നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികളുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമായിരിക്കും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിക്കുക.
ഒന്നുമുതൽ ആറുവരെ പ്രതികളായ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു.
കുറ്റക്കാരായി കണ്ടെത്തിയ ആറ് പ്രതികളെയും കോടതിയിൽ ഹാജരാക്കും. കുറ്റവിമുക്തനാക്കിയതിനാൽ കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപടക്കമുള്ളവർ കോടതിയിൽ ഹാജരാകേണ്ട. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരേ തെളിഞ്ഞിട്ടുള്ളത്. ജീവപര്യന്തം തടവോ അല്ലെങ്കിൽ കുറഞ്ഞത് 20 വർഷം കഠിനതടവോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.
ശിക്ഷ പ്രഖ്യാപിച്ചശേഷമേ വിധിപ്പകർപ്പ് ലഭിക്കൂ. ദിലീപടക്കമുള്ളവരെ എന്തുകൊണ്ട് കുറ്റവിമുക്തരാക്കിയെന്നത് ഉത്തരവ് പുറത്തുവന്നാലെ വ്യക്തമാകൂ. ഉത്തരവ് പുറത്തുവന്നാലുടൻ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യുമെന്നാണ് വിവരം. കുറ്റക്കാരായി കണ്ടെത്തിയ പ്രതികൾ നിലവിൽ തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിലാണ്.
വീട് നിർമാണത്തിനെത്തിയ സുഹൃത്തുക്കൾ തമ്മിൽ മദ്യ ലഹരിയിൽ ഉണ്ടായ വാക്കുതർക്കത്തിനിടെ കത്തിക്കുത്തേറ്റ യുവാവ് മരിച്ചു. ആലപ്പുഴ കളർകോട് അറയ്ക്കക്കുഴിയിൽ ബിബിൻ യേശുദാസ്(29) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് ആലപ്പുഴ സ്വദേശി ബിനീഷ് എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മുരിക്കുംപുഴ ക്ഷേത്രത്തിന് മുന്നിലെ റോഡിൽ വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് സംഭവം.
ബിനീഷിനും കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം. തെക്കേക്കരയിൽ നിർമാണം പൂർത്തിയാക്കിയ വീടിൻ്റെ ലെയ്ത്ത് വർക്കുമായി എത്തിയതായിരുന്നു ഉപകാരാറുകാരനായ ബിബിനും ബിനീഷും. വീടിൻ്റെ ഗൃഹപ്രവേശം വെള്ളിയാഴ്ചയാണ്. ഇതിൻ്റെ സൽക്കാര ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് സംഭവം.
കുത്തേറ്റ് ഗുരുതര പരിക്കുകളോടെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിബിൻ മരിച്ചു. ഈ വിവരം അറിയാതെ പരിക്കുകളുമായി ആശുപത്രിയിൽ എത്തിയപ്പോഴാണ് ബിനീഷ് പിടിയിലായത്. പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്തെ തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വ്യാഴാഴ്ച ഏഴുജില്ലകളിലായി നടന്ന വോട്ടെടുപ്പില് ആറുമണി വരെയുള്ള കണക്കുകള്പ്രകാരം 74.52 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇത് അന്തിമകണക്കല്ല.
തൃശ്ശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വൈകീട്ട് ആറുമണിവരെയുള്ള കണക്കനുസരിച്ച് തൃശ്ശൂരിൽ 71.14 ശതമാനവും പാലക്കാട് 74.89 ശതമാനവും പോളിങ് രേഖപ്പെടുത്തി. മലപ്പുറത്ത് 76.11 ശതമാനവും കോഴിക്കോട് 75.73 ശതമാനവും വോട്ട് രേഖപ്പെടുത്തി. വയനാട് 76.26 ശതമാനവും കണ്ണൂരിൽ 74.64 ശതമാനവും കാസർകോട് 73.02 ശതമാനവും പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.
വൈകിട്ട് ആറുമണിയോടെ വോട്ടെടുപ്പ് സമയം അവസാനിച്ചെങ്കിലും ക്യൂവിലുള്ളവര്ക്ക് വോട്ട് ചെയ്യാന് അവസരമുണ്ടാകും. ഇവര്ക്ക് പ്രിസൈഡിങ് ഓഫീസര് ഒപ്പിട്ട സ്ലിപ്പ് കൈമാറും. ക്യൂവിലെ അവസാനയാള്ക്ക് വരെ ഇത്തരത്തില് സ്ലിപ്പ് നല്കും. തുടര്ന്ന് ഇവരും വോട്ട് രേഖപ്പെടുത്തിയശേഷം മാത്രമേ പോളിങ് അവസാനിപ്പിക്കുകയുള്ളൂ. പലയിടങ്ങളിലും ആറുമണിക്ക് ശേഷവും ഒട്ടേറെപേര് വോട്ട് ചെയ്യാനായി വരിനില്ക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം പോളിങ് പൂര്ത്തിയാകാന് വൈകും.
താനൂരില് വോട്ട് ചെയ്ത് വീട്ടിലെത്തിയതിനു പിന്നാലെ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു. പകര തീണ്ടാപ്പാറ നന്ദനില് അലവി (50) ആണ് മരിച്ചത്. താനാളൂര് ഏഴാംവാർഡ് ഒകെ പാറ മദ്രസയില് വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് വോട്ടുചെയ്ത് വീട്ടിലേക്ക് മടങ്ങിയതായിരുന്നു. ഉടൻതന്നെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
കാറ്ററിംഗ് സ്ഥാപന ഉടമയാണ്. എന്. അഹമ്മദ് കുട്ടി – ആമിന ദമ്പതിമാരുടെ മകനാണ്. ഭാര്യ: സുമയ്യ. മകന്: സിയാദ്. സഹോദരങ്ങള്: യൂസുഫ്, ഫാത്തിമ, പരേതനായ ഇസ്മായില്.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. ആദ്യ ഘട്ടത്തിൽ തെക്കൻ കേരളത്തിലെ ഏഴ് ജില്ലകൾ വിധിയെഴുതിയിരുന്നു. ഇതോടെ, സംസ്ഥാനത്തെ 14 ജില്ലകളിലെയും തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാകും.
രണ്ടാം ഘട്ടത്തിൽ 7 ജില്ലാ പഞ്ചായത്തുകളിലെ 182 ഡിവിഷനുകളിലേക്കും, 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1177 ഡിവിഷനുകളിലേക്കും, 470 ഗ്രാമപഞ്ചായത്തുകളിലെ 9015 വാർഡുകളിലേക്കും, 47 മുനിസിപ്പാലിറ്റികളിലെ 1829 വാർഡുകളിലേക്കും, 3 കോർപ്പറേഷനുകളിലെ 188 വാർഡുകളിലേക്കുമാണ് ജനവിധി നടക്കുന്നത്. ആകെ 1.53 കോടിയിലധികം വോട്ടർമാർ ഈ ഘട്ടത്തിൽ സമ്മതിദാനാവകാശം വിനിയോഗിക്കും. ഇതിൽ 80.90 ലക്ഷം സ്ത്രീ വോട്ടർമാരും 72.46 ലക്ഷം പുരുഷ വോട്ടർമാരും ഉൾപ്പെടുന്നു. 18,274 പോളിങ് സ്റ്റേഷനുകളാണ് ഏഴ് ജില്ലകളിലായി സജ്ജമാക്കിയിരിക്കുന്നത്.
വിവിധ രാഷ്ട്രീയ മുന്നണികളുടെയും സ്വതന്ത്ര സ്ഥാനാർത്ഥികളുടെയും ഉൾപ്പെടെ 38,994 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ഈ ജില്ലകളിൽ കഴിഞ്ഞ ഒരു മാസക്കാലം നീണ്ടുനിന്ന തീവ്രമായ പ്രചാരണത്തിന് ചൊവ്വാഴ്ചയാണ് കൊട്ടിക്കലാശമായത്. തദ്ദേശ സ്ഥാപനങ്ങളിലെ പ്രാദേശിക വികസനവും കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണ നേട്ടങ്ങളും കോട്ടങ്ങളുമാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമായത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷാ ക്രമീകരണങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബർ 13-നാണ് ഇരുഘട്ടങ്ങളിലെയും വോട്ടെണ്ണൽ നടക്കുക.
തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ ഇന്ന് (ഡിസംബർ 11) പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വാണിജ്യ സ്ഥാപനങ്ങള്ക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്. തൃശ്ശൂർ മുതൽ കാസർകോട് വരെ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുകയായിരുന്നു. പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ നാട്ടുകൽ പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടം ഉണ്ടായത്. കരിങ്കലത്താണിയിൽ നിന്നും തെരഞ്ഞെടുപ്പിൻ്റെ ഭാഗമായ വാഹന പരിശോധന കഴിഞ്ഞ് മണ്ണാർക്കാടേക്ക് തിരിച്ചു പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഇലക്ഷൻ ഡ്യൂട്ടിക്ക് സ്പെഷ്യലായി എടുത്ത വാഹനമാണ് അപകടത്തിൽപ്പെട്ടത്. പകടത്തിനിടയാക്കിയ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട ശേഷം സമീപത്തുള്ള മതിലിൽ ഇടിച്ചാണ് നിന്നത്. പരിക്കേറ്റവരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടു. ഓരോ തിങ്കളാഴ്ചയും അന്വേഷണം ഉദ്യോഗസ്ഥരുടെ മുമ്പിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. വിവാഹാഭ്യർത്ഥന നടത്തി ഔട്ട് ഹൗസിൽ ക്രൂരമായി ആക്രമിച്ചതാണെന്ന് യുവതി നൽകിയ പരാതിയും, ശബ്ദരേഖകളും ചാറ്റുകളും ഉൾപ്പെടെ പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളും കോടതി പരിഗണിച്ചു. കേസിൽ പിന്തുടർന്ന് ശല്യപ്പെടുത്തൽ, തടഞ്ഞുവയ്ക്കൽ, അതിക്രമിച്ചു കയറൽ എന്നീ വകുപ്പുകളും പൊലീസ് കൂട്ടിച്ചേർത്തിരിക്കുന്നതായി അറിയപ്പെട്ടു.
അതേസമയം, അതിജീവിതയെ സോഷ്യൽ മീഡിയയിൽ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ രാഹുല് ഈശ്വറിന്റെ ജാമ്യാപേക്ഷ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിക്കളഞ്ഞു. അന്വേഷണവുമായി വേണ്ട രീതിയിൽ സഹകരിക്കാത്തതും കുറ്റത്തിന്റെ ഗൗരവവും കോടതിയുടെ നിലപാടിനെ ബാധിച്ചു. സോഷ്യൽ മീഡിയ പോസ്റ്റുകൾ പിൻവലിക്കാമെന്ന പ്രതിഭാഗ വാദം കോടതി സ്വീകരിച്ചില്ല.
മലയാറ്റൂരിൽ 19 കാരിയായ ചിത്രപ്രിയയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ നടന്നത് ക്രൂരക്കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആദ്യം ചോദ്യം ചെയ്ത് വിട്ടയച്ച ആൺസുഹൃത്ത് അലനെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിനെ തുടർന്ന് വീണ്ടും വിളിപ്പിച്ച അന്വേഷണ സംഘം, തുടര് ചോദ്യം ചെയ്യലിൽ അദ്ദേഹത്തിന്റെ മൊഴിയിൽ വൈരുധ്യങ്ങൾ കണ്ടെത്തിയതോടെയാണ് സംശയം ശക്തമായത്.
ചിത്രപ്രിയ ബംഗളൂരുവിൽ പഠിക്കുന്നതിനിടെ മറ്റൊരു ആൺസുഹൃത്ത് ഉള്ളതായി അലൻ സംശയിച്ചിരുന്നു. പെൺകുട്ടിയുടെ ഫോണിൽ നിന്നും ചില ചിത്രങ്ങൾ കണ്ടതോടെ ഉണ്ടായ തർക്കത്തെ തുടര്ന്ന് മദ്യലഹരിയിൽ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അലൻ സമ്മതിച്ചു. കൊല്ലപ്പെടുന്നതിനുമുമ്പ് ഇരുവരും തമ്മിൽ പിടിവലി ഉണ്ടായതായും, ചിത്രപ്രിയയുടെ ശരീരത്തിൽ മുറിവേറ്റ പാടുകൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
കാലടിയിലെ വെൽഡിങ് തൊഴിലാളിയായ 21 കാരനാണ് അലൻ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുമ്പോൾ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത് . റിപ്പോർട്ട് ലഭിച്ച ഉടൻ അലന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെയാണ് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്.
ബെംഗളൂരുവിൽ ഏവിയേഷൻ പഠിക്കുന്ന 19-കാരിയായ ചിത്രപ്രിയയെ മലയാറ്റൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രി മുതൽ കാണാതായിരുന്ന ഇവരുടെ മൃതദേഹം മംഗപ്പറ്റുചിറയിലെ ഒരു നിർജന സ്ഥലത്താണ് നാട്ടുകാർ കണ്ടെത്തിയത്. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയിൽ ഗുരുതര പരിക്ക് കണ്ടതിനാൽ കൊലപാതകമാണെന്ന സംശയത്തിൽ അന്വേഷണം പോലീസ് ശക്തമാക്കി.
ചിത്രപ്രിയ ശനിയാഴ്ച വൈകുന്നേരം സമീപത്തെ കടയിൽ പോകുന്നെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. തിരികെ വരാത്തതിനെ തുടർന്ന് മാതാപിതാക്കൾ കാലടി പൊലീസിൽ പരാതി നൽകി. രണ്ട് ദിവസത്തിലേറെ പഴകിയ അവസ്ഥയിലായിരുന്നു മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം എറണാകുളം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം ബുധനാഴ്ച നടത്തും.
കാണാതാകുന്നതിനുമുമ്പ് ചിത്രപ്രിയയുമായി ബന്ധപ്പെടുന്നുണ്ടായിരുന്ന രണ്ടുപേരെ പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച് അവസാന സഞ്ചാരവിവരങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പോസ്റ്റ്മോർട്ടവും ചോദ്യം ചെയ്യലും മുന്നോട്ട് പോകുന്നതിനൊപ്പം കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പോലീസ് അറിയിച്ചത്.
തിരുവനന്തപുരം സെഷൻസ് കോടതിയിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നേരിട്ട രണ്ടാമത്തെ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയുടെ വിധി ഇന്ന് പ്രഖ്യാപിക്കും. അടച്ചിട്ട മുറിയിൽ നടന്ന വാദത്തിൽ പരാതിക്കാരിയുടെ മൊഴിയും തെളിവുകളും കോടതി പരിശോധിച്ചു. വിധി വരുമ്പോൾ വരെ പൊലിസ് മറ്റ് നടപടികളിലേക്ക് പോകരുതെന്ന് കോടതി നിർദേശിച്ചിരുന്നു. വിവാഹ അഭ്യർത്ഥനയുടെ പേരിൽ പെൺകുട്ടിയെ ഔട്ട് ഹൗസിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസിലെ ആരോപണം.
അതോടൊപ്പം, പരാതിക്കാരിയെ സൈബർ ഇടങ്ങളിൽ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിൽ സന്ദീപ് വാര്യർ, രജിത പുളിയ്ക്കൽ എന്നിവർ നൽകിയ മുൻകൂർ ജാമ്യഹർജിയും ഇന്ന് കോടതി പരിഗണിക്കും. അതേസമയം സമാനമായ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് വീണ്ടും അപേക്ഷ നൽകാനിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും.
ബംഗളൂരുവിൽ താമസിക്കുന്ന 23 കാരിയാണ് രണ്ടാം കേസിൽ ശക്തമായ മൊഴി നൽകിയത്. പ്രണയവും വിവാഹ വാഗ്ദാനവും നൽകി വിശ്വാസം നേടിയ ശേഷം ഔട്ട് ഹൗസിൽ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചതായി യുവതി പറയുന്നു. മൊഴിയോടൊപ്പം ശബ്ദരേഖയും ചാറ്റ് സന്ദേശങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. ആദ്യ കേസിൽ ഹൈക്കോടതി 15 വരെ അറസ്റ്റ് തടഞ്ഞിട്ടുള്ളതിനാൽ ക്രൈം ബ്രാഞ്ച് സംഘം ഇപ്പോൾ രാഹുലിനെ കണ്ടെത്താൻ ശ്രമിക്കുന്നു.