികളിലായി 179 കേസുകള്‍ കഴിഞ്ഞ ജനുവരി മുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ മരണം സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ മൂന്നാഴ്ചകള്‍ കൊണ്ടാണെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീകൃഷ്ണ മെഡിക്കല്‍ കോളജില്‍ ജനുവരി മുതല്‍ പ്രവേശിപ്പിച്ചത് 117 കുട്ടികളെയാണ്. ഇതില്‍ 102 പേരെയും അഡ്മിറ്റ് ചെയ്തിരിക്കുന്നത് ജൂണ്‍ മാസത്തിലാണ്. ഇവിടെ മാത്രമായി 47 പേരാണ് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ചത്. മറ്റ് 10 കേസുകള്‍ സ്വകാര്യ ആശുപത്രികളിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
മരിച്ച എല്ലാ കുട്ടികളും തീക്ഷ്ണമായ എന്‍സൈഫലൈറ്റിസ് സിന്‍ഡ്രോം (എഇഎസ്) ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് മുതിര്‍ന്ന ഹെല്‍ത്ത് ഓഫീസറായ അശോക് കുമാര്‍ സിംഗ് പറഞ്ഞു.
ബംഗ്ലാദേശിലും വിയറ്റ്നാമിലുമാണ് ലിച്ചി ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നത്. ലിച്ചി സീസണായ വേനല്‍ക്കാലത്ത് പടര്‍ന്നുപിടിക്കുന്ന ഈ അസുഖം ‘ചാംകി ബുഖാര്‍’ എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്. ഇവിടെത്തെ ജനങ്ങളില്‍ നാഡീവ്യൂഹ സംബന്ധമായ രോഗങ്ങള്‍ കണ്ടുവരുന്നുണ്ടന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
മലേഷ്യയില്‍ അജ്ഞാത രോഗം ബാധിച്ച് 20 പേര്‍ മരിച്ചു. പ്രദേശത്തെ ഗോത്രവര്‍ഗ വിഭാഗത്തിനിടയിലാണ് ഈ അജ്ഞാത രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം രോഗം എന്താണെന്ന് അധികൃതര്‍ക്ക് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലാത്തതിനാൽ ഗ്രാമത്തില്‍ അടുത്തിടെ മരിച്ച 14 പേരുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനാണ് മലേഷ്യന്‍ അധികൃതരുടെ തീരുമാനം.
20 പേരില്‍ രണ്ടുപേര്‍ മരിച്ചത് ന്യുമോണിയ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ച 12 പേരുടെ രോഗത്തിന് സമാനമായ ലക്ഷണങ്ങളോടെ 83 പേര്‍ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതില്‍ 46 പേരുടെ നില ഗുരുതരമാണ്.സ്ഥലത്ത് നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് കുടിവെള്ളം മലിനമായതാണ് അസുഖങ്ങള്‍ക്ക് കാരണമെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.
അതേസമയം ഖനനം നടത്തുന്ന കമ്പനി കുടിവെള്ളം മലിനമാക്കിയെന്ന് കണ്ടെത്തിയാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന് മലേഷ്യന്‍ ഉപപ്രധാനമന്ത്രി വാന്‍ അസിയ വാന്‍ ഇസ്മൈല്‍ മുന്നറിയിപ്പ് നല്‍കി.
വയറുവേദനയുമായി എത്തിയ നാല് വയസ്സുകാരന്റെ വയറില്‍ നിന്ന് നീക്കം ചെയ്തത് നിരവധി വിരകളെ. ഡോക്ടറും നഴ്‌സുമാരും ഞെട്ടി. കഠിനമായ വയറുവേദനയും ഛര്‍ദ്ദിയും കാരണമാണ് നാല് വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് ഒരു ഡസനോളം നാടവിരകളെയാണ്. ആഫ്രിക്കയിലെ കാമറൂണിലാണ് സംഭവം. വയറുവേദന ഛര്‍ദ്ദി, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളാണ് ഉണ്ടായത്. പരിശോധിച്ച ഡോക്ടര്‍ കുട്ടിയുടെ കുടലില്‍ അസ്വഭാവികത കണ്ടതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയകള്‍ക്കൊടുവിലാണ് മുഴുവന്‍ വിരകളെയും നീക്കം ചെയ്തത്. കുട്ടിയുടെ ജീവന് വരെ ഭീഷണിയാകാവുന്ന വിരകളെയാണ് നീക്കം ചെയ്തത്. വലിയ അപകടമാണ് ഇല്ലാതായത്.
വ്യക്തി ശുചിത്വമില്ലായ്മ, മലിനജലത്തിന്റെ ഉപയോഗം, തുടങ്ങിയവയാണ് വിര പ്രശ്നമുണ്ടാക്കുന്നത്. ഭക്ഷണത്തിലൂടെയോ വൃത്തിഹീനമായ സാഹചര്യത്തിലൂടെയോ ഇവ ശരീരത്തിലെത്തിയേക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
നിപ വൈറസ് ബാധിതനായ യുവാവിന്റെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്. ഇന്നലെ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്
സംസ്ഥാനത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് നിപ ഭീഷണി ഒഴിയുന്നതായ വിലയിരുത്തലുകൾ. നിപ ബാധിതനായ യുവാവിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഇടക്ക് ചെറിയ പനി ഉണ്ടാകുന്നുണ്ടെങ്കിലും നന്നായി ഭക്ഷണം കഴിക്കാനും സംസാരിക്കാനും സാധിക്കുന്നുണ്ട്. മാതാവുമായി യുവാവ് സംസാരിക്കുകയും ചെയ്തു. ചികിൽസയ്ക്ക് നേതൃത്വം നൽകുന്ന ഡോക്ടർമാർ യോഗം ചേര്‍ന്ന് തുടര്‍ചികിത്സ നടപടികള്‍ ചര്‍ച്ച ചെയ്തു. രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 318 പേരില്‍ 52 പേര്‍ ഇപ്പോഴും തീവ്രനിരീക്ഷണത്തിലാണ്. ബാക്കി 266 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുള്ളവരാണ്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി തുടരുകയാണ്. ഐസലേഷേൻ വാർഡിലെ കിടക്കകളുടെ എണ്ണം എട്ടിൽ നിന്ന് മുപ്പത്തിരണ്ടായി ഉയർത്തിയിട്ടുണ്ട്.
പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 10000 ത്രീ ലെയര്‍ മാസ്‌കുകള്‍ കൂടി എത്തിച്ചു. 450 പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ കിറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. സൈബര്‍ മോണിറ്ററിങ് ടീം നിപയെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരായ നടപടികളും ശക്തമാക്കിയിട്ടുണ്ട്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പഞ്ചായത്ത് വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ജാഗ്രതാ പരിശീലനവും തുടരുകയാണ്.
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതിൽ ഭയാനകമായ സാഹചര്യം നിലവിൽ ഇല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പനി ബാധിച്ച് അഞ്ച് പേർ കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡില്‍ ചികിത്സയിലാണ്. ഇതിൽ മൂന്ന് പേർ രോഗിയെ ചികിത്സിച്ച നഴ്സുമാരാണ്. പറവൂർ സ്വദേശിയും യുവാവിന്റെ സഹപാഠിയും ചാലക്കുടിക്കാരനായ മറ്റൊരു യുവാവുമാണ് ചികിത്സയിലുള്ളത്. ആരുടെയും നില ഗുരുതരമല്ല. യുവാവുമായി ഇടപഴകിയിട്ടുണ്ടെന്ന് സംശയിക്കുന്ന 311 പേരുടെ പട്ടികയും തയാറാക്കിയെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിലവിലെ അവസ്ഥയിൽ ഭയാനകമായി ഒന്നുമില്ല. വരും ദിവസങ്ങളിൽ അതീവശ്രദ്ധ വേണം. സ്കൂളുകൾക്ക് അവധി നൽകുന്നത് സംബന്ധിച്ച് അടുത്ത ദിവസത്തെ സ്ഥിതികൂടി പരിഗണിച്ച ശേഷം തീരുമാനമുണ്ടാകും. അവധി നൽകിയാലും മുൻകരുതൽ എന്ന നിലയിൽ മാത്രമാകും. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നാളെയും താൻ കൊച്ചിയിൽ തങ്ങി സ്ഥിതി വിലയിരുത്തുമെന്ന് മന്ത്രി പറഞ്ഞു.
എറണാകുളത്ത് നിപ സ്ഥിരീകരിച്ച ഇരുപത്തിമൂന്നുകാരന്റെ നില മെച്ചപ്പെട്ടു. യുവാവിന്റെ പനി കുറഞ്ഞു. പറവൂര്‍ സ്വദേശിക്കാണ് നിപ ബാധിച്ചത്. ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പരിശോധനകള്‍ ഊര്‍ജിതമാക്കി. തൊടുപുഴയിലും,തൃശൂരിലും ,എറണാകുളത്തും പരിശോധനകള്‍ നടത്തിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ല. നിപ ബാധിതനായ യുവാവുമായി ഇടപഴകിയിട്ടുണ്ടെന്ന് സംശയിക്കുന്ന മുന്നൂറ്റി പതിനൊന്ന് പേരുടെ പട്ടികയും തയാറാക്കി. അതേസമയം നിപയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് രണ്ട് കേസ് റജിസ്ററര്‍ ചെയ്തു.
കൊച്ചിയില്‍ ചികില്‍സയിലുള്ള യുവാവിന് നിപ സ്ഥിരീകരിച്ചു. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് അന്തിമതീര്‍പ്പ് വന്നത്. ആരും ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിപയെന്ന് സംശയിക്കുന്ന ഘട്ടത്തില്‍ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. രോഗത്തെ നേരിടാന്‍ ആരോഗ്യവകുപ്പിന് ധൈര്യമുണ്ട്. ‘റിബാവറിന്‍’ മരുന്ന് ആവശ്യത്തിനുണ്ട്.
നിപ നേരിടുന്നതിന് ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ അറിയിച്ചു. മരുന്നുകള്‍ എത്തിക്കാന്‍ വിമാനം ലഭ്യമാക്കും. കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് മന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഓസ്ട്രേലിയന്‍ മരുന്ന് കേന്ദ്രസര്‍ക്കാര്‍ ഉടനെ എത്തിക്കും. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. എയിംസിലെ ഡോക്ടര്‍മാരുള്‍പ്പെടെ ആറംഗ സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്.
രോഗിയുമായി ബന്ധപ്പെട്ടെ നാലു പേർക്ക് പനി ബാധിച്ചിട്ടുണ്ട്. ഇവർ രോഗിയുടെ ബന്ധുക്കളല്ല. സുഹൃത്തുക്കളിൽ രണ്ടു പേർക്കും ആദ്യം രോഗിയെ പരിചരിച്ച രണ്ടു നഴ്സുമാര്‍ക്കുമാണ് പനി. ഒരാളെ ഐസലേഷന്‍ വാര്‍ഡിലാക്കി. ആരുടേയും സ്ഥിതി ഗുരുതരമല്ല. ഇവര്‍ക്കും മരുന്ന് നല്‍കുന്നു. ഇവരുടെ സ്രവവും പരിശോധനയ്ക്ക് അയക്കും. സമീപകാലത്ത് ‘നിപ’ ലക്ഷണങ്ങളോടെ മരണമുണ്ടായോ എന്നും പരിശോധിക്കും.
വവ്വാല്‍ ധാരാളമുള്ള പ്രദേശത്തുള്ളവര്‍ സൂക്ഷിക്കുക. വവ്വാല്‍ കടിച്ചതോ തുറന്നിരിക്കുന്നതോ ആയ ഭക്ഷണം കഴിക്കരുതെന്നും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സംഘം യുവാവിന്‍റെ നാട്ടിലെത്തി കൂടുതല്‍ പരിശോധനകളും നടത്തും. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വൈദഗ്ധ്യം നേടിയ കോഴിക്കോടു നിന്നുളള വൈദ്യസംഘം യുവാവിന്‍റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പരിശോധിക്കും.
മന്ത്രിയടക്കം ആരോഗ്യവകുപ്പിലെ ഉന്നതര്‍ കൊച്ചിയില്‍ ഇന്നും ക്യാംപ് ചെയ്യുന്നുണ്ട് . പൊതുജനങ്ങളുെട സംശയ നിവാരണത്തിനായി എറണാകുളം കലക്ടറേറ്റില്‍ വിദ്ഗധ വൈദ്യസംഘത്തെ ഉള്‍പ്പെടുത്തിയുളള കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനവും തുടങ്ങി. 1077 എന്ന നമ്പരില്‍ വിളിച്ചാല്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം
ജനങ്ങൾക്കിടയിൽ നിപ്പയെക്കുറിച്ചുള്ള ആശങ്കകൾ വ്യാപകമാകുകയാണ്. ഇതിനിടയിൽ ചില വ്യജ പ്രചാരണങ്ങളും ജനങ്ങളെ ആശങ്കയിലാക്കുന്നു. നിപ്പയെ സംബന്ധിച്ച പ്രചാരണവും വാസ്തവവും അറിയം.
∙ മാസ്ക് ധരിച്ചുമാത്രം പുറത്തിറങ്ങുക. വായുവിലൂടെ രോഗം പകരും
(വാസ്തവം: രോഗികളോടു നേരിട്ട് ഇടപഴകുന്നവരും ചികിത്സിക്കുന്നവരും മാത്രം മാസ്ക് ധരിച്ചാൽ മതി. വായുവിലൂടെ പകരുന്ന രോഗമല്ലിത്. വൈറസ് ബാധയുള്ള ഒരു വ്യക്തിയുമായോ ജീവിയുമായോ നേരിട്ടു ബന്ധപ്പെടുന്നതിലൂടെ മാത്രമാകും വ്യാപനം.)
∙ ചിക്കൻ കഴിക്കരുത്. നിപ്പയുടെ ഉറവിടം കോഴിയാണ്
(വാസ്തവം: കഴിഞ്ഞ വർഷം നിപ്പ വൈറസ് ബാധയുണ്ടായപ്പോഴും ഇതേ പ്രചാരണം നടന്നിരുന്നു. കോഴിയും നിപ്പയുമായി ഒരു ബന്ധവുമില്ല. പ്രതിസ്ഥാനത്ത് വവ്വാലാണ്. വവ്വാലിന്റെ വിസർജ്യങ്ങളിലൂടെയും സ്രവങ്ങളിലൂടെയും രോഗാണു വ്യാപിക്കുന്നു എന്നാണു കണ്ടെത്തൽ.)
∙ നായ്ക്കളെയും പൂച്ചകളെയും തൊടരുത്. രോഗം പരത്തും
(വാസ്തവം: പശുവും പൂച്ചയും നായ്ക്കളും അടക്കം വീട്ടിൽ വളർത്തുന്ന അരുമ ജീവികളെല്ലാം വൈറസ് വസിക്കാൻ സാധ്യതയുള്ളവ തന്നെയാണ്. എന്നാൽ, ഇവ നിപ്പ പരത്തുന്നവയാണെന്നു സ്ഥിരീകരിച്ചിട്ടില്ല. വളർത്തു മൃഗങ്ങളുടെ ശരീര സ്രവങ്ങൾ ദേഹത്തു സ്പർശിച്ചാൽ സോപ്പ് ഉപയോഗിച്ചു നന്നായി വൃത്തിയാക്കണമെന്നു മാത്രം.)
∙ പഴങ്ങൾ തൊട്ടുപോകരുത്, നിപ്പ ഉറപ്പ്
(വാസ്തവം: പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറലേറ്റതുമായ പഴങ്ങൾ കഴിക്കരുത്. മറ്റു പഴങ്ങൾ നന്നായി തൊലി കളഞ്ഞു കഴിക്കാം. നിലത്തു വീണുകിടക്കുന്ന പഴങ്ങളും കഴിക്കാതെ ഒഴിവാക്കണം. വിറ്റമിൻ സി അടങ്ങിയ പഴങ്ങൾ പനിയുള്ളവർ കഴിക്കുന്നതു നല്ലതാണ്.)
∙ രോഗിയെ പരിചരിക്കുന്നവർ രോഗവാഹകരാണ്
(വാസ്തവം: രോഗത്തിന്റെ ആദ്യഘട്ടത്തിൽ നിപ്പ വൈറസ് ബാധയാണെന്നു തിരിച്ചറിയാതെ പരിചരിക്കുന്നവരിൽ മാത്രമേ രോഗം പകരാൻ സാധ്യതയുള്ളു. നിപ്പയുടെ ലക്ഷണങ്ങളാണെന്നു കണ്ടെത്തിയാൽ ചികിത്സകർ പിപിഇ (പേഴ്സനൽ പ്രൊട്ടക്ടീവ് എക്വിപ്മെന്റ്) എന്ന ശരീര കവചം ധരിക്കും. ഇതു പകർച്ചാ സാധ്യത ഒഴിവാക്കും. പിപിഇ ധരിക്കാതെ രോഗിയെ സന്ദർശിക്കൽ, രോഗി ഉപയോഗിച്ച വസ്ത്രങ്ങളും സാധനങ്ങളും അലക്ഷ്യമായി കൈകാര്യം ചെയ്യൽ എന്നിവയും വ്യാപന സാധ്യത സൃഷ്ടിക്കാം.)
∙ കിണർ വെള്ളം കുടിക്കരുത്; വവ്വാൽ മൂത്രം കാണും
(വാസ്തവം: കിണറുകളിലും മറ്റു ജലസ്രോതസുകളിലും വവ്വാലുകളുടെ വിസർജ്യം വീഴുന്ന സ്ഥിതി ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുന്നുണ്ട്. എന്നാൽ, വെള്ളം തിളപ്പിച്ച ശേഷം ഉപയോഗിക്കുന്നതിൽ ഒരു തകരാറുമില്ല.
പനിയും തലവേദനയുമുണ്ടോ, സംശയിക്കേണ്ട നിപ്പ തന്നെ
(വാസ്തവം: പനിയും തലവേദനയുമൊക്കെ നിപ്പയുടെ ലക്ഷണങ്ങൾ തന്നെ. പക്ഷേ, ഇവ പിടിപെട്ടവരെല്ലാം നിപ്പ ബാധിച്ചെന്നു പേടിക്കേണ്ട. പനി, തലവേദന, ശക്തിയായ ക്ഷീണം, ചുമ, ഛർദി, പേശീവേദന, വയറിളക്കം, മനോശക്തി ദുർബലമാകൽ, മസ്തിഷ്ക ജ്വരം എന്നീ ലക്ഷണങ്ങളും കാണുന്നുണ്ടെങ്കിൽ പേടിക്കണം. പനിയുള്ളവർ സ്വയം ചികിത്സ ഒഴിവാക്കണം.)
നിപ്പയെ പ്രതിരോധിക്കാൻ സോപ്പ് മികച്ച ആയുധമാണ്.
ദിവസവും പലവട്ടം സോപ്പിട്ടു കൈകൾ തമ്മിലുരച്ചു നന്നായി കഴുകുക. ഭക്ഷണം കഴിക്കുന്നതിനു മുൻപു പ്രത്യേകിച്ചും. 40 സെക്കൻഡ് വരെ കൈകൾ കഴുകണം. എൻവലപ്ഡ് ആർഎൻഎ വൈറസ് ആണ് നിപ്പ. വൈറസിനെ പൊതിഞ്ഞ് ഒരു സൂക്ഷ്മസ്തരത്തിന്റെ പാളിയുണ്ട്. ആൽക്കലി, ആസിഡ്, ആൽക്കഹോൾ ഇവയുടെ സ്പർശത്തിൽ ഈ മൂടൽസ്തരം പൊട്ടിപ്പോകും. അതോടെ വൈറസ് നശിക്കും. സോപ്പ് ആൽക്കലി സ്വഭാവമുള്ള വസ്തുവാണെന്നതിനാൽ അതിന്റെ സ്പർശം തന്നെ വൈറസിനെ നശിപ്പിക്കുമെന്നർഥം. പക്ഷേ, രോഗികളുമായി നേരിട്ടു ബന്ധപ്പെടാൻ ശരീര കവചം (പിപിഇ) അടക്കമുള്ള മുൻകരുതലെടുക്കണം.
ആശുപത്രിയിൽ പോകുമ്പോൾ..
∙ ആശുപത്രിയിൽ പോകുമ്പോൾ നിർബന്ധമായി തൂവാല കയ്യിൽ കരുതണം.
∙ ചുമയ്ക്കുമ്പോൾ ഒപി ടിക്കറ്റ്, പത്രക്കടലാസ് എന്നിവ കൊണ്ടു മുഖംമറയ്ക്കുന്ന രീതി ഒഴിവാക്കണം. തൂവാല കൊണ്ടു മൂക്കും വായും പൊത്തണം.
∙ ചുമച്ചുകഴിഞ്ഞാൽ സോപ്പ് ഉപയോഗിച്ചു കൈകൾ കഴുകണം.
∙ ഉപയോഗിച്ച ടിഷ്യു പേപ്പറുകൾ, മാസ്ക് എന്നിവ അലക്ഷ്യമായി വലിച്ചെറിയരുത്.
∙ കാണുന്നിടത്തെല്ലാം തുപ്പരുത്.
പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.
രോഗലക്ഷണങ്ങള്‍
അണുബാധയുണ്ടായാല്‍ അഞ്ച് മുതല്‍ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.
രോഗ സ്ഥിരീകരണം
തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നും ആര്‍.ടി.പി.സി.ആര്‍. (റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍) ഉപയോഗിച്ച് വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും. അസുഖം പുരോഗമിക്കുന്ന ഘട്ടത്തില്‍ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാന്‍ സാധിക്കും. മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കലകളില്‍ നിന്നെടുക്കുന്ന സാമ്പിളുകളില്‍ ഇമ്യൂണോ ഹിസ്‌റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരികരിക്കാന്‍ സാധിക്കും.
സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.
വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തിന്റെ ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം. ഇതിനുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകള്‍ ധാരാളമുളള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.
വവ്വാലൂകള്‍ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ് ഫലങ്ങള്‍ ഒഴിവാക്കുക
രോഗം ബാധിച്ച വ്യക്തിയില്‍ നിന്നും രോഗം പകരാതിരിക്കാന്‍ വേണ്ടി എടുക്കേണ്ട മുന്‍കരുതലുകള്‍
രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക
രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക
രോഗം പടരാതിരിക്കാന്‍ വേണ്ടി ആശുപത്രികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക
രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക
സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും കര്‍ശനമായി എടുക്കുക. രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.
നിഷ്‌കര്‍ഷ പുലര്‍ത്തേണ്ട സുരക്ഷാ രിതികള്‍:
· സോപ്പ്/ആള്‍ക്കഹോള്‍ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് എപ്പോഴും കൈ ശുചിയായി വയ്ക്കുക.
· രോഗി, രോഗ ചികില്‍സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക
· നിപ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് വാര്‍ഡുകളിലേക്ക് മാറ്റുക.
· ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
· രണ്ട് രോഗികളുടെ കട്ടിലുകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക
· രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്.
സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം:
· മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. ഇവ ഉപയോഗിച്ച ശേഷം അഴിക്കുമ്പോള്‍ വളരെയധികം ജാഗ്രതയും സുരക്ഷിതത്വവും പാലിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്‌കര്‍ഷിക്കേണ്ടതാണ്.
· കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വൃത്തിയായ് കഴുകുക.
· അണുനാശികാരികളായ ക്ലോറോഹെക്‌സിഡൈന്‍ അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ (ഉദാ. സാവ്‌ലോണ്‍ പോലുള്ള) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്
· ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരമാവധി ഡിസ്‌പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം. ഓട്ടോക്ലേവ് ചെയ്യുക ഗ്ലൂട്ടറാല്‍ഡിഹൈഡ് ഉപയോഗിക്കുക എന്നിവയാണ് അണു നശീകരണത്തിന് ഉപയോഗിക്കേണ്ടത്.
· ആശുപത്രികള്‍ക്കും പരിചരിക്കുന്നവര്‍ക്കും ഉള്ള പൊതുവായ അണുനശീകരണ മാര്‍ഗങ്ങള്‍ ആരോഗ്യ വകുപ്പ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.
രോഗം വന്നു മരണമടഞ്ഞ ആളില്‍ നിന്നും രോഗം പടരാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകള്‍
· മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും ശാരിരികസ്രവങ്ങളുമായും സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുക
· ചുംബിക്കുക, കവിളില്‍ തൊടുക എന്നിങ്ങനെയുള്ള സ്‌നേഹപ്രകടനങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
· മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് മുഖം മറയ്ക്കുക
· മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികള്‍ ദേഹം മുഴുവന്‍ സോപ്പ് തേച്ച് കുളിക്കേണ്ടതാണ്.
· മരണപ്പെട്ട വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ പാത്രങ്ങള്‍ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങള്‍ സോപ്പോ ഡിറ്റര്‍ജന്റോ ഉപയോഗിച്ച് കഴുകേണ്ടതാണ്.
· മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി ചുരുക്കുന്നതാണ് നല്ലത്.
പൊതുജനങ്ങളുടെ സംശയങ്ങള്‍ ഏറ്റവും ഉത്തമമായ രീതിയില്‍ പരിഹരിക്കുവാന്‍ എന്‍.എച്ച്.എം. ആരോഗ്യ വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശ ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് വിളിക്കാവുന്നതാണ്. നമ്പരുകള്‍: 0471 2552056, 1056 (ടോള്‍ഫ്രീ)