Kerala

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. മുഖ്യമന്ത്രി ബി.ജെ.പി.ക്കൊപ്പം നിന്ന് രാഹുലിനെ ആക്രമിക്കുന്നുവെന്ന് പ്രിയങ്ക ആരോപിച്ചു. പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.

രാഹുൽ ​ഗാന്ധി അനീതിക്കെതിരെ ശബ്ദമുയർത്തുന്നു. ജനാധിപത്യത്തിന് വേണ്ടി അദ്ദേഹം നിലകൊള്ളുന്നു. ഇത്തരമൊരു സാഹചര്യത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രി മാത്രം രാഹുലിനെ ലക്ഷ്യംവയ്ക്കുന്നു. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നവർ ടീമിലുണ്ടെങ്കിൽ മത്സരങ്ങൾ ജയിക്കാനാവില്ല. കേരളത്തിലെ മുഖ്യമന്ത്രി സമാനമായ രീതിയിൽ ഒളിച്ചുകളിക്കുന്ന വ്യക്തിയാണ്. അദ്ദേഹം കോൺ​ഗ്രസിനെതിരേയും രാഹുലിനെതിരേയും ആഞ്ഞടിക്കും. ഒരിക്കലും ബി.ജെ.പിയെ കുറ്റപ്പെടുത്തില്ല.

ലൈഫ് മിഷൻ മുതൽ സ്വർണക്കടത്ത് വരെ ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ പിണറായി വിജയനെതിരെ ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ, ഒരിക്കൽ പോലും മോദി സർക്കാർ അദ്ദേഹത്തിനെതിരേ നടപടിയെടുത്തിട്ടില്ല. കൊടകര കള്ളപ്പണക്കേസും പ്രിയങ്കാ ​ഗാന്ധി ചൂണ്ടിക്കാട്ടി. ‘കേരളത്തിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് കോടിക്കണക്കിന് രൂപയുമായി പിടികൂടി. വിഷയത്തിൽ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ല’ -അവർ ആരോപിച്ചു.

രാജ്യത്ത് സ്ത്രീകൾ അതിക്രമങ്ങൾ നേരിടുന്ന സാഹചര്യങ്ങളിൽ കുറ്റവാളികളെ സംരക്ഷിക്കാനാണ് കേന്ദ്രവും കേരളവും ശ്രമിക്കുന്നുത്. വാളയാറിലും, വണ്ടിപ്പെരിയാറിലും നാം ഇത് കണ്ടതാണ്. മണിപ്പുരിൽ ജവാന്റെ ഭാര്യ അപമാനിക്കപ്പെട്ടപ്പോൾ സർക്കാർ അവരോടൊപ്പം നിന്നില്ല. ബിൽക്കിസ് ബാനു കേസിലെ കുറ്റവാളികളെ മാലയിട്ട് സ്വീകരിക്കാനാണ് ബി.ജെ.പി തയ്യാറായതെന്നും പ്രിയങ്ക ആരോപിച്ചു.

പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നാല് മണിക്കൂർ വൈകി ആരംഭിച്ചു. ആദ്യം പാറമേക്കാവിന്‍റെയും തുടർന്ന് തിരുവമ്പാടിയുടെയും വെടിക്കെട്ടാണ് നടന്നത്. പുലർച്ചെതന്നെ മന്ത്രി കെ. രാജൻ, കളക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘാടകരുമായി നടന്ന ചർച്ചയിലാണ് നിർത്തിവെച്ച പൂരം പുനരാരംഭിക്കാനും വെടിക്കെട്ട് പുലർച്ചെതന്നെ നടത്താനും തീരുമാനമായത്.

പോലീസിന്‍റെ അനാവശ്യ ഇടപെടലാണ് വിഷയം വഷളാക്കിയതെന്നും പിന്നീട് പ്രശ്നം പരിഹരിക്കപ്പെട്ടെന്നും എൽഡിഎഫ് സ്ഥാനാർഥി വി.എസ് സുനിൽകുമാർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ബി.ജെ.പി. സ്ഥാനാര്‍ഥി സുരേഷ് ഗോപി അടക്കമുള്ളവർ രാത്രി തിരുവമ്പാടി ദേവസ്വം ഓഫീസിലെത്തിയിരുന്നു.

വെടിക്കെട്ടിന് 40 പണിക്കാരെ മാത്രമേ ഉപയോഗിക്കാനാകൂവെന്ന നിർദേശം പ്രതിഷേധത്തിനിടയാക്കി. കമ്മിറ്റിക്കാരെ ഇവിടേക്ക് കടത്തിവിടില്ലെന്നും പോലീസ് അറിയിച്ചിരുന്നു. പ്രതിഷേധ സൂചകമായി തിരുവമ്പാടിയുടെ നായ്ക്കനാൽ, നടുവിലാൽ കാഴ്ചപ്പന്തലുകളുടെ ലൈറ്റ് അണച്ചു.

വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുന്നേതന്നെ റോഡ് അടച്ച് പോലീസ് ആളുകളെ തടഞ്ഞതും തര്‍ക്കത്തിനിടയാക്കി. ഇത് സംബന്ധിച്ച് പോലീസ് കമ്മീഷണർ അങ്കിത് അശോകും ദേശക്കാരും തമ്മിൽ തർക്കമുണ്ടായി.

വെടിക്കെട്ടിന് പോലീസ് രാജെന്ന് തിരുവമ്പാടി വിഭാഗം ആരോപിച്ച് രാത്രിപൂരത്തിന്റെ പഞ്ചവാദ്യവും നിർത്തിവെച്ചു. പിന്നാലെ പൂരപ്പന്തലിലെ ലൈറ്റുകള്‍ കെടുത്തി പ്രതിഷേധമറിയിച്ചു. ഇതോടെയാണ് രാത്രിപൂരം പകുതിയില്‍വെച്ച് അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

തിരുവമ്പാടിയുടെ രാത്രി ചടങ്ങ് ഒരു ആനയെ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള എഴുന്നള്ളത്ത് മാത്രമായി നടത്തി. തുടര്‍ന്ന്, പഞ്ചവാദ്യക്കാരും പൂരപ്രേമികളും മടങ്ങി. ആനകളെ പന്തലില്‍ നിര്‍ത്തി സംഘാടകരും മടങ്ങി. പൂരം തകര്‍ക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് തിരുവമ്പാടി ദേവസ്വം ആരോപിച്ചു.

വിനോദ സഞ്ചാരത്തിനെത്തിയ വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ കോയമ്പത്തൂര്‍ സ്വദേശി അറസ്റ്റില്‍. കോയമ്പത്തൂര്‍ സ്വദേശിയായ പ്രേംകുമാറിനെയാണ് കുമളി പൊലീസ് പിടികൂടിയത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു വരുത്തി വിവിധ സ്ഥലങ്ങളില്‍ വച്ച്‌ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

‘ഡിസംബര്‍ മാസത്തിലാണ് പ്രേംകുമാര്‍ ചെക്ക് റിപ്പബ്ലിക് സ്വദേശിയായ യുവതിയെ പരിചയപ്പെട്ടത്. ഓസ്‌ട്രേലിയയില്‍ ഐടി ഫീല്‍ഡില്‍ ജോലി ചെയ്യുന്നയാളാണ് പ്രേംകുമാര്‍. ഫേസ്ബുക്കിലെ ഒരു ട്രാവല്‍ ഗ്രൂപ്പ് വഴിയായിരുന്നു പരിചയം.

തുടര്‍ന്ന് വാട്‌സ്‌ആപ്പ് നമ്പര്‍ കരസ്ഥമാക്കി സന്ദേശങ്ങളയച്ചു തുടങ്ങി. 50 രാജ്യങ്ങള്‍ താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് പറഞ്ഞ് സൗഹൃദം കൂടുതല്‍ ശക്തമാക്കി. തുടര്‍ന്ന് ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ ഒരുമിച്ച്‌ സന്ദര്‍ശിക്കാമെന്ന് വിശ്വസിപ്പിച്ച്‌ ക്ഷണിച്ചു. ഇതനുസരിച്ച്‌ 12ന് കൊച്ചിയിലെത്തിയ യുവതിയെ പ്രേംകുമാര്‍ സ്വന്തം കാറില്‍ ചെറായിയിലിലെ ഹോട്ടലിലെത്തിച്ചു.

ഇവിടെ വച്ചും പിന്നീട് ആലപ്പുഴയിലെ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചു. ഇതിന് ശേഷം 15ന് കുമളിയിലെത്തി. ഹോംസ്റ്റേയില്‍ താമസിക്കുന്നതിനിടെ പീഡനം തുടര്‍ന്നുവെന്നാണ് വിദേശ യുവതിയുടെ പരാതി.

ഇതിനു ശേഷം 16ന് രാത്രി യുവതി ചെലവുകള്‍ക്കായി നല്‍കിയിരുന്ന മുപ്പതിനായിരം രൂപയും 200 പൗണ്ടുമായി കോയമ്പത്തൂരിലേക്ക് കടന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് കോയമ്പത്തൂരിലെത്തിയാണ് പ്രതിയെ കുമളി പൊലീസ് പിടികൂടിയത്.

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് തെളിവ് നശിപ്പിക്കല്‍ നടന്നെന്ന നിഗമനത്തില്‍ സി.ബി.ഐ. ഫോറന്‍സിക് തെളിവുകള്‍ വിലയിരുത്തുകയാണ് അന്വേഷണസംഘം. സിദ്ധാര്‍ഥ് മരിച്ചശേഷം ഒരു സംസ്ഥാനതല വിദ്യാര്‍ഥി നേതാവ് ക്യാമ്പസിലുണ്ടായിരുന്നുവെന്നാണ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയില്‍ തെളിയുന്നത്. ഇതും അന്വേഷണവിധേയമാക്കും.

സിദ്ധാര്‍ഥിന്റേത് കൊലപാതകമാണോ എന്ന സംശയ ദൂരീകരണത്തിനാണ് സി.ബി.ഐ. ശ്രമിക്കുന്നത്. ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണ് അന്വേഷണ സംഘത്തിലുള്ളത്. രണ്ട് അധ്യാപകര്‍ കേസില്‍ പ്രതികളാകുമെന്നാണ് സൂചന. ഇതിനൊപ്പം സിദ്ധാര്‍ഥിനെതിരേ വ്യാജപരാതി കൊടുത്ത പെണ്‍കുട്ടിയുടെ മൊഴിയും പരിശോധിക്കുന്നുണ്ട്. എല്ലാം സത്യസന്ധമായി ഈ പെണ്‍കുട്ടി സി.ബി.ഐയോട് പറഞ്ഞുവെന്നാണ് സൂചന.

സിദ്ധാര്‍ഥിനെ മരിച്ചനിലയില്‍ കണ്ടെത്തിയ ഹോസ്റ്റല്‍ ശൗചാലയത്തില്‍ സി.ബി.ഐ ഡമ്മി പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലങ്ങള്‍ വിശകലനം ചെയ്തുവരികയാണ്. ഫെബ്രുവരി 18-ന് സിദ്ധാര്‍ഥിനെ മരിച്ചനിലയില്‍ കണ്ടെത്തിയവരുടെ മൊഴിയും സി.ബി.ഐ. രേഖപ്പെടുത്തിയിരുന്നു. ഈ മൊഴികളില്‍ വൈരുധ്യമുണ്ടോയെന്നു പരിശോധിക്കുന്നുണ്ട്.

സി.ബി.ഐ. സംഘം വയനാട്ടില്‍ ക്യാമ്പുചെയ്താണ് അന്വേഷണം. കേസ് കൊച്ചി സി.ബി.ഐ. കോടതിയിലേക്കു മാറ്റാനാണ് നീക്കം. അതിനുശേഷമാവും റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതുള്‍പ്പെടെയുള്ള നടപടികള്‍.

20 വിദ്യാര്‍ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സി.ബി.ഐ. എഫ്.ഐ.ആറില്‍ കൂടുതല്‍ പ്രതികളുണ്ട്. സിദ്ധാര്‍ഥിന്റെ അച്ഛന്‍, കോളജിലെ വിദ്യാര്‍ഥികള്‍, സിദ്ധാര്‍ഥിന്റെ കുടുംബം പ്രതികളാക്കണമെന്ന് ആവശ്യപ്പെട്ടവര്‍ എന്നിവരുടെയെല്ലാം മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. വൈകാതെ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് സൂചന.

കുണ്ടറയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പതിനഞ്ചുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കേരളപുരം നവക്കൈരളി നഗര്‍ സൗത്ത് ടെയില്‍ വീട്ടില്‍ കുണ്ടറ മുക്കട മുഗള്‍ ഹോട്ടല്‍ ഉടമയും മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സാജന്‍ ഹിലാല്‍ മുഹമ്മദിന്റെ മകന്‍ എം.എസ്. അര്‍ഫാന്‍ (15) ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ ആണ് സംഭവം. ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഗ്രൗണ്ടിന് പുറത്തുപോയ പന്തെടുക്കാന്‍ സമീപത്തെ വൈദ്യുതിത്തൂണിലൂടെ പറമ്പിലേക്ക് ഇറങ്ങുന്നതിനിടെ ആഘാതമേല്‍ക്കുകയായിരുന്നു. തെരുവുവിളക്ക് കത്തിക്കുന്നതിനായി വൈദ്യുതിത്തൂണില്‍ ഒരാള്‍പൊക്കത്തില്‍ ഘടിപ്പിച്ച കമ്പിയില്‍നിന്ന് വൈദ്യുതാഘാതമേറ്റതാകാം എന്നാണ് പ്രാഥമിക നിഗമനം.

സമീപവാസിയും സുഹൃത്തുക്കളും ചേര്‍ന്ന് കേരളപുരത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുണ്ടറ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കേരളപുരം സെന്‍വിന്‍സന്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് എം.എസ്. അര്‍ഫാന്‍. അമ്മ ഹാംലത്ത്. സഹോദരങ്ങള്‍ ആസിഫ, ആഫിറ. ഖബറടക്കം വെള്ളിയാഴ്ച.

അര്‍ഫാന്റെ മരണത്തിന് കാരണം കെഎസ്ഇബിയുടെ അശാസ്ത്രീയമായ സ്വിച്ചിങ് സംവിധാനം. തെരുവുവിളക്കുകള്‍ ഓട്ടോമാറ്റിക് ടൈമര്‍ ഉപയോഗിച്ചാണ് എല്ലായിടത്തും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങി പലപ്പോഴും ചില ഭാഗങ്ങളില്‍ പഴയ രീതിയില്‍ സ്വിച്ചിങ് സംവിധാനം ഏര്‍പ്പെടുത്താറുണ്ട്. അങ്ങനെ ചെയ്യുമ്പോഴും നിശ്ചിത ഉയരത്തില്‍ ഇന്‍സുലേറ്റു ചെയ്ത് ഫ്യൂസ് യൂണിറ്റ് സ്ഥാപിച്ച്് സുരക്ഷ പാലിച്ച് ചെയ്യണമെന്നാണ് ചട്ടം. എന്നാല്‍ പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. കേരളപുരത്തും സംഭവിച്ചത് ഇതുതന്നെയാണ്. തെരുവുവിളക്കുകളുടെ സ്വിച്ചിങ് വയറുകള്‍ തുറസ്സായ സ്ഥലത്ത് സുരക്ഷാ സംവിധാനം പാലിക്കാതെ വെച്ചതാണ് മരണകാരണമായി പറയുന്നത്.

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കു കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരി മോചിതയായി. തൃശ്ശൂര്‍ സ്വദേശിനിയായ ആന്‍ ടെസ ജോസഫാ (21)ണ് മോചിതയായത്. ഇവര്‍ കൊച്ചി വിമാനത്താവളത്തിലെത്തി. ഏപ്രില്‍ 13-നാണ് ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് ഇസ്രായേല്‍ ചരക്കു കപ്പല്‍ പിടിച്ചെടുത്തത്.

ഇറാന്‍ സര്‍ക്കാരിന്റെയും ടെഹ്‌റാനിലെ ഇന്ത്യന്‍ മിഷന്‍ അധികൃതരുടേയും സംയുക്ത ശ്രമഫലമായാണ് ആന്‍ ടെസ്സ ജോസഫ് തിരിച്ചെത്തിയത്. കണ്ടെയ്‌നര്‍ കപ്പലമായ എം.എസ്.സി ഏരീസിലെ സെയിലറായ ആന്‍ ടെസ, കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങിയതായി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു.

17 ഇന്ത്യാക്കാരുള്‍പ്പെടെ 25 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. മറ്റ് 16 ഇന്ത്യക്കാരെ കൂടി തിരിച്ചെത്തിക്കുന്നത് വരെ ദൗത്യം തുടരുമെന്നും കപ്പല്‍ ജീവനക്കാര്‍ സുരക്ഷിതരായിരിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു. കപ്പലിലെ ഏക വനിതാജീവനക്കാരിയിയിരുന്നു ആന്‍ ടെസ

വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മോൻസൺ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ ( 68) കുഴഞ്ഞ് വീണ് മരിച്ചു. ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങുന്നതിനെത്തി ക്യൂ നിൽക്കുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ട്രഷറി ജീവനക്കാർ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അധ്യാപികയായി വിരമിച്ചയാളാണ് ത്രേസ്യാമ്മ. മക്കൾ: മാനസ, മിമിഷ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് സൊലൂഷന്‍സും സി.എം.ആര്‍.എലും തമ്മിലുള്ള ദുരൂഹ പണമിടപാടുകളുമായി ബന്ധപ്പെട്ട് സി.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് (ഇ.ഡി) സംഘം മൊഴിയെടുക്കുന്നു. കര്‍ത്തയോട് ചൊവ്വാഴ്ച ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ഇ.ഡി സംഘം മൊഴിയെടുക്കുന്നത്.

സി.എം.ആര്‍.എലിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ മൊഴിയായി ശേഖരിക്കുകയാണ് ഇ.ഡി.യുടെ ലക്ഷ്യം. കമ്പനിയെ സംബന്ധിച്ച് പുറത്തുവരാത്ത രഹസ്യവിവരങ്ങളോ അക്കൗണ്ടുകളോ ഉണ്ടെങ്കില്‍ അത് അറിയുകകൂടി ലക്ഷ്യമിടുന്നുണ്ട്.

കഴിഞ്ഞ ദിവസം മൊഴിയെടുപ്പിനായി സി.എം.ആര്‍.എല്ലിലെ ഒരു വനിതയുള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ഓഫീസില്‍ 24 മണിക്കൂര്‍ ചിലവഴിക്കേണ്ടി വന്നിരുന്നു. ഒരു പകലും രാത്രിയും നീണ്ട മൊഴിയെടുപ്പിനൊടുവില്‍ ഇവരെ വിട്ടയച്ചത് ചൊവ്വാഴ്ച രാവിലെ 11.30-ഓടെയാണ്. തിങ്കളാഴ്ച രാവിലെ 11-ഓടെ ഹാജരായ സി.എം.ആര്‍.എല്‍. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ്. സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്‍, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരില്‍നിന്നാണ് ചൊവ്വാഴ്ച രാവിലെവരെ മൊഴിയെടുത്തത്.

ബലാത്സംഗക്കേസിൽ പ്രതിയായ മുൻ സി.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലയിൻകീഴ് മുൻ സി.ഐ. സൈജുവിനെയാണ് എറണാകുളം അംബദ്കർ സ്റ്റേഡിയത്തിന് സമീപമുളള മരത്തിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവാഹ വാഗ്ദാനം നൽകി വനിതാഡോക്ടറെ പീഡിപ്പിച്ചെന്ന കേസിൽ സൈജുവിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയിരുന്നു.

ഇയാളുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. പോലിസെത്തി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് സൈജു.

വിവാഹചടങ്ങിനായി പള്ളിമുറ്റത്ത് കാത്തിരുന്ന അതിഥികള്‍ക്ക് മുന്നിലേക്ക് അലങ്കരിച്ച വാഹനത്തില്‍ വരനെത്തി. പക്ഷേ, എന്തുചെയ്തിട്ടും വരന് വാഹനത്തില്‍നിന്ന് പുറത്തിറങ്ങാനായില്ല. കാലും നിലത്തുറച്ചില്ല. ഒടുവില്‍ വരന്‍ ‘ഫിറ്റ്’ ആണെന്ന് അറിഞ്ഞതോടെ കാര്യങ്ങള്‍ തകിടംമറിഞ്ഞു. മദ്യപിച്ച്‌ ലക്കുക്കെട്ട വരനെ വേണ്ടെന്ന് പറഞ്ഞ് വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍നിന്ന് പിന്മാറി. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് വരനെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു.

പത്തനംതിട്ട തടിയൂരിലാണ് വരന്‍ മദ്യപിച്ചെത്തിയതിനെത്തുടര്‍ന്ന് വിവാഹം മുടങ്ങിയത്. തിങ്കളാഴ്ച ഉച്ചയോടെ തടിയൂരിലെ ഒരു ക്രിസ്ത്യന്‍ ദേവാലയത്തിലായിരുന്നു നാടകീയസംഭവങ്ങള്‍.

തോട്ടപ്പുഴശ്ശേരി സ്വദേശിയായ 32-കാരന്റെയും ഇലന്തൂര്‍ സ്വദേശിനിയായ യുവതിയുടെയും വിവാഹചടങ്ങുകളാണ് തിങ്കളാഴ്ച ദേവാലയത്തില്‍ നടക്കേണ്ടിയിരുന്നത്. ഏതാനുംദിവസം മുന്‍പാണ് 32-കാരന്‍ വിവാഹത്തിനായി വിദേശത്തുനിന്ന് നാട്ടിലെത്തിയത്. വിവാഹദിവസം കൃത്യസമയത്ത് തന്നെ വരന്‍ പള്ളിയിലെത്തി. ക്ഷണിക്കപ്പെട്ട അതിഥികളും ബന്ധുക്കളും പള്ളിയിലുണ്ടായിരുന്നു. എന്നാല്‍, വിവാഹദിവസം അടിച്ചുപൂസായ വരനെ കണ്ടതോടെ രംഗം വഷളായി.

മദ്യപിച്ച് ലക്കുക്കെട്ടതിനാല്‍ വാഹനത്തില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാത്തനിലയിലായിരുന്നു വരന്‍. ഏതാനുംപേര്‍ ചേര്‍ന്ന് വരനെ പള്ളിയിലേക്ക്‌ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും കാലുറയ്ക്കാത്ത സ്ഥിതിയായിരുന്നു. ഇതോടെ വിഷയം ഗുരുതരമായി. സംഭവത്തില്‍ ഇടപെട്ട് സംസാരിക്കാനെത്തിയ പുരോഹിതന്മാരെ വരന്‍ അസഭ്യം പറഞ്ഞതായും ആക്ഷേപമുണ്ട്.

വരന്റെ പരാക്രമം കണ്ട് വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു. പോലീസിനെയും ഇവര്‍ വിവരമറിയിച്ചു. തുടര്‍ന്ന് കോയിപ്രം പോലീസ് സ്ഥലത്തെത്തി വരനുമായി സംസാരിച്ചെങ്കിലും ഇയാള്‍ മദ്യലഹരിയില്‍ വീണ്ടും അക്രമാസക്തനായി. ഇതോടെ വരനെതിരേ പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയത് പോലീസ് ആക്ട് പ്രകാരം കേസെടുത്തു.

സംഭവം സംഘര്‍ഷത്തിന്റെ വക്കിലെത്തിയെങ്കിലും പോലീസ് ഇടപെട്ടാണ് പള്ളിയിലെ രംഗം ശാന്തമാക്കിയത്. തുടര്‍ന്ന് വരന്റെ കൂട്ടരും വധുവിന്റെ വീട്ടുകാരും നടത്തിയ ചര്‍ച്ചയില്‍ വധുവിന്റെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് ധാരണയായി. ആറുലക്ഷം രൂപ വരന്‍ നഷ്ടപരിഹാരമായി നല്‍കാമെന്നാണ് ചര്‍ച്ചയില്‍ ധാരണയായത്. ഇതോടെയാണ് ഇരുകൂട്ടരും പള്ളിയില്‍നിന്ന് പിരിഞ്ഞുപോയത്.

RECENT POSTS
Copyright © . All rights reserved