മുഖസൗന്ദര്യം കൂട്ടാനും ശരീരസൗന്ദര്യം വര്‍ധിപ്പിക്കാനും എല്ലാം ഇപ്പോള്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ് .എന്നാല്‍ അമിതമായാല്‍ അമൃതും വിഷം എന്നു പറഞ്ഞ പോലെയാണ് ഈ മോഡലിന് സംഭവിച്ചത് .പ്രമുഖ മോഡലായിരുന്ന ക്രിസ്റ്റിന മാര്‍ടെല്ലിക്ക് സംഭവിച്ച ദുരന്തം ഫാഷന്‍ പിറകെ പോകുന്നവര്‍ക്ക് ഒരു പാഠമാണ് .
പതിനേഴ് വയസിനുള്ളില്‍ 100 പ്ലാസ്റ്റിക് സര്‍ജറികളാണ് ക്രിസ്റ്റിനയ്ക്ക് ചെയ്തത്. ഒടുവില്‍ ഒരു ശസ്ത്രക്രിയ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഹൃദയാഘാതം വന്ന് അവര്‍ മരിക്കുകയും ചെയ്തു.തന്റെ ശരീരം മറ്റൊരു ലെവലിലേക്ക് മാറ്റുകയെന്നതായിരുന്നു ക്രിസ്റ്റിനയുടെ ലക്ഷ്യം .ഒടുവില്‍ അത് അവരുടെ മരണത്തിനും കാരണമായി .സ്തന വര്‍ദ്ധന ശസ്ത്രക്രിയയ്ക്കും ഇടുപ്പിനുള്ള ശസ്ത്രക്രിയയ്ക്കും നിരവധി തവണ ക്രിസ്റ്റിന വിധേയയായിട്ടുണ്ട്.ഒപ്പം ചുണ്ടുകളിലും മൂക്കിലും കവിളിലും ശസ്ത്രക്രിയ നടത്തി.സ്തനങ്ങളുടെ വലിപ്പം കൂട്ടാനുള്ള ശസ്ത്രക്രിയയ്ക്ക് ഇടയില്‍ ഹൃദയാഘാതം സംഭവിച്ചാണ് ക്രിസ്റ്റീന മരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭൂമി ഇന്ന് നേരിട്ടുന്ന ഏറ്റവും വലിയ വിപത്താണ് ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകള്‍ സൃഷ്ടിക്കുന്ന മാലിന്യം. ഈ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിന്ന് ഭൂമിയെ രക്ഷിക്കാന്‍ ശേഷിയുള്ള പ്രത്യേക പുഴുവിനെ ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകര്‍ തിരിച്ചറിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. തേനീച്ചക്കൂടിലെ മെഴുക് ഭക്ഷിക്കുന്ന ഈ ചിത്രശലഭത്തിന്റെ ലാര്‍വക്ക് പ്ലാസ്റ്റിക്കിനെ വിഘടിപ്പിക്കാന്‍ ഭക്ഷിക്കാനുള്ള കഴിവുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.
പരിസ്ഥിതിക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന ഭീഷണി എങ്ങനെ ചെറുക്കാമെന്നത് വലിയ വെല്ലുവിളിയായി നിലനില്‍ക്കെയാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. മെഴുകുപുഴു എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയനാമം ഗലേറിയ മെലോനല്ല എന്നാണ്. എങ്ങനെയാണ് ഇവയ്ക്ക് പ്ലാസ്റ്റിക് ഭക്ഷിക്കാന്‍ കഴിയുന്നതെന്നു കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. പ്ലാസ്റ്റിക് മാലിന്യസംസ്കരണത്തിനു പൂര്‍ണമായൊരു പരിഹാരം കണ്ടെത്താന്‍ ഒരുപക്ഷേ ഈ നിരീക്ഷണത്തിനു സാധിക്കുമെന്ന് സ്പാനിഷ് നാഷനല്‍ റിസര്‍ച്ച് കൗണ്‍സിലില്‍ ഗവേഷകനായ ഡോ. പാലോ ബോംബെല്ലി പറഞ്ഞു. ബയോകെമിസ്ട്രി വകുപ്പിലെ ക്രിസ്റ്റഫര്‍ ഹോവുമായി ചേര്‍ന്നായിരുന്നു ഇദ്ദേഹത്തിന്റെ ഗവേഷണം. ലോകം നേരിട്ടുന്ന പ്ലാസ്റ്റിക് മലിനീകരണ പ്രശ്‌നത്തിന് ഇതുവഴി പരിഹാരമാക്കും എന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
കുഴിച്ചിട്ടാല്‍ ദ്രവിക്കാത്തതും കത്തിച്ചാല്‍ അതിലേറെ അപകടകരവുമായ വാതകങ്ങള്‍ പുറന്തള്ളുന്നതുമായ പ്ലാസ്റ്റിക്കിനെ മണിക്കൂറുകള്‍ക്കുള്ളില്‍ നശിപ്പിക്കാന്‍ ഇവയ്ക്കു കഴിയും. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയപ്പോള്‍ ഇക്കാര്യം വ്യക്തമാവുകയും ചെയ്തു. തേനീച്ചക്കൂടിലെ മെഴുകിനെ ലാര്‍വ ദഹിപ്പിക്കുന്നതുപോലെ അവക്ക് പ്ലാസ്റ്റിക് വസ്തുവിലെ കെമിക്കല്‍ ബോണ്ടുകളെ പൊട്ടിക്കാനാകുമെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞതായി ഗവേഷണത്തിന് നേതൃത്വം നല്കുന്ന ഡോ. പവേലോ ബോംബെല്ലി പറഞ്ഞു.
പ്ലാസ്റ്റിക് മാലിന്യപ്രശ്നം പരിഹരിക്കുന്നതിനുള്ള ഗവേഷണത്തിന് ആത്മവിശ്വാസം പകരുന്നതാണ് പുതിയ കണ്ടെത്തല്‍. ലാര്‍വയില്‍ നടക്കുന്ന എന്തുതരം പ്രവര്‍ത്തനമാണ് പ്ലാസ്റ്റിക്കിനെ വിഘടിപ്പിക്കുന്നതെന്ന് അറിയേണ്ടതുണ്ട്. ഈ രഹസ്യം അറിയാന്‍ കഴിഞ്ഞാല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിയൊരളവില്‍ നിയന്ത്രിക്കാനാന്‍ കഴിയും.
ഡോ. പവേലോ ബോംബെല്ലി
പ്ലാസ്റ്റിക് പ്രകൃതിദത്തമായി ഇല്ലാതാക്കുന്നതിന്റെ രാസപ്രക്രിയ കണ്ടെത്താനുള്ള പഠനമാണു നടത്തുന്നത്. പ്രതിവര്‍ഷം 80 മില്യണ്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളാണ് ലോകത്താകമാനം ഉല്പാദിപ്പിക്കുന്നത്. ഇത് ഇല്ലാതാക്കുന്നതോടെ പരിസ്ഥിതിയെ വലിയൊരു വിപത്തില്‍ നിന്നു രക്ഷിക്കാം. അതേസമയം പുതിയ കണ്ടെത്തല്‍ കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുറംതള്ളാനുള്ള അനുവാദമായും കാണരുത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവേഷണ ഫലങ്ങള്‍ കറന്റ് ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം, ജപ്പാനിലെ ശാസ്ത്രജ്ഞര്‍ ഇത്തരത്തിലുള്ള ഒരു ബാക്ടീരിയയെ കണ്ടെത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വെള്ളനിറത്തിലുള്ള പോളി എഥിലീന്‍ ടെറാഥാലേറ്റ് പ്ലാസ്റ്റിക്കുകള്‍ ഭക്ഷിക്കുന്ന ബാക്ടീരിയയെയാണ് ജപ്പാന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.
ഒരാളോട് പ്രണയം തോന്നുക, അവരോടൊത്ത് ജീവിതം ആരംഭിക്കുക, ഒരു തീരുമാനം എടുക്കുമ്പോള്‍ ഇയാള്‍ ജീവിതകാലം മുഴുവന്‍ ഉണ്ടാകുമോ, വിശ്വസിക്കാമോ എന്നെല്ലാം ആശങ്കകളുണ്ടാകുക സ്വാഭാവികം. പുരുഷന്മാരുടെ കാര്യത്തില്‍ ചില ലക്ഷണങ്ങള്‍ കണക്കിലെടുത്താല്‍ അയാള്‍ ജീവിതകാലം മുഴുവന്‍ ഉണ്ടാകുമോ എന്നു തിരിച്ചറിയാനാകും.
1. നിങ്ങള്‍ പരിചയപ്പെട്ട് ഏറെ നാള് കഴിഞ്ഞ ശേഷവും നിങ്ങള്‍ക്ക് ആദ്യം നല്‍കിയിരുന്ന പരിഗണനയില്‍ കുറവുണ്ടാവാതിരിക്കുക. നിങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തുക, നിങ്ങളെ സര്‍പ്രൈസ് ചെയ്യിപ്പിക്കുക, ഇതെല്ലാം കുറേ നാളുകള്‍ക്ക് ശേഷവും തുടരുന്നുണ്ടെങ്കില്‍ അയാള്‍ നിങ്ങള്‍ക്കൊപ്പം ജീവിതകാലം മുഴുവന്‍ ഉണ്ടാകുമെന്ന് ഉറപ്പിക്കാം. പരിചയപ്പെട്ട് പ്രണയത്തിലായ ശേഷം ഈ പരിഗണനയില്‍ കുറവുണ്ടെങ്കില്‍ അത്തരം വ്യക്തികളെ സൂക്ഷിക്കുകയും വേണം.
2. നിങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുക. നിങ്ങള്‍ കൂടെയുണ്ടെന്ന് വച്ച് ഇനി എന്തുമാകാം എന്ന ധാരണ അവര്‍ക്ക് ഉണ്ടാകില്ല. അവര്‍ നിങ്ങളെ ആകര്‍ഷിക്കാന്‍ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കും. നല്ല വസ്ത്രധാരണം നടത്തുന്നതെല്ലാം ഇവയില്‍ പെടും. ഈ ശ്രമങ്ങള്‍ തുടരുന്ന ഒരാളെ നിങ്ങള്‍ക്ക് വിശ്വസിക്കാം. അയാള്‍ നിങ്ങള്‍ക്കൊപ്പം ജീവിതകാലം മുഴുവന്‍ ഉണ്ടാകും.
3. സ്വന്തം കാര്യം മാത്രം നോക്കാതെ നിങ്ങളെ കൂടി പരിഗണിക്കുക. രണ്ടു പേരും തുല്യരാണെന്ന് തിരിച്ചറിഞ്ഞ് അതനുസരിച്ച് പെരുമാറുക. അവരുടെ സമയത്തിനും സൗകര്യത്തിനും വേണ്ടി മാത്രം നിങ്ങളെ ഉപയോഗിക്കാതാരിക്കുക. ജീവിതകാലം മുഴുവന്‍ കൂടെ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയെ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാം
4. തര്‍ക്കമുണ്ടായാല്‍ ഒത്തു തീര്‍പ്പിന് മുന്‍കൈ എടുക്കുന്ന ആളാണെങ്കില്‍ അയാളെ വിശ്വസിക്കാം. നിങ്ങള്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അയാള്‍ ആദ്യം മുന്നിട്ടിറങ്ങുകയാണെങ്കില്‍ അതിനര്‍ത്ഥം ആള്‍ക്ക് ഈഗോ കുറവാണ് എന്നതാണ്. തെറ്റ് ചെയ്താൽ അത് ഏറ്റുപറയുകയും നിങ്ങളുടെ തെറ്റുകള്‍ ക്ഷമിക്കുകയുമാണ് ഒരു പുരുഷന് എന്നതിനൊപ്പം ഒരു വ്യക്തിയില്‍ നിന്ന് പോലും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്ന ഏറ്റവും നല്ല ഗുണം.
5. നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ബഹുമാനിക്കുന്ന അവരോട് നന്നായി ഇടപഴകുന്ന ആളെയും നിങ്ങള്‍ക്ക് വിശ്വസിക്കാം. അവര്‍ നിങ്ങളെ അടുത്തറിയാന്‍ ശ്രമിക്കുന്നു എന്നതാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. നിങ്ങളെ അടുത്തറിയാന്‍ ശ്രമിക്കുന്ന ഒരാള്‍ അത് ചെയ്യുന്നത് നിങ്ങളോടുള്ള താല്‍പ്പര്യം മൂലമാണ്. അതായത് ഈ ലക്ഷണവും അയാള്‍ നിങ്ങള്‍ക്കൊപ്പം ജീവിതകാലം മുഴുവന്‍ ഉണ്ടാകുമെന്നതിന്റെ സൂചനയായി കാണാം.
6. സ്വന്തം പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഇവര്‍ക്ക് മടിയുണ്ടാകില്ല. അത്തരം പ്രശ്നങ്ങളില്‍ നിങ്ങളുടെ അഭിപ്രായവും ഉപദേശവും അവര്‍ തേടും.
മജ്ജയിലുള്ള പ്രത്യേക മൂലകോശങ്ങള്‍ ശരീരത്തിനാവശ്യമായ രീതിയില്‍ ചുവപ്പു രക്താണുക്കള്‍, ശ്വേതരക്താണുക്കള്‍, പ്ലേറ്റ്ലറ്റുകള്‍ എന്നിവയായി രൂപപ്പെടാന്‍ കഴിവുള്ളവയാണ്. ഈ മൂലകോശങ്ങളുടെ പ്രവര്‍ത്തനത്തെയാണ് രക്താര്‍ബുദം ബാധിക്കുന്നത്. അതുവഴി മൂലകോശങ്ങള്‍ അനിയന്ത്രിതമായി, അസാധാരണയായി രക്താണുക്കളെ ഉത്പാദിപ്പിക്കും. ഇത്തരത്തിലുള്ള അസാധാരണ രക്തകോശങ്ങള്‍ അഥവാ കാന്‍സര്‍ കോശങ്ങള്‍ ശരീരത്തില്‍ അണുബാധക്കെതിരെ പൊരുതുക, ശക്തമായ രക്തപ്രവാഹത്തെ തടയുക എന്നിങ്ങനെയുള്ള രക്തത്തിന്റെ സ്വാഭാവികമായ പ്രവര്‍ത്തനങ്ങളെ തടയുന്നു. ഇവ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നു. രക്താര്‍ബുദത്തെ തടയുന്നതിനായി വൈദ്യശാസ്ത്രത്തില്‍ പ്രതിപാദിക്കുന്ന ഒന്നാണ് മജ്ജ മാറ്റിവയ്ക്കല്‍ അഥവ ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് (ബി.എം.ടി). രക്താര്‍ബുദമാണെന്ന് സ്ഥിരീകരിച്ചവരില്‍ പലര്‍ക്കും മജ്ജ മാറ്റിവയ്ക്കല്‍ മാത്രമാണ് സുഖപ്പെടാനുള്ള ഏക വഴി.
ബി.എം.ടി.യില്‍ രോഗിയുടെ കേടുപറ്റിയ അല്ലെങ്കില്‍ നശിച്ചുപോയ മജ്ജയിലെ മൂലരക്തകോശങ്ങള്‍ മാറ്റി ആരോഗ്യമുള്ള ദാതാവിന്റെ മജ്ജ വയ്ക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ 1983ലാണ് ആദ്യമായി ബി.എം.ടി ചെയ്തത്. അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ബാധിച്ച ഒമ്പതു വയസുകാരിയിലായിരുന്നു ഇത്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും സാങ്കേതിക വിദ്യകളും ഈ രീതിയെ കൂടുതല്‍ സുരക്ഷിതവും പ്രയോജനപ്രദവും ആക്കിത്തീര്‍ക്കുകയാണ് ഇപ്പോള്‍.
മൂലകോശങ്ങള്‍ക്ക് മൂന്നു സ്രോതസ്സുകളാണുള്ളത്. മജ്ജ, പെരിഫറല്‍ രക്തം, പൊക്കിള്‍ക്കൊടിയിലെ രക്തം എന്നിവ. ഇവയില്‍ ഏതെങ്കിലുമുള്ള കോശങ്ങളില്‍ ഒന്ന് മാറ്റിവയ്ക്കുന്നതിന് ഉപയോഗിക്കാം. മജ്ജ മാറ്റിവയ്ക്കല്‍ മൂന്നു തരത്തിലാണുള്ളത്. ഇന്ന് കൂടുതലായി ഉപയോഗിക്കുന്ന മൂലകോശ സ്രോതസ് പെരിഫറല്‍ മൂലരക്തകോശങ്ങളാണ് (ദാതാവിനെ സംബന്ധിച്ച് രക്തദാനത്തിന് തുല്യമാണത്).
മൂന്നു രീതിയിലുള്ള മജ്ജ മാറ്റിവയ്ക്കലുകളാണുള്ളത്. സ്വന്തം മൂലരക്തകോശങ്ങള്‍ തന്നെ സ്വീകരിക്കുന്ന ഓട്ടോലോഗസ് രീതി, സാദൃശ്യമുള്ള ഇരട്ടയില്‍നിന്നും മൂലരക്തകോശങ്ങള്‍ സ്വീകരിക്കുന്ന സിന്‍ജീനിക് രീതി, ആരോഗ്യമുള്ള മുതിര്‍ന്നവരില്‍നിന്നും, സാധാരണയായി സഹോദരന്, സഹോദരി (അല്ലെങ്കില്‍ രക്തബന്ധമുള്ളവര്‍) എന്നിവരില്‍നിന്നും മൂലരക്തകോശങ്ങള്‍ സ്വീകരിക്കുന്ന അലോജനിക് രീതി എന്നിവയാണവ. രോഗിയുമായി ബന്ധമില്ലാത്ത ഏതെങ്കിലുമൊരു വ്യക്തിയുടെ മൂലരക്തകോശങ്ങള്‍ അനുയോജ്യമാണെങ്കില്‍ മജ്ജ മാറ്റിവയ്ക്കുന്നതിനുപയോഗിക്കാം. മുഴുവനായോ ഭാഗികമായോ എച്ച്.എല്‍.എ ജനിതക ടൈപ്പ് യോജിച്ചതാണെങ്കില്‍ മാത്രമേ മൂലരക്തകോശങ്ങള്‍ ദാനം ചെയ്യാന്‍ പാടുള്ളൂ മജ്ജ ദാനം ചെയ്യുന്നത് പെരിഫറല്‍ രക്തത്തില്‍നിന്നോ മജ്ജയില്‍നിന്നോ ആവാം.
പെരിഫറല്‍ മൂലരക്തകോശങ്ങള്‍ മാറ്റിവയ്ക്കുന്നത് ശസ്ത്രക്രിയ ആവശ്യമില്ലാത്ത രീതിയാണ്. കൈകളില്‍നിന്നുള്ള രക്തം എടുത്ത് ഒരു ഉപകരണത്തിലൂടെ മൂലരക്തകോശങ്ങള്‍ വേര്‍തിരിച്ചെടുക്കുകയാണ് ഈ രീതിയില്‍ ചെയ്യുന്നത്. ഇടുപ്പിലെ എല്ലില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന മജ്ജയില്‍നിന്നുള്ള മൂലരക്തകോശങ്ങളും ദാനം ചെയ്യാവുന്നതാണ്. ബി.എം.ടി രീതി ലളിതമായ തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
ജീവനു ഭീഷണിയായ രക്താര്‍ബുദം ബാധിച്ച രോഗിയുടെ മൂലകോശങ്ങളെ ഉയര്‍ന്ന ഡോസിലുള്ള കീമോതെറാപ്പിയിലൂടെ റേഡിയേഷന് ഉപയോഗിച്ചോ അല്ലാതെയോ നശിപ്പിക്കുന്നു. അതിനുശേഷം അനുയോജ്യമായ ദാതാവില്‍നിന്നെടുത്ത സ്വാഭാവിക മൂലകോശങ്ങള്‍ രോഗിയിലേക്ക് കുത്തിവയ്ക്കുന്നു. തുടര്‍ന്ന് രോഗിയെ രോഗപ്രതിരോധനിയന്ത്രണ സംവിധാനമുള്ള സുരക്ഷിതമായ സാഹചര്യത്തില്‍ ശുശ്രൂഷിക്കുന്നു. പുതിയതായി കുത്തിവച്ച മൂലകോശങ്ങള്‍ മജ്ജയില്‍ നിലയുറപ്പിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയും തുടര്‍ന്ന് സാധാരണരീതിയുള്ള രക്തകോശങ്ങള്‍ ആവശ്യാനുസരണം ഉത്പാദിപ്പിക്കുകയും അങ്ങനെ രോഗം സുഖമാകുകയും ചെയ്യുന്നു.
വിവരങ്ങള്‍: ഡോ. വിവേക് രാധാകൃഷ്ണന്
കണ്‍സള്‍ട്ടന്റ് മെഡിക്കല്‍
ഓങ്കോളജി / ഹെമറ്റോ ഓങ്കോളജി,
ബോണ്‍ മാരോ ട്രാന്‍സ്പ്ളാന്റ് ഫിസിഷ്യന്‍, ആസ്റ്റര്‍ മെഡ്സിറ്റി, കൊച്ചി
ലണ്ടന്‍: യുകെയിലെ നാല് കോടിയോളം ജനങ്ങള്‍ ജീവിക്കുന്നത് അനിയന്ത്രിതമായി മലിനീകരിക്കപ്പെട്ട അന്തരീക്ഷത്തിലെന്ന് വെളിപ്പെടുത്തല്‍. ഡീസല്‍ വാഹനങ്ങളില്‍ നിന്നുണ്ടാകുന്ന മലിനീകരണം അനുവദിക്കപ്പെട്ട പരിധിയേക്കാള്‍ മുകളിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്രയും ആളുകളുടെ ആരോഗ്യം നശിച്ചുകൊണ്ടിരിക്കുകയാണെന്നും ലേബര്‍ പാര്‍ട്ടി നടത്തിയ വിശകലനത്തില്‍ വ്യക്തമായി. ഇവരില്‍ 59 ശതമാനവും തമാസിക്കുന്നത് പട്ടണങ്ങളിലും വന്‍നഗരങ്ങളിലുമാണ്. ക്യുബിക് മീറ്റര്‍ വായുവില്‍ 40 മൈക്രോഗ്രാം മാത്രം അനുവദനീയമായിട്ടുള്ള നൈട്രജന്‍ ഡയോക്‌സൈഡ് ഈ പ്രദേശങ്ങളില്‍ അതിനും അപ്പുറമാണെന്ന് സര്‍വേ വ്യക്തമാക്കുന്നു.
വായു മലിനീകരണം ദേശീയതലത്തിലുള്ള വിഷയമാണെന്ന് ലേബര്‍ ഷാഡോ പരിസ്ഥിതി, റൂറല്‍ അഫയേഴ്‌സ് സഹമന്ത്രി സൂ ഹേയ്മാന്‍ പറഞ്ഞു. യുകെ പൗരന്‍മാരെ അപകടത്തിലാക്കുന്ന ഈ വിഷയം തെരഞ്ഞെടുപ്പില്‍ മുക്കിക്കളയാന്‍ ടോറികളെ അനുവദിക്കില്ലെന്നാണ് ലേബര്‍ നിലപാട്. മലിനീകരണ മുക്ത പ്രദേശങ്ങളുടെ ശൃംഖല സ്ഥാപിക്കാനാണ് ലേബര്‍ ശ്രമിക്കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെടുന്ന പ്രദേശങ്ങളെയാണ് ഇതിനായി പരിഗണിക്കുന്നത്. വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ പരിശോധനകളില്‍ അന്താരാഷ്ട്ര മാനദണ്ഡമായി പരിഗണിക്കാവുന്ന വിധത്തില്‍ ഈ പ്രദേശങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് പദ്ധതി.
അബര്‍ദീന്‍, ബര്‍മിംഗ്ഹാം, ബോണ്‍മൗത്ത്, ബേണ്‍ലി, ഡെര്‍ബി, ചെംസ്‌ഫോര്‍ഡ്, ലീഡ്‌സ്, നോര്‍ത്താംപ്റ്റണ്‍, റിച്ച്‌മോണ്ട് തുടങ്ങിയ ലോക്കല്‍ അതോറിറ്റി മേഖലകളില്‍ നൈട്രജന്‍ ഡയോക്‌സൈഡ് അളവ് അനുവദിക്കപ്പെട്ടതിലും ഏറെയാണ്. മലിനീകരണ നിയന്ത്രണത്തിനായി കര്‍ശന നടപടികള്‍ പ്രഖ്യാപിക്കുന്നത് കുറച്ചുകൂടി വൈകിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് സര്‍ക്കാര്‍ കത്ത് നല്‍കാനിരിക്കെയാണ് ലേബര്‍ ഈ വിവരങ്ങള്‍ പുറത്തു വിട്ടത്.
റോം: 15 വര്‍ഷത്തോളം നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിലൂടെ ട്യൂമര്‍ ബാധിച്ചതായി അവകാശപ്പെട്ട രോഗിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഇറ്റാലിയന്‍ കോടതി. ലോകത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു വിധി ഏതെങ്കിലും കോടതി പുറപ്പെടുവിക്കുന്നതെന്നാണ് വിലിയിരുത്തപ്പെടുന്നത്. ഇറ്റലിയിലെ നാഷണല്‍ ഇന്‍ഷുറന്‍സ് ദാതാവിനോടാണ് പരാതിക്കാരന് ആവശ്യമായ നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്. സാധാരണഗതിയില്‍ തൊഴിലിടങ്ങളില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്കാണ് ഈ ഇന്‍ഷുറന്‍സ് തുക നല്‍കാറുള്ളത്.
ദേശീയ ടെലകോം നെറ്റ്‌വര്‍ക്കില്‍ ജീവനക്കാരനായിരുന്ന 57കാരനാണ് റോമിയോ എന്നയാളാണ് പരാതിക്കാരന്‍. കമ്പനിയുടെ ടെക്‌നീഷ്യന്‍മാരെ ഏകോപിപ്പിക്കുന്നതിന്റെ ചുമതലയുണ്ടായിരുന്ന ഇയാള്‍ 1995 മുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. 15 വര്‍ഷത്തോളം യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ദിവസം നാല് മണിക്കൂര്‍ വീതമായിരുന്നു ഫോണ്‍ ഉപയോഗിച്ചിരുന്നത്. ഇതുമൂലം ഇടത് ചെവിയുടെ കേള്‍വിശക്തി നശിച്ചു. വിശദമായ പരിശോധനയില്‍ ഒരു ട്യൂമറാണ് പ്രശ്‌നത്തിന് കാരണമെന്ന് കണ്ടെത്തുകയായിരുന്നു.
തലച്ചോറിന്റെ വലിയൊരു ഭാഗത്തേക്ക് പടരുകയായിരുന്ന ട്യൂമര്‍ പിന്നീട് ശസ്ത്രക്രിയ നടത്തി നീക്കം ചെയ്‌തെങ്കിലും ശസ്ത്രക്രിയക്ക് ശേഷം മെനിഞ്‌ജൈറ്റിസ് ബാധിച്ചതിനാല്‍ കേള്‍വിയെ നിയന്ത്രിക്കുന്ന നാഡിയും നീക്കം ചെയ്യേണ്ടി വന്നു. ഇതോടെയാണ് കോടതിയെ സമീപിക്കാന്‍ റോമിയോ തീരുമാനിച്ചത്. മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തേക്കുറിച്ച് ഭീതി പരത്തുന്നതിനല്ല, പകരം അവയുടെ ദോഷഫലങ്ങള്‍ അറിഞ്ഞുള്ള ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാണ് തന്റെ ശ്രമമെന്നാണ് റോമിയോ പറഞ്ഞത്.
കോടതിവിധി ചരിത്രപരമെന്നാണ് റോമിയോയുടെ അഭിഭാഷകന്‍ പ്രതികരിച്ചത്. ലോകത്തില്‍ തന്നെ ആദ്യമായാണ് മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലൂടെ ആരോഗ്യം നശിച്ച ഒരാള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗവും ക്യാന്‍സറും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിന് പഠനങ്ങള്‍ വ്യാപകമായി നടക്കുന്നതിനിടെയാണ് ഇത്തരത്തില്‍ ഒരു വിധി വന്നിരിക്കുന്നത്. മൊബൈല്‍ ഉപയോഗവും ക്യാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്ന പഠനറിപ്പോര്‍ട്ടുകളും അടുത്ത കാലത്ത് പുറത്തു വന്നിരുന്നു.
ഗ്ലോസ്സറ്റര്‍ : ജെയിംസ് ജോസ്സിന്റെ ജീവനെ രക്ഷിക്കുവാന്‍ സ്‌റ്റെം സെൽ ദാനം ചെയ്യുന്നതിന് നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അതിന്റെ ആവശ്യമില്ല എന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാം. സ്‌റ്റെം സെൽ ദാനം ചെയ്യുന്നതുകൊണ്ട് ഒരു വ്യക്തിക്ക് എതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടോ ?, എങ്ങനെയാണ് സ്റ്റെം സെല്‍ ദാനം ചെയ്യുന്നത് ? തുടങ്ങിയെപ്പറ്റി യുകെയിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനയായ ഉപഹാറിന്റെ ട്രെയിണ്ട് വോളണ്ടിയറും, ഗ്ലോസ്സറ്റര്‍ഷെയര്‍ മലയാളി അസോസിയേഷനിലെ സജീവ അംഗവുമായ ലോറന്‍സ് പെല്ലിശ്ശേരി വിശദീകരിക്കുന്നു.
ജെയിംസ് ജോസും, സ്‌റ്റെം സെൽ ഡൊണേഷനെ കുറിച്ചുള്ള ആശങ്കകളും
ബ്രിസ്റ്റോളിൽ നിന്നുള്ള യൂണിവേഴ്സിറ്റി വിദ്യാർത്ഥി ജെയിംസ് ജോസിനെ കുറിച്ച് ഇതിനോടകം എല്ലാവരും അറിഞ്ഞു കാണും. യുവത്വത്തിലേക്ക് കാലെടുത്തു വച്ചിട്ടുള്ള ജയിംസിന്റെ ജീവൻ നില നിർത്താൻ, അനുയോജ്യരായ സ്‌റ്റെം സെൽ ദാതാക്കളെ അന്വേഷിച്ചുള്ള നെട്ടോട്ടത്തിലാണ് അദ്ദേഹത്തിന്റെ അച്ഛൻ ജോസും അമ്മ ഗ്രേസിയും സഹോദരൻ ജോയലും. സോഷ്യൽ മീഡിയയിൽ ഈയൊരു വാർത്ത സജീവമാണെങ്കിലും നമ്മുടെയൊക്കെ നിസ്സംഗത എന്നത്തേയും പോലെ ഇവിടെയും ആവർത്തിക്കപ്പെടുന്നു. രക്ത ദാനം പോലെ തന്നെ ഡോണർക്ക് ഒരു വിധ ശാരീരിക പ്രശ്നങ്ങളുമില്ലാതെ, സ്‌റ്റെം സെൽ ഡൊണേഷൻ വഴി ജെയിംസിനെ രക്ഷിക്കാൻ ആധുനിക വൈദ്യ ശാസ്ത്രം ഇന്ന് സജ്ജമാണ് എന്നുള്ളത് നമ്മൾ സൗകര്യപൂർവ്വം വിസ്മരിക്കുന്നു.
സ്വന്തം മകനോ മകൾക്കോ മറ്റു വേണ്ടപ്പെട്ടവർക്കോ ഈയൊരു സാഹചര്യം വരുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും നമുക്കൊക്കെ ബുദ്ധിമുട്ടാണ്. പക്ഷെ, ഓർക്കാപ്പുറത്തു വന്നു ചേർന്ന ആ ഒരു വിഷമ ഘട്ടത്തിലാണ് ജെയിംസും കുടുംബവും. അനുയോജ്യരായ സ്‌റ്റെം സെൽ ഡോണറെ ലഭിക്കുക എന്നുള്ളതാണ് ജെയിംസും കുടുംബവും ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പക്ഷെ ആ വെല്ലുവിളി ഏറ്റെടുക്കാൻ നാമോരോരുത്തരും തയ്യാറാണെങ്കിൽ ആരോഗ്യവാനായ ജെയിംസിനെ നമുക്ക് തിരികെ ലഭിക്കും എന്നതാണ് വസ്തുത. എങ്കിലും സ്‌റ്റെം സെൽ ഡൊണേഷനുമായി ബന്ധപ്പെട്ട ചില ആശങ്കകളും സംശയങ്ങളുമാകാം നമ്മളെ ഇതിൽ നിന്നും അകറ്റി നിർത്തുന്നത്.
എൻ. എച്ച്. എസ് – ഡെലീറ്റ് ബ്ലഡ് ക്യാൻസറും, യുകെ യിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന ഉപഹാർ എന്ന സംഘടനയും ജെയിംസിന് വേണ്ടി ശുഭാപ്തി വിശ്വാസത്തോടെ തന്നെ സജീവമായി രംഗത്തുണ്ട്. ഉപഹാറിന്റെ ട്രയിന്റ് വോളന്റിയർ എന്ന നിലയിൽ മനസ്സിലാക്കിയ ചില പ്രാഥമിക വിവരങ്ങൾ നിങ്ങളുമായി പങ്കു വക്കാനും സ്‌റ്റെം സെൽ രജിസ്‌ട്രേഷനും ഡൊണേഷനും എത്ര മാത്രം ലളിതമാണ് എന്ന് വിശദീകരിക്കാനുമുള്ള ഒരു എളിയ ശ്രമം മാത്രമാണിത്.
സ്‌റ്റെം സെൽ ഡോണർ രജിസ്‌ട്രേഷൻ:
1) 18 നും 55 നും ഇടയിൽ പ്രായമുള്ളവർക്ക് ഇതിനായി രജിസ്റ്റർ ചെയ്യാവുന്നതാണ് (17 വയസ്സ് മുതൽ പ്രീ രജിസ്‌ട്രേഷൻ സാധ്യമാണ്).
2) പൊതുവിൽ ആരോഗ്യമുള്ളവരും 50 കിലോക്ക് മുകളിൽ തൂക്കമുള്ളവരുമായിരിക്കണം.
3) രജിസ്റ്റർ ചെയ്യുന്നതിനായി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ഫോം പൂരിപ്പിക്കേണ്ടതാണ്.
4) നിങ്ങൾക്ക് നൽകപ്പെടുന്ന കോട്ടൺ ബഡ്‌സ് (സ്വാബ്സ്) നിങ്ങളുടെ വായിൽ രണ്ടു കവിളുകളിലും 30 സെക്കന്റോളം ഉരസിയതിന് ശേഷം പ്രത്യേകമായുള്ള പോസ്റ്റൽ കവറിൽ നിക്ഷേപിക്കുക. ടെസ്റ്റിന് വേണ്ടിയുള്ള സലൈവ എടുക്കുന്നതിനു വേണ്ടിയാണിത്.
5) പൂരിപ്പിച്ച നിങ്ങളുടെ ഫോമും സ്വാബ്സ് അടങ്ങിയ കവറും ഡെലീറ്റ് ബ്ലഡ് ക്യാൻസറിന് അയച്ചു കൊടുക്കുന്നു.
6) സ്വാബ്‌സിന്റെ പ്രത്യേകമായ ലാബിലുള്ള ടെസ്റ്റുകൾക്ക് ശേഷം രജിസ്‌ട്രേഷൻ പൂർത്തിയായ വിവരം സാധാരണ ഗതിയിൽ മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ നിങ്ങളെ അറിയിക്കുന്നു.
7) രജിസ്ട്രേഷന് ശേഷം ഏതു ഘട്ടത്തിലും നിങ്ങൾക്ക് അത് കാൻസെൽ ചെയ്യാവുന്നതാണ്.
രജിസ്ട്രേഷന് ശേഷം നിങ്ങൾ ഒരു ഡോണർ ആകുക എന്നുള്ളത് ലോട്ടറി ലഭിക്കുന്നതിന് തുല്യമായാണ് കണക്കാക്കുന്നത്. കാരണം, നിങ്ങൾ മറ്റൊരാൾക്ക് രണ്ടാം ജന്മത്തിനുള്ള സാഹചര്യം ഒരുക്കുന്നു. പിന്നെ, ഇങ്ങനെ സ്‌റ്റെം സെൽ യോജിച്ചു വരുന്നത് പതിനായിരത്തിലോ ചിലപ്പോൾ ലക്ഷത്തിലോ ഒരാൾക്ക് മാത്രമാണ്.
യുകെയിൽ തദ്ദേശീയരായവർ 59 ശതമാനത്തോളം പേർ സ്‌റ്റെം സെൽ ഡൊണേഷന് വേണ്ടി രജിസ്റ്റർ ചെയ്തിട്ടുള്ളപ്പോൾ ഇവിടെയുള്ള ഏഷ്യക്കാരായവരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് വെറും 4 ശതമാനം മാത്രമാണ് എന്നുള്ളത് ഇവിടെ ചേർത്ത് വായിക്കേണ്ടതാണ്. സ്‌റ്റെം സെൽ ഡൊണേഷൻ നമ്മുടെ എത്നിക് ഒറിജിനുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതിനാൽ, ജെയിംസിന് സൗത്ത് ഇന്ത്യക്കാരായവരുടെ സ്‌റ്റെം സെൽ ആണ് കൂടുതൽ അനുയോജ്യമാകുന്നത് എന്നത് ഇതിന്റെയൊക്കെ ആക്കം വർധിപ്പിക്കുന്നു. അവിടെയാണ് നമ്മളോരോരുത്തരും ഇതിനായി രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകത പ്രബലമാകുന്നതും.
ഒരു ഡോണറാകാനുള്ള അപൂർവ ഭാഗ്യം നിങ്ങളെ തേടിയെത്തിയാൽ:
1) ഡൊണേഷനുമായി മുന്നോട്ടു പോകാൻ തയ്യാറാണെങ്കിൽ ഡോണറുടെ ശാരീരിക ക്ഷമത ഉറപ്പ് വരുത്താൻ ആവശ്യമായ പ്രാഥമിക ടെസ്റ്റുകൾ ഉണ്ടായിരിക്കും, അതനുസരിച്ചായിരിക്കും തുടർ നടപടികൾ.
2) സ്‌റ്റെം സെൽ ഡൊണേഷന് നിങ്ങളെ പ്രാപ്തമാക്കുന്നതിന് ആവശ്യമായ നാല് ഇഞ്ചക്ഷനുകൾ അതിനു മുന്നോടിയായി ഉണ്ടായിരിക്കും.
3) ബ്ലഡ് എടുക്കുന്ന അതെ രീതിയാണ് ഇവിടേയും അവലംബിക്കുന്നത്. പക്ഷെ, സ്‌റ്റെം സെൽ ഫിൽറ്റർ ചെയ്ത് എടുക്കുന്നതോടൊപ്പം, ബ്ലഡ് നമ്മുടെ ശരീരത്തിലേക്ക് തന്നെ റിട്ടേൺ ചെയ്യപ്പെടുന്നു.
4) നമ്മുടെ ശരീരത്തിൽ നിന്ന് എടുക്കപ്പെട്ട സ്‌റ്റെം സെൽ മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ തന്നെ സ്വാഭാവികമായി വീണ്ടും ഉൽപ്പാദിപ്പിക്കപ്പെടുന്നു.
5) ട്രാൻസ്‌പ്ലാന്റ് ചെയ്യപ്പെട്ട രോഗിയിലും ഇതേ കാലയളവിൽ കൂടുതൽ ആരോഗ്യകരമായ സ്റ്റം സെൽ ഉൽപ്പാദിപ്പിക്കപ്പെടുകയും, ഒപ്പം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയും ചെയുന്നു.
6) സ്‌റ്റെം സെൽ ഡൊണേഷന് ശേഷം ജോലിയിലേക്ക് തിരിച്ചു പോകാൻ രണ്ടു ദിവസത്തെ വിശ്രമം അനുവദിക്കുന്ന ഡോണർക്ക് ഒരു വിധ തുടർ ചികിത്സകളോ ടെസ്റ്റുകളോ സാധാരണ ഗതിയിൽ വേണ്ടി വരുന്നില്ല.
7) നിങ്ങൾക്കും സഹായത്തിനായി കൂടെ വരുന്ന ഒരാൾക്കും, സ്‌റ്റെം സെൽ ഡൊണേഷനുമായി ബന്ധപെട്ടു ജോലി സ്ഥലത്തു നിന്നുള്ള അവധിക്കും യാത്രക്കും താമസ സൗകര്യത്തിനും ഭക്ഷണത്തിനും മറ്റും വേണ്ടി വരുന്ന ചിലവുകൾ എല്ലാം ഡെലീറ്റ് ബ്ലഡ് ക്യാൻസർ വഹിക്കുന്നു.
ഒരു പക്ഷെ ജയിംസിന്റെ ജീവൻ രക്ഷിക്കാനുള്ള നിയോഗം നമ്മളിൽ ആർക്കെങ്കിലുമായിരിക്കാം. അതിന് ആദ്യം ചെയ്യേണ്ടത് സ്‌റ്റെം സെൽ ഡൊണേഷന് വേണ്ടി രജിസ്റ്റർ ചെയ്യുക എന്നതാണ്. ഇതിനോടകം നിങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിൽ ഗിഫ്റ്റ് ഓഫ് ലൈഫ് എന്ന മഹത് സന്ദേശത്തിന്റെ പ്രചാരകരാകാനും, ഉപഹാറിന്റെ നേതൃത്വത്തിൽ യുകെയിൽ മിക്കയിടങ്ങളിലും സംഘടിപ്പിച്ചു വരുന്ന കാമ്പെയിനുകളിൽ പങ്കാളികളാകാനുമുള്ള ആഹ്വാനം നമുക്കോരോരുത്തർക്കും ഏറ്റെടുക്കാം.
ജെയിംസിനെ സംബന്ധിച്ച് ഇനിയുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണ് – ജെയിംസിനെ നിങ്ങൾ നെഞ്ചോട് ചേർക്കുന്നുവെങ്കിൽ അത് ഉടനെ തന്നെ വേണം. അങ്ങനെയെങ്കിൽ, ജീവിതം ഒരു ചോദ്യ ചിഹ്ന്നമായി മാറിയ ജെയിംസിനും കുടുംബത്തിനുമൊപ്പം പ്രത്യാശയോടെ നമുക്കും പങ്കു ചേരാം.
സ്നേഹത്തോടെ,
ലോറൻസ് പെല്ലിശ്ശേരി
0776 222 4421.
For more details, please check the following link:
ആര്‍ക്കും വരാവുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് വെരിക്കോസ് വെയിന്‍. ശരീരഭാഗങ്ങളില്‍ ഞരമ്പുകള്‍ ചുരുണ്ടുകുടുന്ന ഈ പ്രശ്‌നം വലിയ ബുദ്ധമുട്ട് നമ്മിലുണ്ടാക്കുന്നു. ഏറെ വേദനയുണ്ടാക്കുന്നതും മറ്റ് ആസ്വാസ്ഥ്യങ്ങളും പരമ്പരാഗത മാര്‍ഗ്ഗങ്ങളുപയോഗിച്ച് ഭേദപ്പെടുത്താന്‍ ഏറെ പ്രയാസകരവുമാണ്. പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് ഇതിന് മികച്ച പോംവഴി.
നമുക്ക് ഏറെ സുപരിചിതവും സുലഭവുമായ തക്കാളി ഉപയോഗിച്ച് വെരിക്കോസ് വെയിന്‍ പ്രശ്‌നം ഫലപ്രദമായി പരിഹരിക്കാനാകും എന്ന് നിങ്ങള്‍ക്കറിയാമോ. ഈ രോഗത്തെ ഭേദമാക്കാനുള്ള നിരവധി മൂലികകള്‍ തക്കാളിയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ദാഭിപ്രായം.
വെരിക്കോസ് വെയിന്റെ ഭാഗമായുണ്ടാകുന്ന വേദനയകറ്റാന്‍ തക്കാളിയില്‍ അടങ്ങിയിരിക്കുന്ന അസെറ്റൈല്‍സാലിസിലിക് ആസിഡിന് സാധിക്കും. ഒപ്പം രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്ന ആന്റികോഗുലന്റ് ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. രക്തക്കുഴലുകളെ ഭിത്തികളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഫ്‌ലാവ്‌നോയിഡുകളും തക്കാളിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഇവിടെയിതാ വെരിക്കോസ് വെയിന്‍ ഭേദമാക്കാന്‍ നിങ്ങള്‍ക്ക് വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന പ്രകൃതി ദത്തമായ വഴികള്‍.
വെരിക്കോസ് വെയിനിന് പച്ചത്തക്കാളി ഉപയോഗിക്കുന്ന വിധം
വെരിക്കോസ് വെയിന്‍ ചികിത്സിക്കാന്‍ പച്ചത്തക്കാളി ഉപയോഗിക്കുന്നത് തനി നാടന്‍ ചികിത്സയാണ്. അത് ഏറെ ഫലപ്രദവും അതിവേഗമുള്ള രോഗശാന്തിയും ലഭിക്കുന്നു. താഴെ പറയുന്ന കാര്യങ്ങള്‍ ഒന്നു ചെയ്തു നോക്കുക
1. രണ്ടോ മൂന്നോ തക്കാളികള്‍ എടുക്കുക, കഴുകിയതിന് ശേഷം വൃത്താകൃതിയില്‍ അരിയുക.
2. വെരിക്കോസ് വെയിനിന്റെ ചുരുളുകള്‍ കാണുന്നിടത്ത് ഈ തക്കാളി കഷ്ണങ്ങള്‍ വെച്ച് ഒരു ബാന്‍ഡേജ് വെച്ച് അവിടെ കെട്ടിവെക്കുക.
3. ചര്‍മ്മത്തില്‍ തരിപ്പ് അനുഭവപ്പെടുന്നത് വരെ ബാന്‍ഡേജ് ഇങ്ങനെ കെട്ടിവെക്കുക.
4. തരിപ്പ് കൂടിയ അളവിലാവുമ്പോള്‍ പെട്ടെന്ന് തന്നെ തക്കാളി കഷ്ണങ്ങള്‍ കെട്ടഴിച്ച് മാറ്റാം.
5. തണുത്ത വെള്ളം ഉപയോഗിച്ച് ആ ഭാഗം കഴുകുക.
6. ഒരു ദിവസം അഞ്ച് തവണ ഈ രീതി ആവര്‍ത്തിക്കുക. വെരിക്കോസ് വെയിന്‍ മാറുന്നത് വരെ ഇത് തുടരാം.
രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തന്നെ പച്ചത്തക്കാളി ഉപയോഗിച്ചുകൊണ്ടുള്ള വെരിക്കോസ് വെയിന്‍ ചികിത്സയ്ക്ക് ഫലം കണാം. ഞരമ്പ് ചുരുണ്ടുകൂടിയ അടയാളങ്ങള്‍ ചര്‍മ്മത്തില്‍ നിന്നും മാറിയിട്ടുണ്ടാകും. അതുപോലെ തന്നെ വെരിക്കോസ് വെയിനിന്റെ വേദനയുള്‍പ്പടേയുള്ള മറ്റ് ലക്ഷണങ്ങളും ഇല്ലാതാവും.
പച്ചത്തക്കാളി മാത്രമല്ല ചുവന്ന തക്കാളി കഷ്ണങ്ങള്‍ ഉപയോഗിച്ചും സമാനമായ ചികിത്സ നടത്താവുന്നതാണ്.
ബാന്‍ഡേജ് ഉപയോഗിച്ച് തക്കാളികഷ്ണങ്ങള്‍ മൂന്നോ നാലോ മണിക്കൂറുകള്‍ വെരിക്കോസ് വെയിന്‍ ഉള്ള ഭാഗത്ത് കെട്ടിവെക്കുക.
പിന്നീട് ഇത് അഴിച്ച് കഴഞ്ഞ്, തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.
നല്ല ഫ്രഷ് തക്കാളി ഉപയോഗിക്കുന്നതും കഴിയുന്നതും രാത്രിയില്‍ കെട്ടിവെക്കുന്നതും നല്ലതാണ്.
ഒരോ ദിവസവും മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്യാം. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഫലം ഉണ്ടാവുകയും ചെയ്യും.
ലണ്ടന്‍: ശരീരത്തിന്റെ തന്നെ പ്രതിരോധസംവിധാനം ഉപയോഗിച്ചുലള ടി സെല്‍ തെറാപ്പി അര്‍ബുദ ചികിത്സാരംഗത്ത് വന്‍ മാറ്റങ്ങളുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. അഞ്ച് മാസത്തില്‍ കൂടുതല്‍ ജീവിക്കില്ലെന്ന് വിധിയെഴുതിയ രക്താര്‍ബുദ രോഗികള്‍ ഈ ചികിത്സയിലൂടെ പതിനെട്ട് മാസത്തിന് ശേഷവും പൂര്‍ണ ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നുവെന്ന് ഗവേഷകര്‍ അറിയിച്ചു. ഇവരുടെ ശരീരത്തില്‍ രോഗത്തിന്റെ ഒരു തരി പോലും അവശേഷിക്കുന്നില്ലെന്നും അവര്‍ അവകാശപ്പെട്ടു. ശരീരത്തിലെ ശ്വേത രക്താണുക്കളുടെ ഒരു വകഭേദം ജനിതക എഞ്ചിനീയറിംഗിലൂടെ നിര്‍മിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇവയ്ക്ക് അര്‍ബുദ കോശങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാനാകും.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന, മജ്ജയിലെ രക്താര്‍ബുദം ബാധിച്ച 35 പേരില്‍ നടത്തിയ പരീക്ഷണത്തില്‍ 90 ശതമാനവും വിജയകരമായിരുന്നു. ഇവരില്‍ രോഗം പൂര്‍ണമായും ഭേദമായി. മറ്റ് രണ്ട് പരീക്ഷണങ്ങളിലായി നാല്‍പ്പത് രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ എണ്‍പത് ശതമാനവും വിജയം കണ്ടതായും ഗവേഷകര്‍ അവകാശപ്പെട്ടു. പതിനെട്ട് മാസം കൊണ്ട് ഇവരില്‍ പകുതി പേരുടെയും രോഗം പൂര്‍ണമായും ഭേദപ്പെട്ടു. പുതിയ പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കുമെന്നാണ് അറിയുന്നത്.
പരീക്ഷണത്തെക്കുറിച്ചുളള സംഗ്രഹം ഇന്നലെ വാഷിംഗ്ടണില്‍ അവസാനിച്ച അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സില്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ ടിസെല്ലുകളുടെ പരീക്ഷണം എല്ലാ രോഗികളിലും ഒരു പോലെ നടത്താനാകില്ലെന്ന് അര്‍ബുദ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചിലരിലിത് വലിയ പാര്‍ശ്വഫലങ്ങള്‍ക്ക് വഴിവയ്ക്കും. ചിലരെ ഇത് മരണത്തിലേക്കും നയിച്ചേക്കാം. എങ്കിലും എല്ലാ ചികിത്സകളും കഴിഞ്ഞ ചില രോഗികളില്‍ ഇത് അത്ഭുതകരമായ മാറ്റമുണ്ടാക്കിയത് തികച്ചും അപ്രതീക്ഷിതമാണെന്നും ഇവര്‍ പറയുന്നു. പരീക്ഷണം തങ്ങളെ ഞെട്ടിച്ചതായും സിയാറ്റലിലെ ഫ്രഡ് ഹച്ചിന്‍സണ്‍ അര്‍ബുദ ഗവേഷണ കേന്ദ്രത്തിലെ ഡോ.സ്റ്റാന്‍ലി റിഡില്‍ പറഞ്ഞു.
ലണ്ടന്‍: പുത്തന്‍ കരാര്‍ വ്യവസ്ഥകളുമായി മുന്നോട്ട് പോകാനാണ് ആരോഗ്യവകുപ്പ് സെക്രട്ടറി ജെറെമി ഹണ്ടിന്റെ തീരുമാനമെങ്കില്‍ സമരവുമായി മുന്നോട്ടെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍. എന്‍എച്ച്എസില്‍ നിന്ന് രാജിവയ്ക്കുമെന്നും ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു. ജൂനിയര്‍ ഡോക്ടര്‍മാരുടെ പുതിയ കരാറുകള്‍ ആഗസ്റ്റില്‍ നടപ്പാക്കുമെന്നാണ് ഹണ്ട് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. ശനിയാഴ്ചയും പ്രവൃത്തി ദിവസമായിരിക്കുമെന്നതാണ് പുതിയ കരാറിലെ സുപ്രധാന വ്യവസ്ഥ. കഴിഞ്ഞ രണ്ട് മാസമായി നിരന്തര ചര്‍ച്ചകള്‍ നടത്തിയിട്ടും ഇക്കാര്യത്തില്‍ ഡോക്ടര്‍മാരും ഹണ്ടും തമ്മില്‍ യാതൊരു ധാരണയിലും എത്തിയിട്ടില്ല.
മികച്ച ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ച ജനങ്ങളോട് സര്‍ക്കാരിന് ചില ഉത്തരവാദിത്തങ്ങളുണ്ടെന്ന് ഹണ്ട് എംപിമാരോട് വ്യക്തമാക്കി. ആഴ്ചയില്‍ ഏഴ് ദിവസവും പൂര്‍ണമായി പ്രവര്‍ത്തിക്കുന്ന എന്‍എച്ച്എസ് ഇതിനായി രാജ്യത്തുണ്ടാകണം. നവംബറിന് ശേഷം രാജ്യത്ത് രണ്ട് തവണയാണ് ഡോക്ടര്‍മാര്‍ അവരുടെ കര്‍ത്തവ്യത്തില്‍ നിന്ന് വിട്ട് നിന്നത്. 6000 ശസ്ത്രക്രിയകള്‍ റദ്ദാക്കി. ഇത് ഗുരുതരമായ വിഷയമാണെന്നും ഹണ്ട് വ്യക്തമാക്കി. ഹണ്ടിന്റെ നിലപാടുകള്‍ രാജ്യത്തെ 45,000ത്തോളം വരുന്ന ജൂനിയര്‍ ഡോക്ടര്‍മാരില്‍ അസംതൃപ്തിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ തന്നെ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ ദാരിദ്ര്യം അനുഭവിക്കുന്ന എന്‍എച്ച്എസിനെ കൂടുതല്‍ കുഴപ്പത്തിലേക്ക് കൊണ്ട് ചെന്ന് ചാടിക്കാനേ ഈ നടപടികള്‍ ഉപകരിക്കൂ എന്നൂം അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. തങ്ങള്‍ സ്‌കോട്ട്‌ലന്റിലേക്കോ, വെയില്‍സിലേക്കോ മറ്റ് വിദേശരാജ്യങ്ങളിലേക്കോ ചേക്കേറുമെന്ന ഭീഷണിയും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. മാത്രമല്ല ആവശ്യമെങ്കില്‍ ഡോക്ടര്‍ ജോലി തന്നെ ഉപേക്ഷിക്കുമെന്ന അറ്റകൈ പ്രയോഗത്തിനും ചിലര്‍ തയാറാണെന്നും ഇവര്‍ സൂചന നല്‍കുന്നു.
പുതിയ കരാറിനെതിരെയുളള പോരാട്ടം തുടരുമെന്ന് തന്നെയാണ് ബിഎംഎ വ്യക്തമാക്കിയിട്ടുളളത്. മുന്നിലുളള എല്ലാവഴികളും ഇതിനായി ഉപയോഗിക്കും. അടിയന്തര ചികിത്സാ വിഭാഗങ്ങളെപ്പോലും സ്തംഭിപ്പിച്ച് കൊണ്ടുളള സമരത്തിലേക്ക് നീങ്ങുന്നതിനെക്കുറിച്ചും ഇവര്‍ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിലും ലണ്ടനിലും ഇവരുടെ പ്രതിഷേധം അരങ്ങേറിയിരുന്നു. 98 ശതമാനം ഡോക്ടര്‍മാരും സമരത്തെ പിന്തുണയ്ക്കുന്നുണ്ട്. തങ്ങളുടെ അഭിപ്രായം ന്യായീകരിക്കുന്നതിന് നിയമസഹായം തേടാനും ഇവര്‍ ആലോചിക്കുന്നുണ്ട്. പുതിയ കരാര്‍ നിലവില്‍ വരുന്നതോടെ ശനിയാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെ ഡോക്ടര്‍മാര്‍ മറ്റ് ദിവസങ്ങളിലെ പോലെ തന്നെ ജോലി ചെയ്യേണ്ടി വരും.
വൈറ്റ് ഹാളിലെ ഹണ്ടിന്റെ ഓഫീസിന് പുറത്തും കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ പ്രതിഷേധം നടത്തിയിരുന്നു. ജൂനിയര്‍ ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ മനസിലാക്കുന്നതില്‍ ഹണ്ടിന് വീഴ്ച സംഭവിച്ചിരിക്കുന്നുവെന്നും രോഗികളാണ് ഇത് മൂലം വെല്ലുവിളികള്‍ നേരിടുകയെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഒരുതരത്തിലും ക്ഷമിക്കാനാകില്ല. രോഗികള്‍ക്ക് യാതൊരു തരത്തിലുളള പ്രശ്‌നങ്ങളും ഉണ്ടാകാന്‍ പാടില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.