ന്യൂസ് ഡെസ്ക് മലയാളം യുകെ
നീണ്ടുനിൽക്കുന്ന മാനസിക സമ്മർദ്ദം നേരിടുന്നവർക്ക് മറ്റുള്ളവരെക്കാൾ ഉയർന്ന രക്തസമ്മർദ്ദവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനറിപ്പോർട്ട്. 400 പേരെ ഒരുദശാബ്ദത്തിലേറെ നിരീക്ഷിച്ചതിന്റെ ഫലമായാണ് ശാസ്ത്രജ്ഞർ ഇത്തരത്തിലുള്ള ഒരു കണ്ടെത്തലിലേയ്ക്ക് എത്തിയത്. ഇവരുടെ മൂത്രത്തിലെ സ്ട്രസ് ഹോർമോണുകളുടെ തോതും ശാസ്ത്രജ്ഞർ പഠനത്തിന് വിധേയമാക്കി.സ്ട്രസ് ഹോർമോണുകളുടെ അളവ് ഇരട്ടിയാവുന്ന സാഹചര്യത്തിൽ ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയസംബന്ധമായ മറ്റു രോഗങ്ങൾക്കുള്ള സാധ്യത 90 ശതമാനത്തോളം വർധിക്കുന്നതായാണ് കണ്ടെത്തിയത്. ഇതു കൂടാതെ ഉയർന്ന രക്തസമ്മർദം അതായത് ഹൈപ്പർടെൻഷനുള്ള സാധ്യത ഏകദേശം 30 ശതമാനമായി ഉയരും. ഹൈപ്പർ ടെൻഷൻ ഹൃദയത്തെയും ശരീരത്തിൻറെ പ്രധാന അവയവങ്ങളെയും ബാധിക്കുകയും പല രോഗങ്ങളിലേയ്ക്ക് വഴിവയ്ക്കുകയും ചെയ്യും.
ഒരു വ്യക്തി മാനസിക സമ്മർദ്ദത്തിൽ ഇരയാകുമ്പോൾ അവരുടെ ശരീരം കോർട്ടിസോൾ പോലുള്ള ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നു. ഇത് അവരെ ഫൈറ്റ് ഓർ ഫ്ലൈറ്റ് മോഡിലേയ്ക്ക് കൊണ്ടുവരുന്നു. അതുവഴി രക്തസമ്മർദ്ദം കൂടുകയും ഹൃദയമിടിപ്പ് വേഗത്തിലാകുകയും പേശികളിലേയ്ക്കുള്ള ഓക്സിജൻെറ ഒഴുക്ക് വർദ്ധിക്കുകയും ചെയ്യും . താമസിയാതെ തന്നെ ഇവ സാധാരണ നിലയിലേക്ക് എത്തും. എന്നാൽ ആരോഗ്യത്തിന് ദൂക്ഷ്യമായ ഭക്ഷണവും അമിതമായ മദ്യപാനവും മറ്റും ദീർഘകാല രക്തസമ്മർദ്ദത്തിന് കാരണമാകും.
പനി ബാധിച്ച് മരിച്ച അഞ്ചു വയസുകാരിക്ക് നിപയുണ്ടോയെന്ന സംശയത്തെ തുടർന്ന് സ്രവം പരിശോധനയ്ക്ക് അയച്ചു. കാസർഗോഡ് ചെങ്കള പഞ്ചായത്ത് പരിധിയില്‍ പനിയെ തുടര്‍ന്ന് മരിച്ച അഞ്ച് വയസുകാരിയുടെ സ്രവമാണ് പരിശോധനക്കായി അയച്ചത്. നിപ ലക്ഷണങ്ങൾ ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി. കുട്ടിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. പഞ്ചായത്ത് പരിധിയിൽ കോവിഡ് വാക്‌സിനേഷൻ നിർത്തിവെച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
നേരത്തെ കോഴിക്കോട് മുക്കം സ്വദേശിയായ 12കാരൻ മരിച്ചത് നിപ മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് കർശന പ്രതിരോധ നടപടികളാണ് കോഴിക്കോട് ജില്ലയിൽ സ്വീകരിച്ചിരുന്നത്. സമ്പർക്കത്തിലുള്ളവരെയെല്ലാം നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാൽ പിന്നീട് ആർക്കും രോഗം സ്ഥിരീകരിച്ചിരുന്നില്ല. ഇതോടെ ആശങ്ക ഏറെക്കുറെ ഒഴിഞ്ഞ നിലയിലാണ് കോഴിക്കോട്.
സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത് നിപ ബാധിക്കുന്നത്. നേരത്തെ 2018ലും 2019ലും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു. രോഗ ലക്ഷണമുള്ളവരില്‍ നിന്നും നിപ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതമാക്കും. രോഗത്തിന്റെ സംക്രമണത്തേയും പ്രതിരോധത്തേയും കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ എല്ലാവരും മനസിലാക്കണം. കോവിഡ് കാലമായതിനാല്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ട്. എന്‍ 95 മാസ്‌ക് നിപ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്. ഭയപ്പെടാതെ ഒറ്റക്കെട്ടായി നിപയെ പ്രതിരോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
നിപ വൈറസ്
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം.
രോഗലക്ഷണങ്ങള്‍
വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. ശ്വാസകോശത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്.
രോഗ സ്ഥിരീകരണം
തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.
സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവാറും പേരില്‍ അതി സങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.
വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍
കഴിവതും വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില്‍ പോകരുത്. വവ്വാല്‍ കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല.
രോഗം പകരാതിരിക്കാന്‍ വേണ്ടി എടുക്കേണ്ട മുന്‍കരുതലുകള്‍
· കൃത്യമായി മാസ്‌ക് ഉപയോഗിക്കുക
· സാമൂഹിക അകലം പാലിക്കുക
· ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
· രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക
· രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
രോഗം പടരാതിരിക്കാന്‍ വേണ്ടി ആശുപത്രികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
· രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക
· രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക
· സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.
സ്വീകരിക്കേണ്ട സുരക്ഷാ രീതികള്‍
· ആള്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് കൈ കഴുകുക
· രോഗി, രോഗ ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക
· നിപ്പാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റുക.
· ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
· രണ്ട് രോഗികളുടെ കട്ടിലിനിടയില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക
· രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്.
സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം
· മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്ന പിപിഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്‌കര്‍ഷിക്കേണ്ടതാണ്.
· കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വ്യത്തിയായി കഴുകുക.
· അണുനാശികാരികളായ ക്ലോറോഹെക്സിഡൈന്‍ അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ (ഉദാ. സാവ്ലോണ്‍ പോലുള്ള) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്
· ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം
യു.കെയിൽ 12നും 15നും ഇടയിൽ പ്രായമുള്ള സ്കൂൾ കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഫൈസർ/ബയോടെക് വാക്സിനാണ് കുട്ടികളിൽ കുത്തിവെക്കുക. കുട്ടികളിൽ കോവിഡ് വാക്സിൻ കുത്തിവെക്കാൻ രാജ്യത്തെ നാല് ചീഫ് മെഡിക്കൽ ഓഫിസർമാർ നൽകിയ ഉപദേശം തിങ്കളാഴ്ച ചേർന്ന മന്ത്രിതല സമിതി അംഗീകരിച്ചിരുന്നതായി ആരോഗ്യ, സാമൂഹിക സുരക്ഷ വിഭാഗം (ഡി.എച്ച്.എസ്.സി) അറിയിച്ചു.
സ്കൂൾ കുട്ടികളിൽ വാക്സിൻ നൽകാനുള്ള ചീഫ് മെഡിക്കൽ ഓഫിസറുടെ ശിപാർശ അംഗീകരിച്ചതായി ഹെൽത്ത് സെക്രട്ടറി സാജദ് ജാവേദും വ്യക്തമാക്കി. രക്ഷിതാക്കളുടെ സമ്മതത്തോടെ ആയിരിക്കും കുട്ടികളിലെ വാക്സിനേഷൻ. പ്രത്യേക മാനസിക ആരോഗ്യ വിഭാഗം ഉൾെപ്പടെ വിപുലമായ സംവിധാനങ്ങളാണ് ഇതിനായി ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാണയിലെ പല്‍വാള്‍ ജില്ലയില്‍ അജ്ഞാത രോഗം പടരുന്നതായി സംശയം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പല്‍വാളിലെ ചില്ലി ഗ്രാമത്തില്‍ അജ്ഞാത രോഗം ബാധിച്ച് എട്ട് കുട്ടികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഡെങ്കിപ്പനി ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് ഗ്രാമവാസികള്‍ കരുതുന്നത്. അതേസമയം, മരണകാരണം എന്താണെന്ന് ആരോഗ്യവകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അടുത്തിടെ ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലുണ്ടായ അജ്ഞാത രോഗത്തിന് സമാനമായ രീതിയിലാണ് ചില്ലി ഗ്രാമത്തിലേയും രോഗബാധയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രാമത്തിലെ 50 മുതല്‍ 60 വരെ കുട്ടികള്‍ പനിയുടെ പിടിയിലാണെന്ന് ഗ്രാമത്തലവന്‍ നരേഷ് പറഞ്ഞു. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ട് കുട്ടികള്‍ മരണപ്പെട്ടതായും ചില കുട്ടികള്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.
അജ്ഞാത രോഗം പടരുന്ന സാഹചര്യത്തില്‍ ഗ്രാമത്തില്‍ പനിയുള്ള കുട്ടികളെ കണ്ടെത്താന്‍ വീടുകള്‍ തോറും കയറി പരിശോധന നടത്താന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ ആരോഗ്യവകുപ്പ് നിയോഗിച്ചിരുന്നു. ഗ്രാമത്തിലെ പല വീടുകളിലും വെള്ളത്തില്‍ കൊതുക് ലാര്‍വയുടെ സാന്നിധ്യം മെഡിക്കല്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ മരണകാരണം ഡെങ്കിപ്പനി ആയേക്കാം. എന്നാല്‍ ഇതില്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. ഇതുവരെയുള്ള പരിശോധനയില്‍ ഒരു രോഗിക്കും ഡെങ്കി, മലേറിയ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും മെഡിക്കല്‍ സംഘത്തിലെ ഡോക്ടര്‍ വിജയ് കുമാര്‍ പറഞ്ഞു.
രോഗികളുടെ രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറവാണെന്ന റിപ്പോര്‍ട്ടാണ് രോഗം ഡെങ്കിപ്പനിയാണെന്ന് സംശയിക്കാന്‍ കാരണം. എന്നാല്‍, വൈറല്‍ പനി ബാധിച്ചാലും രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറയുന്നത് അസാധാരണമല്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. ആരോഗ്യവകുപ്പിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രതയോടെ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കുട്ടികളുടെ ജീവന്‍ രക്ഷപ്പെടുത്താമായിരുന്നുവെന്നും ഗ്രാമവാസികള്‍ പറയുന്നു.
ഇംഗ്ലണ്ടിൽ സർജറികൾക്കും മറ്റ് സാധാരണ ചികിൽസയ്ക്കുമായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം സർവകാല റെക്കാർഡിൽ എത്തിയതായി കണക്കുകൾ.റോയൽ കോളജ് ഓഫ് സർജൻസിന്റെ കണക്കുപ്രകാരം ഇംഗ്ലണ്ടിൽ 5.6 മില്യൺ രോഗികളാണ് നിലവിൽ മറ്റ് രോഗങ്ങൾക്കുള്ള ചികിൽസ കാത്തിരിക്കുന്നത്.
ഹിപ്പ് റീപ്ലേസ്മെന്റ്, ക്നീ റിപ്ലേസ്മെന്റ്, ജനറൽ സർജറി, ഗാൾബ്ലാഡർ നീക്കം ചെയ്യൽ, ഹെർണിയ തുടങ്ങിയ മുൻകൂട്ടി നിശ്ചയിക്കുന്ന ഓപ്പറേഷനുകളാണ് ഇത്തരത്തിൽ പലവട്ടം നീട്ടിവയ്ക്കപ്പെട്ടവയുടെ പട്ടികയിൽ ഏറ്റവും കൂടുതൽ.
കോവിഡു മൂലം അത്യാവശ്യമല്ലാത്ത സർജറികളും മറ്റു ചികിൽസകളും നിരവധിതവണ മാറ്റിവയ്ക്കപ്പെട്ടതാണ് ഇത്തരം രോഗികളുടെ കാത്തിരിപ്പ് പട്ടിക ഇത്രയേറെ വർധിക്കാൻ കാരണം.
ജീവൻ നഷ്ടമായേക്കാവുന്ന സാഹചര്യങ്ങളിൽ ആംബുലൻസ് വിളിക്കുമ്പോഴും കൂടുതൽ സമയം കാത്തിരിക്കേണ്ട സാഹചര്യമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹൃദയാഘാതം, ശ്വസതടസം, മറ്റ് അപകടങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ആംബുലൻസ് സേവനത്തിനായി വിളിച്ചാൽ ഏഴു മിനിറ്റിനുള്ളിൽ എൻഎച്ച്എസ് സംഘം സ്ഥലത്ത് എത്തണമെന്നതാണ് ലക്ഷ്യം.
എന്നാൽ ഇപ്പോൾ ഇക്കാര്യത്തിലെ ശരാശരി സമയദൈർഘ്യം ഇപ്പോൾ എട്ടര മിനിറ്റാണ്. എൻഎച്ച്എസ് സേവനങ്ങൾ മെച്ചപ്പെടുത്താനായി നാഷനൽ ഇൻഷുറൻസ് ടാക്സ് 1.25 ശതമാനം വർധിപ്പിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നാണ് വിമർശകർ ആവശ്യപ്പെടുന്നത്. കോവിഡ് സാഹചര്യത്തിൽ എൻ. എച്ച്. എസിന് മേലുള്ള അമിത ജോലിഭാരമാണ് പ്രശ്നങ്ങളുടെ കാതലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
നിപ വൈറസ് ബാധിച്ച് മരിച്ച 12കാരന്റെ വീട്ടില്‍ കേന്ദ്രസംഘം എത്തി. മരിച്ച 12കാരന്‍ റമ്പൂട്ടാന്‍ കഴിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. നിപ ബാധിച്ച് ഇതിന്റെ പശ്ചാത്തലത്തില്‍ റമ്പൂട്ടാന്‍ പഴത്തിന്റെ സാമ്പിളുകള്‍ കേന്ദ്രസംഘം ശേഖരിച്ചു. ഇത് വവ്വാലുകള്‍ എത്തുന്ന ഇടമാണോയെന്ന് പരിശോധിക്കും. വൈറസ് ബാധ വവ്വാലുകളില്‍ നിന്ന് ഏറ്റതാണോ എന്ന് തിരിച്ചറിയുന്നതിനാണിത്.
കേന്ദ്രസംഘത്തിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വിഭാഗത്തിലുള്ള ഡോക്ടര്‍മാരാണ് പ്രദേശത്ത് സന്ദര്‍ശനം നടത്തിയത്. കുട്ടികളുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെയുള്ളവരെ കണ്ട് സംസാരിച്ചു. ശേഷം കുട്ടി കഴിച്ച ഭക്ഷണം, ഇടപെട്ടിട്ടുള്ള മൃഗങ്ങള്‍ തുടങ്ങിയവക്കുറിച്ചൊക്കെ സംഘം ചോദിച്ചറിഞ്ഞു.
എല്ലാവരോടും കര്‍ശനമായ ജാഗ്രത പുലര്‍ത്തണമെന്നും സമാനലക്ഷണം ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വീടുകളിലും പരിസരങ്ങളിലും പാലിക്കേണ്ട പ്രോട്ടോക്കോള്‍ സംബന്ധിച്ചും തുടര്‍ന്ന് എടുക്കേണ്ട നടപടികള്‍ സംബന്ധിച്ചും കേന്ദ്രസംഘം നേരിട്ട് പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.
മരിച്ച കുട്ടിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ചാത്തമംഗലം പഞ്ചായത്തിലെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് കണ്ടെയിന്റ്മെന്റ് സോണാക്കി.
യുകെയിൽ ശൈത്യകാലത്തെ ലോക്ക്ഡൗൺ ഒഴിവാക്കാൻ വാക്സിൻ പാസ്പോർട്ട് അവതരിപ്പിച്ചേക്കും. കൂടുതൽ ആളുകൾ കൂടിച്ചേരുന്ന വലിയ വേദികളിലാണ് വാക്സിൻ പാസ്പോർട്ട് നിർബന്ധമാക്കാൻ സാധ്യതയെന്ന് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ചെറിയ ഇടവേളകളിൽ ബിസിനസുകൾ തുടർച്ചയായി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് വാക്സിൻ പാസ്പോർട്ട് കൊണ്ടു വരാൻ സർക്കാർ ആഗ്രഹിക്കുന്നത്.
അതേസമയം 12 മുതൽ 15 വയസ്സുവരെയുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ നൽകണോ എന്ന കാര്യത്തിൽ സർക്കാർ ഇനിയും തീരുമാനമെടുത്തിട്ടില്ല. ഇതിന് രക്ഷിതാക്കളുടെ സമ്മതം ആവശ്യമാണെന്ന് വാക്സിൻ മന്ത്രി നാദിം സഹാവി പറഞ്ഞു. ചെറുപ്പക്കാരുടെ കുത്തിവയ്പ്പിനെ പിന്തുണയ്ക്കുന്നതിനെതിരെ വാക്സിനേഷനും പ്രതിരോധ കുത്തിവയ്പ്പിനുമുള്ള സംയുക്ത സമിതി (JCVI) നിലപാടെടുത്തതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
കോവിഡ് 12 നും 15നുമിടയിൽ പ്രായമുള്ളവർക്ക് വളരെ കുറഞ്ഞ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. അതിനാൽ ആരോഗ്യപരമായ കാരണങ്ങളാൽ മാത്രം ഈ വിഭാഗക്കാരുടെ വാക്സിനേഷനെ പിന്തുണക്കില്ല എന്നാണ് JCVI നിലപാട്. അതേസമയം യുകെയിലെ ചീഫ് മെഡിക്കൽ ഓഫീസർമാർ സ്കൂളുകളിലെ ആബ്സെൻസ് കു റയ്ക്ക്കാൻ ഈ നീക്കത്തിന് കഴിയുമോ എന്നും പരിശോധിക്കുന്നുണ്ട്.
അതിനിടെ 2021 ആദ്യ പകുതിയിൽ പ്രതിദിനം ഏകദേശം 50 സ്റ്റോറുകൾ യുകെയിലുടനീളം അടച്ചുപൂട്ടിയതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ലോക്കൽ ഡാറ്റ കമ്പനിയിൽ നിന്നുള്ള കണക്കുകൾ പ്രകാരം റീട്ടെയിൽ പാർക്കുകളിലും ഷോപ്പിംഗ് സെന്ററുകളിലുമെല്ലാമായി 8,739 ഔട്ട്‌ലെറ്റുകൾ ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ വ്യാപാരം അവസാനിപ്പിച്ചു. എന്നാൽ ഇതേ കാലയളവിൽ 3,488 എണ്ണം പുതുതായി തുറക്കുകയും ചെയ്തിട്ടുണ്ട്. അതായത് 5,251 ഷോപ്പുകളാണ് ഈ കാലയളവിൽ കോവിഡ് പ്രതിസന്ധി നേരിടാനാവാതെ അടച്ചുപൂട്ടിയതെന്ന് ചുരുക്കം.
ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12-കാരന്റെ മാതാവിനും രോഗലക്ഷണം. നേരിയ പനിയാണ് ഇവര്‍ക്കുള്ളത്. ഇവരുമായി സമ്പര്‍ക്കത്തിലുള്ള 20 പേരുടെയും സാമ്പിള്‍ പരിശോധിക്കും.
പ്രാഥമിക സമ്പർക്കമുള്ള ഇവര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. സര്‍വൈലന്‍സ് ടീം ഇവരെ നിരീക്ഷിക്കുന്നുണ്ട്. അവര്‍ ഉള്‍പ്പെടെയുള്ളവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയാണെന്നും കോഴിക്കോട് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ കോഴിക്കോട്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട്ട് നടത്തി വരുന്നത്. വൈറസ് റിപ്പോര്‍ട്ട് ചെയ്ത ഇന്നലെ രാത്രി തന്നെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചെർന്ന് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 16 കമ്മിറ്റികള്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്‌സിംഗ്, കമ്മ്യൂണിറ്റി സര്‍വയലന്‍സ്, ഡേറ്റ അനാലിസിസ് തുടങ്ങിയവയാണ് ഈ കമ്മിറ്റികളുടെ ദൗത്യം.
മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കും ഐസൊലേഷനുമായി സജ്ജമാക്കി. നിപ രോഗികള്‍ക്ക് മാത്രമായി നെഗറ്റീവ് പ്രഷര്‍ ഐസിയുവും സജ്ജമാക്കി. 188 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി. അതില്‍ 20 പേര്‍ ഹൈ റിസ്‌കാണ്. ഇതോടൊപ്പം റൂട്ട് മാപ്പും തയ്യാറാക്കി. ഹൈ റിസ്‌കിലുള്ളവരെ മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.
നിപ പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ ചെയ്യാനുള്ള സൗകര്യമൊരുക്കാന്‍ നടപടി സ്വീകരിച്ചു. എന്‍ഐവി പൂനയുമായി സഹകരിച്ച് പോയിന്റ് ഓഫ് കെയർ ടെസ്റ്റിംഗ് അവിടെ നടത്തും. അത് ഒരിക്കല്‍ കൂടി സ്ഥിരീകരിക്കാന്‍ എന്‍ഐവി പൂനയിലേക്ക് അയയ്ക്കും. 12 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയിക്കുന്നതാണ്.
മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളും ഉറപ്പാക്കി. മോണോക്ലോണല്‍ ആന്റിബോഡി ആസ്‌ട്രേലിയയില്‍ നിന്നും ഐസിഎംആര്‍ ഏഴ് ദിവസത്തിനുള്ളില്‍ എത്തിക്കുമെന്ന് ഉറപ്പ് നല്‍കി.
നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളുമായും ചര്‍ച്ച നടത്തി. അസ്വാഭാവികമായ പനി, അസ്വാഭാവിക മരണങ്ങള്‍ എന്നിവ ഉണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡേറ്റ പെട്ടന്ന് കൈമാറാനായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക വിപുലപ്പെടാനുള്ള സാധ്യതയുണ്ടെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
നിപ ചികിത്സക്കായി പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകര്‍ തന്നെയാകും ചികിത്സക്കായി ഉണ്ടാകുക. അസാധാരണമായ പനി, മരണം എന്നിവ വരുംദിവസങ്ങളില്‍ ശ്രദ്ധയില്‍പ്പെട്ടാലോ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടുണ്ടെങ്കിലോ ആരോഗ്യവകുപ്പിനെ അറിയിക്കണം എന്ന് സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം തയ്യാറാക്കി. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 1 തിയ്യതി വരെയുള്ള ദിവസങ്ങളിലെ കുട്ടിയുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്.
ഓഗസ്റ്റ് 27 ന് അയൽവാസികളായ കുട്ടികൾക്ക് ഒപ്പം കളിച്ചു. ഓഗസ്റ്റ് 29 ന് രാവിലെ 8. 30 മുതൽ 8. 45 വരെ എരഞ്ഞിമാവിലെ ഡോ. മുഹമ്മദ്സ് സെൻട്രൽ എന്ന സ്വകാര്യ ക്ലിനിക്കിൽ ചികിത്സക്ക് എത്തി. ഓഗസ്റ്റ് 31 ന് മുക്കം, ഓമശേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ഓട്ടോയിൽ ചികിത്സക്ക് എത്തി.
ഉച്ചക്ക് മെഡിക്കൽ കോളേജിൽ എത്തി. അവിടെ നിന്നും സെപ്തബർ 1 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി. പിന്നീടുള്ള ദിവസങ്ങളിൽ അവിടെ തുടർന്നു.
യുകെയിൽ 970,000 ആളുകൾ ലോംഗ് കോവിഡ് അനുഭവിക്കുന്നതായി കണക്കുകൾ. 2021 ഓഗസ്റ്റ് 1 വരെയുള്ള നാല് ആഴ്ചകളിൽ യുകെയിൽ 970,000 ആളുകൾ ലോംഗ് കോവിഡ് ലക്ഷണങ്ങൾ അനുഭവിക്കുന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻഎസ്) അറിയിച്ചു.
ഇത് ജനസംഖ്യയുടെ 1.5% വരും. ആദ്യത്തെ കോവിഡ് ബാധയ്ക്ക് ശേഷം നാലാഴ്ചയിൽ ഏറെ ഇക്കൂട്ടരിൽ രോഗലക്ഷണങ്ങൾ നിലനിൽക്കുന്നതായി ഒഎൻഎസ് വ്യക്തമാക്കുന്നു. ഇതിൽ 817,000 (84%) പേർക്ക് 12 ആഴ്ച മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 40% പേർക്ക്, 384,000, കുറഞ്ഞത് ഒരു വർഷം മുമ്പ് കോവിഡ് ബാധിച്ചതാണ്.
66% വരുന്ന 643,000 ആളുകളിൽ രോഗലക്ഷണങ്ങൾ അവരുടെ ദൈനംദിന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതായി ഒഎൻഎസ് പറഞ്ഞു, അതേസമയം 19% വരുന്ന 188,000 പേർ അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ “വളരെയധികം പരിമിതപ്പെടുത്തിയാണ് മുന്നോട്ട് പോയത്.
58% പേരിലും ക്ഷീണം ഏറ്റവും സാധാരണമായ ലക്ഷണമാണ്. ശ്വാസംമുട്ടൽ (42%), പേശി വേദന (32%), ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് (31%) എന്നിങ്ങനെയാണ് മറ്റ് ലക്ഷണങ്ങളുടെ സാന്നിധ്യം. 35-നും 69-നും ഇടയിൽ പ്രായമുള്ളവർ, സ്ത്രീകൾ, ഏറ്റവും പിന്നോക്കാവസ്ഥയുള്ള പ്രദേശങ്ങളിലെ താമസക്കാർ, ആരോഗ്യ, സാമൂഹിക പരിപാലന തൊഴിലാളികൾ എന്നിവർക്കിടയിലാണ് ലോംഗ് കോവിഡ് ലക്ഷണങ്ങൾ കൂടുതലെന്നും ഒഎൻഎസ് വ്യക്തമാക്കി.
വ്യാപന ശേഷിയും പ്രതിരോധ ശേഷിയും കൂടിയ പുതിയ കോവിഡ് വകഭേദം ദക്ഷിണാഫ്രിക്ക അടക്കം ഏഴ് രാജ്യങ്ങളില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ കൂടുതല്‍ പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ദക്ഷിണാഫ്രിക്ക ഉള്‍പ്പടെ എട്ട് രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും.
പുതിയ സി.1.2 വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 60 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ഉടനെ പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കി.
അതിവേഗം പടരാന്‍ ശേഷിയുള്ള സി.1.2 വൈറസിനെ മേയ് മാസത്തില്‍ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് ന്യുസിലാന്‍ഡ്, പോര്‍ച്ചുഗല്‍ അടക്കം ഏഴു രാജ്യങ്ങളില്‍ കൂടി കണ്ടെത്തി. ഇതുവരെ തിരിച്ചറിഞ്ഞവയില്‍ ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദം ആണിത്. 2019 ല്‍ വുഹാനില്‍ കണ്ടെത്തിയ ആദ്യ വൈറസില്‍നിന്ന് ഏറെ വ്യത്യസ്തമാണെന്നും ഗവേഷകര്‍ പറയുന്നു.
വരും ആഴ്ചകളില്‍ ഈ വൈറസിന് കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകാം. അങ്ങനെ വന്നാല്‍ വാക്‌സിന്‍കൊണ്ട് ഒരാള്‍ ആര്‍ജിക്കുന്ന പ്രതിരോധ ശേഷിയെ പൂര്‍ണമായി മറികടക്കാന്‍ കഴിയുന്ന ശക്തി ഈ വൈറസ് കൈവരിച്ചേക്കും. അതിനാല്‍ ഈ വകഭേദത്തെപ്പറ്റി കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതുവരെ ഇന്ത്യയില്‍ സി.1.2 റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതിനിടെ കേരളത്തില്‍ ജനസംഖ്യാ അടിസ്ഥാനത്തിലുള്ള പ്രതിവാര രോഗ നിരക്ക് (ഐപിആര്‍) ഏഴില്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചു. ഇവിടങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.
296 തദ്ദേശ സ്ഥാപനങ്ങളിലെ 4155 വാര്‍ഡുകളിലാണ് ഐപിആര്‍ നിരക്ക് ഏഴില്‍ കൂടുതലുള്ളത്. എറണാകുളത്താണ് കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍. ഇവിടെ 52 തദ്ദേസ സ്ഥാപനങ്ങളില്‍ 742 വാര്‍ഡുകളിലാണ് നിയന്ത്രണം.